ചെറുകഥ : പുണ്യം
രചന : മാർട്ടിൻഡെന്നീസ് എരമല്ലൂർ
പുന്നെല്ലരിയും ശർക്കരയും എള്ളും നെയ്യും
ചേർത്ത് കുഴച്ചു വാഴയിലയും വച്ച് അച്ഛന്റെ പേരും നാളും
പറഞ്ഞ് മുത്തമകൻ,
ശാന്തിക്കാരൻ പറഞ്ഞു കൊടുത്ത മന്ത്രങ്ങൾ ഉരുവിട്ടു, ശേഷം
നിറകണ്ണോടെ ബലിച്ചോറ് വെച്ച് മൂന്നു വട്ടം കയ്യടിച്ചു.
മക്കളുടെ സ്നേഹവായ്പ്പോടെയുള്ള
ബലിച്ചോറു ണ്ണുവാൻ എങ്ങുനിന്നോ ഒരു ബലിക്കാക്ക പറന്നു വന്നു. വിരലിൽ ദർഭയണിഞ്ഞ് നിൽക്കുന്ന മക്കളെ കാക്ക മാറിമാറി ഉഴിഞ്ഞു നോക്കി. മക്കളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഇറ്റു വീണു. കാക്ക നാലു പാടും നോക്കിക്കൊണ്ട് ബലി ച്ചോറിനടുത്തേക്ക് നീങ്ങി മക്കളെ വീണ്ടും നോക്കി. കാക്ക ബലി ച്ചോറുണ്ണുവാൻ വേണ്ടി എല്ലാവരും പിന്നിലേക്ക് നീങ്ങി നിന്നു. കാക്ക ബലിച്ചോറുക്കൊത്തി തിന്നുന്നതു കണ്ട് ബലിയിട്ടവരുടെയെല്ലാം മനം കുളിർത്തു.
മരണാനന്തര ചടങ്ങുകളൊക്കെ പൂർത്തിയാക്കിയ
ശേഷം മക്കൾ, ഒരുമിച്ചിരുന്ന് അച്ഛന്റെ സ്വത്തുക്കൾ
വീതിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. തർക്കം മൂത്തപ്പോൾ ഇളയമകൻ
സജി പറഞ്ഞു.
ഇതിപ്പോ ഇങ്ങനെ ഒരു അപകടത്തിൽ അച്ഛൻ
മരിച്ചില്ലായിരുന്നെങ്കിൽ നിങ്ങളൊക്കെയിപ്പോ എന്ത് ചെയ്തേനെ... ?
അങ്ങനെ പറഞ്ഞാലെങ്ങിനെയാ ... എല്ലാവർക്കും പണത്തിന് ആവശ്യം
ഉണ്ട്, അതെന്തേ അളിയൻ മനസ്സിലാക്കാത്തത്. പെങ്ങളുടെ കെട്ടിയോൻ ഇടയ്ക്കു കയറി പറഞ്ഞു.
നിങ്ങൾ കണ്ടതല്ലേ... അച്ഛന്റെ ആത്മാവ്
സന്തോഷ ത്തോടെയാണ് ബലിച്ചോറുണ്ടത്. നമ്മൾ തമ്മിൽ ത്തല്ലി അച്ഛന്റെ
മനസ്സ് വേദനിപ്പിക്കേണ്ട.. മൂത്ത മകനെന്ന നിലയിൽ പിണ്ഡകർത്താവാകാനുള്ള
അവകാശം പോലെ തന്നെ ഷെയറിനും എനിക്കാണ് കൂടുതൽ അവകാശം.
അതെങ്ങനെ തരും.. ബസ്സിന് തീപിടിച്ച്
ഇത്രയും ആളുകൾ മരിച്ചിടത്തു നിന്ന് അച്ഛന്റെ ബോഡി
തിരിച്ചറിഞ്ഞത് ഞാനാണ്,
അവിടം മുതൽ അച്ഛനെ ചിതയിൽ വെയ്ക്കും വരെയുള്ള എല്ലാ കാര്യങ്ങളും ഒരു കുറവും കൂടാതെ, നാട്ടുകാരെക്കൊണ്ട്
പറയിപ്പിക്കാതെ,
ഭംഗിയായിത്തന്നെ നടത്തിയതും ഈ ഞാനാണ്.
രണ്ടാമത്തെ മകൻ അത് പറഞ്ഞു തീർന്നതും
ഇളയമകൻ തുടർന്നു.
ചേട്ടൻ ചിലവാക്കിയ കഥ!
എന്നെക്കൊണ്ടൊന്നും പറയിപ്പിക്കേണ്ട....
കഴിഞ്ഞ വർഷം രണ്ടുമാസം അച്ഛൻ ഹോസ്പിറ്റലിൽ കിടന്നപ്പോ
ചേട്ടന്മാരും മരുമക്കളുമൊക്കെ എവിടെയായിരുന്നു??? ഞാനും എന്റെ ഭാര്യയും മാത്രമേ ഉണ്ടായിരുന്നുളളൂ അന്ന് അച്ഛനെ നോക്കാൻ. ജീവിച്ചിരുന്നപ്പോൾ അച്ഛനെ പൊന്നുപോലെ നോക്കിയത് ഞാനാ.. ഇളയമകനെന്ന
നിലയിലും എനിക്കാണ് ഷെയറിന്റെ ഏറിയപങ്കിനും അവകാശം.
എടാ.... എന്നെയിവിടെ നിന്റെ ചേട്ടൻ
കെട്ടികൊണ്ടു വന്നകാലം മുതലേ എനിക്ക് അമ്മായിയച്ഛനല്ലാ യിരുന്നു ആ
മനുഷ്യൻ, എന്റെ അച്ഛനായിരുന്നു. അച്ഛനും എന്നെ സ്വന്തം മോളെ പോലെ
തന്നെയാ നോക്കിയത്. ഇയിരിക്കുന്ന അച്ഛന്റെ സ്വന്തം മോളേക്കാൾ
കരുതലോടെ അച്ഛനെ നോക്കിയത് ഞാനാ, മാത്രമല്ല എനിക്ക് രണ്ടു പെൺമക്കളാണ് വലുതായി വരുന്നത് അറിയാല്ലോ...?
ചേട്ടനും സുഖമില്ലാതിരിക്കുന്നു. ഞങ്ങൾക്കെ ന്തായാലും
അച്ഛന്റെ സ്വത്ത് അധികം വേണം.
അതെന്തു വർത്താനമാ ചേച്ചിയീപറയണത് എന്നേക്കാൾ കൂടുതൽ
നോക്കിയെന്നോ???
അല്ലേയ്..... നിങ്ങടെ.... ദേ.... എന്നെക്കൊണ്ടൊന്നും
പറയിപ്പിക്കണ്ട... പെട്ടെന്നവളുടെ വാക്കുകൾ മുറിഞ്ഞു.
പുറത്തുനിന്ന് കയറി വന്ന ആളെ കണ്ട് എല്ലാവരും ഒരു നിമിഷം സ്തബ്ധരായി.
വീണ്ടും മരണവീട് പോലെ നിശബ്ദത. കയറിവന്നയാളുടെ കണ്ണുകൾ നാലുപാടും
പരതി നടന്നു.
എന്താ നിങ്ങളെല്ലാവരും ചേർന്ന്.... എന്താ ഇവിടെ പന്തലൊക്കെ യിട്ടിരിക്കുന്നത്.. ?
ചോദ്യങ്ങളോടെ അകത്തേയ്ക്ക് കയറി വരുന്ന അച്ഛനെ കണ്ട് എല്ലാവരും പരസ്പരം നോക്കി. അപകട സ്ഥലത്തെത്തി അച്ഛന്റെ ബോഡി തിരിച്ചറിഞ്ഞ മകൻ പതുക്കെ പിന്നിലേക്ക് നീങ്ങി. അച്ഛൻ എല്ലാവരെയും മാറി മാറി നോക്കി. എന്താണ് സംഭവിച്ച
തെന്നറിയാനുള്ള ആകാംക്ഷ അച്ഛന്റെ മുഖത്ത് പ്രകടമായി. അച്ഛൻ ആണെന്ന്
കരുതി ഇവിടെ ദഹിപ്പിച്ചത് ആരെയായിരുന്നു....?
ഇളയമകന്റെ മനസ്സിൽ ചോദ്യങ്ങൾ കൂടി കൂടി വന്നു.
ദൈവമേ...
ഇവിടെ നടത്തിയ ബലിതർപ്പണം....?
മൂത്ത മകന്റ ചിന്തകളും കാടുകയറി.
അപ്പോഴും അതിരുവിട്ടു പോകാതെ, ബലിക്കാക്ക വേലിക്കൊമ്പിലിരുന്ന്
കരയുന്നുണ്ടായിരുന്നു.