ഡോർ ചാരിയിട്ട നിലയിലായിരുന്നു സാർ, ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി, ഒരു മഞ്ഞ നിറത്തിലുള്ള സീറോ വോൾട്ട് ബൾബ് മുറിക്കുള്ളിൽ കത്തുന്നുണ്ടായിരുന്നു, അതിന്റെ പ്രകാശത്തിൽ അവ്യക്തമായി മാത്രമേ മുറിയ്ക്കകം കാണാൻ കഴിയുമായിരുന്നുള്ളൂ, മാമൻ മൂടി പുതച്ച് ഉറങ്ങുന്ന നിലയിൽ ആയിരുന്നു

 

മലയാളം കഥകൾ - Malayalam Story Portal

തുടർകഥ  : അജ്ഞാത കൊലയാളി

രചന : എം.നിയാസ്

(ഭാഗം - 5)

 

"മൂന്ന് വർഷം മുമ്പ് വീട് പണി നടക്കുന്ന സമയത്ത് പണി ഉദ്ദേശിച്ച പോലെ തീരാത്തതിനാൽ ഞാൻ ഒരു 3 ലക്ഷം രൂപയോളം മാമന്റെ അടുത്ത് നിന്നും പലിശയ്ക്ക് വാങ്ങിയിരുന്നു, വീടിന്റെ  ആധാരവും, ചെക്കും കൊടുത്തിട്ടാണ് പണം തന്നത് തന്നെ, പലിശയൊക്കെ സമയാ സമയത്ത് തന്നെ ഞാൻ കൊടുക്കുമായിരുന്നു, ഒരാഴ്ച മുമ്പ് പെങ്ങൾക്ക് നല്ലൊരു കല്യാണാലോചന വന്നു, അവർക്ക് പ്രത്യേകിച്ചങ്ങനെ ഡിമാൻന്റ്സ് ഒന്നുമില്ലായിരുന്നു, അവർ ഒന്നും ചോദിച്ചില്ലെങ്കിലും ഒരു പത്ത് പവന്റെ സ്വർണ്ണമെങ്കിലും കൊടുക്കേണ്ടേ സാറേ, വീടിന് മെയിന്റ്നന്റ്സ് വർക്കിന് എന്ന പേരിൽ ഒരു 5 ലക്ഷം രൂപ ലോൺ തരാമെന്ന്  ബാങ്കുകാർ പറഞ്ഞിരുന്നു, ചെക്ക് ഇവിടെ സൂക്ഷിച്ചിട്ട് വീടിന്റെ ആധാരം തരുമോയെന്ന് ചോദിക്കുവാൻ വേണ്ടിയായിരുന്നു ഇന്നലെ വൈകുന്നേരം ഞാൻ ഇവിടേക്ക് വന്നത്, ആധാരം അങ്ങനെ കിട്ടുകയാണെങ്കിൽ രാത്രിയിൽ ഇവിടെ ഒളിച്ച് കയറുന്നത് ഒഴിവാക്കാമല്ലോ, ജീവിതത്തിൽ എത്രയൊ ബുദ്ധിമുട്ടുകൾ വന്നിട്ടും  ഇങ്ങനെയുള്ള പണികളൊന്നും ഞാനിത് വരെ ചെയ്തിട്ടില്ല സാറേ, ആധാരങ്ങളൊക്കെ മാമൻ സ്റ്റീൽ അലമാരയിലാണ് സൂക്ഷിക്കുന്നത്, അതിന്റെ താക്കോൽ തലയണയുടെ അടിയിൽ ഉണ്ടാകും, മാമൻ ഉറങ്ങി കഴിയുമ്പോൾ തലയണയുടെ അടിയിൽ നിന്നും താക്കോൽ എടുത്ത് അലമാരയിൽ നിന്ന് ആധാരം മാത്രം എടുത്ത് കൊണ്ട് പോകുക  എന്നതായിരുന്നു എന്റെ ഉദ്ദേശം, ആധാരം എടുക്കാനാണെന്ന് പറഞ്ഞാൽ രാവുണ്ണി അതിന് കൂട്ട് നിൽക്കില്ലായെന്ന് എനിക്കറിയാമായിരുന്നു, അത് കൊണ്ടാണ് ക്യാഷ്  മോഷ്ടിക്കാമെന്ന് പറഞ്ഞ് രാവുണ്ണിയെ വിശ്വസിപ്പിച്ചത്"..

 

അത് വരെ തല കുനിച്ച് ഒന്നും മിണ്ടാതെ കാര്യങ്ങൾ കേട്ട് കൊണ്ട് നിന്ന രാവുണ്ണി ആദിലിന്റെ ആ വാക്കുകൾ കേട്ടതും  തലയുയർത്തി ദേഷ്യത്തോടെ അയാളെ നോക്കി.

 

"മുറിയിലേക്ക് കയറിയപ്പോൾ താൻ എന്താണ് കണ്ടത്???? ബെഡ് റൂമിന്റെ ഡോർ തുറന്ന് കിടക്കുകയായിരുന്നോ???? അപ്പോൾ നിങ്ങളുടെ മാമൻ മരിച്ച നിലയിൽ ആയിരുന്നോ????"

 

ഷറഫുദ്ദീൻ ആയിരുന്നു ആ ചോദ്യം ചോദിച്ചത്.

 

ഡോർ ചാരിയിട്ട നിലയിലായിരുന്നു സാർ, ഞാൻ ഡോർ തുറന്ന് അകത്തേക്ക് കയറി, ഒരു മഞ്ഞ നിറത്തിലുള്ള സീറോ വോൾട്ട് ബൾബ് മുറിക്കുള്ളിൽ കത്തുന്നുണ്ടായിരുന്നു, അതിന്റെ പ്രകാശത്തിൽ അവ്യക്തമായി മാത്രമേ മുറിയ്ക്കകം കാണാൻ കഴിയുമായിരുന്നുള്ളൂ, മാമൻ മൂടി പുതച്ച് ഉറങ്ങുന്ന നിലയിൽ ആയിരുന്നു, അടമഴയായത് കൊണ്ട് നല്ല തണുപ്പ് ആയിരുന്നു, അത് കൊണ്ടായിരിക്കും അങ്ങനെ പുതച്ച് മൂടി കിടക്കുന്നതെന്നാ ഞാൻ കരുതിയത്, അതൊരു കണക്കിന് നന്നായി എന്നാണ് എനിക്കപ്പോൾ തോന്നിയത്, പുതപ്പ് മുഖത്ത് നിന്നും മാറിയാണ് കിടന്നിരുന്നതെങ്കിൽ എന്റെ ധൈര്യം അതോടെ അവസാനിച്ചേനെ, എങ്കിലും എനിക്ക് നല്ല ഭയം ഉണ്ടായിരുന്നു, പേടി കൊണ്ട് എന്റെ ശരീരം കിലുകിലെ വിറക്കുന്നുണ്ടായിരുന്നു, തലയണിക്കടിയിൽ നിന്ന് താക്കോൽ എടുക്കുമ്പോഴെങ്ങാനും മാമൻ ഉണർന്നാൽ, പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല, ആത്മഹത്യ ചെയ്യുന്നതാവും നല്ലത്, വേറെ ഒരു  നിവർത്തിയും ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഞാൻ ഇങ്ങനെയൊരു കാര്യത്തിന് ഇറങ്ങി തിരിച്ചത്.

 

അല്ല ആദിൽ നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ മാമനോട്  പെങ്ങളുടെ കല്യാണ കാര്യം പറഞ്ഞ് കുറച്ച് ക്യാഷ് കൂടി ചോദിച്ച് നോക്കാമായിരുന്നു, എന്തായാലും പെങ്ങളുടെ മകളല്ലേ, അതും ഒരു കല്യാണ ആവശ്യത്തിന് വേണ്ടിയല്ലെ, ചിലപ്പോൾ തന്റെ മാമൻ ആ ക്യാഷ് തരുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്.

 

അങ്ങനെയൊരു അഭിപ്രായമായിരുന്നു ഷറഫുദ്ദീന് ഉണ്ടായിരുന്നത്.

 

അങ്ങനെയൊരു ഉദ്ദേശം എന്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിലും, രണ്ട് ദിവസത്തെ പലിശയ്ക്ക് വേണ്ടി വഴക്ക് കൂടുന്ന മാമനെ കണ്ടപ്പോൾ ചോദിച്ചിട്ട് ഒരു കാര്യവുമില്ലെന്ന് എന്ന് മനസ്സിലായി, കരിങ്കല്ലിന് കാറ്റ് പിടിച്ച പോലെയാണ് മാമന്റെ മനസ്സ്, മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കാനോ, അതിനെന്തെങ്കിലും പരിഹാരം ചെയ്യാനോ താല്പര്യമില്ലാത്ത കഠിനഹൃദയൻ ആയിരുന്നു, ഒന്ന്,രണ്ട് നിമിഷങ്ങൾ കട്ടിലിലിനടുത്ത് നിന്ന ശേഷം പടച്ചവനെ മനസ്സിൽ വിചാരിച്ച് കൊണ്ട് ഞാൻ തലയണക്കടിയിൽ നിന്നും താക്കോൽ എങ്ങനെയൊക്കെയോ എടുത്തു.

 

കേട്ടോ സാറേ പടച്ചവനെ പ്രാർത്ഥിച്ച് കൊണ്ട് ചെയ്യാൻ പറ്റിയ ഒരു പുണ്യ കർമ്മം ആണല്ലോ ഇയാൾ  ചെയ്തത്, അതിലും ആ പാവം പടച്ചവനെ വലിച്ചിട്ടു. ബെഞ്ചമിന്റെ വാക്കുകൾ കേട്ടതും ഷറഫുദ്ദീൻ അറിയാതെ  ചിരിച്ച് പോയി.

 

അപ്പോൾ താൻ തലയണയ്ക്കടിയിൽ നിന്നും താക്കോൽ എടുത്തപ്പോൾ മാമൻ അറിഞ്ഞതേയില്ല എന്നാണോ???? ബെഞ്ചമിൻ പെട്ടെന്ന് ചോദിച്ചു.

 

ഇല്ല സാറേ, പുള്ളിക്കാരൻ നല്ല ഉറക്കത്തിൽ തന്നെയായിരുന്നു,  ആശ്വാസത്തോടെ ശബ്ദമൊന്നും ഉണ്ടാക്കാതെ ഞാൻ അലമാര തുറന്നു, കുറെയധികം ആധാരങ്ങൾ അതിനുള്ളിൽ ഉണ്ടായിരുന്നു, കുറച്ച് സമയം നോക്കിയ ശേഷമാണ് എന്റെ വീടിന്റെ ആധാരം കണ്ടെത്തിയത്, ആ ഫയലിൽ തന്നെ ചെക്കും ഉണ്ടായിരുന്നു, ചെക്ക് അവിടെ വെച്ചാലോ എന്നൊരു ആലോചന എനിക്കുണ്ടായിരുന്നു, പക്ഷേ ഫയലിൽ നിന്ന് ആധാരം എടുത്ത ശേഷം ചെക്ക് മാത്രം സൂക്ഷിക്കുന്നത് പിന്നീട് മാമന് സംശയം ഉണ്ടാക്കുമെന്ന് തോന്നിയത് കൊണ്ട് ഞാൻ ആധാരവും, ചെക്കും ഒരുമിച്ച് എടുത്തു.

 

ഒരു വെടിക്ക് രണ്ട് പക്ഷി അല്ലേ??? പിന്നീട് താൻ അഞ്ച് ലക്ഷം രൂപ ഉണ്ടാക്കി ആധാരവും, ചെക്കും എടുക്കാൻ വരുമ്പോൾ മാമൻ എവിടന്നെടുത്തിട്ട് അത് തരും, ആധാരമില്ലാതെ വീട് പിന്നെ വിൽക്കാൻ ആകില്ലല്ലോ, അപ്പോൾ പിന്നെ സ്വാഭാവികമായും തനിക്ക് ആ വീടിന്റെയും സ്ഥലത്തിന്റെയും വില തന്നെ മാമനോട് ചോദിക്കാമല്ലോ, അങ്ങനെയൊരു ഓപ്ഷൻ കൂടി തന്റെ മനസ്സിൽ ഉണ്ടായിരുന്നു അല്ലേ

 

ബെഞ്ചമിന്റെ ചോദ്യം വളരെ പെട്ടന്നായിരുന്നു.

 

പടച്ചവനാണെ സത്യം, അങ്ങനെയൊരു ചിന്തയേ എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല, എങ്ങനെയെങ്കിലും പെങ്ങളുടെ കല്യാണം നടത്തണം, അത്രയേ എന്റെ മനസ്സിൽ ആ സമയത്ത് ഉണ്ടായിരുന്നുള്ളൂ, പെങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് സ്പെയർ പാർട്സ് കട ആർക്കെങ്കിലും വിറ്റിട്ട് വെളിയിലേക്ക് പോകാനുള്ള ഉദ്ദേശമായിരുന്നു എനിക്ക്, ഇവിടെ നിന്നാൽ വീട്ട് ചിലവും, അല്ലറ ചില്ലറ കാര്യങ്ങളും നടന്ന് പോകുമെന്നല്ലാതെ മാമന് പലിശ കൊടുക്കലും, ബാങ്കിന്റെ തിരിച്ചടവും ഒക്കെ കൂടി നടക്കില്ല.

 

അപ്പോൾ നിങ്ങൾ റൂമിൽ കയറി താക്കോൽ എടുത്ത് അലമാര തുറന്ന് ആധാരങ്ങൾ എടുത്തിട്ടും മാമന്റെ ഭാഗത്ത് നിന്ന് ഒരു അനക്കവും ഉണ്ടായില്ല അല്ലേ???? നിങ്ങൾ റൂമിൽ കടക്കുന്നതിന് മുമ്പ് നിങ്ങളുടെ മാമൻ മരണപ്പെട്ടു എന്നാണോ ആദിൽ നിങ്ങൾ പറയുന്നത്????

 

മാമൻ ആ സമയത്ത് മരിച്ചോ എന്നൊന്നും എനിക്ക് അറിയില്ല സാറേ, രാവിലെ രാവുണ്ണി ചേട്ടൻ വിളിച്ച് പറയുമ്പോഴാണ് ഞാൻ ആ വിവരം അറിയുന്നത് തന്നെ.

 

സ്റ്റീൽ അലമാരയിൽ നിങ്ങൾ അഞ്ച് ലക്ഷം രൂപ കണ്ടിരുന്നോ???

 

ആ കാര്യം എനിക്ക് ഓർമ്മ തന്നെ ഇല്ലായിരുന്നു. സാറേ, എങ്ങനെയെങ്കിലും ആധാരം എടുത്ത് അവിടെ നിന്നും  എങ്ങനെയെങ്കിലും പുറത്ത് കടക്കണം എന്ന ഒരു വിചാരം മാത്രമേ എനിക്ക് അപ്പോൾ ഉണ്ടായിരുന്നുള്ളൂ.

 

ആധാരം എടുത്ത ശേഷം നിങ്ങൾ മുൻ ഡോർ തുറന്ന് പുറത്തേക്ക് പോയി അല്ലേ???? അതിന് ശേഷം രാവുണ്ണി ആയിരിക്കുമല്ലേ ഡോർ അടച്ചത്????

 

അല്ല സാറേ ... ഞാൻ ബാൽക്കണി വഴി തന്നെയാണ് പോയത്.


മലയാളം കഥകൾ - Malayalam Story Portal

 

നിങ്ങൾ ബാൽക്കണിയിൽ ഇറങ്ങിയിട്ട് ഡോർ അടച്ചിരുന്നോ???

 

അടച്ചിരുന്നു എന്നാണ് എന്റെ ഓർമ്മ, ചില ഡോറുകൾ അടച്ചാലും അത് ലോക്ക് ആകാതെ പോകാറുണ്ട്, എന്റെ വീട്ടിലെ ബാത്റൂമിലെ ഡോർ അങ്ങനെയാണ്, നമ്മൾ ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയ ശേഷം അടച്ചാലും ലോക്കാകില്ല തുറന്ന് വരും, അങ്ങനെയെന്തെങ്കിലും കമ്പ്ലൈന്റ് ആ ഡോറിന് ഉണ്ടോ എന്ന് എനിക്കറിയില്ല, എന്തായാലും ഞാൻ ഡോർ അടച്ച ശേഷമാണ് പുറത്തേക്ക്  പോയത്.

 

ഒന്ന് കൂടി ഓർത്ത് ഉറപ്പ് വരുത്തിയ ശേഷം ആദിൽ ഡോർ അടച്ചു എന്ന് തന്നെ തീർത്ത് പറഞ്ഞു.

 

ആ ഡോറിന്റെ ലോക്കിന് എന്തെങ്കിലും കംപ്ലൈന്റ് ഉണ്ടോ രാവുണ്ണി????

 

സംശയം തീർക്കാനായി ബെഞ്ചമിൻ രാവുണ്ണിയോട് ചോദിച്ചു.

 

അകത്ത് നിന്നും മേലെയുള്ള കുറ്റി ഇട്ടില്ലെങ്കിൽ ഡോർ തുറന്ന് വരും സാറേ, അങ്ങനെയയൊരു കംപ്ലൈന്റ് ഉണ്ടെന്ന് ഞാൻ ഇക്കയോട് എത്രയോ നാൾ മുമ്പ് പറഞ്ഞതാണ്, അകത്ത് നിന്ന് കുറ്റി ഇട്ടാൽ മതി എന്നായിരുന്നു അതിനുള്ള മറുപടി.

 

ഗോവണി വഴി താഴെ ഇറങ്ങിയ ശേഷം ഗോവണി കിടന്ന അതേ സ്ഥലത്ത് തന്നെ വെച്ചിട്ടാണോ നിങ്ങൾ പോയത്???

 

അതെ സാർ ഞാൻ ഇറങ്ങിയ ശേഷം ഗോവണി എടുത്ത് അത് കിടന്ന സ്ഥലത്ത് തന്നെ വെച്ചു.

 

നിങ്ങൾ തിരികെ പോകുന്ന സമയത്ത് മേലെ കോർട്ടേഴ്സിലെ ഏതെങ്കിലും റൂമിൽ വെളിച്ചം ഉണ്ടായിരുന്നോ????

 

പുറത്തേക്ക് നടക്കുമ്പോൾ ഞാനത് പ്രത്യേകം ശ്രദ്ധിച്ചിരുന്നു സാറേ, അവിടെ ഒരു റൂമിൽ പോലും വെളിച്ചം ഉണ്ടായിരുന്നില്ല.

 

നിങ്ങൾ ഗേറ്റ് കടന്ന് പുറത്തേക്ക് പോകുമ്പോൾ റോഡിൽ ആരെയെങ്കിലും  കണ്ടിരുന്നോ????

 

അപ്പോഴേക്കും മഴ കുറച്ച്  കൂടുതലായിരുന്നു, ഒരു മണി കഴിഞ്ഞത് കൊണ്ട് റോഡിൽ ആരും തന്നെ ഉണ്ടായിരുന്നില്ല, ഞാൻ കുട പരമാവധി താഴ്ത്തി പിടിച്ച് നടന്നതിനാൽ എതിരെ ആര് വന്നാലും എനിക്ക് കാണില്ല, അവർക്ക് എന്നെയും കാണാൻ പറ്റില്ല, കുറച്ച് ദൂരെ മാറ്റി വെച്ചിരുന്ന സ്കൂട്ടറും എടുത്ത് ഞാൻ നേരെ വീട്ടിലേക്ക് പോയി, കിടന്നതും ഉറങ്ങി പോയി, രാവിലെ രാവുണ്ണി ചേട്ടൻ വിളിക്കുമ്പോഴാണ് ഞാൻ ഉണരുന്നത്, ഇവിടെ വന്ന് മാമനെ നോക്കിയപ്പോൾ ആദ്യം അറ്റാക്കോ മറ്റോ  ഉണ്ടായതാണെന്നാണ് എനിക്ക് ആദ്യം തോന്നിയത്, പക്ഷേ കിടപ്പ് കണ്ടിട്ട് എന്തോ അപാകത ഉള്ള പോലെ എനിക്ക് തോന്നി, അത് കൊണ്ടാണ് പോലീസിൽ അപ്പോൾ തന്നെ വിവരം അറിയിച്ചത്, ഞാനാണ് മാമനെ കൊലപ്പെടുത്തിയതെങ്കിൽ മാമൻ അറ്റാക്ക് വന്നാണ് മരിച്ചതെന്ന് ബന്ധുക്കളോടും നാട്ടുകാരോടും എനിക്ക് പറഞ്ഞാൽ പോരെ, പ്രായമുള്ള ആളായത് കൊണ്ട് അവരത് വിശ്വസിക്കുകയും ചെയ്യും, നാട്ടിൽ പലരും മാമന് ക്യാഷ് കൊടുക്കാനുള്ളത് കൊണ്ട് അവർക്കത് സന്തോഷമുള്ള കാര്യവും ആയിരിക്കും, അത് കൊണ്ട് മാമന്റെ മരണത്തിൽ ആരും പരാതി പെടാനും പോകില്ല, പലിശയ്ക്ക് വാങ്ങിയ ക്യാഷ് തിരിച്ച് കൊടുക്കേണ്ടല്ലോ, ഒന്നുകിൽ ഞാൻ ഈ മുറിയിൽ കടക്കുന്നതിന് മുമ്പ് തന്നെ ആരോ മാമനെ ശ്വാസം മുട്ടിച്ച് കൊന്നിട്ടുണ്ട്, അതിന് ശേഷമായിരിക്കും ഞാൻ ഇവിടെ എത്തിയത്, ഞാൻ ബെഡ്റൂമിൽ കയറിയ സമയം സാറിനോട് പറഞ്ഞല്ലോ, ബോഡി പോസ്റ്റുമാർട്ടം ചെയ്യുമ്പോൾ മരിച്ച സമയം ഏകദേശം അറിയാൻ സാധിക്കുമല്ലോ, അതിന് ശേഷം സാറിന് എന്ത് വേണമെങ്കിലും ചെയ്യാം, ഞാനിവിടെ തന്നെയുണ്ടാകും, ഇപ്പോൾ ഈ വിവരം ദയവ് ചെയ്ത് സാർ പുറത്ത് അറിയിക്കരുത്, പെങ്ങളുടെ കല്യാണ ആലോചന മുടങ്ങി പോകും, ഞാൻ വേണമെങ്കിൽ സാറിന്റെ കാല് പിടിക്കാം, പ്ളീസ്...!!

 

തൽക്കാലം താൻ കാലും,കയ്യുമൊന്നും പിടിക്കണ്ട, പോസ്റ്റ്മാർട്ടം റിപ്പോർട്ട് വരട്ടെ, അത് വരെ താൻ എങ്ങോട്ടും പോകാൻ പാടില്ല, താൻ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരിക്കും, ഞങ്ങളെ കബളിപ്പിച്ച് രക്ഷപ്പെടുവാൻ ശ്രമിക്കുകയാണെങ്കിൽ ആ നിമിഷം തന്നെ നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടും, നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യങ്ങളോന്നും ഞങ്ങൾ പൂർണമായി വിശ്വസിച്ചിട്ടൊന്നുമില്ല, അന്വേഷണം തുടങ്ങിയിട്ടല്ലേ ഉള്ളൂ, അത് കൊണ്ടാണ് നിങ്ങൾക്ക് തൽക്കാലം ഒരു എക്സ്ക്യൂസ്  തരുന്നത്, ചിലപ്പോൾ തന്നെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരും.

 

സാറ് പറയുന്ന എന്തിനോടും സഹകരിക്കാൻ ഞാൻ തയ്യാറാണ്, എന്റെ മാമനെ ഞാൻ കൊന്നിട്ടില്ലായെന്ന് എനിക്ക് 100% അറിയാമല്ലോ.

 

പക്ഷേ തനിക്ക് മാത്രമേ ആ 100% വിശ്വാസം ഉണ്ടാവുകയുള്ളൂ, ഞങ്ങൾക്ക് ലഭിക്കുന്ന തെളിവുകളിലൂടെയാണ് അത് ഞങ്ങൾ സ്ഥിരീകരിക്കുന്നത്, ഇപ്പോൾ താൻ പൊയ്ക്കോളൂ ..

 

ബെഞ്ചമിന്റെ ആ വാക്കുകൾ ആദിലിന്റെ മുഖത്ത് നേരിയ ആശ്വാസം ഉണ്ടാക്കിയെങ്കിലും, പൂർണ്ണമായും ആ മുഖം തെളിഞ്ഞിരുന്നില്ല, എന്തോ ചിന്തിച്ച് കൊണ്ട് ആദിൽ പുറത്തേക്ക് പോയി.

 

ആ ചെക്കൻ എന്നെ പറഞ്ഞ് പറ്റിക്കുകയായിരുന്നു അല്ലേ സാർ, ഇവൻ ഇങ്ങനത്തെ പണിയൊപ്പിച്ച് വെക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും  ഓർത്തില്ല സാറേ, പിന്നെ അവൻ പറഞ്ഞ ഒരു കാര്യം കള്ളമാണ് സാറേ ..

 

അതെന്താണ് രാവുണ്ണി????

 

അവൻ 3 ലക്ഷം രൂപ വാങ്ങിയെന്ന് പറഞ്ഞല്ലോ, അതിന് പലിശ കൊടുക്കുന്നുണ്ടെന്നും സാറിനോട് അവൻ പറഞ്ഞില്ലേ, അത് കള്ളമായിരുന്നു സാറേ, ആദ്യത്തെ മാസം പലിശയുമായി അവൻ വന്നപ്പോൾ പലിശയൊന്നും വേണ്ട മുതൽ എത്രയും പെട്ടെന്ന് തന്നാൽ മതിയെന്ന് ഇക്ക പറഞ്ഞത് ഞാൻ കേട്ടതാണ്, ഒരുപക്ഷേ അവനത് ഓർമ്മ കാണത്തില്ല.

 

അങ്ങനെയുള്ള സെന്റിമെന്റ്സ് ഒക്കെ ആദിലിനോട് മാമന് ഉണ്ടായിരുന്നോ?

 

അതിൽ ചെറിയ വിശ്വാസക്കുറവ് തോന്നിയ ബെഞ്ചമിൻ ചോദിച്ചു.

 

ഇഷ്ടമുള്ള ചിലരോടൊക്കെ കുറച്ച്  മയം ഉണ്ടായിരുന്നു ഇക്കയ്ക്ക്, ഒന്നുമില്ലെങ്കിലും പെങ്ങളുടെ മകനല്ലേ.

 

അപ്പോഴേക്കും സമയം 12 മണിയോട് അടുത്തിരുന്നു, ഫോറൻസിക് സർജൻ ഹാരിസ് രണ്ട് ദിവസത്തെ ലീവിൽ നാട്ടിൽ പോയിരുന്നു, ഇന്ന് വൈകുന്നേരമേ അദ്ദേഹം തിരിച്ച് എത്തുകയുള്ളൂ, ബോഡി മോർച്ചറിയിൽ സൂക്ഷിച്ച ശേഷം തിങ്കളാഴ്ച ഉച്ചയോടെ പോസ്റ്റുമോർട്ടം ചെയ്ത് കിട്ടിയേക്കും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും, ഫോറൻസിക്ക്കാരുടെ  റിപ്പോർട്ടും കിട്ടാതെ അന്വേഷണം ആരംഭിക്കുന്നതിൽ വലിയ കാര്യമൊന്നുമില്ലെന്ന് ബെഞ്ചമിന് തോന്നി, അപ്പോഴേക്കും മുറിക്കകം പരിശോധിക്കാൻ ഏൽപ്പിച്ച രണ്ട് പോലീസുകാർ ബെഞ്ചമിന്റെ അരികിലേക്ക് വന്നു.

 

ബെഡ്റൂമിൽ മരണപ്പെട്ടയാൾ സൂക്ഷിച്ച അഞ്ച് ലക്ഷം രൂപ കിട്ടിയോ  പ്രകാശാ???

 

ഇല്ല സാർ ... അങ്ങനെയൊരു തുക ആ മുറിയിലെവിടെയും കണ്ടില്ല, ഒരു 250 രൂപ മരിച്ച ആളുടേതെന്ന് തോന്നിക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കിട്ടി, വേറെ ക്യാഷ് ഒന്നും ഇവിടെയില്ല സാർ, ഒരു ലോക്കർ ആ മുറിയിലുണ്ടെന്ന് പറഞ്ഞല്ലോ ചിലപ്പോൾ അതിനുള്ളിൽ ആ  പണം വെച്ച് കാണും.

 

അപ്പോൾ ഇന്നലെ രാത്രി 5 ലക്ഷം രൂപ നഷ്ടപ്പെട്ടു അല്ലേ???

 

അപ്പോൾ ആദിൽ വരുന്നതിന് മുമ്പ് ആരോ റൂമിൽ കടന്ന് ഹമീദിനെ കൊലപ്പെടുത്തിയ ശേഷം 5 ലക്ഷം രൂപയും എടുത്ത് രക്ഷപ്പെട്ട് കാണും അല്ലേ സാർ????

 

ആദിൽ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അങ്ങനെ സംഭവിച്ചിരിക്കാനാണ് സാധ്യത, മേശവലിപ്പിൽ നിന്ന് കണക്കുകൾ കുറിച്ച ഒരു ഡയറിയും, പഴയ കുറച്ച് ഫോട്ടോസ് അടങ്ങിയ ഒരു ചെറിയ ആൽബവും കിട്ടിയിട്ടുണ്ട് സാർ.

 

എന്തായാലും പ്രകാശാ .... താൻ അതിങ്ങ് താ, ഞാൻ വീട്ടിൽ കൊണ്ട് പോയി ഒന്ന് നോക്കട്ടെ, പിന്നെ ഫോറൻസിക് പരിശോധന കഴിഞ്ഞ ശേഷം വീട് പൂട്ടി താക്കോലും ആയിട്ട് സ്റ്റേഷനിലേക്ക് വന്നാൽ മതി, പിന്നെ നാട്ടുകാരെയും, വീട്ടുകാരെയും ആരെയും തന്നെ മരണം നടന്ന റൂമിനകത്തേക്കോ, മുകളിലെ നിലയിലേക്കോ കടത്തി വിടരുത്, നാളെ ഡോഗ് സ്‌ക്വാഡ് എത്തി പരിശോധന നടത്താനുള്ളതാണ്, ചില സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് അവർ ഇന്ന് എത്താത്തത്, ഞാനും ഷറഫുദ്ദീൻ സാറും വീട്ടിലേക്ക് പോകുന്നു.

 

അവർ കാർ എടുത്ത് വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങാൻ   തുടങ്ങുമ്പോഴാണ് ബെഞ്ചമിൻ ആ കാഴ്ച കണ്ടത്, കാർ അവിടെ നിർത്തി ബെഞ്ചമിൻ പുറത്തേക്കിറങ്ങി, എന്താണ് കാര്യമെന്ന് മനസ്സിലാകാതെ ഷറഫുദ്ദീനും ബെഞ്ചമിന് പിന്നാലെ പുറത്തേക്ക് ഇറങ്ങി.....

 

(തുടരും)

 

മലയാളം കഥകൾ - Malayalam Story Portal


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.