ആരും തിരിഞ്ഞു നോക്കാനില്ലാത്ത കാലമായിരുന്നു യത്തീമായ അബുവിൻ്റെ ബാല്യകാലം. അബുവിന് അനിയത്തിമാർ മൂന്ന്. മൂത്തമകൻ അബുവായത് കൊണ്ട് കുടുംബ ബാധ്യത മുഴുവൻ അബുവിൻ്റെ കടമയായി

Manyan - Malayalam Story

 

കഥ : മാന്യൻ


രചന : ഹമീദ് ചെറൂത്ത്


ആരും തിരിഞ്ഞു നോക്കാനില്ലാത്ത കാലമായിരുന്നു യത്തീമായ അബുവിൻ്റെ ബാല്യകാലം. അബുവിന് അനിയത്തിമാർ മൂന്ന്. മൂത്തമകൻ അബുവായത് കൊണ്ട് കുടുംബ ബാധ്യത മുഴുവൻ അബുവിൻ്റെ കടമയായി.

കാലത്ത് നാലുമണിക്ക് എഴുന്നേറ്റ് കടപ്പുറത്ത് മീൻ വാങ്ങാൻ പോയ ഉപ്പാൻ്റെ മയ്യിത്താണ്, ചടങ്ങുകളെല്ലാം കഴിഞ്ഞ് ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയത്. മൂന്ന് അനിയത്തിമാരുടെ ഉപ്പാ എന്ന ആർപ്പുവിളി അബുവിൻ്റെയും, ഉമ്മാൻ്റെയും, കണ്ടു നിന്ന നാട്ടുകാരുടെയും നെഞ്ചു പിളർക്കുന്നതായിരുന്നു.

അന്നുവരെ കള്ളിയും പുള്ളിയും കളറും ഉള്ള വസ്ത്രം ധരിച്ചിരുന്ന അബുവിന്റെ ഉമ്മ പാലിന്റെ നിറമുള്ള വെള്ള വസ്ത്രത്തിലേക്ക് മാറിയതോടെ മുഖത്തേക്ക് നോക്കാൻ വല്ലാത്ത വിഷമമായിരുന്നു അബുവിന്. അബുവിന് പത്താം ക്ലാസിൽ എല്ലാ വിഷയത്തിലും പ്ലസ് ഒക്കെ ഉണ്ടായിരുന്നെങ്കിലും അതുകൊണ്ട് കുടുംബത്തിൻറെ പട്ടിണി മാറില്ലല്ലോ....

സാധാരണ കൂലിപ്പണിക്ക് പോയാൽ കിട്ടുന്ന കാശുകൊണ്ട് കുടുംബം പുലർത്താനും, കുറികൾ നികത്താനും കഴിയാത്തതുകൊണ്ട് അബു മണൽ വാരുക എന്ന എളുപ്പം പൈസ ഉണ്ടാക്കുന്ന അല്പം റിസ്ക്കുള്ള പണിക്ക് പോയി തുടങ്ങി. മൂന്ന് പെങ്ങന്മാർക്കും മദ്രസയിലേക്കും സ്കൂളിലേക്കും വേണ്ട പാഠപുസ്തകങ്ങളും അത്ര മുന്തിയതൊന്നുമല്ലെങ്കിലും നാലാളെ കൊണ്ട് അയ്യേ എന്ന് പറയിപ്പിക്കാതിരിക്കാനുള്ള വസ്ത്രങ്ങളും വേണം. അടുത്ത വീട്ടിലൊക്കെ എന്തെങ്കിലും ജോലിക്ക് പോകാം എന്ന് അബുവിനോട് ഉമ്മ പലതവണ പറഞ്ഞു നോക്കിയെങ്കിലും അബു നാളിതുവരെ അതിന് സമ്മതിച്ചിട്ടില്ല.

വൈകുന്നേരം വീട്ടിൽ വന്നാൽ ഉമ്മയുടെ മടിയിൽ തലചായ്ച്ച് അന്ന് നടന്ന മുഴുവൻ കാര്യങ്ങളും ഉമ്മ എന്ന അത്താണിയിൽ ഇറക്കി വെച്ചതിനു ശേഷം മാത്രമേ അബു ഭക്ഷണം കഴിക്കാൻ പോലും ഇരിക്കൂ.
ഉമ്മയുടെ വിരലുകൾ അബുവിന്റെ തലമുടി ഇഴകളിലൂടെ തലോടുമ്പോൾ വല്ലാത്തൊരു സുഖം തന്നെയാണ് അബുവിൻ്റെ മനസ്സിന് കിട്ടുന്നത്.

ഒരിക്കൽ അമ്മാവൻ ഹംസ വിരുന്നു വന്നപ്പോഴാണ് പെൺകുട്ടികൾ വലുതായ വിവരം അബു തന്നെ അറിയുന്നത്.

"
അനക്ക് കായ്ണ്ടാക്കണ്ട കാലായല്ലോ അബു.. " എന്നായിരുന്നു അമ്മാവൻ ഹംസയുടെ ഉള്ളിൽ കൊള്ളുന്ന തമാശ കലർന്ന വർത്തമാനം.


പട്ടിക കഷണങ്ങൾ ദ്രവിച്ചു തുടങ്ങിയ ഓടിട്ട വീടിൻറെ ഉള്ളിൽ കഴിയുന്ന നാലഞ്ച് ജന്മങ്ങൾ. നോമ്പുകാലത്ത് നാട്ടുകാരിൽ നല്ല പ്രമാണിമാരായ ചിലർ ഉമ്മയുടെ കയ്യിൽ കൊടുക്കുന്ന പൈസ സ്വരുക്കൂട്ടിയതിൽ എത്ര വലിയകഷ്ട്ടപ്പാട് വന്നിട്ടും തൊട്ടിട്ടില്ല അബു.
യത്തീമായ ഒരു കുഞ്ഞിനെ മാത്രമെ വിവാഹം കഴിക്കൂ എന്ന് തീരുമാനിച്ച പ്രവാസിയായ ഒരു ചെക്കന് പെണ്ണന്വേഷിച്ച് ബ്രോക്കർ ബഷീർ വന്ന് അബുവിനോട് വിവരം പറഞ്ഞപ്പോൾ അമ്മാവനോട് അന്വേഷിച്ച് വിവരം പറയാം എന്ന് പറഞ്ഞ് വിട്ടെങ്കിലും അവർ പിറ്റേ ദിവസം വീട്ടിൽ പെണ്ണുകാണാനാണ് വന്നത്. രണ്ടുമാസത്തെ ലീവിന് വന്ന ഷംസുദ്ദീൻ എന്ന പ്രവാസി അത്യാവശ്യം വേണ്ടപ്പെട്ടവരെ മാത്രം വിളിച്ച് പള്ളിയിൽ വെച്ച് നിക്കാഹ് കഴിച്ച് പെണ്ണിനെ കൂട്ടിക്കൊണ്ടുപോകുന്ന ചെറിയൊരു ചടങ്ങിൽ കല്യാണത്തെ ഒതുക്കി തീർത്തു.

മുറ്റം നിറയെ പന്തലിട്ട് വലിയ ആർഭാടത്തോടെ പെങ്ങന്മാരുടെ കല്യാണം കഴിച്ചു വിടണം എന്നായിരുന്നു അബുവിന്റെ ആഗ്രഹം. ആഗ്രഹിക്കാൻ അല്ലേ പറ്റൂ അത് നടപ്പാക്കുന്നവൻ അള്ളാഹു അല്ലേ....


ഒരു വയസ്സും രണ്ടു വയസ്സും വ്യത്യാസമുള്ള പെങ്ങന്മാർ പെട്ടെന്ന് വലുതായെന്ന് അബുവിനും ഉമ്മക്കും ശരിക്കും ബോധ്യപ്പെടുന്നതായിരുന്നു അവരുടെ ശരീരഘടന. കല്യാണം കഴിച്ചു വിട്ട അബുവിന്റെ മൂത്ത പെങ്ങളെ അളിയൻ പ്രവാസ ലോകത്തേക്ക് കൊണ്ടുപോയി.

വീട്ടിലെ കഷ്ടപ്പാടുകൾ പെങ്ങളിലൂടെ അറിഞ്ഞതു കൊണ്ടായിരിക്കണം അളിയൻ അബുവിന് പെട്ടെന്ന് തന്നെ ഒരു വിസ അയച്ചുകൊടുത്തു. അടിയന്തരമായി പാസ്പോർട്ട് എല്ലാം പെട്ടെന്ന് തന്നെ എടുപ്പിച്ചു.


ഉമ്മയെയും രണ്ടു പെങ്ങന്മാരെയും മാത്രം തകർന്നു വീഴാറായ വീട്ടിൽ തനിച്ചാക്കി പോകുന്നതിൽ അബുവിന് നല്ല വിഷമം ഉണ്ടായിരുന്നു. ഗൾഫിൽ എത്തിയതും അബുവിനോട് അളിയൻ കുറച്ചു ഉപദേശങ്ങൾ നൽകി.

"
നാട്ടിലെ പോലെ ആവില്ല ഇവിടെ പിടിച്ചു നിൽക്കാൻ കുറച്ച് കഷ്ടമാണ്. നിൻറെ സാഹചര്യങ്ങൾ കാരണം നിനക്കതിന് കഴിയും എന്ന് തന്നെയാണ് എൻറെ വിശ്വാസം. പിന്നെ ഞാനും ഉണ്ടല്ലോ നാട്ടിൽ. നമുക്ക് നോക്കാം...."

അളിയന്റെ രണ്ടുമൂന്നു സുഹൃത്തുക്കളുടെ സഹായത്തോടെ അബുവിന് ചെറിയ ഒരു പച്ചക്കറി കട ഇട്ടുകൊടുത്തു. കയറിക്കൂടാൻ ഒരു വഴി മാത്രം മതിയായിരുന്നു അബുവിന്. അവനത് വേണ്ടവിധം വിനിയോഗിച്ചു. വളരെ കുറച്ച് കാലങ്ങൾ കൊണ്ട് തന്നെ സാധനം വാങ്ങാൻ വരുന്ന ആളുകളുമായി അബു പ്രത്യേക പെരുമാറ്റത്തിലൂടെ അവരുടെയെല്ലാം സ്നേഹം പിടിച്ചുപറ്റി.

പെണ്ണ് അന്വേഷിച്ചു വരുന്നവരുടെ ശല്യം സഹിക്ക വയ്യാതായപ്പോൾ അമ്മാവൻ ഹംസ ഒരിക്കൽ അബുവിനെ ഒന്ന് വിളിച്ചു വിവരം പറഞ്ഞു. അക്കാര്യം അബു അളിയനുമായി സംസാരിച്ചു. വിശ്വാസമുള്ള ഒരാളെ കട നോക്കാൻ ഏൽപ്പിച്ച് രണ്ടോ മൂന്നോ മാസത്തിന് അബുവിനോട് നാട്ടിൽ പോകാൻ പറഞ്ഞു.

കല്യാണമല്ലേ അളിയനും പെങ്ങളും കൂടി വന്നാലേ കാര്യങ്ങൾ നന്നായി നടക്കൂ എന്ന് അബു വാശിപിടിച്ചു.

എല്ലാവരും കൂടി ഇവിടെ നിന്ന് പോയാൽ പറ്റില്ല എന്നും വേണമെങ്കിൽ പെങ്ങളെയും കുട്ടികളെയും കൊണ്ട് നീ നാട്ടിൽ പോയി കല്യാണം ഒക്കെ കഴിഞ്ഞു ആക്കം പോലെ വന്നാൽ മതിയെന്നും പറഞ്ഞപ്പോൾ അബുവിന് സന്തോഷമായി, വരുന്ന വിവരം അമ്മാവൻ ഹംസയോട് വിളിച്ചുപറഞ്ഞു എന്ന് മാത്രമല്ല പറ്റുമെങ്കിൽ ഇരുവർക്കും ഒരേ പന്തലിൽ തന്നെ കല്യാണം ഒരുക്കാൻ അമ്മാവനോട് അബു ആവശ്യപ്പെടുകയും ചെയ്തു.

അത്യാവശ്യം അണിയാനുള്ള സ്വർണ്ണത്തോട് കൂടെ രണ്ടു പെങ്ങന്മാരെയും ഒരേ വേദിയിൽ വെച്ച് കല്യാണം കഴിച്ചു വിട്ടു. പട്ടിക കഷ്ണങ്ങൾ ഇല്ലാതെ ശൂന്യാകാശത്ത് അതിശയത്തോടെ നിൽക്കുന്ന ഓടിന് താഴെ തന്റെ ഉമ്മ മാത്രമാണെന്ന തിരിച്ചറിവ് അബുവിനെ വല്ലാത്ത വിഷമത്തിലാക്കി.

പൊളിച്ചാലും ഒന്നും മിച്ചം വരില്ല എന്ന് ഉറപ്പുള്ള പഴയ തറവാട്ട് വീട് പൊളിക്കാൻ ആളെ ഏൽപ്പിച്ചു ഉമ്മയെ അമ്മാവൻ ഹംസയുടെ വീട്ടിലേക്ക് തൽക്കാലത്തേക്ക് മാറ്റി പാർപ്പിച്ചു. അബുവിന്റെ ഉമ്മ ഹംസയുടെ വീട്ടിൽ അമ്മായിയായി കുറച്ചു കാലം കഴിഞ്ഞു, കൂടിയപ്പോഴേക്കും പഴയ തറവാട്ട് വീട്ടിൽ ഇരുനില കോൺക്രീറ്റ് കെട്ടിടം മുഴുവൻ ആധുനിക സൗകര്യങ്ങളോടുകൂടെ അമ്മാവൻ ഹംസയുടെ മേൽനോട്ടത്തിൽ നിർമ്മിക്കുകയും പുരയെക്കാൾ വലിയ ചുറ്റുമതിലിൽ രാത്രിയായാൽ തിളങ്ങുന്ന പല വർണ്ണത്തിലുള്ള പ്രകാശപൂരിതമായ ബൾബുകൾ ആരു കണ്ടാലും അതിശയിപ്പിക്കുന്ന രൂപത്തിൽ നാട്ടിൽ അങ്ങനെ തലയെടുപ്പോടെ ഉയർന്നു നിന്നു.

പഴയ മീൻ കച്ചവടക്കാരൻ മമ്മദിൻ്റെ വീടാണത് എന്നാണ് നാട്ടുകാരുടെ അതിശയത്തോടെയുള്ള അടക്കം പറച്ചിൽ. പുരപ്പണി പൂർത്തിയായ വിവരം അമ്മാവൻ ഹംസ അബുവിനെയും, അളിയനെയും അറിയിച്ചു. അവരിരും കുടുംബസമേതം നാട്ടിലെത്തി. നാട്ടിലെത്തിയതും അബു ആദ്യം കണ്ടത് ബ്രോക്കർ ബഷീറിനെ തന്നെയായിരുന്നു. അബുവിന്റെ മൂത്ത പെങ്ങളെ പെണ്ണന്വേഷിച്ചു വന്ന അളിയൻ ഷംസുദ്ദീന്റെ അതേ അഭിപ്രായമായിരുന്നു ബ്രോക്കർ ബഷീറിനോട് അബുവിനും പറയാനുണ്ടായിരുന്നത്.

തനിക്ക് വിവാഹം കഴിക്കാൻ യത്തീമായ ഒരു പെൺകുട്ടിയെ വേണം എന്ന്. അബു അത് പറഞ്ഞു ഒരാഴ്ചക്കുള്ളിൽ തന്നെ പെണ്ണ് റെഡി.

പാൽ നിലാവഴക്കുള്ള പെണ്ണൊരുത്തി, ആദ്യരാത്രി അബുവിന്റെ മണിയറക്കുള്ളിൽ ആദ്യം ചെയ്തത് അബുവിന്റെ മുമ്പിൽ കൈകൂപ്പി കരയുകയായിരുന്നു.

അബുവിനെ അവൾക്കുവേണ്ടി അല്ലാഹുവാണ് അയച്ചതെന്ന് അവൾക്കുറപ്പായിരുന്നു. അബുവും ഉമ്മയും പെങ്ങന്മാരും അവരുടെ മക്കളും എല്ലാം കൂടെ വലിയ വീട്ടിൽ നല്ല തിരക്കായി. അത്ര വലിയ ഒരു വീട് നാട്ടിൽ മറ്റാർക്കും ഇല്ല. അബുവിന്റെ ഉമ്മക്ക് ഇപ്പോൾ ആരും നോമ്പുകാലത്ത് സക്കാത്ത് കൊടുക്കാറില്ല. അതിനുപകരം നാട്ടിലെ ജാതിമതഭേദമന്യേ ഏറ്റവും പാവപ്പെട്ടവരുടെ വീടിൻറെ ഒരു ലിസ്റ്റ് തന്നെ ഉണ്ട് അബുവിന്റെ ഉമ്മയുടെ കയ്യിൽ.

അവർക്ക് അർഹതപ്പെട്ട സക്കാത്ത് കൃത്യമായി ഓരോ വീടുകളിലും എത്തിക്കുന്ന കാര്യത്തിൽ അബുവിന്റെ ഉമ്മ നാളിതുവരെ ഒരു പിശുക്കും കാണിച്ചിട്ടില്ല. കൊടുത്താൽ ഒട്ടും കുറയില്ലെന്ന് തന്നെ അനുഭവത്തിലൂടെ തെളിയിച്ചവളാണ് അബുവിന്റെ ഉമ്മ.

ഒരുകാലത്ത്  തൊഴിലാളിയായിരുന്ന അബു ഇന്ന് നാട്ടിലെ ഏറ്റവും നല്ല മാന്യനാണ്.

Malayalam Story Portal

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.