സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കണ്ണിന് കുളിര്‍മ്മ നൽകിയെങ്കിലും കാലങ്ങളോളം മനസ്സ് ചൂട് പിടിച്ചതായിരുന്നു. ഇന്ന് ഞാൻ ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.. അതാണ് ഞാൻ മോഹിച്ച പ്രണയം

ഞാനെന്റെ ഹൃദയത്തിലാണ് മാഷേ എല്ലാം എഴുതി സൂക്ഷിച്ചു വെച്ചിട്ടുള്ളത്

കഥ      :  സീമയുടെ പ്രണയം

രചന    : റിഷു 

 

ഒരു സാഹിത്യ മീറ്റിൽ വെച്ചാണ് സീമ അരവിന്ദനെ പരിചയപ്പെടുന്നത്.. മിതമായ സംസാരമെങ്കിലും മനോഹരമായ ഭാഷാ ശൈലി.. ആരും തെറ്റ് പറയാത്ത സൗന്ദര്യം..  ഏകദേശമൊരു 43 വയസുണ്ടെന്ന് തോന്നിക്കും.. 

 

"എഴുതുമോ.?

 

എന്റെ ചോദ്യത്തിന് ഉത്തരമെന്നവണ്ണം അവളൊന്നു പുഞ്ചിരിച്ചു.. എന്നിട്ട് പറഞ്ഞു.

 

"എഴുതും.!"

 

'കൊള്ളാലോ.. ഫേസ്ബുക്കിലുണ്ടോ രചനകൾ.?'

 

"എനിക്ക് ഫേസ് ബുക്കില്ല മാഷേ.."

 

ആധുനിക കാലത്തെഴുതുന്ന ആളുകൾക്ക് ഫേസ് ബുക്കില്ലെന്നോ എന്ന് ചിന്തിച്ച് നിന്നപ്പോഴേക്കും സീമയുടെചോദ്യം വന്നു.

 

"എന്താ മാഷേ ആലോചിച്ച് പോയത്.?"

 

"ഹേയ് ഒന്നുമില്ല..!" ഒഴുക്കോടെ ഞാൻ മറുപടി പറഞ്ഞു.

 

'മാഷെവിടെയാ താമസം.?'

 

"ഞാൻ കോഴിക്കോട് തന്നെ."

 

'അത് കൊള്ളാലോ ഞാനും.

 

അങ്ങനെ കുറച്ച് സൗഹൃദ സംഭാഷണം നടത്തി സീമയോട് പിന്നെ കാണാമെന്ന് പറഞ്ഞ് പോയപ്പോൾ പിന്നിൽ നിന്ന് വിളി കേട്ടു.

 

"മാഷേ..ഒന്ന് നിക്കണേ." ഞാൻ നിന്ന് തിരിഞ്ഞ് നോക്കിയപ്പോൾ സീമ വരുന്നു..

 

'മാഷിന്റെ ഫോൺ നമ്പർ തരാമോ..?'

 

"അതിനെന്താ തരാലോയെന്ന് പറഞ്ഞ് നമ്പർ കൊടുത്തു

 

'ഞാൻ സാമൂഹിക മാധ്യങ്ങളിൽ വാട്സ്ആപ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ.. മാഷിന് ഞാനൊരു ഹായ് വിടാം.

 

'ശരി സീമ' എന്ന് പറഞ്ഞ് ഞാൻ നടന്നു

 

"മാഷേ..." 

 

വീണ്ടും സീമയുടെ വിളി. ഞാൻ തിരിഞ്ഞ് നിന്നു

 

"മാഷ് സ്റ്റാൻഡിലേക്കാണോ.?"

 

'അതേ.!'

 

"എന്നാ ഞാനുമുണ്ട്.. നടന്നു പോയാലോ?"

 

'എന്നാ വാ എനിക്കൊരു കൂട്ടാവുമല്ലോ..എന്ന് പറഞ്ഞ് നടക്കാൻ നേരം മുന്നിൽ കണ്ട വഴിയരികിലെ ചായക്കട കണ്ടപ്പോഴാണ് ഞാനൊരു കാര്യമോർത്തത്.. ചായ കുടിച്ചില്ല..! 

 

'സീമ നമുക്കൊരു ചായ കുടിച്ചാലോ.?'

 

"അതിനെന്താ മാഷേ ഞാനത് പറയാനിരിക്കുകയായിരുന്നു.."

 

സീമയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് അവളോട് പറയാതെ ഞാൻ എന്നോട് തന്നെ പറഞ്ഞു.

 

'സീമ നമുക്ക് ചായ അവിടുന്ന് കുടിച്ചാലോ.. ദാ.. മരത്തിന്റെ ചുവട്ടിലെ തട്ടു കടയിൽ നിന്ന്.?'

 

"എനിക്കതാ മാഷേ ഇഷ്ടം."

 

"എന്നാ വാ.."

 

വയസ്സായ ഒരു അപ്പൂപ്പനാണ് ചായ വിൽക്കുന്നത്.

 

നല്ല ചുടു ചായയും പരിപ്പ് വടയും കഴിച്ചു. പട്ടണത്തിലെ ചില വിശേഷങ്ങൾ പറഞ്ഞു.. അതിനിടയ്ക്കൊരു കോൾ വന്നു.. സമയം സീമ പൈസ കൊടുത്തു.. കൈ കൊണ്ട് വേണ്ടായെന്ന് ആംഗ്യം കാണി ച്ചെങ്കിലും സീമ അതൊന്നും സാരമില്ലെന്ന ഭാവത്തിൽ കൊടുത്തു.

 

അവിടെ നിന്നും നടക്കാൻ തുടങ്ങി. സീമയുടെ വ്യക്തിപരമായ കാര്യങ്ങളൊന്നും ഞാൻ ചോദിച്ചില്ല.. ഇടയ്ക്ക് ഓരോ തമാശകൾ പറഞ്ഞ് ചിരിച്ചു. സീമ ഇങ്ങോട്ട് ചോദിച്ചു:

 

"മാഷിന്റെ കുടുംബം"?

 

"ഇതുവരെ ഇല്ല.." 

 

"അപ്പോ പ്രണയം.? " 

 

'അതുമില്ല..!

 

"ഒന്നു പോ മാഷേ കളി പറയാതെ.."

 

സീമ ചിരിച്ചു.. എന്നിട്ട് പറഞ്ഞു;

"എനിക്ക് രണ്ട് മക്കൾ..

രണ്ടും പെൺകുട്ടികൾ..

രണ്ട് പേരുടേയും കല്ല്യാണം കഴിഞ്ഞ

ഒരു വർഷത്തിനുള്ളിൽ കഴിഞ്ഞു."

 

മക്കളെക്കുറിച്ചും കല്ല്യാണ വിശേഷങ്ങളും പങ്ക് വെച്ചെങ്കിലും മക്കളുടെ അച്ഛനെക്കുറിച്ചൊന്നും മിണ്ടിയില്ല.. ഞാനൊട്ട്‌ ചോദിക്കാനും പോയില്ല.

 

അങ്ങനെ ബസ് സ്റ്റാൻഡ് വരെ നടന്ന് ഞങ്ങൾ പിരിഞ്ഞു. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് വാട്സ്ആപ്പിലൊരു സന്ദേശം വന്നത്

 

"മാഷേ സുഖമല്ലേ.. ഇത് ഞാനാണ് സീമ"

 

അങ്ങനെ സീമയോടു കുറച്ച് വിശേഷങ്ങൾ പറഞ്ഞിരുന്നു..നാട്ടു വർത്തമാനം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു. എഴുതുന്നുണ്ടെന്ന് പറഞ്ഞിട്ട് എഴുതിയ രചനകൾ എവിടുന്നു കിട്ടും..

 

"അതിപ്പോ തരാൻ പറ്റില്ലല്ലോ മാഷേ..!" 

 

"അതെന്താ..?"

 

"എന്റെ കവിതകൾ കടലാസിലോ.. ഫോണിലോ എങ്ങുമില്ല"

 

അപ്പോ എഴുതുന്നു എന്ന് പറഞ്ഞിട്ട്.

 

"ഞാനെന്റെ ഹൃദയത്തിലാണ് മാഷേ എല്ലാം എഴുതി സൂക്ഷിച്ചു വെച്ചിട്ടുള്ളത്"

 

അത് കലക്കി സീമാ.. അവിടെ നിന്ന്നാല് വരികൾ എഴുതി തരാമോ..

 

"അത് വേണോ മാഷേ.."

 

വേണം..

 

"എന്നാ പിന്നീടാവട്ടെ.."

 

ഉം.. ഞാനൊന്ന് മൂളി.

 

പിന്നെയൊരിക്കൽ ഞാൻ സീമയോടു ഒട്ടും മുഖവുരയില്ലാതെ ചോദിച്ചു... സീമ പ്രണയത്തേക്കുറിച്ച് എന്താണ് ചിന്തിച്ചിട്ടുള്ളത്‌.?

 

ഒട്ടും സമയം കളയാതെ മറുപടി വന്നു. "പ്രണയം നഷ്ടപ്പെട്ടവൾക്ക്‌ ചിന്തയല്ല അനുഭവമാണ് മാഷേ പറയാനുള്ളത്."

 

ഉം...ഞാൻ മൂളുക മാത്രം ചെയ്തു.

 

"മാഷേ.."

 

വീണ്ടും ഞാൻ മൂളി.

 

"ഒരു കാര്യം പറയട്ടെ.."

 

"ഉം.."

 

"അന്ന് തട്ടു കടയിൽ നിന്ന് ചായയും വടയും തിന്നത് മുതൽ മാഷിനോട് എന്തോ ഒരടുപ്പം തോന്നുന്നു"

 

അപ്പോ കള്ള ചായക്കടക്കാരൻ കിളവൻ ചായയിൽ ആകർഷണ ഭസ്മം കലർത്തിയാ ചായ തന്നതല്ലേ.. വെറുതെയല്ല അന്നേരം മുതലുള്ള അടുപ്പം..

 

"ഒന്ന് പോ മാഷേ..."  എന്നിട്ട് ചിരിക്കുന്ന ഇമോജി.

 

രണ്ട് മിനിറ്റ് കഴിഞ്ഞാണ് സീമ പിന്നെ ടൈപ്പ് ചെയ്തത്.

 

"മാഷേ.. ഇരുന്ന് ചിരിക്കുകയായിരുന്നു. ഒരുപാട് കാലമായി ചിരിച്ചിട്ട്.." പിന്നീട് പട്ടണത്തിൽ വെച്ച് സീമയെ പലവട്ടം കണ്ടു.. ചുമ്മാ നടക്കും..! ഒരുപാട് സംസാരിക്കാനും ചിരിക്കാനും തുടങ്ങി സീമ.. 

 

ഞാനൊരിക്കലും അവളുടെ വീട്ട് കാര്യങ്ങള് ചോദിച്ചിട്ടില്ല.. എങ്കിലും എപ്പോഴോ വിശേഷങ്ങൾ പറഞ്ഞ കൂട്ടത്തിൽ പറഞ്ഞതോർക്കുന്നു..  

 

പണം കണ്ട് തന്നേക്കാൾ 16 വയസിനു മൂത്ത ഒരാൾക്ക് മാതാപിതാക്കൾ അവളെ കെട്ടിച്ച് കൊടുത്ത കഥ.. വളരെ ഗൗരവകാരനും അമിത പട്ടാളചിട്ടയുമുള്ള സ്വഭാവം. കേട്ടതിൽ നിന്ന് തന്നെ ഞാൻ ഊഹിച്ചു എങ്ങനെയാണ് സീമയുടെ പ്രണയം നഷ്ടപ്പെട്ടതെന്ന്‌.

 

ആദ്യമായി സീമ മനസ്സിൽ കുറിച്ച വരികൾ എനിക്കായി എഴുതി..

 

"സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും കണ്ണിന് കുളിര്‍മ്മ നൽകിയെങ്കിലും കാലങ്ങളോളം മനസ്സ് ചൂട് പിടിച്ചതായിരുന്നു. ഇന്ന് ഞാൻ ചിരിക്കാൻ തുടങ്ങിയിരിക്കുന്നു.. അതാണ് ഞാൻ മോഹിച്ച പ്രണയം.." ഇതയച്ചിട്ട്‌ അവളു വിളിച്ചു.

 

"മാഷേ.."

 

"ഉം..

 

"ഇടയ്ക്ക് കാണണം.. സംസാരിക്കണം..ചിരിക്കണം.."

 

"സീമാ."

 

"ഉം..." 

 

അവളും മൂളാൻ പഠിച്ചിരിക്കുന്നു..!!

 

സീമ അരവിന്ദന്റെ മെസ്സേജ് വന്നപ്പോൾ ഞാൻ റെയിൽവേ സ്റ്റേഷനിലായിരുന്നു.

 

"മാഷേ.."

 

ഉം..

 

"മറന്നോ മാഷേ.. കുറച്ചു ദിവസങ്ങളായി ഒരനക്കവുമില്ലല്ലോ.."

 

അവിടുന്നും അനക്കമൊന്നും കണ്ടില്ലല്ലോ.. 

 

"ആഹാ.. മാഷ് തിരിച്ച് പറയാനും പഠിച്ചോ..?"

 

ചിലരുടെയടുത്ത് മാത്രം പിടിച്ച് നിൽക്കാനുള്ള ഊർജ്ജിത ശ്രമമായി കണ്ടാൽ മതി..

 

"പോടാ കള്ള മാഷേ.. വെച്ചിട്ടുണ്ട് ഞാൻ..!" അപ്പോ ശിക്ഷ ഉറപ്പിക്കാം അല്ലേ..

 

"അത് പിന്നെ ഉറപ്പല്ലേ... ..." സീമ യുടെ ചിരിയും അതിനൊപ്പം വന്നു.

 

"മാഷേ.. ഇന്നെനിക്ക് ജോലിയില്ല.. ഓഫീസിലെത്തിയപ്പോൾ പിയൂൺ പറഞ്ഞു ഇലക്ട്രിക്ക് പ്രശ്നം കൊണ്ട് ഇന്ന് ഓഫീസ് അടച്ചിടുമെന്ന്.. ഞാനിപ്പോ വീട്ടിൽ പോകാനായി ടൗണിലേക്ക് പോകുകയാണ്.."

 

അത് കൊള്ളാലോ.. ഇന്ന് സ്വസ്ഥമായി ഇരിക്കാലോ.

 

"വീട്ടിൽ പോകുന്നതത്ര താൽപ്പര്യമില്ല മാഷേ.. ഏതെങ്കിലും ബുക്ക് സ്റ്റാളിൽ കയറി സമയം കളയണം.." ഉം... ഞാനൊന്നു മൂളി.

 

"അല്ല മാഷെവിടെയാണ്..?" ഞാൻ എറണാകുളം പോകാനായി സ്റ്റേഷനിൽ നിക്കുന്നു.

 

"എന്താ മാഷേ.. കാര്യം..?" അവിടെയൊരു ബിസിനസ്സ് ആവശ്യമുണ്ട്.

 

"മാഷ് ഒറ്റക്കാണോ..?" അതേ സീമ.. 

 

"പോയിട്ടെപ്പോ തിരികെ വരും..?

 

" ഇവിടെ 5 ന് എത്തണം.

 

"മാഷേ.."

 

ഉം..

 

"വിരോധമില്ലെങ്കിൽ ഞാനും വന്നോട്ടെ മാഷിന്റെയൊപ്പം..?" 

 

സീമ.. എറണാകുളമാണ് പോകുന്നത്..

 

വരാൻ വൈകിയാൽ പ്രശ്‌നമാവില്ലെ..?

 

"അതോർത്ത് മാഷ് ബേജാറാവണ്ട.. എന്റെ കാര്യം ഞാൻ നോക്കിക്കോളാം.." 

 

എന്നാ പോരെ.. തീവണ്ടി പത്ത് മിനിറ്റിനകം എത്തും.. 


"ദാ ഞാൻ ബസിറങ്ങി.. വേഗം ഓട്ടോ പിടിച്ച് വരാം.."


സീമ വരുമ്പോഴേക്കും ഞാനൊരു ടിക്കറ്റെടുത്തു വെച്ചു..! 

 

പത്തു മിനിറ്റിനുള്ളിൽ സീമ വന്നു..അവള് വന്നതും ട്രെയിൻ വന്നതും ഒപ്പമായിരുന്നു.. പുറകിലെ ജനറൽ കമ്പാർട്ട്മെന്റിൽ പോയിരുന്നു.. തിരക്ക് നന്നേ കുറവ്.. സാരിയുടുത്ത് വന്ന സീമയെ കാണാൻ നല്ല രസമായിരുന്നു.. 

 

"എന്റെ മാഷേ.. ഒന്നും പറയണ്ട.. രാവിലെ എന്റെ ഫോണിലേക്ക് പിയൂൺ വിളിച്ചത്രെ.. ഞാനൊട്ട്‌ കണ്ടതുമില്ല.." 

 

അത് നന്നായി.. അത് കൊണ്ട് എന്‍റെയൊപ്പം വരാൻ പറ്റിയില്ലേ..

 

"അതാണ് ഞാൻ ഭാഗ്യവതിയെന്ന് പറയുന്നത്.."

 

"എന്താ മാഷിന്റെ വേറെ വിശേഷങ്ങൾ..?"

 

അങ്ങനെ ഇങ്ങനെ തട്ടിയും മുട്ടിയും പോകുന്നു.

 

"അത് കലക്കി മാഷേ.. സ്ഥിരം ഡയലോഗ്.. വേറെയൊന്നും പറയാനില്ലേ.. സുഖമാണെന്നോ.. ദുഃഖമാണെന്നോ.. എന്നൊക്കെ.."

 

എന്നാ എനിക്ക് പരമ സുഖം... പോരെ..

 

"അത് മതി.. ഇപ്പോ ശരിയായി.."

 

"മാഷേ.. എനിക്ക് വിശക്കുന്നു.. ചായയും വടയും കഴിച്ചാലോ.." നല്ല ആശയം.. എവിടെപ്പോയാലും

തീറ്റ വിട്ടൊരു പരിപാടിയിയില്ലല്ലോ സീമക്ക്.. 

 

"അയ്യട.. എന്നിട്ട് കൂടെ തിന്നാത്ത ഒരാള്.." .. 

 

"വടയും ചായയും കുടിച്ച് ഒരുപാട് സംസാരിച്ചിരുന്നു.."

 

ഇടയ്ക്ക് സീമ പുറത്തേക്ക് കുറേ നേരേം നോക്കിയിരുന്നു.. എന്നിട്ട് മുഖം തിരിച്ച് പറഞ്ഞു.

 

"മാഷേ.."


ഉം

 

"ഇങ്ങനെയൊരു ട്രെയിൻ യാത്ര എന്റെയൊരു സ്വപ്നമായിരുന്നു.."

 

ഇത് വരെ ട്രെയിനിൽ കയറാത്ത ഗ്രാമവാസി ആയിരുന്നു അല്ലേ.. 

 

"ഒന്ന് പോ മാഷേ.. ചളി പറയാതെ.."

 

ശരി ശരി.. മാഡം പറ...

 

"മാഡമോ... ഓടടാ കള്ള മാഷേ..!"

 

"മാഷേ.. സൗഹൃദം ഇങ്ങനെയൊക്കെയാണ്.. എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ..എന്തൊരു രസാ അല്ലേ.."

 

സീമ.. നീ കൂടെ വന്നത് എനിക്ക് സന്തോഷമായി.. 

 

"സത്യം..?"

 

ഉം..!! 

 

"മാഷേ.."

 

ഉം.. 

 

"അതേ ഒരു കാര്യം പറയട്ടേ..." എന്താ വല്ല പ്രേമവും മറ്റും ആണെന്നാണോ.. 

 

"അയ്യട പ്രേമിക്കാൻ പറ്റിയ ഒരു സാധനം.."

 

' ...' ഞങ്ങള് ഒരുപാട് ചിരിച്ചു

 

"മാഷേ ഞാൻ പറയാൻ വന്നത്.. സീമ.. സിമെ.. സീമേ.. എന്നൊക്കെയുള്ള വിളി നിർത്തി.. എടീ പോടി എന്താടീ എന്നൊക്കെ വിളിച്ച് കൂടെ.."

 

വിചിത്രമായ ആഗ്രഹങ്ങളാണല്ലോടി...!

 

"അങ്ങനെ വഴിക്ക് വാ.. എടീ പോടി വിളിയൊക്കെ എനിക്കിഷ്ടമുള്ള വരിൽ നിന്ന് കേൾക്കുന്നത് ഒരുപാടിഷ്ടമാണ്.."

 

ഇനിയുമുണ്ടോ ഇത്തരം വിചിത്രമായ ആചാരങ്ങൾ..?

 

"അതൊക്കെയുണ്ട് വഴിയേ പറയാം.."

 

ശരി മൊയലാളി..

 

"മാഷേ.."

 

എന്താടി..

 

"വല്ലപ്പോഴുമൊക്കെ വിളിക്കണം..! ഇങ്ങനെ യാത്ര പോകണം...! ഒരുപാട് സംസാരിക്കണം...!

ഒരുമിച്ചാഹാരം കഴിക്കണം..!" അതൊക്കെ നോക്കാം.. ഡീ എറണാകുളമായി..!

 

"ങ്ങേ!.."

 

വേണേൽ ചാടിക്കോ ഇല്ലേൽ വണ്ടിയിപ്പോ വിടും..

 

"മാഷിനോട് സംസാരിച്ചിരുന്നത് കൊണ്ട് ട്രെയിൻ നിന്നതൊന്നുമറിഞ്ഞില്ല..! വാ..മാഷേ.. പോകാം"

 

ട്രെയിനിറങ്ങി സീമയുമായി നടന്നു പോകുമ്പോൾ അങ്ങോട്ടോ ഇങ്ങോട്ടോ നോക്കാതെ ഓരോ വിശേഷങ്ങൾ പറയുന്ന സീമയെ ഞാനത്ഭുതത്തോടെ നോക്കി നിന്നു......

 

ഞാനെന്റെ ഹൃദയത്തിലാണ് മാഷേ എല്ലാം എഴുതി സൂക്ഷിച്ചു വെച്ചിട്ടുള്ളത്

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.