വര്‍ഷങ്ങള്‍ക്കപ്പുറത്തെവിടെയോ ആ നീയും ഞാനുമുണ്ട്..! ആരുമറിയാതെ പരസ്പരം കൈമാറിയ ആയിരമായിരം നോട്ടങ്ങള്‍..പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുടെ കെട്ടഴിച്ച് ഉണര്‍ന്നിരുന്ന പാതിരാവുകള്‍.. മഴത്താളത്തിനൊപ്പം കവിത കേട്ടുറങ്ങിയ രാത്രികള്‍ എന്നുവേണ്ട രഹസ്യ ങ്ങള്‍ക്ക് കാതോര്‍ത്തിരുന്ന ആ ഗോവണിപ്പടികള്‍ വരെ നിന്നോട് ചേര്‍ത്ത് മാത്രമുള്ള ഓര്‍മ്മകളാണ്..

Malayalam Stories

കഥ     : പണ്ടേ പിരിഞ്ഞവർ

രചന   : റിഷു 

വര്‍ഷങ്ങള്‍ക്കപ്പുറത്തെവിടെയോ നീയും ഞാനുമുണ്ട്..! ആരുമറിയാതെ പരസ്പരം കൈമാറിയ ആയിരമായിരം നോട്ടങ്ങള്‍..പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങളുടെ കെട്ടഴിച്ച് ഉണര്‍ന്നിരുന്ന പാതിരാവുകള്‍.. മഴത്താളത്തിനൊപ്പം കവിത കേട്ടുറങ്ങിയ രാത്രികള്‍ എന്നുവേണ്ട രഹസ്യ ങ്ങള്‍ക്ക് കാതോര്‍ത്തിരുന്ന ഗോവണിപ്പടികള്‍ വരെ നിന്നോട് ചേര്‍ത്ത് മാത്രമുള്ള ഓര്‍മ്മകളാണ്..

 

നിനക്ക് മുമ്പ്.. നിന്നോടൊപ്പം..നിനക്ക് ശേഷം.. എന്ന് അടയാളപ്പെടുത്തപ്പെട്ട ജീവിതവും പേറി നിന്നില്‍ നിന്ന് എത്രയോ ദൂരമകലെ ഇപ്പോഴും ഞാനുണ്ട്

 

"മുറുകിയോ നെഞ്ചിടിപ്പിന്റെ താളവുംനിറയെ സംഗീതമുള്ള നിശ്വാസവും.."

 

നിന്നെ ഉറ്റുനോക്കിയിരുന്നനട്ടുച്ചനേരങ്ങളില്‍ നെഞ്ചിടിപ്പുയര്‍ന്ന് ഉച്ചസ്ഥായിയിലെത്താറു ണ്ടായിരുന്നു.. എനിക്കു വേണ്ടി മാത്രം നീ അതേ കവിത വീണ്ടും വീണ്ടും കേള്‍പ്പിച്ചു കൊണ്ടേയിരുന്നു..

 

മറ്റുള്ളവര്‍ക്ക് മുമ്പില്‍ സ്വാഭാവികവും നമുക്ക് മാത്രം അത്രമേല്‍ അസ്വാഭാവികവുമായ താളത്തുടിപ്പായി സംഗീതം എല്ലായ്‌പ്പോഴും നിറഞ്ഞുനിന്നു...

 

നീയില്ലായ്മകളിലേക്ക് വലിച്ചെറിയപ്പെട്ടപ്പോഴാണ് ശൂന്യതയുടെ ആഴം എനിക്ക് മനസ്സിലായത്.. കരയാന്‍ പോലുമാവാതെ മനസ്സ് പിടഞ്ഞു നീറുമ്പോഴും നീ കേള്‍പ്പിച്ച കവിതകളായിരുന്നു എനിക്കാശ്രയം..ബോധ്യപ്പെടുത്തലുകളുടെയും മുഖത്തൊട്ടിച്ച ചിരിയുടെയും പകലുകള്‍ കടന്ന് രാത്രിയെത്തുമ്പോള്‍ ആ കവിതകളിലേക്ക് ഞാൻ എന്നെ ചേര്‍ത്തുവച്ചു.


''പറയുവാനുണ്ട്..പൊന്‍ ചെമ്പകം പൂത്ത കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും.. കറ പിടിച്ചോരെന്‍ ചുണ്ടില്‍ തുളുമ്പുവാൻ കവിത പോലും വരണ്ടു പോയെങ്കിലും.. ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍ പിടയുകയാണൊരേകാന്ത രോദനം..''

 

ഓര്‍മ്മകളാണൊക്കെയും.. ജീവിതമെന്നാല്‍ നീയെന്ന ഓര്‍മ്മ മാത്രമാവുന്നു.. നിന്നോടൊത്ത് ചിരിച്ച.. നീ വഴക്കിട്ടപ്പോള്‍ കരഞ്ഞ.. നിന്നെ കാണാന്‍ കൊതിച്ച നിമിഷങ്ങള്‍ കൊണ്ട് മാത്രം കോര്‍ത്തെടുത്ത ഓര്‍മ്മകള്‍..!

 

നിന്നിലവസാനിക്കുന്നു എന്നില്‍ നിന്നുള്ള വഴികളെല്ലാം... നീ പാതികേട്ട് നിര്‍ത്തിയ പ്രിയപ്പെട്ട പാട്ടിന്റെ ഈണം പോലെ.. നിന്നിലേക്ക് ഞാന്‍ നൂഴ്ന്നിറങ്ങാറുണ്ടായിരുന്ന മഴരാത്രികള്‍ പോലെ.. നീയെനിക്ക് സമ്മാനിച്ച അനേകായിരം ചുംബനങ്ങളില്‍ എന്റെ ഉടല്‍ തളിരിട്ടതുപോലെ.. നഖക്ഷതങ്ങളുടെ മധുരിക്കുന്ന നീറ്റലായി നീ ബാക്കിവച്ചതൊക്കെയും.. മനസ്സ് പൊള്ളിക്കുന്ന സുഖമുള്ള ഓര്‍മ്മകളാവുമ്പോള്‍.. ഓര്‍മ്മകളില്‍ മാത്രം ഞാനെന്നെ ഞാനായി കണ്ടുമുട്ടുമ്പോള്‍.. 

 

നിന്നിലേക്കല്ലാതെ മറ്റെവിടേക്ക് ഞാനെന്നെ തളച്ചിടാന്‍...? കനകമൈലാഞ്ചിനീരില്‍ തുടുത്ത നിനവിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും... നിന്റെ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍ കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും.. മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമത്തരി പുരണ്ട സന്ധ്യകള്‍.''

 

നിന്റെ നോട്ടങ്ങളോളം വിഭ്രമിപ്പിച്ചിട്ടില്ല മറ്റൊന്നും എന്നെ.. ഞാന്‍ നിന്റേത് മാത്രമെന്ന് പറയാതെ പറഞ്ഞ നോട്ടങ്ങള്‍.. പ്രണയവും കരുതലും കാമവും വിഷാദവും ദേഷ്യവും അസൂയയുമെല്ലാം പകര്‍ന്ന നോട്ടങ്ങള്‍... എന്നെ ഞാനാക്കിമാറ്റിയ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍.. 

 

കണ്ണാടിച്ചെപ്പിലൊളിപ്പിച്ച കുങ്കുമത്തരിയായി നീയെന്നിലേക്ക് കടന്നവന്ന നാള്‍ മുതല്‍ നെറുകയിലേക്ക് നീ തരുന്ന ഒരായിരം ചുംബനങ്ങളു൦ ഞാന്‍ സ്വപ്‌നം കണ്ടിരുന്നു..!

 

ഒക്കെയും മറക്കേണ്ടതാണെന്ന തിരിച്ചറിവിലേക്ക് എന്നെയെത്തിക്കാന്‍ പാടുപെടുന്ന ചുറ്റുമുള്ളവര്‍ക്ക് അറിയില്ലല്ലോ നമ്മുടേത് മാത്രമായ ആ നിമിഷങ്ങളെക്കുറിച്ച്..! ഏകാന്തതയില്‍ ഞാനെന്നെ നഷ്ടപ്പെടുത്തുമ്പോഴൊക്കെയും കണ്ടുപിടിച്ച് തിരികെയെത്തിക്കുന്നത് നിന്റെ ഓര്‍മ്മകളാണ്.. സങ്കടപ്പെയ്ത്തുകളില്‍ സാന്ത്വനമാകുന്നത് നീയെന്നോ പകര്‍ന്ന ധൈര്യവും.. 

 

നിന്നിലൂടെ എന്നിലേക്കെത്തിയ കവിതകള്‍ കേട്ട് കണ്ണീര് മറന്നുറങ്ങുമ്പോഴൂം ഫോണിന്റെ  അങ്ങേത്തലയ്ക്കല്‍ നീയുണ്ടെന്ന് വിശ്വസിക്കാറുണ്ട്..! 


സത്യം അതല്ലെങ്കിലും..!! 

 

''സമയമാകുന്നു പോകുവാന്‍.. രാത്രിതൻ നിഴലുകള്‍ നമ്മള്‍ പണ്ടേ.. പിരിഞ്ഞവര്‍.''

 

നമ്മളെ ഞാനീവരികള്‍ക്ക് മുമ്പേ മനസ്സിലെ കൂട്ടിലിട്ട് അടയ്ക്കാറുണ്ട്.. നമ്മള്‍ പണ്ടേ പിരിഞ്ഞ വരാണെന്ന് ഞാനോ നീയോ സമ്മതിക്കാത്തിട ത്തോളം പോകുവാന്‍ സമയമായെന്നത് എങ്ങനെ അംഗീകരിക്കും... അല്ലെങ്കിലും.. യാത്ര ചൊല്ലി അകലേക്ക് പിരിഞ്ഞത് ഞാനോ നീയോ ആഗ്രഹിച്ചിട്ടല്ലല്ലോ.. നീയല്ലാതെ മറ്റൊരു പ്രണയമോ നിന്നോളം മറ്റൊരു സ്‌നേഹമോ മരണം വരെ ഉണ്ടാവില്ലെന്നതു കൊണ്ടുതന്നെ നമ്മളൊരിക്കലും പിരിഞ്ഞവരാകുന്നില്ല..! നിഴലു പോലെ എനിക്കൊപ്പം നീയുണ്ട്.. കവിതയായ്... അക്ഷരങ്ങളായ്... സുഖമുള്ള ഓര്‍മ്മകളായ്...!അതിനാല്‍ മാത്രമല്ലോ എനിക്കെന്നെയോര്‍ത്ത് ആശ്വസിക്കാനാവുന്നതും...!!

 

Malayalam Stories

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.