സാർ എന്താണ് അങ്ങനെ ചോദിച്ചത്, ചില ദിവസങ്ങളിൽ മുൻ വശത്തെ ബാൽക്കണിയും, പിൻ വശത്തെ ബാൽക്കണിയും വൃത്തിയാക്കുമ്പോൾ ചിലപ്പോൾ ഏതെങ്കിലും ഒന്നിന്റെ ഡോർ അടയ്ക്കാൻ വിട്ട് പോകാറുണ്ട്, അല്ലാതെ ഞാൻ മനപ്പൂർവം തുറന്നിടാറില്ല

 

മലയാളം കഥകൾ - Malayalam Story Portal

തുടർകഥ  : അജ്ഞാത കൊലയാളി

രചന : എം.നിയാസ്

(ഭാഗം - 3)

 

അങ്ങനെയൊരു ചോദ്യം  പ്രതീക്ഷിച്ചിട്ടില്ലാത്തതിനാലും, തന്റെ മുഖത്ത് പെട്ടന്നുണ്ടായ ഭാവമാറ്റം ഒളിപ്പിച്ച് വെക്കാൻ മാത്രം കഴിവ് രാവുണ്ണിക്ക് ഇല്ലാത്തിനാലും അത്  മുഖത്ത് പ്രകടമായി പ്രതിഫലിച്ചു, എങ്കിലും ഒരു ശ്രമം നടത്തി നോക്കാതെയിരുന്നില്ല രാവുണ്ണി,

 

സാർ എന്താണ് അങ്ങനെ ചോദിച്ചത്, ചില ദിവസങ്ങളിൽ മുൻ വശത്തെ ബാൽക്കണിയും, പിൻ വശത്തെ ബാൽക്കണിയും വൃത്തിയാക്കുമ്പോൾ ചിലപ്പോൾ ഏതെങ്കിലും ഒന്നിന്റെ ഡോർ അടയ്ക്കാൻ വിട്ട് പോകാറുണ്ട്, അല്ലാതെ ഞാൻ മനപ്പൂർവം തുറന്നിടാറില്ല ...

 

രാവുണ്ണി വിറക്പുരയ്ക്ക് അടുത്ത് താഴെ കിടക്കുന്ന ഗോവണി കണ്ടല്ലോ, അതിന് അടുത്ത് തന്നെയാണല്ലോ പുറക് വശത്തെ ബാൽക്കണിയൂം, കൊലയാളി ആ ഗോവണി വഴിയാണ് മേലത്തെ ബാൽക്കണിയിൽ എത്തിയത്, വാതിൽ തുറന്ന് കിടന്നത് കൊണ്ട് അനായാസം  വീടിനുള്ളിൽ പ്രവേശിക്കാൻ സാധിച്ചു, അങ്ങനെയല്ല രാവുണ്ണി മനപ്പൂർവ്വം ഡോർ തുറന്നിട്ടത് കൊണ്ട് കൊലയാളിക്ക് എളുപ്പത്തിൽ  വീടിനകത്തേക്ക് പ്രവേശിക്കാൻ സാധിച്ചു, അതാണ് കറക്റ്റ്, രാവുണ്ണി നിങ്ങള് വെറുതെ ആവശ്യമില്ലാതെ മസില് പിടിച്ചിട്ട് കാര്യമൊന്നുമില്ല, സ്റ്റേഷനിലേക്ക് തന്നെ കൊണ്ട് പോയാൽ പിന്നെ ചോദ്യം ചെയ്യൽ ഇങ്ങനെയൊന്നും ആയിരിക്കില്ല കേട്ടോ, ലീവ് കഴിഞ്ഞ് എസ്.ഐ ഗഫൂർ ഇന്ന് ജോയിൻ ചെയ്യുന്നുണ്ട്, സാജനെ കൂട്ടൊന്നുമല്ല അയാൾ, ക്രിമിനൽസിനെ തല്ലി പതം വരുത്തുന്നത് അയാൾക്കൊരു ഹോബിയാണ്, ശരീരത്തിന് നല്ലൊരു വ്യായാമം കൂടി ആണത്രേ തല്ലൽ എന്നാണത്രെ ഗഫൂറിന്റെ പോളിസി.

 

ആ വിരട്ടൽ എന്തായാലും ഫലിച്ചു, പേടി കൊണ്ട് രാവുണ്ണിയുടെ മുഖം വലിഞ്ഞ് മുറുകി ബെഞ്ചമിനും, ഷറഫുദ്ദീനും രാവുണ്ണിയും, കടും ചുവന്ന നിറത്തിൽ  പഴുത്ത് നിൽക്കുന്ന ഒരു ചാമ്പയുടെ ചുവട്ടിലേക്ക് മാറി നിന്നു, അവിടെ നിന്നാൽ വീട്ടിൽ നിന്ന് ആരുടെയും ശ്രദ്ധ പെട്ടന്നവിടേക്ക് പതിയില്ലായിരുന്നു, അവിടെ നിന്ന് നോക്കുമ്പോൾ വീട് ഒരു പ്രേത ഭവനം കണക്ക് തോന്നിച്ചു.

 

രാവുണ്ണി എന്തിനാണ് പേടിക്കുന്നത്, ധൈര്യമായി പറഞ്ഞോളൂ, പറഞ്ഞില്ലെങ്കിൽ ആണ് പേടിക്കേണ്ടത്, ബെഞ്ചമിൻ പറഞ്ഞാൽ പറഞ്ഞ പോലെ ചെയ്യുന്ന ആളാണ്, ഗഫൂറിന്റെ അടിയൊന്നും താങ്ങാൻ ഈ വയസ്സ് കാലത്ത് തന്നെ കൊണ്ട് ആവുമോ രാവുണ്ണി...!!! ഷറഫുദ്ദീൻ ഒന്ന് കൂടി സ്ക്രൂ കയറ്റി

 

സാറേ ഇക്കയുടെ പെങ്ങളുടെ മകൻ ആദിലാണ് എന്നോട് ബാൽക്കണിയിലെ ഡോർ തുറന്നിടാൻ പറഞ്ഞത്?

 

എന്തിനാണ് ഡോർ തുറന്നിടാൻ പറഞ്ഞതെന്ന് രാവുണ്ണി ചോദിച്ചില്ലേ?

 

കുറച്ച് കാശിന്റെ ആവശ്യമുണ്ടെന്നും, മാമൻ അറിയാതെ കുറച്ച് കാശ് എടുത്താൽ എനിക്കും അതിന്റെ പങ്ക് തരാമെന്ന് ആദിൽ പറഞ്ഞു സാറേ, കണ്ടമാനം കാശ് വീട്ടിനുള്ളിൽ സൂക്ഷിച്ചിരിക്കുന്നത് കൊണ്ട് അതിൽ നിന്ന് കുറച്ചെടുത്താലും മാമൻ അത് അറിയാൻ പോകുന്നില്ല എന്നായിരുന്നു ആദിൽ പറഞ്ഞത്, ആലോചിച്ച് നോക്കിയപ്പോൾ അതൊരു കുഴപ്പമില്ലാത്ത പരിപാടിയാണെന്ന് എനിക്കും തോന്നി, ചിലപ്പോൾ ഇക്കയ്ക്ക് തന്നെ അറിയാൻ പാടില്ലായിരിക്കും എവിടെയൊക്കെയാണ് കാശ് സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്ന്, ഇനി അഥവാ പണം മോഷണം പോയി എന്ന് ഇക്കക്ക് മനസ്സിലായാലും പോലീസിലൊന്നും പരാതി പെടാൻ പോവില്ല, കണക്കിൽ പെടാത്ത പണമല്ലേ, അങ്ങനെയൊരു അന്വേഷണം വന്നാൽ വീട്ടിൽ ഇരിക്കുന്ന മുഴുവൻ കാശും പോകുമെന്ന് ഇക്കയ്ക്ക് നന്നായി അറിയാം.

 

എന്നിട്ട് ക്യാഷ് എടുത്തതിന് ശേഷം ആദിൽ രാവുണ്ണിക്ക് എത്ര ക്യാഷ് തന്നു???

 

ആദ്യം ഒരു 5000 രൂപ തന്നിരുന്നു, ബാക്കി പിന്നെ എടുത്തിട്ട് തരാമെന്നാണ് ആദിൽ പറഞ്ഞത്, രാത്രി മേലെ ബാൽക്കണിയിലെ ഡോർ തുറന്നിട്ട ശേഷം ഞാൻ ഉറങ്ങാൻ കിടന്നു, ആദിൽ തന്ന കാശ് കയ്യിൽ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ സാധാരണ കഴിക്കുന്നതിലും കുറച്ചു കൂടുതൽ മദ്യം കഴിച്ചു, കിടന്ന പാടെ ഞാനങ്ങ് ഉറങ്ങി പോയി, പിന്നെ രാവിലെ മൊബൈലിന്റെ അലാറം അടിച്ചപ്പോഴാണ് ഉണർന്നത്, അപ്പോൾ തന്നെ കട്ടൻ കാപ്പിയും ഉണ്ടാക്കി ഇക്കയുടെ റൂമിലേക്ക് പോയി, ഇക്ക മരിച്ച അങ്കലാപ്പിൽ ആദിൽ വന്നപ്പോഴും തലേന്ന് എത്ര രൂപ എടുത്തു എന്നതിനെ പറ്റിയൊന്നും ചോദിക്കാൻ എനിക്ക് പറ്റിയില്ല,സത്യം പറഞ്ഞാൽ അതൊന്നും ചോദിക്കാനുള്ള ഒരു  സ്ഥിതിയിൽ ആയിരുന്നില്ല ഞാൻ.

 

അപ്പോൾ ആദിൽ രാവുണ്ണിയെ കള്ളം പറഞ്ഞ് പറ്റിച്ചതാണ്, പണം എടുക്കാനുണ്ട് എന്നൊക്കെ വെറുതെ പറഞ്ഞതാണ്, ഹമീദിനെ കൊല്ലുക എന്നത് തന്നെയായിരുന്നു ആദിലിന്റെ ലക്ഷ്യം, ഹമീദിന്റെ ഭാര്യയും, മകളും മരിച്ച് പോയതിനാൽ വേറെ അവകാശികൾ ഇല്ലാത്തതിനാൽ സ്വത്തുക്കൾ മുഴുവൻ ബന്ധുക്കൾക്ക് കിട്ടുമല്ലോ, രാവുണ്ണി വാതിൽ തുറന്നിട്ട് കൊടുത്തത് കൊണ്ട് താനും ഈ കൊലപാതകത്തിൽ ഒരു പങ്കാളി ആയല്ലോ, രാവുണ്ണി എങ്ങാനും ആദിലിനോട് ക്യാഷ് എടുക്കാനാണ് എന്നും പറഞ്ഞിട്ട് എന്തിനാണ് ഇക്കയെ കൊന്നതെന്ന് ചോദിച്ചാലോ,ഞാനീ വിവരങ്ങൾ പോലീസിൽ പറയും എന്നെങ്ങാനും ആദിലിനോട് പറഞ്ഞാലോ, നമ്മൾ രണ്ട് പേരും ചേർന്നാണ് ഈ കൊലപാതകം നടത്തിയതെന്ന് പോലീസിനോട് പറയുമെന്ന് ആദിൽ  ഭീഷണി മുഴക്കും, അപ്പോൾ നിങ്ങൾക്ക് ഒരു തരത്തിലും പോലീസിന്റെ അടുത്ത് ആദിലിന്റെ പേര് പറയാൻ പറ്റില്ല, അങ്ങനെയൊരു പ്ലാനാണ് ആദിലിന്റെ മനസ്സിൽ ഉണ്ടായിരുന്നത്.

 

സാറേ ഇക്കയെ ആ മഹാപാപി കൊല്ലുമെന്നൊന്നും ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല, പൂത്ത പണം ആവശ്യത്തിലധികം ഇരിക്കുന്നത് കൊണ്ട് അതിൽ നിന്ന് കുറച്ചെടുക്കാമെന്നേ ഞാൻ കരുതിയുള്ളൂ, എന്തിനായിരിക്കും സാറേ അവൻ ഇക്കയെ ശ്വാസം മുട്ടിച്ച് കൊന്ന് കളഞ്ഞത്, ഇന്നത്തെ കാലത്ത് കൊലപാതകമൊക്കെ നടത്തിയാൽ കുടുങ്ങുമെന്ന് അവന് അറിയില്ലേ???

 

നിങ്ങളുടെ സഹായമില്ലാതെ ആദിലിന് അകത്ത് പ്രവേശിക്കാൻ സാധിക്കില്ല, നിരവധി അന്യസംസ്ഥാന തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നത് കൊണ്ട് അവരാരെങ്കിലും ആയിരിക്കും വീട്ടിനകത്ത് കയറി പണം എടുത്ത ശേഷം ഇക്കയെ കൊന്നതെന്ന് നാട്ടുകാരും,പോലീസും വിചാരിച്ച് കൊള്ളുമെന്ന് ആദിൽ മനസ്സിൽ കരുതി കാണും, പിന്നെ രാവുണ്ണി നിങ്ങൾ ഇപ്പോൾ പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ മൊബൈലിൽ റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്, അത് കൊണ്ട് ഇപ്പോൾ പറഞ്ഞതൊക്കെ ഏതെങ്കിലും സാഹചര്യത്തിൽ മാറ്റി പറയാൻ നിൽക്കണ്ട.

 

അയ്യോ എന്റെ പൊന്ന് സാറേ ഞാൻ പറഞ്ഞതൊന്നും മാറ്റി പറയത്തൊന്നുമില്ല, കൊലപാതക കുറ്റത്തിന് ഞാനും ജയിലിൽ പോകും അല്ലേ, കാശൊന്നും വലുതായിട്ട് കയ്യിലില്ലെങ്കിലും മന:സമാധാനത്തോടെ ജീവിച്ച് പൊയ്ക്കൊണ്ടിരുന്നതാ, ഇപ്പോൾ അതും ഇല്ലാതായി.

 

രാവുണ്ണി പേടിക്കണ്ട, തന്നെ മാപ്പ്സാക്ഷിയാക്കി ഈ കേസിൽ നിന്നും, കോടതിയിൽ നിന്നും ഞങ്ങൾ ഒഴിവാക്കി തരാം, തന്നെ തെറ്റിദ്ധരിപ്പിച്ചാണ് ആദിൽ അകത്ത് കയറിയതെന്ന ഒരു മൊഴി ആദ്യം തന്നെ കൊടുത്താൽ മതി.

 

എന്ത് മൊഴി വേണമെങ്കിലും ഞാൻ കൊടുക്കാം സാറേ, എന്നെയെങ്ങനെയെങ്കിലും ഈ കേസിൽ നിന്നും രക്ഷിക്കണം സാറേ, ഇക്കയെ അവന് കൊല്ലാനുള്ള ഉദ്ദേശമാണെന്ന് ഞാൻ നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ അവനുമായിട്ട് ഒരിടപാടിനും ഞാൻ നിൽക്കില്ലായിരുന്നു.

 

കാര്യങ്ങളുടെ ഭീകരത  പൂർണ്ണമായും മനസ്സിലാക്കിയ രാവുണ്ണി പൊട്ടി കരഞ്ഞു.

 

ഞാൻ പറഞ്ഞല്ലോ രാവുണ്ണി ,,, നിങ്ങളെ എങ്ങനെയെങ്കിലും കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന്, നിങ്ങളുടെ മുഖഭാവം കണ്ടിട്ട് അവനൊന്നും തോന്നരുത്, ഇനിയഥവാ നിങ്ങളെ ഞങ്ങൾ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്ന് എന്താണ് ചോദിച്ചതെന്ന് ആദിൽ പിന്നീട് ചോദിച്ചാൽ അയൽപക്കക്കാരുടെ വിവരങ്ങൾ അറിയാനാണ് തന്നെ കൂട്ടി കൊണ്ട് വന്നതെന്ന് പറഞ്ഞാൽ മതി.

 

ബെഞ്ചമിൻ അങ്ങനെ ഉറപ്പ് പറഞ്ഞതോടെ രാവുണ്ണിക്ക് പകുതി സമാധാനമായി, ചാമ്പയുടെ ചുവട്ടിൽ നിന്നും കുറച്ച് കൂടി മുന്നോട്ടു നടന്നപ്പോൾ മതിലിന് അപ്പുറത്തായി ഒരു രണ്ട് നില കെട്ടിടം ദൃശ്യമായി, കാഴ്ചയിൽ ഒരു ഹോസ്റ്റൽ പോലെ തോന്നിച്ചു.

 

ഇതെന്താണ് രാവുണ്ണി ഈ ബിൽഡിംഗ്, ഇവിടെ ആരാണ് താമസിക്കുന്നത്?

 

അത് പെണ്ണുങ്ങൾക്കുള്ള ഹോസ്റ്റൽ ആണ് സാറേ, കൂടുതലും ജോലിക്കാരികളാണ് അവിടെ താമസിക്കുന്നത്.

 

ക്വാർട്ടേഴ്സിൽ ആരൊക്കെയാണ് താമസിക്കുന്നത്?

 

ആദ്യത്തെ റൂമിൽ ഒരു മാഷും, ഭാര്യയും, കുട്ടികളുമാണ് താമസിക്കുന്നത്, ഭാര്യയും ജോലിക്കാരിയാണ്, ബാങ്കിലാണ് അവർ ജോലി ചെയ്യുന്നത്, അതിന് തൊട്ടടുത്ത റൂമിൽ ഒരു ആർട്ടിസ്റ്റും, അമ്മയും താമസിക്കുന്നുണ്ട്, പുള്ളിക്കാരൻ കാലിന് സ്വാധീനമില്ലാത്ത ആളാണ്, ടൗണിൽ ചെറിയൊരു കട മുറി വാടകയ്ക്ക് എടുത്ത് വരയ്ക്കുന്ന ചിത്രങ്ങൾ അവിടെ വെച്ച് വിൽക്കും, നല്ല പോലെ പടം വരയ്ക്കുന്ന ആളാണ് സാറേ, അതിനടുത്ത റൂമിൽ ജിമ്മിലൊക്കെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു സാറാണ്, ഇപ്പോൾ ഭാര്യ കൂടിയില്ല, അവർ തമ്മിൽ എന്തോ പ്രശ്നമുണ്ടായിട്ട് അവർ അവരുടെ വീട്ടിലേക്ക് പോയി, അതിനടുത്ത റൂമിൽ തമിഴന്മാരാണ്, മുറുക്കും, വേറെ എന്തോ ചില  പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കി, ബേക്കറികളിലും, സൂപ്പർ മാർക്കറ്റുകളിലും കൊടുക്കുന്നതാണ് അവരുടെ പണി.

 

അങ്ങനെ പലഹാരങ്ങൾ ഒക്കെ ഉണ്ടാക്കാനുള്ള സൗകര്യം അവിടെയുണ്ടോ രാവുണ്ണി?

 

മലയാളം കഥകൾ - Malayalam Story Portal
 

അവിടെ അതൊന്നും ഉണ്ടാക്കാനുള്ള സൗകര്യം ഇല്ല സാറേ, പലഹാരം ഒക്കെ ഉണ്ടാക്കാനുള്ള ഒരു പഴയ വീട് കുറച്ചകത്തേക്ക് കയറി കുറഞ്ഞ വാടകയിൽ അവർ എടുത്തിട്ടിട്ടുണ്ട്, അവിടെ താമസം മാത്രമേയുള്ളൂ, അതിനും അടുത്തുള്ള റൂമിൽ താമസിക്കുന്നത് നേഴ്സിങിന് പഠിക്കുന്ന രണ്ട് ആൺ കുട്ടികളാണ്, അവരെ എന്തോ ഒരു പേരാണല്ലോ വിളിക്കുന്നത് എനിക്കത് ഓർമ്മയിൽ നിൽക്കത്തില്ല സാറേ ...

 

മെയിൽ നേഴ്സ് എന്നാണ് രാവുണ്ണി അതിന് പറയുന്നത്.

 

ആ പിള്ളേര് അത്ര വെടിപ്പല്ല സാറേ, മൊത്തത്തിൽ എല്ലാവർക്കും അവന്മാരെ കൊണ്ട്  പരാതിയായിരുന്നു. ചില ദിവസങ്ങളിൽ അവന്മാരുടെ കൂട്ടുകാരന്മാരൊക്കെ അവിടെ വന്ന് വെള്ളമടിക്കും, പിന്നെ ഒച്ചപ്പാടും ബഹളവുമാണ്, ഫാമിലി ആയി താമസിക്കുന്നവർക്ക് അവന്മാരെ കൊണ്ട് വല്ലാത്ത ബുദ്ധിമുട്ടായി, അവരെല്ലാം പരാതി പറഞ്ഞപ്പോൾ അവരോട് ഉടനെ തന്നെ മാറാൻ ഇക്ക പറഞ്ഞു, ഒരു മാസം കൊണ്ട് മാറി തരാമെന്നാണ് അവര് പറഞ്ഞത്, തൊട്ടടുത്ത റൂം ഇപ്പോൾ കാലിയാണ് സാറേ, അവിടെ താമസിച്ചിരുന്നവർ പത്ത് ദിവസം മുമ്പാണ് ഒഴിഞ്ഞത്, അവർക്ക് ടൗണിൽ ഏതോ ചിട്ടി കമ്പനി ആയിരുന്നു, ഭാര്യയും ഭർത്താവും കൂടിയാണ് ചിട്ടി കമ്പനി നടത്തിയത്, അവർക്ക് കുട്ടികളൊന്നുമില്ല, ചിട്ടി കമ്പനി പൊട്ടി, അങ്ങനെയെന്തോ പ്രശ്നമായിട്ട് അവർ ഇവിടെ നിന്ന് പെട്ടന്ന് മാറി കളഞ്ഞതാണ്, ഇക്കയുടെ കയ്യിൽ നിന്നും എന്തോ കാശ് വാങ്ങിയിട്ടുണ്ട്, ഇന്നലെ രാവിലെ കൂടി അയാൾ വന്നിരുന്നു ഒരു അവധിയും കൂടി തരണമെന്ന് പറഞ്ഞ്, ഇനി അവധി തരാൻ പറ്റില്ല കാശ് എത്രയും പെട്ടെന്ന് തരണമെന്ന് ഇക്ക ആകെ മുഷിഞ്ഞാണ് അയാളോട് സംസാരിച്ചത്, ഉടനെ എന്തെങ്കിലും ചെയ്യാമെന്ന് പറഞ്ഞാണ് അയാൾ പോയത്.

 

പിന്നീട് ആ ക്വാർട്ടേഴ്സ് വാടകയ്ക്ക് കൊടുത്തില്ലേ?

 

ഒന്ന്, രണ്ട് പേർ വന്ന് നോക്കിയിരുന്നു, വാടക ഒക്കാത്തത് കൊണ്ട് അവർ എടുത്തില്ല.

 

ക്വാർട്ടേഴ്സിൽ താമസിക്കുന്നവരുമായി രാവുണ്ണി നല്ല പരിചയത്തിലാണോ?

 

എനിക്ക് എല്ലാവരുമായിട്ട് നല്ല ബന്ധമാണ് സാറേ, എല്ലാ റൂമിലും ഞാൻ ചെല്ലാറുണ്ട് സാറേ, എന്തെങ്കിലും ആവശ്യം പെട്ടെന്ന് വന്നാൽ എല്ലാവരും എന്നെയാ വിളിക്കുന്നത്, മീനോ, പച്ചക്കറിയോ, ഇറച്ചിയോ, അങ്ങനെ എന്തെങ്കിലും വേണമെങ്കിൽ എന്നെ വിളിക്കാറുണ്ട്, അങ്ങനെ മേടിച്ച് കൊടുക്കുമ്പോൾ എനിക്ക് എന്തെങ്കിലും തരാറുണ്ട് സാറേ, കാശ് ആയിട്ടും, ഭക്ഷണമായിട്ടും ഒക്കെ കിട്ടും.

 

സാജൻ ക്വാർട്ടേഴ്സിൽ ഉള്ളവരുടെ മുഴുവൻ പേരും, വിവരങ്ങളും, എല്ലാം രാവുണ്ണിയിൽ നിന്നും ചോദിച്ച് ഡീറ്റൈൽ ആയി പോകുന്നതിന് മുമ്പ് എഴുതി വാങ്ങണം. അവർ തിരിച്ച് വീട്ടിലേക്ക് നടന്നു, ഇൻക്വിസ്റ്റ് തയ്യാറാക്കി ബോഡി പോസ്റ്റ്മോർട്ടത്തിന് അയച്ചു, ബോഡി കൊണ്ട് പോയതോടെ നാട്ടുകാരിൽ കുറച്ച് പേരൊക്കെ പിരിഞ്ഞു പോയി, വാതിൽക്കൽ കയ്യും കെട്ടി വിഷമ ഭാവത്തിൽ ആദിൽ രാവുണ്ണിയുമായി എന്തോ സംസാരിക്കുന്നുണ്ടായിരുന്നു, ബെഞ്ചമിനെ കണ്ടതും പെട്ടെന്ന് ആദിൽ സംസാരം നിർത്തി, തങ്ങൾ രാവുണ്ണിയോട് ചോദിച്ചത് എന്താണെന്ന് തിരക്കിയറിയുവാനുള്ള ശ്രമത്തിലായിരുന്നു ആദിൽ എന്ന് ആ മുഖ ഭാവത്തിൽ നിന്ന് ബെഞ്ചമിന് മനസ്സിലായി. ഒരു അഞ്ച് മിനിറ്റ് പുറത്തൊന്ന് ചുറ്റി കറങ്ങിയ ശേഷം ബെഞ്ചമിൻ ആദിലിന്റെ അടുത്തെത്തി, അപ്പോൾ രാവുണ്ണി ആദിലിന്റെ സമീപത്ത് ഉണ്ടായിരുന്നില്ല.

 

നിങ്ങളുടെ അങ്കിൾ അല്ലേ മരിച്ച് പോയത്?

മരിച്ചതല്ലല്ലോ സാറേ ആരോ കൊന്നതല്ലെ സാറേ ...

 

അതൊക്കെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്ന ശേഷം നമുക്ക് തീരുമാനിക്കാം, ഇപ്പോൾ എനിക്ക് തന്നോട് ചില കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട്, വരു നമുക്ക് മേലേക്ക് പോകാം.

 

മുന്നിലത്തെ ബാൽക്കണിയുടെ ഡോർ തുറന്ന് അവർ അങ്ങോട്ടേക്ക് കയറി, പുറക് വശത്തെ ബാൽക്കണിയിൽ നിന്ന് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് തെളിവുകൾ ശേഖരിക്കേണ്ടതിനാൽ അവർ അങ്ങോട്ട് പോയില്ല, മഴക്കാലമായത് കൊണ്ട് പകലായിട്ട് കൂടിയും അത്യാവശ്യം നല്ല തണുപ്പ് പുറത്ത് അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു, ബെഞ്ചമിൻ ആകാശത്തേക്ക് നോക്കി, മേഘങ്ങൾ സ്വതസിദ്ധമായ വെളുത്ത പഞ്ഞിക്കട്ടികൾ പോലെയുള്ള രൂപം ഉപേക്ഷിച്ച് കറുപ്പ് നിറം എടുത്തണിഞ്ഞിരുന്നു, ഒരു കനത്ത മഴ വലിയ താമസമില്ലാതെ പെയ്യുമെന്ന് തോന്നിക്കുന്ന രീതിയിൽ അന്തരീക്ഷം മാറിയിരുന്നു, ഒന്നുമറിയാത്തവനെ പോലെ ഒരു വിനീത വിധേയയനെ പോലെ ആദിൽ ബെഞ്ചമിനെയും, ഷറഫുദ്ദീനെയും ബഹുമാന പുരസ്സരം മാറി, മാറി നോക്കി,അതിനിടയിൽ  പാരപ്പറ്റിന്റെ ഒരു ഭാഗത്തേക്ക് ബെഞ്ചമിന്റെ ശ്രദ്ധ പതിഞ്ഞു, അതിനടുത്തേക്ക് പോയി ബെഞ്ചമിൻ നോക്കി

 

കേട്ടോ ആദിൽ ... രാവുണ്ണി ഞങ്ങളോട് എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു, പറഞ്ഞതല്ല അയാളെ കൊണ്ട് ഞങ്ങൾ പറയിപ്പിച്ചു, നിങ്ങൾ  പറഞ്ഞിട്ടാണ് അയാൾ പുറകിലെ ബാൽക്കണിയുടെ വാതിൽ തുറന്നിട്ടത്, വിറക് പുരയുടെ സമീപത്ത് കിടക്കുന്ന ഗോവണി ഉപയോഗിച്ച് നിങ്ങൾ ബാൽക്കണി വഴി വീടിനകത്തേക്ക് കയറി, താഴെ ബെഡ്റൂമിൽ പോയി നിങ്ങളുടെ മാമൻ ഹമീദിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നു, അതിന് ശേഷം നിങ്ങൾ അവിടെ നിന്ന് പണവും എടുത്ത് രക്ഷപ്പെട്ടു, രാത്രി എത്ര മണിക്കാണ് നിങ്ങൾ ബാൽക്കണി വഴി വീട്ടിൽ പ്രവേശിച്ചത്, എന്തൊക്കെയാണ് നിങ്ങൾ ഹമീദിന്റെ റൂമിൽ നിന്നും  അപഹരിച്ചത്?? പെട്ടെന്ന് പറഞ്ഞാൽ അത്രയും നല്ലത്, നോക്കിക്കേ വലിയ താമസം ഇല്ലാതെ ഒരു കടുത്ത മഴ വരാൻ പോകുന്നു.

 

ഞാൻ ഇന്നലെ വൈകുന്നേരം ആറ് മണിക്ക്  ഇവിടെ വന്നിരുന്നു, ആരോ ഒരാളുമായിട്ട് മാമൻ അപ്പോൾ നല്ല ദേഷ്യത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു, ക്യാഷ് സംബന്ധിച്ച എന്തോ വിഷയമായിരുന്നു. അവർ തമ്മിൽ സംസാരിച്ച് കൊണ്ടിരുന്നത്, കുറച്ച് നേരം നിന്ന ശേഷം മാമന്റെ മൂഡ് ശരിയല്ലാത്തത് കൊണ്ട് ഞാൻ തിരിച്ച് വീട്ടിലേക്ക് പോയി, പിന്നെ രാവിലെ രാവുണ്ണി ചേട്ടൻ വിളിക്കുമ്പോഴാണ്  ഞാൻ ഇങ്ങോട്ടേക്ക് വന്നത്.

 

ഇന്നലെ രാത്രി നിങ്ങൾ മാമനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം വീട്ടിൽ പോയി കുളിച്ച് കിടന്നുറങ്ങി,രാവിലെ രാവുണ്ണി വിളിച്ചപ്പോൾ ഇന്നലെ ധരിച്ച വസ്ത്രങ്ങൾ മാറ്റി ഫ്രെഷായ വേറെ വസ്ത്രങ്ങൾ ധരിച്ചെങ്കിലും, നിങ്ങൾ ഷൂസ് മാറ്റിയില്ല, ഹമീദിന്റെ റൂമിൽ പൊട്ടി കിടന്ന ബ്രൂട്ട് എന്ന പെർഫ്യൂമിന്റെ ഗ്രന്ഥം  ഇപ്പോഴും നിങ്ങളുടെ ഷൂസിൽ ഉണ്ട് ആദിൽ, എനിക്ക് ആ പെർഫ്യൂമിന്റെ ഗന്ധം കിട്ടുന്നുണ്ട്, ഡോഗ് സ്‌ക്വാഡിന് മണം കിട്ടാതിരിക്കാൻ വേണ്ടി നിങ്ങൾ നിലത്തെറിഞ്ഞ് പൊട്ടിച്ച പെർഫ്യൂം നിങ്ങളുടെ ഷൂസിലേക്ക് തെറിക്കുകയോ, ഒരു പക്ഷെ അറിയാതെ നിങ്ങൾ അതിൽ ചവിട്ടുകയോ ആണ് ഉണ്ടായത്, നിങ്ങൾ ഒരു പ്രൊഫഷണൽ അല്ലാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

 

ബെഞ്ചമിന്റെ വാക്കുകൾ കേട്ടതും അറിയാതെ ഒന്ന് വേച്ച് പോയ ആദിൽ പാരപ്പറ്റിലേക്ക് കൈകൾ കുത്തി നിന്നു, അപ്പോഴേക്കും കനത്ത മഴ തുള്ളികൾ ബാൽക്കണിയിലേക്ക് പതിച്ച് തുടങ്ങി....

 

(തുടരും)

 

മലയാളം കഥകൾ - Malayalam Story Portal

 

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.