കല്യാണ ദിവസം രാഹുലിന്റെ ഹൃദയം പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു.. എന്തോ ആപത്തു തനിക്ക് സംഭവിക്കുവാൻ പോകുന്നതുപോലെയാണ് അയാൾക്ക് തോന്നിയത്. ഒരു വലിയ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു കല്യാണം. രാഹുലും വീട്ടുകാരും നേരെത്തെ തന്നെ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു.

Vaidehi - Malayalam Novel
 

നോവൽ         : വൈദേഹി

 

രചന                : അനിൽ കോനാട്ട്

 

അദ്ധ്യായം    : രണ്ട്

 

അശ്വതിയുടെ വാക്കുകൾ കേട്ട് രാഹുലടക്കം എല്ലാവരും ഞെട്ടി.

"രാഹുൽ അവൾ പറയുന്നത് കാര്യമാക്കേണ്ട. അവൾ... അവൾ.... ഒരു തമാശ്ശ പറഞ്ഞതാണ്.. അല്ലേ മോളെ..."

ദേവൻ രാഹുലിനെയും അശ്വതിയെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു.

"ഞാൻ തമാശ്ശ അല്ല പറഞ്ഞത്.... വിവാഹത്തിനുമുമ്പുള്ള എന്റെ ഒരു ചെറിയ ആഗ്രഹം പോലും അവഗണിക്കുന്ന ഒരാൾ എന്റെ ഭർത്താവ് ആകുന്നതിൽ എനിക്ക് ബുദ്ധിമുട്ടുണ്ട്."

"ഈ അച്ചു പറയുന്നതൊന്നും രാഹുൽജി കാര്യമാക്കേ ണ്ട..... ഞാൻ ഒരു രസത്തിന് അച്ചുവിനെയും രാഹുൽജിയെയും വെച്ച് ഒരു തീം ഉണ്ടാക്കി.... അത് സാരമില്ല.." അപ്പു മുന്നോട്ട് വന്നു.

"അച്ചൂ... നീ അകത്തു പോ... ഇവിടെ കാര്യങ്ങൾ തീരുമാനിക്കുവാൻ ആണുങ്ങൾ ഉണ്ട്" ശാലിനി അശ്വതിയുടെ കൈയ്യിൽ ബലമായി പിടിച്ചു.

"പെണ്ണിനെ കൊഞ്ചിച്ചു വഷളാക്കിയപ്പോൾ ഓർക്കണമായിരുന്നു."

ദേവന്റെ അമ്മ പ്രേമം ശാലിനിയെ രൂക്ഷമായി നോക്കി.

എന്തുപറയണമെന്നറിയാതെ രാഹുൽ സ്തംഭിച്ചു നിൽക്കുകകയാണ്..

വിവാഹത്തിന് ഇനി ഏതാനും ദിവസം മാത്രം !!.. തന്റെ വിവാഹം മുടങ്ങിയാൽ നാട്ടിലെ പ്രമാണിയായ തന്റെ അച്ഛന്റെ അഭിമാനം നഷ്ടപ്പെട്ടതു തന്നെ... സമുദായ നേതാവായ തന്റെ മുത്തച്ഛന്റെ കാര്യം അതിലും കഷ്ടമാകും... അയാൾ ചിന്തിച്ചു.

"മോൻ പൊയ്ക്കോള്ളൂ.. ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കികൊള്ളാം..' ദേവൻ രാഹുലിനെ അശ്വസിപ്പിച്ചു.

"ഞങ്ങളുടെ അച്ചു പാവമാണ് ലേശം വാശിയുണ്ടെന്നേ ഉളളൂ.. ബ്രോ ധൈര്യമായി പൊയ്ക്കള്ളൂ"കീരു പറഞ്ഞു.

സ്റ്റാൻഡിൽ റെഡിയാക്കി വെച്ചിരുന്ന ക്യാമറ അഴിച്ചു ബാഗിലാക്കുന്ന തിരക്കിലായിരുന്നു പ്രാഞ്ചി!!!

"ഞാൻ... ഞാൻ.. വീഡിയോ എടുക്കുവാൻ സമ്മതിക്കാം... പക്ഷെ എനിക്ക് എന്റെ അച്ഛനോട്‌ ഒന്ന് സംസാരിക്കണം." രാ ഹുലിന്റെ ശബ്ദം ഇടറിയിരുന്നു.

"ഛെ... ഇത് ശരിയാകുമെന്ന എനിക്ക് തോന്നുന്നില്ല.... അച്ചൂ.. ആ പാവത്തിനെ വിട്ടു പിടി" മീനു അച്ചുവിന്റെ ചെവിയിൽ പറഞ്ഞു.

അച്ചു വാശിയിൽതന്നെ നിൽക്കുകയാണ്.

അച്ഛനോട്‌ ഫോണിൽ സംസാരിച്ചതിന് ശേഷം രാഹുൽ പറഞ്ഞു.

"ഓക്കേ... ഞാൻ... ഞാൻ.. വീഡിയോ എടുക്കുവാൻ സമ്മതിക്കാം.."

അപ്പോഴാണ് ദേവന്റെയും ശാലിനിയുടെയും ശ്വാസം നേരെ വീണത്. 


മനസ്സില്ലാമനസ്സോടെ രാഹുൽ ചളിയനും പ്രാഞ്ചിയും പറഞ്ഞതുപോലെ അഭിനയിച്ചു. അശ്വതി രാഹുലിന്റെ തോളിൽ കൈ വെച്ചപ്പോഴൊക്ക രാഹുൽ പരമാവധി അകന്നു നിൽക്കുവാൻ ശ്രമിച്ചു.

ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ രാഹുൽ വിയർത്തു കുളിച്ചിട്ടുണ്ടായിരുന്നു. അയാൾ കാറിൽ കയറുവാൻ തുടങ്ങിയപ്പോൾ അശ്വതി അയാളുടെ അടുക്കൽ ചെന്നു.

"താങ്ക്യു ഡിയർ...ഐ ലവ് യു"

രാഹുൽ ഒന്നും പറയാതെ കാറിൽ കയറി.

തിരിച്ചു വീട്ടിലേക്ക ഡ്രൈവ് ചെയ്യുമ്പോൾ രാഹുലിന്റെ മനസ്സ് കലങ്ങിമറിഞ്ഞിരുന്നു.

താൻ ഒരു അബദ്ധത്തിലാണോ ചെന്നു ചാടിയിരിക്കുന്നത്?' 

Vaidehi - Malayalam Novel


വിവാഹത്തിന് മുൻപേ ഇങ്ങനെയാണെങ്കിൽ വിവാഹശേഷം എന്തെല്ലാം സംഭവിക്കാം..... അശ്വതിയുടെ ആണ്കുട്ടികളുമായുള്ള കൂട്ട് തന്റെ ജീവിതത്തെ ബാധിക്കുകയില്ലേ?.., കൂട്ടുകാരുടെ സന്തോഷത്തിനു വേണ്ടി സ്വന്തം വിവാഹം വേണ്ടെന്നു പറയുവാൻ ധൈര്യപ്പെട്ട അശ്വതിയുടെ മനസ്സിൽ അവർക്കുള്ള സ്ഥാനം എന്തായിരിക്കും? ആ ചളിയന്റെയും, പ്രാഞ്ചിയുടെയും മുഖത്തു തന്നെ ഒരു കള്ള ലക്ഷണമുണ്ട്.

"നീ വിഷമിക്കേണ്ട.... വിവാഹവും ചടങ്ങുകളും വ്യത്യസ്തമാക്കാനാണ് ഇന്നത്തെ യുവ തലമുറ ശ്രമിച്ചുകൊണ്ടിരിക്കുന്നത്... എല്ലാ കാര്യത്തിലും വേറിട്ടു നിൽക്കുവാൻ അവർ ശ്രമിക്കും. അതിനുള്ള അടിപൊളി ആശയങ്ങളും അവരുടെ പക്കൽ ഉണ്ട്."

രാജേഷ് രാഹുലിനെ ആശ്വസിപ്പിച്ചു. രാഹുലിന്റെ അടുത്ത സുഹൃത്താണ് രാജേഷ്.

"വെറും ഭ്രാന്ത് എനിക്കിതൊന്നും ടോളറേറ്റ് ചെയ്യുവാൻ പറ്റുന്നില്ല" രാഹുൽ പറഞ്ഞു.

"വിവാഹം കഴിക്കണമെങ്കിൽ ആ ഭ്രാന്ത് ടോളെറേറ്റ് ചെയ്തേ പറ്റൂ... ഇന്നത്തെ ഭൂരിപക്ഷം വിവാഹങ്ങളും അങ്ങിനെയാണ്. അവതരണത്തിൽ വ്യത്യസ്തത വരുത്തി സോഷ്യൽ മീഡിയയിൽ വൈറലാക്കണം.. അതാണ് അവരുടെ ലക്ഷ്യം"

"എന്റെ ഇൻസ്റ്റാ അക്കൗണ്ട് ആക്റ്റീവ് പോലും അല്ല"

"ഇനി തനിയെ ആക്റ്റീവ് ആയിക്കൊള്ളും"... രാജേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു.

വിവാഹത്തിന്റെ തലേദിവസം ദേവൻ രാഹുലിന്റെ അച്ഛനെ ഫോണിൽ വിളിച്ചു.

"പുതിയ മോഡലിലുള്ള വിവാഹചടങ്ങാണ് കുട്ടികൾ തീരുമാനിച്ചിരിക്കുന്നത്... ആകെ ആണും പെണ്ണുമായിട്ട് ഒന്നല്ലേ ഉള്ളൂ എന്ന് കരുതി ഞാൻ സ്വൽപ്പം ലാളിച്ചു" ദേവൻ മുൻകൂർ ജാമ്യം എടുക്കുകയാണെന്ന് രാഹുലിന്റെ അച്ഛന് മനസ്സിലായി.

"എനിക്കും ഒന്നേ യുള്ളൂ.." രാഹുലിന്റെ അച്ഛൻ പറഞ്ഞു.

"അതെനിക്ക് അറിയാം മിസ്റ്റർ മേനോൻ കുട്ടികൾ എന്തെ ങ്കിലും കുസൃതി കാണിച്ചാൽ അത് കാര്യമാക്കരുതെന്ന്പ റയുവാനാണ് ഞാൻ ഇപ്പോൾ വിളിച്ചത്"

മേനോൻ ചിരിച്ചുകൊണ്ട് പറഞ്ഞു..

"അത് സാരമില്ല... ന്യൂ ജെൻ അല്ലേ..."

വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്കു ശേഷമാണ് ദേവനും ശാലിനിക്കും ഒരു കുട്ടിയുണ്ടാകുന്നത്. അച്ചുവിന്റെ കിട്ടിക്കാലം മുതലുള്ള കൂട്ടുകാരാണ് അപ്പുവും മീനുവും, കീരുവും. പ്രാഞ്ചിയും...
ഇത് അടുത്ത കൂട്ടുകാർ മാത്രം. ഇനി ഒരു വൻ സെറ്റ് കല്യാണത്തിന് വരുവാൻ കിടക്കുന്നു.

"ഡാഡി ഒന്നും അറിയേണ്ട... പണം മുടക്കിയാൽ മാത്രം മതി. എന്റെ ഫ്രണ്ട്‌സ് ചടങ്ങുകളെല്ലാം ഭംഗിയായി നടത്തി കാണിച്ചു തരും...." മകളെ അമിതമായി സ്നേ ഹിച്ചിരുന്ന ദേവൻ അവൾ പറയുന്നതെല്ലാം അംഗീകരിച്ചു കൊടുത്തു കൊണ്ടിരുന്നു. അശ്വതിയുടെ കൂട്ടുകെട്ടുകൾ നിയന്ത്രിക്കണമെന്ന് ദേവനെ അയാളുടെ അമ്മ പല തവണ ഉപദേശിച്ചിട്ടുണ്ട്.

"വല്ല വീട്ടിലും പോയി ജീവിക്കേണ്ട പെണ്ണാണ്. ഒരു അടക്കവും ഒതുക്കവും ഒക്കെ വേണ്ടേ ?" ദേവന്റെ അമ്മ പറയും.

"ഞാൻ വല്ല വീട്ടിലൊന്നും താമസിക്കുന്നില്ല... എന്റെ വീട്ടിലെ ഞാൻ താമസിക്കുകയുള്ളൂ" അശ്വതി മുത്തശ്ശിയോട് പറയും.

അവൾ സ്വന്തം വീടെന്നു പറയുന്നത് അവളുടെ അച്ഛന്റെ വീടല്ല.

മെഡിക്കൽ റെപ്രെസെന്ററ്റീവ് ആയി ജോലി ചെയ്യുന്ന അവൾ സ്വന്തമായി വീട് വാങ്ങിക്കുമെന്നാണ് പറയുന്നത്..

അല്ലെങ്കിൽ ഭർത്താവിനോടൊത്ത് വാടകക്ക് താമസിക്കുമെത്ര.....

അവൾ പറഞ്ഞാൽ അതുപോലെ ചെയ്യുന്ന ആളാണെന്ന് ദേവനറിയാം.

രണ്ടു വർഷം മുമ്പ് ഒരു പുതിയ ബൈക്കിൽ വീട്ടിൽ വന്ന മകളെ കണ്ടു ദേവൻ അമ്പരന്നു.

"നിനക്കെവിടുന്നു കിട്ടി ഇതിനുള്ള പണം?"

"ഫൈനാസ് ആണ്. എന്റെ ശമ്പളത്തിൽ നിന്നും മാസംതോറും പിടിച്ചുകൊള്ളും." അവൾ കൂസലില്ലാതെ പറഞ്ഞു.

ദേവൻ പല തവണ ജോലിക്ക് പോകുന്നതിൽ നിന്നും മകളെ വിലക്കിയതാണ്... എന്നാൽ അശ്വതി സമ്മതിച്ചില്ല.

"എനിക്ക് ധാരാളം ചിലവുകൾ ഉണ്ട്. അതുകൊണ്ട് ഞാൻ ജോലിക്ക് പോകേണ്ടത് എന്റെ ആവശ്യമാണ്."

അശ്വതി രാഹുലുമായുള്ള കല്യാണത്തിന് സമ്മതിച്ചപ്പോൾ ദേവന് അത്ഭുതമാണ് തോന്നിയത്. അതോടൊപ്പം ആശങ്കയും...

കല്യാണ ദിവസം രാഹുലിന്റെ ഹൃദയം പെരുമ്പറ കൊട്ടിക്കൊണ്ടിരുന്നു.. എന്തോ ആപത്തു തനിക്ക് സംഭവിക്കുവാൻ പോകുന്നതുപോലെയാണ് അയാൾക്ക് തോന്നിയത്.

ഒരു വലിയ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു കല്യാണം. രാഹുലും വീട്ടുകാരും നേരെത്തെ തന്നെ ഓഡിറ്റോറിയത്തിൽ എത്തിച്ചേർന്നു.  

ന്യൂജെൻ കുട്ടികൾ രാഹുലിനെ പൊക്കിയെടുത്ത് ആർപ്പു വിളിച്ചു.

അലങ്കരിച്ച കാർ വന്നു നിന്നപ്പോൾ രാഹുൽ ആകാംഷയോടെ നോക്കി.

അണിഞ്ഞൊരുങ്ങിയ സുന്ദരിയായ അശ്വതിയെ കാണുവാൻ അയാൾക്ക് തിടുക്കമായിരുന്നു.

കാറിൽ നിന്നും ഇറങ്ങിയ ശാലിനിയോട് രാഹുലിന്റെ അമ്മ ചോദിച്ചു.

"അശ്വതി എവിടെ?. ശാലിനി പുറകിലേക്ക് ചൂണ്ടി.

അവിടേക്ക നോക്കിയ രാഹുലടക്കം എല്ലാവരും അമ്പരന്നു. അഞ്ചു ബൈക്കുകൾ ഒന്നിനുപുറകെ ഒന്നായി വരുന്നു. ഏറ്റവും മുന്നിൽ
കീരു. അതിനു പിന്നിൽ അപ്പു.. മൂന്നാമതായി നവവധുവിന്റെ വേഷഭൂഷാദികൾ അണിഞ്ഞ സാക്ഷാൽ അശ്വതി... അവൾക്ക് പിന്നിൽ ബൈക്കുകളിൽ പ്രാഞ്ചിയും മീനുവും!!! എല്ലാവരും കൂളിംഗ് ഗ്ലാസ്സ് ധരിച്ചിട്ടുണ്ട്.

അവരെ കണ്ടു ന്യൂജെൻ തലമുറ ആരവം മുഴക്കി... പ്രായയമായവരുടെ നെറ്റിയിലെ ചുളുവുകൾ വർദ്ധിച്ചു.

യൗവനം നഷ്ടപ്പെട്ടെന്ന് സമ്മതിക്കുവാൻ കൂട്ടാക്കാത്ത മധ്യവയസ്‌കർ പരിഹാസപൂർവ്വം രാഹുലിനെ നോക്കി ചിരിച്ചു.

നിൽക്കുന്ന നിൽപ്പിൽ ഭൂമിയിലേക്ക് താഴ്ന്നു പോയാൽ മതി എന്ന് രാഹുലിന് തോന്നി.

"ഹായ്.."

ബൈക്കിൽ നിന്നും ഇറങ്ങിയ അശ്വതി രാഹുലിനെ നോക്കി ചിരിച്ചു.

കീരുവും മീനുവും നേതൃത്വം വഹിക്കുന്ന ഒരു കൂട്ടം ന്യൂജെൻ പിള്ളേർ  രാഹുലിനെ പൊക്കിയെടുത്തു മണ്ഡപത്തിലേക്ക് നടന്നു.

"ചെറുക്കന്റെ കാലു കഴുകിയില്ല... പൂമാലയും ചാർത്തിയില്ല.... ഇതെന്തൊരു കല്യാണം?" ആളുകൾ അടക്കം പറയുന്നുണ്ടായിരുന്നു. പ്രാഞ്ചിയും അപ്പുവും അശ്വതിയെ പൊക്കിയെടുത്ത് മണ്ഡപത്തിൽ രാഹുലിനു സമീപത്തായി ഇരുത്തി.


(തുടരും )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.