കഥ : ഷീന
രചന : പ്രദീപ് കുമാർ ചാത്തോത്ത്
രാത്രിയിലെ ഉറക്കം വെറുമൊരു സ്വപ്നമായി അവശേഷിക്കുന്ന ദിവസങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.
അങ്ങനെ ഇന്നലെ രാത്രിയിലും വീടും പ്രകൃതിയും ഉറങ്ങിയ നിശബ്ദതയിൽ ഉറക്കത്തിന്റെ വരവും പ്രതീക്ഷിച്ചുകൊണ്ട് ഹാളിലെ ചാരുകസേരയിൽ മലർന്നു കിടക്കുകയായിരുന്നു.
ഗൃഹപ്രവേശനത്തിനു പൊന്നുവിന്റെ കൂട്ടുകാർ ആരോ സമ്മാനിച്ചിരുന്ന, ഹാളിലെ ചുമരിൽ തൂങ്ങിക്കിടക്കുന്ന ക്ലോക്കിന്റെ സമയസൂചിയും മരിച്ചിട്ടും ജീവനോടെയിരിക്കുന്ന എന്റെ സമയം നിലച്ചതായി അറിയിക്കുന്നതുപോലെ രണ്ടുദിവസമായി ചലിക്കുന്നില്ല.
അല്ലെങ്കിൽ ജീവനുണ്ടെങ്കിലും മരിച്ചു കഴിഞ്ഞിരിക്കുന്ന എന്റെ ഹൃദയത്തുടിപ്പുപോലെ സമയം അറിയിച്ചുകൊണ്ട് ക്ലോക്കിനുചുറ്റും കറങ്ങിനടക്കുന്ന സെക്കന്റ് സൂചിയുടെ ടിക്.. ടിക്.. ശബ്ദമെങ്കിലും ഈ നിശബ്ദതയിൽ മുറിയിൽ കേൾക്കുമായിരുന്നു.
പുറത്തെ നിലാവിൽ മുറ്റത്തെ കുള്ളൻ തെങ്ങിന്റെ ഓലയിൽ എങ്ങുനിന്നോ ഒരു മൂങ്ങ പറന്നുവന്നിരിക്കുന്നതും. ഏന്തിവലിഞ്ഞു എങ്ങോട്ടൊക്കെയോ നോക്കുന്നതും,
കടബാധ്യതയുണ്ടാക്കിയ ഇരുട്ടിൽ തപ്പിത്തടഞ്ഞു നടക്കുന്ന എന്നെപ്പോലെ... രാത്രിയുടെ ഇരുട്ടിൽ എങ്ങോട്ടോ ലക്ഷ്യം തെറ്റിപറന്നുപോകുകയായിരുന്ന ഒരു പ്രാണിയുടെ പിറകെ പറക്കുന്നതും, ജനാല ചില്ലയിൽ വന്നിടിച്ചു ശബ്ദമുണ്ടാക്കിയതും ഞാൻ ഭീതിയോടെ അങ്ങോട്ട് നോക്കിയതും ശരിക്കും ഓർമ്മയുണ്ട്.
"എന്താ മോനെ ഇപ്പോഴിങ്ങനെയൊരു പുതുമ...???
ഇവിടൊരു ഉറക്കം...???
പോയേ.. പോയി അകത്തു കിടന്നേ......"
ശബ്ദം കേട്ടു കണ്ണുകൾ തുറന്നു നോക്കിയപ്പോൾ എവിടെയോ പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്ന അവൾ,
"സ്വാമി സാരി" എന്ന് ഞാൻ കളിയാക്കി വിളിക്കാറുള്ള ചന്ദന നിറമുള്ള സാരി ഭംഗിയായി ഞൊറിഞ്ഞിടുത്തിട്ടുണ്ടായിരുന്നു.
നിതംബത്തോളമെത്തുന്ന നീണ്ടമുടിയിഴകളുടെ അറ്റത്തു നിന്നും കണ്ണീർ തുള്ളികൾ പോലെ വെള്ള തുള്ളികൾ ടൈൽസ് പാകിയ തറയിലേക്ക് ഇറ്റിറ്റു വീണു പരക്കുന്നു.
ഇതെന്താ മൊട്ടകണ്ണുകൾ മിഴിച്ചിങ്ങനെ നോക്കുന്നത്..????
സമയമായി ഞാൻ പോകുവാ. പിള്ളേരെ നല്ലോണം നോക്കിക്കോണം കെട്ടോ. കണ്ണാടിയിൽ നോക്കി കരിനീല കണ്ണുകളിൽ മഷിയെഴുതുന്ന തിനിടെയാണ് താക്കീത് രൂപത്തിലുള്ള ഉപദേശം.
ഇതെന്താ ഇത്രയും നേരത്തെ ???
സമയമായില്ലല്ലോ. പിള്ളേർ ഉണർന്നു അവരോട് പറഞ്ഞിട്ട് പോയാൽ പോരെ.
നേരത്തെ പോകണമെന്ന അവളുടെ വാക്കുകൾ ഉണ്ടാക്കിയ ഈർഷ്യ എന്റെ ശബ്ദത്തിലുമുണ്ടാ യിരിക്കണം. എന്റെ മോനെ അവർ ഉണർന്നാൽ പിന്നെ എനിക്കു പോകാൻ പറ്റുമോ ???
അവർ പോകാൻ സമ്മതിക്കുമോ ???
അതുകൊണ്ട് എല്ലാവരും ഉണരുന്നതിനു മുന്നേ എനിക്കു സ്ഥലം കാലിയാക്കണം. മുറികളിലും ഞാൻ കയറിയിറങ്ങി നോക്കിയതേയുള്ളൂ.
ഒരുമുറിയിൽ ഏച്ചിയും അനിയത്തിയും ഒരു പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു കിടക്കുന്നു. മറ്റേ മുറിയിൽ അമ്മയും മോളും വേറൊരു പുതപ്പിനുള്ളിൽ സുഖമായുറങ്ങുന്നു. അതൊക്കെ കാണുമ്പോൾ പോകാൻ തോന്നുന്നില്ല പക്ഷെ പോയല്ലേ പറ്റൂ. പോകാതെങ്ങനെ ????
നീണ്ടമുടിയിഴകൾ ഭംഗിയായി മെടഞ്ഞുകെട്ടി ക്കൊണ്ട് പറയുമ്പോൾ
അവളുടെ സ്വരവും ഈറനായതെന്തു കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും എനിക്കു പിടികിട്ടിയില്ല.
"ഇവരെ നോക്കിയിരുന്നാൽ മതിയോ എനിക്കും നിന്നെപ്പോലെ എവിടേക്കെങ്കിലും പോകേണ്ടതല്ലേ .."
പറയുമ്പോൾ അവൾ പെട്ടെന്ന് എങ്ങോട്ടോ പോകാൻ ഒരുങ്ങി പുറപ്പെടുന്നതിലുള്ള എന്റെ മനസിലെ കാലൂഷ്യം അടങ്ങിയിരുന്നില്ല.
മോനങ്ങനെ തല്ക്കാലം എങ്ങോട്ടും പോകുന്നില്ല.
ഞാൻ സമ്മതിക്കുകയുമില്ല. ഇവരെയും നോക്കി ഇവരുടെ കൂടെയിങ്ങനെ കളിച്ചു ചിരിച്ചു നിന്നാൽ മതി. ഇതെന്തൊരു മസിലുപിടുത്തമാണ് ഞാൻ ഇത്രയും പറഞ്ഞിട്ടും ഇതുവരെ മുഖം തെളിഞ്ഞതുമില്ല ചിരിച്ചതുമില്ല ഇനിയെങ്കിലും ഒന്നു ചിരിക്കൂ മനുഷ്യ, ഞാനൊന്ന് കൺനിറയെ കാണട്ടെ.
എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു നെറ്റിയിൽ ചുണ്ടമർത്തിക്കൊണ്ട് പറയുമ്പോൾ അവളുടെ കണ്ണുകളിൽ നിന്നും എന്റെ നെറ്റിയിലേക്ക് അടർന്നുവീണ കണ്ണുനീർ തുള്ളികൾക്ക് തിളച്ചവെള്ളത്തിന്റെ ചൂടുണ്ടായിരുന്നെങ്കിലും എന്റെ കഴുത്തിനെ ചുറ്റിപിണഞ്ഞു കിടന്നിരുന്ന അവളുടെ കൈകൾക്ക് മഞ്ഞുകട്ടയുടെ തണുപ്പായിരുന്നു ...!
അതോ മരണത്തിന്റെ
മരവിപ്പോ .....?
ചിരിയിലൂടെയാണ് എല്ലാ കള്ളത്തരവും മറച്ചു പിടിക്കുന്നതെന്നും എല്ലാവരെയും മയക്കിയെ ടുക്കുന്നതെന്നും നീയടക്കം എല്ലാവരും പണ്ട് പറയാറില്ലേ ..
പക്ഷേ ഇപ്പോൾ ഞാനൊരു ചിരിക്കാൻ മറന്നുപോയ മനുഷ്യനായി മാറിക്കൊണ്ടിരിക്കുകയാന്നും,
ചിരിക്കാൻ ശ്രമിച്ചാൽ പോലും കരച്ചിലായി
മാറുകയാണെന്നും,
മറുപടി പറയണമെന്നുണ്ടായിരു ന്നെങ്കിലും അവളുടെ കണ്ണുകളിലേക്ക് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
വിഷമിക്കുകയൊന്നും വേണ്ട, എല്ലാം ശരിയാകും. ഇതിനേക്കാൾ വലിയ കടമ്പ നമ്മൾ ചാടി കടന്നില്ലേ....??
ഇതും അതുപോലെ കടക്കും.
എന്തിനും ഏതിനും ഷീനയും മക്കളും കൂടെയില്ലേ പിന്നെന്തിനാ വിഷമിക്കുന്നത്.
അപ്പോൾ ഷീനയല്ലേ.., ഷീന തന്നെയല്ലേ എന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നത് ..!
അവൾ തന്നെയല്ലേ എന്റെ നെറ്റിയിൽ തണുത്ത ചുണ്ടമർത്തിയത് ??? എന്റെ കഴുത്തിൽ ചുറ്റിപിണഞ്ഞു കിടക്കുന്ന കൈകൾ അവളുടേതല്ലേ?
"എന്തിനും ഏതിനും ഷീനയും മക്കളും കൂടെയില്ലേ,
പിന്നെന്തിനാ വിഷമിക്കുന്നത്",, അവൾ പറഞ്ഞിരുന്ന അവസാന വാചകങ്ങൾ എന്റെ പ്രജ്ഞയിലെ വിടെയോ തുളഞ്ഞുകയറിയതു കൊണ്ടാകണം ഒരായിരം ചോദ്യങ്ങളുമായി എന്റെ മനസ് ഉണരുകയും കണ്ണുകൾ തുറക്കുകയും ചെയ്തപ്പോൾ ഞാൻ ഇരിക്കുകയായിരുന്ന ചാരുകസേരയ്ക്ക് ചുറ്റും കൂരാക്കൂരിരുട്ട് മാത്രമായിരുന്നു.
മുറ്റത്തെ കുള്ളൻ തെങ്ങിന്റെ ഓലയിലുണ്ടായിരുന്ന മൂങ്ങ അപ്പോൾ സ്വന്തം ചിറകിനുള്ളിൽ എന്തോ ചികയുന്നുമുണ്ടായിരുന്നു.
ഇതുവരെ നടന്നതൊന്നും യഥാർത്ഥമല്ല വെറുമൊരു സ്വപ്നത്തിലെ മായകാഴ്ചകളാണെന്ന തിരിച്ചറിവിൽ വേഗം എഴുന്നേറ്റു മുറിയിലെ വെളിച്ചം തെളിച്ചു തിരിച്ചു കസേരയിലേക്ക് ചായുമ്പോഴും അവിടെയെവിടെയോ നിന്നും അവളുടെ ഗന്ധം പ്രസരിക്കുന്നുണ്ടെന്നു തോന്നി.
എന്നെ മോഹിപ്പിക്കുകയും കൊതിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്തിരുന്ന ഇരുപത് വർഷങ്ങൾക്ക് മുന്നേ അവൾ ഭൂമിയിൽ ഉപേക്ഷിച്ചു പോയിരിക്കുന്ന അവളുടെ അതേ ഗന്ധം.
അല്ലെങ്കിലും ഞാൻ വീണുപോകുകയാണെന്ന് തോന്നുമ്പോഴൊക്കെ മനസിന്റെ ഒതുക്കുകല്ലുകൾ കയറി അവൾ സ്വപ്നത്തിന്റെ വാതായനം തുറന്നു വരാറുണ്ട്.
അവൾ അങ്ങനെ വന്നിരിക്കാം അല്ലെങ്കിൽ എന്റെ ഭ്രമാത്മക മനസിന്റെ വെറുമൊരു തോന്നലാകാനും മതി. ഇതുപോലെ അവൾ സ്വപ്നത്തിൽ വന്നത് പൊന്നുവിന്റെ കല്ല്യാണദിവസത്തിനു തൊട്ടുമുന്നേ സാമ്പത്തിക പ്രതിസന്ധിയിൽപെട്ടുഴറി നടന്നപ്പോഴും, കല്ല്യാണം കഴിഞ്ഞു രണ്ടാമത്തെ ദിവസം മനസ്സിൽ പോലും അറിയാത്തൊരു കാര്യത്തിന് കുടുംബങ്ങൾകളുടെ പരസ്യവിചാരണ ചെയ്യപ്പെട്ടു കുറ്റവാളിയെ പോലെ ഒറ്റപ്പെട്ടു നിന്നപ്പോഴുമായിരുന്നു.