കഥ : സച്ച് ഏ ജന്റിൽമാൻ
രചന : സിനാസ് അലി
ഇത്തയുടെ വാട്സാപ്പ് ചാറ്റ് അളിയൻ കയ്യോടെ പിടിച്ചു. വീട്ടിലാകെ പ്രശ്നാണ്. അളിയൻ പെങ്ങളേയും കുട്ടികളേയും കൊണ്ട് വീട്ടിൽ വന്നിട്ടുണ്ട്. ഉമ്മയും ഉപ്പയും ഇത്താനെ ദേഷ്യത്തോടെ നോക്കി പല്ല് കടിച്ച് നിക്കാണ്. മനാഫ് നിഷ്കളങ്കമായി അളിയനെ നോക്കി
"അളിയാ, സത്യത്തിൽ എന്താണ് നടന്നത്...?"
ആകെ തകർന്ന് തരിപ്പണമായി ഇരിക്കുന്ന അളിയൻ മനാഫിനെ നോക്കി
"നിനക്കറിയില്ലേ.... ഞാൻ ഇവളേയും മക്കളേയും എങ്ങനാ നോക്കുന്നത് എന്ന്" ഒന്ന് നിറുത്തിയിട്ട് അളിയൻ തന്റെ മക്കളെ ചേർത്ത് പിടിച്ച് ഇത്തയെ നോക്കി, "പൊന്നുപോലെ അല്ലേ ഞാൻ നിങ്ങളെ നോക്കുന്നത്, എന്നിട്ടും നീയെന്ന ചതിച്ചു"
അളിയൻ പറഞ്ഞ് തീർന്നതും ഉപ്പ ഇത്തയെ നോക്കി അലറി:
"നാ#@% മോളേ, കുടുംബത്തിന്റെ പേര് കളയാനായിട്ട്, നിന്നെ ഞാൻ" ഇതും പറഞ്ഞ് ഉപ്പ അവളെ അടിക്കാനൊരുങ്ങി. അളിയനത് തടഞ്ഞു.
"അടിക്കൊന്നും വേണ്ടാ, അതെനിക്ക് സഹിക്കാൻ പറ്റില്ല. ഒന്നുമില്ലെങ്കിലും ന്റെ കുട്ടികളുടെ ഉമ്മയല്ലേ. ഈകാര്യം എന്റെ വീട്ടിൽ അറിഞ്ഞാലുള്ള അവസ്ഥ നിങ്ങൾക്കൊക്കെ അറിയാലോ. ഞാൻ ആരേയും അറിയിക്കാതെ ഇവളെ ഇങ്ങോട്ട് കൊണ്ടുവന്നത് പ്രശ്നം പരിഹരിക്കാനാണ് വഷളാക്കാനല്ല"
മനാഫ് ഇത്തയെ നോക്കി
"ഇങ്ങക്ക് എന്തിന്റെ കേടാണ്, ഒന്നുമില്ലേലും മൂന്ന് കുട്ടികളുടെ ഉമ്മയല്ലേ, ച്ചേ!!!"
ഇത്ത മനാഫിനെ നോക്കി കണ്ണീർ പൊഴിച്ചു
"ഇക്ക പറയുന്നപോലെ ഞങ്ങൾ ലവ് ഒന്നുമല്ല. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. എന്റെ സങ്കടങ്ങളും സന്തോഷങ്ങളും കേൾക്കുന്ന ബെസ്റ്റ് ഫ്രണ്ട്" മനാഫ് ഇത്തയെ അടിമുടിയൊന്ന് നോക്കി
"ഏതാ ഈ അവൻ...?"
പെട്ടെന്ന് ഇത്തയുടെ കണ്ണീരൊക്കെ മേലോട്ട് പോയി. അവളുടെ മുഖത്ത് വല്ലാത്തൊരു തേജസ് തെളിഞ്ഞു
"അജു, ജെസിബി അജ്മൽ. എന്റെ ക്ലാസ്മേറ്റ്. വർഷങ്ങളായി ഞങ്ങൾ ഒരു കോൺടാക്ടും ഇല്ലായിരുന്നു. രണ്ട് മാസം മുന്നേ സ്കൂൾ ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തപ്പോഴാണ് ഞാൻ വീണ്ടും അവനോട് സംസാരിച്ച് തുടങ്ങുന്നത്. ഹി ഈസ് സച്ച് ഏ ജന്റിൽമാൻ"
ജെസിബി അജ്മലിന്റെ കുറിച്ച് പറയുമ്പോൾ ഇത്തയുടെ വായിൽ നിന്നും തേൻ ഒലിക്കുന്നത് വായും പൊളിച്ച് നോക്കി നിന്ന മനാഫിനെ നോക്കി അളിയൻ മൊബൈൽ നീട്ടി അലറി..
"ഇതാണോ ഫ്രണ്ട്ഷിപ്പ്...?"
മനാഫ് അളിയന്റെ കയ്യിൽ നിന്നും ഫോൺ മേടിച്ച് നോക്കിയപ്പോൾ ഇത്തയുടേയും അജ്മലിന്റെയും ചാറ്റ് ഹിസ്റ്ററി കണ്ടു.
അജു: അറിയോ...?
ഇത്ത: മ്മ്, അറിയാതെ പിന്നെ
അജു: സുഖാണോ ഡിയർ
ഇത്ത: മ്മ്, സുഖം. നിനക്കോ...?
അജു: അടിപൊളിയായി പോകുന്നു. ഹാപ്പി ലൈഫ്
ഇത്ത: മ്മ്, എന്താ ഇപ്പൊ പരിപാടി
അജു: കുറച്ചുകാലം പുറത്തായിരുന്നു. ഇപ്പൊ നാട്ടിൽ സെറ്റിൽഡ് ആണ്.
ഇത്ത: ഭാര്യക്കും കുട്ടികൾക്കും സുഖല്ലേ...? എന്റെ അന്വേഷണം പറയൂ ട്ടോ"
അജു: അവര് എന്റെ കൂടെയല്ലേ, ഹാപ്പി ആവാതിരിക്കോ. ഞങ്ങൾ ഫുൾ ടൂർ ആൻഡ് അടിച്ചുപൊളി ആണ്. രണ്ട് ദിവസം മുന്നേ തായ്‌ലൻഡ് ടൂർ കഴിഞ്ഞ് വന്നേയുള്ളൂ. നെക്സ്റ്റ് വീക്ക് ഇന്ത്യ മുഴുവൻ കറങ്ങാൻ പോവാണ് ഞങ്ങൾ"
ഇത്ത: നിന്റെ ഭാര്യയുടെ ഭാഗ്യം. നിന്നെപ്പോലെ ഒരു അടിപൊളി ഭർത്താവിനെ കിട്ടിയതിൽ. എന്റെ ഇക്ക വല്ലപ്പോഴും വയനാടോ ഊട്ടിയോ കൊണ്ടുപോയാലായി"
മനാഫ് ചാറ്റ് നോക്കികൊണ്ടിരിക്കുമ്പോൾ അളിയൻ എത്തിനോക്കി:
"ഇതല്ല, ഇത് തുടക്കാണ്. ലെറ്റസ്റ്റ് ചാറ്റ് നോക്ക്"
മനാഫ് അളിയനെ ഒന്ന് നോക്കിയിട്ട് ചാറ്റ് സ്ക്രോൾ ചെയ്തു
അജു: എവിടെയാടാ പൊന്നേ. മെസ്സേജ് അയച്ചിട്ട് നോ റിപ്ലൈ...? വൈ...?"
ഇത്ത: ഇക്കാക്ക് ഫുഡ് കൊടുത്തിട്ട് പാത്രമൊക്കെ കഴുകി വെക്കായിരുന്നു
അജു: വാട്ട് നോൺസൻസ് ദിസ്. നമ്മുടെ സമൂഹം ഇനിയും മാറിയില്ലേ, ച്ചേ!!! ഇക്കാക്ക് വേണമെങ്കിൽ ഇക്കയോട് ഭക്ഷണം ഉണ്ടാക്കി കഴിക്കാൻ പറയൂ. ഇക്ക കഴിച്ച പാത്രമൊക്കെ നീയാണോ കഴുകുന്നത്...?"
ഇത്ത: മ്മ്
അജു: ഇതൊക്കെ കേട്ടിട്ട് എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് പൊന്നൂസേ. നിന്റെ ഇക്കയൊക്കെ ഏത് കാലഘട്ട ത്തിലാണ് ജീവിക്കുന്നത്. ബ്ലഡി ഫൂൾ. ഭാര്യയെ അടിമയാക്കി വെച്ചിരിക്കാ ഇടിയറ്റ്. ഞാനൊന്നും ഭാര്യയെ കൊണ്ട് ഒരു ജോലിയും ചെയ്യിക്കില്ല. ഭാര്യ എന്നാൽ വീട്ടിലെ വിളക്കാണ്"
ചാറ്റിൽ നിന്നും കണ്ണെടുത്ത് മനാഫ് അജുവിന്റെ പ്രൊഫൈൽ പിക് നോക്കി എന്നിട്ട് ഇത്തയെ നോക്കി
"ഈ അജു ആരാന്നാ പറഞ്ഞേ...?"
ഇത്തയുടെ മുഖത്ത് വീണ്ടും തേജസ് തെളിഞ്ഞു
"സച്ച് എ വണ്ടർഫുൾ ജന്റിൽമെൻ"
ഒന്ന് നിറുത്തിയിട്ട് അവൾ എല്ലാവരേയും മാറിമാറി നോക്കി
"അജു സ്വന്തം ഭാര്യയുടെ പേര് പോലും വിളിക്കില്ല. മുത്തേ, പൊന്നേ, വാവേ, പൊന്നൂസേ എന്നൊക്കെയാ വിളിക്കാ. എന്റെ ഭർത്താവോ, എടീ പോടീ എന്നല്ലാതെ വിളിക്കില്ല. അജുവിന് സ്വന്തം ഭാര്യയെ അങ്ങനെ വിളിക്കുന്നത് ഓർക്കാൻ പോലും കഴിയില്ലെന്നാ പറഞ്ഞേ"
മനാഫ് ഇത്തയെ നോക്കി
"ഈ അജുവിന് ജെസിബി അജ്മൽ എന്ന പേര് എങ്ങനാ വന്നേ അറിയോ ഇത്താക്ക്"
"യെസ്, വിദേശത്ത് ജെസിബി ഉണ്ടാക്കുന്ന ഫാക്ടറിയുണ്ട് അജുവിന്"
ഇത്ത പറഞ്ഞ് തീർന്നതും തന്റെ കയ്യിലുള്ള ഇത്തയുടെ ഫോൺ നിലത്തേക്ക് എറിഞ്ഞ് മനാഫ് ഇത്തയെ നോക്കി അലറി
"ഉണ്ടയാണ്, സ്വന്തം ഭാര്യയെ തൊഴിലുറപ്പിന് പറഞ്ഞയച്ച് കള്ളും കുടിച്ച് നടക്കുന്ന അജുവിന് ജെസിബി അജ്മൽ എന്ന പേര് വീണത് എങ്ങനാ അറിയോ...?"
ഒന്ന് നിറുത്തിയിട്ട് നിലത്ത് ചിന്നി ചിതറി കിടക്കുന്ന ഫോണിൽ കാലുകൊണ്ട് ചവിട്ടിയരച്ച് മനാഫ് ഇത്തയെ നോക്കി
"മീൻ കറിയിൽ കറിവേപ്പില ഇട്ടില്ലാന്ന് പറഞ്ഞ് സ്വന്തം ഭാര്യയെ ജെസിബിയുടെ മുന്നിലേക്ക് തള്ളിയിട്ട് കൊല്ലാൻ നോക്കിയിട്ടാ അവന് ആ പേര് വീണത്. അവളുടെ ഒരു സച്ച് ഏ ജന്റിൽമാൻ"
ഇത് കേട്ടതും ആറ്റിട്യൂടിട്ട് നിന്നിരുന്ന ഇത്ത അളിയനെ നോക്കി വീട്ടിലേക്ക് പോവാം എന്ന് കണ്ണുകൊണ്ട് ആഗ്യം കാണിച്ച് അതേ കണ്ണുകൊണ്ട് കാലും പിടിച്ചു...
എന്താലേ... എജ്ജാതി സച്ച് ഏ ജന്റിൽമാൻ അല്ലേ...