കഥ : പരീക്ഷണം
രചന : ജോസ്‌ന അബ്ദുല്ല
കോട്ടൂളി സ്റ്റോപ്പിൽ നിന്ന് നസ്‌ല വീട്ടിലേക്ക് ഓട്ടോ കയറി. മിക്സി നന്നാക്കാൻ കൊടുത്തത് വാങ്ങാൻ പോയതാണ് അവൾ.
'എന്തായാലും അയാൾ വേഗം നന്നാക്കി തന്നു. സമാധാനം. ഇന്ന് കിട്ടും എന്ന് വിചാരിച്ചതേയില്ലായിരുന്നു' നസ്‌ല മനസ്സിൽ പറഞ്ഞു.
എന്നും 'തേങ്ങ അരക്കാത്ത മുളക് കറി കൂട്ടണം' എന്ന മക്കളുടെ പരാതി കേട്ട് മടുത്തിരുന്നു. കൂടെ കുറച്ചു പച്ചക്കറിയും വാങ്ങി.
"എങ്ങോട്ടാ താത്ത"
"പൊറ്റമ്മൽ"
വീട്ടിൽ എത്തി.. ഓട്ടോക്കാരന് നാല്പത് രൂപയും കൊടുത്തു.
"പോരെ"
"ഓ.. മതി"
മൂന്നു മണി ആവുന്നു. വീട്ടിൽ കേറി വേഗം വസ്ത്രം മാറി ഭക്ഷണവും കഴിച്ചു. കുട്ടികൾ വരുമ്പോൾ നേരെ അടുക്കളയിൽ കയറി പലഹാരം തിരയും. വേഗം കുറച്ചു പഴം പൊരി ഉണ്ടാക്കി വെച്ചു.
ബാങ്ക് വിളിക്കാൻ തുടങ്ങി. വുളു എടുത്ത് നിസ്കരിച്ചു... പടച്ചോനോട് സങ്കടങ്ങൾ പലതും പറഞ്ഞു തീർന്നപ്പോൾ കണ്ണ് നിറഞ്ഞു... ആദ്യം സങ്കടത്തിന്റെ ചൂടുനീരു വന്നു ... അവസാനം പ്രതീക്ഷയുടെയും...
ശേഷം ഇന്നലെ തയ്ച്ചു മുഴുവനാവാത്ത ഡ്രസ്സ് എടുത്തു. നാളെ കൊടുക്കാമെന്ന് ഏറ്റതാണ് ഈ ഡ്രസ്സ്. നസ്‌ല അത് തയ്ച്ചു തുടങ്ങി. തയ്യലിൽ കിട്ടുന്ന ഈ പണം മാത്രമാണ് വരുമാനം...
"ഠിം...ഠിം... ബെല്ലടിച്ചു
"ഹോ എത്തിയോ.." നസ്‌ലയുടെ മകൻ ആണ് - മുഹമ്മദ്
"മ്മാ.. അസ്സലാമു അലൈകും"
"വാ അലൈകും സലാം"
"വേഗം കുളിച്ചു വന്നൊ"
"എന്താ മ്മാ തിന്നാന്...?"
"പഴം പൊരിയും ചായയും ണ്ട്"
"മ്മാ ഒന്ന് ബർഗർ ണ്ടാക്കി കൂടെയ്നൊ"
മോന്റെ ചോദ്യത്തിന് നസ്‌ല മറുപടി പറയാതെ ഒന്ന് നീട്ടി ശ്വസിച്ചു... പഴം പൊരി തന്നെ തട്ടിക്കൂട്ടി ഉണ്ടാക്കിയതാ പിന്നല്ലേ ഓന്റെ ബർഗർ.
"താത്ത എവിടെ?"
"ഓള് അമ്മായിന്റെ വീട്ടിൽ പോയി"
ചായ എടുത്തു വെച്ച് നസ്‌ല വീണ്ടും തയ്യൽ തുടങ്ങി. ഇനി കൈ വെക്കണം. ഒരു മണിക്കൂർ കിട്ടിയാൽ മുഴുവനാക്കാം.
തുണി വെട്ടി അതിന്റെ അറ്റങ്ങൾ കൂട്ടിതുന്നുന്നത് പോലെ തന്റെ ജീവിതത്തിന്റെ അറ്റങ്ങൾ കൂട്ടികെട്ടാൻ നസ്‌ലക്കു പറ്റുന്നില്ല. ദിവസേനെ തയ്ക്കുന്നതിനിടെ ആ മെഷീനിനോട് എല്ലാ
സങ്കടവും പറയും. ആ മെഷീൻ അവളുടെ കൂട്ടുകാരി ആണ്.
"ഉമ്മ ആരോ വന്നീണ്.."
“ആരാ..? “
“എനിക്കറിയൂല"
നസ്‌ലാ മെല്ലെ എഴുന്നേറ്റു... പുറത്തേക്ക് നോക്കി. മുറ്റത്തെ തെങ്ങിന്റെ അരികിൽ ഒരാൾ പുറം തിരിഞ്ഞു നിൽക്കുന്നു.., മൊബൈൽ നോക്കുകയാണ്...
ഇതിപ്പോ ആരാ....?
നസ്‌ല മനസ്സിൽ ചോദിച്ചു. അവൾ തട്ടം തലേലിട്ടു പൂമുഖത്തെക്കു കടന്നു
"ആരാ..."
മൊബൈൽ ഓഫ് ആക്കി അയാൾ നസ്‌ലയെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
"ഓർമ്മയുണ്ടോ?" നസ്‌ല ഞെട്ടി
"സജിൽ ... നീ"
"പ്രതീക്ഷിച്ചില്ല ല്ലേ.." ഒരു ശാന്തമായ ചോദ്യം.
"നസ്‌ല എന്തെ ഗെറ്റ്ടുഗതർനു വരാതിരുന്നത്?"
"അത്... അത്... മക്കൾക്ക് പരീക്ഷ ഉണ്ടായിരുന്നു"
"അത് കള്ളം... എല്ലാരുടെയും പരീക്ഷ കഴിഞ്ഞിട്ടുള്ള ദിവസം മതി എന്ന് പണ്ടേ തീരുമാനിച്ചതാ.. എല്ലാ മക്കളുടെയും കഴിഞ്ഞു. എന്താ നസ്‌ലയുടെ കുഞ്ഞുങ്ങൾക്ക് മാത്രം തീർന്നില്ലേ..?"
"അത്..."
"വേണ്ട .. ഇനി കള്ളം പറയണ്ട ...എല്ലാരേയും ഒഴിവാക്കാൻ നോക്കുകയാണ് നസ്‌ല.... അത് മനസ്സിലാക്കാൻ എനിക്ക് കഴിയും"
അതിനു നസ്‌ല ഒന്നും പറഞ്ഞില്ല..
"എന്തിനാ ഇങ്ങനെ ഒറ്റപ്പെട്ടു ജീവിക്കുന്നെ?"
"ഹേയ് ഞാൻ മക്കളുടെ കൂടെയല്ലേ... ഒരു കുഴപ്പവുമില്ല"
"അങ്ങനെ അല്ലല്ലോ... റസീന എന്നോട് പറഞ്ഞു എല്ലാം... നീ വീട്ടിൽ പോകാറില്ല എന്ന കാര്യമൊക്കെ..."
"അത്... അവിടെ ഉമ്മയെ കാണാൻ ഞാൻ പോകാറുണ്ട്.. പിന്നെ എന്നെ കാണുമ്പോൾ ഉമ്മാക്ക് സങ്കടം ആണ്.. പോരുമ്പോൾ ഒന്നും തരാതെ പറഞ്ഞയക്കില്ല. പക്ഷെ തരാൻ അതിനു മാത്രം അവിടെയുമില്ല...
എന്റെ ആങ്ങളക്ക് ദിവസം കിട്ടുന്നത് ഓന്റെ കുടുംബം നോക്കാൻ തന്നെ തികയൂല..... അപ്പൊ പോവുന്നത് കുറച്ചു വൈകി അത്രേയുള്ളു...."
ഇത് പറയുമ്പോൾ നസ്‌ല ഉള്ളിൽ പല്ലു കൂട്ടി കടിച്ചു വികാരം തീർക്കുകയായിരുന്നു.
"നീ എപ്പോ വന്നു?" നസ്‌ല ചോദിച്ചു..
"ഞാൻ ഗെറ്റ്ടുഗതർനു എല്ലാരേയും കാണാം എന്ന് വിചരിച്ചു വന്നതാ.. ഒരാഴ്ച്ച ആയി വന്നിട്ട് . ഒരു മാസം ലീവ് ഉണ്ട്."
"മ്.."
"നിന്നോട് റസീന മുൻപ് ഒരു കാര്യം പറഞ്ഞിരുന്നു... ഓർക്കുന്നുണ്ടോ"
നസ്‌ലയുടെ മുഖം പെട്ടെന്ന് വാടി.. കുറച്ചു നേരം ഒന്നും മിണ്ടാതിരുന്നു.. ശേഷം അവൾ ഇങ്ങനെ പറഞ്ഞു
"എനിക്ക് പറ്റും എന്ന് തോന്നുന്നില്ല..."
"ന്നാ ശരി... എപ്പോഴെങ്കിലും ഒന്ന് വാട്സ് ആപ്പ് ഗ്രൂപ്പിൽ ഒക്കെ വാ. ഞാൻ പോട്ടെ"
"ചായ എടുക്കട്ടേ?"
"വേണ്ട.. ഇപ്പൊ കഴിച്ചതേയുള്ളൂ"
"ശരി.."
നസ്‌ല വാതിലടച്ചു അകത്തു പോയി.
"ആരാ ഉമ്മ അത്?" മോൻ ചോദിച്ചപ്പോ നെസ്‌ല ഒന്ന് പരുങ്ങിയോ..
"അത് നാട്ടിലുള്ള ഒരു ആൾ ആണ്"
"ആ"
നസ്‌ല ചുരിദാർ തയ്‌ക്കാൻ ഇരുന്നു. വേഗം തീർത്തിട്ട് ദോശ ഉണ്ടാക്കാനുണ്ട്. ഉച്ചക്കുള്ള സാമ്പാർ ബാക്കി ഉണ്ട്. കൂടെ കുറച്ചു ദോശയും ആയാൽ ഇന്നത്തെ അത്താഴം ഒപ്പിക്കാം. അപ്പോൾ പഴയത് പലതും ഓര്മ വന്നു.
പതിനാറു വര്ഷം മുൻപ് ഒരു മുഹറം മാസത്തിൽ ആണ് നസ്‌ല ഹബീബിന്റെ എല്ലാമായി ജീവിതം തുടങ്ങുന്നത്. വാപ്പയുടെ ഒരു സുഹൃത്ത് അന്വേഷിച്ചു കണ്ടത്തി തന്നതാണ് ആ വിവാഹം. ആദ്യത്തെ അന്വേഷണം തന്നെ നല്ല ഒരാളെ കിട്ടിയപ്പോൾ നസ്‌ലയുടെ കുടുംബത്തിന് സന്തോഷമായി... അത്യാവശ്യം പഠിച്ച പയ്യൻ.. ഗൾഫിൽ ജോലിയും... കൃഷിക്കാരനായ ഉപ്പാക്ക് ഇതൊക്കെ വലുതായിരുന്നു.
നസ്‌ലയും ഹബീബും ജീവിതം തുടങ്ങി. ഹബീബ് ലീവ് കഴിഞ്ഞു ഗൾഫിൽ പോയി... ഒത്തിരി സമ്മാനങ്ങളുമായി ഇടക്ക് അവൻ വരും. ഒരു മാസം ലീവിന് ഇവിടെ നില്ക്കും . അവളെയും കൊണ്ട് പോകാമെന്ന് പറഞ്ഞെങ്കിലും അതിനുള്ള പണം ഒന്നും അവനു കിട്ടാറില്ല... പിന്നെ അവർക്കു രണ്ടു കുഞ്ഞുങ്ങൾ ആയി... മൂത്തത് മോൾ ഷാനി, ഇളയത് ആൺകുട്ടി ഷഹൽ..
നസ്‌ല അവൾ സ്വർഗത്തിൽ ആണോ ജീവിക്കുന്നത് എന്ന് ഇടയ്ക്കു ചിന്തിക്കും... കാരണം ഇക്കയുടെ സ്നേഹം അത്ര വലുതായിരുന്നു. അവൾക്കാണെങ്കിൽ അതിമോഹങ്ങളും ഇല്ല. ഒരു ദിവസം ആ ദുരന്ത വാർത്ത അറിഞ്ഞു.. ഹബീബിന് ബ്ലഡ് കാൻസർ ബാധിച്ചു എന്നത്.
അവിടെ എല്ലാം കളം മറിഞ്ഞു. ഹബീബ് ചികിത്സക്ക് നാട്ടിലെത്തി... നല്ല കാൻസർ ചികിത്സ കേന്ദ്രത്തിൽ ചികിത്സ തേടി... അസുഖം കണ്ടെത്താൻ വൈകി പോയി എന്നാണ് ഡോക്ടർമാർ പറഞ്ഞത്.. പണത്തിനു നസ്‌ലക്ക് മഹ്‌റ് അടക്കമുള്ള പൊന്ന് വിൽക്കേണ്ടി വന്നു....
ഒരു ദിനം എല്ലാം കൈവിട്ടു. നസ്‌ലയെയും മക്കളെയും തനിച്ചാക്കി ഹബീബ് പോയി. ഹോസ്പിറ്റൽ ബില്ല് അടക്കാൻ തന്നെ വീടിന്റെ ആധാരം പണയം വെക്കേണ്ടി വന്നു....അസുഖം അറിഞ്ഞ ശേഷം ഹബീബിന്റെ കുടുംബക്കാരാരും ഒന്ന് നോക്കിയത് പോലുമില്ല.....
******************
ഉപ്പയുടെ ഹോസ്പിറ്റൽ ജീവിതത്തിന്റെ ഇടയിൽ എപ്പോഴോ ആണ് ഷാനിക്ക് ഡോക്ടർ ആവണം എന്ന മോഹമുണ്ടായത്... പഠിക്കാൻ മിടുക്കി ആണ്. പക്ഷെ നമുക്ക് കഴിയുന്നത് മാത്രമേ നമ്മൾ നോക്കാവു എന്ന് അവളോട് നസ്‌ല പറയാറുള്ളതാ... പക്ഷെ കാൻസർ ഡിപ്പാർട്മെന്റിലെ ഏതോ ഒരു ഡോക്ടറുടെ സേവന മനസ്സ് ആണ് അവളുടെ ആ ആഗ്രഹത്തിനു വിത്ത് വിതറിയത്.
ദിവസങ്ങൾ കടന്നു പോയി. ഷാനി മെഡിക്കൽ എൻട്രൻസ് എഴുതി ലിസ്റ്റിൽ കയറി. ആ ദിവസം വെള്ള കോട്ട് സ്വപ്നം പൂവണിയുന്ന സന്തോഷത്തിൽ ഷാനിയുടെ മനസ്സ് ഭൂമിയിലും ആകാശത്തും ഓടി നടന്നു..... പക്ഷെ ആ നേരം നസ്‌ലയുടെ മനസ്സ് സന്തോഷിക്കണോ അതോ ബേജാർ ആവണോ എന്ന് തീരുമാനിക്കാൻ കഴിയാതെ വിറങ്ങലിക്കുക ആയിരുന്നു.
നസ്‌ല പിറ്റേന്ന് തന്റെ കൂട്ടുകാരി റസീനയെ വിളിച്ചു.
"റസീന, എനിക്ക് നിന്നെ ഒന്ന് കാണണം"
"എന്തെ?"
"അത് ഞാൻ പറയാ... എപ്പോ പറ്റുംന്നു പറയ്..."
"വൈന്നേരം വന്നോ... എന്റെ വീട്ടിലേക്ക്. അപ്പോഴേക്കും ഞാൻ ഓഫീസ് കഴിഞ്ഞെത്തും.."
"ആയിക്കോട്ടെ, ഞാൻ വരാം.."
അന്ന് വൈകുന്നേരം തന്നെ നസ്‌ല റസീനയുടെ അടുത്തേക്ക് പോയി. തന്റെ വിഷമങ്ങൾ എല്ലാം അവളോട് പറഞ്ഞു. റസീന വിവരം കേട്ടപ്പോൾ ഈ പ്രാരാബ്ധങ്ങളിൽ എല്ലാം തളരാതെ തന്റെ മകളെ പഠിപ്പിക്കുന്ന നസ്‌ലയെ കെട്ടിപ്പിടിച്ചു അനുമോദിച്ചു. ഷാനിയോട് അനുമോദനം അറിയിക്കാൻ ഏല്പിക്കുകയും ചെയ്തു.
"നീ ഇരിക്ക്.. ഞാൻ ചായ എടുക്കട്ടേ... "
റസീന ചായയും ചിപ്സും കൊണ്ട് വന്നു.
ചായ കുടിക്കുന്നതിനിടെ നസ്‌ല റസീനയോടു കെഞ്ചി പറഞ്ഞു.
"എനിക്ക് കുറച്ചു പണം വേണം.. എവിടെ നിന്ന് കിട്ടും ഒന്ന് നീ പറ... എന്റെ മോളെ എനിക്ക് എന്തായാലും ഡോക്ടർ ആക്കണം. പണം ഇല്ല എന്ന പേരിൽ അവൾ പഠിക്കാൻ കഴിയാതെ ആയി പോവരുത്... എനിക്ക് ഇത് പറയാൻ നീ മാത്രേ ഉള്ളു..."
"എന്റെ കയ്യിൽ ഒന്നും ഇല്ലെല്ലോടാ.. നാട്ടിൽ ആരും തരില്ലേ?..."
"ആ സ്ഥലം പണയം വെച്ചത് തിരിച്ചെടുത്തത് തന്നെ നാട്ടുകാർ സഹായിച്ചിട്ടാണ്... ഇനി ആരോട് ചോദിക്കും.. ഒരു ലോൺ എടുത്താൽ.... അള്ളാഹ്... അതൊക്കെ അടക്കാൻ എന്നെ കൊണ്ട് പറ്റുമോ?"
ലോണും പലിശയും ഓർത്തപ്പോൾ നസ്‌ല ആകെ തളർന്നു. റസീന കുറച്ചു നേരം എന്തോ ചിന്തിച്ചിരുന്നു.
"ഒരു കാര്യം പറയട്ടെ ... നീ ദേഷ്യപ്പെടരുത്"
"ദേഷ്യപ്പെടാനോ.. ഞാനോ"
"അതല്ല.., ഇത് മുൻപ് ഞാൻ നിന്നോട് പറഞ്ഞ കാര്യം ആണ്.. അന്ന് നീ എന്നോട് ദേഷ്യപ്പെട്ടു... നിന്നെ ഞാൻ മനസ്സിലാക്കിയില്ല എന്നൊക്കെ പറഞ്ഞു"
"നീ എന്താ ഉദ്ദേശിക്കുന്നത്.. നീ പറ... ഞാൻ ഒന്നും പറയില്ല"
"സജിൽനെ ഓർമ്മയുണ്ടോ?"
"ഓ.. ഓനോട് ചോദിക്കാനോ"
"അതല്ല... അവൻ നല്ല ഒരു മനുഷ്യൻ ആണ്. നിന്നെ ക്കുറിച്ചു എന്നോട് മുൻപ് അന്വേഷിച്ച കാര്യം പറഞ്ഞ സമയത്താണ് നീ ദേഷ്യപ്പെട്ടത്. വൻ ഇന്നും ഒറ്റക്കാണ്. നിങ്ങള്ക്ക് ഒന്നായി കൂടെ?"
നസ്‌ല ഒന്ന് ഞെട്ടി..
"അള്ളാഹ്.. എന്റെ ഹബീബിക്കന്റെ സ്ഥാനത് എനിക്ക് ഇനി ഒരാളെ കാണാൻ പറ്റുമോ... ഇല്ല".
"ഓ പറ്റും... നീ നിന്നെ കുറിച്ച് മാത്രം ചിന്തിക്കല്ലേ... മക്കളുടെ കാര്യം ഒന്ന് ഓർക്ക്.. ഇപ്പൊ മോൾ.. അവളുടെ പഠനം ആണ് ഇപ്പൊ ബാധ്യത.. ഇനി കല്യാണം വരും. പിന്നെ മോനും ഉണ്ട് വളരുന്നു. നിന്നെ കൊണ്ട് ഒറ്റക്ക് ഇതൊക്കെ പറ്റുമോ? ഇനി അവർ വല്യ ആൾക്കാരായാൽ നീ ഇവിടെ ഒറ്റക്കാവും... അതും ഓർക്ക്"..
നസ്‌ല ആകെ വിയർത്തു...
"ഹോ വല്ലാത്ത ഒരു പരീക്ഷണം ആയി പോയല്ലോ അള്ളാഹ്..."
"ഇത്രയും നാളായിരുന്നു പരീക്ഷണം... ഇനി നിനക്ക് വിജയിക്കാ .. ഒന്ന് ആലോചിക്ക്."
റസീന തുടർന്നു....
"അവൻ അവന്റേതല്ലാത്ത തെറ്റ് കൊണ്ട് ഒറ്റക്കായി പോയതാ... ആ പെണ്ണ് അവനെ വഞ്ചിച്ചു ഇറങ്ങി പോയി.. കല്യാണം കഴിഞ്ഞ ആ ആഴ്ച്ചയിൽ തന്നെ. പിന്നെ അവനു പെണ്ണ് അന്വേഷിക്കുമ്പോൾ അവൻ വീട്ടുകാരോട് ഇങ്ങനെ ചോദിക്കും.. 'അവൾ പോവൂല എന്ന് എന്താ ഉറപ്പ്' എന്ന്. ഓന്റെ പെങ്ങളും ഉമ്മയും പിന്നെ ഒന്നും മിണ്ടാൻ കഴിയാതെ ആവും... പിന്നെ, നിന്നെ അവനു അറിയാം. കുഞ്ഞുങ്ങൾ ഒന്നും അവനു വിഷയം അല്ല.... അവൻ അവരെ പൊന്നു പോലെ നോക്കും"..
"ഞാൻ മക്കളോട് എന്ത് പറയും?" നസ്‌ല പരിഭ്രാന്തിയിൽ ചോദിച്ചു..
"അവർ എന്ത് പറയാൻ.. മോൾക്ക് സന്തോഷം ആവില്ലേ... സജിൽ അവൾക്ക് പഠിക്കാനുള്ളതൊക്കെ ഒരുക്കിക്കോളും..."
കുറെ നേരം മൂകത....
"നോക്കട്ടെ"
നസ്‌ല റസീനയെ വിളിക്കാം എന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങി
വീട്ടിൽ എത്തി. നസ്‌ല മക്കൾക്ക് വേണ്ടതൊക്കെ ഉണ്ടാക്കി കൊടുത്തു. വേഗം ഉറങ്ങാൻ കിടന്നു. ഉറക്കം വരുന്നില്ല. മനസ്സ് ചുട്ടു പൊള്ളുന്നു.. ഒന്നും ഉത്തരം കിട്ടുന്നില്ല. എന്ത് ചെയ്യും...? വേണോ...? അതോ വേറെ എന്തെങ്കിലും...? ഉമ്മയും ആങ്ങളയും എന്ത് പറയും? മക്കൾ വലുതായില്ലേ..? അവർ എന്ത് പറയും??
തല വേദനിക്കുന്നു... ഉറക്കം വരുന്നുമില്ല... കുറച്ചു കഴിഞ്ഞപ്പോൾ കണ്ണീർ ഒഴുകി.. കുറച്ചു സമാധാനം... അങ്ങനെ നസ്‌ല എങ്ങനെയോ ഉറങ്ങി.
പിറ്റേന്ന് സുബ്ഹ് നിസ്കരിച്ചു പടച്ചോനോട് ഒരു തീരുമാനം പറഞ്ഞു തരാൻ തേടി അവൾ കുറെ നേരം സുജൂദിൽ കിടന്നു.. ഭക്ഷണം ഉണ്ടാക്കി. മോനെ സ്കൂളിൽ പറഞ്ഞു വിട്ടു. അന്നേരം റസീന ഓഫീസിൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. മൊബൈൽ എടുത്തു ബാഗിൽ വെക്കാൻ നേരം ഒരു വാട്സ് ആപ്പ് മെസേജ് "സമ്മതം". നസ്‌ലയുടെ നമ്പറിൽ നിന്ന് ആണ്..
റസീനക്ക് സന്തോഷമായി. അവൾ നസ്‌ലയെ വിളിച്ചു സംസാരിച്ചു. ശേഷം സജിലിനെ അറിയിച്ചു. അവനു പൂർണ സമ്മതം. വൈകാതെ തന്നെ സജിൽ നസ്‌ലയുടെ ഉമ്മയെയും ആങ്ങളയെയും കണ്ടു. കുട്ടികളുടെ അമ്മാവൻ വന്നു മക്കളോട് പറഞ്ഞപ്പോൾ അവർക്കും പൂർണ സമ്മതം. ഉമ്മ കഷ്ടപ്പെടുന്നത് അവർ ഓർമ വച്ച നാൾ മുതൽ കാണുന്നതാണ്.
വൈകാതെ നികാഹ് നടത്തി. നസ്‌ലയുടെ വീട്ടിൽ വെച്ച് തന്നെ. നികാഹ് കഴിഞ്ഞു സജിൽ നസ്‌ലക്കു മഹ്ർ അണിയിച്ചു. ശേഷം സജിൽ മക്കളെ അവരുടെ കൂടെ ഒരുമിച്ചു നിർത്തി..
"നിങ്ങൾ എന്റെ മക്കൾ ആണ്". ഷാനിയോട് പറഞ്ഞു "മോളെ ഉപ്പ ഒരു ഡോക്ടർ ആക്കും" ഇത് കേട്ട് നസ്‌ലക്കു കണ്ണ് നിറഞ്ഞു .....