കഥ : നിലവിളി
രചന : എ കെ ഖാൻ
റെയിൽവേ സ്റ്റേഷനിൽ വണ്ടി വന്നിറങ്ങിയപ്പോൾ തന്നെ സമയം ഉച്ചയ്ക്ക് 2 മണി കഴിഞ്ഞ് പത്തുമിനുട്ടിലേറെയായി. ട്രെയിൻ പോയിട്ടുണ്ടോ ആവോ? വന്നിറങ്ങിയ ടാക്സി പറഞ്ഞു വിട്ടതിനുശേഷം ഞാൻ തിടുക്കത്തിൽ കൗണ്ടർ ലക്ഷ്യമാക്കി നടന്നു.
"പാലക്കാട്ടേക്ക്ളള വണ്ടി പോയാർന്നോ" ഉയർന്ന് വന്ന ദീർഘശ്വാസം അടക്കി പിടിച്ച് കൊണ്ട് ഞാൻ ചോദിച്ചു.
"പോയായർന്നല്ലോ സാർ...അഞ്ച് മിനുട്ട് പോലും ആയില്ല പോയിട്ട്. ഇനി അടുത്തത് അഞ്ച് മണിക്ക് ഉണ്ടാവുള്ളു."
അഞ്ച് മണിക്കുള്ള ഒരു ടിക്കറ്റും എടുത്ത് ഞാൻ പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടന്നു. അധികം തിരക്ക് ഇല്ല. ഞാൻ അവിടെ ഉള്ള ഒരു ബെഞ്ചിൽ ചെന്നിരുന്നു. ഒരു ദീഘനിശ്വാസത്തോടെ ഞാൻ വാച്ചിലേക്ക് നോക്കി. എന്നിട്ട് ഫോൺ എടുത്ത് അനൂപിനെ വിളിച്ചു.
"ഹലോ"
"ആ...പ്രദീപ് ട്രെയിനിൽ കേറിയോ നീ..?"
"എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്..
നീ കാരണം എൻ്റെ ട്രെയിൻ മിസ്സ് ആയി. ഞാൻ പറഞ്ഞതാ പിന്നെ ഒരിക്കൽ ആകാമെന്ന്. അപ്പോ നിനക്ക് ഒരേ നിർബന്ധം വീട്ടിൽ വന്ന് ഊണ് കഴിച്ചിട്ട് പോണമെന്ന്. എന്നിട്ട് ഇപ്പൊ എന്തായി. ഇനി അടുത്തത് 5 മണിക്കെ ഉള്ളൂ. അതുവരെ ഞാൻ ഇവിടെ കുത്തിയിരിക്കണം."
"സോറി മച്ചാനെ, നിന്നെ ഇനി അടുത്ത കാലത്ത് ഒന്നും കയ്യിൽ കിട്ടില്ല. അതാ കയ്യോടെ കൂട്ടികൊണ്ട് വന്നത്. പിന്നെ എനിക് പ്രൊമോഷൻ കിട്ടിയതിൻ്റെ ചിലവ് ചെയ്തില്ല എന്ന് നീ ഇനി പറയൂലല്ലോ. രണ്ട് മണിക്കൂറല്ലെ അത് പെട്ടെന്നങ്ങു പൊക്കൊളും. ചിൽ മാൻ. നീ ഫേസ്ബുക്കിൽ കേറി ഒരു സ്റ്റോറി എഴുതി പോസ്റ്റ് ചെയ്യുമ്പോളേക്കും ട്രെയിൻ വരാൻ സമയം ആകും. കൊറേ നാൾ ആയി നിൻ്റെ ഒരു എഴുത്ത് വായിച്ചിട്ട്. നിനക്ക് ഇപ്പൊ എപ്പഴും തിരക്ക് ആണല്ലോ" ഒരു കള്ളച്ചിരിയോടെ അനൂപ് പറഞ്ഞു നിർത്തി. ഞാൻ ഫോൺ വച്ചു.
ശെരിയാ! ഇപ്പൊ തനിക്ക് എഴുതാൻ ഒന്നും തീരെ സമയം കിട്ടുന്നില്ല. വല്ലപ്പോഴും കേറി ആരെങ്കിലുമൊക്കെ എഴുതിയത് വായിക്കും അത്ര തന്നെ! മുൻപോക്കെ ആഴ്ചയിൽ മൂന്നും നാലുമോക്കെ വച്ച് എഴുതി കൊണ്ട് ഇരുന്നതാ. എന്തായാലും ഇപ്പോ ഇരുന്നു ഒരെണ്ണം എഴുതിയെക്കാം. ഇവിടെ കുത്തിയിരിക്കുന്നതിനേക്കാൾ ഭേദം അതാ.
ഞാൻ ഫോൺ എടുത്ത് ഫേസ്ബുക്ക് തുറന്ന് എഴുതാൻ ഉള്ള വിഷയവും ആലോചിച്ച് പാളത്തിലേക്ക് കണ്ണും നട്ട് ഇരുന്നു. അപ്പോഴാണ് എൻ്റെ കാഴ്ചയെ മറച്ചു കൊണ്ട് ഒരു സ്ത്രീയും കുട്ടിയും എൻ്റെ മുന്നിലൂടെ കടന്നുപോയത്. അവർ നടന്നു ഞാൻ ഇരിക്കുന്ന ബെഞ്ചിൻ്റെ അങ്ങേ അറ്റത്ത് ചെന്നിരുന്നു. ഞാൻ അവരെ സൂക്ഷ്മമായി ഒന്ന് നോക്കി. നരച്ച സാരിയിൽ അവിടവിടെ കറയും ചെളിയും പറ്റിപ്പിടിച്ചിരിപ്പുണ്ട്. കീറലുകൾ ഉള്ളത് അവിടവിെയായി തുന്നിച്ചേർത്തു വച്ചേക്കുന്നു. കയ്യിൽ ഇട്ടേക്കുന്ന ചെമ്പ് വളകൾ ഏറെയും കരി പുരണ്ടിരിക്കുന്നു. കണ്ടിട്ട് കേരളത്തിന് പുറത്ത് നിന്നുള്ളവർ ആണെന്ന് തോന്നുന്നു. ആ സ്ത്രീ ഏറെ നാളായി ഉറങ്ങിയിട്ട് എന്നുള്ളത് കാഴ്ചയിൽ നിന്ന് തന്നെ വ്യക്തം. അവരുടെ കണ്ണുകളിൽ ഒന്നിനെയും വകവയ്ക്കാൻ കഴിയാത്ത ഒരു തീക്ഷ്ണ ഭാവമുണ്ടായിരുന്നു. ഞാൻ നോക്കുന്നു എന്ന് മനസ്സിലായിട്ടായിരിക്കണം അവർ സാരിതുമ്പ് തലയിലൂടെ ഇട്ട് മുഖം മറച്ചുപിടിച്ചു. കൂടെ ഉള്ളത് മകൻ ആയിരിക്കുമെന്ന് ഞാൻ ഊഹിച്ചു. ഒരു ഏഴെട്ട് വയസ്സ് കാണും. മെലിഞ്ഞ ശരീരം. വലത്തേ കണ്ണിൽ എന്തോ ഓപ്പെറേഷൻ ചെയ്ത് കെട്ടി വെച്ചിട്ടുണ്ട്. വിശന്നിട്ടായിരിക്കണം അവനിടയ്ക്കിടയ്ക്ക് ആ സ്ത്രീയെ തൊണ്ടുന്നുണ്ട്.
ഞാൻ ബാഗ് തുറന്നു ഒരു ബിസ്ക്കറ്റ് ബോക്സ് എടുത്തു അവനു നേരെ നീട്ടി. പെട്ടന്ന് ഉണ്ടായ സന്തോഷം കൊണ്ടാവണം ആ ബാലൻ ഞാൻ കൊടുത്ത ബിസ്ക്കറ്റ് വാങ്ങി എന്നെ നോക്കി ഒന്ന് ചിരിച്ചത്. അവൻ ധ്യതിയിൽ ആ കവർ പൊട്ടിച്ചു കഴിക്കുന്നത് കണ്ടപ്പോൾ ആ സ്ത്രീയുടെ മുഖം ഒന്ന് വിടർന്നു. അവൻ അവർക്ക് നേരേ ഒരു ബിസ്ക്കറ്റ് നീട്ടി. അവർ വേണ്ട എന്ന് പറഞ്ഞ് തലയാട്ടി. അവരുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു വേള അവർ എന്നെ നോക്കി കൈ കൂപ്പി നന്ദി പറഞ്ഞു.
"എവിടെന്നാ?". ഞാൻ പുഞ്ചിരിച്ചു കൊണ്ട് അവരോട് ചോദിച്ചു. അവർ എന്നെ ഒന്ന് നോക്കിയിട്ട് വീണുപോയ സാരിത്തുമ്പ് തലയിലൂടെ എടുത്തിട്ടു. ഇനി ഭാഷ അറിയാത്തത് കൊണ്ട് ആയിരിക്കുമോ?
"എവിടേ നിന്ന് വരുവാണ്..."? ഞാൻ ഒന്നും കൂടി അവരോട് ചോദിച്ചു. അവർ ഒന്നും മിണ്ടിയില്ല. ഭാഷ അറിയാത്തത് കൊണ്ടാവും എന്ന് കരുതി ഞാൻ പിന്നിട് ഒന്നും ചോദിക്കാൻ നിന്നില്ല. ഫോൺ ഓപ്പൺ ആകി എഴുതാൻ വേണ്ടിയുള്ള ഒരു വിഷയത്തിൻ്റെ ആലോചനയിൽ ഞാൻ മുഴുകി.
"അങ്ങിട് ദൂര്ന്നാ...ദൂരെ മ്യഗ്ങ്ങള്ടെ നാട്ടീന്ന്." ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവർ മറുപടി പറഞ്ഞു. എന്തോ എഴുതാനായി വന്ന ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി. ഒരു നിമിഷം സ്തബ്ധനായി നിന്ന ഞാൻ അവരോട് ചോദിച്ചു.
"മൃഗങ്ങളുടെ നാടോ...?" ആ ബാലൻ ഒറ്റക്കണ്ണ് കൊണ്ട് എന്നെ ഒന്ന് നോക്കി.
ഇനി വല്ല കാട്ടുജാതിയിൽ പെട്ടവർ ആണോ. ഞാൻ ചിന്താമഗ്നനായി.ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
"ആട്ടെ മോൻ്റെ കണ്ണിനെന്ത് പറ്റിയതാ?" ഞാൻ ചോദിച്ചു. ആർത്തിയോടെ ബിസ്ക്കറ്റ് കഴിച്ചു കൊണ്ടിരുന്ന അവൻ പെട്ടന്ന് എന്തോ ഓർത്ത് ഒന്ന് നടുങ്ങിയത് പോലെ എനിക്ക് തോന്നി. ഞാൻ ആ സ്ത്രീയെ നോക്കി. എന്തൊക്കെയോ നിഗൂഢതകൾ അവരിൽ നിന്ന് വ്യക്തമായിരുന്നു. പുറത്ത് ചാടാൻ നിന്ന കണ്ണ് നീരിനെ പിടിച്ച് വച്ച് കൊണ്ട് അവർ പറഞ്ഞു.
"ഞങ്ങ പാവ്ങ്ങളാ സ്യാറെ" നിശബ്ദമായി കേട്ടിരിക്കുന്ന ഒരു കേൾവിക്കാരനെ കാത്തിരിക്കുന്നത് പോലെ അവർ ഏങ്ങാൻ തുടങ്ങി. ഒന്നും മനസിലാകാതെയിരുന്ന ഞാൻ കൊറച്ചും കൂടെ അവർക്ക് അരികിലായിട്ട് ഇരുന്നു. അടക്കിപ്പിടിച്ചിരുന്ന നീർച്ചാലുകൾ അണപ്പൊട്ടിതെറിച്ചത് പോലെ അവർ തുടർന്നു.
"ഞാന് ഇവ്ടെ അടുത്തൊരീടത്താ വേലയ്ക്ക് നിന്ന്ർന്നെ സ്യാറേ. അവ്ട്ത്തെയ് വിറക്പുരയിലാ ഞ്യാനും ക്ടാവും അന്തിയുറങ്ങീർന്നേ. കൊച്ചമ്മയ്‌ടേം ക്ടാങ്ങളുടെം പഴകിയ ഉടുപ്പൊക്ക്യയാ ഞങ്ങൾക്കിള്ളത്. തിന്ന്യാനും കുടിക്യാനുമൊന്നും തീരെ തരാറില്ല". അവർ സാരി തുമ്പ് കൊണ്ട് കണ്ണ് തുടച്ചു.
"ബക്ഷണം ഒണ്ടാകൊമ്പോ ആരും കാണാതെ ന്റെ ക്ടാവിനു വേണ്ടി മാത്രം ഞാന് കൊറച്ചെടുത്ത് സാരിത്തുമ്പത്ത് ഒളിപ്പിച്ച്വക്കും. ഇവൻ വിശന്ന് കരയ്ന്നത് കാണാൻ എനിക്ക്യാവില്ല സ്യാറേ. ഇവ്നൊള്ളോണ്ടാ ഞ്യാൻ ജീവിക്കൃണേ. അല്ലായ്ർന്നേല്........" വാക്കുകളെ കൂട്ടിയോജിപ്പിക്കാൻ കഴിയാതെ അവർ വിങ്ങിപ്പൊട്ടി.
കണ്ണ് തുടച്ചുകൊണ്ട് അവർ തുടർന്നു.
" എനിയ്ക്ക് ശമ്പളമൊന്നും അധികം തന്നിർന്നില്ല സ്യാറേ... കൊച്ചമ്മയ്ടെ കെട്ടിയോനൊക്കെ അങ്ങ് പ്റേഷ്യയിൽ എങ്ങ്യാണ്ടാണ്. ആ വല്യേ വീട്ട്ൽ കൊച്ചമ്മയും ക്ടാങ്ങ്ളും പിന്നെ ഞ്യാന് ഇവെനും മാത്രമായ്ർന്നത്. ഒത്തിരി നാളായി ചേർത്ത് വച്ച്ർന്ന കൊറച്ച് കാശെട്ത്താണ് ഇവനൊരു ഉടുപ്പു മേടിച്ച് കൊടുത്ത്യ. ആ ഇത്ത്‌രി കാശൊക്ക്യേ ഞങ്ങക്ക് എത്ര വല്യതാണെന്നറിയ്യാ സ്യാറേ. ന്റെ ക്ടാവ്ന്റെ സന്തോഷം കാണാനാ ഞാൻ മേടിച്ചേ. എന്നാല് അവ്ടത്തെ പൈസാ മോഷ്ടിചാണോ വില കൂടിയ ഉടുപ്പൊക്കെ മേടിക്കുന്നെന്ന് പറഞ്ഞു കൊച്ചമ്മ അവനെ കൊറെ തല്ലി. കൂടാതെ പട്ടീനെ അഴീപ്പിച്ച് കടിപ്പിച്ച്യതാ യീ കാണ്ന്നേ.... ഞൻ ഒരു കള്ളി അല്ല സാറേ"
ഇത്രേം പറഞ്ഞ് അവർ ഏങ്ങി എങ്ങി കരഞ്ഞു. അമ്മ എന്തിനാ കരയുന്നതെന്ന് അറിയാതെ ആ ബാലൻ മിഴിച്ചു നിന്നു. അവസാനത്തെ ബിസ്കറ്റും കാലിയാക്കി ആ കവർ അവൻ കളയുമ്പോൾ അവൻ്റെ മുഖം വാടിയിരുന്നു. തൻ്റെ പുത്തൻ ഉടുപ്പ് ഇട്ടു കൊതി തീരാത്ത ആ കുഞ്ഞിൻ്റെ മനസ്സ് എനിക് കാണാമായിരുന്നു. കറിക്ക് ഉപ്പ് കുറവാണെന്നും വസ്ത്രങ്ങൾക്ക് ഭംഗി കുറവാണെന്നും പറഞ്ഞ് വാശിപിടിക്കുന്നവരോട് എനിക്ക് പുച്ഛം തോന്നി. ഞാൻ അവരേം കൂട്ടി അവിടെ കണ്ട ഒരു തട്ടുകടയിൽ നിന്നു ഭക്ഷണം വാങ്ങിച്ചു കൊടുത്തു. സമയം 5 മണി ആയിരുന്നു അപ്പോഴേക്കും. എനിക് പോകാനുള്ള ട്രെയിൻ വന്നത് ഞാൻ അറിഞ്ഞു. ആ സ്ത്രീ മുഖം താഴ്ത്തി ഇരിക്കുവാണ്. ആ ബാലൻ സന്തോഷം കൊണ്ട് എന്നെ നോക്കി പുഞ്ചിരിക്കുന്നു. ഞാൻ പഴ്‌സിൽ നിന്ന് ഒരു മൂവായിരം രൂപ എടുത്ത് അവർക്ക് കൊടുത്തു. അവർ കണ്ണുകൾ തുടച്ചു കൊണ്ട് അത് വാങ്ങി ബ്ലൗസിനുള്ളിൽ തിരുകി കയറ്റി വച്ചു.
ഞാൻ ബാഗ് എടുത്തു തോളിൽ ഇട്ടു.
"നിങ്ങളിനി എങ്ങോട്ടാ" ഞാൻ യാത്ര പറയുവാൻ നേരം അവരോട് ചോദിച്ചു.
"ഇവിടെന്ന് പോകുവാ.... തിരിച്ച് മൃഗ്ങ്ങള്ടെ നാട്ട്ലേക്ക്" ഇതും പറഞ്ഞു ആ ബാലൻ്റെ കയ്യും പിടിച്ച് അവർ തിരിഞ്ഞു നടന്നു. ആ ബാലൻ അപ്പോഴും എന്നെ നോക്കി പുഞ്ചരിക്കുവായിരുന്നു. ഞാൻ ഒരു നിമിഷം അവർ പോകുന്നതും നോക്കി നിന്നു. ട്രെയിൻ പുറപ്പെടാനുള്ള ശബ്ദം കേട്ട് ഞാൻ ട്രെയിനിൽ കയറി സീറ്റിൽ ഇരുന്നു. അപ്പോഴും എൻ്റെ മനസൂ നിറയെ ആ സ്ത്രീയുടെയും കുട്ടിയുടെയും മുഖം ആയിരുന്നു. ഞാൻ പുറത്തേക്ക് നോക്കി അവർ പറഞ്ഞ ഓരോന്നും ഓർത്തെടുക്കാൻ ശ്രമിച്ചു. മൃഗങ്ങളുടെ നാട്ടിൽ നിന്ന് വന്ന അവരെ വീണ്ടും അങ്ങോട്ടെക്ക് പറഞ്ഞ് വിട്ടത് ശേരിയായോ? ഞാൻ ചിന്തമാഗ്നനായി.
ഞാൻ അറിയാതെ എൻ്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണ് നീർ ഇറ്റ് വീണു. ട്രെയിനിൻ്റെ വേഗതയിൽ കാറ്റ് ആ തുള്ളിയെയും വഹിച്ചുകൊണ്ട് പിറകോട്ട് പോയി. ശ്രവണത്തിനപ്പുറമുള്ള ഏതോ ഒരു സ്ഥായിയിൽ എന്റെ മനസ്സ് നിലവിളിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
•••••••••••••••••••••••••••••••••••••••••••••••••••
ഞാന് എഴുതി നിറുത്തി. കഥയ്ക്ക് ഒരു ടൈറ്റിൽ വേണമല്ലോ. ഞാൻ ചിന്തിച്ചു. തൻ്റെ ഭാവനയിൽ കഥാപാത്രങ്ങളെ മനസ്സിൽ കണ്ടുകൊണ്ട് ഞാനൊരു പേരിട്ടു. "നിലവിളി". ഞാൻ പേരും കൊടുത്ത് എഫ്ബിയിൽ പോസ്റ്റ് ചെയ്തു. സമയം 5 മണി ആകാറായി. ദൂരെ നിന്നും ട്രെയിൻ വരുന്നതിൻ്റെ ശബ്ദം എനിക് കേൾക്കാമായിരുന്നു. ഞാൻ ബാഗും തോളിലേറ്റി അവിടെ നിന്നും എഴുന്നേറ്റു.
"ഏയ് അശോക് " പിന്നിൽ നിന്നും ഉള്ള ഒരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കി. മുസ്തഫ ആയിരുന്നു അത്. പുള്ളിക്കാരൻ എൻ്റെ നാട്ടുകാരൻ ആണ്.
" പാലക്കാട്ടേക്കുള്ള വണ്ടിക്ക് തന്നെ ആണോ" അവൻ ചോദിച്ചു. ഞാൻ അതെ എന്ന് പറഞ്ഞു തലയാട്ടി.
"വല്ലപ്പോഴുമോക്കെ ജ്ജ് നാട്ടിലേക്ക് വരാതെന്താ? "
"ജോലി തിരക്കൊക്കെ അല്ലേ മുസ്തഫ സമയം തീരെ കിട്ടാനില്ല" ഞാൻ പറഞ്ഞ് നിർത്തി. മുസ്തഫ പെട്ടന്ന് ഫോണിൽ എന്തോ നോട്ടിഫിക്കേഷൻ വന്ന് ഓപ്പൺ ആകി നോക്കി. എന്നിട്ട് എന്നെ നോക്കി ചോദിച്ചു.
" ജ്ജ് അതിനിടയിൽ കഥയും എഴുതി പോസ്റ്റ് ചെയ്താ? എന്തായാലും നന്നായി കൊറേ നാളായി അൻ്റെ കഥയൊക്കെ ഒന്നു വായിച്ചിട്ട്. അൻ്റെ " ഗിറ്റാർ ലോകത്തെ പാപ്പരാസികൾ " ഉണ്ടാക്കിയ ഓളം ഒന്നും മറന്നിട്ടില്ലല്ലോ അല്ലെ."
ഞാൻ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.
വിശേഷങ്ങൾ പരസ്പരം പങ്ക് വക്കുന്നതിനിടയിൽ ട്രെയിൻ വന്നു. ഞങ്ങൾ രണ്ടാളും അതിൽ കയറി ആളൊഴിഞ്ഞ ഒരു കമ്പാർട്ട്മെൻ്റിൽ ഇരുന്നു. ട്രെയിൻ എടുക്കാൻ നേരം ഞങ്ങൾക്ക് മുന്നിൽ ആയി ഒരു അമ്മയും മകനും വന്നിരുന്നു. ഒരു നാടോടി സ്ത്രീയും മകനും ആണ്. ആ കുട്ടി അവരുടെ മടിയിൽ തല ചാഴ്ച് വച്ച് ഉറങ്ങുന്നു. അവരുടെ കണ്ണുകളിൽ ഒരു തീക്ഷ്ണ ഭാവം തളം കെട്ടി കിടക്കുന്നതായി ഞാൻ കണ്ടൂ. അവർ ജനാലയിലൂടെ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്. പെട്ടന്ന് തൻ്റെ മനസ്സിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. ഇനി തൻ്റെ കഥയിലെ കഥാപാത്രങ്ങളെ പോലെ ഇവരും മൃഗങ്ങളുടെ നാട്ടിൽ നിന്ന് വരുന്നതായിരിക്കുമോ? ഞാൻ ആ കുഞ്ഞിനെ അടിമുടി നോക്കി. ഇല്ല ഒരു പൊറലു പോലും ഇല്ല.
"റെയിൽവേ സ്റ്റേഷനിൽ വണ്ടി വന്നിറങ്ങിയപ്പോൾ......" മുസ്തഫ തൻ്റെ കഥ വായിക്കാൻ തുടങ്ങിയിരിക്കുന്നു. ഞാൻ നിശബ്ദമായി ഒന്ന് കരയാൻ ആഗ്രഹിച്ചു. അറിയാതെ എപ്പഴോ തൻ്റെ കണ്ണിൽ നിന്നും പൊടിഞ്ഞ ഒരു കണ്ണുനീർ തുള്ളിയെ വഹിച്ചു കൊണ്ട് കാറ്റ് എപ്പഴേ പുറകോട്ട് പോയിക്കഴിഞ്ഞിരുന്നു. യാഥാർത്ഥ ജീവിതത്തിൻ്റെ നിശബ്ദ കേൾവിക്കാരൻ ആകാൻ ഞാൻ വീണ്ടും കാതോർത്തു നിന്നു.