കഥ : നല്ല പെൺകുട്ടി
രചന : ഹരിത ദാസ്
എന്റെ മോൾ ഇതു വരെ പേടി എന്തെന്ന് അറിഞ്ഞിട്ടില്ല. ഇരുട്ടിൽ ഒറ്റയ്ക്കിരിക്കാനോ, ഇരുട്ടത്ത് ഇറങ്ങി നടക്കാനോ അവൾക്കൊരു മടിയുമില്ല. പ്രത്യേകിച്ച് പാമ്പുകളെ അവൾക്കൊട്ടും പേടിയില്ല (ആ അമ്മയൊന്നു ചെറുതായി പുഞ്ചിരിച്ചു).
ചെറുപ്പത്തിലെ അവളുടെ അച്ഛൻ പാമ്പ് കടിയേറ്റ് മരിച്ചു. ഈ വീടിനുള്ളിൽ എന്റെ കണ്ണ് മുന്നിൽ വെച്ച് അദ്ദേഹം പിടയുന്നത് നിലവിളിയോടെ നോക്കി നിൽക്കാനേ എനിക്കന്ന് കഴിഞ്ഞുള്ളൂ. അന്നവളൊരു കൊച്ചു കുട്ടിയായിരുന്നു. ഏറിയാൽ ഒരു എട്ടോ ഒൻപതോ വയസ്സ്.
ആ ദിവസം ഇന്നുമെനിക്ക് ഓർമയുണ്ട്. മുറിക്കകത്തൊരു മൂലയിൽ വളഞ്ഞു പുളഞ്ഞു കിടക്കുന്ന പാമ്പിന്റടുത്തേക്ക് എൻ്റെ ഒൻപത് വയസ്സുള്ള മോൾ പേടിയില്ലാതെ ചെന്നു. ഞാനൊച്ചത്തിൽ നിലവിളിച്ചു കൊണ്ട് അവളുടെ അടുത്തേക്കോടി. അവളെ തടയാൻ എനിക്ക് പറ്റിയില്ല. പാമ്പിന്റെ വാലെ പിടിച്ചവൾ വലിച്ചു. അറിവില്ലായ്മയാണെന്നാദ്യം കരുതി. നിലവിളി കേട്ട് നാട്ടുകാർ വീട്ടിലേക്കോടിയ്യെത്തി. അപ്പോഴേക്കും അവളതിനെ ചുഴറ്റി അതിന്റെ പത്തി കയ്യിലേക്കെടുത്തിരുന്നു. ഇരു കൈകൾക്കും ഇടയിൽ ആ പാമ്പിന്റെ പത്തി അവൾ മുറുകെ പിടിച്ചു. ഓടി കൂടിയ നാട്ടുകാർക്കും എനിക്കും എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.
പാമ്പിന്റെ പത്തി ഞെരിച്ചുകൊണ്ട് എന്റെ മകളതിന്റെ കണ്ണുകളിലേക്ക് നോക്കിയ ഒരു നോട്ടം ....!!!!! ആ കാഴ്ച ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്.
നാട്ടുകാരുടെയും എന്റെയും മുന്നിലൂടെ അവളാ പാമ്പിനെയും വലിച്ചിഴച്ച് അടുക്കളയിലേക്ക് ചെന്നു. എന്റെ ശ്വാസം നിലച്ചത് പോലെ എനിക്കപ്പോൾ തോന്നി. അടുക്കളയിലുള്ള കറി കത്തിയെടുത്തു സ്വന്തം അച്ഛനെ കൊത്തി കൊന്ന ആ പാമ്പിന്റെ പത്തി അവൾ ചെത്തി കളഞ്ഞു.
പാമ്പിൻ ചോരയിൽ കുളിച്ച കുഞ്ഞി കൈകളും നിവർത്തിപിടിച്ച് എന്റെ മോൾ എന്നെ നോക്കിയ ആ നോട്ടവും ഇപ്പോഴുമെന്റെ കണ്മുന്നിലുണ്ട് ....
പ്രായം തെറ്റിയ ധൈര്യം, അവളുടെ പേടിയില്ലായിമ അറിവില്ലായിമയിൽ നിന്നോ അശ്രദ്ധയിൽ നിന്നോ ഉണ്ടായതല്ല. ജനിച്ചപ്പഴേ അവൾക്കൊപ്പം ജനിച്ച കൂടപ്പിറപ്പ്.
അത് പറഞ്ഞു കഴിഞ്ഞ ശേഷം ഈറനണിഞ്ഞ കണ്ണുകൾ സാരി തലപ്പുകൊണ്ട് ഒപ്പി കൊണ്ട് ആ അമ്മ തൊട്ടു മുന്നിലിരിക്കുന്ന മുകേഷിനെ നോക്കി. ആ അമ്മയുടെ മകൾ സ്നേഹയെ പെണ്ണുകാണാൻ അമ്മാവനൊപ്പം വന്നതായിരുന്നവൻ. ആശ്ചര്യത്തോടെയായിരുന്നു മുകേഷ കഥ കേട്ടത്.
ഈ കഥയൊക്കെ കേട്ടപ്പോ എനിക്കമ്മയുടെ മോളെ കാണാൻ തോനുന്നു. മുകേഷ് അതും പറഞ്ഞു വീടിന്റെ അകത്തളത്തിലേക്കൊന്നെത്തി നോക്കി, ശേഷം അമ്മയെ നോക്കി ഊഷ്മളമായി പുഞ്ചിരിച്ചു.
മോളെ സ്നേഹേ ... (അമ്മ അകത്തേക്ക് നോക്കി അവളെ വിളിച്ചു )
സ്നേഹയുടെ ചുവടുകൾ ഇറയത്തേക്കടുക്കുമ്പോൾ അവളുടെ കണങ്കാൽ ചിലങ്കകളുടെ ശബ്ദംഅവിടെ അന്തരീക്ഷത്തിൽ പ്രതിധ്വനിച്ചു. മുകേഷിന്റെ ഹൃദയം സ്വല്പം വേഗത്തിലപ്പോൾ തുടിച്ചു. കയ്യിലിരിക്കുന്ന ട്രേയിലേ ചായ കപ്പുകളുടെയും സോസറുകളുടെയും മൃദുലമായ ഞരക്കത്തോടെ ഇറയത്തേക്കവൾ വന്നു. ഒരു വിളിക്ക് കാത്തിരുന്ന പോലെ, ഇരു നിറമുള്ള സുന്ദരി. മുകേഷിന്റെ നോട്ടം അവളിലേക്ക് പതിഞ്ഞു. തെല്ലൊരു നാണത്തോടെ ചുവന്ന നെയിൽ പോളിഷ് ഇട്ടു മിനുക്കിയ വിരലുകളാൽ പിടിച്ച ചായ കപ്പുകൾ അടങ്ങിയ ട്രേ മുകേഷിന് നേരെ അവൾ നീട്ടി.
ആവി പറക്കുന്ന ചായ. ആ ചായകപ്പവൻ കൈകളാൽ എടുത്തു, ചുണ്ടിനോടടുപ്പിച്ചപ്പോൾ ചായയുടെ ഗന്ധം അവൻ കണ്ണുകളടച്ചു കൊണ്ട് ശ്വസിച്ചു. അവൻ ചായ ഒരിറക്കിറക്കിയ ശേഷം സ്നേഹയുടെ കണ്ണുകളിലേക്ക് നോക്കി. അവളവനെ ഒരു നോട്ടം നോക്കിയ ശേഷം കൺപ്പീലികൾ കൊണ്ട് ആ നോട്ടത്തെ മറച്ചു. രണ്ടാമതും ചായ ഇറക്കിയപ്പോൾ മുകേഷിന്റെ നോട്ടവും സ്നേഹയുടെ നോട്ടവും പരസ്പരം കോർത്തിണക്കപെട്ടു. പെട്ടെന്ന് തന്നെ അവർ നോട്ടം പിൻവലിച്ചു. മുകേഷിന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു. അവൻ ചായ വീണ്ടും രുചിച്ചു.
സ്നേഹ വാതിലിന്റെ അരികിലായി നാണത്തോടെ തലതാഴ്ത്തി നിന്നു.
നാണിക്കേണ്ട, മുഖം ഉയർത്തി നോക്കിക്കോ ഇവനാ ചെക്കൻ..!!!
അമ്മാവൻ സ്നേഹയുടെ നാണം കണ്ടു പറഞ്ഞു. സ്നേഹയുടെ കൺപീലികൾ ഉയർന്നു. തല ഉയർത്തി അവള അമ്മാവനെ ഒന്ന് നോക്കി. അത് വരെ കണ്ട സ്നേഹയെ അല്ലായിരുന്നു അവിടെയപ്പോൾ മുകേഷും അമ്മാവനും കണ്ടത്.
"നാണമോ എനിക്കോ ..?
( അവൾ പൊട്ടി ചിരിച്ചു ) അങ്ങനൊന്നുമില്ല നാണിച്ചു തല താഴ്ത്തി കാൽ വിരൽ കൊണ്ട് നിലത്തു കളം വരച്ചു നിൽക്കുന്ന പെൺകുട്ടിയെ പോലെയൊന്ന് അഭിനയിച്ചു നോക്കിയതാ , കൊള്ളാം അല്ലെ???
(അവൾ വീണ്ടും പൊട്ടി ചിരിച്ചു ) എന്നെ കെട്ടാൻ വേണ്ടി വന്നവനും നല്ല നാണമാണല്ലോ...? നാണിക്കാതെ തല ഉയർത്തി നോക്കാൻ അവനോടും പറ.."
"അവനോ ...? ഇതെന്നാപ്പാ ..???"
നിങ്ങളുടെ മകളെ ഇങ്ങനെ ബഹുമാനവും മര്യാദയുമില്ലാതെയാണോ നിങ്ങൾ വളർത്തിയിരിക്കുന്നത് ..???
(അമ്മാവൻ അമ്മയുടെ മുഖത്തു നോക്കി ചോദിച്ചു. ആ അമ്മ തല താഴ്ത്തി അവിടെ നിൽക്കുകയായിരുന്നു)
പരിചയമില്ലാത്ത ആളുകളോടൊക്കെ ഇത്ര സ്വാതന്ത്ര്യത്തോടെ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നത് നല്ലൊരു പെൺകുട്ടിയുടെ രീതിയല്ല. വിനയവും എളിമയുമില്ലാത്തൊരു പെണ്ണിനെ ആര് കെട്ടാനാണ്. മര്യാദ എന്തെന്ന് ആദ്യം സ്വന്തം മോൾക്ക് ചൊല്ലി കൊടുക്ക്. നല്ല പെൺപിള്ളേരെ ഈ നാട്ടിൽ കിട്ടാത്തതൊന്നുമല്ലല്ലോ...?
മുകേഷേ .. നീ എഴുന്നേക്ക് നമുക്ക് പറ്റിയ ബന്ധമല്ലടാ ഇത്. ധൈര്യമുണ്ടെന്നു കാണിക്കാൻ മുണ്ട് പൊക്കി കാട്ടേണ്ട കാര്യമൊന്നുമില്ലല്ലൊ ..? വാടാ എഴുന്നേക്ക്..!!!
അതിനെന്നെ പെണ്ണ്കാ ണാൻ വരാൻ ഞാൻ നിങ്ങളെ നിർബന്ധിച്ചോ..? ഞാനൊരു മോശം പെൺകുട്ടിയാ, നിങ്ങൾ കാണുന്ന നല്ല പെൺകുട്ടിയുടെ സ്വഭാവഗുണങ്ങളൊന്നും എനിക്ക് ഉണ്ടാവണമെന്നില്ല. നിശബ്ദതയും വിധേയത്വവും പാലിക്കുന്ന പെൺകുട്ടികൾ കേരളത്തിൽ വംശനാശം സംഭവിചൊന്നും കാണില്ല. ബേം പൊ .. ഈ ചെക്കന് നല്ല പെൺകുട്ടിയെ കണ്ടെത്തി കൊടുക്ക്.
"നീ എന്താടാ ഓളുടെ വായും നോക്കി നിൽക്കുന്നെ, ഒരു നിമിഷം ഇനി ഇവിടെ നിന്ന് പോവരുത്.. വാ പോവാം".
"നിൽക്ക്.." (മുകേഷ് അമ്മാവനോട് പറഞ്ഞു)
ഇരുന്നിടത്തു നിന്നും എഴുന്നേറ്റവൻ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി.
"ഞാൻ പോലീസിലാണ്.." അവൻ പറഞ്ഞു ..
അയിന് ..?
താൻ എന്ത് ചെയ്യുന്നു.
"ഞാനും പോലീസിലാണ്."
"പോലീസിലോ..??"
"മ്മ് വണ്ണറക്കാട് എസ് ഐ സ്നേഹ കൃഷ്ണൻ".
അമ്മാവൻ ഇതൊക്കെ കേട്ടു അമ്പരന്നവിടെ നിന്നു.
തന്റെ അമ്മാവന് നല്ല പെൺകുട്ടികളിൽ ആരേലും കൈവിഷം കൊടുത്തിനോ മുകേഷേ ...? ഇത് മറ്റേതാ.. തന്ത വൈബ്, അതും പറഞ്ഞവർ ചിരിച്ചു.
അത് ശരി .. നിങ്ങൾക്ക് പരസ്പരം ആദ്യമേ അറിയാമായിരുന്നല്ലേ ..?
പിന്നെ നമ്മൾ നല്ല തിക്ക് ഫ്രണ്ട്‌സല്ലെ... അമ്മാവോ..!!!
ഈ നല്ല പെൺകുട്ടി മോശം പെൺകുട്ടി എന്നൊന്നുമില്ല. നല്ലതും മോശവും വിധി പോലെയിരിക്കും. അമ്മാവനോട് അത് പറഞ്ഞ ശേഷം മുകേഷ് അമ്മയെ നോക്കി.
അമ്മേ.., എല്ലാം ഇവളുടെ പ്ലാനാണ്. കോളേജിൽ പഠിക്കുമ്പോൾ തൊട്ടേ ഞങ്ങൾ പ്രണയത്തിലായിരുന്നു. മോളുടെ ധൈര്യം അമ്മ പറയാതെ തന്നെ എനിക്കറിയാം. നഗരം വിറപ്പിച്ച ഗുണ്ട ബ്ലേഡ് സോമനെ മൂക്ക് കൊണ്ട് ക്ഷ വരപ്പിച്ചിട്ടുണ്ട് അമ്മയുടെ മോൾ. പോലീസ് ഡിപ്പാർട്മെന്റ് ഇൽ ജാൻസി റാണി എന്ന ഇവൾ അറിയപ്പെടുന്നത്.
അവർ രണ്ട് പേരും അമ്മയുടെയും അമ്മാവൻന്റെയും കാലിൽ വീണു അനുഗ്രഹം വാങ്ങി. അങ്ങനെ മുകേഷ് ഉം സ്നേഹയും വിവാഹിതരായി. കുറേ നാൾക്ക് ശേഷം. മുകേഷിന്റെ അമ്മാവൻ റോഡിൽ വെച്ച് പോലീസ് യൂണിഫോമിൽ സ്നേഹയെ കണ്ടു. ഒരു വൃദ്ധന് റോഡ് മുറിച്ചു കടക്കാൻ അവൾ ഹെല്പ് ചെയ്യുകയായിരുന്നു. അമ്മാവന്റെ കണ്ണുകളപ്പോൾ സന്തോഷം കൊണ്ട് നിറഞ്ഞു.