സാറേ ഞങ്ങൾ അവിടുന്ന് ക്യാഷ് കട്ടെടുത്തു എന്നത് സത്യമാണ്, ഞങ്ങളത് നിഷേധിക്കുന്നില്ല, ഇക്കയുടെ ദേഹത്ത് ഞങ്ങൾ തൊട്ടിട്ടില്ല. അപ്പോഴേക്കും ഗഫൂർ എത്തി അവരെ രണ്ട് പേരെയും പിടിച്ച് പൊക്കി മാറ്റി

 malayalam stories - panchoni.com

 

തുടർകഥ  : അജ്ഞാത കൊലയാളി

രചന : എം.നിയാസ്

(ഭാഗം - 9)

 

സാറേ ഒരു മിനിറ്റ് പ്ലീസ് ...


അങ്ങനെ പിറകിൽ നിന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് കൊണ്ട് അഖിലും, ബിജോയിയും ബെഞ്ചമിന്റെ അടുത്തേക്ക് ഓടി വന്ന് താഴേക്ക് ഇരുന്ന് കാലുകളിൽ കെട്ടിപ്പിടിച്ച് കൊണ്ട് പറഞ്ഞു.

സാറേ ഞങ്ങൾ അവിടുന്ന് ക്യാഷ് കട്ടെടുത്തു എന്നത് സത്യമാണ്, ഞങ്ങളത് നിഷേധിക്കുന്നില്ല, ഇക്കയുടെ ദേഹത്ത് ഞങ്ങൾ തൊട്ടിട്ടില്ല. അപ്പോഴേക്കും ഗഫൂർ എത്തി അവരെ രണ്ട് പേരെയും പിടിച്ച് പൊക്കി മാറ്റി.

കൊലപാതക കുറ്റം ഇപ്പോൾ നിങ്ങളുടെ പേരിൽ ചാർജ് ചെയ്തിട്ടില്ല, തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ അത് ഉണ്ടാവു, നിലവിലുള്ള സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾ രണ്ട് പേരും ഇപ്പോൾ പ്രതി സ്ഥാനത്താണ് ഉള്ളത്, ബാക്കിയൊക്കെ റിപ്പോർട്ടുകൾ കിട്ടിയ ശേഷം, അന്ന് രാത്രി രാവുണ്ണി മദ്യപിക്കുവാൻ പോയ ശേഷം വേറെയാരെങ്കിലും ഹമീദിന്റെ വീട്ടിൽ വന്നതായി നിങ്ങൾ ആരെങ്കിലും കണ്ടിരുന്നോ?

ഞങ്ങളുടെ റൂമിന്റെ തൊട്ടടുത്ത താമസിക്കുന്ന ജിം ഇൻസ്ട്രക്ടർ മനു അങ്ങോട്ട് പോകുന്നതായി കണ്ടിരുന്നു സാർ, ചിലപ്പോൾ വാടക കൊടുക്കാനോ, കടം മറ്റോ പോയതായിരിക്കും.

അപ്പോൾ സമയം  എത്രയായി കാണും?

എട്ടര മണി ആയിട്ടുണ്ടാവും ഞാൻ സിഗരറ്റ് വലിക്കാൻ പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടതാണ് സാറേ ... അഖിൽ പറഞ്ഞു.

അയാൾ തന്നെയാണെന്ന് നിനക്ക് ഉറപ്പുണ്ടോ?
ഹമീദിന്റെ വീടിന്റെ കോമ്പൗണ്ടിൽ നല്ല ഇരുട്ടാണല്ലോ?

ഏത് ഇരുട്ടിലും അയാളുടെ നടത്തം കണ്ടാൽ അറിയാൻ പറ്റും സാറേ, മസില് പിടിച്ച് ഒരു പ്രത്യേക രീതിയിൽ ആണ് അയാൾ നടക്കുന്നത്.

ബെഞ്ചമിനും, ഷറഫുദ്ദീനും നേരെ വീട്ടിലേക്ക് പോയി, അപ്പോൾ സമയം 6 മണി ആയിട്ടേയുള്ളായിരുന്നു, ഡ്രസ്സ് മാറി കുളിക്കുന്നതിന് മുമ്പ് ഹമീദിന്റെ ബെഡ്റൂമിൽ നിന്നും കിട്ടിയ ഡയറി ബെഞ്ചമിൻ എടുത്ത് പരിശോധിച്ചു, പലിശയ്ക്ക് കൊടുത്ത എല്ലാ ആളുകളുടെയും പേരും, തുകയും, വിവരങ്ങളും ആ ഡയറിയിൽ ഉണ്ടായിരുന്നു, അതിൽ ആദിലിന് കൊടുത്ത മൂന്നു ലക്ഷം രൂപയും ഉണ്ടായിരുന്നു, ഡയറിയോടൊപ്പം ഉണ്ടായിരുന്ന പഴക്കം ചെന്ന ആൽബത്തിലെ ഫോട്ടോകളും ബെഞ്ചമിൻ ഓടിച്ചൊന്ന് മറിച്ച് നോക്കി, പരമ്പരാഗത സൗദി വേഷങ്ങൾ അണിഞ്ഞ് ഹമീദ് നിൽക്കുന്ന ഒരു ഫോട്ടോയും, ഒപ്പം അതേ വേഷങ്ങൾ അണിഞ്ഞ വേറൊരാളുടെ ഫോട്ടോയും ആ ആൽബത്തിൽ ഉണ്ടായിരുന്നു, ഹൗസ് ഡ്രൈവർ വിസയിൽ സൗദിയിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആവും, ഫോട്ടോയിൽ സമയവും, ഡേറ്റുമൊക്കെ ഉണ്ടായിരുന്നു, ആ രണ്ട് ഫോട്ടോകളും കവറിൽ നിന്നും ബെഞ്ചമിൻ ഇളക്കിയെടുത്തു, അതിലൊന്നിന്റെ പുറകിൽ "സ്നേഹപൂർവ്വം അൻസാരി'' എന്ന് എഴുതിയിരുന്നു, ഒരുപക്ഷേ അൻസാരി എന്നയാളുടെ ക്യാമറയിൽ എടുത്ത ശേഷം ഹമീദിന് കൈമാറിയതായിരിക്കും ആ ഫോട്ടോകൾ, ആ ഫോട്ടോകൾ രണ്ടും ബെഞ്ചമിൻ വേറെ ഒരു കവറിൽ ആക്കി സൂക്ഷിച്ചു, കുളി കഴിഞ്ഞ് മുറിയിലേക്ക് വന്ന ഷറഫുദ്ദീനെ ബെഞ്ചമിൻ ആ ഫോട്ടോകൾ കാണിച്ചു

ഹമീദിന്റെ കൂടെ ഫോട്ടോയിൽ കാണുന്ന അൻസാരി എന്നയാളെ  കണ്ടെത്താൻ പറ്റിയിരുന്നെങ്കിൽ ഹമീദിന്റെ സൗദി ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ ഒരുപക്ഷേ അറിയാൻ സാധിക്കുമായിരുന്നു, പക്ഷേ അയാളുടെ അഡ്രസ്സ് ഇതിലില്ല സാർ ...

ആദ്യം ഇവിടത്തെ അന്വേഷണം പൂർത്തിയാകട്ടെ, അതിന് ശേഷം ആവശ്യമുണ്ടെങ്കിൽ അൻസാരിയെ, അയാൾ മരണപ്പെട്ടിട്ടില്ലായെങ്കിൽ നമുക്ക് എങ്ങനെയെങ്കിലും തപ്പിയെടുക്കാം ബെഞ്ചമിൻ, ആ ജിം ഇൻസ്ട്രക്ടർ രാത്രി എട്ടരയോടെ ഹമീദിന്റെ വീട്ടിലേക്ക് പോകുന്നത് കണ്ടെന്ന് ആ ചെക്കൻ പറഞ്ഞല്ലോ, എന്തിനായിരിക്കും അയാൾ അസമയത്ത് ആ വീട്ടിലേക്ക് പോയത്??

നമ്മൾ ആദിലിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് മുൻഭാഗത്തുള്ള ബാൽക്കണിയിൽ കയറിയി രുന്നല്ലോ, ആ ബാൽക്കണിയിലെ പാരപറ്റിൽ ഒരു ചുയിങ് ഗം ഒട്ടി പിടിച്ചിരിപ്പുണ്ടായിരുന്നു അതിൽ മരത്തിന്റെ അടർന്ന ചെറിയൊരു കഷണവും പറ്റി പിടിച്ചിട്ടിണ്ടായിരുന്നു, ചുയിങ് ഗമ്മിൽ പറ്റി പിടിച്ചിരുന്നത് കൊണ്ടാവും മഴ പെയ്തിട്ടും അത് പോകാതെ അവിടെ തന്നെ ഒട്ടി പിടിച്ച് ഇരുന്നത്, ഇന്ന് രാവിലെ നായ മണം പിടിച്ച് ആദ്യം പോയത് മുൻ ഭാഗത്തെ ബാൽക്കണിയിലേക്ക് ആണല്ലോ പോയത്, അവിടെ നിന്ന് കൊണ്ട് ക്വാർട്ടേഴ്സിലേക്ക് നോക്കി കൊണ്ട് നായ കുരയ്ക്കുകയും ചെയ്തു, ചാഞ്ഞ് കിടക്കുന്ന പ്ലാവിന്റെ ചില്ലകൾ വഴി അവിടെ നിന്ന് ആരോ ഒരാൾ ഇവിടേക്ക് കയറിയിട്ടുണ്ട്, എനിക്ക് തോന്നുന്നത് അത് ജിം  ഇൻസ്ട്രക്ടർ തന്നെയായിരിക്കും.

അപ്പോൾ രാവുണ്ണി തന്നെയായിരിക്കുമോ ആ ഡോറും  അയാൾക്കായി തുറന്നിട്ടത്?

അങ്ങനെയൊരു സംശയം ഷറഫുദ്ദീൻ ഉന്നയിച്ചു.

രാവുണ്ണി തുറന്നിടാനുള്ള സാധ്യതയില്ല, ഓൾറെഡി ആദിലുമായി അയാൾ ഒരു കരാർ ഉണ്ടാക്കിയിരുന്നല്ലോ, ഒരുപക്ഷേ ആ ഡോർ രാവുണ്ണി അടച്ചിടാൻ മറന്ന് കാണും.

അതെങ്ങനെയാണ് ബെഞ്ചമിൻ, ആ ഡോർ ആ ദിവസം തന്നെ രാവുണ്ണി അടച്ചിട്ടില്ലായെന്ന് ജിം ഇൻസ്ട്രക്ടർക്ക് എങ്ങനെ അറിയാൻ പറ്റും??അപ്പോൾ മുൻഭാഗത്തെ ബാൽക്കണിയിലെ ഡോർ തുറന്ന് കിടപ്പുണ്ട് എന്ന് ഉറപ്പുള്ള, അല്ലെങ്കിൽ ഉറപ്പ് വരുത്തിയ ആരോ ഒരാൾ ആണ് അത് വഴി വീട്ടിനകത്ത് കേറിയത്, എനിക്കങ്ങനെയാണ് തോന്നുന്നത് ബെഞ്ചമിൻ.

 

malayalam stories - panchoni.com


ഇതാകപ്പാടെ കൺഫ്യൂഷൻ ആയല്ലോ, നാളെ അയാളെ ചോദ്യം ചെയ്താൽ നമുക്ക് ഈ വക കാര്യങ്ങളിൽ ഒരു ക്ലാരിറ്റി കിട്ടുമല്ലോ. ആ ചർച്ച അതോടെ അവിടെ അവസാനിപ്പിച്ചു.

താൻ ഇത് എന്തിരിപ്പാ ഇരിക്കുന്നത്, പോയി കുളിച്ചിട്ട് വാ, ഹാരിസ് ഇപ്പോ വരും, അപ്പോഴേക്കും ഞാൻ സെറ്റപ്പ് ഒക്കെ റെഡിയാക്കാം.
ഉത്സാഹത്തോടെ ഷറഫുദ്ദീൻ അടുക്കളയിലേക്ക് പോയി, ബെഞ്ചമിൻ കുളിക്കാനും പോയി, ബെഞ്ചമിൻ കുളിച്ച് വരുമ്പോഴേക്കും ഷറഫുദ്ദീൻ കുക്കുമ്പറും, ക്യാരറ്റും അരിഞ്ഞ് കുരുമുളകു പൊടിയും ഇട്ട് നാരങ്ങാനീരും പിഴിഞ്ഞ് ലിവിങ് റൂമിലെ ടേബിളിൽ വെച്ചിരുന്നു,10 മിനിറ്റ് കഴിഞ്ഞപ്പോൾ ഹാരിസും എത്തി, ഫ്രഞ്ച് നിർമ്മിത ഒരു ലിറ്ററിന്റെ ബ്രാണ്ടിയും ഹാരിസിന്റെ കയ്യിൽ ഉണ്ടായിരുന്നു.
ആദ്യത്തെ പെഗ്ഗ് കഴിച്ച്‌ കഴിഞ്ഞപ്പോൾ പോസ്റ്റുമാർട്ടം റിപ്പോർട്ടിനെ കുറിച്ച്  ബെഞ്ചമിൻ ഹാരിസിനോട് ആരാഞ്ഞു, അതിൽ തന്നെ ബെഞ്ചമിന് ആദ്യം അറിയേണ്ടിയിരുന്നത് മരണം സംഭവിച്ച സമയമായിരുന്നു.

ഏകദേശം പത്തരയ്ക്കും, പതിനൊന്നിനും ഇടയിലാണ് ഹമീദ് മരണപ്പെട്ടിട്ടുള്ളത്, ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചിട്ടുള്ളത്, ബോഡിയിൽ യാതൊരു വിധ മുറിവോ, മൽപ്പിടുത്തം നടന്നതിന്റെയോ ലക്ഷണങ്ങൾ കാണാനില്ലായിരുന്നു, റിപ്പോർട്ട് നൽകുമ്പോൾ ഞാൻ എല്ലാം വിശദമായി അതിൽ പ്രതിപാദിക്കാം, ബെഞ്ചമിന്  അത്യാവശ്യമായി അറിയേണ്ടത് മരണം സംഭവിച്ച സമയത്തെക്കുറിച്ച് ആണല്ലോ.

പത്തരയ്ക്കും,പതിനൊന്നിനും ഇടയിലാണ് ഹമീദ് മരണപ്പെട്ടത് എന്ന വിവരം ബെഞ്ചമിനിലും, ഷറഫുദ്ദീനും ചെറിയ നിരാശയ്ക്ക് ഇടയാക്കി, പെട്ടെന്ന് തന്നെ രണ്ടാമത്തെ പെഗ്ഗും ബെഞ്ചമിൻ കഴിച്ചു "നമ്മുടെ കണക്ക് കൂട്ടൽ എല്ലാം തെറ്റിയല്ലോ സാറേ, നമ്മുടെ പ്രൈം സസ്പെക്ട് ആദിൽ പറഞ്ഞത് 12 മണിക്ക് ശേഷമാണ് ഹമീദിന്റെ വീട്ടിൽ കയറിയതെന്ന്, അതും അയാൾ പറഞ്ഞുള്ള അറിവാണ്, നമ്മൾ ഇന്ന് അറസ്റ്റ് ചെയ്ത അഖിലും, ബിജോയിയും ഹമീദിന്റെ വീട്ടിൽ കയറിയ സമയം ഏകദേശം ഒരു മണി കഴിഞ്ഞാണ്, ഹമീദ് കൊല്ലപ്പെട്ട സമയം വെച്ച് നോക്കുമ്പോൾ പ്രത്യക്ഷത്തിൽ അവർക്ക് ഹമീദിന്റെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ല എന്ന് വേണം കരുതാൻ, ആദിൽ കയറിയത് ആധാരം എടുക്കുവാനായി, അഞ്ച്  ലക്ഷം രൂപ  അലമാരയിൽ ഉണ്ടെന്ന കാര്യം തന്നെ അയാൾക്ക് ഓർമ്മയില്ലായിരുന്നു എന്നാണ് അയാൾ അന്ന് പറഞ്ഞത്, അഖിലും,ബിജോയിയും കയറിയത് ക്യാഷ് എടുക്കുവാൻ, അതവർ എടുക്കുകയും ചെയ്തു, ആദ്യം ആദിലും, പിന്നീട് ബിജോയിയും, അഖിലും റൂമിൽ കയറി ഹമീദ് കിടന്ന തലയണയുടെ അടിയിൽ നിന്നും താക്കോൽ എടുത്ത് അലമാര തുറന്നിട്ടും ഹമീദ് അതറിഞ്ഞതേയില്ല, പത്തരയ്ക്കും, പതിനൊന്ന്  മണിയ്ക്കും ഇടയിൽ മരിച്ചയാൾ അതെങ്ങനെ അറിയുവാനാണ്???? അവർ ഹമീദിന്റെ വീട്ടിൽ കയറിയ സമയം പറഞ്ഞത് ശരിയാണോ എന്നത് അന്വേഷിച്ച് ഉറപ്പ് വരുത്തണം, അതിന് സൈബർ സെല്ലിന്റെ സഹായം വീണ്ടും തേടേണ്ടി വരും, അവർ പറഞ്ഞ സമയത്ത് അവർ ആ വീട്ടിലുണ്ടായിരുന്നു എന്നത് ഫോൺ സിഗ്നൽ ട്രേസ് ചെയ്താൽ അറിയുവാൻ കഴിയുമായിരിക്കും, അവർ മൂവരും മൊബൈൽ ലൈറ്റ്  തെളിച്ചാണ് രണ്ടാം നിലയിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നത് എന്ന് അവരുടെ മൊഴിയിൽ നിന്ന് വ്യക്തമാണല്ലോ,ആ നിലയ്ക്ക് സമയത്തിന്റെ കാര്യത്തിൽ ക്ലാരിറ്റി വരുത്തുവാൻ കഴിയും, അത് സത്യമാണെങ്കിൽ കൊലപാതകുറ്റം സംബന്ധിച്ച് അവരുടെ മേൽ ഉള്ള സംശയം ഒഴിവാകും.

അപ്പോൾ പത്തിനും, പതിനൊന്ന് മണിക്കും ഇടയിൽ വീട്ടിൽ കയറിയ ആരോ ഒരാളാണ് ഹമീദിനെ കൊലപ്പെടുത്തിയത്, പണം എടുക്കാൻ വേണ്ടിയാണ് ഹമീദിനെ കൊലപ്പെടുത്തിയതെങ്കിൽ എന്ത് കൊണ്ട് കൊലയാളി അലമാരയിൽ ഇരുന്ന അഞ്ച് ലക്ഷം രൂപ എടുത്തില്ല?അപ്പോൾ പണം ആയിരുന്നില്ല കൊലയാളിയുടെ ലക്ഷ്യം വേറെന്തോ ആയിരുന്നു, ശരിയല്ലേ ബെഞ്ചമിൻ?

അതെ ഷറഫുദ്ദീൻ സാർ, പണം എടുക്കുക ആയിരുന്നില്ല  കൊലയാളിയുടെ ലക്ഷ്യം, ഒരുപക്ഷേ ആ അലമാരയിൽ പണം ഉണ്ടെന്നുള്ള വിവരം അയാൾക്ക് അറിയില്ലായിരിക്കും, ഇനി ആദിൽ ആധാരം എടുക്കാൻ വന്നത് പോലെ വേറെ എന്തെങ്കിലുമൊന്ന് എടുക്കുവാൻ വേണ്ടി ആയിരിക്കുമോ കൊലയാളി വന്നിട്ടുള്ളത്, ഹമീദ്  പണം പലിശയ്ക്ക് കൊടുക്കുമ്പോൾ എന്തായാലും ചെക്കും, 200 രൂപയുടെ മുദ്ര പേപ്പറിൽ എഴുതി വാങ്ങുകയും ചെയ്യുമല്ലോ, അങ്ങനെ വലിയൊരു തുക കൊടുക്കാനുള്ളയാൾ ആയിരിക്കുമോ ഹമീദിനെ  കൊലപ്പെടുത്തിയിട്ടുണ്ടാവുക? ഹമീദിന്റെ ഡയറിയിൽ പണം വാങ്ങിയ ആളുകളുടെ വിവരങ്ങൾ വിശദമായി എഴുതിയിട്ടുണ്ട്, രാവിലെ സ്റ്റേഷനിൽ ചെന്ന് പണം പലിശയ്ക്ക് വാങ്ങിയ ആളുകൾ കൊടുത്ത ചെക്കും, മുദ്ര പത്രങ്ങളും കൃത്യമായി ഉണ്ടോയെന്ന് പരിശോധിക്കാം, അതിൽ നിന്ന് എന്തെങ്കിലും മിസ്സ് ആയിട്ടുണ്ടെങ്കിൽ  അതിന്റെ ഉടമ തന്നെയായിരിക്കും ഹമീദിനെ കൊലപ്പെടുത്തിയിട്ടുണ്ടാവുക.

വളരെ നല്ല മികച്ച നീക്കമാണ് ബെഞ്ചമിൻ അത്, തീർച്ചയായും ആ വലയിൽ കൊലയാളി കുടുങ്ങാതിരിക്കില്ല, എന്റെ ബലമായ സംശയം അഖിലും,ബിജോയിയും പറഞ്ഞ ആ ജിം ഇൻസ്ട്രക്ടറെയാണ്, സംഭവം നടന്ന ദിവസം രാത്രി 8:30 മണിയോടെ അയാൾ ഹമീദിന്റെ പോയത് അഖിൽ കണ്ടല്ലോ, ഹമീദുമായി സംസാരിച്ച ശേഷം വീട്ടിലേക്ക് പോകാതെ അയാൾ അവിടെ ഹമീദ് കാണാതെ എവിടെയെങ്കിലും ഒളിച്ചിരുന്ന് കാണും, തീരെ വോൾട്ട് കുറഞ്ഞ L.E.D  ബൾബുകൾ ആണല്ലോ അകത്തുള്ളത്, രാത്രി പുള്ളിക്ക് കാഴ്ചയും കുറവാണല്ലോ, അപ്പോൾ ഹമീദ് അറിയാതെ ഒളിച്ചിരിക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല, ഹമീദ് ഉറങ്ങുന്ന സമയം വരെ അയാൾ വെയിറ്റ് ചെയ്ത് കാണും, കിടന്ന് അധികം സമയമായിട്ടില്ലാത്തതിനാൽ താക്കോൽ എടുത്ത് അലമാര തുറന്നപ്പോൾ ഹമീദ് ഉണർന്ന് കാണും, അപ്പോഴത്തെ സാഹചര്യത്തിൽ നിവർത്തിയില്ലാതെ അയാൾ തലയണ ഉപയോഗിച്ച് ഹമീദിനെ കൊലപ്പെടുത്തിയ ശേഷം അലമാരയിൽ നിന്ന് ചെക്കും, മുദ്രപത്രവും എടുത്ത് മുകളിലെ ബാൽക്കണി വഴി ക്വാർട്ടേഴ്സിലേക്ക്  രക്ഷപ്പെട്ട് കാണും, ഒരുപക്ഷേ അങ്ങനെ സംഭവിച്ചതായി കൂടെ ബെഞ്ചമിൻ?

അങ്ങനെയും സംഭവിച്ചിരിക്കാം സാർ, നിലവിൽ ഇതൊന്നും നേരിട്ട് കണ്ട ദൃക്സാക്ഷികൾ ആരുമില്ലാത്തതിനാൽ നമുക്ക് ഇങ്ങനെയുള്ള നിഗമനങ്ങൾ പറയാമെന്നല്ലാതെ വേറെ ഓപ്ഷൻ ഒന്നുമില്ലല്ലോ, നാളെ രാവിലെ സ്റ്റേഷനിൽ എത്തിയാലുടൻ ഹമീദിന്റെ വീട്ടിൽ നിന്നും കിട്ടിയ ചെക്കും, മുദ്രപത്രങ്ങളും പരിശോധിക്കുന്നു, അതിൽ നിന്നും ഒന്നും മിസ്സ് ആയിട്ടില്ലെങ്കിൽ പോലും നമ്മൾ ജിം ഇൻസ്ട്രക്ടർ മനുവിനെ നാളെ രാവിലെ തന്നെ ചോദ്യം ചെയ്യുന്നു, കൂടാതെ അവിടെയുള്ള എല്ലാ താമസക്കാരെയും, പറ്റുമെങ്കിൽ അന്ന് തന്നെ എല്ലാവരെയും ചോദ്യം ചെയ്യണം, പിന്നെ സാർ അനന്തരവളെ വിളിച്ച് ഫോറൻസിക് റിപ്പോർട്ട് ഒന്ന് സ്പീഡിലാക്കുവാൻ പറയണം.

ഞാനത് രാവിലെ തന്നെ റുഖിയയെ വിളിച്ച് പറയാമെടോ.

എനിക്ക് നിങ്ങൾ ഈ കേസിന്റെ കാര്യം ആദ്യം പറഞ്ഞപ്പോൾ തന്നെ ഇതത്ര എളുപ്പത്തിൽ കണ്ടെത്താവുന്ന കേസല്ലെന്ന് എന്തോ മനസ്സിൽ തോന്നിയിരുന്നു, ഇപ്പോൾ കാര്യങ്ങളുടെ പോക്ക് കണ്ടിട്ട് ഞാനന്ന് വിചാരിച്ചത് ഏറെക്കുറെ ശരിയാണെന്ന് തോന്നുന്നല്ലോ ബെഞ്ചമിൻ?

ഹാരിസ് പറഞ്ഞത് വാസ്തവമാണ്, ഈ കേസിന്റെ അന്വേഷണം ആരംഭിക്കുമ്പോൾ ഇതിത്ര കോംപ്ലിക്കേറ്റഡ് ആയ ഒരു കേസ് ആണെന്ന് ഞാൻ  കരുതിയതേയില്ല. ചെറിയൊരു നിരാശ  ബെഞ്ചമിന്റെ സ്വരത്തിൽ ഉണ്ടായിരുന്നു.

ബെഞ്ചമിൻ ഞാൻ തന്നെ നിരുത്സാഹപ്പെടുത്താൻ വേണ്ടി പറഞ്ഞതൊന്നുമല്ല കേട്ടോ, ഇതിലും ബുദ്ധിമുട്ട് നിറഞ്ഞ കേസുകൾ നിങ്ങൾ രണ്ട് പേരും ചേർന്ന് തെളിയിച്ചിട്ടുള്ളതാണല്ലോ, ആ നിലയ്ക്ക് ഈ കേസും നിങ്ങൾക്ക് തെളിയിക്കാൻ സാധിക്കും, ചിലപ്പോൾ കുറച്ചധികം സ്‌ട്രെയിൻ ചെയ്യേണ്ടി വരുമെന്ന് മാത്രം.

ബുദ്ധിമുട്ടുകൾ അതാണല്ലോ കേസന്വേഷ ണത്തിന്റെ ത്രിൽ,  പിടിക്കാതിരിക്കപ്പെടാൻ കൊലയാളിയും, പിടിക്കാൻ നമ്മളും ശ്രമിക്കും, കൊലയാളി നമ്മളെക്കാൾ ഒരു പടി ബുദ്ധിമാൻ ആണെന്ന് ചിന്തിച്ച് അന്വേഷിച്ചാൽ മാത്രമേ നമുക്ക് യഥാർത്ഥ കൊലയാളിയിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ.

ചർച്ചകൾ അങ്ങനെ നീണ്ടു പോയി, മദ്യം കഴിക്കുമ്പോഴാണ് അവർക്ക് കേസിനെ പറ്റി പല രീതിയിലുള്ള നിഗമനങ്ങൾ പറയാനും, അതിന്റെ സാധ്യതകളെയും, സാധ്യത ഇല്ലായ്മകളെയും പറ്റിയും ചർച്ച ചെയ്യുവാൻ സാധിച്ചിരുന്നത്, പതിവ് പോലെ ഭക്ഷണം കഴിഞ്ഞ് ഹാരിസ് വീട്ടിലേക്ക് പോയി, ബെഞ്ചമിനും, ഷറഫുദ്ദീനും ഭക്ഷണം കഴിച്ച്‌ കിടന്നു, രാവിലെ 9 മണിയോടെ അവർ സ്റ്റേഷനിൽ എത്തി ഹമീദിന്റെ അലമാരയിൽ നിന്ന് കിട്ടിയ ചെക്കും, മുദ്രപത്രങ്ങളും പരിശോധിച്ചു, അതിന്
ശേഷം അവർ ക്വാർട്ടേഴ്സിലേക്ക് പോയി, അപ്പോഴേക്കും രാവിലത്തെ ട്രെയിനിങ് കഴിഞ്ഞ് ഇൻസ്പെക്ടർ മനു റൂമിൽ എത്തിയിരുന്നു, കോളിംഗ് ബെൽ അടിച്ചു 5 മിനിറ്റിനു ശേഷമാണ് അയാൾ വാതിൽ തുറന്നത്.

സോറി സാർ ഞാൻ കുളിക്കുകയായിരുന്നു, രാവിലത്തെ ട്രെയിനിങ് ക്ലാസ് കഴിഞ്ഞ് വരുമ്പോൾ വല്ലാതെ വിയർക്കും, അതാണ് വന്ന ഉടനെ തന്നെ കുളിക്കുന്നത്, വരൂ അകത്തിരിക്കാം സാർ.

അവിടെ ഇരിക്കൂ സാർ ... സോഫ ചൂണ്ടി കാണിച്ച് കൊണ്ട് മനു പറഞ്ഞു.

അഖിൽ ഇന്നലെ മനുവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ബെഞ്ചമിന് തോന്നി, കയ്യിലെ കനത്ത മസിലുകൾ പുറത്ത് കാണത്തക്ക രീതിയിലുള്ള ഒരു ടീ ഷർട്ടും, ബർമുഡയും ആയിരുന്നു മനുവിന്റെ വേഷം, മസിലുകളുടെ ആധിക്യം കാരണം ബലം പിടിച്ച് നടക്കുന്നത് പോലെയായിരുന്നു അയാളുടെ നടത്തം, ഹാളിലെ ഭിത്തിയിൽ റോക്ക് ക്ലൈമ്പിങ്ങ്  നടത്തുന്നതിന്റെയും, ബോഡി ബിൽഡിംഗ്  കോമ്പറ്റീഷകളിൽ പങ്കെടുത്തതിന്റെയും നിരവധി ഫോട്ടോകൾ തൂക്കിയിരുന്നു.

ഞങ്ങൾ വന്നത് ഹമീദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ചോദിച്ചറിയുവാൻ വേണ്ടിയായിരുന്നു, നിങ്ങളുടെ മുഴുവൻ പേര് എന്താണ്, നിങ്ങൾ ഒറ്റയ്ക്കാണോ ഇവിടെ താമസിക്കുന്നത്?

എന്റെ  മുഴുവൻ പേര് മനു മാത്യൂസ് എന്നാണ് സാർ, ഭാര്യ ചെറിയ ചില  സൗന്ദര്യ പിണക്കങ്ങൾ കാരണം അവളുടെ വീട്ടിലേക്ക് പോയി.

ജിം നിങ്ങൾ സ്വന്തമായി നടത്തുന്നതാണോ?

അല്ല സാർ ഞാൻ അവിടെ ഇൻസ്ട്രക്ടർ മാത്രമാണ്.

ഹമീദ് കൊല്ലപ്പെട്ട ദിവസം ഞായറാഴ്ച ദിവസം പകലോ, രാത്രിയോ എന്തെങ്കിലും ആവശ്യത്തിനായി നിങ്ങൾ ഹമീദിന്റെ വീട്ടിൽ പോയിരുന്നോ?

ഇല്ല സാർ ഞായറാഴ്ച ജിമ്മ് ലീവ് ആയതിനാൽ അന്ന് ഈവനിംഗ് ഞാൻ ഒരു ഫിലിം കാണാൻ പോയിരുന്നു.


ഏതു ഫിലിമിനാണ് അന്ന് മനു പോയത്?


അത് ഞാൻ, ആ സിനിമയുടെ പേര്, കൽക്കി എന്ന സിനിമ ആണ് സാർ.
സിനിമയുടെ പേര് ആലോചിക്കുവാനായി മനുവിന് കുറച്ച് സെക്കന്റകളോളം സമയം വേണ്ടി വന്നിരുന്നു, അതിൽ നിന്ന് തന്നെ അയാൾ പറഞ്ഞത് നുണയാണെന്ന് ബെഞ്ചമിന് ബോധ്യമായി.

ഹമീദിന്റെ വീട്ടിൽ നിന്ന് 5 ലക്ഷം രൂപ മോഷ്ടിച്ചതിന് ഇവിടെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന അഖിലിനെയും, ബിജോയിയെയും ഞങ്ങൾ അറസ്റ്റ്  ചെയ്തിരുന്നു.

ഞാൻ ആ വിവരം അറിഞ്ഞൂ സാർ, അവർ 5 ലക്ഷം രൂപയും എടുത്ത് ഇക്കയെ കൊല്ലുകയും ചെയ്തു അല്ലേ.

അവന്മാരെ കണ്ടാൽ തോന്നില്ല  അങ്ങനെ ചെയ്യുന്നവന്മാർ ആണെന്ന്. കാഴ്ചയ്ക്കൊക്കെ എല്ലാവരും നല്ലതായിരിക്കും, പക്ഷേ ഉള്ളിലിരുപ്പ് വളരെ മോശമായിരിക്കും. അർത്ഥം വെച്ച് കൊണ്ടുള്ള ബെഞ്ചമിന്റെ വാക്കുകൾ മനുവിന്റെ മുഖത്ത് ചെറിയൊരു ചമ്മൽ ഉളവാക്കി

ഞായറാഴ്ച രാത്രി എട്ടര മണിക്ക് നിങ്ങൾ ഹമീദിന്റെ വീട്ടിലേക്ക് പോയത് കണ്ടുവെന്ന് അഖിൽ ഞങ്ങളോട് രാവിലെ പറഞ്ഞു, ഹമീദിന്റെ വീട്ടിലേക്ക് പോയിട്ടില്ലായെന്ന് എന്തിനാണ് നിങ്ങൾ നുണ പറഞ്ഞത് മിസ്റ്റർ മനു മാത്യൂസ്?

ഹമീദിന്റെ വീടും,പരിസരവും ഇരുട്ടായത് കൊണ്ട് തന്നെയാരും കണ്ടിട്ടില്ലായെന്ന ധാരണയിൽ ഇരുന്ന മനുവിന് ബെഞ്ചമിന്റെ ആ ചോദ്യം ഉൾക്കിടിലം ഉണ്ടാക്കി, എന്താണ് പറയേണ്ടത് എന്നറിയാതെ അയാൾ വാക്കുകൾക്കായി തപ്പി തടഞ്ഞു ...


(തുടരും) 


malayalam stories - panchoni.com


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.