എല്ലാവരെയും സംശയിച്ച കൂട്ടത്തിൽ എനിക്ക് വിഷ്ണു ദാസിനെയും സംശയമുണ്ടായിരുന്നു, അയാൾ പരിക്ക് അഭിനയിച്ച് വീൽചെയറിൽ ഇരിക്കുകയാണോ എന്നൊരു ഡൗട്ട് ആദ്യം തന്നെ എനിക്ക് തോന്നിയിരുന്നു

 

malayalam stories

തുടർകഥ  : അജ്ഞാത കൊലയാളി

രചന : എം.നിയാസ്

(ഭാഗം - 19 - അവസാന ഭാഗം )

എല്ലാവരെയും സംശയിച്ച കൂട്ടത്തിൽ എനിക്ക് വിഷ്ണു ദാസിനെയും സംശയമുണ്ടായിരുന്നു, അയാൾ പരിക്ക് അഭിനയിച്ച് വീൽചെയറിൽ ഇരിക്കുകയാണോ എന്നൊരു ഡൗട്ട് ആദ്യം തന്നെ എനിക്ക് തോന്നിയിരുന്നു, അയാളുടെ ശാന്തമായ സ്വഭാവവും, ചിത്രം വരയ്ക്കുവാനുള്ള അസാമാന്യമായ കഴിവും എനിക്കയാളോട് എനിക്ക് ഒരു സോഫ്റ്റ് കോർണർ ഉണ്ടാക്കി,കോഴിക്കോട് പോയി അൻസാരിയെ കണ്ട് സംസാരിച്ച ശേഷം വീണ്ടും എനിക്കാ ഡൌട്ട് ഉണ്ടായി. നർഗീസും, ജംഷീറും ആണോ ഹമീദിന്റെ ക്വാർട്ടേഴ്സിൽ താമസിക്കുന്നതെന്ന്, പക്ഷേ ഒരിക്കലും ജംഷീറിന് തന്റെ സ്വന്തം ഉമ്മയെയും കൂട്ടി ഹമീദിന്റെ മുന്നിൽ ചെല്ലാൻ പറ്റില്ലല്ലോ, കാലമെത്ര കഴിഞ്ഞാലും അയാൾക്ക് തന്റെ ആദ്യ ഭാര്യയെ തിരിച്ചറിയാൻ കഴിയില്ലേ എന്ന ചിന്ത തൽക്കാലം അവരിൽ നിന്ന് ഡൗട്ട് ഒഴിവാക്കാൻ എന്നെ പ്രേരിപ്പിച്ചു, പിന്നീട് എനിക്ക് സംശയം തോന്നിയത് യാക്കൂബിനെ ആയിരുന്നു, ഒരുപക്ഷേ ജംഷീർ യാക്കൂബ് ആയിരിക്കുമോയെന്ന്? ഉമ്മയെ കണ്ടാൽ ഹമീദ് തിരിച്ചറിയുമോ എന്ന ഭയം കൊണ്ട് അയാൾ ഉമ്മയെ ഇങ്ങോട്ട് കൊണ്ട് വരാതെ തൂത്തുക്കുടിയിൽ തന്നെ നിർത്തിയതാണോ എന്നൊക്കെ എന്റെ മനസ്സിൽ തോന്നി തുടങ്ങിയിരുന്നു, അപ്പോഴാണ് വിഷ്ണു ഞായറാഴ്ച രാത്രി 10:50ന് ഹമീദിന്റെ വീട്ട് മുറ്റത്ത് ഒരു അജ്ഞാതനെ കണ്ടെന്ന വിവരം വെളിപ്പെടുത്തിയത്, നേരത്തെ ചോദിച്ചപ്പോൾ അത് പറയാതിരുന്നത് ചിത്രം വരയ്ക്കുമ്പോൾ തെറ്റിപ്പോയാൽ ഏതെങ്കിലും നിരപരാധി ശിക്ഷിക്കപ്പെടുമോ എന്ന് പേടിച്ചിട്ടായിരുന്നു എന്നാണ്, അയാൾ പറഞ്ഞ കാര്യം എല്ലാവർക്കും കൺവിൻസിങ് ആയ ഒന്നായിരുന്നു, അത് കൊണ്ട് തന്നെ വിഷ്ണുവിന്റെ ആ പ്രസ്താവനയിൽ എനിക്ക് സംശയമൊന്നും തോന്നിയില്ല, അയാൾ ആ ചിത്രം വരച്ച് തന്നപ്പോൾ ആ ചിത്രത്തിൽ കണ്ട ആൾ തന്നെയായിരിക്കും കൊലയാളി എന്ന് ഞാൻ നിസ്സശയം കണക്ക് കൂട്ടി, താഹിർ നിരവധി മോഷണ കേസുകളിലെ പ്രതിയാണെന്നും, പല തവണ മോഷണ  കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും, ജയിൽ ശിക്ഷ അനുഭവിച്ച ആളാണെന്നും അറിഞ്ഞപ്പോൾ മുതൽ എന്റെ മനസ്സിൽ വേറെ ചില സംശയങ്ങൾ തല പൊക്കി, ഹമീദിന്റെ മകനാണ് താഹിറെങ്കിൽ അങ്ങനെ ഒരു വൈരാഗ്യം അയാളുടെ മനസ്സിൽ ഹമീദിനോട് ഉണ്ടെങ്കിൽ അയാൾ വളരെ നേരത്തെ തന്നെ ഹമീദിനെ വക വരുത്തുവാൻ  തീർച്ചയായും ശ്രമിച്ചേനെ, ബേസിക്കലി ഒരു മോഷ്ടാവായ താഹിർ ഹമീദിനെ കൊന്ന ശേഷം ഒന്നും തന്നെ ആ വീട്ടിൽ നിന്നും എടുത്തില്ലായെന്നത് എനിക്ക് വളരെ സംശയകരമായി തോന്നി, കാരണം ആദ്യം വീട്ടിൽ കടന്നത് വിഷ്ണുവിന്റെ മൊഴിപ്രകാരം താഹിർ ആണല്ലോ, അപ്പോൾ ആ 5 ലക്ഷം രൂപ അലമാരയ്ക്കകത്ത് തന്നെയുണ്ട്, തീർച്ചയായും അയാൾ ആ തുക എടുക്കേണ്ടതല്ലേ, അതാണല്ലോ ഒരു മോഷ്ടാവിന്റെ നേച്ചർ, അതിന് ശേഷമാണ് ബാക്കി നാല് പേരും ഹമീദിന്റെ മുറിയിൽ പ്രവേശിച്ചത്, ആദിലിന് ശേഷം വീട്ടിൽ കയറിയ അഖിലും, ബിജോയിയും അഞ്ച് ലക്ഷം രൂപ അവിടെ നിന്ന് എടുക്കുകയും ചെയ്തു, മനപ്പൂർവ്വം വിഷ്ണു നുണ പറയുന്നതാണോ എന്ന സംശയം മെല്ലെ എനിക്ക് തോന്നി തുടങ്ങി, പത്രത്തിൽ വന്ന ഏതോ വാർത്തയിൽ നിന്നാവും അയാൾ താഹിറിന്റെ മുഖം വരച്ചെടുത്തത്, ഹമീദ് കൊലപാതക കേസുമായി ബന്ധപ്പെട്ട് പോലീസ് അയാളെ സംശയിക്കുന്നില്ലായെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വിഷ്ണു അങ്ങനെ ചെയ്തത്, ഒരു ക്രിമിനൽ റെക്കോർഡ് താഹിറിനുള്ളത് കൊണ്ട് പോലീസ് പിടിച്ചയാളെ ഹമീദ് കൊലപാതക കേസിൽ പ്രതിയാക്കിക്കോളുമെന്നും ജംഷീർ കണക്ക് കൂട്ടി, അതൊരു കണക്കിന് ശരിയായിരുന്നു, താഹിറിനെ പിടിച്ചാൽ അയാൾ കൊലപാതക കുറ്റം നിഷേധിച്ചാലും ദൃക്സാക്ഷിയായ വിഷ്ണു കണ്ടത് കൊണ്ട് അയാൾ പ്രതിയായി ശിക്ഷിക്കപ്പെട്ടേനെ, താഹിറിന്റെ വാദങ്ങൾ ചിലപ്പോൾ നമ്മൾ മുഖവിലയ്ക്ക് പോലും എടുക്കില്ല, ദൃക്സാക്ഷി മൊഴി അത്ര വിലപ്പെട്ടതാണല്ലോ, മോഷണ കേസുകളിലെ പ്രതി താഹിറാണ് ഹമീദിന്റെ കൊലപാതകി എന്നതും, അയാൾ നിലവിൽ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതുമെല്ലാം കൂടി ഞാൻ ആകപ്പാടെ കടുത്ത കൺഫ്യൂഷനിലായി, അന്ന് സ്റ്റേഷനിൽ നിന്നും നേരത്തെ മടങ്ങി വീട്ടിലെത്തിയ ഞാൻ അൻസാരി അയച്ച കവർ തുറന്നതിലെ ഫോട്ടോ എടുത്ത് നോക്കി, അതോടൊപ്പം യാക്കൂബ് അയച്ച് തന്ന അയാളുടെ ഉപ്പയുടെയും, ഉമ്മയുടെയും ഫോട്ടോ കൂടി പരിശോധിച്ചു, പിന്നീട് ഞാൻ ലെൻസ് എടുത്ത് അൻസാരി അയച്ച ഫോട്ടോയിലെ പത്ത് വയസ്സുകാരൻ ജംഷീറിന്റെ മുഖം ഹമീദിനോട് സാമ്യമുള്ളതാണോയെന്ന് പരിശോധിച്ചു, ഹമീദുമായി ജംഷീറിന് വലിയ സാമ്യമൊന്നും ഉണ്ടായിരുന്നില്ല, അമ്മയുടെ ഛായയിൽ ആയിരുന്നു ജംഷീർ, പെട്ടെന്നാണ് മാഡം അതെന്റെ കണ്ണിൽ പെട്ടത്.

എന്താണത് ബെഞ്ചമിൻ? എന്താണ് താനാ ഫോട്ടോയിൽ കണ്ടത്? ബെഞ്ചമിൻ കാര്യങ്ങൾ വിവരിക്കുന്നതിന്റെ ത്രില്ലിൽ ലയിച്ചിരുന്ന എസ്.പി പരിസരം മറന്നങ്ങനെ ചോദിച്ച് പോയി.
 
malayalam stories

ആ ഫോട്ടോയിൽ ജംഷീറിന്റെ മുഖത്ത് ഇടത്തെ കണ്ണിന്റെ മേലെ പുരികം രണ്ടായി പിരിഞ്ഞിരുന്നു, കൂർത്ത എന്തോ ഒന്നിൽ വീണുണ്ടായ മുറിവിൽ നിന്നായിരിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ടാവുക, ഇതേ പോലൊരു പുരികം അടുത്തിടെ ഞാനെവിടെയോ കണ്ടിട്ടുണ്ടല്ലോയെന്ന ചിന്ത എന്റെ മനസ്സിലേക്ക് പെട്ടെന്ന് കടന്ന് വന്നു, അധികം വൈകാതെ തന്നെ  ആളാരാണെന്ന് എനിക്ക് ഓർമ്മ വന്നു, വിഷ്ണുവിന്റെ മുഖത്ത് ആയിരുന്നു ഞാനാ പുരികം കണ്ടത്, ഞാനത് ശ്രദ്ധിക്കാനുള്ള കാരണം അയാൾ ഫോട്ടോ വരച്ച് തന്ന സമയത്ത് സംസാരിക്കുന്നതിനിടയിൽ ഇടയ്ക്കിടയ്ക്ക് അയാളുടെ  മുഖത്തേക്ക് വീഴുന്ന മുടി അയാൾ വകഞ്ഞ് മാറ്റി കൊണ്ടിരുന്നു, സത്യത്തിൽ അപ്പോൾ അയാളുടെയാ പ്രവർത്തി എനിക്കൊരു ഡിസ്റ്റർബൻസ് ആയിട്ടാണ് തോന്നിയത്, അങ്ങനെയാണ് ആ പുരികം എന്റെ കണ്ണിൽ പതിയാനിടവന്നത്, അതോടെ എനിക്ക് 90% ബോധ്യമായി വിഷ്ണുദാസ് എന്ന പേരിൽ അവിടെ താമസിക്കുന്നത് ജംഷീർ ആണെന്നും, അയാൾ തന്നെയാണ് ഹമീദിനെ കൊലപ്പെടുത്തിയതെന്നും, സംശയം തോന്നിയ ഞാൻ രാവുണ്ണി തന്ന രണ്ട് കീകൾ എടുത്ത് പരിശോധിച്ചു അഗ്ര ഭാഗം വളഞ്ഞിരുന്ന കീയുടെ നമ്പർ വ്യത്യസ്തമായിരുന്നു, രാവുണ്ണിയുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു കീ ആരോ ഊരി മാറ്റിയിട്ടുണ്ട് എന്ന് എനിക്ക് ബോധ്യമായി, അപ്പോൾ തന്നെ ഞാൻ രാവുണ്ണിയെ വിളിച്ച് വിഷ്ണുവിന്റെ റൂമിൽ പോയി നിങ്ങൾ മദ്യപിക്കാറുണ്ടോ എന്ന് തിരക്കി, ചില ദിവസങ്ങളിൽ ഉച്ച സമയത്ത് ഊണ് കഴിക്കുന്നതിനു മുമ്പ് വിഷ്ണു ബിയർ അയാളെ കൊണ്ട് വാങ്ങിക്കാറുണ്ടെന്നും, അപ്പോൾ തനിക്കും മദ്യം വാങ്ങിച്ച് തരാറുണ്ടെന്നും, ഒന്ന് രണ്ട് തവണ അടിച്ചവിടെ ഓഫായി കിടന്നിട്ടുണ്ടെന്നും രാവുണ്ണി വെളിപ്പെടുത്തി, അതോടെ എനിക്ക് ഉറപ്പായി ജംഷീർ തന്നെയാണ് ഹമീദിന്റെ വീട്ടിൽ കയറുന്നതിന് വേണ്ടി രാവുണ്ണിയുടെ കയ്യിൽ നിന്നും കീ തന്ത്രപൂർവ്വം തട്ടിയെടുത്തതെന്ന്, കേസ് വഴി തിരിച്ച് വിടാൻ വേണ്ടിയാണ് മനപ്പൂർവ്വം നിരപരാധിയായ താഹിറിന്റെ ചിത്രം വരച്ച് അയാൾ തന്നതെന്നും, ജംഷീറിന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീ അയാളുടെ ഉമ്മ നർഗീസ് അല്ലെന്നും വ്യക്തമായി, അപ്പോൾ നർഗീസ് മരണപ്പെട്ട വിവരം എനിക്കറിയില്ലായിരുന്നു, വേറെ എവിടെയെങ്കിലും അവർ താമസിക്കുന്നുണ്ടാവും എന്നാണ് ഞാൻ കരുതിയത്, വിഷ്ണുവിന്റെ കൂടെ ക്വാർട്ടേഴ്സിൽ താമസിക്കുന്നത്  ഒരുപക്ഷേ അയാൾ വാടകയ്ക്ക് എടുത്ത ആരെങ്കിലും ആകും, എന്റെ മനസ്സിൽ തോന്നിയ സംശയങ്ങൾ അന്വേഷിച്ച് ഉറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു  ഞങ്ങൾ എന്റെ കാറിൽ തിരുവനന്തപുരത്തേക്ക് പോയത്, ജംഷീറിന്റെ അഡ്രസ്സ് നമ്മുടെ കയ്യിൽ ഉണ്ടായിരുന്നില്ലല്ലോ, ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ വിഷ്ണുദാസിന്റെ അഡ്രസ്സിൽ അന്വേഷിച്ചപ്പോഴാണ് ഞാൻ നേരത്തെ പറഞ്ഞ വിവരങ്ങൾ അറിയാനിട വന്നത്, അതോടെ ജംഷീർ മരണപ്പെട്ട വിഷ്ണുദാസിന്റെ ഐഡന്റിറ്റി ഉപയോഗിക്കുകയാണെന്ന് ഞങ്ങൾക്ക് ബോധ്യമായി.

ജംഷീറിന്റേത് വളരെ മികച്ച ഒരു പ്ലാനിങ് തന്നെയായിരുന്നു, പക്ഷേ അയാൾ ഫോട്ടോ തെറ്റിച്ച് വരച്ച് തന്നത് സത്യത്തിൽ അയാൾക്ക് തന്നെ വിനയായി തീർന്നു അല്ലേ ബെഞ്ചമിൻ?
malayalam stories

വീൽചെയറിൽ ഇരിക്കുന്ന നട്ടെല്ലിന് പരിക്കേറ്റ ഒരാളെ പോലീസും, കൂടെ താമസിക്കുന്നവരും, നാട്ടുകാരും ഒരിക്കലും സംശയിക്കില്ലല്ലോ, അങ്ങനെ വെച്ച് നോക്കുമ്പോൾ ജംഷീറിന്റെത് വളരെ ബ്രില്ലിയന്റ് ആയ ഒരു പ്ലാൻ ആയിരുന്നു, ഒരു ഉദാഹരണം പറയാം, കേവലം 24,25 വയസ്സ്  മാത്രം പ്രായമുള്ള ജംഷീർ കാഴ്ചയിൽ അയാൾക്ക് കൂടുതൽ പ്രായം തോന്നിക്കുന്നതിന് വേണ്ടി മുടിയും, താടിയും അവിടവിടെയായി നരപ്പിച്ചിരുന്നു, നാടകത്തിൽ വർക്ക് ചെയ്തിരുന്നത് കൊണ്ട് അത് വളരെ ഈസിയായി അയാൾക്ക് ചെയ്യാൻ കഴിഞ്ഞു, പ്രായക്കുറവ് ഉണ്ടെങ്കിലും ചിലരുടെ മുടിയും, താടിയുമൊക്കെ കടുത്ത മാനസിക സംഘർഷം കൊണ്ട് നരയ്ക്കാറുണ്ടല്ലോ, ക്രിക്കറ്റ് താരം ധോണി അതിനൊരു ഉദാഹരണമാണ്, തെറ്റായ ഫോട്ടോ വരച്ച് തന്ന് കൺഫ്യൂഷൻ ഉണ്ടാക്കിയതും, അൻസാരി അയച്ച ഫോട്ടോയും ആണ് ജംഷീറിനെ യഥാർത്ഥത്തിൽ കുടുക്കിയത്, സത്യത്തിൽ ഇങ്ങനെയൊരു ഫോട്ടോ അൻസാരിയുടെ കയ്യിലുണ്ടെന്ന കാര്യം ജംഷീർ സ്വപ്നത്തിൽ പോലും ചിന്തിച്ച് കാണില്ല.

100% വും നിരപരാധിയായ താഹിർ ഹമീദ് കൊലപാത കേസിൽ പ്രതി ആയേക്കാമെന്ന ഒരു സിറ്റുവേഷനിൽ നിന്നാണ് നിങ്ങൾ യഥാർത്ഥ കുറ്റവാളിയായ ജംഷീറിനെ കണ്ടെത്തിയത് ബെഞ്ചമിൻ, എങ്കിലും ഹമീദ് മരണപ്പെട്ട ശേഷം ആദിലും, പിന്നീട് അഖിലും, ബിജോയിയും,അവസാനമായി മനുവും ഹമീദിന്റെ ബെഡ്റൂമിൽ എത്തി അവരവർക്ക് വേണ്ടത് എടുത്തു, അഞ്ചോളം പേർ ആ രാത്രി ഹമീദിന്റെ ബെഡ്റൂമിൽ വന്നിട്ടും അവരാരും തമ്മിൽ പരസ്പരം കണ്ടത് പോലുമില്ല, വാട്ട്‌ എ സ്ട്രേഞ്ച് ഇൻസിഡന്റ്, എനി വേ കൺഗ്രാജുലേഷൻസ് ബെഞ്ചമിൻ...

എസ്.പി.റുഖിയ ബെഞ്ചമിനെ ഹൃദയം തുറന്നഭിനന്ദിച്ചു.

പിന്നെ മാഡം എനിക്ക് രണ്ടാഴ്ചത്തെ ലീവ് വേണം, കേസിന്റെ ബാക്കി  കാര്യങ്ങളൊക്കെ ഗഫൂർ നോക്കിക്കോളും.

എന്തിനാണ് ബെഞ്ചമിൻ രണ്ടാഴ്ചത്തെ ലീവ്? എന്താ വീണ്ടും ഊട്ടിക്ക് പോകാനുള്ള പ്ലാൻ ഉണ്ടോ?

അല്ല മാഡം എനിക്ക് വൈത്തിരിയിൽ ഒരു പ്രോപ്പർട്ടി നോക്കാനുണ്ട്, അതിന്റെ ആവശ്യത്തിന് വേണ്ടിയാണ്.

ആയിക്കോട്ടെ നമുക്ക് ശരിയാക്കാം.

ലീവ് നൽകാമെന്ന ഉറപ്പ് എസ്.പി നൽകി, അന്നത്തെ രാത്രിയിലെ സ്ഥിരം കലാപരിപാടികൾക്കിടയിൽ ഷറഫുദ്ദീൻ തന്റെ മനസ്സിൽ തോന്നിയ ചില സംശയങ്ങൾ ബെഞ്ചമിനോട് പങ്ക് വെച്ചു, ഹാരീസും ഒപ്പം ഉണ്ടായിരുന്നു.

തനിക്ക് ഇപ്പോഴും അവിടെ ആൾമാറാട്ടം നടത്തി കഴിഞ്ഞ ജംഷീറിനോട് ഒരു സോഫ്റ്റ് കോർണർ ഉണ്ട് അല്ലേ?

അതെന്താ സാർ അങ്ങനെ ചോദിച്ചത്? അങ്ങനെ ഒരു സോഫ്റ്റ് കോർണർ എനിക്ക് ജംഷീറിനോട് ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് വളരെ ഈസിയായി താഹിറിനെ കൊലപാതകിയാക്കി മാറ്റാൻ കഴിയുമായിരുന്നു.

എടോ ബെഞ്ചമിനെ ഞങ്ങളും അരിയാഹാരം തന്നെയാണ് കഴിക്കുന്നത്, ക്വാർട്ടേഴ്സിൽ കൂടിയിരുന്ന ആളുകളുടെ ഇടയിൽ നിന്ന് ജംഷീർ ആണ് ഹമീദിനെ കൊന്നതെന്ന കാര്യം മാത്രം വെളിപ്പെടുത്തിയ ശേഷം അവിടെ അത്രയും ആളുകളുടെ മുന്നിൽ വെച്ച് അയാളുടെ കുറ്റസമ്മതം കേൾക്കാൻ നിൽക്കാതെ പോലീസ് ക്ലബ്ബിലേക്ക് കൊണ്ട് പോയത് എന്തിനായിരുന്നു? അത്രയും പേരുടെ മുന്നിൽ വെച്ച് ജംഷീർ കുറ്റസമ്മതം നടത്തുമ്പോൾ ഒരുപാട് സാക്ഷികൾ കേസിൽ ആവില്ലേ?നിലവിൽ ജംഷീറിനെതിരായി തെളിവുകളൊന്നും നമ്മുടെ പക്കൽ ഇല്ലല്ലോ, അയാളുടെ കൈവിരടയാളങ്ങൾ ഒന്നും തന്നെ ഹമീദിന്റെ വീട്ടിലെവിടെയും പതിഞ്ഞിട്ടില്ല, പിന്നെ അയാൾ ഹമീദിന്റെ വീട്ടിൽ കയറിയത് കണ്ട ദൃക്സാക്ഷികൾ ആരും തന്നെയില്ല, കൂടാതെ അയാളുടെ റൂമിൽ തിരച്ചിൽ നടത്തിയിട്ട് ഒന്നും കണ്ടെത്താനും കഴിഞ്ഞിട്ടില്ലല്ലോ, അപ്പോൾ തനിക്ക് 100% ഉറപ്പുണ്ട് ജംഷീറിന് എതിരായ കൊലപാതക കേസ് കോടതിയിൽ നില നിൽക്കില്ലായെന്ന്, തെളിവുകളുടെ അഭാവത്തിൽ അയാൾ പുഷ്പം പോലെ കേസിൽ നിന്നും ഊരിപ്പോകും, അത് തനിക്ക് നന്നായി അറിയാം, അയാൾ ശിക്ഷ ലഭിക്കാൻ തനിക്കൊരു താൽപര്യവുമില്ലാത്തത് പോലെ എനിക്ക് ഫീൽ ചെയ്തു.

ഷറഫുദ്ദീനെ നോക്കി ഒന്ന് ചിരിച്ച ശേഷം ബെഞ്ചമിൻ പറഞ്ഞു ഇല്ലാത്ത തെളിവുകൾ നമ്മളെ വിടുന്ന് ഉണ്ടാക്കാനാണ് സാറേ, ഒരുപക്ഷേ ആൾമാറാട്ടം നടത്തിയതിനുള്ള കേസിൽ പോലും അയാൾക്ക് ശിക്ഷ കിട്ടുമോയെന്ന കാര്യത്തിൽ സംശയമുണ്ട്, പിന്നെ ഈ മരണപ്പെട്ട ഹമീദ് അത്ര നല്ല വ്യക്തിയൊന്നും അല്ലല്ലോ, അയാളെ കൊണ്ട് ആർക്കെങ്കിലും ഉപകാരം ഉണ്ടോ?

ഉപകാരം ഇല്ല എന്നൊന്നും പറഞ്ഞ് കൂടാ ബെഞ്ചമിൻ, അയാൾ നാട്ടുകാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നില്ലേ,  ഊറിച്ചിരിയോടെ ഷറഫുദ്ദീൻ പറഞ്ഞു

സാറേ ജീവിതത്തിൽ ഒരു നിവർത്തിയും ഇല്ലാതെ വരുമ്പോഴാണ് ഗതി കെട്ടിട്ട് ഇവന്മാരെ പോലെയുള്ളവരുടെ കയ്യിൽ നിന്നും കൊള്ള പലിശയ്ക്ക് ആളുകൾ പണം മേടിക്കുന്നത്, അതൊരു നല്ല  കാര്യമൊന്നുമല്ലല്ലോ, ഹമീദ് തനിക്ക് കിട്ടുന്നത് പണമായും, സ്വർണമായും സൂക്ഷിക്കുവാനാണ് ഇഷ്ടപ്പെടുന്നത്, ഒരു ഇൻവെസ്റ്റ്മെന്റ് പോലും അയാൾ നടത്തുന്നില്ല, വേണമെങ്കിൽ അയാൾക്ക് ഭൂമി വാങ്ങാം, അവിടെ കെട്ടിടങ്ങൾ വെക്കാം, അതു വഴി ഒരുപാട് പേർക്ക് ജോലി ലഭിക്കും, സിമൻറ്, കമ്പി, ബ്രിക്സ്, ഇലക്ട്രിക്കൽ  മെറ്റീരിയൽ, ടൈൽ, പെയിൻറിംഗ് മെറ്റീരിയൽസ്, അങ്ങനെയുള്ള സാധനങ്ങൾ വിറ്റ് പോകും, അതൊന്നും ചെയ്യാത്ത നിർഗുണ പരബ്രഹ്മമായ അയാൾ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം? അത്യന്തികമായി അയാൾ അയാളുടെ ആദ്യ ഭാര്യയോടും, മകനോടും കാണിച്ചത് നെറി കേട് അല്ലേ? നർഗീസ് തന്റെ ചെറുപ്രായത്തിൽ എത്രയധികം വേദന തിന്നു, എത്രയെത്ര കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നു, അങ്ങനെയൊക്കെ നോക്കുമ്പോൾ ഹമീദിന്റെ സ്വത്തിന്റെ യഥാർത്ഥ അവകാശി ജംഷീർ തന്നെയാണ്, അയാൾക്ക് ഹമീദിന്റെ മുഴുവൻ സ്വത്തുക്കളും കിട്ടണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം, അയാൾ കാണിച്ച തെമ്മാടിത്തരത്തിന് അതൊന്നും പകരമാവില്ലെങ്കിലും ഒരു പരിധിവരെ ഒരു പ്രായശ്ചിത്തം ആയി കണക്കാക്കാം, എന്നെ സംബന്ധിച്ചിടത്തോളം ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ കൊലയാളിയായ ജംഷീറിനെ കണ്ടെത്തി നിയമത്തിന്റെ മുന്നിൽ എത്തിച്ചു, അവിടെ എന്റെ ഡ്യൂട്ടി അവസാനിച്ചു, ഒരു സാധാരണ പൗരൻ എന്ന നിലയ്ക്ക് ജംഷീറിന് നീതി കിട്ടുവാൻ ഞാൻ ആഗ്രഹിക്കുന്നു.

തന്നെ എനിക്ക് അറിഞ്ഞു കൂടെ ബെഞ്ചമിൻ, താനങ്ങനെയേ ചിന്തിക്കൂ എന്ന് എനിക്ക് വ്യക്തമായി അറിയാം, തന്നെ വെറുതെയൊന്ന് ചൊടിപ്പിക്കാൻ വേണ്ടിയാ ഞാനങ്ങനെയൊക്കെ പറഞ്ഞത്.

ഇതെല്ലാം കേട്ട് കൊണ്ടിരുന്ന ഹാരിസ് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു അന്ന് ഞായറാഴ്ച രാവിലെ നിങ്ങൾ സ്ഥലം നോക്കാനാണ് എന്ന് പറഞ്ഞ് ഇറങ്ങിയതാണല്ലോ, ഇപ്പോൾ ഇതാ ഈ ഞായറാഴ്ച ആ കേസിന് ഒരു റിസൾട്ട് ഉണ്ടായിരിക്കുന്നു, സ്ഥലം വാങ്ങിക്കുന്ന കാര്യം എന്തായി?പിന്നെ ബെഞ്ചമിൻ നിങ്ങളുടെയൊപ്പം എന്നെയും കൂടി ഷെയർ കൂട്ടണം കേട്ടോ.

ഹാരിസ് അത് പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർമ്മ വന്നത്, ബെഞ്ചമിൻ സ്ഥലത്തിന്റെ കാര്യം റിയൽ എസ്റ്റേറ്റ് നടത്തുന്ന സലീമിനോട് ഞാൻ പറഞ്ഞിരുന്നു, രണ്ട്, മൂന്ന് നല്ല സൈറ്റ് ഉള്ള പ്രോപ്പർട്ടികൾ വൈത്തിരിയിൽ കൊടുക്കാനായി ഉണ്ടെന്നാണ് സലിം പറഞ്ഞത്, അപ്പോൾ നാളെ നമ്മൾ അത് നോക്കുന്നു, നമ്മൾ മൂന്ന് പേരും ഷെയറായി സ്ഥലം മേടിച്ച് അവിടെ താനാദ്യം പറഞ്ഞത് പോലുള്ള ഒരു വീട് വെയ്ക്കുന്നു, ഇനിയാ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാകരുത് കേട്ടോ.

ഒരു കാര്യം ചെയ്യാം സാറേ ... നാളെ രാവിലെ മുതൽ രണ്ടാഴ്ച എന്റെ ഫോൺ സ്വിച്ച് ഓഫ് ആക്കിയാലോ, അപ്പോൾ ആരുടെയും ശല്യം ഉണ്ടാകില്ലല്ലോ.

ബെഞ്ചമിനത് പറഞ്ഞ് തീർന്നതും ഷറഫുദ്ദീനും, ഹാരിസും പൊട്ടിച്ചിരിച്ചു, ബെഞ്ചമിനും അവരോടൊപ്പം കൂടി, ടെൻഷൻ നിറഞ്ഞ കുറെ നാളുകൾക്ക് ശേഷം അവർ ഹൃദയം തുറന്ന് സന്തോഷിച്ചു, മനസ്സിന് ഏറ്റവും കൂടുതൽ സമാധാനവും, സന്തോഷവും കിട്ടുമ്പോൾ ആണല്ലോ നമുക്ക് മതി മറന്ന് സന്തോഷിക്കാൻ ആവുക, പക്ഷേ ആ സന്തോഷം ഏറെ നാൾ നീണ്ടു നിൽക്കുമോ എന്തോ? പിടിച്ചതിലും വലുതാണ് മടയിലുള്ളതെന്ന പഴമൊഴി അവരുടെ കാര്യത്തിൽ സത്യമാകുമോ എന്തോ?....

(അവസാനിച്ചു)

malayalam stories


 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.