കഥ : മധുരസ്മരണകൾ
രചന : ശാലിനി സുബ്രഹ്മണ്യൻ
പുലരി വെട്ടം ജനലിലൂടെ മുഖത്തേക്ക് അരിച്ചിറങ്ങി യപ്പോഴാണ് അയാൾ ആയാസപ്പെട്ട് മിഴികൾ തുറന്നത്. മുറിക്കു പുറത്ത് കുട്ടികളുടെയും മുതിർന്നവരുടെയും ആരവങ്ങൾ കേൾക്കുന്നുണ്ട്. മുറ്റത്ത് പന്തൽ പണിക്കാരുടെ ബഹളം.... വടക്കേപുറത്തു നിന്ന് പാത്രങ്ങളുടെ കലമ്പുന്ന ശബ്ദം.....
നാളെ വീട്ടിൽ ഒരു മംഗളകർമ്മം നടക്കുകയാണ്... മകന്റെ കുട്ടിയുടെ വിവാഹം.... പേരക്കുട്ടിയുടെ.. നേരമെത്രയായി......... അയാൾ തല ചെരിച്ചു ക്ലോക്കിലേക്കു നോക്കി..... 7.35.. പല്ല് തേക്കണം.. ബാത്‌റൂമിൽ പോകണം........ ഇതൊക്കെ ഒറ്റയ്ക്ക് ചെയ്യാൻ വയ്യ, ഒരു താങ്ങു വേണം... താങ്ങുതന്നിരുന്നവളെ നേരത്തേയങ്ങു വിളിച്ചു കഷ്ടപ്പെടാൻ തന്നെയിവിടെ ബാക്കിയാക്കി.
ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും കഷ്ടത നിറഞ്ഞ കാലഘട്ടം ഏതാണെന്നു ചോദിച്ചാൽ ആർക്കെങ്കിലും പറയാൻ കഴിയുമോന്നു തനിക്കറിയില്ല. പക്ഷെ താൻ പറയും ഭാര്യ മരിച്ചതിനു ശേഷമുള്ള ഒരു പുരുഷന്റെ ജീവിതമാണ് കഷ്ടതയുള്ള കാലഘട്ടമെന്നു.... ഇന്ന് ശരിക്കും താനത് അനുഭവിക്കുന്നുണ്ട്. ഒരുപാട് സ്നേഹം കൊടുത്തും കൊണ്ടും ജീവിച്ചു. ഒടുക്കം അവളങ്ങ പോയി.മധുരമുള്ള ഓർമകളും പേറി തന്റെ ജീവിതം ഇപ്പോഴും ബാക്കി.
കൺകോണിൽ ഊറിവന്ന കണ്ണുനീർതുള്ളിയെ ഇടം കയ്യിലെ ചൂണ്ടുവിരൽ തുമ്പു കൊണ്ട് അയാൾ തൂത്തു കളഞ്ഞു. ആരുടെയോ കാൽപ്പെരുമാറ്റം കേട്ട് അയാൾ വാതിൽക്കലേക്കു തല ചെരിച്ചു.നാളത്തെ കല്യാണച്ചെക്കനാണ്..... പുഞ്ചിരിച്ച മുഖത്തോടെ അവൻ മുത്തച്ഛന്റെ അടുത്തെത്തി.സ്നേഹത്തോടെ മുത്തച്ഛനെ എണീപ്പിച്ചു ബാത്‌റൂമിൽ കൊണ്ടുപ്പോയി..... പ്രഭാത കൃത്യങ്ങൾ കഴിച്ച് കുളിച്ച് കുട്ടപ്പനാക്കി വീൽ ചെയറിൽ കൊണ്ടുവന്നിരുത്തി.
"ചായ ഇപ്പോ കൊണ്ടുവരും.. ട്ടോ മുത്തച്ഛാ..." മുത്തച്ഛന്റെ കവിളിൽ അരുമയോടെ തലോടി അവൻ പറഞ്ഞു.
"ഞാൻ വരുമ്പോൾ മുത്തച്ഛൻ കരയുന്നുണ്ടായിരുന്നല്ലോ.... എന്തു പറ്റി?"
"വെറുതെ.... നിന്റെ മുത്തശ്ശിയെ ഓർത്തു"
"ഊം......... എനിക്ക് തോന്നി...... രണ്ടാളും തമ്മിൽ വല്ല്യ റൊമാന്റിക് ആയിരുന്നല്ലോ... കൊച്ചുകള്ളൻ"
അവൻ മുത്തച്ഛന്റെ മൂക്കൊന്ന് തിരുമ്മി
"നാളെ കല്യാണമല്ലേ....? "
"ഊം "
"നിന്റെ ഈ കല്യാണത്തിന് പിന്നിൽ രസകരമായ ഒരു കഥയുണ്ട് "
"എന്റെ കല്യാണത്തിന് പിന്നിലോ!!!"
"ഊം"
"അതെന്തു കഥയാണ് മുത്തച്ഛാ... പറ പറ പറ...... "
അവൻ ആവേശം കൊണ്ടു
"ചായ കുടിച്ചീട്ട് പറഞ്ഞാൽ പോരെ...? '
"പോരാ.... ചായ വന്നാൽ ഞാനങ്ങു തരും മുത്തച്ഛന്റെ ഉള്ളിൽ നിന്നും കഥയിങ്ങു പോരട്ടെ... "
"ആ കഥ തുടങ്ങണമെങ്കിൽ വർഷങ്ങൾക്കു പുറകിലോട്ടു പോണം..... എന്റെ കല്യാണത്തിനും മുന്നേ...... "
"മുത്തച്ഛന്റെ കല്യാണത്തിനും മുന്നെയോ.. !!"
അവന് ആശ്ചര്യം
"അതും എന്റെ കല്യാണവും ആയി എന്തു ബന്ധം?"
അവൻ ആശ്ചര്യത്തോടെ ചോദിച്ചു.
"പറയാം"
"ഏകദേശം ഒരു അമ്പത്തഞ്ചു വർഷം മുൻപ്.....
എനിക്കന്ന് ഇരുപത്തേഴു വയസ്സ്.... കല്യാണപ്രായം.... ചെറിയ തോതിൽ പെണ്ണന്വേഷണം തുടങ്ങിയിരിക്കുന്നു. ആയിടക്ക് എന്റെ എടത്തിയമ്മ വഴി ഒരു കുട്ടീടെ തലകുറിപ്പെത്തി. പണിക്കരുടെ അടുത്ത് പോയി നോക്കിയപ്പോൾ നാൾ പൊരുത്തം ഉണ്ട്. എന്റെ അളിയനും പെങ്ങളും കൂടി കുറിപ്പ് കൊടുക്കാനും കുട്ടിയെ കാണാനുമായി അവരുടെ വീട്ടിൽ ചെന്നു.
എനിക്കാണെങ്കിൽ അന്ന്.. കുറച്ചു കൊള്ളരുതാ യ്മകളൊക്കെ കയ്യിലുള്ള സമയം. അതേ കുറിച്ചെല്ലാം അവർ അന്വേഷിച്ചറിഞ്ഞിരിക്കുന്നു. ജാതകത്തിൻ്റെ എന്തോ പ്രശ്നം പറഞ്ഞ് അവർ ഈ ആലോചനയിൽ നിന്നും ഒഴിവായി.
“അളിയന്റെ കെയർ ഓഫിലാണ് ആ കല്ല്യാണം നടന്നത്"
"മുത്തച്ഛൻ അവരെ മുൻപ് കണ്ടീട്ടുണ്ടോ? "
"ഇല്ല... പെണ്ണുകാണാൻ ഞാൻ പോയീട്ടില്ലല്ലോ...
അവർ കയറി വരുമ്പോൾ ഞാൻ മുൻവശത്തെ മുറ്റത്തുണ്ടായിരുന്നു”.
ആദ്യമായി കണ്ട ആ നിമിഷമുണ്ടല്ലോ മോനെ... അതെനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല."
"അവര് നല്ല സുന്ദരി ആയിരുന്നോ മുത്തച്ഛാ? "
"അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല മോനെ... അവൾക്കു വെളുത്ത നിറമല്ല, മാദകത്വം തുളുമ്പുന്ന സൗന്ദര്യവും ഇല്ല... ആ മുഖത്തിന്റെ ഭംഗിയും കവിതയുറങ്ങുന്ന കണ്ണുകളും മനസ്സിൽ നിന്നും മായുന്നില്ല. കയ്യെത്തും ദൂരെ എത്തീട്ടും കയ്യിൽ കിട്ടാതെ ദൂരേക്ക് ഒഴുകിപ്പോയ താമരപ്പൂ
വല്ലാത്ത നഷ്ടബോധം തോന്നി എനിക്ക്. അന്ന് അവളെ കാണാൻ അളിയന്റെ കൂടെ ഞാനും പോയിരുന്നുവെങ്കിൽ ഒരിക്കലും ഞാനവളെ നഷ്ടപെടുത്തിലായിരുന്നു വീട്ടുകാർ സമ്മതിച്ചില്ലായിരുന്നേൽ അവളെ ഞാൻ പൊക്കിയെടുത്തോണ്ടു പോന്നേനെ..
"അപ്പോൾ അന്ന് കാണാൻ പോയ അവരുടെ വിവാഹം കഴിഞ്ഞോ?.. "
"അതേ കുറിച്ചൊന്നും ഞാൻ അന്വേഷിച്ചില്ല..
എന്റെ കല്യാണം കഴിഞ്ഞു കുറച്ച് നാൾ കഴിഞ്ഞപ്പോൾ അളിയൻ വന്ന് അവരുടെ വീട്ടിലേക്കു വിരുന്നിനു വിളിച്ചു.
ഞാനും നിന്റെ മുത്തശ്ശിയും കൂടി വിരുന്നിനു ചെന്നു. അപ്പോഴാണ് അറിയുന്നത് ഞങ്ങളെ കൂടാതെ മറ്റൊരു ജോഡി കൂടി അന്നത്തെ വിരുന്നിൽ പങ്കെടുക്കുന്നുണ്ട് എന്ന്..
എത്ര കുട്ടികളെ കണ്ടിരിക്കുന്നു.. അവർക്കിഷ്ടപെട്ടാൽ എനിക്കിഷ്ടപെടില്ല, എനിക്ക് ഇഷ്ടപെട്ടാൽ അവർക്ക് ഇഷ്ടപ്പെടില്ല. അതു കൊണ്ട് ഇവർക്ക് പറ്റില്ലെന്ന് പറഞ്ഞപ്പോൾ എനിക്ക് വിഷമമൊന്നും ഉണ്ടായില്ല.
"എന്നീട്ട്.."
അയാൾ അവന്റെ കണ്ണിലേക്കു നോക്കി ഒന്ന് ചിരിച്ചു.
"അതിനു ശേഷമാണ് ഞാൻ നിന്റെ മുത്തശ്ശിയെ കാണാൻ പോയത്. എനിക്കാണെങ്കിൽ തടിച്ച ഒരു പെണ്ണായിരിക്കണം എന്നു മാത്രേ ആഗ്രഹം ഉണ്ടായിരുന്നുള്ളു... നിന്റെ മുത്തശ്ശി തടിച്ച ഒരാളായിരുന്നു. അതുകൊണ്ട് തന്നെ എനിക്കിഷ്ട കേടുമുണ്ടായില്ല.. അങ്ങനെ ഞങ്ങളുടെ വിവാഹം നടന്നു. അത് അവളായിരുന്നു. അവർ പോയിക്കഴിഞ്ഞപ്പോൾ അവിടെ കൂടിയവരെല്ലാം എന്നെ കളിയാക്കാൻ തുടങ്ങി. വല്ലാത്തൊരു നഷ്ട ബോധം എന്റെ മനസ്സിൽ നിറഞ്ഞു നിന്നു.
പക്ഷെ നിന്റെ മുത്തശ്ശിയുടെ സ്നേഹത്തിനു മുന്നിൽ ഞാനത് മറക്കാൻ ശ്രമിച്ചു.
എന്നിരുന്നാലും എന്റെയാ നഷ്ട പ്രണയം ഒരു വിങ്ങലായി ഉള്ളിന്റെ ഉള്ളിൽ ആഴത്തിൽ മുറിവേൽപ്പിച്ചുകൊണ്ടിരുന്നു.
ഏകാന്തതകളിൽ ഞാനാ നൊമ്പരത്തെ പുറത്തെടുത്തു പൊടിതട്ടി മിനുക്കി വക്കുമായിരുന്നു "അതിന് അവൾക്കു കഴിയില്ല കുട്ടാ.."
"എന്നീട്ട് ബാക്കി പറ മുത്തച്ഛാ.."
"അങ്ങനെ എനിക്ക് രണ്ട് ആൺമക്കൾ ജനിച്ചു.
നിന്റെ അച്ഛനും ചെറിയച്ഛനും. അവക്കും രണ്ട് മക്കൾ. ഒരാണും ഒരു പെണ്ണും.... അവളെ കുറിച്ചുള്ള വിവരങ്ങളെല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു.
ഇടയ്ക്കിടെ പൊടിതട്ടി വക്കുന്നതുകൊണ്ടു അവളുടെ മുഖം മനസ്സിൽ ജ്വലിച്ചു നിന്നു, മങ്ങലൊന്നും ഇല്ലാതെ.. "
"പിന്നീട് എപ്പോഴെങ്കിലും മുത്തച്ഛൻ അവരെ കണ്ടിരുന്നോ? സംസാരിച്ചിരുന്നോ? "
"കണ്ടു.. അതിനു നീണ്ട ഇരുപത്തേഴു വർഷമെടുത്തു"
"ഇരുപത്തേഴു വർഷമോ?" അവന് ആശ്ചര്യം
'അതേ നിന്റെ അച്ഛന് കല്യാണപ്രായമെത്തി, ഒരുപാട് സ്ഥലത്തു അന്വേഷിച്ചു നടന്നു. ഒടുവിൽ അവന്റെ ഒരു കൂട്ടുകാരൻ മുഖേന ഒരു കുട്ടീടെ അച്ഛന്റെ ഫോൺ നമ്പർ കിട്ടി. ഞാൻ വിളിച്ച് ഇവർ പെണ്ണുകാണാൻ വരുന്ന വിവരം അവരെ അറിയിച്ചു. നിന്റെ അച്ഛന് ആ കുട്ടീനെ ഇഷ്ടപ്പെടുകയും ചെയ്തു. ജാതകങ്ങൾ തമ്മിലും നല്ല ചേർച്ച.. ഞാനും നിന്റെ ചെറിയച്ഛനും കൂടി കുറിപ്പ് കൊണ്ടു കൊടുക്കാനായി അവിടെ ചെന്നപ്പോഴാണ് എന്റെ നഷ്ട പ്രണയകഥയിലെ നായികയുടെ മകളെയാണ് നിന്റെ അച്ഛന് വേണ്ടി പെണ്ണ് ചോദിക്കാൻ ചെന്നതെന്ന വസ്തുത ഞാൻ മനസിലാക്കുന്നത്."
"അടിപൊളി.. എന്നീട്ട്"
"അവിടെ വച്ച് ഞാൻ കണ്ടു അവളെ "ഈ കഥകൾ മുത്തശിക്ക് അറിയാമായിരുന്നോ? "
അവന്റെ സംശയത്തിന് അയാൾ ഒന്ന് പുഞ്ചിരിച്ചു.
"എന്റെ ജീവിതത്തിൽ നിന്റെ മുത്തശിക്ക് അറിയാത്തതായി ഒരു രഹസ്യവും ഉണ്ടായിരുന്നില്ല"
"എന്നീട്ട് ഈ പ്രണയത്തെ കുറിച്ച് മുത്തശ്ശി എന്ത് പറയും"
"മുത്തശ്ശി അവളുടെ പേരും പറഞ്ഞ് എന്നെ എപ്പോഴും കളിയാക്കും "
"ഊം... അത്രയല്ലേ ചെയ്യുന്നുള്ളൂ, വേറെ വല്ലവരും ആയിരുന്നേൽ കുടുംബകലഹം തന്നെ ഉണ്ടായേനെ ഇരുപത്തിയേഴു വർഷങ്ങൾക്കു ശേഷം."
" എന്നീട്ട് "
അവന്റെ മുഖത്ത് കൗതുകം നിറഞ്ഞു.
"മുടിയിൽ അങ്ങിങ്ങു വെള്ളിയിഴകൾ രൂപപ്പെട്ടീട്ടുണ്ടെങ്കിലും ആ കണ്ണിന്റെ തിളക്കം അന്നത്തെ പോലെ തന്നെ ഉണ്ടായിരുന്നു.
"എന്നീട്ട് ആ കല്ല്യാണവും നടക്കാഞ്ഞതെന്തേ..? "
"അത് ശരിയാവില്ലല്ലോ കുട്ടാ... എനിക്ക് അവളോടുള്ള ഇഷ്ട്ടം നിന്റെ മുത്തശ്ശിക്കറിയാം.... വീട്ടുകാരിൽ ചിലർക്കൊക്കെ അറിയാം...... അതു കൊണ്ടു തന്നെ ഇത് നടന്നാൽ ചില പൊരുത്ത ക്കേടുകൾ ഉണ്ടായെന്നു വരാം. അത് കൊണ്ട് ഈ വിവാഹം നടത്താൻ എന്റെ മനസ്സ് അനുവദിച്ചില്ല. അവർക്കാണെങ്കിൽ ഈ കാര്യത്തിൽ നല്ല താല്പര്യം ഉള്ളതായി എനിക്ക് തോന്നി. രണ്ട് ദിവസം കഴിഞ്ഞു മറുപടി തരാമെന്നു പറഞ്ഞ അവർ സമ്മതമാണെന്നെങ്ങാൻ പറഞ്ഞാൽ..... ഞാൻ വല്ലാത്ത ധർമ്മസങ്കടത്തിൽ ആയിപോയി... വളരെ നേരം ആലോചിച്ചതിനു ശേഷം ഞാൻ ഒരു തീരുമാനത്തിൽ എത്തി.. "
"എന്ത് തീരുമാനം...? " നിന്റെ അച്ഛന്റെ ജാതകപ്രകാരം അഞ്ചു മാസത്തിനുള്ളിൽ കല്ല്യാണം നടത്തണമെന്നും.. അത് കഴിഞ്ഞാൽ ഇനി മാലയോഗം ഇല്ലെന്നും ഞാൻ അവരോടു പറഞ്ഞു....."
"അത് അവർ വിശ്വസിച്ചോ...!!"
"വിശ്വസിച്ചില്ല ഒഴിവാക്കാനാണെന്നു മനസിലായി കാണും...... ഉടനെ തന്നെ പെൺകുട്ടീടെ അച്ഛന്റെ മറുപടി വന്നു, വേറെ നോക്കിക്കോളാൻ.."
"അവർ സമ്മതം ആണെന്നെങ്ങാൻ പറഞ്ഞിരുന്നെങ്കിലോ മുത്തച്ഛാ.."
"പറയില്ല.. പെൺകുട്ടീടെ ജാതകപ്രകാരം ഏഴു മാസം കഴിയണം കല്യാണത്തിന്... അതല്ലേ ഞാൻ അതിൽ തന്നെ കയറി പിടിച്ചത്....."
"ഈ കല്യാണം മുടക്കിയപ്പോൾ മുത്തച്ഛന്റെ മനസ്സ് വേദനിച്ചില്ലേ....? "
"വേദന ഒരുപാട് ഉണ്ടായിരുന്നു... ചില സന്തോഷങ്ങൾക്കും സമാധാനങ്ങൾക്കും വേണ്ടി നമുക്ക് മറ്റുചിലത് വേണ്ടെന്നു വെക്കേണ്ടിവരും. അത് മനുഷ്യ സഹജമാണ് മോനെ.."
"പിന്നീട് മുത്തച്ഛൻ അവരെ എന്നാ കണ്ടത്? "bഅവന് അതറിയാനായിരുന്നു ആകാംക്ഷ.
' പിന്നീട് ഇന്നു വരെ ഞാനാ മുഖം കണ്ടീട്ടില്ല..."
അയാൾ ഒന്ന് നെടുവീർപ്പിട്ടു.
"അയ്യോ.അത് വളരെ കഷ്ടമായിപ്പോയി.."
വാടിപ്പോയ അയാളുടെ മുഖം അവൻ പിടിച്ചുയർത്തി.... "സാരല്യ മുത്തച്ഛാ..."
""അല്ല... അതിനിടക്ക് വേറൊരു കാര്യം പറഞ്ഞല്ലോ.. എന്റെ കല്യാണത്തിന് പിന്നിൽ ഒരു കഥയുണ്ടെന്നോ മറ്റോ.... അതെന്താ? "
"പറയാം.. അന്ന് നിന്റെ അച്ഛന് കാണാൻ പോയ ആ പെൺകുട്ടിയില്ലേ.."
"മുത്തച്ഛന്റെ പ്രണയിനിയുടെ മകൾ...."
"അവളുടെ മകളെയാണ് നീ പ്രണയിച്ചതും നാളെ വിവാഹം കഴിക്കാൻ പോണതും..."
"വൗ...... ബ്യൂട്ടിഫുൾ... ഇത്രയും നല്ലൊരു ക്‌ളൈമാക്‌സ് ഈ കഥയ്ക്ക് ഉണ്ടാകുമെന്നു ഞാൻ കരുതീല്ല..."
അവൻ ആവേശത്തോടെ കയ്യടിച്ചു.. അയാൾ അവന്റെ മുഖത്തേക്ക് നോക്കി. പിന്നെ മൃദു സ്വരത്തിൽ പറഞ്ഞു
"കാണണം.... ഞാൻ ഇനി അധികം ഇല്ലെന്നു എന്റെ മനസ്സ് പറയുന്നു.. അതുകൊണ്ട് അവസാനമായി എനിക്കൊന്നു കാണണം.. ഒരു യാത്രാമൊഴി പോലെ..."
"പിന്നെ.. യാത്രാമൊഴി പോലും... എവിടെ പോവാനാ യാത്ര ചോദിച്ചീട്ടു.... എന്റെ മുത്തച്ഛനെ ഞാൻ എവിടെയും വിടില്ല... ഇപ്പോൾ നമ്മൾ ബന്ധുക്കളല്ലേ മുത്തച്ഛാ... ഞാൻ അവരെ ഇടയ്ക്കിടെ ഇങ്ങ് കൊണ്ടുപോരും... ഇത് എന്റെ വാക്കാ.. മുത്തച്ഛൻ കാത്തിരുന്നോ..."
പിറ്റേന്ന് കല്യാണബഹളങ്ങൾ പുറത്ത് നടക്കുമ്പോൾ അയാളുടെ മനസ്സ് പൂത്തുമ്പിയെ പോലെ പറന്നു നടക്കുകയായിരുന്നു.
"വല്ലാത്തൊരു വഴിതിരിവ് തന്നെ..... വെറുതെയല്ല മുത്തച്ഛന്റെ മുഖത്തൊരു ശൃംഗാരഭാവം... മന്മഥനല്ലെ ഉള്ളിൽ കേറിയിരിക്കുന്നെ.... കള്ളൻ"
അവൻ മീശയുടെ രണ്ട് അറ്റവും പിടിച്ചു മൃദുവായി വലിച്ചു.
"പോടാ പോക്കിരി.."
അയാൾ അവനെ അടിക്കാനായി കയ്യോങ്ങി.
അപ്പോഴേക്കും അവന്റെ ചെറിയമ്മ ബ്രേക്ക്‌ഫാസ്റ്റുമായി വന്നു. അത് വാരി കൊടുക്കുന്നതിനിടയിൽ ചുണ്ടുകളിൽ കുസൃതീ ഒളിപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു
"മുത്തച്ചന് അവരെ കാണണോ? "
രാത്രിയിൽ അത്താഴം കഴിഞ്ഞു കിടക്കുമ്പോൾ അയാൾ മനസ്സിൽ ഓർത്തു ഇന്നിനി അവൻ വരില്ല... കല്ല്യാണതിരക്കെല്ലാം കഴിഞ്ഞു എന്റടുത്തു വരാൻ എവിടെ നേരം.... എന്നാലും ആ പെൺകൊച്ചുമായി വരുമെന്ന് കരുതി...
അവനെ കുറ്റം പറഞ്ഞീട്ടു കാര്യമില്ല.. വീഡിയോ കാർ വിട്ടീട്ടു വേണ്ടേ.. അവരുടെ കയ്യിലല്ലേ ഇന്ന് കല്യാണത്തിന്റെ കടിഞ്ഞാൺ..
സാരമില്ല.. നാളെ വരുമായിരിക്കും..
കണ്ണുകൾ അടച്ച് നിദ്രാ ദേവിയെ സ്മരിക്കുമ്പോൾ.. കതക് ഉരഞ്ഞു നീങ്ങുന്ന ശബ്‌ദം. അയാൾ തല ചെരിച്ചു നോക്കി. അവനാണ്.. കല്ല്യാണ ചെറുക്കൻ..
അവൻ വന്ന് മുത്തച്ഛന്റെ അടുത്തിരുന്നു. മുത്തച്ഛൻ അവന്റെ കണ്ണുകളിലേക്കു നോക്കി. കാലത്ത് കണ്ട കുസൃതീ ഒന്നും ആ മിഴികളിൽ അയാൾ കണ്ടില്ല..
"കല്യാണമൊക്കെ നന്നായി കഴിഞ്ഞില്ലേ മോനെ.. എവിടെ നിന്റെ പ്രിയസഖി.."
"അവൾ വന്നീട്ടില്ല മുത്തച്ഛാ... അവളുടെ വീട്ടിലാ.."
"അപ്പോ മോനോ... മോൻ പോയില്ലേ... "
"താലിക്കെട്ടു നടന്നില്ല.. മുത്തച്ഛാ... മോതിരം മാറി.. പരസ്പരം മാലയിട്ടു.. അവളെ അവരങ്ങു കൊണ്ടുപോയി..."
"അതെന്തേ.."
അവൻ അയാളുടെ വലതു കൈതലം എടുത്തു
രണ്ടുകൈകൊണ്ടും പൊതിഞ്ഞു പിടിച്ചു.
"മുത്തച്ഛാ .. "
"എന്താ... എന്താമോനെ... "
"അവിടെ ഒരു മരണം നടന്നു... "
അയാളുടെ കണ്ണുകളെ നേരിടാനാകാതെ അവൻ തല കുനിച്ചു. അയാൾ അകലേക്ക് നോക്കി കിടന്നു..
"അവൾ.. പോയി.. അല്ലേ... "
"മുത്തച്ഛാ... "
അവൻ വേദനയോടെ വിളിച്ചു.
തന്റെ മനസ്സിൽ നിറഞ്ഞു നിന്ന.. അവളോടുള്ള പ്രണയം.... ആ തീവ്രത.. അവളൊരിക്കലും അത് അറിഞ്ഞില്ല..
ഇത്രയും അവളെ പ്രണയിച്ച മറ്റൊരാളുണ്ടാകുമോ ഈ ഭൂമിയിൽ..
കൈവിരൽ തുമ്പു കൊണ്ടു പോലും സ്പര്ശിക്കാത്ത ദിവ്യമായ പ്രണയം..
ഈ ജന്മത്തിലെ നഷ്ടം അടുത്ത ജന്മം തീരുമോ കൃഷ്ണാ...
കണ്ണുനീർ വന്ന് മൂടിയ മിഴികൾ ഇടം കയ്യാൽ തുടച്ചു തിരിഞ്ഞു നോക്കുമ്പോൾ അരികിൽ അവനുണ്ടായിരുന്നില്ല..
പിറ്റേ ദിവസത്തെ പ്രഭാത കിരണങ്ങളെ ഏറ്റു വാങ്ങാൻ അയാളുടെ മിഴികൾ തുറന്നില്ല.....
ഒരുമിച്ചൊരു ജീവിതം മോഹിച്ചു അടുത്ത ജന്മത്തിനായി അയാളുടെ ആത്‌മാവ് കുതിക്കുകയായിരുന്നു.....