രചന : ഷിന്റപ്പൻ
ഓർമ്മ വെച്ച കാലം മുതൽക്കേ എനിക്ക് അച്ഛനെ പേടിയായിരുന്നു. എന്നോടൊന്ന് സ്നേഹത്തോടെ പെരുമാറി ഞാൻ കണ്ടിട്ടില്ല.
അച്ഛന്റെ തല്ല് പേടിച്ച് പലപ്പോഴും അമ്മയുടെ സാരി തുമ്പിൽ ഒളിക്കുമ്പോഴും എന്നെ കാണുമ്പോഴേ ദൂരെ നിന്ന് വടിയൊടിക്കുന്ന അച്ഛനെ കാണുമ്പോഴെല്ലാം അച്ഛനോടുള്ള പേടി കൂടി കൂടി വന്നു.
എല്ലാ കൂട്ടുകാരികളുടേയും അച്ഛൻമാർ അവരോട് കളിച്ചു ചിരിച്ച് സംസാരിക്കുമ്പോൾ എന്റെ അച്ഛൻ മാത്രമെന്താ ഇങ്ങനെ എന്ന് ഞാൻ പലവട്ടം ആലോചിച്ചൂ.
സ്കൂളിൽ അച്ഛൻ വരേണ്ടി വന്നാൽ കൂട്ടുകാർക്ക് എന്റെ അച്ഛനെ കാണിക്കാൻ എനിക്ക് മടിയായിരുന്നു, പേടിപ്പിക്കുന്ന കഥാപാത്രം.
ജോലി കിട്ടി പോയിട്ട് നാട്ടിലേക്ക് അയച്ച കത്തുകൾ എല്ലാം അമ്മയുടെ പേരിൽ ആയിരുന്നു. പൈസയും അയച്ചു കൊണ്ടിരുന്നത് അമ്മയുടെ പേരിൽ തന്നെ. ഒരിക്കൽ എന്തോ അച്ഛന്റെ പേരിൽ എഴുതാൻ തോന്നി. ഒരിക്കൽ മാത്രം ഒരു കത്ത് അച്ഛന്റെ പേരിൽ എഴുതി. ആകെ ഒരു കത്ത് മാത്രം. എന്താണ് എഴുതാൻ തോന്നിയത് ഇന്നുമറിയില്ല.
വർഷങ്ങൾക്ക് ശേഷം എന്റെ കല്യാണം കഴിഞ്ഞ് ഞാൻ പടിയിറങ്ങുമ്പോഴാണ് അച്ഛന്റെ മുഖത്തെ കണ്ണുനീർ ചാൽ ഞാൻ കാണുന്നത്. കൊച്ചു കുട്ടികളെ പോലെ ഏന്തി ഏന്തി കരയുകയായിരുന്നു അച്ഛൻ. അഛന്റെ കരച്ചിൽ കണ്ടു നിന്നവരെ പോലും കരയിപ്പിച്ചു. ശരിക്കും കൊച്ചു കുട്ടികളെ പോലെ പൊട്ടി പൊട്ടി.
എനിക്ക് ഒന്നും മനസിലായില്ല അച്ഛന് എന്നോട് ഇത്രയ്ക്കും ഇഷ്ട്ടമായിരുന്നോ?
കണ്ണിൽ നിന്ന് കാറ് മറയും വരെ ഞാൻ അച്ഛനെ തിരിഞ്ഞ് നോക്കി കൊണ്ടേയിരുന്നു. ഇങ്ങനെയൊക്കെ ഒരു ആണിന് കരയാൻ പറ്റോ എന്ന് പോലും ഞാൻ അതിശയിച്ചു. അന്ന് ഞാനും ഒരുപാട് കരഞ്ഞു.
വർഷങ്ങൾക്ക് ശേഷം അച്ഛന് തീരെ സുഖമില്ലാതെ
ആശുപത്രിയിൽ കിടക്കുമ്പോൾ ഞാൻ കൂടെയിരുന്നു, എന്റെ കയ്യിൽ മുറുകേ പിടിച്ച കണ്ണുകളിൽ നിന്ന് കണ്ണീർ ധാരയായി ഒഴുകുന്നുണ്ടായിരുന്നു.
എന്തൊക്കെയോ പറയാൻ ശ്രമിക്കുന്ന പോലെ. മോണിറ്ററിലെ ബ്ലഡ് പ്രെഷർ കുറഞ്ഞു വരുന്തോറും അച്ഛന്റെ പിടുത്തം അയഞ്ഞു വന്നൂ.
അച്ഛന്റെ ശരീരവും കൊണ്ട് ആംബുലൻസിൽ തറവാട്ടിലേക്കുള്ള യാത്രയിൽ അച്ഛനോട് ചേർന്ന് ഞാൻ ഇരുന്നു. ഇടയ്ക്കിടെ അച്ഛൻ എഴുന്നേറ്റ് ഇരിക്കുന്നുണ്ടോ എന്നറിയാൻ ഞാൻ എത്തി നോക്കുമായിരുന്നു. മൂടിയിരുന്ന തുണി മാറ്റി മൂക്കിൽ ശ്വാസം എടുക്കുന്നുണ്ടോ എന്ന് ഞാൻ വിരൽ വെച്ച് നോക്കിയിരുന്നു. കാരണം അച്ഛൻ ഉറങ്ങുന്നപോലെയാണ് എനിക്ക് തോന്നിയത്.
അനിയൻ വരാൻ മൂന്ന് ദിവസം എടുക്കും. ബോഡി മോർച്ചറിയിൽ വെക്കണമെന്ന മുതിർന്നവരുടെ തീരുമാന പ്രകാരം അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവർക്ക് അച്ഛനെ കൈമാറുമ്പോൾ ഞാൻ പറഞ്ഞു .. " ഷേവ് ചെയ്യുമ്പോൾ പതുക്കെ ചെയ്യണം, വേദനിക്കരുത് ".
മരിച്ചയാൾക്ക്
എന്ത് വേദന എന്നൊന്നും ഓർക്കാനുള്ള മാനസിക അവസ്ഥയിൽ അല്ലായിരുന്നു ഞാൻ. പത്രത്തിൽ കൊടുക്കാൻ ഫോട്ടോ തപ്പുന്നതിനിടയിൽ അച്ഛന്റെ പഴയ പെട്ടി തുറന്നപ്പോൾ. പണ്ട് ഞാൻ അമ്മയ്ക്കെഴുതിയ കത്തുകൾ അതിൽ കണ്ടു. എല്ലാ കത്തുകളും പാവം സൂക്ഷിച്ചു വെച്ചിരിക്കുന്നു.
അതിൽ ഒരു കത്ത് മാത്രം മഷി കലങ്ങിയ പോലെ ആയിരുന്നു അത് ഞാൻ അച്ഛന് എഴുതിയ ഏക കത്തായിരുന്നു. അതിലെ മഷി പടർന്ന് പോയത് അച്ഛന്റെ കണ്ണു നീര് കൊണ്ടാണെന്നറിയാൻ എനിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല.
ചിലർ അങ്ങനെയാണ്, ഉള്ളിലെ സ്നേഹം പുറത്ത് കാണിക്കാൻ അറിയില്ല. കാണിക്കുമ്പോഴേക്കും ഒരുപാട് വൈകിയിരിക്കും, ഇപ്പോൾ എനിക്കച്ഛനെ കാണണമെന്നും ഒരുപാട് സ്നേഹിക്കണമെന്നുമുണ്ട്.
എല്ലാം ഒരിക്കലും നടക്കാത്ത ആഗ്രഹങ്ങൾ. സംസ്കാര ചടങ്ങുകൾക്കായി എന്റെ പഴയ കൂട്ടുകാരികളും വന്നിരുന്നു. അവരോടൊക്കെ സ്‌കൂളിൽ പറയാൻ പറ്റാതിരുന്നത് ഞാൻ പറഞ്ഞു. ഇത് എന്റെ അച്ഛനാ ... പാവാ ...
അച്ഛന്റെ തണുത്തുറച്ച നെറ്റിയിൽ വീണ ചുളിവുകളിൽ ഞാൻ തലോടി കൊണ്ടേയിരുന്നു. എന്നെ പേടിപ്പിച്ച ആ മീശ ഞാൻ ആദ്യമായി ഒന്ന് തൊട്ട് നോക്കി.
ഇനിയൊരു ജന്മമുണ്ടെങ്കിൽ എനിക്ക് ഈ അച്ഛന്റെ മകളായി തന്നെ ജനിക്കണം, പൊന്നച്ഛനെ ഒരുപാട് സ്നേഹിക്കണം, അച്ഛന്റെ മാറിൽ കിടന്നുറങ്ങണം, ആ കൈ പിടിച്ച് കുറേ നടക്കണം.
ആ ആഗ്രഹങ്ങൾ എല്ലാം നെഞ്ചിലേറിയപ്പോഴേക്കും ദൂരെ പുക ചുരുളുകളായി ഇനിയാർക്കും കാണാത്ത ലോകത്തോട്ട് അച്ഛൻ പോയി കഴിഞ്ഞിരുന്നു.
സത്യത്തിൽ പല അച്ഛന്മാരും ഇങ്ങനെയാണ്, ചിലപ്പോഴൊക്കെ അമ്മമാരേക്കാൾ കൂടുതൽ നമ്മളെ സ്നേഹിക്കുന്നുണ്ടാവും. നമ്മൾ പോലും അറിയാതെ, നമുക്കൊരു അസുഖം വന്നാൽ ഉള്ള് നീറുന്നുണ്ടാകും. നമ്മൾ അന്യ നാട്ടിൽ പോയാൽ അച്ഛന് വലം കൈ നഷ്ട്ടപെട്ടപോലെയാണ് അനുഭവപ്പെടുക. പുറമേ കാണിക്കാതെ, എല്ലാം സഹിച്ച് .... ആണായാലും പെണ്ണായാലും അച്ഛന്റെ ആ മഹത്വം നമ്മൾ പലപ്പോഴും കാണാതെ പോകുന്നു. തിരിച്ചറിയുന്നതോ അവർ നഷ്ട്ടപെട്ട ശേഷവും.