കഥ : സ്നേഹം നിറഞ്ഞ പൂച്ചകുട്ടിയ്ക്ക്
രചന : റിഷു
എന്നും എന്റേതുമാത്രമായ എന്റെ സ്നേഹം നിറഞ്ഞ പൂച്ചകുട്ടിയ്ക്ക്.......
എന്റെ മനസ്സിലെ പ്രണയത്തിനു ഒരേയൊരു മുഖമേ ഇതുവരെയും ഉണ്ടായിട്ടുള്ളൂ.. അതെന്റെ പൂച്ചകുട്ടിയുടേതാണ്... എന്തെന്നാൽ എത്ര കരകടത്തിവിട്ടാലും... പിറ്റേന്നും നാലുകാലിൽ ഉമ്മറകോലായിൽ ഇരിക്കുന്ന പൂച്ചക്കുട്ടിയെ പോലെ ആയിരുന്നല്ലോ എനിക്ക് നിന്നോടുള്ള പ്രണയവും...
എത്രത്തോളം മനസ്സിൽ നിന്നു അകറ്റിവിട്ടാലും പിറ്റേന്നും ഒളിഞ്ഞും തെളിഞ്ഞും പാത്തും പതുങ്ങിയും എന്റെ ഹൃദയവും കവർന്നു ഓടിക്കളയാൻ നിൽക്കുന്നുണ്ടാവണം എന്ന് വെറുതെ ആഗ്രഹിക്കാറുണ്ട്...
മനസുതുറന്നു പറയാതിരുന്ന നിന്നോടുള്ള പ്രണയം പലപ്പോഴും ഓർമകളിലൂടെ കുത്തി നോവിക്കുമ്പോഴും അതിനൊരു സുഖമുണ്ടായിരുന്നു...
എന്നാലിന്ന് എന്റെ ഹൃദയം കൊണ്ടെഴുതുന്ന ഈ പ്രണയ സന്ദേശത്തിലൂടെ ഞാൻ എന്റെ പ്രണയം ഒന്നുകൂടി അറിയിക്കുവാൻ ആഗ്രഹിക്കുന്നു.
ഇതിൽ എന്റെ ആത്മാവുണ്ട്... പലപ്പോഴും ഇതൊക്കെ നിന്നോട് പറയണമെന്ന്.. എഴുതണമെന്നു മനസ്സിൽ തീരുമാനിക്കുമ്പോൾ അക്ഷരങ്ങൾ അകലം പാലിച്ചു എന്നോട് പരിഭവിച്ചു നിൽക്കും..!
അല്ലെങ്കിലും പറയാതെ മനസ്സിൽ ഒളിപ്പിച്ച പ്രണയത്തിന് ഋതുഭേദങ്ങളില്ലാതെ വിടരാനും കൊഴിയാനുമല്ലേ കഴിയുകയുള്ളു....
എന്റെ ജീവിതത്തിൽ നീയില്ലെങ്കിലും എന്റെ ഹൃദയത്തിൽ മുഴുവനും നീയായിരുന്നു... ഒരു ചെറുപുഞ്ചിരികൊണ്ടുപോലും എന്നെ അറിയാതിരുന്ന കാലത്തും ഞാൻ നിന്നെ പ്രണയിച്ചിരുന്നു... വർഷങ്ങൾ എത്ര കൊഴിഞ്ഞു വീണുപോയെങ്കിലും എന്റെ നിസ്വാർത്ഥ പ്രണയത്തിനു മാത്രം തിളക്കം നഷ്ടപ്പെട്ടിട്ടില്ല....
നിലയ്ക്കാത്ത പ്രകടനങ്ങൾ അല്ല.. 'നിശബ്ദമായ കരുതലാ'ണ് എനിക്ക് നിന്നോടുള്ള സ്നേഹം...
ഒരാളോടുമാത്രം തോന്നിയ ഒരു വികാരം.. ജന്മാന്തര സുകൃതമായി നിറയുമ്പോൾ ഒരു സുന്ദര സ്വപ്നംപോലെ പരിശുദ്ധമാകുന്നു...
ജൂൺ മാസത്തിലെ മനോഹരമായ ആ മഴക്കാലത്തു ജാലക വാതിലിനടുത്ത്.. മഴത്തുള്ളിയുടെ സംഗീതം കേട്ട്.. ഈ പുതുമഴ നനയാൻ നീ കൂടെ ഉണ്ടായിരുന്നെകിൽ... എന്ന് കരുതി ജാലകവാതിൽ തുറന്നപ്പോൾ.. മനസിലൊരു മഴക്കാലത്തെ സൃക്ഷ്ടിച്ചതും പുറത്തൊരു പെരുമഴ പെയ്തതും ഞാനിന്നുമോർക്കുന്നു..!
അന്നുമുതൽ ഓരോ തുള്ളികളായി ഞാൻ നിന്നിൽ പെയ്തുകൊണ്ടിരുന്നു.... മറന്നു തുടങ്ങിയവയൊക്കെയും കിളിർത്തു തുടങ്ങാൻ ഏറെ കാലമൊന്നും വേണ്ടിവന്നില്ല.!! മഴക്കാറ് മൂടിയ നീലാകാശത്തിൽ തെളിഞ്ഞ മഴവില്ലുപോലെ ആയിരുന്നു നീ എന്നെ തേടി വന്ന ദിനം..
നമുക്കിടയിലെ സൗഹൃദത്തിന്റെ ചാറ്റൽമഴ പെയ്തുതീരുമ്പോൾ 'നീയില്ലായ്മ' എന്ന ശൂന്യതയിൽ നീ പോലുമറിയാതെ ഒളിപ്പിച്ച എന്റെ പ്രണയം...
നിന്റെ മൗനങ്ങളിൽ ആയുധമില്ലാതെ എന്റെ ഹൃദയത്തെ മുറിവേൽപ്പിച്ചിരുന്നു..! പ്രഭാതങ്ങളെ കുളിരണിയിപ്പിക്കുന്ന മഞ്ഞുതുള്ളികളിലും നിലാവ് പെയ്യുന്ന രാത്രികളിലും നിന്റെ മുഖം കാണാൻ തുടങ്ങിയത് എന്റെ മനസ്സിലൊളിപ്പിച്ച കുസൃതികൾ ആയിരുന്നു...
നിന്നോടുള്ള പ്രണയത്തെ ഒരു വാക്കിലൊതുക്കാൻ ഞാൻ
ഒരിയ്ക്കലും ആഗ്രഹിക്കുന്നില്ല....! എന്തെന്നാൽ അതിന്റെ മാസ്മരിക സൗന്ദര്യം നഷ്ടപെടരുതെന്നു ഞാൻ ആഗ്രഹിക്കുന്നു.. എന്നിലൂടെ ഞാൻ നിന്നെക്കണ്ടിരുന്നു.. നിന്നെക്കുറിച്ചുള്ള ഓർമകൾക്ക് സുഗന്ധമുണ്ടായിരുന്നു.. അതെന്റെ മിഴികളിൽ തിളങ്ങുമായിരുന്നു..
ഒരിയ്ക്കൽ നീ വരും... നഷ്ടപെട്ടതിനൊക്കെയും പകരം തന്നു സ്നേഹിക്കാൻ എന്ന് വെറുതെ കിനാവുകണ്ടിരുന്നു..! നിന്റെ കാഴ്ചകൾക്കിപ്പുറത്തു നിൽക്കുന്ന നീ എന്റെ പ്രണയത്തെ എങ്ങനെ അറിയാനാണല്ലേ..??
നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിലെ ഒരു പേജിൽ ഒതുങ്ങിപ്പോയ സ്നേഹം..!! ഇപ്പോൾ പുഴപോലെ ഓരോ കരകളെയും തൊട്ടും തലോടിയും ശാന്തമായി ഒഴുകി എന്നിൽ ചേരുന്നത് ഞാൻ അറിഞ്ഞു തുടങ്ങിയിരിക്കുന്നു........
എന്റെ ജീവിതത്തിൽ നീയില്ലെങ്കിലും എന്റെ ഹൃദയത്തിൽ മുഴുവനും നീ ആയിരുന്നു. സ്വന്തമാക്കാൻ കഴിയുന്നതല്ല വിട്ടുകൊടുക്കലാണ് പ്രണയം എന്ന് എവിടെയോ വായിച്ചതോർക്കുന്നു...
എന്നാലും ഞാൻ നിന്റെ ഹൃദയത്തെ എന്റെ ഹൃദയത്തോട് തളച്ചിടുന്നു...! കടലോളം പ്രണയം.. ആകാശത്തോളം വിശാലം...!
നിന്നോടൊപ്പം ഒരുയാത്ര പോവണം.... ഒരിയ്ക്കലെങ്കിലും നിന്നോട് ചേർന്നിരുന്നു എന്റെ 'പ്രണയ കടലി'ന്റെ ഇരമ്പൽ നിന്നെ കേൾപ്പിക്കണം...
തിരകൾ തലോടുന്ന തീരത്തൂടെ കൈകൾ ചേർത്തുപിടിച്ചു നടക്കണം.
കാണാതെ പോയ എന്റെ പ്രണയത്തെ കുറിച്ചോർത്തു നീ രണ്ടു തുള്ളി കണ്ണുനീർ പൊഴിയ്ക്കണം..! എന്തെന്നാൽ.. പറയാതെ പെയ്തിറങ്ങുന്ന മഴയ്ക്ക് വല്ലാത്തൊരു സൗന്ദര്യം ഉണ്ടായിരിക്കും...
മഴയുടെ ഗന്ധത്തെ നിന്നിലൂടറിയണം... നിറഞ്ഞു തുളുമ്പുന്ന സ്നേഹ മഴയിൽ നനഞ്ഞു കുതിരണം... വിരൽത്തുമ്പുകളിൽ പോലും സ്പർശിക്കാതെ... അതിരുവിട്ട വാക്കുകളൊന്നും പറയാതെ.. വാതോരാതെ വിശേഷങ്ങൾ പറഞ്ഞ് അടുത്തിരിക്കണം..
നാം അറിയാതെ മിഴികൾ പോലും വാചാലമാവണം.... നിറയെ ആളുകളുണ്ടെകിലും നമ്മുടേതായ ലോകത്തെ സൃഷ്ടിക്കണം.... കേൾക്കുന്ന പാട്ടുകളിലും കടലോരത്തെ തിരകൾക്കിടയിലും കാതങ്ങൾ അകലെയുണ്ടായിരുന്ന നമ്മുടെ ഹൃദയത്തെ ഒരുമിച്ചു ചേർക്കാൻ കഴിയണം..
മഴ പെയ്തു തോ൪ന്ന സന്ധ്യകളിൽ.. നറുനിലാവ് വിരുന്നു വരുന്ന രാത്രികളിൽ.. വീണ്ടുമെഴുതാം... അന്നാണല്ലോ ഒരു കുഞ്ഞു നക്ഷത്രമായി ആകാശകാവിൽ നീ വിരുന്നെത്തുന്നത്..!!