പാതി പൂത്ത
പാരിജാതം
രചന : ശ്രീഹരി.എസ്
അഴികൾക്കിടയിലൂടെ ഇരുണ്ട ആകാശവും ഭൂമിയും,
ഇടയ്ക്കിടയ്ക്ക് ടക്ക്... ടക്ക്.... എന്ന ശബ്ദം.
കാണുന്നതെല്ലാം കാർ മൂടിയിരിക്കുന്നു, അതോ
മനസോ...? അറിയില്ല!
ഇലകൾക്കിടയിലൂടെ വീഴുന്ന നിലാവിൻറെ
അരണ്ട വെളിച്ചത്തിൽ കാണുന്ന കല്ലിലും പൂവിലും എല്ലാം ആ മുഖം
മാത്രം. കാലം അവനിൽ നിന്നകറ്റിയ ഹൃദയത്തിന്റെ മുഖം. കാക്കി കുപ്പായമണിഞ്ഞു
വരാന്തയിലൂടെ നടന്നു നീങ്ങുന്ന മനുഷ്യൻ്റെ കണ്ണിൽ അവനോടുള്ള വെറുപ്പ്
ഇരുട്ടിനെ മറികടന്ന് തെളിഞ്ഞു കാണുന്നു. സമൂഹം അവൻറെ കുറ്റങ്ങൾ പറയുന്നതിൻ്റെയും ശപിക്കുന്നതിന്റെയും പ്രതിധ്വനികൾ അന്തരീക്ഷത്തിൽ എങ്ങും ശംഖനാദം പോലെ മുഴങ്ങുന്നു.
ഒന്ന് കണ്ണടക്കാൻ കഴിയുന്നില്ല. അവളുടെ മുഖം...
മനസ്സിൻറെ ഭാരം ശരീരത്തിന് അതീതമാണ്. അർത്ഥശൂന്യമായ
ജീവിതത്തോട് യാത്രപറഞ്ഞ് അവളോടൊപ്പം പോകാനായി കാത്തിരിക്കുന്ന ഭാഗ്യനാഥൻ.
ഓർമ്മയിൽ...
ആഗ്രഹങ്ങൾക്ക് മുകളിലൂടെ പറന്നു നടന്ന ഒരു
പരുന്ത് ആയിരുന്നു അവൻറെ മനസ്സ്, അവൻറെ ലോകത്തിലെ
രാജാവ്. ചിരിയും കളിയും ഉല്ലാസവും ചേർന്ന ഒരു കാലം. അന്നൊരുനാൾ പതിവ് വഴിയിൽ കാണുന്ന മുഖങ്ങൾക്കിടയിൽ അപരിചിതയായ ഒരു പെൺകുട്ടി. സുന്ദരിയാണ്,
നാടൻ തനിമയുള്ളവൾ. അവനറിയാതെ കണ്ണുകൾ അവളിലുടക്കി
നിന്നുപോയി.
പിന്നെന്നും അവളെ കണ്ടെങ്കിലും കുടുതൽ അറിയാൻ കഴിഞ്ഞില്ല.
ദിവസങ്ങൾ അവൾക്കുവേണ്ടി മാത്രമുള്ളതായി.
യാത്രകൾ അവളെ കാണാൻ മാത്രമായി. കോളേജ് അധ്യാപകനായ ഭാഗ്യനാഥൻ സ്‌കൂളിലും
കോളേജിലും പഠിപ്പിക്കുനിടത്തും എല്ലാം ഒരുപാട് കുട്ടികളെ
കാണുന്നുണ്ട്. അവരോട് ആരോടും ഇതുവരെ തോന്നാത്ത ഒരു വികാരം.
ഈസ്റ്റ് കോസ്റ്റ് വിജയൻറെ ഭാഷയിൽ പറഞ്ഞാൽ ''ഇനിയാർക്കുമാരോടും ഇത്രമേൽ തോന്നാത്തത്''..
ദിവസങ്ങൾ കടന്നു പോയതറിഞ്ഞില്ല. അവനിലെ മാറ്റം അവൻ തിരിച്ചറിയുന്നുണ്ടായിരുന്നു. അവളാണതിന് ഹേതുവെന്ന് മനസ്സിൻറെ ആഴങ്ങളിൽ ഒരോളമായ് അലയടിച്ചു.
പതിവുപോലെ കോളേജിലേക്ക് പോയി. അന്നൊരു പുതിയ ക്ലാസിലായിരുന്നു. ഒന്നാംവർഷ മലയാളം ബിരുദ ക്ലാസ്. ക്ലാസിനുള്ളിൽ കയറിച്ചെന്നപ്പോൾ കുട്ടികളുടെ പതിവ് താളം.
''ഗുഡസ്മോർണിംഗ് സർ.....'' ഈ താളത്തിന് ഒരു മാറ്റവും
ഇല്ലല്ലേ..?
അവന്റെ ചോദ്യം കുട്ടികളുടെ മനസ്സിൽ പുതിയ അധ്യാപകരോടുള്ള
ഭയത്തെ ലേശം ഒന്നു കുറച്ചു.
എല്ലാവരും ചെയ്യുന്ന പോലെ നിങ്ങളുടെ
പേരും സ്ഥലവും ചോദിച്ചു ഞാൻ വെറുപ്പിക്കുന്നില്ലാട്ടോ.
വഴിയേ പരിചയപ്പെടാം. ഞാൻ ഭാഗ്യനാഥൻ, നിങ്ങളുടെ മലയാള ഗദ്യ സാഹിത്യ മാഷാണ്, പാഠം പഠിപിച്ച് നീങ്ങിയ ഭാഗ്യനാഥൻ്റെ കണ്ണുകൾ
മറ്റു രണ്ട് കണ്ണുകളിൽ ഉടക്കി നിന്നു. കട്ടിയുള്ള പുരികവും ചെറിയ നീല കണ്ണുകളുമായി ക്ലാസ് ആകാംഷയോടെ കേട്ടിരുന്ന ആ പെൺകുട്ടി. സന്തോഷമോ
അമ്പരപ്പോ എന്തെന്നറിയില്ല അവൻ്റെ മനസ്സിൻ്റെ ആഴങ്ങളിലെ
ഓളങ്ങളായി
അലയടിച്ചിരുന്ന പ്രണയ ദേവതയുടെ ജീവനുള്ള വിഗ്രഹം, അത്
അവളായിരുന്നു.
ക്ലാസ്സ് കഴിഞ്ഞ് ബസിനായി കാത്തുനിന്ന അവൻ്റെയടുത്ത് കുറച്ചു കുട്ടികൾ വന്നു സംസാരിച്ചു നിന്നു.
മാഷിൻ്റെ വീടെവിടെയാണ്.?
ആ ചോദ്യം അവളുടേതായിരുന്നു.
രണ്ട് സ്റ്റോപ്പ് അപ്പുറം ഒരു വാടകവീട്ടിലാണ്, അപ്പോഴേക്കും ബസ് വന്നു. എന്നാൽ ശരി നാളെ കാണാം.
ഒരു അധ്യാപകൻ്റെ കടമ എന്തെന്ന് മനസ്സിനെ പഠിപ്പിക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല. കാലം അവരെ തമ്മിലടുപ്പിച്ചു. നെറ്റിയിലേക്ക് വീണുകിടന്ന ചെറിയ ചുരുണ്ട മുടിയും, കരിമഷിയെഴുതി കറുപ്പിച്ച മനോഹരമായ ആ മിഴികളും, നെറ്റിയിലെ ചെറിയ പൊട്ടും, മേൽ കമ്മലും, നിഷ്കളങ്കതയുടെ പുഞ്ചിരിയും, കൃഷ്‌ണവേണിയോടുള്ള പ്രണയവൃക്ഷത്തിൻ്റെ വേരുകൾ ഹൃദയത്തിൻ്റെ അടിത്തട്ടിലേക്ക് എത്തിച്ചു.
പ്രണയത്തിന്റെ വസന്തകാലം... അവർക്കായി മാത്രം പുത്തു വിടർന്ന രാപ്പകലുകൾ...
ആരുമറിയാതെ ആ പരിശുദ്ധ പ്രണയത്തിൻ്റെ സൗരഭ്യത്തിൽ വർഷങ്ങൾ കടന്നുപോയി. ക്ലാസ് അവസാനിച്ചു. ആഢ്യത്വം നിറഞ്ഞ നായർ പ്രമാണി കുടുംബം അനാഥനായ ഭാഗ്യനാഥൻ്റെ വിവാഹ ആലോചന നിരസിച്ചു. എങ്കിലും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താൻ പലവഴികളിലൂടെ ശ്രമിച്ചു. ഒന്നും നടന്നില്ല. ഭാവി ജീവിതത്തെക്കുറിച്ചുള്ള തീരുമാനങ്ങൾക്കായി ഭാഗ്യനാഥനും കൃഷ്‌ണവേണിയും ഒരു സുഹൃത്തിൻ്റെ വീട്ടിൽ കണ്ടുമുട്ടി. നിയമ സാധ്യതകളെ കുറിച്ച് സംസാരിച്ച ആ സുഹൃത്ത് തൻ്റെ പരിചയക്കാരനായ ഒരു വക്കീലിനെ നേരിട്ട് കണ്ട് സംസാരിച്ചു വരാമെന്നു പറഞ്ഞു പോയി.
അവർ ഒരുപാട് നേരം സംസാരിച്ചിരുന്നു. കണ്ണും കണ്ണും കഥകൾ പറഞ്ഞു മനസ് മനസ്സിൻ്റെ കാതിൽ രഹസ്യങ്ങൾ മന്ത്രിച്ചു. അവനും അവളും അതിരുകളില്ലാതെ ഒന്നായി. രാവും പകലും ഒന്നായി ഇണചേരുന്ന സന്ധ്യാസമയത്ത് സൂര്യചന്ദ്രന്മാരെ സാക്ഷിയാക്കി അവർ മനസിലുറപ്പിച്ചു. ഇനി പിരിയില്ല.
വക്കീലിനെ കണ്ടു മടങ്ങി വന്ന സുഹൃത്ത് പറഞ്ഞു,
''ഇനി താമസിപ്പിക്കാൻ പാടില്ല. ചിലപ്പോൾ നമ്മുടെ കൈയിൽ
നിന്നില്ലയെന്നുവരും",
നാളെ തന്നെ വിവാഹത്തിൻ്റെ ഒരുക്കങ്ങൾ ചെയ്യാം.
ആഡംബരം ഇല്ലാത്ത ഒരു വിവാഹത്തിൻ്റെ
ഒരുക്കങ്ങൾ തുടങ്ങി. വിവാഹ വസ്ത്രങ്ങളും മറ്റുള്ളവയും
അന്നുതന്നെ വാങ്ങി. നേരം ഒരുപാട് വൈകി. വേണിയെ ഞാൻ കൊണ്ടു വിടാം.
വേണ്ട മാഷേ..., ഞാൻ പൊയ്ക്കോളാം. നമ്മൾ
ഒരുമിച്ച് പോകുന്നത് വീടിനടുത്തുള്ളവർ കണ്ടാൽ നാളത്തെ എല്ലാം മുടങ്ങിയാലോ?
ശരിയാണ്. സൂക്ഷിച്ചു പോയിട്ട് വാ.
നല്ല പേടിയുണ്ട് മാഷേ, ഞാൻ ഫോൺ വിളിച്ച് സംസാരിച്ചു
കൊണ്ടു പോകാം. കോൾ കട്ട് ചെയ്യേണ്ട കേട്ടോ. ശരി, നാളെ നമ്മുടെ ദിവസമാണ്. ഒരു
ചെറുപുഞ്ചിരിയോടെ കൃഷ്‌ണവേണി നടന്നു നീങ്ങി. അവർ ഫോണിലൂടെ സംസാരിച്ചുകൊണ്ടിരുന്നു. വിധി അവളുടെ ജീവിതത്തിൽ നീച ഭാവനായി പ്രത്യക്ഷപ്പെട്ടു.
മാഷേ, ഞാനിതാ റെയിൽവേ പാളം മുറിച്ചു
കടക്കുവാണേ..."
ഇടി വെട്ടുന്ന ഒച്ചയോടെ കോൾ കട്ടായി. തിരിച്ചു വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ ഓടി.... സ്റ്റേഷൻ.... പോലീസ്.... ആൾക്കൂട്ടം.... എന്തെന്ന് അന്വേഷിച്ചപ്പോൾ തലചുറ്റി... ഉണർന്നപ്പോൾ ആശുപത്രിയിലാണ്.
കോളേജിന്
അന്ന്
അവധിയാണെന്ന് ആരോ പറഞ്ഞു.
ഹൃദയം പിളർന്ന പോലെ, ഒരു ഭാഗം സ്‌തംഭിച്ചപോലെ. താങ്ങാനാവാത്ത ദുഃഖം. അവളെ അവസാനമായി കാണാൻ ആഗ്രഹിച്ചു. പക്ഷേ ഇഞ്ചക്ഷൻ്റെ മയക്കം പോകാൻ അനുവദിച്ചില്ല. ഒരാഴ്‌ചയോളം ചികിത്സയിലായിരുന്നു. സൈക്യാട്രി വാർഡിൽ.
പത്രത്തിലെ വാർത്ത, കോളേജ് വിദ്യാർത്ഥിനിയുടെ
ആത്മഹത്യ.
നിഷ്‌കളങ്കമായ ആ മുഖം കണ്ടു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ
അവൾ ലൈംഗികമായി
പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് തെളിഞ്ഞു. സാഹചര്യത്തെളിവുകൾ അവനെ ഒരു സാധു പെൺകുട്ടിയെ ആത്മഹത്യയിലേക്ക് എത്തിച്ച നീചനാക്കി. സമൂഹം അവനെ വിദ്യാർഥിനിയെ പീഡിപ്പിച്ച് ആത്മഹത്യയ്ക്ക് കാരണമാക്കിയ അധ്യാപകനാക്കി. എല്ലാവർക്കും വെറുപ്പായി. സമൂഹം കല്ലെറിഞ്ഞു.
പ്രിയസഖിയെ നഷ്ടപ്പെട്ട അവൻ്റെ മനസ്സിനെ താങ്ങിനിർത്തിയ
ശരീരത്തെ അടിച്ചും ഇടിച്ചും മുറിവേൽപിച്ച സമൂഹം. പോലീസ് കസ്റ്റഡിയിലെ
ചോദ്യം ചെയ്യലുകൾക്കെല്ലാം മൗനം മാത്രം ഉത്തരമായി. റിമാൻ്റിലായിരുന്ന
അവനു വേണ്ടി വാദിക്കാൻ വക്കീലോ ആരും ഇല്ലായിരുന്നു. തന്നെ
തൂക്കിലേറ്റണമെന്ന് മാത്രം കോടതിയോട് അപേക്ഷിച്ചു.
ഭാഗ്യനാഥൻ ഒരു നീചനാണോ അതോ ആത്മാർത്ഥ സ്നേഹത്തിൽ
സമൂഹത്തെയും സാമൂഹ്യ നിയമങ്ങളേയും മറന്നുപോയ ഒരു കാമുകനോ?
അറിയില്ല ... ഒന്നുമാത്രം .. അവളില്ലാത്ത ഈ ലോകത്ത് അവനും
ഇനി വേണ്ട എന്ന തീരുമാനത്തിലെത്തി.
നാളെ ഭാഗ്യനാഥൻ്റെ വിധി പറയുന്ന
ദിവസമാണ്. പ്രിയസഖി ഇല്ലാത്ത ലോകത്തിനോട് അവൻ എന്നേ
വിട പറഞ്ഞു കഴിഞ്ഞു. നിയമപീഠം മരണംവരെ തൂക്കിലേറ്റുന്ന നിമിഷത്തെയോർത്ത്
നിശയുടെ ഇരുൾ മനസ്സിനെ ബാധിച്ച അന്ധകാരം ശരീരത്തിലെ ജ്യോതിയിലേയ്ക്ക്
പകർന്ന് അവളിലേക്കെത്താൻ ആഗ്രഹിച്ചുകൊണ്ട്, അറിയാതെയാണെങ്കിലും...
മാപ്പ്... മാപ്പ്...