കഥ : പുഷ്പാംഗതൻ
രചന : ശ്രീലാൽ ശ്രീധർ
മുൻവശത്തെ നാല് പല്ലുകൾ മുന്നോട്ടാഞ്ഞു വിരിഞ്ഞ് നിൽക്കുന്നതു ഒഴിച്ചാൽ പുഷപാംഗതന് ഉയരമില്ലായ്മയല്ലാതെ വേറൊരു കുറവുമില്ല.
ദന്തഗോപുരം ജന്മനാ ഉള്ളതാണെന്നും, പ്രസവം എടുക്കുന്ന സമയത്ത് പല്ല് കൊണ്ട് വയറ്റാട്ടിയുടെ കൈപത്തി കീറി എന്നുമൊക്കെ ഇക്കാലത്തും പറഞ്ഞ് നടക്കുന്ന കൺട്രികളായ നാട്ടുകാരുടെ മാതാപിതാക്കളെ പരസ്യമായി സ്മരിക്കാറുണ്ട് പുഷ്പാംഗതൻ.
മുൻപൊക്കെ തരം കിട്ടിയാൽ പറയുന്നവർക്കിട്ടു രണ്ടു പൊട്ടിക്കാനും പുഷ്പംഗതൻ മറക്കാറുണ്ടായിരുന്നില്ല. അതു സ്കൂളിൽ പോകുമ്പോൾ തൊട്ടുള്ള ശീലമാണ്. തൻ്റെ പല്ലിനെ കളിയാക്കുന്ന കുരുത്തം കെട്ട പിള്ളാരെ ക്ലാസ്സിലെ കുമ്മായം പൊട്ടിയടർന്ന മൺചുവരിൽ ഒട്ടിക്കാറുണ്ട് പുഷ്പാംഗതൻ.
പഠിക്കാൻ ബഹുമിടുക്കൻ ആയിരുന്നത് കൊണ്ട് തന്നെ, കഞ്ഞിപുരയിലെ ചേച്ചിയുടെ അസിസ്റ്റൻ്റ് പണിയും, ചെറിയ ക്ലാസ്സിലെ കുട്ടികൾ നിക്കറിൽ കാര്യം സാധിക്കുമ്പോൾ വൃത്തിയാക്കാൻ കൂട്ടുപോകലും ഒക്കെയായിരുന്നു പുഷ്പാംഗതൻ്റെ കരിക്കുലർ ആക്ടീവിറ്റിസ്.
ഓരോ ക്ലാസിലും ചുരുങ്ങിയത് രണ്ടു കൊല്ലമെങ്കിലും വൃത്തിയായി പഠിച്ചിട്ടെ അദ്ദേഹം അടുത്ത ക്ലാസ്സിൽ പോകാറുള്ളൂ.
ക്ലാസ്സിലെ മൂത്ത മല്ലൻ അതുകൊണ്ടു തന്നെ പുഷ്പാംഗതൻ ആയിരിക്കും. ഉയരമില്ലെങ്കിലും ചുറ്റിക പോലത്തെ മുഷ്ടിയുള്ള അവൻ്റെ ഇടി പേടിച്ച് ആരും നേരിട്ട് അവനെ കളിയാക്കാറില്ല.
പകരം മൂത്രപുരയുടെ ചുവരിലും ക്ലാസ്സിലെ ബെഞ്ചിലും ഒക്കെ അവനെക്കുറിച്ച് കളിയാക്കി എഴുതിവക്കും. പെൺകുട്ടികളുടെ മൂത്രപുരയുടെ ചുവരിൽ പുഷ്പംഗതൻ്റെ രണ്ടുകണ്ണും അതിനുതാഴെ നാല് ഉന്തിയ പല്ലും മാത്രം വരച്ചുവച്ചു, '' പല്ലുന്തിപുഷ്പൻ '' എന്ന് പേരെഴുതി വച്ചവനെ അതെ പല്ലുകൊണ്ട് കൈത്തണ്ടയിൽ മായാത്ത ഒരു സീലുവച്ചുകൊടുത്ത ചരിത്രം ഉണ്ട് പുഷ്പംഗതന്.
പക്ഷേ അതിന് ഹെഡ് മാസ്റ്റർ ജനാർദ്ദനൻ മാഷ് ചൂരൽ കൊണ്ട് പുഷ്പാംഗതൻ്റെ ചന്തിയിൽ ഒരു മഹാകാവ്യം തന്നെ രചിച്ചു.
മാഷിൻ്റെ കലാബോധം നന്നേ ബോധിച്ച പുഷ്പാംഗതൻ പിന്നെ സ്കൂളിൽ പോയില്ല. തനിക്ക് പയറ്റിതെളിയാൻ പറ്റുന്ന കളരി അല്ല പള്ളിക്കൂടം എന്ന് മനസ്സിലാക്കിയ പുഷ്പാംഗതൻ അക്കാലത്തെ വീടുകൾ പലതും ഓടിട്ടതും പനമ്പട്ട മേയ്യുന്നതും ആയതുകൊണ്ടും, അനായാസേന പനയിലും മറ്റുമൊക്കെ വലിഞ്ഞുകയറാൻ കഴിയുന്നതുകൊണ്ടും, സ്വന്തമായി ഒരു കൈത്തൊഴിൽ പഠിച്ചു.
ഈയിടെ പുഷ്‌പൻ്റെ പഴയ സഹപാഠി പുതിയ സ്കൂട്ടറിൽ ഭാര്യയെയും വച്ച് ഗമയിൽ പോകുന്നത് കണ്ട ശേഷമാണ് അയാൾക്ക് ഒരു മനോവിഷമം. ഇത്രയും കാലം അധ്വാനിച്ചിട്ടും തനിക്കുമൊരു പെണ്ണുകെട്ടാനോ സ്കൂട്ടർ വാങ്ങാനോ പറ്റിയില്ലല്ലോ എന്നോർത്ത് ഒരു ഗദ്ഗദം അയാളുടെ നെഞ്ചിൽ നിന്ന് താഴോട്ടിറങ്ങി ചെറിയൊരു സ്കൂട്ടർ ശബ്ദത്തോടെ അന്തരീക്ഷത്തിൽ ലയിച്ചു.
സ്കൂളിൽ പോകുന്നകാലം മുതൽ പുഷ്പൻ്റെ ക്രഷ് ആയിരുന്നു രമണി. വിടർന്ന കണ്ണുകളും നെല്ലുകുത്തിനിറച്ച നൂൽചാക്ക് പോലെയുള്ള അരക്കെട്ടും രമണിയെ ഒരു പട്ടാളക്കാരൻ കെട്ടി കൊണ്ടുപോകുന്നതുവരെ അയാളുടെ ഒരുപാട് ഏകാന്തപകലുകളെ പുളകം കൊള്ളിച്ചിരുന്നു. വയസ്സ് 58 ആയെങ്കിലും ഇന്നുമതോർക്കുമ്പോൾ അയാൾക്കതൊരു നോവുന്ന കുളിരാണ്. കൂനിന്മേൽ കുരു പോലെ രമണിയും ഭർത്താവും ആ നാട്ടിൽ തന്നെ കൂരകെട്ടി താമസവും തുടങ്ങി.
തൻ്റെ മുഖത്തുപോലും നോക്കാത്ത മധ്യവയസ്കകളായ തരുണീമണികൾ, അമ്പലത്തിൽ കയറിനിരങ്ങി പോകുന്നത് സസ്സൂക്ഷ്മം ആൽത്തറയിൽ ഇരുന്നു നിരീക്ഷിച്ചുകൊണ്ടിരിക്കുമ്പോഴാണ് തൻ്റെ അതെ തൊഴിൽ ചെയ്തിരുന്ന റിട്ടയേർഡ് സഹമുറിയൻ അക്കാര്യം പറഞ്ഞത്.
സ്കൂട്ടർകാരൻ സഹപാഠിക്ക് ഫോണിൽ സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടത്രേ. അവൻ കടയിൽ ഇറച്ചിവെട്ടുന്നത് യൂട്യൂബിൽ ഇട്ടിട്ടാണ് പോലും ഇത്രയും കാശ് കിട്ടിയതും സ്കൂട്ടർ വാങ്ങിച്ചതും.
മൊബൈലിനെക്കുറിച്ചും യൂട്യൂബിനെ കുറിച്ചുമുള്ള സഹമുറിയൻ്റെ അഗാധപാണ്ഡിത്യത്തിന് മുന്നിൽ തലകുനിച്ച പുഷ്പനോട് താൻ വെക്കേഷന് തറവാട്ടിൽ വന്ന പെങ്ങളുടെ പേരകുട്ടിയോട് ശിഷ്യപെട്ടതായും അവൻ്റെ ശിക്ഷണത്തിൽ മൊബൈൽ ഫോൺ ടെക്നോളജിയിൽ ഡിഗ്രി എടുത്തതും അറിയിച്ചു ഒരു സെൽഫിയുമെടുത്ത് അപ്രത്യക്ഷനായി.
അന്ന് വൈകീട്ട് ഷാപ്പിൽ അന്തികള്ളൂ മോന്തിക്കൊണ്ട് അയാള് തീരുമാനിച്ചു.
''ഒരു മൊബൈല് വാങ്ങണം, തൻ്റെ തൊഴിൽ ആ പറഞ്ഞ ട്യൂബിൽ കാണിച്ചു പ്രായമിത്തിരി കൂടിയതായാലും വേണ്ടില്ല തനിക്കും ഒരു പെണ്ണുകെട്ടണം, സ്കൂട്ടർ വാങ്ങണം. നാട്ടുകാര് തെണ്ടികള് അതുകണ്ടു മോഹാലസ്യപെട്ടുവീഴണം.''
പക്ഷെ ഇപ്പൊ അങ്ങനെ ആരും പനമ്പട്ടകൊണ്ടൊന്നും വീട് പണിയാറില്ല, ഓടിട്ട വീടുകൾ തന്നെ ഇല്ലെന്ന് പറയാം. പരിഷ്‌കാരികൾ ആയിപോയില്ലേ. ആ നോക്കാം ".
കൂട്ടുകാരനോട് ഇരന്നു ഒരു പഴയ ഫോൺ ഒപ്പിക്കൽ നടന്നെങ്കിലും തൻ്റെ തലച്ചോറിന് താങ്ങാൻ മാത്രം കഴിവുള്ള ഒന്നല്ല മൊബൈൽ ഫോൺ പഠിത്തം എന്ന് പുഷ്പന് ഉടനെതന്നെ മനസ്സിലായി. എങ്കിലും ഒരു വിധം വീഡിയോ എടുക്കാൻ പഠിച്ചപ്പോൾ പേരകുട്ടിയോടു പറഞ്ഞ് യൂട്യൂബിൽ കേറ്റി കാശുവാങ്ങിത്തരുന്ന കാര്യം സഹമുറിയൻ ഏറ്റു. എന്തു വീഡിയോ ആണ് എടുക്കുന്നത് എന്ന കൂട്ടുകാരൻ്റെ ചോദ്യത്തിനുമുന്നിൽ ഒരു കള്ള ചിരിയോടെ പുഷ്പൻ പറഞ്ഞു " അത് സസ്‌പെൻസ്".
അങ്ങനെ ഒരു പുതിയ ബിസിനസ് പാർട്ണർഷിപ്പ് ഒപ്പിട്ടു തുടങ്ങിയ സന്തോഷത്തിൽ വൈകീട്ട് അമ്പലപ്പറമ്പിൽ കണ്ട അമ്മച്ചിക്കിട്ട് ഒരൊറ്റ കണ്ണിറുക്കൽ വച്ചുകൊടുക്കാൻ മറന്നില്ല പുഷ്പാംഗതൻ.
കയ്യിലെ പൂജാ പുഷ്പത്തിനു നിരക്കാത്ത ചില മന്ത്രങ്ങൾ അമ്മച്ചിയുടെ വായിൽ നിന്ന് വന്നത് അയാൾ കണ്ടില്ലെന്നു നടിച്ചു. ഭാവിയിൽ കോടീശ്വരൻ യൂട്യൂബ്പുഷ്പൻറെ കൂടെ സ്കൂട്ടറിൽ പോകണെങ്കിൽ മതിയെടി പെണ്ണേ...ഇരിക്കട്ടെ ഒരെണ്ണം.
നേരം പാതിരാത്രി കഴിഞ്ഞ് പുലർച്ചെയോടടുത്തു. പുഷ്പൻ ഫുൾ ചാർജ് ചെയ്ത മൊബൈൽ ഫോൺ എടുത്ത് ഇറങ്ങി. പോകുന്ന വഴിയൊക്കെ നല്ല വിശദമായി എടുത്തു.
രമണി വിലാസം വീടിനു മുന്നിൽ എത്തിയപ്പോൾ ഒന്ന് നിന്ന് ചുറ്റും നോക്കി. നല്ല നിലാവ് . മൊബൈൽ ഫ്ലാഷ് വെളിച്ചത്തിൽ രമണി വിലാസം മൊത്തത്തിൽ ഒരു വൈഡ് ഷോട്ട് എടുത്തു പുഷ്പാംഗതൻ.
പട്ടിയില്ലാത്തത് ഭാഗ്യായി. പ്രായത്തിൻ്റെ ചില പ്രശ്നങ്ങൾ കൊണ്ട് വഴക്കം കുറഞ്ഞത് ഒഴിച്ചാൽ മതിൽ ചാടാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല പുഷ്‌പന്.
വീടിനു സമീപത്തെ മരത്തിലൂടെ വലിഞ്ഞു കയറി ശബ്ദമുണ്ടാക്കാതെ ഓടിട്ട മേൽക്കൂരയ്ക്ക് മുകളിൽ കയറി ഒരു ടോപ് വ്യൂ എടുത്തു. പട്ടി മുരളുന്ന പോലെയും ഇടക്കു ചെറുതായി വിസില് പോലെയും ഒരു ശബ്ദം അകത്തു നിന്ന് കേൾക്കുന്നുണ്ട്.
ഇനി പട്ടിയെ അകത്തിട്ടാണോ വളർത്തുന്നത്.
മൊബൈൽ വായിൽ കടിച്ചുപിടിച്ച് വിദഗ്ധമായി ഓടിളക്കി അകത്തേക്ക് പതുക്കെ ചാടി. ബെഡ്റൂം ആണ്. കൂർക്കം വലിച്ചുറങ്ങുന്ന രമണിയും ഭർത്താവും. ഈ ശബ്ദമാണ് നേരത്തെ കേട്ടത്. അവിടെ പട്ടി വേണ്ടാത്തതിൻ്റെ ആവശ്യകത പുഷ്പനു മനസ്സിലായി.
റൂം മുഴുവൻ ഒന്ന് ഒപ്പിയെടുത്തു, അതിൽ സും ചെയ്തു രമണിയുടെയും ഭർത്താവിൻ്റെയും ഒരു ക്ലോസപ്പ് എടുത്തു.
വെളിച്ചം കണ്ണിലടിച്ചപ്പോൾ രമണിയുടെ ഭർത്താവ് ഒന്ന് മുരണ്ടു അപ്പുറം തിരിഞ്ഞ് വീണ്ടും കൂർക്കം വലി തുടർന്നു. അൽപനേരം കാത്ത പുഷ്പൻ പതുക്കെ അലമാര കുത്തിത്തുറന്ന് ഉണ്ടായിരുന്ന കുറച്ചു പണം എടുത്ത് ചുരുട്ടി അണ്ടർവെയറിൻ്റെ പോക്കറ്റിൽ തിരുകി.
ശരി..ഇത്രയും മതി, ഇനി ഇറങ്ങാം.
തിരിച്ചു പോകാൻ നേരം രമണിയെ ഒന്ന് നോക്കി. ഒരു ഭാവി കോടീശ്വരൻ്റെ കൂടെ ജീവിക്കാൻ ഭാഗ്യമില്ലാതെ പോയല്ലോടി നിനക്ക്.
അപ്പോഴാണ് കൂട്ടുകാരൻ പറഞ്ഞത് ഓർത്തത്. വീഡിയോ നാട്ടുകാർ കാണണമെങ്കിൽ അതിൽ അവരെ പിടിച്ചിരുത്തുന്ന എന്തെങ്കിലും വേണം. പുഷ്പാംഗതൻ ഒന്നാലോചിച്ചു.
എങ്കിൽ പിന്നെ വീട്ടുകാരുടെ ഒരു അഭിപ്രായം കൂടി ആയിക്കോട്ടെ.
പുഷ്പാംഗതൻ വീഡിയോ ഓൺ ആക്കി രമണിയുടെ അടുത്ത് ചെന്നു തട്ടി വിളിച്ചു.
"രമണി, എടി രമണി". കണ്ണ് തുറന്നു മൊബൈൽ വെളിച്ചത്തിൽ സ്തഭിച്ചു ഒരു നിമിഷം സ്ഥലകാലം മറന്നു ഇരിക്കുന്ന രമണി.
" എടി..ഇത് ഞാനാ പുഷ്പൻ.. പുഷ്പാംഗതൻ...മോട്ടിക്കാൻ കയറിയതാ..എന്താ നിൻ്റെ അഭിപ്രായം.. ഇതിലൊന്ന് പറ.."
പുഷ്പൻ മൊബൈൽ അവളുടെ അടുത്തേക്ക് ചേർത്തു. രമണിയുടെ വായിൽ നിന്നൊരിക്കലും വരുമെന്നു പ്രതീക്ഷിക്കാത്ത വല്ലാത്ത ശബ്ദത്തിൽ ഒരു നിലവിളി ആണ് പിന്നെ പുഷ്പൻ കേട്ടത്.
ഞെട്ടി അന്തംവിട്ടു തിരിഞ്ഞോടാൻ നോക്കിയ പുഷ്പൻ കണ്ടത് തൻ്റെ തലക്ക് നേരെ മുട്ടനൊരു ടോർച്ച് ആഞ്ഞുവീശുന്ന രമണിയുടെ റിട്ടയേർഡ് പട്ടാളക്കാരൻ ഭർത്താവിനെയാണ്.
പിറ്റേന്ന് ചടങ്ങുകളും അടക്കുമൊക്കെ കഴിഞ്ഞപ്പോഴേക്കും വൈകുനേരമായി. വൈകീട്ട് അമ്പലത്തിൽ പോകുന്ന മധ്യവയസ്കകളായ തരുണീമണികൾ നെടുവീർപ്പിട്ടു.
"നല്ലോരു മനുഷ്യനായിരുന്നു, ആർക്കും ഒരുപദ്രവവും ഇല്ലാതെ ആ ആൽത്തറയിൽ ഇരുന്നിരുന്നതാ, ഇനി പറഞ്ഞിട്ടെന്തു കാര്യം".
അതു കേട്ടിട്ടെന്ന പോലെ വിജനമായ ആൽത്തറയിൽ നിന്നൊരു ഗദ്ഗദം ചെറിയൊരു സ്കൂട്ടർ ശബ്ദത്തിൽ അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നു.