കഥ : ഒറ്റയാൾ
രചന : കാശിനാഥൻ
ആ ഓടിട്ട വീട്ടിൽ അവൻ തനിച്ചായിരുന്നു. പുറത്ത് ശക്തമായ മഴ. ഓടിൻ്റെ ഇടയിൽ കൂടി മഴവെള്ളം തെന്നി വീഴുന്നുണ്ട് ഉള്ളിലേക്ക്. അവൻ പതിയെ എഴുന്നേറ്റ് ഉമ്മറ കോലായിലേക്ക് വന്ന്, പുറത്തെ അരതിണ്ണയിൽ ഇരുന്നു.
പുറത്ത് മഴ ശക്തിയായി അപ്പോഴും പെയ്യുന്നുണ്ട്. കാറ്റ് വീശുന്നതിനനുസരിച്ച് മരങ്ങൾ ആടിയുലയുന്നു. അവൻ്റെ മിഴികൾ മുന്നിലെ നടപാതയിലേക്ക് നീണ്ടു. മരങ്ങളിൽ നിന്ന് വീണ വാടിയ ഇലകളും കാറ്റിൽ ഒടിഞ്ഞ് വീണ മരച്ചില്ലകളും എല്ലാം ഉണ്ട് മഴവെള്ളം ഒലിച്ച് പോകുന്നു.
വീട്ടിൽ അവൻ കുറെയായി തനിച്ചാണിപ്പോൾ ആരും തുണയില്ലാതെ കൂട്ടില്ലാതെ എന്തിനേറെ ജീവനോടെ ഉണ്ടോ എന്നറിയാൻ പോലും തിരക്കി വരാൻ ആരുമില്ലാത്ത വനായി മാറിയവൻ. ഇങ്ങനെ ആയിരുന്നില്ലവൻ, ചുറ്റിനും ആളുകൾ സുഖത്തിലും ദുഃഖത്തിലും അവന് ചുറ്റും ഒരു പാട് പേർ ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അതെല്ലാം ഓർമ്മകൾ മാത്രമാണ് മരണത്തിന് കീഴടങ്ങേണ്ടി വന്നാലും മറക്കാൻ കഴിയാത്ത നല്ലോർമ്മകൾ.
എവിടെയാണ് എല്ലാം നഷ്ടപ്പെട്ടത് അതിനുള്ള ഉത്തരം തേടുകയാണവൻ പക്ഷെ ഈ നിമിഷം വരെ അത് കണ്ടെത്താൻ അവനായില്ല ഇന്ന് തേടുന്നതും ആ ഉത്തരമാണ് വേറൊന്നിനും വേണ്ടിയല്ല ഒരാശ്വാസത്തിന് വേണ്ടി സമാധാനത്തോടെ ഒരു ദിവസമെങ്കിലും ഉറങ്ങാൻ വേണ്ടി.
സുഹൃത്തുകൾ തന്നെ പൊതിഞ്ഞ് പിടിച്ച്, സ്നേഹി ച്ചിരുന്നവർ തനിക്ക് താങ്ങായി നിന്നിരുന്നവർ എന്ന് മുതലാണ് അവർക്ക് ഞാൻ അന്യനായത്.
ആദ്യമൊക്കെ അവരുടെ ഒഴിവാക്കലുകൾ തമാശയിൽ, ആയിരുന്നെങ്കിൽ പിന്നീടാണ് അത് തന്നെ മനപ്പൂർവ്വം, ഒഴിവാക്കുന്നതാണെന്ന് മനസിലായി. എല്ലാം മനസിലാ യപ്പോൾ പതിയെ അവരിൽ നിന്ന് അവൻ സ്വയം മടങ്ങി, അവർക്കൊരിക്കലും ബുദ്ധിമുട്ടാവാതിരിക്കാൻ ആദ്യ നാളുകളിൽ തിരക്കി വരുമായിരുന്നവർ പിന്നെ അവനെ മറവിയിലേക്ക് വിട്ടു.
ആ ഓർമ്മകളിൽ അവൻ്റെ കണ്ണൊന്ന് നിറഞ്ഞു, രണ്ട് തുള്ളി കണ്ണുനീർ താഴേക്ക് പതിച്ചു. അവൻ്റെ മിഴികൾ ചുവരിലെ ചില്ലിട്ട് വെച്ച് രണ്ട് ഫോട്ടോയിലേക്ക് നീണ്ടു. ചിരിയോടെ അവനെ നോക്കി ഇരിക്കുന്ന രണ്ട് പേർ അവൻ്റെ അച്ഛനും അമ്മയും.
ആ ഫോട്ടോയിലേക്ക് നോക്കിയവൻ ഇരുന്നു. പെട്ടന്നൊരു ഇളം കാറ്റ് അവനെ തട്ടി അവൻ്റെ ഉള്ളം ഒന്ന് പിടഞ്ഞു. അവരെ നോക്കിയൊന്ന് ചിരിക്കാൻ ശ്രമിച്ചു പക്ഷേ പരാജയപ്പെട്ടു, കണ്ണുനീർ കവിളിലൂടെ ചാലിട്ടൊഴുക്കി.
കണ്ണൊന്ന് അമർത്തി തുടച്ച ശേഷം കണ്ണ് തുറന്നവൻ ഇരുവശത്തും രണ്ട് പേരുടെ അദൃശ്യ സാമിപ്യം അവന റിയാൻ സാധിച്ചു, തൻ്റെ അച്ഛനും അമ്മയും. മറ്റൊരു ലോകത്ത് നിന്ന് മകൻ്റെ ജീവിതം തകരുന്നത് വേദനയോടെ നോക്കി കാണുന്ന രണ്ട് ഹൃദയങ്ങൾ.
പതിയെ അവൻ എഴുന്നേറ്റു മഴയിലേക്ക് ഇറങ്ങി വെള്ളം ദേഹത്ത് തട്ടിയപ്പോൾ ശരീരമൊന്ന് വെട്ടി വിറച്ചു കൈകൾ ചുറ്റിപിടിച്ചു നിന്നു.
പക്ഷെ... അപ്പോഴും മനസ്സിലെ കനൽ അണയ്ക്കാൻ മാത്രം സാധിച്ചില്ല ഇതിപ്പോഴും കത്തി ജ്വലിക്കുകയാണ്. കോരി ചൊരിയുന്ന മഴയത്ത് അവൻ മുന്നോട്ട് നടന്നു.
എങ്ങോട്ടെന്നറിയാതെ, എന്തിനെന്നറിയാതെ അപ്പോഴും ആ കണ്ണുകൾ നിറഞ്ഞ് കൊണ്ടേയിരുന്നു.