തുടർകഥ : അജ്ഞാത കൊലയാളി
രചന : എം.നിയാസ്
(ഭാഗം - 7)
മേലെ ക്വാർട്ടേഴ്സിൽ ഉള്ളവരെയും, ഇന്നലെ രണ്ട് ദിവസത്തെ പലിശയുടെ പേരിൽ വഴക്ക് ഉണ്ടാക്കിയ ആളെയും, ഹമീദിന്റെ വീട്ടിൽ ഇന്നലെ ആരൊക്കെ വന്നിട്ടുണ്ട് എന്നതിന്റെയെല്ലാം സി.സി.ടിവി ദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് അവരിലൊരു ഉൾ ഭയം നമുക്ക് സൃഷ്ടിക്കാനാവും, തങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട് എന്നറിഞ്ഞാൽ വലിയ വാദ പ്രതിവാദങ്ങക്കൊന്നും നിൽക്കാതെ ഹമീദിനെ കൊലപ്പെടുത്തി പണം അപഹരിച്ചവർ ആരോ അവർ പെട്ടന്ന് തന്നെ കീഴടങ്ങാനുള്ള സാധ്യതയുണ്ട്, അത് കൂടാതെ ആദിൽ ഇന്ന് പറഞ്ഞ സമയം തെറ്റാണെന്നും, ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് ആദിൽ വീട്ടിനുള്ളിൽ കടന്നതെന്നും നമുക്ക് വാദിക്കാം, ഇനി അഥവാ ആദിൽ പത്ത് മണിക്ക് തന്നെയാണ് വന്നതെങ്കിൽ അയാൾക്കത് സമ്മതിക്കാതെ തരമില്ലല്ലോ, പ്രവർത്തന രഹിതമായ സി.സി.ടിവി ക്യാമറ കൊണ്ട് ഇങ്ങനെയൊക്കെ ചില ഗുണങ്ങൾ ഉണ്ടെന്നാണ് ഞാൻ ഉദ്ദേശിച്ചത്.
അത് നല്ലൊരു നീക്കം തന്നെയാണ് ബെഞ്ചമിൻ, മേലെ ക്വാർട്ടേഴ്സിൽ ഉള്ളവർക്കൊ, ആദിലിനോ, പലിശ തർക്കത്തിൽ ഉൾപ്പെട്ട ആൾക്കോ, അവരിൽ ആരെങ്കിലുമാണ് കുറ്റവാളിയെങ്കിൽ തന്റെ സി.സി.ടിവി കഥയിൽ വീഴുവാനുള്ള സാധ്യത 100% ആണ്, ഇന്നലെയാണ് ക്യാമറ സ്ഥാപിച്ചിട്ടു ള്ളതെങ്കിൽ അവരാരും തന്നെ ക്യാമറയെപ്പറ്റി അറിഞ്ഞിരിക്കുവാനുള്ള ഒരു സാധ്യതയുമില്ല.
ബെഞ്ചമിന്റെ പ്ലാൻ ഷറഫുദ്ദീനും, ഹാരിസിനും നന്നേ ബോധിച്ചു, പിന്നീട് കേസിനെ കുറിച്ചൊന്നും അവർ ഡിസ്കസ് ചെയ്തില്ല, മേരി ലൂയിസിന്റെ മരണം സംബന്ധിച്ച് ഊട്ടിയിൽ നടത്തിയ അന്വേഷണമാണ് പിന്നെയവർ ചർച്ച ചെയ്തത്, ഹാരിസിന് എന്തോ ആ കാര്യങ്ങൾ വീണ്ടും, വീണ്ടും കേൾക്കുവാൻ വളരെ താല്പര്യമായിരുന്നു, നന്ദിനിയുടെ വീട്ടിൽ നിന്ന് ടണലിലൂടെ ബംഗ്ലാവിൽ എത്തിയ കാര്യങ്ങൾ ഹാരിസിന് എത്ര തവണ കേട്ടാലും മതിയാകു മായിരുന്നില്ല, ശരിക്കും പറഞ്ഞാൽ വളരെ അപകടം പിടിച്ചതും, ത്രില്ലിങ്ങും ആയ ഒരു യാത്രയായിരുന്നു അത്, അടുത്ത തവണ ഊട്ടിയിലേക്ക് പോകുമ്പോൾ ആ ടണൽ വഴി തന്നെ കൂടി കൊണ്ട് പോകണമെന്ന് ഹാരിസ് റിക്വസ്റ്റ് ചെയ്തു, മഴ മാറിയാലുടനെ പോയേക്കാമെന്ന് ബെഞ്ചമിനും ഏറ്റു, ഒന്ന് കൂടി ആ ടണൽ വഴി സഞ്ചരിക്കുവാൻ ഷറഫുദ്ദീനും പാതി സമ്മതമായിരുന്നു, ഒരാൾക്ക് ശവക്കോട്ട, വേറെരൊൾക്ക് ടണൽ, നല്ല കോമ്പിനേഷൻ തന്നെ, ഷറഫുദ്ദീൻ മനസ്സിൽ ആത്മഗതം ചെയ്തു, നല്ല മൂഡ് ആയിരുന്നത് കൊണ്ട് ഹാരിസിനെ അവർ അന്ന് വീട്ടിലേക്ക് വിട്ടില്ല, അവിടെ കിടത്തി, രാവിലെ 7 മണിയോടെ സാജന്റെ കോൾ വന്നു, അത്യാവശ്യമായി സാജൻ നാട്ടിലേക്ക് പോവുകയാണെന്നും, എസ്.ഐ ഗഫൂർ സാർ ഇന്ന് ഡ്യൂട്ടിയിൽ ജോയിൻ ചെയ്യുമെന്നും സാജൻ പറഞ്ഞു, കൂടാതെ 9 മണിക്ക് തന്നെ ഡോഗ് സ്ക്വാഡ് മരണം നടന്ന വീട്ടിൽ എത്തുമെന്ന കാര്യവും ബെഞ്ചമിനെ സാജൻ ഓർമിപ്പിച്ചു, ഹാരിസ് ഏഴരയോടെ വീട്ടിലേക്ക് മടങ്ങി പോയി, ബെഞ്ചമിനും, ഷറഫുദ്ദീനും എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ നടത്തിയ ശേഷം മരണം നടന്ന ഹമീദിന്റെ പോകുവാനായി ഒരുങ്ങി, തൽക്കാലം ബ്രേക്ഫാസ്റ്റ് റെഡിമെയ്ഡ് ചപ്പാത്തിയിലും, ഓംലെറ്റിലുമായി ഒതുക്കി, 9 മണിക്ക് മുമ്പ് തന്നെ അവർ ഹമീദിന്റെ വീട്ടിലെത്തിയെങ്കിലും ഒൻപതേ കാൽ ആയപ്പോഴാണ് ഡോഗ് സ്ക്വാഡ് എത്തിച്ചേർന്നത്, ലാബ്രഡോർ റിട്രീവർ ഇനത്തിൽപ്പെട്ട നായയായിരുന്നു ഡോഗ് സ്ക്വാഡിൽ ഉണ്ടായിരുന്നത്, മുകളിലത്തെ ബാൽക്കണിയിലെയും, സ്റ്റെയർകേസിലെയും ഫുട് മാർക്കുകൾ മണത്ത നായ ആദ്യം മുൻ ഭാഗത്തെ ബാൽക്കണിയിലേക്ക് ഓടി പാരപ്പറ്റിലേക്ക് മുൻകൈകൾ രണ്ടും കുത്തി നിന്ന് കൊണ്ട് ക്വാർട്ടേഴ്സ് ഇരുന്ന ഭാഗത്തേക്ക് നോക്കി നിർത്താതെ കുരച്ചു, ഒരു കൂറ്റൻ പ്ലാവിന്റെ ചില്ലകൾ മുൻ വശത്തെ ബാൽക്കണിയിലേക്ക് ക്വാർട്ടേഴ്സ് ഇരുന്ന ഭാഗത്ത് നിന്നും കയറുവാൻ പാകത്തിൽ ബാൽക്കണിയുടെ അരികിലേക്ക് പടർന്ന് കിടന്നിരുന്നു, അതിന് ശേഷം നായ വീട് കടന്ന് മുറ്റത്തേക്ക് ഓടി മേലെ ക്വാർട്ടേഴ്സ് ലക്ഷ്യമാക്കി ഓടി, അപ്പോഴേക്കും അത്യാവശ്യം നല്ലൊരു ജനക്കൂട്ടം അവിടെ തടിച്ച് കൂടിയിരുന്നു, അവരെ സംബന്ധിച്ചിടത്തോളം അതൊരു ഇൻട്രസ്റ്റിങ്ങ് ആയ കാഴ്ച തന്നെയായിരുന്നു, ആരാണ് ഹമീദിന്റെ കൊലപാതകി എന്നറിയാനുള്ള ആകാംക്ഷ അവിടെ തടിച്ച് കൂടിയ എല്ലാവർക്കും ഉണ്ടായിരുന്നു, അടച്ചിട്ടിരുന്ന ഒരു ക്വാർട്ടേഴ്സിന്റെ ഒരു പോർഷനിൽ എത്തി നായ നിർത്താതെ കുരയ്ക്കുവാൻ തുടങ്ങി, മുൻ ഡോറിൽ തന്റെ മുൻകാലുകൾ ഉപയോഗിച്ച് അത് ശക്തിയായി മാന്തി, തൊട്ടടുത്ത റൂമിൽ നിന്നും പേടിച്ചരണ്ട മുഖഭാവത്തോടെ ഇറങ്ങി വന്ന ആളോട് അവിടെ ആരാണ് താമസിക്കുന്നതെന്ന വിവരം ബെഞ്ചമിൻ തിരക്കി, നേഴ്സിങ്ങിന് പഠിക്കുന്ന രണ്ട് കുട്ടികൾ താമസിക്കുന്ന റൂമാണ് അതെന്ന മറുപടിയാണ് അയാളിൽ നിന്നും കിട്ടിയത്, പലതവണ കോളിംഗ് ബെൽ അടിക്കുകയും, ഡോറിൽ മുട്ടുകയും ചെയ്തിട്ടും അകത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.
സാർ അവർ ഇന്നലെ രാവിലെ ഇവിടെ നിന്നും പോയതാണ്, വീട്ടിൽ പോയതാണെന്നാണ് തോന്നുന്നത്. മടിച്ച് മടിച്ച് തൊട്ടടുത്ത റൂമിൽ താമസിക്കുന്ന ആൾ പറഞ്ഞു
നിങ്ങളുടെ പേര് എന്താണ്???
എന്റെ പേര് മുഹമ്മദ് യാക്കൂബ് എന്നാ സാർ ..
യാക്കൂബ് എന്ത് ചെയ്യുന്നു?
ബേക്കറി സാധനങ്ങൾ ഉണ്ടാക്കി സൂപ്പർ മാർക്കറ്റുകളിലും, ബേക്കറികളിലും കൊടുക്കുന്നതാണ് സാറേയെന്റെ ജോലി.
നിങ്ങൾ ഒറ്റക്കാണോ ഇവിടെ താമസിക്കുന്നത്????
അല്ല സാർ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്, കുട്ടികൾ ഇവിടത്തെ സ്കൂളിലാണ് പഠിക്കുന്നത്, സ്വന്തം നാട് തമിഴ്നാട്ടിലെ തൂത്തുക്കുടി ആണ്.
പക്ഷേ സാധാരണ തമിഴന്മാർ സംസാരിക്കുന്ന പോലെയായിരുന്നില്ല യാക്കൂബിന്റെ മലയാളം സ്ലാങ്ങ്, തമിഴൻ ആയിരുന്നുവെന്ന് ഒരിക്കലും അയാളുടെ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ പറ്റുമായിരുന്നില്ല, അത്ര ഫ്ലൂവന്റായിട്ടായിരുന്നു യാക്കൂബ് മലയാളം പറഞ്ഞിരുന്നത്
"നേഴ്സിങ്ങിന് പഠിക്കുന്നവരുടെ വീട് എവിടെയാണെന്ന് യാക്കൂബിന് അറിയാമോ?
എനിക്കറിയില്ല സാറേ, അവന്മാരുമായിട്ട് എനിക്കത്ര കോൺടാക്ട് ഇല്ല സാറേ, വെറും കച്ചട പിള്ളേരാണ് സാറേ, ഒരുപക്ഷേ രാവുണ്ണി ചേട്ടന് അറിയാമായിരിക്കും അവന്മാരുടെ വീട്.
അവർ തിരികെ വീട്ടിലേക്ക് നടന്നു, പോലീസുകാരുടെയും, നായയുടെയും പ്രകടനങ്ങൾ കണ്ട് ഭയന്ന് പോയ രാവുണ്ണി ഹബീബിന്റെ വീടിന്റെ സിറ്റൗട്ടിന്റെ പടിയിൽ കുത്തിയിരിക്കുന്നുണ്ടായിരുന്നു, ബെഞ്ചമിൻ നേഴ്സിംഗ് വിദ്യാർത്ഥികളുടെ വീടുകൾ എവിടെയാണെന്ന് രാവുണ്ണിയോട് തിരക്കി, മുക്കത്താണ് അവരുടെ രണ്ട് പേരുടെയും വീട് എന്നാണ് രാവുണ്ണി പറഞ്ഞത്, അഡ്രസ്സ് രാവുണ്ണിക്ക് കൃത്യമായി അറിയില്ലായിരുന്നു, ബെഞ്ചമിൻ അപ്പോൾ തന്നെ അവരുടെ രണ്ട് പേരുടെയും ഫോൺ നമ്പറുകൾ രാവുണ്ണിയിൽ നിന്ന് വാങ്ങി സൈബർ സെല്ലിന് കൊടുത്തു, അവരുടെ എക്സാക്ട് ലൊക്കേഷൻ എവിടെയാണെന്ന് കണ്ടെത്താൻ നിർദ്ദേശിച്ചു, ഒപ്പം എസ്.ഐ ഗഫൂറിനെ അവർ പഠിച്ച നഴ്സിംഗ് കോളേജിലേക്കും അയച്ചു, എന്തായാലും അവരുടെ അഡ്രസ്സ് സംബന്ധിച്ച വിവരങ്ങൾ അവിടെ കാണുമല്ലോ, അഡ്രസ്സ് കിട്ടിയ ഗഫൂർ അപ്പോൾ തന്നെ ബെഞ്ചമിന്റെ നിർദ്ദേശമനുസരിച്ച് മുക്കത്തേക്ക് തിരിച്ചു, ഇങ്ങനെയുള്ള കാര്യങ്ങൾക്ക് അയക്കുവാൻ ഏറ്റവും യോഗ്യനായ ആൾ ഗഫൂർ തന്നെയാണെന്ന് ബെഞ്ചമിനെ നല്ല ബോധ്യമുണ്ടായിരുന്നു, അജയൻ തിരോധാന കേസിൽ വളരെ ആക്റ്റീവ് ആയിരുന്നു ഗഫൂർ, ആറടിക്ക് മേൽ ഉയരവും, അതിനൊത്ത ഉറച്ച ശരീരവുമുള്ള ഗഫൂർ ശാരീരികമായും, മാനസികമായും വളരെ കരുത്തുള്ള ഒരു വ്യക്തിയായിരുന്നു, കാര്യങ്ങൾ കണ്ടറിഞ്ഞ് ചെയ്യാനുള്ള ഗഫൂറിന്റെ കഴിവിൽ ബെഞ്ചമിന് നല്ല മതിപ്പ് ഉണ്ടായിരുന്നു, കോളേജിൽ നിന്ന് കിട്ടിയ അഡ്രസ്സിൽ തന്നെ രണ്ട് പേരും ഉണ്ടെന്ന് സൈബർ സെൽ വൃത്തങ്ങൾ വ്യക്തമാക്കി, ആ വിവരം അങ്ങോട്ടേക്ക് പൊയ്ക്കൊണ്ടിരുന്ന ഗഫൂറിനെ ബെഞ്ചമിൻ അപ്പോൾ തന്നെ ഫോൺ ചെയ്തറിയിച്ചു.
എന്നാലും ഇവന്മാര് ഇങ്ങനെയൊക്കെ ചെയ്ത് വെക്കുമെന്ന് ഞാൻ കരുതിയില്ല ബെഞ്ചമിൻ, പഠിക്കുന്ന കുട്ടികളല്ലേ, ഇത്രയ്ക്ക് വകതിരിവില്ലാതെ പെരുമാറി കളഞ്ഞല്ലോ അവർ, എത്ര കഷ്ടപ്പെട്ടിട്ടായിരിക്കും ഇവനെയൊക്കെ ഇവന്റെ മാതാപിതാക്കൾ പഠിപ്പിക്കാൻ വിടുന്നത്, ഇവിടെ വന്നിട്ട് കണ്ട ചീത്ത കൂട്ടുകെട്ടിലൊക്കെ പെട്ട് ലഹരി വസ്തുക്കളൊക്കെ ഉപയോഗിച്ച് വീട്ടിൽ നിന്ന് കിട്ടുന്ന പണം തികയാതെ വന്നപ്പോഴായിരിക്കും മോഷ്ടിക്കണമെന്ന ചിന്ത അവന്മാരുടെ മനസ്സിൽ ഉണ്ടായത്, പണം എടുക്കുന്നെങ്കിൽ എടുത്തോണ്ട് പോട്ടെ, മോഷണ കേസിൽ അത്ര വലിയ ശിക്ഷയൊന്നും കിട്ടില്ലല്ലോ, അയാളെ കൊല്ലേണ്ട വല്ല കാര്യവും അവന്മാർക്ക് ഉണ്ടായിരുന്നോ??? ഇതിപ്പോ കൊലപാത കുറ്റം ആയില്ലേ, അവന്മാരുടെ ഭാവി പോയില്ലേ, കഷ്ടം ആ വീട്ടുകാരുടെ കാര്യം ആലോചിക്കുമ്പോഴാ ...
ഇപ്പോഴത്തെ ന്യൂ ജനറേഷൻ കുട്ടികൾക്ക് മാതാപിതാക്കളോടെന്നല്ല ആരോടും ഒരു കമ്മിറ്റ്മെന്റും ഇല്ല സാറേ, മയക്ക് മരുന്നിലും, മൊബൈൽ ഫോണിലുമായി അവരുടെ ജീവിതം ഒതുങ്ങി, ലഹരി വസ്തുക്കൾ കിട്ടാതെ വരുമ്പോൾ മോഷ്ടിക്കുവാനോ, പിടിച്ച് പറിക്കുവാനോ ഒന്നും അവർക്ക് ഒരു മടിയുമില്ല, 5 ലക്ഷം രൂപ അന്നവിടെ ഉണ്ടെന്ന കാര്യം ക്വാർട്ടേഴ്സിലെ എല്ലാവരും കേട്ടതാണല്ലോ, അത് കേട്ട് മോഷ്ടിക്കാൻ പദ്ധതിയിട്ട് രാത്രി വീട്ടിൽ കയറിയപ്പോൾ എന്തെങ്കിലും ശബ്ദം കേട്ട് ഹമീദ് ഉണർന്ന് കാണും, വേറെ വഴിയില്ലാതെ അവന്മാര് അയാളെ കൊന്നും കാണും, ഇതാണ് സിമ്പിൾ ആയിട്ടുള്ള ഉത്തരം, ബാക്കിയൊക്കെ അവന്മാരെ കൈയിൽ കിട്ടിയിട്ട് ...
ഉച്ചയ്ക്ക് ഒരു മണിയോടെ ഗഫൂറിന്റെ കോൾ എത്തി രണ്ട് പേരെയും കയ്യോടെ പൊക്കിയെന്നും, ഹമീദിന്റെ വീട്ടിൽ നിന്നും കാണാതായ അഞ്ച് ലക്ഷം രൂപ അവരുടെ രണ്ട് പേരുടെയും കയ്യിൽ നിന്നും കണ്ടെടുത്തുവെന്നും ഫോണിലൂടെ ഗഫൂർ പറഞ്ഞു.
ഒരു 4000 രൂപയോളം അതിൽ നിന്ന് ചെലവായിട്ടുണ്ട് എന്നാണ് അവന്മാര് പറഞ്ഞത് സാറേ ...
ഗഫൂർ അവരെ ചോദ്യം ചെയ്തിരുന്നോ???
അവർ കുറ്റം സമ്മതിച്ചോ???
ഇല്ല സാർ ഞാൻ അതിനൊന്നും നിന്നില്ല, പിന്നെ വീട്ടുകാരുടെ മുന്നിൽ വെച്ച് ഒരുത്തനെയൊന്ന് പൊട്ടിക്കേണ്ടി വന്നു, അപ്പോഴാണ് പൈസ എടുത്ത കാര്യം അവൻ സമ്മതിച്ചത്, ക്യാഷ് തുല്യമായി വീതം വെച്ച് രണ്ട് പേരും ഞായറാഴ്ച ഉച്ചയോടെ പിരിഞ്ഞതാണ് പോലും, ആദ്യം അഖിൽ എന്ന് പേരുള്ളവനെയാണ് പൊക്കിയത്, അവനെ കൂടെ കൊണ്ട് പോയി രണ്ടാമത്തവനെ ബിജോയിയെയും പൊക്കി, അഖിലിനെ ഞങ്ങളുടെയൊപ്പം കണ്ടത് കൊണ്ട് ബിജോയ് എതിർക്കാനൊന്നും നിന്നില്ല, ക്യാഷ് എടുത്ത് ഞങ്ങളുടെ കൂടെ വന്നു, ഞങ്ങൾ ഇവിടന്ന് ഊണ് കഴിച്ചിട്ട് അപ്പോൾ തന്നെ തിരിക്കും, നാല്, നാലരയോടെ പോലീസ് സ്റ്റേഷനിൽ എത്തും.
ഒ.കെ ഗഫൂർ ഞങ്ങളും അഞ്ച് മണിയോടെ സ്റ്റേഷനിൽ എത്താം. അഞ്ച് മണി എന്ന് പറഞ്ഞെങ്കിലും അതിനു 15 മിനിറ്റ് മുമ്പേ തന്നെ ബെഞ്ചമിനും, ഷറഫുദ്ദീനും പോലീസ് സ്റ്റേഷനിൽ എത്തി, ലോക്കപ്പിൽ ഇട്ടിരുന്ന രണ്ട് പേരെയും ഗഫൂർ ബെഞ്ചമിന്റെ റൂമിൽ എത്തിച്ചു, ബെഞ്ചമിൻ രണ്ട് പേരെയും ആപാദ ചൂഡമൊന്ന് നോക്കി, ഫ്രീക്കൻ പയ്യന്മാരുടെ കോലമൊന്നും അവർക്ക് ഇല്ലായിരുന്നു. ഒരുപക്ഷേ അങ്ങനെയൊക്കെ ചെല്ലാൻ നഴ്സിംഗ് കോളേജിൽ സമ്മതിക്കില്ലായിരിക്കും, കാഴ്ചയ്ക്ക് ഒരു ഫ്രോഡ് ലുക്ക് രണ്ട് പേർക്കും ഉണ്ടായിരുന്നു.
പിന്നെ സാറേ വീട്ടുകാരുടെ മുന്നിൽ വെച്ച് ദേ ഇവന്
കനത്തിലൊന്ന് കൊടുക്കേണ്ടി വന്നു.
അഖിലിനെ ചൂണ്ടി കാണിച്ച് കൊണ്ട് ഗഫൂർ പറഞ്ഞു.
തെറ്റ് ചെയ്താൽ അതിനുള്ള ശിക്ഷ കൊടുക്കേണ്ടേ ഗഫൂർ??? വീട്ടുകാർ തല്ലി പഠിപ്പിക്കാത്തത് കൊണ്ട് നമുക്കത് ചെയ്യേണ്ടി വരുന്നു, അങ്ങനെ കരുതിയാൽ മതി.
ഇല്ലാത്ത കാശുണ്ടാക്കി വീട്ടുകാർ പഠിക്കാൻ വിട്ടാൽ മര്യാദയ്ക്ക് അതും പഠിച്ച് ഏതെങ്കിലും ഒരു ജോലിക്ക് കയറാൻ നോക്കാതെ കക്കാൻ നടക്കുന്നു, അപ്പോഴവന്മാർക്ക് അത് പറ്റില്ല, സുഖിക്കണം പോലും, അതിന് കണ്ടവന്റെ കാശ് മോഷ്ടിക്കണം, പറയെടാ നായെ ഇന്നലെ നീയൊക്കെ എന്താ ആ വീട്ടിൽ കയറി കാണിച്ച് കൂട്ടിയതെന്ന്. അതും പറഞ്ഞു ഗഫൂർ ബിജോയിയുടെ അടിവയർ കൂട്ടിയൊരു പിടുത്തമങ്ങ് പിടിച്ച് വലിച്ചിഴച്ച് ബെഞ്ചമിന്റെ മുന്നിലേക്ക് നീക്കി നിർത്തി.
വീട്ടുകാരുടെ അമിത ലാളനയിലും, മയക്ക് മരുന്നുകളുടെ ലഹരിയിലും പരമ സുഖമായി ജീവിച്ച് പോന്ന ആ രണ്ട് ഫ്രോഡ്കൾക്കും പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടിയ സ്വീകരണം താങ്ങാവുന്നതിലും അപ്പുറമായിരുന്നു, ഗഫൂറിന്റെ മാരക പിടുത്ത ത്തിൽ ഞെട്ടി തെറിച്ച് പോയ ബിജോയിയുടെ നിലവിളി ബെഞ്ചമിന്റെ റൂമിനെയാകെ പ്രകമ്പനം കൊള്ളിച്ചു, അഖിൽ ഭീതി നിറഞ്ഞ കണ്ണുകളോടെ ബെഞ്ചമിനെ ദയനീയമായി നോക്കി ...
(തുടരും)