നിങ്ങള് സമയം മെനക്കെടുത്താതെ അന്ന് രാത്രി നടന്നതെന്താണെന്ന് വിശദമായി ആ സാറിനോട് പറഞ്ഞ് കൊടുത്താൽ പ്രശ്നം തീർന്നു, ചെറിയ പ്രായമല്ലേ പോലീസുകാരുടെ ഇടിയൊക്കെ കൊണ്ടാൽ താങ്ങത്തില്ല മക്കളെ

 Malayalam Story

 

തുടർകഥ  : അജ്ഞാത കൊലയാളി

രചന : എം.നിയാസ്

(ഭാഗം - 8)

 

വേണ്ട ഗഫൂർ ഇനിയവരെ ഉപദ്രവിക്കണ്ട, ഇപ്പോൾ തന്നെ അവർ വല്ലാതെ പാനിക് ആണ്, ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഇവന്മാര് മറുപടി പറയാതെ വരുമ്പോൾ മാത്രം ഗഫൂർ ഇടപെട്ടാൽ മതി കേട്ടോ. 

 

ഗഫൂറിനെ കണ്ണടച്ച് കാണിച്ച് കൊണ്ട് ബെഞ്ചമിൻ പറഞ്ഞു, അവരെ നോർമൽ സ്റ്റേജിലേക്ക് കൊണ്ട് വരേണ്ടത് ചോദ്യം ചെയ്യലിന്റെയൊരു  ഭാഗമായിരുന്നു.


നിങ്ങള് സമയം മെനക്കെടുത്താതെ അന്ന് രാത്രി നടന്നതെന്താണെന്ന് വിശദമായി ആ സാറിനോട് പറഞ്ഞ് കൊടുത്താൽ പ്രശ്നം തീർന്നു, ചെറിയ പ്രായമല്ലേ പോലീസുകാരുടെ ഇടിയൊക്കെ കൊണ്ടാൽ താങ്ങത്തില്ല മക്കളെ ...!!!


ഷറഫുദ്ദീൻ അവരെയൊന്ന് സമാധാനമാക്കുവാൻ വേണ്ടിയും, നടന്നതെന്താണെന്ന് പെട്ടന്ന് തുറന്ന് പറയാനും വേണ്ടി കൂടി അങ്ങനെ പറഞ്ഞു.

അന്ന് വൈകുന്നേരം ഹമീദിന്റെ വീട്ടിൽ ഉണ്ടായ വഴക്ക് നിങ്ങൾ മേലെ  ക്വാർട്ടേഴ്സിൽ ഇരുന്ന് കേട്ട് കാണും അല്ലേ???
അഞ്ച് ലക്ഷം രൂപ അവിടെയുണ്ടെന്ന് കേട്ട് അന്ന് രാത്രി അതെടുക്കുവാനായി നിങ്ങൾ ചെന്നപ്പോൾ നിർഭാഗ്യവശാൽ ഹമീദ് ഉണർന്ന് കാണും, ഹമീദ് നിങ്ങളെ കണ്ട സ്ഥിതിക്ക് നിവൃത്തിയില്ലാതെ നിങ്ങൾക്ക് ഹമീദിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊല്ലേണ്ടി വന്നു അല്ലേ???? ഹമീദിനെ കൊല്ലണമെന്ന ഉദ്ദേശമൊന്നും നിങ്ങൾക്ക് ഇല്ലായിരിക്കും, അത് ഞങ്ങൾക്കറിയാം, നിങ്ങളുടെ ഉദ്ദേശം ക്യാഷ് എടുക്കുക എന്നത് മാത്രമായിരുന്നു, തികച്ചും സ്വാഭാവികം, ആകസ്മികമായി അങ്ങനെ സംഭവിച്ച് പോയി, അതാണ് വാസ്തവം അല്ലേ??
ബെഞ്ചമിന്റെ വാക്കുകൾ കേട്ട അഖിലും,ബിജോയിയും പരസ്പരം നോക്കി,ശേഷം അഖിൽ ചോദിച്ചു???


ഹമീദിക്കാ മരിച്ച് പോയി എന്നാണോ സാർ പറയുന്നത്??? ഞങ്ങളു ഇക്കയെ കൊന്നെന്നോ??? സാറേ അന്ന് നടന്ന കാര്യങ്ങൾ ഞങ്ങൾ വിശദമായി പറയാം, ഞങ്ങൾക്ക് കുടിക്കാൻ കുറച്ച് വെള്ളം കിട്ടിയിരുന്നെങ്കിൽ????


ഹമീദിന്റെ മരണവാർത്ത കൂടി അറിഞ്ഞപ്പോൾ അവർ അക്ഷരാർത്ഥത്തിൽ സ്തംഭിച്ച് പോയി, പൊട്ടിച്ച ഒരു ബോട്ടിലിൽ ബാക്കിയുണ്ടായിരുന്ന വെള്ളം ബെഞ്ചമിൻ അവർക്ക് നൽകി, അതിൽ ബാക്കിയുള്ള വെള്ളം മുഴുവൻ അവർ  രണ്ട് പേരും കുടിച്ച് തീർത്തു.


സാറേ ഇവന് നേഴ്സിംഗ് കോളേജിലെ കൂടെ പഠിക്കുന്ന ഒരു കുട്ടിയുമായി പ്രേമത്തിൽ ആയിരുന്നു, അവൾ താമസിക്കുന്നത് ഇക്കയുടെ വീടിന്റെ പുറകിലുള്ള ലേഡീസ് ഹോസ്റ്റലിൽ ആണ്, ഇക്കയുടെ വീടിന്റെ പുറക് വശം വഴി കേറിയാൽ ഹോസ്റ്റലിന്റെ പിന്നിൽ എത്താം സെക്യൂരിറ്റി ഫ്രണ്ടിൽ ആണുള്ളത്, പുറകിലേക്ക് അങ്ങനെ വരാറില്ല, ആ കുട്ടി താഴത്തെ നിലയിലെ ഒരു റൂമിലാണ് താമസിക്കുന്നത്, അവളെ കാണുവാനായിട്ടാണ് ഞങ്ങൾ ആ രാത്രി പോയത്. ബിജോയിയെ ചൂണ്ടി കാണിച്ച് കൊണ്ട് അഖിൽ പറഞ്ഞു.

 

Malayalam Story

ബിജോയി അയാളുടെ കാമുകിയെ കാണാൻ പോകുന്നത് ഒ.കെ,അത് അവന്റെ കാര്യം, അതിന് നീയെന്തിനാണ് അവന്റെയൊപ്പം പോയത്????


രണ്ട് പേരും ഒരുമിച്ച് പോയതിലുള്ള സംശയം ബെഞ്ചമിൻ അഖിലിനോട് ചോദിച്ചു.


സാറേ ആ വീടിന്റെ കോമ്പൗണ്ട് മുഴുവൻ ഭയങ്കര ഇരുട്ടാണ്, പിന്നെ മരങ്ങളുടെ ഉണങ്ങിയ ഇലകൾ വീണതൊന്നും തൂത്ത് മാറ്റാത്തതിനാൽ  പാമ്പിന്റെ ശല്യമുണ്ടാകുമെന്ന് പേടിച്ച് ഒറ്റയ്ക്ക് പോകുവാൻ ഇവന് പേടിയാണ്, അത് കൊണ്ടാണവൻ എന്നെ നിർബന്ധപൂർവ്വം  ഹോസ്റ്റലിലേക്ക് കൂട്ടി കൊണ്ട് പോകുന്നത്.


നിങ്ങൾ എത്ര മണിക്കാണ് അങ്ങോട്ട് പോയത്?


പന്ത്രണ്ടേ കാൽ മണിക്കാണ് പോയത് സാറേ...


കൃത്യം പന്ത്രണ്ടേ കാൽ മണിക്ക് തന്നെ പോയോ??


ഞങ്ങളുടെ തൊട്ടടുത്ത റൂമിൽ താമസിക്കുന്നത് ഒരു ജിമ്മിന്റെ ഇൻസ്ട്രക്ടർ ആണ്, അയാൾ 12:00 മണിയെങ്കിലും ആകാതെ കിടക്കില്ല, അയാൾ കിടന്ന ശേഷം റൂമിലെ ലൈറ്റ് അണച്ച ശേഷമാണ് ഞങ്ങൾ  ഹോസ്റ്റലിലേക്ക് പോയത്, ക്വാർട്ടേഴ്സിൽ നിന്ന് ഇറങ്ങിയപ്പോൾ സമയം 12:15 ആയിരുന്നു.


നിങ്ങൾ വിറക് പുരയുടെ അടുത്ത് കൂടിയായിരിക്കും ഹോസ്റ്റലിലേക്ക് പോയത് അല്ലേ???


അതെ സാർ .... വിറക് പുരയുടെ അരികിലൂടെയാണ് ഞങ്ങൾ പോയത്.


വിറക് പുരയുടെ അടുത്ത് വെച്ച് നിങ്ങൾ ആരെയെങ്കിലും കണ്ടിരുന്നോ?


ഇല്ല സാർ അവിടെങ്ങും ആരും ഉണ്ടായിരുന്നില്ല.
 

പകല് കോളേജിൽ വെച്ച് നിനക്ക് കാമുകിയെ കാണാനും സംസാരിക്കാനും സമയമുണ്ടല്ലോ, പിന്നെന്തിനാണ് ഇത്ര റിസ്കെടുത്ത് കഷ്ടപ്പെട്ട് അർദ്ധരാത്രി ഹോസ്റ്റലിലേക്ക് പോയത്??? ആ പോക്കിന് പിന്നിൽ വേറെയെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ?


അത് സാറേ ഞാൻ ... ബാക്കി പറയാതെ ബിജോയ് മടിച്ച് നിന്നു.


അങ്ങോട്ട് പറഞ്ഞ് കൊടുക്കടാ, പാതിരാത്രി ഹോസ്റ്റലിന്റെ മതില് ചാടി കടക്കാൻ നിനക്കൊന്നും ഒരു ബുദ്ധിമുട്ടില്ല, നടന്നത് എന്താണെന്ന് സാറിനോട് കൃത്യമായി പറഞ്ഞ് കൊടുക്ക്.


തക്ക സമയത്ത് തന്നെ ഗഫൂർ ഇടപെട്ടു
അവള് ഇടയ്ക്ക് വിളിച്ച് അങ്ങോട്ട് ചെല്ലാൻ പറയും സാറേ ...


ആ കുട്ടിയുടെ റൂമിൽ വേറെയും പെൺ കുട്ടികൾ ഇല്ലേ??? ആ സ്ഥിതിക്ക് നിനക്ക് എങ്ങനെ ആ മുറിയിൽ കയറാൻ പറ്റും?


ഞാൻ റൂമിനകത്തേക്ക് കയറാറില്ല സാറേ, അവൾ പുറത്തേക്ക് ഇറങ്ങി വരും.


സെക്യൂരിറ്റി ഒരിക്കലും പുറകിലേക്ക് വരാറില്ല എന്നാണോ?


പ്രായം ചെന്ന ഒരാളാണ് സാറേ .... സെക്യൂരിറ്റി, അയാൾ 12 മണിയൊക്കെ ആകുമ്പോൾ കിടക്കും, ഹോസ്റ്റലിന്റെ മുന്നിലെ പോസ്റ്റിൽ നല്ല വെളിച്ചമുള്ള ലൈറ്റ് ഉള്ളത് കൊണ്ട് അത് വഴി ആരും വരില്ല, പുറകിൽ പഴയ ഫർണിച്ചറും, ബെഡ്ഡുമൊക്കെ ഇടുന്ന ഒരു റൂമുണ്ട്, അങ്ങോട്ടേക്ക് അവൾ വരും.


നിങ്ങൾ തമ്മിൽ അവിടെ വെച്ച് ശാരീരിക ബന്ധത്തിൽ  ഏർപ്പെടാറുണ്ട് അല്ലേ????


വല്ലപ്പോഴുമൊക്കെ ചെയ്യാറുണ്ട്.


അപ്പോൾ നിന്റെ കൂടെ വരുന്ന ഇവൻ എവിടെ നിൽക്കും?


അവൻ റൂമിന്റെ പുറത്ത് നിൽക്കും, സെക്യൂരിറ്റിയോ, വേറെയാരെങ്കിലുമോ വന്നാൽ അവൻ സിഗ്നൽ നൽകും, പക്ഷേ ഇത് വരെ ആരും പുറകിലേക്ക് വന്നിട്ടില്ല.


അന്ന് രാത്രി എത്ര മണിക്കാണ് അവിടെ നിന്നും നിങ്ങൾ ഹമീദിന്റെ വീട്ടിലേക്ക് പോയത്??


സാറേ ഞങ്ങൾ ഇക്കയുടെ വീട്ടിലേക്ക് പോകാൻ ഉദ്ദേശിച്ചല്ല അന്ന് ഹോസ്റ്റലിലേക്ക് പോയത്.


ഓ പിന്നെ നീയൊക്കെ എന്തിനാണ് പിന്നെ ആ വീട്ടിലേക്ക് കയറിയത്?കഞ്ഞിക്ക് കഴിക്കാൻ അച്ചാർ വല്ലതുമുണ്ടോയെന്ന് നോക്കാൻ കയറിയതായിരിക്കും അല്ലേ???


അതിനിടയ്ക്ക് ഗഫൂറിന്റെ പരിഹാസം നിറഞ്ഞ ചോദ്യം ഉയർന്നു.
 


സാറേ ഞങ്ങൾ മതില് ചാടി ക്വാർട്ടേഴ്സിലേക്ക് നടക്കുമ്പോഴാണ് ബിജോയ് ആണ് അത് കണ്ടത്.


എന്താണ് ബിജോയ്‌ നീ കണ്ടത്?? നീയാണല്ലോ കണ്ടത്, ആ സ്ഥിതിക്ക് ബാക്കി നീ പറ ...


വെറുതെ ഞാൻ മുകളിലേക്ക് ഒന്ന് നോക്കിയപ്പോഴാണ് ബാൽക്കണിയുടെ ഡോർ തുറന്ന് കിടക്കുന്നത് കണ്ടത്, ഡോർ തുറന്ന് കിടക്കുന്ന കാര്യം ഞാൻ അഖിലിനോട് പറഞ്ഞു, പെട്ടെന്നാണ് ഞങ്ങളുടെ മനസ്സിൽ അന്ന് വൈകുന്നേരം ഉണ്ടായ വഴക്കിന്റെ കാര്യം ഓർമ്മ വന്നത്, കൂടാതെ രാവുണ്ണി ചേട്ടൻ പറഞ്ഞ കാര്യങ്ങളും ഞങ്ങളുടെ ഓർമ്മയിൽ  വന്നു.


രാവുണ്ണി എന്താണ് നിങ്ങളോട് പറഞ്ഞത്???? രാവുണ്ണിയുമായി നിങ്ങൾക്ക് എന്ത് തരത്തിലുള്ള റിലേഷൻ ആണ് ഉണ്ടായിരുന്നത്???


രാവുണ്ണി ചേട്ടനെ വിട്ട് ഞങ്ങൾ ഇടയ്ക്ക് ബീവറേജിൽ നിന്നും ലിക്വർ വാങ്ങാറുണ്ട്, രണ്ട് പെഗ്ഗ് ചേട്ടനും കൊടുക്കും, അങ്ങനെ  കഴിക്കുന്ന സമയത്ത് രാവുണ്ണി ചേട്ടൻ  ഹമീദിക്കയുടെ കാര്യങ്ങൾ പറയാറുണ്ട്.


എന്താണ് ഹമീദിനെ കുറിച്ച് രാവുണ്ണി നിങ്ങളോട് പറഞ്ഞത്?


ഫിറ്റായി കഴിഞ്ഞാൽ രാവുണ്ണി ചേട്ടൻ ഹമീദിക്കയെ പൂരം തെറി പറയും, ഭയങ്കര പിശുക്കനാണെന്നും, അവനൊന്നും ചത്താൽ ചീയത്തില്ലായെന്നുമൊക്കെ പറയും.


ഹമീദിന് രാത്രി കണ്ണ് വ്യക്തമായി കാണില്ല എന്നതും, ലോക്കറിന്റെ കാര്യവുമൊക്കെ രാവുണ്ണി നിങ്ങളോട് പറഞ്ഞിട്ടുണ്ട് അല്ലേ?


കുടിച്ച് ഫിറ്റായി കഴിയുമ്പോൾ ഞങ്ങൾ ചോദിക്കാതെ തന്നെ എല്ലാ കാര്യവും രാവുണ്ണി ചേട്ടൻ പറയും സാറേ, എങ്ങനെയെങ്കിലും ബെഡ്‌റൂമിലെ ലോക്കർ തുറക്കാൻ പറ്റിയിരുന്നെങ്കിൽ അവിടെ നിന്ന് കാശുമെടുത്ത് താൻ മുങ്ങുമെന്ന് ദേഷ്യം പിടിച്ച് പലതവണ ഞങ്ങളോട് അയാൾ പറഞ്ഞിട്ടുണ്ട് സാറെ ...


അപ്പോൾ രാവുണ്ണിയാണ് നിങ്ങൾക്ക് അഞ്ച് ലക്ഷം രൂപ അവിടെ ഇരിപ്പുണ്ടെന്ന ഇൻഫർമേഷൻ തന്നത് അല്ലേ?


ഹമീദിന്റെ വീട്ടിൽ വഴക്ക് ഉണ്ടായത് മേലെ ഇരുന്ന് കേട്ടു എന്നൊക്കെ പറഞ്ഞത് കളവല്ലേ?

 

അയ്യോ അല്ല സാറേ, രാവുണ്ണി ചേട്ടൻ അങ്ങനെയൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല, രാത്രി കിട്ടുന്ന പണമൊക്കെ പിറ്റേ ദിവസം രാവിലെയേ ലോക്കറിൽ വെക്കാറുള്ളൂ എന്ന് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്, ഇന്നലെ വൈകുന്നേരം അവിടെ ഉണ്ടായ വഴക്ക് ക്വാർട്ടേഴ്സിൽ ഇരുന്നാൽ ക്ലിയർ ആയി കേൾക്കാമായിരുന്നു, ഉയരത്തിൽ ഇരിക്കുന്നത് കൊണ്ട് അവിടെ എന്ത് ഉറക്കെ പറഞ്ഞാലും ക്വാർട്ടേഴ്സിൽ വ്യക്തമായി കേൾക്കും സാറേ, വാതിൽ തുറന്ന് കിടന്നത് കണ്ടപ്പോൾ ഞാനാണ് സാറേ അഖിലിനോട് അകത്ത് കയറി പണം ഉണ്ടോ എന്ന് നോക്കാമെന്ന് പറഞ്ഞത്, നല്ല തണുപ്പുള്ള രാത്രി ആയത് കൊണ്ട് ഇക്ക നല്ല ഉറക്കത്തിൽ ആയിരിക്കുമെന്നും ഞാൻ അവനോട് പറഞ്ഞു, പോരാത്തതിന് അങ്ങേർക്ക് രാത്രി കണ്ണും കാണില്ലല്ലോ, അങ്ങനെ ഞങ്ങൾ വിറക് പുരയ്ക്ക് അടുത്ത് ഉണ്ടായിരുന്ന ഗോവണി വഴി ബാൽക്കണിയിൽ കയറി തുറന്ന് കിടക്കുന്ന വാതിലിലൂടെ വീടിനകത്തേക്ക് കയറി.


അവിടെ ഗോവണി ഉണ്ടെന്നുള്ളത് നിങ്ങൾക്ക് നേരത്തെ അറിയാമായിരുന്നോ???


പല തവണ രാത്രി അത് വഴി പോയപ്പോഴെല്ലാം അവിടെ ഗോവണി ഇരിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് സാറേ ...


നിങ്ങൾ ഹോസ്റ്റലിലേക്ക് പോകുമ്പോൾ ഗോവണി അതേ സ്ഥാനത്ത് തന്നെ ഉണ്ടായിരുന്നോ?


പോകുന്ന സമയത്ത് ഞങ്ങൾ അത് ശ്രദ്ധിച്ചില്ല സാർ ..


ബാൽക്കണി വഴി നിങ്ങൾ വീടിനുള്ളിൽ, അതായത് രണ്ടാം നിലയിൽ പ്രവേശിച്ചു, മുകളിലത്തെ നിലയിൽ വെളിച്ചം ഉണ്ടായിരുന്നോ?


ഒട്ടും വെളിച്ചം ഇല്ലായിരുന്നു സാറേ ... ഞങ്ങൾ മൊബൈൽ ലൈറ്റ് ഓണാക്കി അതിന്റെ വെളിച്ചത്തിൽ താഴേക്ക് ഇറങ്ങി, രാവുണ്ണി ചേട്ടന്റെ കൂർക്കം വലി താഴത്തെ നിലയിൽ എത്തിയപ്പോൾ തന്നെ കേൾക്കാമായിരുന്നു.


ഹമീദിന്റെ റൂം നിങ്ങൾക്ക് നേരത്തെ തന്നെ അറിയാമായിരുന്നു അല്ലേ?


ഇല്ല സാർ .. ഇക്കയുടെ മുറി ഞങ്ങൾക്ക് അറിയില്ലായിരുന്നു, താഴത്തെ നിലയിൽ രണ്ട് റൂമാണ് ഉണ്ടായിരുന്നത്, അതിലൊന്നിൽ നിന്ന് രാവുണ്ണിയുടെ കൂർക്കം വലി കേൾക്കാമായിരുന്നു, അപ്പോൾ ഞങ്ങൾ രണ്ടാമത്തെ റൂമിലേക്ക് നടന്നു.


നിങ്ങൾ ചെല്ലുമ്പോൾ ആ റൂമിന്റെ വാതിൽ തുറന്ന് കിടക്കുകയായിരുന്നോ?
അതോ വെറുതെ ചാരിയിട്ടിരിക്കുകയായിരുന്നോ?


ഡോർ ലോക്ക് ചെയ്തിട്ടില്ലായിരുന്നു സാർ, ചാരി ഇട്ടിരിക്കുകയായിരുന്നു.


ഹമീദിന്റെറൂമിൽ നല്ല  ഇരുട്ടായിരുന്നു അല്ലേ???


വെളിച്ചം തീരെ കുറവായിരുന്നു ഒരു മഞ്ഞ നിറത്തിലുള്ള ഒരു സീറോ വോൾട്ട് ബൾബ് കത്തി കിടക്കുന്നുണ്ടായിരുന്നു.


നിങ്ങൾ ഹമീദിനെ കാണുമ്പോൾ പുതപ്പ്  ദേഹത്ത് നിന്നും മാറിയ നിലയിൽ ആയിരുന്നോ???? ബോഡി അങ്ങനെയാണ്  കണ്ടതെന്നായിരുന്നു രാവുണ്ണി ഞങ്ങളോട് പറഞ്ഞത്.


ഞങ്ങൾ കാണുന്ന സമയത്ത് ഇക്ക തല വഴി പുതപ്പ് മൂടി പുതച്ച് കിടക്കുന്നതാണ് കണ്ടത്.


ഒ.കെ എന്നിട്ട് നിങ്ങൾ ഉറങ്ങി കിടക്കുന്ന ഹമീദിന്റെ തലയണയുടെ അടിയിൽ നിന്നും താക്കോൽ എടുത്തു അല്ലേ??? താക്കോൽ തലയണക്കടിയിൽ തന്നെ ഉണ്ടാകുമെന്ന് നിങ്ങൾ എങ്ങനെ ഉറപ്പിച്ചു, ഓ രാവുണ്ണി പറഞ്ഞ് കാണും അല്ലേ?


ഇല്ല സാർ അങ്ങനെയൊരു കാര്യം രാവുണ്ണി ചേട്ടൻ ഞങ്ങളോട് പറഞ്ഞിട്ടില്ല, പൊതുവേ പറഞ്ഞ് കേട്ടിടത്തോളം അങ്ങേര് ഭൂലോക പിശുക്കൻ ആയിരുന്നല്ലോ, ആ സ്ഥിതിക്ക് മറ്റാരെയും വിശ്വാസം കാണില്ലല്ലോ, അത് കൊണ്ട് താക്കോൽ തലയണയുടെ അടിയിൽ തന്നെ കാണുമെന്ന് ഞങ്ങൾക്ക്  തീർച്ചയായിരുന്നു.


അപ്പോൾ ഇതിന് മുമ്പും നിങ്ങൾക്ക് അവിടെ കയറി പണം മോഷ്ടിക്കണമെന്ന പ്ലാൻ ഉണ്ടായിരുന്നു അല്ലേ?


അങ്ങനെ ഒരു പ്ലാൻ നേരത്തെ തന്നെ ഉണ്ടായിരുന്നു സാറേ, പക്ഷേ വീട്ടിനുള്ളിൽ എങ്ങനെ കടക്കും എന്നതായിരുന്നു പ്രശ്നം?


അതിനെന്താ നിങ്ങൾ പറഞ്ഞാൽ രാവുണ്ണി ഡോർ തുറന്ന്  തരുമായിരുന്നല്ലോ?


രാവുണ്ണി ചേട്ടനെ വിശ്വസിക്കാൻ കൊള്ളില്ല സാറേ,അയാളത് നാട് മുഴുവൻ പറഞ്ഞ് നടക്കും.


അലമാരയിൽ നിന്ന് നിങ്ങൾ എന്തൊക്കെയാണ് എടുത്തത്? നിങ്ങൾ താക്കോൽ എടുക്കുമ്പോൾ ഹമീദ് അറിഞ്ഞതേയില്ല അല്ലേ?



ഇല്ല സാർ, താക്കോൽ തലയണയുടെ അടുത്ത് തന്നെയായിരുന്നു ഉണ്ടായിരുന്നത്, അധികം അകത്തേക്ക് കൈ കടത്തേണ്ടി വന്നില്ല, അലമാര തുറന്ന് രണ്ട് മിനിറ്റ് കൊണ്ട് തന്നെ താഴത്തെ തട്ടിൽ നിന്നും പൊതിഞ്ഞ് വെച്ച നിലയിൽ ഉള്ള ക്യാഷ്  കിട്ടി.



അവിടെ വെച്ച് നിങ്ങൾ അത് തുറന്ന് നോക്കിയൊ?



ഞങ്ങളത് അപ്പോൾ തുറന്ന് നോക്കിയില്ല, ഇക്ക ഉണരുന്നതിന് മുമ്പ് ക്യാഷുമായി എത്രയും പെട്ടെന്ന് പുറത്ത് കടക്കണമെന്നായിരുന്നു ഞങ്ങളുടെ മനസ്സിൽ.



ക്യാഷ് എടുത്ത ശേഷം അലമാര നിങ്ങൾ അടയ്ക്കുന്ന സമയത്താണ് ഹബീബ് ഉണർന്നത് അല്ലേ? നിങ്ങൾ രണ്ട് പേരും ചേർന്നാണോ ഹമീദിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നത്?



ഞങ്ങൾ ഇക്കയെ ഒന്നും ചെയ്തിട്ടില്ല സാറേ, ഞങ്ങൾ മുറിയിലേക്ക് വന്നതും, അലമാര തുറന്നതും, ക്യാഷ് എടുത്തതുമൊന്നും ഇക്ക അറിഞ്ഞിട്ടേയില്ല, ക്യാഷ് അവിടെ നിന്നും മോഷണം പോയാലും കള്ളപ്പണം ആയത് കൊണ്ട് ഇക്ക പോലീസിൽ പരാതിപ്പെട്ടില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾ ക്യാഷ് അവിടെ നിന്ന് എടുത്തത്, ഞങ്ങൾ ഇക്കയെ ഒന്നും ചെയ്തിട്ടില്ല സാർ, അമ്മയാണെ സത്യം, ദയവായി ഞങ്ങളെ വിശ്വസിക്കണം.

 

നോക്കൂ തെളിവുകളെല്ലാം നിങ്ങൾക്കെതിരാണ്, നിങ്ങൾ ആ അലമാര തുറന്ന സ്ഥിതിക്ക് നിങ്ങളുടെ ഫിംഗർ പ്രിൻറുകൾ അലമാരയുടെ ഹാൻഡിലിലും, ഉൾ ഭാഗത്തുമൊക്കെ തീർച്ചയായും പതിഞ്ഞിട്ടുണ്ടാവും, തലയണയിലും നിങ്ങളുടെ ഫിംഗർ  പ്രിന്റുകൾ പതിഞ്ഞിട്ടുണ്ടാവും, ഇപ്പോൾ പണം മോഷ്ടിച്ചതിന് നിങ്ങളുടെ പേരിൽ കേസ് എടുക്കുകയാണ്, ഫോറൻസിക് റിപ്പോർട്ടും, പോസ്റ്റ്മാർട്ടം റിപ്പോർട്ടും വന്ന ശേഷം ഹമീദിനെ കൊലപ്പെടുത്തിയതിന് നിങ്ങളുടെ പേരിൽ കേസ് ചാർജ് ചെയ്യും. 

 

ബെഞ്ചമിന്റെ വാക്കുകൾ കേട്ടതും അഖിലും, ബിജോയിയും പൊട്ടിക്കരഞ്ഞു. ഗഫൂർ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന്റെ വീട്ടിൽ എത്തിച്ച് ചോദ്യം ചെയ്യുവാനായി ഒരാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങണം, അപ്പോഴേക്കും പോസ്റ്റുമാർട്ടം റിപ്പോർട്ടും, ഫോറൻസിക് റിപ്പോർട്ടും കിട്ടുമല്ലോ, പിന്നെ ഞങ്ങൾ വീട്ടിലേക്ക് പോകുന്നു വൈകുന്നേരം ഹാരിസ് വീട്ടിലേക്ക് വരുന്നുണ്ട്, പോസ്റ്റ്മാർട്ടം സംബന്ധിച്ച് വിവരങ്ങൾ ഹാരിസിൽ നിന്ന് അറിയാം.

ബെഞ്ചമിനും, ഷറഫുദ്ദീനും പുറത്തേക്ക് നടന്നു,അത്ര വലിയ ബുദ്ധിമുട്ടില്ലാതെ കേസ് തെളിഞ്ഞതിന്റെ സന്തോഷം   ബെഞ്ചമിന്റെയും, ഷറഫുദ്ദീന്റെയും മുഖത്ത് ഉണ്ടായിരുന്നു...


(തുടരും)

 

Malayalam Story

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.