തുടർകഥ : അജ്ഞാത കൊലയാളി
രചന : എം.നിയാസ്
(ഭാഗം - 4)
മഴ നനഞ്ഞ് തുടങ്ങിയെങ്കിലും അതൊന്നും അറിയുന്ന ഒരു അവസ്ഥയിൽ ആയിരുന്നില്ല ആദിൽ അപ്പോൾ, ഇവിടെ നിന്നാൽ മഴ നനഞ്ഞ് പനി പിടിക്കുമെന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവുമില്ല, താൻ അകത്തേക്ക് വാ ... അതും പറഞ്ഞ് ബെഞ്ചമിനും, ഷറഫുദ്ദീനും, സാജനും ബാൽക്കണിയിൽ നിന്നും ഹാളിലേക്ക് കയറി, അവർ കേറി രണ്ട് മിനിറ്റോളം കഴിഞ്ഞിട്ടാണ് ആദിൽ കയറി വന്നത്, അപ്പോഴേക്കും അയാൾ മുഴുവനായും നനഞ്ഞ് കുളിച്ചിരുന്നു, ഇത്ര പെട്ടെന്ന് താൻ കുടുങ്ങുമെന്ന് അയാൾ സ്വപ്നത്തിൽ പോലും ചിന്തിച്ച് കാണില്ല, അതിന്റെ ഷോക്കിലാവും അയാൾ മഴയത്ത് അങ്ങനെ നിന്ന് പോയത്, ഹാളിലെ ഒരു കസേരയിൽ കിടന്ന മുഷിഞ്ഞ തോർത്തെടുത്ത് ബെഞ്ചമിൻ ആദിലിന് നേരെ നീട്ടി.
"കുറച്ച് മുഷിഞ്ഞതാണ് എന്നാലും കുഴപ്പമില്ല, താൻ തല തോർത്ത്". ഒരു യന്ത്ര മനുഷ്യനെ പോലെ യാന്ത്രികമായി തോർത്ത് വാങ്ങി ആദിൽ തല തോർത്തി, ഹാളിൽ കിടന്ന പഴക്കം ചെന്ന പ്ലാസ്റ്റിക് കസേരകളിലെ പൊടി വേറൊരു തുണിയെടുത്ത് തുടച്ച് മാറ്റിയ ശേഷം അവരെല്ലാവരും ഇരുന്നു, സാജനോട് ബെഞ്ചമിൻ താഴെ പോയി രാവുണ്ണിയെ കൂടി കൂട്ടി കൊണ്ട് വരുവാൻ പറഞ്ഞു, പെട്ടെന്ന് തന്നെ സാജൻ രാവുണ്ണിയേയും കൂട്ടി മുകളിൽ എത്തി, ശേഷം ബെഞ്ചമിൻ ചോദ്യം ചെയ്യൽ ആരംഭിച്ചു
നിങ്ങളുടെ മുഴുവൻ പേര് എന്താണ്?
ആദിൽ റഹ്മാൻ എന്നാണ് സാറേ, ചെറിയ ഒരു വിറയലോടെ ആദിൽ പറഞ്ഞു.
വീട്ടിൽ ആരൊക്കെയുണ്ട് ..?
ഉമ്മയും, വാപ്പയും, ഒരു അനിയത്തിയും ഉണ്ട്.
വാപ്പ എന്ത് ചെയ്യുന്നു?
മാർക്കറ്റിൽ ഇറച്ചി കട നടത്തുന്നു.
ആദിൽ എന്ത് ചെയ്യുന്നു?
എനിക്ക് ടൂവീലറിന്റെ സ്പെയർ പാർട്സുകൾ വിൽക്കുന്ന ചെറിയൊരു കട ടൗണിൽ ഉണ്ട്, പിന്നെ അത്യാവശ്യം റിയൽ എസ്റ്റേറ്റും ചെയ്യാറുണ്ട്.
മരണപ്പെട്ട മാമനും ആയിട്ട് ഉള്ള നിങ്ങളുടെ റിലേഷൻഷിപ്പ് എങ്ങനെയായിരുന്നു? ഹമീദിന്റെ പെങ്ങളുടെ മകൻ ആണല്ലോ ആദിൽ, നിങ്ങളോടും, ഉമ്മയോടുമൊക്കെ ഹമീദിന്റെ പെരുമാറ്റം എങ്ങനെയായിരുന്നു എന്നതാണ് എന്റെ ചോദ്യം?
വളരെ മോശം പെരുമാറ്റം ആയിരുന്നു സാറേ മാമന്, ഞങ്ങളോടൊക്കെ, മാമൻ ഏറ്റവും കൂടുതൽ വില കൽപ്പിച്ചിരുന്നത് പണത്തിന് മാത്രമായിരുന്നു, കൂടപ്പിറപ്പിനോട് പോലും മനുഷ്യത്വമില്ലാത്ത പെരുമാറുന്ന പ്രകൃതമായിരുന്നു മാമന്റേത്, സൗദിയിലേക്ക് പോകുന്നതിന് മുമ്പ് ഇവിടെ ഒരു ഗതിയും, പരഗതിയും ഇല്ലാതെ നടന്ന ആളാണ്, കൂലിപ്പണി ആയിരുന്നു അന്നിവിടെ, എന്തോ ഭാഗ്യത്തിന് ഡ്രൈവിംഗ് അറിയാമായിരുന്നു, സൗദിയിലേക്കുള്ള വിസ തയ്യാറായപ്പോൾ ക്യാഷ് തികയാഞ്ഞിട്ട് എന്റെ ഉമ്മയുടെ രണ്ട് പവന്റെ മാല വിറ്റിട്ടാണ് മാമന് കാശ് കൊടുത്തത്, അവിടെ ചെന്ന് ജോലിയിൽ കയറിയാൽ ആദ്യത്തെ ശമ്പളം കിട്ടുന്ന അന്ന് തന്നെ നിന്റെ മാല വാങ്ങാനുള്ള കാശ് അയച്ച് തരും, എന്നൊക്കെ പറഞ്ഞിട്ടാണ് നാട്ടിൽ നിന്നും പോയത്, ഇതൊക്കെ ഉമ്മ പറഞ്ഞുള്ള അറിവാണ് സാറേ എനിക്ക്, സൗദിയിൽ എത്തിയ വിവരം വിളിച്ച് പറഞ്ഞു എന്നല്ലാതെ പിന്നെ ഒരു കോൺടാക്ടും വരുന്നത് വരെ മാമന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
എത്ര വർഷം കഴിഞ്ഞിട്ടാണ് ഹമീദ് സൗദിയിൽ നിന്നും വന്നത്?
അഞ്ച് വർഷം കഴിഞ്ഞിട്ടാണ് മടങ്ങി വന്നത് എന്നാണ് ഉമ്മ പറഞ്ഞത്, അന്ന് ഞാൻ തീരെ ചെറുപ്പം ആണല്ലോ, ഇവിടെ എത്തിയപ്പോൾ മാമന്റെ സെറ്റപ്പ് ഒക്കെ മാറിയിരുന്നു പോലും, കൈ നിറയെ കാശ് ഉണ്ടായിരുന്നു, അവിടെ എന്തോ ലോട്ടറി അടിച്ചതാണ് എന്നൊക്കെ നാട്ടുകാരിൽ ചിലർ പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു, അങ്ങനെ വാങ്ങിയതാണ് ഈ വീടും, സ്ഥലവുമൊക്കെ, പിന്നെ ടൗണിൽ രണ്ട് കട മുറി വാങ്ങി, ക്വാർട്ടേഴ്സ് പിന്നെയാണ് പണിഞ്ഞത്, പിന്നെ പലിശയ്ക്ക് കൊടുപ്പും, എല്ലാം കൂടി വെച്ചടി, വെച്ചടി കയറ്റം ആയിരുന്നു, പിന്നെ സാറേ അഞ്ച് പൈസ ചെലവാക്കത്തില്ലല്ലോ,അപ്പോൾ പിന്നെ സ്വത്ത് കുമിഞ്ഞ് കൂടുകയല്ലേ ഉള്ളൂ.
സൗദിയിലൊന്നും ലോട്ടറി എന്ന പരിപാടി ഇല്ലല്ലോ ആദിൽ, സ്വത്തൊക്കെ തന്റെ മാമൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാവും, സൗദിയിലെ നിയമങ്ങളെ കുറിച്ച് അറിവുണ്ടായിരുന്ന ഷറഫുദ്ദീൻ പറഞ്ഞു.
ഹൗസ് ഡ്രൈവർ വിസയിൽ ജോലിക്ക് പോയ ഒരാൾക്ക് എന്ത് ശമ്പളം കിട്ടും സാറേ?
ഏറ്റവും കുറഞ്ഞ ശമ്പളമാണ് ഹൗസ് ഡ്രൈവർ ജോലിക്ക് കിട്ടുന്നത്, മര്യാദയ്ക്ക് കിടന്നുറങ്ങാൻ പോലും പറ്റില്ല, ഒന്നുകിൽ മാമന് അവിടെ മോഷണം കൂടി ഉണ്ടായിരിക്കണം, അടുത്തിടെ ഇറങ്ങിയ റോഷാർക്ക് എന്ന മമ്മൂട്ടി സിനിമയിൽ ആസിഫ് അലിയുടെ ക്യാരക്ടർ അതാണല്ലോ ചെയ്യുന്നത്, അല്ലാതെ പിന്നെ എവിടന്ന് കിട്ടാനാണ് ഇത്രയും പണം.
നിങ്ങളുടെ ഉമ്മയുടെ മാല മാമൻ പിന്നീട് വാങ്ങി തന്നോ?
മാലയുടെ കാര്യം കുറെ പ്രാവശ്യം ഉമ്മ മാമനോട് പറഞ്ഞെങ്കിലും വാങ്ങി തരാം, വാങ്ങി തരാം എന്ന് പറഞ്ഞതല്ലാതെ ആ മാല തിരിച്ച് കിട്ടിയില്ല, ഒന്നുകിൽ കേൾക്കുന്നവന് നാണം വേണം, അല്ലെങ്കിൽ ചോദിക്കുന്നവന് നാണം വേണം എന്നായിരുന്നു മാലയുടെ കാര്യം പിന്നീട് ഉമ്മയോട് ഞാൻ ചോദിച്ചപ്പോൾ അതിന് മറുപടിയായി ഉമ്മ എന്നോട് പറഞ്ഞത്.
സാമ്പത്തികമായി ഒരു സഹായവും നിങ്ങൾക്കും, കുടുംബത്തിനും ഹമീദിൽ നിന്നും ലഭിച്ചില്ല അല്ലേ? അത് കൊണ്ട് അയാളോട് നിങ്ങൾക്ക് കടുത്ത ദേഷ്യം ഉണ്ടായിരുന്നു അല്ലേ?
ദേഷ്യം ഇല്ലായിരുന്നു എന്നൊക്കെ പറഞ്ഞാൽ അത് നുണയായി പോകില്ലേ സാറേ, എന്ന് വെച്ച് എല്ലാത്തിലും 100% സത്യസന്ധത പുലർത്തുന്ന ആളൊന്നുമല്ല ഞാൻ, നില നിൽപ്പിനായി ചില കള്ളങ്ങളൊക്കെ ഞാനും പറയാറുണ്ട്.
ആദിൽ ഇന്നലെ രാത്രി എന്താണ് ഇവിടെ നടന്നത്?
കുടുംബവിശേഷങ്ങൾ കൂടുതലായി തിരക്കി സമയം കളയുന്നതിൽ അർത്ഥമില്ലെന്ന് കണ്ട ബെഞ്ചമിൻ കാര്യത്തിലേക്ക് കടന്നു.
മാമനെ കൊലപ്പെടുത്തിയത് ഞാനാണെന്ന് തന്നെയാണോ സാർ വിശ്വസിക്കുന്നത്?
താനല്ലേ രാവുണ്ണിയോട് മേലത്തെ ബാൽക്കണിയുടെ ഡോർ തുറന്നിടാൻ പറഞ്ഞത്, നിങ്ങൾ ആ ഡോർ വഴി ഇന്നലെ രാത്രി ഈ വീട്ടിനുള്ളിൽ പ്രവേശിച്ചിട്ടുമുണ്ട്, ആ നിലയ്ക്ക് നിങ്ങളെയല്ലാതെ വേറെ ആരെയാണ് ഞങ്ങൾ സംശയിക്കേണ്ടത് ആദിൽ? അതോ നിങ്ങളുടെ ഒപ്പം വേറൊരാളും കൂടി ഉണ്ടായിരുന്നോ?അയാളാണോ കൊലപാതകം ചെയ്തത്? ഒന്നിലധികം ആളുകളുടെ ഫുട് മാർക്കുകൾ ഇവിടെയൊക്കെ പതിഞ്ഞിട്ടുണ്ട്.
എന്റെ കൂടെ വേറെയാരും ഉണ്ടായിരുന്നില്ല സാറേ, ഞാൻ തനിച്ചാണ് ഇങ്ങോട്ടേക്ക് വന്നത്.
നിങ്ങൾ എത്ര മണിക്കാണ് ഇങ്ങോട്ടേക്ക് വന്നത്?
12 മണി കഴിഞ്ഞാണ് സാറെ ഞാൻ ഇവിടേക്ക് വന്നത്.
സമയം ഇത്ര കൃത്യമായി ഓർത്തിരിക്കാൻ എന്തെങ്കിലും കാരണമുണ്ടോ?
സെക്കൻഡ് ഷോ കാണാൻ പോവുകയാണ് വരാൻ ലേറ്റ് ആകും എന്ന് വീട്ടിൽ പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിയത്, എട്ടരയ്ക്ക് തുടങ്ങിയ സിനിമ 10:45 ആയപ്പോൾ കഴിഞ്ഞു, മേലെ ക്വാർട്ടേഴ്സിൽ ആളുകൾ ഉറങ്ങാൻ വൈകിയേക്കും എന്ന ഭയം കൊണ്ട് 12 മണിയോടെ വീട്ടിലെത്തുവാൻ ഞാൻ തീരുമാനിച്ചു, സിനിമ കഴിഞ്ഞ ശേഷം കുറച്ച് ദൂരം റോഡിലൂടെ വെറുതെ നടന്നു, അതിന് ശേഷം തട്ട് കടയിൽ നിന്നും ഭക്ഷണം കഴിച്ചു, അപ്പോഴേക്കും സമയം 11:45 ആയി, ശേഷം സ്കൂട്ടർ എടുത്ത് ഞാൻ ഇവിടേക്ക് വന്നു, അങ്ങനെ എപ്പോഴും വാച്ചിലേക്ക് നോക്കിയിരുന്നത് കൊണ്ടാണ് 12 മണിയായി എന്ന് കൃത്യമായി പറയാൻ പറ്റിയത്.
ആദിൽ പറഞ്ഞ ആ കാര്യത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്ന് ബെഞ്ചമിന് തോന്നി.
നിങ്ങൾ ഇങ്ങോട്ടേക്ക് വരുമ്പോൾ ഗേറ്റ് തുറന്ന് കിടക്കുകയായിരുന്നോ?
അതിനെ ഗേറ്റ് എന്നൊന്നും പറയാൻ പറ്റില്ല സാറേ, ആകപ്പാടെ തുരുമ്പിച്ച് ഏതാണ്ട് നശിച്ച നിലയിലാണ് ഗേറ്റ്, പുതിയതൊരെണ്ണം വെക്കുവാനുള്ള പൈസ ചെലവ് ഓർത്ത് അങ്ങനെ തന്നെ ഇട്ടിരിക്കുകയായിരുന്നു, എപ്പോഴും തുറന്ന നിലയിൽ തന്നെയാണ് അത് ഉള്ളത്.
കോമ്പൗണ്ടിൽ കയറിയ ശേഷം നിങ്ങൾ എങ്ങോട്ടാണ് നേരെ പോയത്?
ഞാൻ നേരെ വിറക് പുരയ്ക്ക് അടുത്തേക്ക് പോയി, മുകളിലേക്ക് കയറുവാനുള്ള ഗോവണി അവിടെയായിരുന്നു ഉണ്ടായിരുന്നത്.
നിങ്ങൾ പുറക് വശത്തേക്ക് വരുമ്പോൾ മൊബൈലിന്റെ ലൈറ്റോ അങ്ങനെയെന്തെങ്കിലും വെളിച്ചം കിട്ടുവാൻ ഉപയോഗിച്ചിരുന്നോ?
മൊബൈലിന്റെ ലൈറ്റ് തെളിച്ചാൽ മേലെ ക്വാർട്ടേഴ്സിൽ ഉറങ്ങാതെ ഇരിക്കുന്ന ആരെങ്കിലും കണ്ടെങ്കിലോയെന്ന് ഭയന്ന് ഞാൻ മൊബൈൽ ലൈറ്റ് ഓൺ ചെയ്തില്ല, ഇടയ്ക്കിടെ ഇവിടെ വരാറുള്ളത് കൊണ്ട് അധികം തപ്പലില്ലാതെ വിറക് പുരയ്ക്ക് അടുത്ത് എത്തി.
അപ്പോൾ മഴ ഉണ്ടായിരുന്നോ?
ചെറുതായിട്ട് പൊടിക്കുന്നുണ്ടായിരുന്നു സാർ.
അതിന് ശേഷം നടന്ന കാര്യങ്ങൾ പറയു??
അവിടെ നിന്നും ഗോവണി എടുത്ത് ഞാൻ ബാൽക്കണിയിലേക്ക് കയറി ഡോർ തുറന്ന് അകത്തേക്ക് കയറി, മേലെ ഹാളിൽ ഒരു ലൈറ്റ് പോലും ഇട്ടിട്ടില്ലാത്തതിനാൽ ഞാൻ മൊബൈൽ ലൈറ്റ് തെളിച്ച് താഴേക്ക് നടന്നു.
തീരെ വെളിച്ചം ഉണ്ടായിരുന്നില്ലേ മുകൾ നിലയിൽ?
മേലെയും, താഴെയും, ഉണർന്നിരിക്കുന്ന സമയത്ത് തന്നെ മര്യാദയ്ക്ക് ലൈറ്റ് ഇടില്ല, കരണ്ട് ചാർജ് കൂടുമെന്ന് പുറത്ത് ഒരു ലൈറ്റ് പോലും ഇടാറില്ല, സിറ്റൗട്ടിൽ സീറോ വോൾട്ട് ബൾബാണ് ഇട്ടിരിക്കുന്നത്, ഹാളിലും,ബെഡ്റൂമിലും, കിച്ചണിലുമൊക്കെ തീരെ വോൾട്ട് കുറഞ്ഞ എൽ.ഇ.ഡി ബൾബാണ് ഉപയോഗിക്കുന്നത്.
നിങ്ങളുടെ മാമൻ കിടന്ന റൂമിന്റെ ഡോർ തുറന്ന് കിടക്കുകയായിരുന്നോ, അതോ അകത്ത് നിന്ന് ലോക്ക് ചെയ്ത സ്ഥിതിയിലായിരുന്നോ?
മെയിന്റൈൻസ് ഒന്നും സമയാ സമയം ചെയ്യാത്തത് കൊണ്ട് ബെഡ് റൂമിലെ ഡോറിന്റെ കുറ്റിയും, കൊളുത്തുമൊക്കെ പഴകി ദ്രവിച്ച് പോയിരുന്നു, മുൻ വശത്തെ വാതിലുകളും, ബാൽക്കണിയിലെ ഡോറുകളും മാത്രമാണ് കള്ളന്മാരെങ്ങാനും കയറിയേക്കുമോ എന്ന പേടി കൊണ്ട് കൃത്യമായി നന്നാക്കിയിട്ടിട്ടുള്ളത്.
എന്നാലും പണമൊക്കെ ഇവിടെ സൂക്ഷിക്കുന്നത് കൊണ്ട് ബെഡ്റൂമിന്റെ വാതിലെങ്കിലും നന്നാക്കി സൂക്ഷിക്കേണ്ടതല്ലേ ആദിൽ?
ഇവിടെ അങ്ങനെ പണം വെക്കാറുണ്ടെന്നുള്ളത് പുറത്താർക്കും അറിയില്ല സാറേ, പണമൊക്കെ ബാങ്കിലാണ് എന്നാണ് മാമൻ എല്ലാവരോടും പറഞ്ഞിരിക്കുന്നത്, ആരെങ്കിലും പണം ചോദിച്ച് വന്നാൽ പിറ്റേ ദിവസം ബാങ്കിൽ നിന്ന് എടുത്ത് തരാമെന്ന് പറഞ്ഞ് മടക്കി അയയ്ക്കും, പക്ഷേ പണമൊക്കെ ഇവിടെ തന്നെയുണ്ടാകും, ബെഡ്റൂമിൽ രഹസ്യമായി ഒളിപ്പിച്ച് വെച്ചിട്ടുള്ള ലോക്കറിൽ നിന്ന് ക്യാഷ് എടുത്ത് പിറ്റേന്ന് നൽകും, ഇവിടെ പണം ഉണ്ടെന്നുള്ള വിവരം എനിക്കും, രാവുണ്ണിക്കും അല്ലാതെ വേറെയാർക്കും അറിയില്ല.
ഇന്നലെ വൈകുന്നേരം ഒരാൾ ഇവിടെ എന്തോ പ്രശ്നം ഉണ്ടാക്കിയതായി രാവുണ്ണി പറഞ്ഞിരുന്നു, അപ്പോൾ നിങ്ങൾ ഇവിടെ ഉണ്ടായിരുന്നു അല്ലേ?
ആ സമയത്ത് ഞാൻ ഇവിടെ ഉണ്ടായിരുന്നു, അഞ്ച് ലക്ഷം രൂപ ഒരു മാസത്തെ അവധിക്ക് മുജീബ് എന്നയാൾ വാങ്ങിയിരുന്നു. ഒരു മാസം കഴിഞ്ഞ് രണ്ട് ദിവസം കൂടി വൈകി ക്യാഷ് കൊടുക്കുവാൻ, രണ്ടു ദിവസത്തെ പലിശ കൂടി വേണമെന്ന് മാമൻ പറഞ്ഞു, അതിനെ ചൊല്ലിയായിരുന്നു വഴക്ക്, അവസാനം രണ്ട് ദിവസത്തെ പലിശ കൂടി മുജീബ് വലിച്ചെറിഞ്ഞ് കൊടുത്തിട്ട് അയാൾ മാമനെ തെറിയും വിളിച്ചിട്ട് ദേഷ്യപ്പെട്ട് ഇറങ്ങി പോയി.
അയാൾ കൊടുത്ത ക്യാഷ് ഹമീദ് അപ്പോൾ തന്നെ ലോക്കറിൽ വെച്ച് കാണും അല്ലേ?
ഇന്നലെ ലോക്കറിൽ വെച്ച് കാണാൻ ഒരു സാധ്യതയുമില്ല സാറേ, സന്ധ്യയായി കഴിഞ്ഞാൽ മാമന് കണ്ണിനു കാഴ്ച തീരെ കുറവാണ്, മാലക്കണ്ണോ അങ്ങനെയെന്തോ ആണെന്ന് തോന്നുന്നു, ലോക്കറിൽ വെക്കണമെങ്കിൽ എന്തൊക്കെയോ നമ്പറുകൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ തിരിച്ചിട്ടാണ് വെക്കുന്നതെന്ന് രാവുണ്ണി പറഞ്ഞിട്ടുണ്ട്, അത് കൊണ്ട് പിറ്റേന്ന് രാവിലെ വെക്കാനാണ് സാധ്യത, അതിനുള്ള സമയം മാമന് കിട്ടിയില്ലല്ലോ...!!!
ലോക്കർ തുറക്കുന്ന ഏതെങ്കിലും സമയത്ത് നിങ്ങൾ എപ്പോഴെങ്കിലും ആ റൂമിൽ ഉണ്ടായിരുന്നിട്ടുണ്ടോ?
ആ സമയത്ത് റൂമിലേക്ക് ആരെയും കയറ്റുകയില്ല സാറേ, രാവുണ്ണി എപ്പോഴോ യാദൃശ്ചികമായി കയറിയപ്പോൾ കണ്ടതാണ്, റൂമിലേക്ക് അനുവാദം ഇല്ലാതെ കേറി വന്നതിന് നല്ല ചീത്തയും കേട്ടെന്നാണ് രാവുണ്ണി ചേട്ടൻ എന്നോട് പറഞ്ഞത്, അങ്ങനെ വൈകുന്നേരങ്ങളിൽ കിട്ടുന്ന കാശ് രാവിലെയാണ് ലോക്കറിൽ വെക്കുന്നത്.
അപ്പോൾ ആ 5 ലക്ഷം രാവിലെ മാമൻ ലോക്കറിൽ വെക്കുന്നതിന് മുമ്പ് എടുക്കുവാൻ വേണ്ടിയായിരുന്നു അല്ലേ നിങ്ങൾ തിടുക്കപ്പെട്ട് ഇന്നലെ രാത്രി തന്നെ കയറിയത് അല്ലേ?
ക്യാഷ് എടുക്കാൻ വേണ്ടിയാണ് ബാൽക്കണിയിലെ ഡോർ തുറന്നിടാൻ പറഞ്ഞതെന്ന് ഞാൻ രാവുണ്ണിയോട് പറഞ്ഞത് കള്ളമായിരുന്നു സാറേ, സത്യത്തിൽ ക്യാഷ് മോഷ്ടിക്കുവാൻ വേണ്ടിയല്ല ഞാൻ ഇന്നലെ രാത്രിയിൽ ഇങ്ങോട്ടേക്ക് വന്നത്, ഞാനത് പറഞ്ഞാൽ നിങ്ങൾ ഇപ്പോൾ വിശ്വസിക്കുകയില്ലെങ്കിലും, അതാണ് സത്യം, നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാൻ വന്നത് എന്തിനാണെന്ന് പറയാം, അതാണ് സത്യവും.
പുതിയതായി എന്ത് കഥയാണ് ആദിൽ പറയാൻ പോകുന്നതെന്ന ആകാംക്ഷയിൽ ഷറഫുദ്ദീൻ ബെഞ്ചമിന്റെ മുഖത്തേക്ക് നോക്കി, ആദിൽ പറയാൻ പോകുന്നത് അയാൾ സ്വയം മെനഞ്ഞുണ്ടാക്കിയ കഥയാവും എന്ന ബോധ്യം ഉള്ളത് കൊണ്ടാണോ എന്തോ എന്നറിയില്ല ബെഞ്ചമിന്റെ മുഖത്ത് ചെറിയൊരു ആകാംക്ഷ പോലും ഉണ്ടായിരുന്നില്ല.
(തുടരും)