അനുഭവം
ഷെമീർ കരിപ്പാല
ഒരു ഇരുപത്തി അഞ്ചു വർഷം മുൻപ് ഉണ്ടായ സംഭവം ആണ് ഞാൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
ഞാൻ എന്റെ നാടായ കിഴക്കേ വെളിയത്തുനാട് നിന്നും ബസ്സിന് ആലുവക്ക് പോകുന്നു. എന്റെ ഗ്രാമത്തിൽ നിന്നും എട്ട് കിലോമീറ്റർ പോകണം ആലുവ ടൌൺ. എന്റെ വീടിന് അടുത്ത് നിന്നും നാലു കിലോമീറ്റർ കഴിഞ്ഞാൽ പിന്നെ പറവൂർ ആലുവ റോഡിൽ യൂണിയൻ ക്രിസ്ത്യൻ കോളേജ് ജക്ഷനിൽ എത്തി ചേരും. ആ ബസ് സ്റ്റോപ്പിൽ നിന്നും നിരവധി ആളുകൾ ബസ്സിൽ കയറുകയും ഇറങ്ങുകയും ചെയ്യുക പതിവാണ്.
ഞാൻ പോകുന്ന പ്രൈവറ്റ് ബസ് ആലുവ പെരുമ്പാവൂർ പിന്നെ ഞങ്ങളുടെ തടിക്കക്കടവ് റൂട്ടിൽ ഓടുന്നു. അങ്ങനെ പാട്ട് എക്കെ കേട്ട് യാത്ര തുടരുന്ന അവസരം. ബസ് യു സി കോളേജ് സ്റ്റോപ്പിൽ നിർത്തി ആളുകൾ ഇറങ്ങാൻ പോകുന്നു. ഉടനെ ഒരു ചേച്ചി ബസ്സിൽ നിന്നും വളരെ ഉച്ചത്തിൽ കരയുന്നു. അവരുടെ പൈസ നഷ്ടപെട്ടു ആരോ തട്ടിയെടുത്തു. ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും നോക്കി പിറു പിറുത്തു.
തിങ്കളാഴ്ച ആണ്. പലരും ഹോസ്പിറ്റലിൽ അടക്കം പോകുന്നവർ. സ്കൂൾ കുട്ടികൾ മുതൽ നിരവധി ആളുകൾ ബസ്സിൽ ഉണ്ട്. ആരോ പറഞ്ഞു പോക്കറ്റ് അടിക്കാരൻ ബസ്സിൽ തന്നെ ഉണ്ട് അതുകൊണ്ട് ബസ് പോലീസ് സ്റ്റേഷനിൽ പോകട്ടെ എന്ന്..
അഞ്ചു മിനുട്ട് കൊണ്ട് ആളുകൾക്ക് മുഷിപ്പ് അനുഭവപെട്ടു തുടങ്ങി.
ബസ് ഡോർ ലോക്ക് ചെയ്തു. എല്ലാവരും സംശയത്തിന്റെ നിഴലിൽ ആയി.
ബസ് നേരെ പോലീസ് സ്റ്റേഷനിൽ എത്തി ചേർന്നു.. പരിശോധന കഴിഞ്ഞു. പൈസ ആരിൽ നിന്നും കിട്ടിയില്ല. തൊണ്ടി കിട്ടിയില്ല എങ്കിലും കേസ് എടുത്തു അന്നേഷിച്ചു വിവരം അറിയിക്കാം എന്ന് പോലീസ് പറഞ്ഞു.
മൂവായിരം രൂപ ഉണ്ടായിരുന്നു. മകളുടെ കല്യാണത്തിനു വേണ്ടി വാങ്ങി വെച്ച സ്വർണ്ണം പണയം വെച്ച് ഹോസ്പിറ്റലിൽ കിടക്കുന്ന ഭർത്താവിനെ ഡിസ്ചാർജ് ചെയ്യാൻ വേണ്ടി പോയതാണ് ഈ ചേച്ചി.
അന്ന് പവന് മുവായിരം രൂപ ആയിരുന്നു.. അവിടെ നിന്നും എല്ലാവരും പിരിഞ്ഞു. ബസ്സുകാർ പെരുമ്പാവൂർ ബോർഡ് വെച്ച് യാത്ര തുടർന്നു..
ഞാൻ എന്റെ പാട് നോക്കി അവിടെ മാറിനിന്നു. പൈസ പോയ വിഷമത്തിൽ ചേച്ചി അവിടെ തന്നെ നിന്നു. കുറച്ചു കഴിഞ്ഞു പോലീസ് സ്റ്റേഷനിൽ എന്തോ ആവശ്യത്തിനു വന്ന എന്റെ നാട്ടുകാരൻ
ആ ചേച്ചിക്ക് മൂവായിരം രൂപ കൊടുക്കുന്നു. ചേച്ചി നിവൃത്തി കേട് കരഞ്ഞു കൊണ്ട് ആ കാശ് വാങ്ങുന്നു. ആ ചേച്ചിയുടെ സങ്കടം മാറ്റി ആ എന്റെ നാട്ടുകാരൻ സന്തോഷത്തോടെ നടന്നു നീങ്ങി..