മറ്റൊരു നാൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരേ സെല്ലിലെ കുമാരേട്ടനോട് നിങ്ങൾക്ക് ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. അതുകേട്ടപ്പോൾ ആ മനുഷ്യൻ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ലായെന്ന് അറിയാത്ത വിവരദോഷിയെന്നും എന്നെ വിളിച്ചു

Mallu Stories
 

കഥ : ദേഷ്യം
 

രചന : ശ്രീജിത്ത് ഇരവിൽ


ദേഷ്യം വരുമ്പോൾ കൈയ്യിൽ കിട്ടുന്നതെടുത്ത് എങ്ങോട്ടേക്കെങ്കിലും എറിയുമെന്നത് ഒഴിച്ചാൽ ഞാൻ നോക്കിയിട്ട് എനിക്ക് യാതൊരു കുഴപ്പവുമില്ല. എന്നിട്ടും വീട്ടുകാരെല്ലാം ചേർന്ന് ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ എന്നെ ചേർത്തിരിക്കുന്നു.

കഴിഞ്ഞ നാൾ, എന്റെ ദേഷ്യം എന്നെക്കൊണ്ട് ആ മേശയുടെ മുകളിലിരുന്ന ചില്ലുഗ്ലാസ് കൈയ്യിലെടുത്ത് ഭാര്യയ്ക്ക് നേരെ ശക്തമായി എറിയാൻ പ്രേരിപ്പിച്ചിരുന്നു. രണ്ടാമതൊന്ന് ചിന്തിക്കാനുള്ള വകതിരിവൊന്നും ആ വികാരത്തിന് ഉണ്ടായിരുന്നില്ല. ഭാര്യയുടെ തല മഹാഭാഗ്യം കൊണ്ടായിരുന്നു രക്ഷപ്പെട്ടത്!!!!!!!!!

അന്ന് ആ ഗ്ലാസ്സ് അവളിൽ കൊള്ളാതെ ചുമരിലിടിച്ച് തകർന്ന് തരിപ്പിടമായിപ്പോയി...

ഹോ ....!!!!!!
അതെങ്ങാനും ഭാര്യയുടെ തലയിൽ കൊണ്ടിരുന്നുവെങ്കിൽ...!!!!!!!

അവളോട് പറഞ്ഞില്ലെങ്കിലും ആ സംഭവത്തിൽ എനിക്കൊരു കുറ്റബോധമുണ്ടായി. അതുകൊണ്ട് തന്നെയാണ് അവരുടെ ആ തീരുമാനത്തിന് ഞാൻ വഴങ്ങിയത്. എനിക്ക് ഭ്രാന്താണെങ്കിൽ അത് കണ്ടു പിടിച്ച് പുറം തള്ളിയിട്ട് തന്നെ മറ്റ് കാര്യമെന്ന് ഞാനും ചിന്തിച്ചു.

ഒരിക്കൽ ഇവിടുത്തെയൊരു അടുപ്പക്കാരനോട് നിനക്ക് ദേഷ്യം വന്നാൽ നീയെന്ത് ചെയ്യുമെന്ന് വെറുതേ ഞാൻ ചോദിച്ചിരുന്നു. തനിക്ക് ദേഷ്യം വരാറേയില്ലായെന്ന് പറഞ്ഞുകൊണ്ട് അവൻ അപ്പോൾ ചിരിക്കുകയായിരുന്നു. ഈ ഭൂമിയിൽ കോപം വരാത്തയൊരു ജീവിയോ എന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടുപോയി..!!!!

അല്ലെങ്കിലും, അവനെ അവന്റെ വീട്ടുകാർ ഇവിടെ കൊണ്ടാക്കിയത് സദാസമയം ചിരിക്കുന്നുവെന്ന് പറഞ്ഞിട്ടാണ്. പ്രസവത്തിൽ ഭാര്യയും കുഞ്ഞും മരിച്ചെന്ന് അറിഞ്ഞപ്പോൾ തൊട്ട് തുടങ്ങിയ ചിരിയാണ് പോലും...!!!!! വർഷം നാല് കഴിഞ്ഞിട്ടും ആ ചിരി അവനിൽ നിന്ന് പൂർണ്ണമായും വിട്ട് മാറിയിട്ടില്ല...

മറ്റൊരു നാൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഒരേ സെല്ലിലെ കുമാരേട്ടനോട് നിങ്ങൾക്ക് ദേഷ്യം വന്നാൽ എന്ത് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. അതുകേട്ടപ്പോൾ ആ മനുഷ്യൻ എന്നെ കണ്ണുരുട്ടി പേടിപ്പിക്കുകയായിരുന്നു. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ലായെന്ന് അറിയാത്ത വിവരദോഷിയെന്നും എന്നെ വിളിച്ചു. ശേഷം, മുന്നിലെ സാമ്പാറിൽ നിന്നൊരു മുരിങ്ങാക്കോലെടുത്ത് ഈമ്പി വലിക്കുകയായിരുന്നു. അന്ന് മുപ്പത്തിമൂന്നാം നമ്പർ സെല്ലിന് മുന്നിൽ ചുറ്റിത്തിരിഞ്ഞ എന്നെ അറ്റൻഡർ വിളിച്ച് കണക്കിന് താക്കീത് ചെയ്ത നാളായിരുന്നു. അതിനകത്ത് കിടക്കുന്ന ആൾ എന്തുകൊണ്ടാണ് പുറത്ത് വരാത്തതെന്ന് ഞാൻ ചോദിച്ചു. ആ മനുഷ്യന് മുഴുത്ത വട്ടാണെന്നും, പുറത്തിറക്കിയാൽ കുഴപ്പമാണെന്നുമായിരുന്നു അറ്റൻഡറുടെ മറുപടി.
സ്വന്തം അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നവൻ ആണ് കക്ഷിയെന്ന് കൂടി അറിഞ്ഞപ്പോൾ ഞാൻ അവിടെ നിന്ന് പോകുകയായിരുന്നു.

Mallu Stories

 

കോടതി കൈമാറുന്ന കൊടും കുറ്റവാളികളായ മാനസിക രോഗികളെ പാർപ്പിക്കുന്ന കെട്ടിടത്തിലെ ആദ്യ സെല്ലായിരുന്നുവത്. ഒരാഴ്ച്ച കഴിഞ്ഞപ്പോൾ മുപ്പത്തിമൂന്നാം നമ്പറിലെ ആ ഭ്രാന്തൻ ഹൃദയാഘാതമേറ്റ് ചികിത്സയിലാകുകയും തുടർന്ന് രണ്ട് നാൾക്കുള്ളിൽ മരണപ്പെടുകയും ചെയ്തു. എന്തുകൊണ്ടോ, എനിക്ക് അതിൽ വലിയ സങ്കടമൊന്നും തോന്നിയില്ല. ദേഷ്യം വന്നാൽ എന്തു ചെയ്യുമെന്നതിൽ ഉപരി എന്തൊക്കെ ചെയ്യാൻ പാടില്ലായെന്ന ബോധം മാസങ്ങൾക്കുള്ളിൽ തന്നെ എനിക്കുണ്ടായി.

ദേഷ്യം..!!!!!!!!

അതൊരു ഇരുതല മൂർച്ചയുള്ള ആയുധമാണ്. നിരപരാധികളായ നമ്മുടെ സഹജീവനുകളെ ശാരീരികമായി ഉപദ്രവിക്കുന്ന രീതിയിൽ ഒരിക്കലും അത് നമ്മിൽ നിന്ന് പ്രകടമാകരുത്.

ഒരുനാൾ കാലത്ത് പത്രം വായിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഡോക്റ്റർ വിളിപ്പിക്കുന്നത്. എന്നെ കൊണ്ടുപോകാൻ നാളെ വീട്ടിൽ നിന്ന് ആൾക്കാർ വരുമെന്ന് കേട്ടപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. കൂടെ ഉണ്ടായിരുന്നവരോടെല്ലാം യാത്ര പറഞ്ഞു. മുന്നോട്ടുള്ള ശാന്തമായ ജീവിതത്തിന്റെ സുഖങ്ങളും ഓർത്ത് ഏറെ വൈകിയാണ് അന്ന് ഞാൻ ഉറങ്ങുന്നത്.

പിറ്റേന്ന് ഉച്ചക്ക് മുമ്പേ അച്ഛനും അമ്മാവനും എത്തിയിരുന്നു. അവരോടൊപ്പമുള്ള യാത്രയുടെ പാതിയിൽ എത്തിയപ്പോഴേക്കും കാറിൽ ഇരുന്ന് ഞാൻ മയങ്ങിയിരുന്നു. പിന്നീട് ഉണർന്നത് നാട്ടിൽ നിന്നാണ്. വീട്ടിലേക്ക് എത്തിയപ്പോഴേക്കും എന്നെ സ്വീകരിക്കാൻ ഭാര്യയും എന്റെ അമ്മയും ഉമ്മറത്ത് തന്നെ കാത്തിരിപ്പുണ്ടായിരുന്നു,
കുടുംബം എനിക്ക് വേണ്ടി തയ്യാറാക്കിയ വിഭവസമൃദ്ധമായ സദ്യയും കഴിച്ചതിന് ശേഷം മുറിയിൽ കിടക്കുകയായിരുന്നു. ഭാര്യ അടുത്തേക്ക് വന്ന് രണ്ടടി വിട്ട് നിൽക്കുകയാണ്. ആ അകലം ശ്രദ്ധിച്ചപ്പോൾ ഞാൻ എഴുന്നേറ്റ് പണ്ട് സംഭവിച്ചതിനൊക്കെ ക്ഷമ പറഞ്ഞു. അപ്പോൾ അവളൊരു കൊച്ച് കുട്ടിയെ പോലെ എന്റെ നെഞ്ചത്തേക്ക് വീണ് കരയുകയായിരുന്നു.

രണ്ടു മൂന്ന് നാളുകൾക്ക് ശേഷം പുറത്തേക്കിറങ്ങിയ എനിക്ക് നാട്ടിൽ നിന്ന് ഉണ്ടായ അനുഭവം വളരേ പ്രകോപനാപരവും സങ്കടകരവും ആയിരുന്നു. ദേഹോപദ്രവമൊന്നും ഉണ്ടാകില്ലല്ലോയെന്ന് ചായക്കടയിൽ ഇക്കുമ്പോൾ ദാസനും, ആശുപത്രിയിൽ നിന്ന് ചാടി വന്നതാണോയെന്ന്..!,
മുടിവെട്ടുമ്പോൾ മുകുന്ദനും എന്നോട് ചോദിച്ചു. അതുകേട്ട് അടക്കം ചിരിക്കാൻ രണ്ടിടത്തും പത്തിൽ കവിയാത്ത കൂട്ടരും ഉണ്ടായിരുന്നു.

സന്ധ്യക്ക്‌ വീട്ടിൽ എത്തിയപ്പോൾ അമ്പലത്തിലേക്ക് പോകാൻ ഭാര്യ കൂടെ വിളിച്ചു. എനിക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. അമ്മയേയും കൂട്ടി പോകൂവെന്ന് പറഞ്ഞിട്ടും അവൾ വിടുന്ന മട്ടില്ല. അവൾ പിന്നേയും നിർബന്ധിച്ചപ്പോൾ എന്റെ തലയാകെ പെരുകാൻ തുടങ്ങി. ദേഷ്യം വിട്ട് പോയെന്ന് കരുതിയ സകല ഞരമ്പുകളിലും വല്ലാത്ത മുറുക്കം,
സമനില തെറ്റിയ എന്റെ നെറ്റി പൊള്ളി വിയർത്തപ്പോൾ ടീപ്പോയിൽ നിന്ന് കൈയ്യിൽ കിട്ടിയ കപ്പസോസറെടുത്ത് ഞാൻ ഒരു ഏറങ്ങ് കൊടുത്തു...!

കൃത്യമത് എന്റെ ഭാര്യയുടെ തലയിൽ തന്നെ കൊണ്ട് ചന്നാം പിന്നം ചിതറുകയായിരുന്നു. അപ്പോഴേക്കും, എനിക്ക് ചുറ്റും ഇരുട്ടായിരുന്നു,
തറയിൽ ചിതറിയ രക്തത്തിലേക്ക് ഭാര്യ ചെരിഞ്ഞ് വീഴുന്നത് കണ്ടപ്പോൾ ഞാൻ പരിഭ്രാന്തനായി. വാരിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടും അവൾ മരിച്ചുവെന്ന് അവർ തറപ്പിച്ച് പറഞ്ഞു. അതുകേട്ട് നിന്ന ഞാൻ ആ നേരം തല ചുറ്റി വീഴുകയായിരുന്നു,
തുടർന്നുള്ള എന്റെ ബോധം തെളിയുമ്പോൾ ഞാനൊരു സെല്ലിന്റെ അകത്തായിരുന്നു.

വർഷങ്ങളേറെ കടന്നുപോയത് പോലെ...
പൂർവ്വകാലം ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഒരു പാപിയുടെ ഉള്ളുമായി ഞാൻ ആ ഏകാന്ത തടവിൽ വീർപ്പുമുട്ടി കഴിഞ്ഞു. അഴികളിൽ പിടിച്ച് പുറത്തേക്ക് നോക്കിയാൽ കാണുന്ന കാഴ്ച്ചയും എന്നോട് പല്ലിളിക്കുന്നതായിരുന്നു. മുൻകൂട്ടി അറിഞ്ഞത് പോലെ കാലം ഒരിക്കൽ കാട്ടി തന്ന ഇടത്തിന്റെ മറുവശമായി ആ ഇളിയോടെ വെറുതേ ഞാൻ നിൽക്കാറുണ്ട്. അതേ മാനസികാരോഗ്യ കേന്ദ്രം...!!!!

ഹൃദയാഘാതമേറ്റ് മരണപ്പെട്ട ആ മുഴുഭ്രാന്തൻ വസിച്ചിരുന്ന അതേ മുപ്പത്തിമൂന്നാം നമ്പർ സെൽ..!!!!

നോക്കൂ ... വിവേകമില്ലാത്ത വികാരങ്ങൾ എത്ര വികൃതമാണ്...!!!




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.