അപ്പോൾ കൊലയാളി ഈ ബാൽക്കണിയിലെ ഡോറിലൂടെയാണ് അകത്ത് കടന്നത്, അതിന് ശേഷം ആ ഡോർ പൂട്ടിയ ശേഷം മുന്നിലെ വാതിലിൽ കൂടി രക്ഷപ്പെട്ട് കാണും, പക്ഷേ ബാൽക്കണിയിലെ ഡോർ ചവിട്ടി പൊളിച്ചതിന്റെയോ, ഡോർ ഹാൻഡിലോ അങ്ങനെയെന്തെങ്കിലും അഴിച്ച് മാറ്റിയതിന്റെയൊ യാതൊരു വിധ ലക്ഷണങ്ങളും ആ ഡോറിൽ ഇല്ലായിരുന്നു

 

മലയാളം കഥകൾ - Malayalam Story Portal

തുടർകഥ  : അജ്ഞാത കൊലയാളി

രചന : എം.നിയാസ്

(ഭാഗം - 2)

 

ഹോട്ടൽ സപ്തയുടെ റോഡിലേക്ക് അവർ കയറി, നല്ല വൃത്തിയും ഭംഗിയും ഉള്ള ഒരു റോഡ് ആയിരുന്നു അത്, അവിടെ നിന്ന് കഷ്ടിച്ച് മുന്നൂറ് മീറ്റർ ദൂരമേ സംഭവസ്ഥലത്തേക്ക് ഉണ്ടായിരുന്നുള്ളൂ, തെറ്റില്ലാത്ത ഒരു ജനക്കൂട്ടം വീടിന്റെ പുറത്തും ഉള്ളിലുമായി ഉണ്ടായിരുന്നു, മഫ്ത്തിയിൽ ആയിരുന്നത് കൊണ്ട് വന്നത് പോലീസ് ആണെന്ന് മറ്റുള്ളവർ തിരിച്ചറിഞ്ഞില്ല, സുമാർ 20 വർഷത്തോളം പഴക്കം തോന്നിക്കുന്ന ഒരു ഇരുനില വീടായിരുന്നു അത്, പെയിന്റ് ചെയ്യാതെ നിറം മങ്ങി നരച്ച നിലയിലായിരുന്നു വീട് കാണപ്പെട്ടത്, മഴയും തണുപ്പുമൊക്കെയേറ്റ് വീടിന്റെ ചില ഭാഗങ്ങൾ കറുത്തിരുണ്ട്  വൃത്തിയില്ലാത്ത നിലയിലായിരുന്നു, മുറ്റമാകെ കാട് കയറിയിരുന്നു, വീടിന്റെ വലത്ത് ഭാഗത്തായി കൂറ്റനൊരു പ്ലാവും, പടർന്ന് പന്തലിച്ച ഒരു മാവും നിന്നിരുന്നു, പേര മരത്തിൽ നിന്നും പറിക്കാതെ താഴെ വീണ പഴുത്ത പേരയ്ക്കകൾ നിരവധി, താഴെ വീണ് കിടന്നിരുന്നു,ആകെക്കൂടി ഇരുണ്ട നിലയിലായിരുന്നു ആ മൂല, മൊത്തത്തിൽ വൃത്തിയില്ലാത്ത, നെഗറ്റീവ് എനർജി ഉളവാക്കുന്ന അന്തരീക്ഷം ആയിരുന്നു വീടിന്  ഉണ്ടായിരുന്നത്, സിറ്റൗട്ടിൽ തന്നെ സാജൻ അവരെയും കാത്തു പോലെ നിൽക്കുന്നുണ്ടായിരുന്നു.

 

താഴത്തെ നിലയിലെ റൂമിലാണ് സാർ ബോഡി ഉള്ളത് "അകത്തേക്ക് നടക്കുന്നതിനിടയിൽ സാജൻ പറഞ്ഞു, നടക്കുന്നതിനിടയിൽ ബെഞ്ചമിൻ വീടിന്റെയകമൊക്കെ ഒന്നോടിച്ച് നോക്കി, പുറത്തെ അപേക്ഷിച്ച് കുറച്ച് വൃത്തി അകത്ത് ഉണ്ടായിരുന്നു എന്ന്  മാത്രം, അലങ്കോലമായ നിലയിലായിരുന്നു അകവും, അസുഖകരമായ മനം മടുപ്പിക്കുന്ന ഒരു ഗന്ധം വീടിനുള്ളിൽ മുഴുവൻ ഉണ്ടായിരുന്നു,

 

"ഈ റൂമിലാണ് സാർ"

 

അകത്ത് നിന്നും വലത്തെ സൈഡിലുള്ള ഒരു റൂമിലേക്കാണ് അവർ കയറിയത്, ഇസ്രയേൽ നിർമ്മിതമായ ബ്രൂട്ട് എന്ന പഴയ കാല പെർഫ്യൂമിന്റെ കടുത്ത ഗന്ധമാണ് അവരെ വരവേറ്റത്, ബെഡ്റൂം ആയത് കൊണ്ട് അതിനെങ്കിലും കുറച്ച് വൃത്തി ഉണ്ടാവുമെന്ന ധാരണ ബെഡ്റൂമിന് അകത്തേക്ക് കയറിയപ്പോൾ തന്നെ തെറ്റായിരുന്നു എന്ന് ബെഞ്ചമിനും, ഷറഫുദ്ദീനും ബോധ്യമായി, അലങ്കോലമായി അവിടെയും, ഇവിടെയുമായി തൂക്കിയിട്ടിരിക്കുന്ന വസ്ത്രങ്ങൾ, അടുക്കും, ചിട്ടയുമില്ലാതെ വെച്ചിരിക്കുന്ന മറ്റ് സാമഗ്രികൾ, എല്ലാം കൊണ്ടും മരണപ്പെട്ടയാൾ ശുചിത്വത്തിന് വലിയ പ്രാധാന്യമൊന്നും കൊടുക്കുന്ന ആളല്ലെന്ന് രണ്ട് പേർക്കും ബോധ്യപ്പെട്ടു, വായ തുറന്ന് കണ്ണുകൾ തുറിച്ച നിലയിലായിരുന്നു ബോഡി കാണപ്പെട്ടത്, ബെഡിന്റെ രണ്ട് സൈഡിലുമായി മുഷിഞ്ഞ ബെഡ്ഷീറ്റ് ചുളുക്കി കൂട്ടിയ നിലയിൽ കാണപ്പെട്ടു, മരണ വെപ്രാളത്തിൽ രണ്ട് കൈകൾ കൊണ്ടും ബെഡ്ഷീറ്റ് വലിച്ച് പിടിച്ചതാവും അതിന് കാരണം, ഒരു മൽപ്പിടുത്തം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും ബോഡിയിൽ ഇല്ലായിരുന്നു, തറയിൽ പെർഫ്യൂമിന്റെ പച്ച കുപ്പി പൊട്ടി ചിതറിയ നിലയിൽ കാണപ്പെട്ടു, കുപ്പിയുടെ കഴുത്തിലെ സിൽവർ ചെയിൻ തെറിച്ച് അലമാരയുടെ അടുത്തേക്ക് വീണിരുന്നു, പോലീസ് നായ മണം പിടിക്കാതിരിക്കാനാവും കൊലയാളി പെർഫ്യൂം നിലത്ത് എറിഞ്ഞ്  പൊട്ടിച്ചത്, മുറിയ്ക്കകം വിശദമായി പരിശോധിക്കുവാൻ ബെഞ്ചമിൻ രണ്ട് പോലീസുകാരോട് നിർദേശിച്ചു, പുറത്ത് നിന്നും ആരും ബെഡ് റൂമിലേക്ക് വന്നതിന്റെ ഫുട് മാർക്കുകൾ ഒന്നും തന്നെ ദൃശ്യമായിരുന്നില്ല, ബെഞ്ചമിൻ പുറത്തേക്ക് നടന്നു, റൂമിലേക്ക് കയറുന്നതിന്റെ മുന്നിലായി മണ്ണ് ചേർന്ന ചില ഫുട് മാർക്കുകൾ പതിഞ്ഞിരുന്നു. ഒരുപക്ഷേ റൂമിലേക്ക് കയറുന്നതിന് മുന്നിലായി ഇട്ടിരുന്ന ചാക്കിൽ ചവിട്ടി മണ്ണ് നീക്കം ചെയ്തത് കൊണ്ടാവും ഫുട് മാർക്കുകൾ അത്ര വ്യക്തമായി ബെഡ്‌റൂമിൽ പതിയാതിരുന്നത്, ഫുട്മാർക്കുകൾ തറയിൽ പതിഞ്ഞ ഭാഗത്തേക്ക് ബെഞ്ചമിൻ നടന്നു, മുകളിലേക്ക് പോകുന്ന സ്റ്റെയർ കേസിലെ പടികളിലും ഫുട് മാർക്കുകൾ പതിഞ്ഞിരുന്നു, മുകളിൽ ഒരു റൂമും, ഒരു വലിയ ഹാളും, മുന്നിലേക്കും, പിന്നിലേക്കും തുറക്കാൻ പറ്റുന്ന രണ്ട് ബാൽക്കണികളുമാണ് ഉണ്ടായിരുന്നത്, പുറകിലെ ബാൽക്കണിയുടെ ഡോർ വരെ മണ്ണ് പതിഞ്ഞ നിരവധി പാടുകൾ ഉണ്ടായിരുന്നു, പുറത്തേക്കുള്ള വാതിൽ ടവർ ബോൾട്ട് ഇട്ട് പൂട്ടിയ നിലയിലായിരുന്നു, ബാൽക്കണിയിലും മണ്ണ് പുരണ്ട നിരവധി ഫുട് മാർക്കുകൾ ഉണ്ടായിരുന്നു.

 

അപ്പോൾ കൊലയാളി ഈ ബാൽക്കണിയിലെ ഡോറിലൂടെയാണ് അകത്ത് കടന്നത്, അതിന് ശേഷം ആ ഡോർ പൂട്ടിയ ശേഷം മുന്നിലെ വാതിലിൽ കൂടി രക്ഷപ്പെട്ട് കാണും, പക്ഷേ ബാൽക്കണിയിലെ ഡോർ ചവിട്ടി പൊളിച്ചതിന്റെയോ, ഡോർ ഹാൻഡിലോ അങ്ങനെയെന്തെങ്കിലും അഴിച്ച് മാറ്റിയതിന്റെയൊ യാതൊരു വിധ ലക്ഷണങ്ങളും ആ ഡോറിൽ ഇല്ലായിരുന്നു.

 

ഒന്നുകിൽ ബാൽക്കണിയുടെ ഡോർ അടയ്ക്കാൻ മറന്നിട്ടുണ്ടാവും, അല്ലെങ്കിൽ ആരെങ്കിലും മനപൂർവ്വം കൊലയാളിക്ക് അകത്തു കടക്കുവാൻ വേണ്ടി ഡോർ തുറന്നിട്ടതാവും, അല്ലെങ്കിൽ കൊലയാളിക്ക് എങ്ങനെ അറിയാനാവും ഈ ഡോർ പൂട്ടിയിട്ടില്ലയെന്ന്, അപ്പോൾ കൊലയാളിയെ സഹായിച്ച ആരോ ഒരാൾ ഇവിടെയുണ്ട്, ശരിയല്ലേ സാർ ???

 

ശരിയാണ് ... യാദൃശ്ചികമായി ഏതെങ്കിലും ദിവസം ഡോർ പൂട്ടാൻ മറന്നുവെന്ന് വരാം, പിന്നീടുള്ള ദിവസങ്ങളിലെല്ലാം ഡോർ ലോക്കായിരിക്കും, അപ്പോൾ കൊലയാളി ഇന്നലെ വരുമെന്ന് ഉറപ്പുള്ള ആരോ ഒരാൾ ഈ ഡോർ തുറന്നിട്ടുണ്ട്. അവർ താഴേക്ക് നടന്നു, അപ്പോഴേക്കും ഫോറൻസിക് ഡിപ്പാർട്മെന്റും എത്തിയിരുന്നു, ബെഞ്ചമിൻ അവരെ ബെഡ്‌റൂമിലും, ഹാളിലും, സ്റ്റെയർകെയ്സിലും, മേലെ ബാൽക്കണിയിലും പതിഞ്ഞ ഫുട് മാർക്കുകളുടെ കാര്യം ഒന്ന് കൂടി ഓർമ്മപ്പെടുത്തി, എത്ര പേർ മുകളിലത്തെ ബാൽക്കണി വഴി മുറിയിൽ പ്രവേശിച്ചു എന്നതൊക്കെ അവർ ഇനി വിശദമായി കണ്ടെടുത്തു കൊള്ളും, കൂടാതെ ബോഡിയിൽ കൊലയാളിയുടെ വിരലടയാളങ്ങൾ പതിഞ്ഞിട്ടുണ്ടോ എന്നതും റിപ്പോർട്ട് വരുമ്പോൾ അറിയാൻ സാധിക്കുമല്ലോ, അപ്പോഴേക്കും സാജൻ, 60 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാളെയും കൂട്ടി ബെഞ്ചമിന്റെ അടുത്ത് എത്തി.

 

സാർ ഇയാളാണ് ഈ വീട്ടിലെയും, പറമ്പിലെയും കാര്യങ്ങൾ നോക്കുന്നത്. വെളുത്ത് മെല്ലിച്ച് ഉയരം കൂടിയ രാവുണ്ണിക്ക് പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളിലെ കോമഡി നടന്റെ രൂപ മായിരുന്നു, സ്കെയിൽ കൊണ്ട് വരച്ച പോലത്തെ മീശയും, മുൻ ഭാഗത്ത്‌ കഷണ്ടി കയറിയ ഭാഗത്തേക്ക് പിന്നിൽ ഉള്ള കുറച്ച് നീണ്ട മുടി വലിച്ച് പരത്തി പറ്റിച്ച് വെച്ചിരുന്നു, ഉള്ള മുടി അത്രയും ഡൈ അടിച്ച്‌ കറുപ്പിച്ചിരുന്നു,ഡൈനിങ് ടേബിളിലെ കസേര വലിച്ചിട്ട് ബെഞ്ചമിനും, ഷറഫുദ്ദീനും അവിടെ ഇരുന്നു.

 

"എന്താണ് തന്റെ പേര് ?"

 

" രാവുണ്ണി എന്നാ സാറേ "

 

രാവുണ്ണി അവിടെയിരിക്ക് എനിക്ക് കുറച്ച് കാര്യങ്ങൾ ചോദിച്ചറിയുവാൻ ഉണ്ട് "....

 

"അയ്യോ വേണ്ട സാറേ ഞാൻ ഇവിടെ നിന്നോളാം" അവർക്കു മുന്നിൽ ഇരിക്കുവാൻ രാവുണ്ണി കൂട്ടാക്കിയില്ല

 

ആരാണ് ബോഡി ആദ്യമായി കണ്ടത്...? രാവുണ്ണിയും ഈ വീട്ടിൽ തന്നെയാണോ താമസിക്കുന്നത് ...?

 

ഞാനും ഇവിടെ തന്നെയാണ് സാറേ താമസിക്കുന്നത്, രാവിലെ 6 മണിക്ക് ഇക്കക്ക് കട്ടൻ കാപ്പി കുടിക്കുന്ന പതിവുണ്ട്, കട്ടൻ കാപ്പിയുമായി ഞാൻ റൂമിൽ ചെന്ന് വിളിച്ചു, സാധാരണ ഒറ്റ വിളിക്ക് എഴുന്നേൽക്കു ന്നതാണ്, പതിവിന് വിപരീതമായി മുഖം പുതപ്പ് കൊണ്ട് മൂടിയിരുന്നു, അങ്ങനെയൊരു പതിവ് ഇക്കക്ക് ഇല്ലായിരുന്നു, രണ്ട്, മൂന്ന് തവണ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിൽ സംശയം തോന്നിയ ഞാൻ ഇക്കയുടെ കൈയിൽ തട്ടി വിളിച്ചു, കൈ വല്ലാണ്ട് തണുത്തിരുന്നു, പേടിച്ച് പോയ ഞാൻ അപ്പോൾ തന്നെ ആദിലിനെ വിളിച്ചു ....

 

ആരാണ് ഈ ആദിൽ ..?

 

ഇക്കയുടെ പെങ്ങളുടെ മകനാണ്, ഇടയ്ക്കിടെ അവൻ ഇവിടെ വരാറുണ്ട്.

 

ആദിലിന്റെ വീട് ഇവിടെ അടുത്താണോ ...? വിളിച്ച ഉടനെ തന്നെ ആദിൽ എത്തിയോ ...?

 

ഇവിടുന്ന് അര കിലോമീറ്റർ ദൂരമേയുള്ളൂ, ആദിലിന്റെ വീട്ടിലേക്ക്, വിളിച്ച് 10 മിനിറ്റ് കൊണ്ട് തന്നെ ആദിൽ ബൈക്കിൽ എത്തി.

 

എന്നിട്ട് ..????

 

കിടക്കുന്ന കിടപ്പ് കണ്ടിട്ട് എന്തോ സംശയം തോന്നിയ ആദിൽ തൊട്ട് മേലെ താമസിക്കുന്ന നഴ്സ് ലീനയെ വിളിച്ച് പരിശോധിപ്പിച്ചു, അപ്പോഴാണ് മരിച്ചു എന്ന വിവരം ഞാൻ അറിയുന്നത് തന്നെ ....

 

അപ്പോൾ ഹമീദ് നേരത്തെ മരിച്ചു എന്നത് ആദിലിന് അറിയാമായിരുന്നു എന്നാണോ രാവുണ്ണി ...?

 

അതെനിക്ക് അറിയത്തില്ല സാറേ ....

 

ആദിൽ ഇപ്പോൾ ഇവിടെയുണ്ടോ ...?

 

ആ നിൽക്കുന്നതാണ് സാറേ ആദിൽ, പുറത്ത് സിറ്റൗട്ടിൽ ആരോടോ സംസാരിച്ച് കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനെ ചൂണ്ടി കാണിച്ച് കൊണ്ട് രാവുണ്ണി പറഞ്ഞു.

 

വീടിന്റെ മുൻ വാതിൽ തുറന്ന് കിടക്കുകയായിരുന്നോ...? അതോ രാവുണ്ണി ആണോ ഡോർ തുറന്നത് ...?

 

ഞാനാണ് സാറെ രാവിലെ ആദിൽ വന്ന് ബെല്ലടിച്ചപ്പോൾ ഡോർ തുറന്നത്.

 

മേലെ പുറകിലേക്ക് ഇറങ്ങുന്ന ഡോർ രാവിലെ ലോക്ക് ആയിരുന്നോ ??? 

 

ബെഞ്ചമിൻ ആ ചോദ്യം ചോദിച്ചപ്പോൾ  ചെറിയൊരു ഭാവ വ്യത്യാസം  രാവുണ്ണിയുടെ മുഖത്ത് ഉണ്ടായി, ഞാൻ നോക്കിയില്ല സാറേ, ലോക്ക് ചെയ്തിരുന്നു എന്നാണ് എന്റെ ഓർമ്മ, ബാൽക്കണി വൃത്തിയാക്കുന്ന സമയത്ത് ചിലപ്പോൾ അത് ഞാൻ ലോക്ക് ചെയ്യാൻ മറക്കാറുണ്ട്, ഇക്കയെങ്ങാനും ഡോർ ലോക്ക് ചെയ്യാതെ കിടക്കുന്നത് കണ്ടാൽ നല്ല ചീത്ത കേൾക്കും, പക്ഷേ ഇക്ക അങ്ങനെ മുകളിലേക്ക് കയറാറില്ല.

 

മലയാളം കഥകൾ - Malayalam Story Portal
 

എത്ര നാളായി രാവുണ്ണി മരിച്ച ഹമീദിന്റെ കൂടെ കൂടിയിട്ട് ..?

 

ഈ വീടും പറമ്പും വാങ്ങിയ നാൾ തൊട്ട് ഞാൻ ഹമീദിക്കയുടെ കൂടെ ഉണ്ട്.

 

അന്ന് തൊട്ട് നിങ്ങൾ ഈ വീട്ടിൽ തന്നെയാണോ അയ്യോ????

 

അയ്യോ അല്ല സർ, അന്ന് ഹമീദിക്കയുടെ ഫാമിലി കൂടെ ഉണ്ടായിരുന്നല്ലോ, ഇവിടെ നിന്ന് ഒരു കിലോമീറ്റർ മാറിയെനിക്കൊരു ചെറിയൊരു വീടുണ്ട്, അവിടെയായിരുന്നു ഞാൻ  താമസിച്ചിരുന്നത്, ഇക്കയുടെ ഭാര്യ മരിച്ചതോടെ ഇവിടെ ആരുമില്ലാത്തതിനാലാണ് ഇങ്ങോട്ടേക്ക് വന്നത്.

 

രാവുണ്ണിയുടെ കുടുംബമൊക്കെ ???

 

കുടുംബമൊന്നുമില്ല സാറേ, ആവുന്ന കാലത്ത് പെണ്ണൊന്നും കിട്ടിയില്ല, പിന്നെ ഞാൻ ഒറ്റ തടി ആയി അങ്ങനെ നിന്ന് പോയി.

 

ആയ കാലത്ത് പെണ്ണ് കിട്ടാത്തത്തിന്റെ നിരാശ അപ്പോഴും രാവുണ്ണിയുടെ ഉള്ളിൽ ഉണ്ടായിരുന്നു.

 

എന്നിട്ട് ഹമീദിന്റെ ഭാര്യയും, മക്കളും ഒക്കെ എവിടെ ????

 

രണ്ടു കൊല്ലം മുമ്പ് ഇക്കയുടെ ഭാര്യ ക്യാൻസർ വന്ന് മരിച്ചു, അതിനും മുമ്പേ മകൾ മരിച്ചു, ആകെ ഒരൊറ്റ മകളെ ഉണ്ടായിരുന്നുള്ളൂ.

 

എങ്ങനെയാണ് മകൾ മരിച്ചത്????

 

ആ കൊച്ച് നേഴ്സ് ആയിരുന്നു, കൊറോണ സമയത്താണ് മരിച്ചു പോയത്, കൊറോണ രോഗികളുടെ കൂടെ കഴിഞ്ഞതിന്റെ ഫലമായി നിമോണിയ വന്നാണ് ആ കൊച്ച് മരിച്ചത്.

 

ഹമീദിന് ഇതല്ലാതെ വേറെ സ്വത്തുക്കൾ എന്തെങ്കിലുമുണ്ടോ????

 

സാറേ ആ മേലെ കാണുന്ന ക്വാർട്ടേഴ്സ് ഇക്കയുടെ ആണ്. ഡൈനിങ്  ടേബിളിലെ ജനാലയിലൂടെ മുകളിലേക്ക് ചൂണ്ടി കാട്ടി കൊണ്ട് രാവുണ്ണി പറഞ്ഞു, പിന്നെ ടൗണിൽ രണ്ട് മുറി കടയുമുണ്ട്, അത് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്.

 

ഹമീദിന് കഴിഞ്ഞ് പോവാനുള്ള വരുമാനം ഒക്കെ ഇവിടെ തന്നെ ഇരുന്നാൽ കിട്ടുമല്ലേ???

 

നല്ല കളിയായി ഇത് വല്ലതും ആണോ സാറേ വരുമാനം, പലിശയ്ക്ക് കൊടുപ്പുണ്ടായിരുന്നു, കൊള്ള പലിശയ്ക്കാണ് പണം കടം കൊടുത്തിരുന്നത്, പലിശയെങ്ങാനും മുടങ്ങിയാൽ അവരുടെ വീട്ടിൽ ചെന്ന് നനച്ചാലും, കുളിച്ചാലും തീരാത്ത തെറിയഭിഷേകം ആയിരിക്കും, അത് പേടിച്ചിട്ട് ആരും അങ്ങനെ പലിശ മുടക്കാറില്ല...

 

പലിശയ്ക്ക് കൊടുപ്പ് പുള്ളിയുടെ സമുദായത്തിൽ ഉള്ളവർക്ക് ഹറാം അല്ലേ????

 

പലരും അങ്ങനെയൊക്കെ ഇക്കയോട് ചോദിച്ചിട്ടുണ്ട്, ഞാൻ അങ്ങോട്ട് കൊണ്ട് പോയി കൊടുക്കുന്നത് ഒന്നുമല്ലല്ലോ, എന്റെ  അടുത്ത് വന്ന് കെഞ്ചി വാങ്ങിക്കുന്നതല്ലേ, ഞാൻ കാശ് കൊടുക്കുന്നതിന് എനിക്ക് എന്തെങ്കിലും ഗുണം വേണ്ടേ, അത് കൊണ്ട് ചെറിയൊരു തുക ഞാൻ അവരുടെ കയ്യിൽ നിന്ന് വാങ്ങിക്കും, പലിശ തരുന്നവർക്ക് കുഴപ്പമൊന്നുമില്ലല്ലോ പിന്നെ നിനക്കൊക്കെ എന്താണ്  പ്രശ്നമെന്ന് ചോദിക്കുമ്പോൾ ചോദിക്കുന്നവർ പിന്നെയൊന്നും പറയാൻ നിൽക്കില്ല..

 

ഹമീദിന്റെ പെരുമാറ്റമൊക്കെ എങ്ങനെയാണ്???

 

അറു പിശുക്കനാണ് സാറേ... അറു പിശുക്കൻ, ഇങ്ങനെ ഒരു പിശുക്കനെ ഞാനെന്റെ ജീവിതത്തിൽ ഇത് വരെ കണ്ടിട്ടില്ല, രാവിലെ കഞ്ഞിയും ചമ്മന്തിയുമാണ്, ഉച്ചയ്ക്ക് ചോറ്, മിക്ക ദിവസവും പരിപ്പ് കറിയും, എന്തെങ്കിലും ഒരു തോരനും പപ്പടവും അച്ചാറും ഒക്കെയാണ്, വൈകിട്ടും കഞ്ഞി, ആഴ്ചയിൽ ഒരു ദിവസം മുട്ട വാങ്ങും, ചിക്കൻ ഒക്കെ മാസത്തിൽ ഒരു തവണയെ വാങ്ങു, മുണ്ടും, ഷർട്ടുമൊക്കെ പരമാവധി മുഷിയുന്നത് വരെ ഉടുക്കും, എന്നിട്ടേ അലക്കുകയുള്ളു, കുളിച്ചാലും ലുങ്കിയും, ബനിയനുമൊന്നും മാറാറില്ല...!

 

ഇത്രയും പിശുക്കനായ അയാളുടെ ഒപ്പം നിങ്ങൾ എങ്ങനെയാണ് കഴിഞ്ഞ് കൂടുന്നത്????

 

ഇഷ്ടമുള്ള ചിലരോടൊക്കെ കുറച്ച് മയമുള്ള കൂട്ടത്തിലാണ്, എനിക്ക് 400 രൂപ കൂലി ഉണ്ട് സാറേ, ഭക്ഷണം ഉണ്ടാക്കണം, പറമ്പിലെ കാര്യങ്ങളും നോക്കണം, പിന്നെ ഭക്ഷണവും ഉണ്ടല്ലോ..

 

നാല് നേരവും ഭക്ഷണം കഞ്ഞി അല്ലേ രാവുണ്ണി????

ചിരിച്ച് കൊണ്ട് ഷറഫുദ്ദീൻ ചോദിച്ചു

 

മടുക്കുമ്പോൾ ചില ദിവസം ഞാൻ രാവിലെയും വൈകുന്നേരവും ഒക്കെ പുറത്തു നിന്ന് കഴിക്കും സാറേ, പിന്നെ എന്നും വൈകിട്ട് ഒരു ക്വാർട്ടർ അടിക്കുന്ന പതിവുണ്ട്.

 

ഹമീദ് ആയിട്ട് സമ്പാദിച്ചതാണോ ഈ സ്വത്തുക്കൾ ഒക്കെ, അതോ പൂർവിക സ്വത്തുക്കൾ ആണോ????

 

ഇവിടെ ഒരു ഗതിയും ഇല്ലാതെ നാട്ടിലൂടെ തെണ്ടി തിരിഞ്ഞ് നടന്നതാ, എങ്ങനെയോ ആരുടെയോ കാലു പിടിച്ച് സൗദിയിലേക്ക് പോയി, ഡ്രൈവിംഗ് അറിയാമായിരുന്നു സർ, ചിലപ്പോൾ അവിടെ ഏതെങ്കിലും വീട്ടിൽ ഹൗസ് ഡ്രൈവർ ആയി ജോലി കിട്ടി കാണും, എന്തായാലും നാട്ടിൽ നിന്ന് പോയിട്ട് അഞ്ച് വർഷം കഴിഞ്ഞിട്ടാണ് പുള്ളി ഇവിടെ തിരിച്ചെത്തിയത്, അത്യാവശ്യം നല്ല കാശുമായിട്ടാണ് അവിടെ നിന്ന് വന്നത്, ഈ വീടും,പറമ്പുമൊക്കെ അപ്പോൾ വാങ്ങിയതാ,പിന്നെ ടൗണിൽ രണ്ട് കട മുറിയും വാങ്ങി, മേലെ കാണുന്ന ക്വാർട്ടേഴ്സ് ഉണ്ടാക്കിയിട്ട് അഞ്ച് വർഷമേ ആയിട്ടുള്ളൂ.

 

നാട്ടിൽ നിന്നും സൗദിയിലേക്ക് പോയി അഞ്ച് വർഷം കഴിഞ്ഞിട്ടാണ് വന്നതെന്ന് പറഞ്ഞല്ലോ, അതിന് ശേഷം വീണ്ടും സൗദിയിലേക്ക് പോയോ???

 

ഇല്ല സാറേ ... പിന്നെ പോയിട്ടില്ല, നല്ല സ്ത്രീധനമൊക്കെ വാങ്ങി പെണ്ണ് കെട്ടി ഇവിടെയങ്ങ് കൂടി.

 

ഹമീദിന് ആരെങ്കിലും ശത്രുക്കൾ ഉള്ളതായി രാവുണ്ണിക്ക് അറിയുമോ???

 

ശത്രുക്കളെ ഉള്ളൂ സാറെ, അത്രയ്ക്ക് മുരടൻ പെരുമാറ്റമായിരുന്നല്ലോ  അങ്ങേരുടേത്, ഇന്നലെ വൈകുന്നേരം കൂടി ആരോ വന്നിട്ട് വഴക്ക് കൂടുന്നത് കണ്ടു.

 

എന്തായിരുന്നു കാര്യം?

 

ഞാൻ അടുക്കള വൃത്തിയാക്കുന്ന തിരക്കിലായിരുന്നു, എന്തൊക്കെയോ സംസാരിക്കുന്നത് കേട്ടു, ആദിൽ അപ്പോൾ ഇവിടെ ഉണ്ടായിരുന്നു, പുള്ളിക്കാരനോട് ചോദിച്ചാൽ അറിയാമായിരിക്കും.

 

രാവുണ്ണി പുറത്തിറങ്ങിയിട്ട് അയല്പക്കക്കാരെ ഒന്ന് കാണിച്ച് തരു,

ബെഞ്ചമിനും, ഷറഫുദ്ദീനും രാവുണ്ണിയും കൂടി പുറത്തേക്ക് നടന്നു, ഒരേക്കർ സ്ഥലത്തിന്റെ തുടക്ക ഭാഗത്തായിരുന്നു വീട് സ്ഥിതി ചെയ്തിരുന്നത്, വലത് ഭാഗത്ത് പത്തടി മേലെ ഉയരമുള്ള ഭാഗത്തായിരുന്നു ക്വാർട്ടേഴ്സ്, പുറത്തേക്ക് ഇറങ്ങിയതും ബെഞ്ചമിന്റെ ശ്രദ്ധയിൽപ്പെട്ടത് ഉണങ്ങാൻ തൂക്കിയിട്ടിരിക്കുന്ന ബനിയനും, ലുങ്കികളുമായിരുന്നു, അയയിൽ തൂക്കിയിട്ടിരിക്കുന്ന അഞ്ചോളം ബനിയനുകൾ മുഴുവൻ തുള വീണതായിരുന്നു.

 

ഇതെന്താണ് രാവുണ്ണി ഇങ്ങനെ, ഇത്രയും തുള വീണ ബനിയനുകൾ ആണോ അയാൾ ധരിച്ചിരുന്നത്, ലുങ്കികൾ ആണെങ്കിൽ നരച്ച് പിഞ്ചിയിട്ടുമുണ്ട്.

 

അയ്യോ സാറേ ആ തുളകളെല്ലാം ഒന്നായി തീർത്തും ഇടാൻ പറ്റാതെ വന്നാൽ മാത്രമേ അത് മാറ്റുകയുള്ളൂ, ഉപയോഗിക്കാൻ പറ്റുന്നത് വരെ ഏത് സാധനം ആയാലും ഉപയോഗിക്കണം എന്നതായിരുന്നു ഇക്കയുടെ പോളിസി.

 

വീട് കഴിഞ്ഞുള്ള ഭാഗത്ത് തെങ്ങും, കവുങ്ങും, കുരുമുളകും ഒക്കെ ഉണ്ടായിരുന്നു, വീടിന്റെ ഒരു മൂലയിലുള്ള ഷെഡ്ഡിൽ ചിരട്ടകളും, തെങ്ങിന്റെ മടലും, ഒക്കെ കീറി ഉണക്കി അടുക്കി സൂക്ഷിച്ചിരുന്നു

 

ഇവിടെ ഗ്യാസ് ഉപയോഗിക്കാറില്ല???

വിറകടുപ്പാണോ ഉപയോഗിക്കുന്നത്???

അതാണോ ഇതൊക്കെ കൂട്ടി വെച്ചിരിക്കുന്നത്???

 

അയ്യോ സാറേ ഗ്യാസ് അടുപ്പാണ് ഉപയോഗിക്കുന്നത്, ഇത് വിലയ്ക്ക് വിൽക്കുവാൻ വേണ്ടി വെച്ചിരിക്കുന്നതാണ്.

 

അത് കേട്ടതും ബെഞ്ചമിനും, ഷറഫുദ്ദീനും മുഖത്തോടു മുഖം നോക്കി നിന്ന് പോയി, ഒരു ചാക്കിൽ എന്തോ കൂട്ടി വെച്ചിരിക്കുന്നത് കണ്ട് ബെഞ്ചമിൻ അടുത്ത് ചെന്ന് നോക്കി, ഉണങ്ങിയ ചക്കക്കുരുകൾ ആയിരുന്നു അതിൽ നിറയെ,

 

ഇതെന്തിനാണ് ചക്കക്കുരു ഉണക്കിയത് കൂട്ടി വെച്ചിരിക്കുന്നത്???

 

ഇത് ചോക്ലേറ്റ് ഉണ്ടാക്കുന്ന കമ്പനിക്ക് കൊടുക്കാൻ വേണ്ടി വെച്ചിരിക്കുന്നതാണ്, ഇതൊക്കെ പുള്ളിക്കാരൻ തന്നെ എടുത്ത് സൂക്ഷിച്ച് വെക്കുന്നതാണ്, സാറിന് അയൽപക്കക്കാരുടെ വിവരങ്ങളൊക്കെ അറിയണമെന്ന് പറഞ്ഞില്ലേ, ആറ് കോർട്ടേഴ്സുകളാണ് മേലെയുള്ളത് അതിൽ ആദ്യം താമസിക്കുന്നത് ....

 

അതൊക്കെ നമുക്ക് പിന്നെ വിശദമായി സംസാരിക്കാം രാവുണ്ണി, ഒരു ക്വാർട്ടർ ആണല്ലോ രാവുണ്ണിയുടെ പതിവ്, നമുക്ക് അതിന്ന് ഒരു പയന്റ് ആക്കിയാലോ, പോക്കറ്റിൽ നിന്നും ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്ത് രാവുണ്ണിക്ക് നേരെ നീട്ടിക്കൊണ്ട് ബെഞ്ചമിൻ ചോദിച്ചു, 500 ന്റെ നോട്ട് കണ്ടതും രാവുണ്ണിയുടെ കണ്ണുകൾ തിളങ്ങി, അത് വാങ്ങുവാനായി അയാൾ കൈകൾ നീട്ടി, ബെഞ്ചമിൻ കൈ പിന്നോട്ട് വലിച്ച ശേഷം പറഞ്ഞു,

 

അതിനു മുമ്പ് രാവുണ്ണി ഒരു കാര്യം എന്നോട് പറയണം ..

 

എന്താണ് സാറേ അറിയേണ്ടത്???

രാവുണ്ണിയുടെ സ്വരത്തിൽ തിടുക്കം ഉണ്ടായിരുന്നു.

 

ഇന്നലെ രാത്രി ആർക്ക് വേണ്ടിയാണ് രാവുണ്ണി മേലെ ബാൽക്കണിയുടെ വാതിൽ തുറന്നിട്ടത്???? എന്തായിരുന്നു നിങ്ങൾ തമ്മിലുള്ള കരാർ??? ആരായിരുന്നു ബാൽക്കണി വഴി ഇന്നലെ ഹമീദിന്റെ മുറിയിൽ പ്രവേശിച്ചത്????

 

ബെഞ്ചമിന്റെ ചോദ്യം കേട്ടതും രാവുണ്ണി ഇടിവെട്ടേറ്റവനെ പോലെ സ്തംഭിച്ച്  നിന്ന് പോയി.....

 

(തുടരും)

 

മലയാളം കഥകൾ - Malayalam Story Portal

 

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.