ഇവന്മാരെല്ലാം ന്യൂ ജനറേഷനാണ് മോനെ.. വിവാഹം നടന്നാൽ നടന്നു. അശ്വതിയുടെ വിവാഹം തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ തന്നെ അവളുടെ സുഹൃത്തുക്കൾ ആഘോഷം തുടങ്ങി

Vaidehi - Malayalam Novel
 

നോവൽ       : വൈദേഹി

രചന               : അനിൽ കോനാട്ട്

അദ്ധ്യായം    : ഒന്ന്

 

കീരു എന്ന കിരൺ, അച്ചു എന്ന അശ്വതി, മീനു എന്ന മീനാക്ഷി, അപ്പു എന്ന അപ്പൂസ് , പ്രാഞ്ചി എന്ന ഫ്രാൻസിസ്. ഇന്ന് അച്ചു എന്ന അശ്വതിയുടെ വീട്ടിൽ എല്ലാവരും ഒത്തു കൂടിയിട്ടുണ്ട്.

 

അശ്വതിയുടെ ഡാഡി ദേവൻ അവളുടെ കല്യാണം അങ്ങു തീരുമാനിച്ചു.

 

വെള്ളമടി, പുകവലി, വായിൽ നോട്ടം ഇവയൊന്നുമില്ലാത്ത രാഹുലാണ് വരൻ..

 

ദേവന്റെ ഭാര്യ ശാലു എന്ന ശാലിനിയുടെ ഒരേ ഒരു സഹോ ദരനാണ് ദുബൈയിൽ ജോലി ചെയ്യുന്ന മനു എന്ന മനോജ്.

 

"നമ്മുടെ അച്ചുവിന് ഫോറിൻ പാർട്ടീസിനെ വേണ്ട പെങ്ങളെ..." അശ്വതിയുടെ വിവാഹാലോചന തുടങ്ങിയപ്പോൾ തന്നെ മനു തീർത്തു പറഞ്ഞു.

 

"എന്റെ മോൾക്ക് കച്ചവടക്കാരെയും വേണ്ട.." ശാലുവിന്റെ അഭിപ്രായം അതായിരുന്നു...

 

സിറ്റിയിൽ സ്റ്റേഷനറിക്കടക്കാരനായ ദേവനെ വിവാഹംകഴിച്ചതിലുള്ള അതൃപ്തി ശാലു മറച്ചു വെച്ചില്ല.

 

വിവാഹത്തെ പറ്റി അശ്വതിയോടു ചോദിച്ചപ്പോൾ അവൾ പറഞ്ഞു. "ഞാൻ കീരുവിനോടും , പ്രാഞ്ചിയോടും ഒന്ന് ചോദിക്കട്ടെ.'

 

"എന്തിനാണ് അവന്മാരോട് ചോദി ക്കുന്നത്???" ദേവൻ തന്റെ നെറ്റി ചുളിച്ചു.ഒരു പണിയും ഇല്ലാത്ത അലവലാതികളിലൊന്നിനെ തന്റെ മോളെങ്ങാനും പ്രേമിച്ചാൽ തന്റെ ആപ്പീസ് പൂട്ടുമെന്ന് ദേവനറിയാം. അശ്വതി തുടർന്നു. "മീനുവിനോടും ചളിയനോടും അഭിപ്രായം ചോദിച്ചിട്ട് ഒരു കാര്യവുമില്ല... അവർക്ക് ഒരു കാര്യത്തിലും വ്യക്തമായ അഭിപ്രായം ഉണ്ടെന്ന് തോന്നുന്നില്ല"

 

അപ്പുവിനെ അവൾ ചളിയൻ എന്നാണ് വിളിക്കുന്നത്.

 

രണ്ടു ദിവസം കഴിഞ്ഞപ്പോൾ അശ്വതി ദേവനോട് പറഞ്ഞു. "എന്റെ ചെറുക്കനെ കണ്ടുപിടിക്കുവാൻ ഞാൻ ഡാഡിയെ ഉപാധികളോടെ അനുവദിച്ചിരിക്കുന്നു... എന്നാൽ എന്റെ ഫ്രണ്ട്സ് എൻജോയ് ചെയ്യുന്ന രീതിയിലായിരിക്കണം ഞങ്ങളുടെ വിവാഹത്തിനോട് അനുബന്ധിച്ചുള്ള അഘോഷങ്ങളെല്ലാം നടത്തുവാൻ" ദേവന് ആശ്വാസമായി..

 

"അവൾക്ക് എന്റെ ബുദ്ധിയാണ്... അതല്ലേ അവൾ ഒരുത്തനേം പ്രേമിക്കാത്തത്?" ദേവൻ ഭാര്യയോട് പറഞ്ഞു

 

'ഞാൻ പിന്നെ പ്രേമിച്ചു നടക്കുകയായിരുന്നോ???ശാലു ഈർഷ്യയോടെ ചോദിച്ചു.

 

"ഇവന്മാരെല്ലാം ന്യൂ ജനറേഷനാണ് മോനെ.. വിവാഹം നടന്നാൽ നടന്നു" ദേവന്റെ അമ്മ പ്രേമത്തിന്റെ അഭിപ്രായം അതായിരുന്നു.

 

സർക്കാർ ജോലിക്കാരനെ തന്നെ തന്റെ മകൾക്ക് വരനായി ലഭിച്ചതിലുള്ള സന്തോഷത്തിലായിരുന്നു ദേവൻ

 

അശ്വതിയുടെ വിവാഹം തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ തന്നെ അവളുടെ സുഹൃത്തുക്കൾ ആഘോഷം തുടങ്ങി....

 

ഡാൻസും പാട്ടും പൊട്ടിച്ചിരികളുമായി ദേവന്റെ വീട് നിറഞ്ഞു. കല്യാണം കഴിഞ്ഞാലെങ്കിലും അശ്വതിയുടെ കൂട്ടുകാർ ഒഴിഞ്ഞു പോകുമെല്ലോ.... ദേവൻ ആശ്വസിച്ചു.

 

ദേവന്റെ അഭിപ്രായത്തിൽ മകളെ വിവാഹം കഴിക്കുന്ന രാഹുലിന് ഒരു ചെറിയ കുഴപ്പം മാത്ര മേയുള്ളൂ. അവന്റെ രാഷ്ട്രീയം..... നാട്ടിലും.. ജോലിസ്ഥലത്തും അവൻ വലിയ നേതാവാണ്.. വിവാഹത്തിന് കുറച്ചു ദിവസം മുൻപ് "സേവ് ദി ഡേറ്റ്" ഷൂട്ട് ചെയ്യുവാനായി അലവലാതികൾ അശ്വതിയുടെ വീട്ടിൽ കൂടിയിരിക്കുകയാണ്!!

 

മെയിൻ റോളിൽ അഭിനയിക്കുന്ന രാഹുൽ ഇതുവരെ എത്തിയിട്ടില്ല!!!! "മച്ചാനെ ഒരു തീം ഉണ്ടാക്കി മൂന്ന് ദിവസമായി ഞാൻ ഇവിടെ കറങ്ങുന്നു...... അവന്റെ ഒടുക്കത്തെ ഒരു ജാഡ"

 

"എന്റെ ബ്രോ.... കടുംവെട്ടിന്റെ കാര്യം നമുക്ക് അറിയില്ലേ? അച്ചുവിന് അവനെ ഇഷ്ടപ്പെട്ടതിലാണ് എനിക്ക് അത്ഭുതം" പ്രാഞ്ചിയുടെ അഭിപ്രായം അതായിരുന്നു.

 

"എനിക്ക് ജോലി കിട്ടിയിരുന്നെങ്കിൽ ഞാൻ അച്ചൂനെ കെട്ടിയേനെ.." ചളിയൻ പറഞ്ഞു.

 

"നിനക്ക് ജോലി കിട്ടാത്തത് അച്ചുവിന്റെ മഹാഭാഗ്യം....." മീനുവിന്റെ വാക്കിൽ എല്ലാവരും ആർത്തു ചിരിച്ചു. ചളിയന്റെ മുഖം വാടി...

 

"വിഷമിക്കേണ്ടടാ....ജോലി ഇല്ലെങ്കിലും നീ എന്നെ കെട്ടിക്കോ" അവന്റെ കവിളിൽ തലോടിക്കൊണ്ട് മീനു പറഞ്ഞു.

 

"ബെസ്റ്റ്,..., ഈനാം പേച്ചിയും മരപ്പട്ടിയും" പ്രാഞ്ചിയുടെ കമന്റ് അതിൽ ഒതുങ്ങി.

 

അവർ ഏറെ സമയം രാഹുലിനായി കാത്തിരുന്നു.

 

"ഇരുട്ടു വീണാൽ വീഡിയോ എടുപ്പ് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല..." പ്രാഞ്ചി വേവലാതിപ്പെട്ടു.

 

ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം വൈകുന്നേരം നാലുമണിക്ക് രാഹുലിന്റെ കാർ അവിടെ എത്തിച്ചേർന്നു. കാറിൽ നിന്നും ഇറങ്ങിയ രാഹുൽ ചുറ്റുപാടും ഗൗരവത്തോടെ നോക്കി..

 

Vaidehi - Malayalam Novel
 

"എടീ അച്ചു... നമ്മുടെ ബ്രോ വലിയ ജാഡക്കാരൻ ആണെന്ന് തോ ന്നുന്നല്ലോ" മീനു അച്ചുവിന്റെ ചെവിയിൽ പറഞ്ഞു.

 

"നീ പോടീ..." അശ്വതി മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞുഅവൾ രാഹുലിനെ നോക്കി ചിരിച്ചു.

 

"ഹാലോ..." അവൾ തന്റെ വലതു കൈ രാഹുലിനു നേരെ നീട്ടി. രാഹുൽ ചിരിച്ചുകൊണ്ട് അവളെ നോക്കി കൈകൂപ്പി.. പെണ്ണുകാണൽ ചടങ്ങിനും അയാൾ കൂപ്പു കൈ ആണ് ഷേക്ക്‌ ഹാൻഡിനു പകരം തനിക്ക് തന്നത്..അശ്വതി ഓർത്തു.

 

"നമസ്കാരം "അയാൾ പിറുപിറുത്തു. അയാൾ പ്രാഞ്ചിക്കും, അപ്പുവിനും കീരുവിനും ഷേക്ക് ഹാൻഡ് കൊടുത്തു.മീനുവും കൈനീട്ടികൊണ്ട് അയാൾക്ക് നേരെ ചെന്നെങ്കിലും അവളുടെ നേരെയും അയാൾ കൈകൂപ്പി നമസ്കാരം പറഞ്ഞു...

 

"ഞാൻ അച്ചുവിനെ കെട്ടാൻ ഇരുന്നതാണ്" ചളിയൻ ചിരിച്ചു കൊണ്ട് ചളി പറഞ്ഞു. "അച്ചുവിന്റെ ഭാഗ്യം കൊണ്ട് ഇവന് ജോലിയൊന്നും കിട്ടിയില്ല" പ്രാഞ്ചി പറഞ്ഞു.രാഹുൽ ഒഴിച്ച് എല്ലാവരും അലറി ചിരിച്ചു.

 

"എന്തിനാണ് എന്നോട് വരുവാൻ പറഞ്ഞത്?" രാഹുൽ ഗൗരവം വിടാതെ ചോദിച്ചു.

 

"ഞാനൊരു കിടിലൻ തീം പ്ലാൻ ചെയ്തിട്ടുണ്ട്.. നമുക്ക് നേരം വൈകുന്നതിന് മുൻപ് ഷൂട്ടിങ് തുടങ്ങാം.."ചളിയൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

 

"ഷൂട്ടിങ്ങോ എന്ത് ഷൂട്ടിംഗ്?' രാഹുൽ ചോദിച്ചു.

 

"കല്യാണത്തിന്റെ സേവ് ദി ഡേറ്റ് എടുക്കണം..."

 

"സേവ് ദി ഡേറ്റോ? അതെന്താണ്?" അശ്വതി ആകെ വിഷമിച്ചു.

 

"രാഹുൽ.... നമ്മുടെ കല്യാണത്തിന്റെ ക്ഷണത്തിനായി സേവ് ദി ഡേറ്റ് വീഡിയോ പിടിക്കണം. ചളിയൻ ഒരു തീം തയാറാക്കിയിട്ടുണ്ട്...."

 

"തീമോ...അതെന്താണ്?" രാഹുൽ വലിയ താല്പര്യമില്ലാതെ ചോദിച്ചു

 

"അത് കല്യാണത്തിന്റെ ക്ഷണ പത്രമാണ്.. മീൻസ്... നിങ്ങൾ കണ്ടുമുട്ടുന്നത്.... പ്രണയിക്കുന്നത്... അതിനുള്ള ഒരു സാഹചര്യം.. അതൊക്ക എന്റെ വിശാലമായ ഭാവനയിൽ വിരിഞ്ഞിട്ടുണ്ട്"ചളിയൻ ആവേശത്തോടെ പറഞ്ഞു.

 

"അതിന് ഞങ്ങൾ പ്രണയിച്ചതല്ലല്ലോ..."

 

"ചടങ്ങായല്ലോ?.., ബ്രോ.. ന്യൂജെൻ അല്ലെന്ന് തോന്നുന്നു" പ്രാഞ്ചി കീരുവിന്റെ ചെവിയിൽ പറഞ്ഞു.

 

അശ്വതി തന്റെ സുഹൃത്തുക്കളെ വിഷമത്തോടെ നോക്കി അവൾ ജാള്യത മറച്ചു കൊണ്ട് രാഹുലിനോട്‌ പറഞ്ഞു

 

"രാഹുൽ എന്റെ ഫ്രണ്ട്സിന്റെ ആഗ്രഹമാണ്... അവരുടെ ഐഡിയാസിൽ എന്റെ മാര്യേജ് അടിച്ചു പൊളിക്കണമെന്ന് "

 

"അതിന്?" രാഹുൽ ചോദ്യഭാവത്തിൽ അശ്വതിയെ നോക്കി.

 

"രാഹുൽ സഹകരിക്കണം.."

 

"എനിക്ക് പറ്റില്ല കോമാളി വേഷം കെട്ടുവാൻ.. മാത്രമല്ല ഞാൻ ഒരു സർക്കാർ ജോലിക്കാരനാണ്.... ഡിപ്പാർട്ട്മെന്റ് പെർമിഷൻ ഇല്ലാതെ എനിക്ക് വീഡിയോയിൽ ഒന്നും അഭിനയിക്കുവാൻ സാധ്യമല്ല"

 

"സ്വന്തം കല്യാണത്തിന് വീഡിയോ എടുക്കുന്നതിന് പെർമിഷൻ വേണമെന്ന് ഞാൻ ആദ്യം കേൾക്കുകയാണ്" പ്രാഞ്ചി അത്ഭുതത്തോടെ പിറുപിറുത്തു.

 

"രാഹുൽ പ്ലീസ്.... എന്റെ സുഹൃത്തുക്കൾ വല്ലാതെ ആഗ്രഹിച്ചുപോയി... പ്ലീസ്...' അശ്വതി വീണ്ടും അപേക്ഷിച്ചു.

 

"എന്താണ് മോൻ പുറത്തു തന്നെ നിന്നത്? കയറി ഇരിക്കാം" വീടിനു പുറത്തേക്ക് വന്ന ശാലിനി വാത്സല്യത്തോടെ രാഹുലിനെ നോക്കി.. ശാലിനിയുടെ പുറകെ ദേവനും പുറത്തേക്ക് വന്നു.

 

രാഹുൽ സ്വീകരണ മുറിൽ കയറി സെറ്റിയിൽ ഇരുന്നു... "വിഷമിക്കേണ്ട....ഞാൻ രാഹുലിനോട് പറഞ്ഞു ശരിയാക്കാം" തന്റെ സ്ക്രീപ്റ്റ് പാഴായല്ലോ എന്ന് വിഷമിച്ചു നിന്ന ചളിയനെ അശ്വതി സമാധാനിപ്പിച്ചു.

 

"മച്ചാനെ...സീനായല്ലോ? ഇതെന്തൊരു സാധനം. പാവം അച്ചു" അശ്വതി വിവരം ദേവനോട്‌ പറഞ്ഞു.

 

"അവന് താൽപര്യമില്ലെങ്കിൽ എന്തിനാണ് നീ നിർബന്ധിക്കുന്നത്?"

 

"ഡാഡി എന്റെ ഫ്രണ്ട്സ് ഒരുപാട് ആഗ്രഹിച്ചതാണ്. "നിന്റെ ഫ്രണ്ട്സ്...... അലവലാതികൾ!!!... ഞാൻ രാഹുലിന്റെ ഒപ്പമാണ്......."

 

അശ്വതിക്ക് ദേഷ്യം വന്നു..... "ഡാഡി സൂക്ഷിച്ചു സംസാരിക്കണം.... ഡാഡിയോട് ഞാൻ പറഞ്ഞതല്ലേ.... ഫങ്ക്ഷൻ നടത്തുന്നത് അവരുടെ ഐഡിയ അനുസരിച്ച് മാത്രമായിരിക്കണമെന്ന്...."

 

"അപ്പോൾ ..രാഹുലിന്റെ ഇഷ്ടംനോക്കേണ്ടേ?"ദേവൻ ചോദിച്ചു.

 

"അതുകൊണ്ടാണ് ഞാൻ പറഞ്ഞത് ഡാഡി രാഹുലിനോട്‌ ഒന്ന് സംസാരിക്കാൻ," സമയം പ്രാഞ്ചിയും കീരുവും സ്വീകരണമുറിയലേക്ക് പ്രവേശിച്ചു. കീരു അശ്വതിയുടെ തോളിൽ കൈയിട്ടു കൊണ്ട് നിന്നു. ശാലിനിക്കും ദേവനും ഒരു വല്ലായ്മ തോന്നി. അവർ രാഹുലിന്റെ മുഖത്തേക്ക് നോക്കി.

 

അയാളുടെ മുഖം വല്ലാതായിരിക്കുന്നു!!!

 

"അച്ചുവിന്റെ സുഹൃത്തുക്കളാണ്.... ഏറെ നാൾ അവർ ഒരുമിച്ചു പഠിച്ചതാണ്.." ജാള്യതമറക്കുവാൻ ശാലിനി കഠിന പരിശ്രമം തന്നെ നടത്തി. ദേവന്റെ അമ്മയും അപ്പോൾ അവിടേക്ക് വന്നു.

 

"മോൻ എപ്പോഴാണ് വന്നത്?" അവർ രാഹുലിനോട്‌ ലോഹ്യം ചോദിച്ചു. രാഹുൽ വെറുതെ ചിരിച്ചെന്നു വരുത്തി

പ്രാഞ്ചിയും ചളിയനും അശ്വതിയുടെ അടുത്ത് നിന്ന് തലങ്ങും വിലങ്ങും സെൽഫിയെടുത്തു കൊണ്ടിരുന്നു.

 

"രാഹുൽ കുട്ടികളുടെ ഒരു ആഗ്രഹം അല്ലേ? ഒരു വീഡിയോ എടുക്കുന്നതിൽ എന്താണ് കുഴപ്പം??" ശാലിനി രാഹുലിനോട് ചോദിച്ചപ്പോൾ അശ്വതി പ്രതീക്ഷയോടെ രാഹുലിനെ നോക്കി. രാഹുൽ സാവധാനം എഴുനേറ്റു നിന്നു.... അയാൾ ശാലിനിയെ നോക്കി പറഞ്ഞു. "എനിക്ക് ഒരു പോളിസി ഉണ്ട്... കല്യാണ നിശ്ചയത്തിന് നാം ഫോട്ടോയും വീഡിയോയും എടുത്തതാണ്... ഇനി ബാക്കിയൊക്കെ കല്യാണത്തിനാകട്ടെ"

 

Vaidehi - Malayalam Novel
 

"അപ്പോൾ എന്റെ സ്ക്രിപ്റ്റ്?' ചളിയൻ വിഷമത്തോടെ ചോദിച്ചു

 

"എന്റെ മച്ചാനെ ഞാൻ ക്യാമറ വാടകക്കെടുത്ത് കൊണ്ടുവന്നത് വെറുതെ ആയല്ലോ" പ്രാഞ്ചി പരിതപിച്ചു

 

രാഹുൽ കാറിനടുത്തേക്ക് പതുക്കെ നടന്നു.

 

"രാഹുൽ.... എന്റെ ഫ്രണ്ട്സിനെ നീ അപമാനിക്കരുത്. നീ ഇവിടെ വരെ വന്ന സ്ഥിതിക്ക് ഞങ്ങളുടെ കൂടെ നിന്ന് സേവ് ദി ഡേറ്റ് ചെയ്യണം... ദിസ് ഈസ് മൈ റിക്വസ്റ്റ്" എല്ലാവരും പ്രതീക്ഷയോടെ രാഹുലിനെ നോക്കി.

 

"സാധ്യമല്ല.... ഇവരുടെയൊന്നും ഊളത്തരത്തിനു കൂട്ടു നിൽക്കുവാൻ എനിക്ക് പറ്റില്ല.."രാഹുൽ തീർത്തു പറഞ്ഞു.

 

അശ്വതി രാഹുലിനടുത്തേക്ക് നടന്നടുത്തു. അവളുടെ മുഖം ചുമന്നിരുന്നു.

 

"ഒരു സേവ് ദി ഡേറ്റ് പോലും ചെയ്യാത്ത മൂരാച്ചിയായ നിന്നെ എനിക്ക് വേണ്ടാ..." അവൾ അലറി.

 

"അച്ചൂ...." ദേവന്റെ ശബ്ദം അവിടെ ഉയർന്നു. അച്ചുവിന്റെ സഹപാഠികൾ അവളുടെ സമീപത്തേക്ക് ഓടിയെത്തി.

 

(തുടരും )

 

 

Vaidehi - Malayalam Novel


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.