യഥാർത്ഥ കൊലയാളിയായ ഹമീദിന്റെ മകൻ ജംഷീറിന്റെ ചിത്രം വരച്ച് തരേണ്ടിയിരുന്നതിന് പകരം വിഷ്ണു വരച്ച് തന്നത് ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത താഹിർ എന്ന മോഷ്ടാവിന്റെ ചിത്രമായിരുന്നു

 

malayalam stories

തുടർകഥ  : അജ്ഞാത കൊലയാളി

രചന : എം.നിയാസ്

(ഭാഗം - 18)

വിഷ്ണു കൊലയാളിയുടെ ചിത്രം വരച്ച് തന്നു എന്നത് ശരിയാണ്, പക്ഷെ വിഷ്ണു വരച്ച് തന്ന ചിത്രത്തിന് ചെറിയൊരു മിസ്റ്റേക്ക് ഉണ്ടായിരുന്നു, യഥാർത്ഥ കൊലയാളിയായ ഹമീദിന്റെ മകൻ ജംഷീറിന്റെ ചിത്രം വരച്ച് തരേണ്ടിയിരുന്നതിന് പകരം വിഷ്ണു വരച്ച് തന്നത് ഈ കേസുമായി  യാതൊരു ബന്ധവുമില്ലാത്ത താഹിർ എന്ന മോഷ്ടാവിന്റെ ചിത്രമായിരുന്നു, വിഷ്ണു കാണിച്ച ആ മണ്ടത്തരം ആയിരുന്നു ജംഷീർ എന്ന വിഷ്ണുവിനെ കുടുക്കിയത്, ഇനി ജംഷീറിന് ആ വീൽ ചെയറിന്റെ ആവശ്യമില്ലല്ലോ, ഒന്ന് എഴുന്നേറ്റ് നിന്നാട്ടെ.

ബെഞ്ചമിൻ വീൽ ചെയറിൽ ഇരുന്ന ജംഷീറിന് നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു, അത് കേട്ടതും വീൽ ചെയറിൽ ഇരുന്ന ജംഷീറിന്റെ മുഖം വിളറി വെളുത്ത് പോയി.

സാർ എന്താണ് പറയുന്നത്, ഞാൻ വിഷ്ണുവാണ് ജംഷീർ അല്ല, പിടിച്ച് നിൽക്കുവാനുള്ള ഒരു അവസാന ശ്രമം കൂടി ജംഷീർ നടത്തി നോക്കി.

എടാ പന്ന നാറി നീ മര്യാദയ്ക്ക് അതിൽ നിന്നും എഴുന്നേറ്റോ, ഇല്ലെങ്കിൽ ചവിട്ടി നിന്റെ നട്ടെല്ല് ഒടിച്ച് സ്ഥിരമായി നിന്നെ ഞാനാ വീൽ ചെയറിൽ തന്നെ ഇരുത്തും.

പറഞ്ഞ് തീർന്നതും ഗഫൂർ വിഷ്ണു ഇരുന്ന കസേരയുടെ അടുത്തേക്ക് പാഞ്ഞ് വന്നതും ഒരു പോലെയായിരുന്നു, ഗഫൂറിന്റെ ആ വരവിൽ ഞെട്ടിപ്പോയ ജംഷീർ വീൽ ചെയറിൽ നിന്നും അറിയാതെ ചാടി എഴുന്നേറ്റ് പോയി, എന്താണ് തങ്ങൾക്കിടയിൽ നടക്കുന്നത് എന്നതറിയാതെ അവിടെ കൂടിയിരുന്നവർ പരസ്പരം മുഖത്തോട് മുഖം നോക്കി പിറു പിറുക്കാൻ തുടങ്ങി, കസേരയിൽ ജംഷീറിന്റെ ഉമ്മ ആയി ഇരുന്ന സ്ത്രീ എന്ത്  ചെയ്യണമെന്നറിയാതെ തരിച്ച് ഇരിക്കുന്നുണ്ടായിരുന്നു.

ഗഫൂർ അയാളെ പിടിച്ച് ജീപ്പിലോട്ട് കേറ്റ്, പിന്നെ അയാളുടെ റൂം ഒന്ന് സെർച്ച് ചെയ്യണം, നമ്മുടെ കൂടെയുള്ള രണ്ട് പോലീസുകാരെ അതിന് ഏർപ്പാടാക്കണം.

ബെഞ്ചമിന്റെ ആകസ്മികമായ ആ വെളിപ്പെടുത്തലിൽ തകർന്ന് പോയ ജംഷീർ ഒരു പ്രതിമയെ കണക്ക് നിന്ന് പോയി, ജംഷീറിന്റെ കയ്യിൽ പിടിച്ച് വലിച്ച് കൊണ്ട് ഗഫൂർ ജീപ്പിനരികിലേക്ക് നടന്നു, ജംഷീറിനെ പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നില്ല കൊണ്ട്  പോയത്, പോലീസ് ക്ലബ്ബിലേക്കായിരുന്നു, ബെഞ്ചമിൻ റിക്വസ്റ്റ്  ചെയ്തതനുസരിച്ച് എസ്.പി.റുഖിയ അവിടെ  എത്തിച്ചേർന്നിരുന്നു, ദുരന്തത്തിൽ എല്ലാം നഷ്ടപെട്ടവരുടെ മുഖ ഭാവത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ജംഷീറിന്റെ അപ്പോഴത്തെ മുഖഭാവം.

ആദ്യം മാഡം വിളിച്ച് പറഞ്ഞതനുസരിച്ച് ഹോസ്പിറ്റലിൽ മാത്രം പോയി തിരക്കിയത് കൊണ്ടാണ് ഇവന്റെ ഹിസ്റ്ററി നമുക്ക് അറിയാൻ കഴിയാതെ പോയത്, ഡീറ്റെയിൽ ആയി തിരക്കണമെന്ന് മാഡം ആവശ്യപ്പെട്ടിട്ടും ഹോസ്പിറ്റലിൽ പോയി അവിടത്തെ റെക്കോർഡുകൾ മാത്രം പരിശോധിച്ച് വിഷ്ണുദാസ് അവിടെ ചികിത്സയിൽ ഉണ്ടായിരുന്ന ആളാണെന്നും, അയാൾക്ക് നടക്കാൻ കഴിയില്ല എന്നതുമായ  ഇൻഫർമേഷൻസ് മാത്രമാണ് അവർ ഇങ്ങോട്ടേക്ക് ഫോർവേഡ് ചെയ്തത്, അവർ അതിൽ ഉണ്ടായിരുന്ന അഡ്രസ്സിൽ പോയി വിവരങ്ങൾ ഒന്നും തന്നെ തിരക്കിയില്ല, അതോടെ നമ്മൾ കരുതി വിഷ്ണു  നിരപരാധിയാണെന്ന്, എഴുന്നേറ്റ് നടക്കാൻ പറ്റാത്ത വിഷ്ണു എങ്ങനെ ഹമീദിന്റെ കൊലയാളിയാവും, ഹോസ്പിറ്റലിൽ റെക്കോർഡുകളിൽ ഉണ്ടായിരുന്ന വിഷ്ണുദാസിന്റെ അഡ്രസ്സ് തേടി പോയ ഞങ്ങൾക്ക് അയാളെ അവിടെ കണ്ടെത്താനായില്ല, വാടക വീട്ടിൽ നിന്നും മാറി അവർ ദൂരെ എവിടേക്കോ പോയിരുന്നു, ഭാഗ്യവശാൽ അയൽപക്കത്ത് നിന്നും  വിഷ്ണുദാസും, ജംഷീറും ഒന്നിച്ച് വർക്ക് ചെയ്ത നാടക കമ്പനിയുടെ പേര് അറിയാൻ കഴിഞ്ഞു, അവിടെ നടത്തിയ അന്വേഷണത്തിൽ വിഷ്ണുദാസും, ജംഷീറും ഒന്നിച്ച് നാടക കമ്പനിയിൽ വർക്ക് ചെയ്തവരാണെന്നും, ജംഷീർ ഓടിച്ച ബൈക്ക് ഇടിച്ച് വിഷ്ണു ദാസിന്റെ നടുവിന് പരിക്കേറ്റതും, ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കാൻ കഴിയില്ല എന്ന് ബോധ്യമായ വിഷ്ണുദാസ്  ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് പോയ ശേഷം ഉറങ്ങുവാനായി ഡോക്ടർമാർ നിർദ്ദേശിച്ച സ്ലീപ്പിങ് പിൽസ് അമിതമായ അളവിൽ കഴിച്ച് ജീവനൊടുക്കി എന്ന വാർത്തയും അവിടെ നിന്ന് അറിയാൻ കഴിഞ്ഞു, ഒപ്പം അവർ രണ്ട് പേരും ഒന്നിച്ച് നിൽക്കുന്ന ഫോട്ടോയും കിട്ടി, യഥാർത്ഥ വിഷ്ണു ദാസിനെ അവർ ഞങ്ങൾക്ക് കാട്ടി തന്നു, ഇപ്പോൾ ജംഷീർ വളർത്തിയിരിക്കുന്നത് പോലെ മുടിയും, താടിയും വിഷ്ണുദാസ് വളർത്തിയിരുന്നു, ആക്സിഡന്റിൽ ജംഷീറിന് കാര്യമായ പരിക്കൊന്നും പറ്റിയിരുന്നില്ല, വിഷ്ണു ദാസിനെ ചികിത്സിച്ച ഹോസ്പിറ്റലിൽ നിന്നും ഒറിജിനൽ കേസ് ഫയൽ ജംഷീർ കൈക്കലാക്കി കാണും, അതിന്റെ കോപ്പി ആയിരിക്കും പകരമവിടെ വെച്ചിട്ടുണ്ടാവുക, ഇനി നടന്ന കാര്യങ്ങൾ ജംഷീർ നമ്മളോട് പറയും, മാഡത്തിന് വേറെയും പല പ്രോഗ്രാമുകൾ ഉള്ളതാണ്, നീ പെട്ടെന്ന് പറഞ്ഞാൽ അത്രയും നല്ലത്, ഇല്ലെങ്കിൽ കാര്യങ്ങൾ മോശമായ അവസ്ഥയിലേക്ക് പോകും.
 
malayalam stories

ബെഞ്ചമിൻ ജംഷീറിന് ഒരു മുന്നറിയിപ്പ് നൽകി, കാര്യങ്ങളെല്ലാം അറിഞ്ഞ സ്ഥിതിക്ക് ഇനിയൊന്നും ഒളിച്ച് വെയ്ക്കുന്നതിൽ അർത്ഥമില്ലെന്ന് ജംഷീറിന് മനസ്സിലായി, അയാളുടെ മുഖത്തെ പതർച്ചയെല്ലാം മാറി ഒരു നിസംഗ ഭാവം കൈ വന്നിരുന്നു, മെല്ലെ
അയാൾ പറഞ്ഞ് തുടങ്ങി.

അന്ന് ക്ഷേത്രത്തിൽ നാടക പരിപാടിക്ക് പോകാൻ ലേറ്റ് ആയതിനാൽ കുറച്ചധികം വേഗത്തിലായിരുന്നു ഞാനന്ന് ബൈക്ക് ഓടിച്ചിരുന്നത്, എന്റെ തെറ്റ് മൂലമാണ് ആ ആക്സിഡൻറ് ഉണ്ടായത്, ഞാൻ മൂലം വിഷ്ണു ദാസിന് ഉണ്ടായ ദാരുണമായ അവസ്ഥയിൽ ഞാൻ ആകെ തകർന്ന് പോയിരുന്നു, എന്റെ ഉറ്റ സുഹൃത്തായിരുന്നു അവൻ, അവന്റെ മുന്നോട്ടുള്ള ജീവിതമാണല്ലോ ഞാൻ കാരണമില്ലാതായത് എന്ന ചിന്ത എന്നെ ആത്മഹത്യയിലേക്ക് നയിക്കും എന്ന  അവസ്ഥയിലേക്ക് പോയി, അങ്ങനെ ഞാൻ ചെയ്തേക്കുമെന്ന് എന്റെ പ്രവർത്തികളിൽ നിന്ന് മനസ്സിലായപ്പൊഴാണ് ചിന്നമ്മ എന്റെ ഉമ്മയുടെ പഴയ കാര്യങ്ങൾ എന്നോട് പറഞ്ഞത്.

നിന്റെ കൂടെ ഉണ്ടായിരുന്ന സ്ത്രീ നിന്റെ യഥാർത്ഥ ഉമ്മ നർഗീസ് അല്ലല്ലോ, നാടക കമ്പനിയിലെ ആരെയെങ്കിലും നീ വാടകയ്ക്ക് എടുത്തതാണോ??

സാറ് പറഞ്ഞത് ശരിയാണ്, അത് എന്റെ ഒറിജിനൽ ഉമ്മയല്ല, ഉമ്മയുടെ സ്വന്തം അനിയത്തി ബൽക്കീസ് ആണവർ, എനിക്ക് പത്ത് വയസ്സുള്ളപ്പോൾ എന്റെ ഉമ്മ മരിച്ച് പോയി, പിന്നെ എന്നെ നോക്കിയതും, വളർത്തിയതും ഉമ്മയുടെ അനിയത്തിയായിരുന്നു, ഹൃദയസംബന്ധമായ ചില രോഗങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് അവർ കല്യാണം കഴിച്ചിരുന്നില്ല.

നർഗീസ് എങ്ങനെയാണ് മരണപ്പെട്ടത്???

ഉമ്മ ഹാർട്ടറ്റാക്ക് വന്നാണ് മരിച്ചത്, ഭർത്താവ് ഇല്ലാതെ കുട്ടിയുമായി സൗദിയിൽ നിന്ന് വന്ന ഉമ്മയെ ഉമ്മയുടെ ഉപ്പ വീട്ടിൽ കയറ്റിയില്ല, തൽക്കാലം ഒരു ബന്ധുവിന്റെ വീട്ടിൽ അഭയം തേടിയ ഉമ്മ ഒരു ടെക്സ്റ്റൈൽസിൽ ജോലി ചെയ്താണ് എന്നെ വളർത്തിയത്, പിന്നീട് ഒരു ചെറിയ വാടക വീട്ടിലേക്ക് ഞങ്ങൾ മാറി, മിക്കപ്പോഴും ഉമ്മ മൂകയായിരുന്നു, നിർവികാരമായിരുന്നു എപ്പോഴും ഉമ്മയുടെ മുഖം, ഉപ്പ എന്താണ് വരാത്തതെന്ന് ഞാൻ ചോദിക്കുമ്പോൾ എന്നെ മടിയിൽ കിടത്തി മുടിയിൽ തലോടി കൊണ്ട് നിന്റെ ഉപ്പ സൗദിയിൽ ആണെന്നും ലീവ് കിട്ടാത്തത് കൊണ്ടാണ് വരാത്തതെന്നും ഉമ്മ പറയും, എപ്പോൾ ചോദിച്ചാലും ഇത് തന്നെ ആയിരിക്കും മറുപടി,പിന്നെ പിന്നെ ഞാൻ ഉപ്പയുടെ കാര്യങ്ങൾ ഉമ്മയോട് ചോദിക്കാതെയായി,ഞാൻ മാത്രമായിരുന്നു ഉമ്മയുടെ ഏക സന്തോഷം,ചെറുപ്പത്തിൽ ഞാൻ അനുഭവിച്ച വേദനയും, ഒറ്റപ്പെടലുമൊന്നും നിങ്ങൾക്കാർക്കും മനസ്സിലാവില്ല.

അത് പറഞ്ഞപ്പോൾ ജംഷീറിന്റെ സ്വരം ഇടറി ചെറിയ പ്രായമായത് കൊണ്ട് ഉമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്നൊന്നും എനിക്ക് അപ്പോൾ മനസ്സിലായില്ല, താങ്ങാനാവാത്ത വേദനകൾ മനസ്സിൽ ഒതുക്കി നടന്നത് കൊണ്ടാവും ഉമ്മ പെട്ടെന്ന് അറ്റാക്ക് വന്ന് മരിച്ചത്, അപ്പോഴേക്കും ഉമ്മയുടെ ഉപ്പ മരിച്ചിരുന്നു, അനാഥനായ എന്നെ ഉമ്മയുടെ അനിയത്തി വന്ന് കൂട്ടി കൊണ്ട് പോയി, അപ്പോഴൊന്നും എന്റെ ഉപ്പയെ സംബന്ധിച്ച ഒരു വിവരങ്ങളും എനിക്ക് അറിയില്ലായിരുന്നു, സൗദിയിൽ ഹൗസ് മെയിഡായി ഉമ്മ ജോലിക്ക് പോയതും, അവിടെ വെച്ച് ഹമീദ് എന്ന മലയാളിയെ പരിചയപ്പട്ട് കല്യാണം കഴിഞ്ഞതും, ഏതോ ലോട്ടറി അടിച്ച് വലിയൊരു തുക കിട്ടിയ അയാൾ ഗർഭിണിയായ ഉമ്മയെ സൗദിയുടെ വീട്ടിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് കടന്ന് കളഞ്ഞെന്നും, നാട്ടിലെത്തി വേറെ വിവാഹം കഴിച്ചെന്നുമാണ് ചിന്നമ്മ എന്നോട് പറഞ്ഞത്, എനിക്ക് വേണ്ടി മാത്രമായിരുന്നു എന്റെ ഉമ്മ നർഗീസ് ജീവിച്ചിരുന്നതെന്നും, നീ ആത്മഹത്യ ചെയ്താൽ അവളുടെ ആത്മാവ് ഒരിക്കലും നിന്നോട് പൊറുക്കില്ല എന്നും ചിന്നമ്മ പറഞ്ഞു, ഉമ്മ അനുഭവിച്ച വേദനകളുടെ ആഴം അപ്പോഴാണ് എനിക്ക് ശരിക്കും മനസ്സിലായത്, അതിന് കാരണക്കാരനായ എന്റെ ഉപ്പ എന്ന് പറയുന്ന ഹമീദ് എന്ന  മൃഗത്തോടുള്ള വൈരാഗ്യം നാൾക്ക് നാൾ എന്റെയുള്ളിൽ വർദ്ധിച്ച് വന്നു, എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ വന്നു, ഞങ്ങൾ നരകിച്ച് ജീവിക്കുമ്പോൾ അയാൾ സമ്പന്നതയുടെ നടുവിൽ സുഭിക്ഷമായി ഉല്ലസിച്ച് ജീവിക്കുന്നു ഉമ്മയുടെ അകാല മരണത്തിന് ഉത്തരവാദി അയാൾ മാത്രമാണ്, ആ മൃഗത്തെ ഇല്ലാതാക്കണമെന്ന ചിന്ത ഓരോ നിമിഷവും എന്നെ വേട്ടയാടി തുടങ്ങി, വയനാട്ടിലാണ് അയാൾ താമസിക്കുന്നത് എന്ന വിവരം ഞാൻ ചിന്നമ്മയോട് ചോദിച്ച് മനസ്സിലാക്കി, സൗദിയിൽ നിന്ന് നാട്ടിലെത്തിയ ശേഷം അയാളുടെ വീട്ടിൽ ഉമ്മ പോയതും, അയാൾ ഉമ്മയെ ആട്ടി ഇറക്കിയതുമൊക്കെ കൂടി അറിഞ്ഞപ്പോൾ എന്റെ പക ഒന്ന് കൂടി വർധിച്ചു, അഡ്രസ് കൃത്യമായി അറിയില്ലായിരുന്നു അയാൾ താമസിക്കുന്ന സ്ഥലത്തിന്റെ പേര് മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളു അങ്ങനെ ഞാനൊരു പ്ലാൻ തയ്യാറാക്കി ചിന്നമ്മയോട് പറഞ്ഞു, ആദ്യമൊന്നും അതിന് സമ്മതിക്കാതിരുന്ന ചിന്നമ്മയെ ഞാൻ നിർബന്ധപൂർവ്വം എന്റെ വരുതിക്ക് കൊണ്ട് വന്നു, ആദ്യം വിഷ്ണു ദാസിന്റെ മെഡിക്കൽ റിപ്പോർട്ട് ഞാൻ കൈക്കലാക്കി, അതിന്റെ കോപ്പി അവിടെ വെച്ചു, ഹോസ്പിറ്റലിൽ ഞാൻ അവന് കൂട്ടിരുന്നത് കൊണ്ട് അത് വളരെ ഈസിയായി എനിക്ക്  കൈക്കലാക്കാൻ പറ്റി, ഉമ്മ നല്ലത് പോലെ ചിത്രങ്ങൾ വരക്കുമായിരുന്നു, ആ കഴിവ് എനിക്കും കിട്ടിയിരുന്നു, വയനാട്ടിൽ എത്തി അയാളുടെ അഡ്രസ്സും, വിവരങ്ങളും മനസ്സിലാക്കിയ ഞാൻ ചിന്നമ്മയെയും കൂട്ടി ഒരു ബ്രോക്കർ മുഖേനേ അയാളുടെ ക്വാർട്ടേഴ്സിൽ ഒരു റൂം വാടകയ്ക്ക് എടുത്തു, എന്റെ മുടി ആദ്യം തന്നെ നീണ്ടതായിരുന്നു, അതിനൊപ്പം  മീശയും,താടിയും പരമാവധി വളർത്തിയ ശേഷമായിരുന്നു ഞാൻ വയനാട്ടിലേക്ക് പോയത്.

വീൽചെയറിൽ തന്നെയായിരിക്കും അല്ലേ ഹമീദിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത് അല്ലേ???

അതെ സാർ, വീൽ ചെയർ ആണല്ലോ നമ്മുടെ തുറുപ്പ് ചീട്ട്, അയാളെ കൊലപ്പെടുത്തിയതിന്റെ പേരിൽ ജയിലിൽ  കിടക്കാനൊന്നും എനിക്ക് ഉദ്ദേശവുമില്ലായിരുന്നു, രാവുണ്ണിയുമായി ഞാൻ ബോധപൂർവ്വം നല്ല ബന്ധം സ്ഥാപിച്ചെടുത്തു ഇടയ്ക്കിടയ്ക്ക് ഞാൻ അയാളെ കൊണ്ട് ബിയർ വാങ്ങിപ്പിക്കും, കൂട്ടത്തിൽ അയാൾക്ക് മദ്യവും വാങ്ങി ക്കൊടുക്കും, ഫിറ്റായി കഴിഞ്ഞാൽ അയാൾക്ക് പിന്നെ ഹമീദിന്റെ കുറ്റം പറയുവാനെ സമയം ഉണ്ടായിരുന്നുള്ളൂ, ഞാനും അത് ആസ്വദിച്ചു, അതിനിടയിൽ കൂടി ഞാൻ പല വിവരങ്ങളും രാവുണ്ണിയിൽ നിന്ന് ചോദിച്ച് മനസ്സിലാക്കി, ഹമീദ് കിടക്കുന്ന സമയവും, രാവുണ്ണി കിടക്കുന്ന സമയമൊക്കെ ഞാൻ തന്ത്രപൂർവം രാവുണ്ണിയിൽ നിന്ന് അറിഞ്ഞു, അതിനിടയിലാണ് രാവുണ്ണി രാത്രി മദ്യപിക്കാൻ പോകുന്ന സമയത്ത് അടുക്കള വാതിൽ താഴിട്ട് പൂട്ടി അത് വഴിയാണ് രാത്രി തിരികെ വീട്ടിൽ പ്രവേശിക്കുന്നതെന്ന കാര്യം എനിക്ക് മനസ്സിലായത്, പിന്നെ എനിക്ക് അറിയേണ്ടിയിരുന്നത് രാത്രി ലോക്ക് തുറന്ന് താഴ് അടുക്കളയിൽ ആണോ, അതോ ഡോറിൽ തന്നെ ലോക്ക് ചെയ്ത് ഇടുകയാണോ എന്നതായിരുന്നു, കറിവേപ്പില പറിക്കാനെന്ന വ്യാജേനെ ചിന്നമ്മയെ ഞാൻ ഹമീദിന്റെ അടുക്കള ഭാഗത്തേക്ക് അയച്ചു, അങ്ങനെ ലോക്ക് ഡോറിന്റെ കൊളുത്തിൽ തന്നെ തൂക്കിയിടുകയാണെന്ന വിവരം കിട്ടി, പിന്നീട് ആ താഴിന്റെ ഫോട്ടോയെടുത്ത് അതേ കമ്പനിയുടെ, അതേ വലിപ്പത്തിലുള്ള ഒരു താഴ് വാങ്ങി.

അതിന് ശേഷം പകൽ രാവുണ്ണിയെ വിളിച്ച് കുടിപ്പിച്ച് ലെക്ക് കെടുത്തിയ ശേഷം രാവുണ്ണിയുടെ കയ്യിൽ  ഉണ്ടായിരുന്ന രണ്ട് കീകളിൽ നിന്ന് ഒന്ന് എടുത്ത് മാറ്റി നിങ്ങൾ വാങ്ങിയ പുതിയ ലോക്കിലെ ഒരു കീയുടെ അഗ്രഭാഗം ചെറുതായി ഒന്ന് ചളുക്കിയ ശേഷം അതിൽ തിരികെ വെച്ചു അല്ലേ? രാവുണ്ണി പിന്നീട് ആ കീ ഉപയോഗിച്ചാലും ചളുങ്ങിയത് കൊണ്ടാണ് തുറക്കാൻ പറ്റാത്തതെന്ന് കരുതിക്കോളുമെന്ന് നിങ്ങൾ കണക്ക് കൂട്ടി, നിങ്ങളുടെ ആ കണക്ക് കൂട്ടൽ കറക്റ്റ് ആയിരുന്നു, രാവുണ്ണി അങ്ങനെ തന്നെയാണ് കരുതിയത്, കീകളുടെ നമ്പറുകൾ തമ്മിൽ വ്യത്യാസമുണ്ടെങ്കിലും അതാരും പെട്ടന്ന്  ശ്രദ്ധിക്കാൻ പോകുന്നില്ലല്ലോ, അതല്ലേ ജംഷീർ ഉണ്ടായത്?

അതെ സാർ, സാറിനെങ്ങനെ അത് മനസ്സിലായി?

അതൊക്കെ ഇപ്പോ നീ അറിയേണ്ട കാര്യമില്ല, സംഭവ ദിവസം രാത്രി എത്ര മണിക്കാണ് നിങ്ങൾ അടുക്കള ഡോർ വഴി ആ വീട്ടിൽ പ്രവേശിച്ചത്?

ക്വാർട്ടേഴ്സിലെ മറ്റ് താമസക്കാർ ഉറങ്ങുന്ന സമയം ഞാൻ മനസ്സിലാക്കി   വെച്ചിരുന്നു, ജിം ഇൻസ്ട്രക്ടർ മനു പതിനൊന്ന് മണിയാകാതെ കിടക്കില്ല, പക്ഷേ അയാൾ പുറത്തേക്കൊന്നും ഇറങ്ങില്ല ടി.വി.യും കണ്ടിരിക്കും, മാഷും,യാക്കൂബും ഒന്നും ആ സമയത്ത് പുറത്തേക്കേ ഇറങ്ങാറില്ല, ആകെയുള്ള ഒരു പ്രശ്നം മെയിൽ നേഴ്സിങ്ങിന് പഠിക്കുന്ന ആ രണ്ട് ചെക്കന്മാരായിരുന്നു, അവന്മാര് ചില ദിവസങ്ങളിൽ ഹമീദിന്റെ വീട് വഴി പുറക് ഭാഗത്തുള്ള ഹോസ്റ്റലിലേക്ക് പോകുമായിരുന്നു, രാത്രി 12 മണിക്ക് ശേഷമായിരുന്നു അവർ പോയിരുന്നത്, എനിക്ക് ഹമീദ് മദ്യപിച്ച് തിരിച്ച് എത്തുന്നതിന് മുമ്പ് അടുക്കള വാതിൽ തുറന്ന് അകത്തേക്ക്   കയറണമായിരുന്നു, ഇല്ലെങ്കിൽ ഹമീദ് അകത്ത് നിന്ന് ഡോർ കുറ്റിയിട്ട് കഴിഞ്ഞാൽ എനിക്കതിനകത്തേക്ക് കയറാൻ സാധിക്കില്ലല്ലോ, ചിലപ്പോൾ രാവുണ്ണി ഒമ്പതരയ്ക്കോ, കൂടുതൽ മദ്യപിച്ചാൽ പത്തോ പതിനഞ്ച് മിനിറ്റോ വൈകിയാണ് വരാറ്, പുറക് വശത്തെ അടുക്കള വാതിൽ തുറന്ന് ഞാൻ 9:15 ആയപ്പോൾ ഒരു തെങ്ങിൽ ഒരു കയർ കെട്ടി പതിയെ താഴേക്ക് ഇറങ്ങി, അവിടെയൊക്കെ വലിയ മരങ്ങൾ പടർന്ന് പന്തലിച്ച് കിടക്കുന്നതിനാൽ അവിടേക്ക് ഇറങ്ങുന്നത് ആരുടെയും ശ്രദ്ധയിൽ പെടില്ലായിരുന്നു, അടുക്കള ഡോർ തുറന്ന് ഞാൻ അകത്തേക്ക് കയറി മുൻ ഭാഗത്തുള്ള ബാൽക്കണിയുടെ ഡോർ തുറക്കുവാനായി മുകളിലേക്ക് പോയി.

നിങ്ങൾ ചെല്ലുമ്പോൾ മുൻ ഭാഗത്തെ ബാൽക്കണിയുടെ ഡോർ തുറന്ന് കിടക്കുകയായിരുന്നു അല്ലേ??? അതായത് അകത്ത് നിന്ന് രണ്ട് ടവർ ബോൾട്ടും ഇട്ടിട്ടില്ലായിരുന്നു അല്ലേ?

അതെ ശരിയാണ്, ഞാൻ കരുതിയത് രാവുണ്ണി ടവർ ബോൾട്ട് ഇടാൻ മറന്ന് പോയി കാണുമെന്നാണ്, സാറിന് ഇതൊക്കെ എങ്ങനെ മനസ്സിലാകുന്നു?

അതിന് മുമ്പ് തന്നെ ആ ഡോർ മനു തുറന്ന് വെച്ച കാര്യം ജംഷീറിന് അറിയില്ലല്ലോ, ജംഷീറിന്റെ ചോദ്യത്തിന് ഉത്തരം പറയാതെ ബെഞ്ചമിൻ ചോദിച്ചു.

എന്നിട്ട് നിങ്ങൾ ക്വാർട്ടേഴ്സിലേക്ക് തിരിച്ച് പോയി അല്ലേ?

അതെ ഞാൻ അടുക്കള ഡോർ താഴിട്ട് പൂട്ടി ക്വാർട്ടേഴ്സിലേക്ക് പോയി പത്തരയോടെ മര ചില്ലകൾ വഴി ബാൽക്കണിയിൽ എത്തി അത് വഴി അകത്തേക്ക് പ്രവേശിച്ചു, താഴെ നിന്ന് രാവുണ്ണിയുടെ കൂർക്കം വലി മുകളിലത്തെ നില വരെ കേൾക്കാമായിരുന്നു, ഞാൻ താഴെക്ക് വന്ന് ഹമീദ് കിടന്ന റൂമിലേക്ക് കയറി, റൂമിന്റെ ഡോർ ചാരി ഇട്ടിട്ടേയുള്ളായിരുന്നു.

ഹമീദിനെ വിളിച്ചുണർത്തി താൻ അയാളുടെ മകനാണ് എന്ന് നാടകീയമായി പറഞ്ഞ ശേഷമാണല്ലേ താനയാളെ ശ്വാസം മുട്ടിച്ച് കൊന്നത് അല്ലേ?

സിനിമയിലെ പോലെ ഡയലോഗ് അടിക്കാൻ നിന്നാൽ അയാൾ ഉണർന്നെങ്ങാനും ഒച്ച വെച്ചാലോയെന്ന് പേടിച്ച് സമയം കളയാതെ ഞാൻ തലയണ എടുത്ത് അയാളുടെ മുഖത്ത് അമർത്തി പിടിച്ചു, അയാളുടെ ഒരു കൈ എന്റെ വലത്തെ മുട്ട് കാൽ കൊണ്ടും, മറ്റേ കൈ ഇടത് കൈ കൊണ്ടും ഞാൻ അമർത്തി പിടിച്ചു, ഇല്ലെങ്കിൽ മരണ വെപ്രാളത്തിൽ അയാൾ എന്റെ കയ്യിൽ മാന്തുകയോ മറ്റോ ചെയ്യുമായിരുന്നു, എന്തായാലും വലിയ ബുദ്ധിമുട്ടൊന്നും ഇല്ലാതെ അതങ്ങ് തീർന്ന് കിട്ടി, വളരെ ലാഘവത്തോടെയായിരുന്നു ജംഷീർ അത് പറഞ്ഞത്.

നിങ്ങൾ അകത്തേക്ക് കയറിയപ്പോൾ കാലിൽ സോക്സും, ഗ്ലൗസും ധരിച്ചിരുന്നു അല്ലേ??? അത് കൊണ്ടാണല്ലോ നിങ്ങളുടെ കാൽ വിരലടയാളങ്ങൾ ഹമീദിന്റെ വീട്ടിൽ പതിയാതിരുന്നത്.

ആദ്യം അടുക്കള വഴി അകത്ത്‌ കയറിയ ഉടനെ തന്നെ ഞാൻ കൊണ്ട് വന്ന അലക്കിയ സോക്ക്സും, തുണി കൊണ്ടുള്ള ഗ്ലൗസും ഇട്ട ശേഷം ചെരിപ്പ് കയ്യിൽ എടുത്ത് പിടിച്ച് കൊണ്ടാണ് മുകളിലേക്ക് പോയത്, പിന്നീട് മരച്ചില്ലകൾ വഴി ബാൽക്കണിയിൽ എത്തിയ ശേഷവും വേറെ   സോക്സും, ഗ്ലൗസും ധരിച്ചിരുന്നു.

കേസിന്റെ വഴി തിരിച്ച് വിടാൻ വേണ്ടിയായിരുന്നു നിങ്ങൾ മോഷ്ടാവായ താഹിറിന്റെ ചിത്രം വരച്ച് ഞങ്ങൾക്ക് നൽകിയത് അല്ലേ? നിങ്ങളുടെ അതിബുദ്ധി നിങ്ങൾക്ക് തന്നെ വിനയായി, അല്ലെങ്കിലും നിങ്ങൾ കുടുങ്ങുമായിരുന്നു ജംഷീർ, ഹമീദിനെ കൊന്ന ശേഷം നിങ്ങളുടെ ഭാവി പരിപാടികൾ എന്തായിരുന്നു???

കുറച്ച് നാളുകൾ കൂടി ഇവിടെ താമസിച്ച ശേഷം നാട്ടിലേക്ക് പോയി അഞ്ചാറ് മാസം കഴിഞ്ഞ് താടിയും, മുടിയുമൊക്കെ എടുത്ത് ക്ലീൻ ഷേവായി ഇവിടെ തിരികെ വന്ന് ആധികാരികമായി ഹമീദിന്റെ മകനാണെന്ന് സ്ഥാപിക്കുകയായിരുന്നു എന്റെ ലക്ഷ്യം, ഉമ്മ മരിക്കുന്നതിന് മുമ്പ് സൗദിയിൽ വെച്ച് കല്യാണം കഴിഞ്ഞതിന്റെ രേഖകളും, എന്റെ ബെർത്ത് സർട്ടിഫിക്കറ്റും ചിന്നമ്മയെ ഏൽപ്പിച്ചിരുന്നു, അത് ഉപയോഗിച്ച് ഈ സ്വത്തുക്കളോക്കെ എനിക്ക് കോടതി വഴി സ്വന്തമാക്കുവാൻ കഴിയുമായിരുന്നു.

അപ്പോൾ സ്വത്ത് കൈക്കലാക്കുന്നതിന് വേണ്ടി മാത്രമായിരുന്നു നിങ്ങൾ ഹമീദിനെ  കൊന്നത് അല്ലേ???

എന്റെ ഫസ്റ്റ് ടാർഗറ്റ് ആ നരാധമനെ ഇഞ്ചിഞ്ചായി പീഡിപ്പിച്ച് കൊല്ലണം എന്നതായിരുന്നു, പക്ഷേ അതിനൊന്നുമുള്ള സാഹചര്യം അവിടെ ഇല്ലായിരുന്നല്ലോ, പണത്തിന്റെ പേരിലാണല്ലോ എന്നെയും, അമ്മയെയും അവൻ ഉപേക്ഷിച്ചത്, ഉമ്മയ്ക്ക് വേണ്ടി അവന്റെ സ്വത്ത് എനിക്ക് കൈക്കലാക്കണമായിരുന്നു അത് പോലെ തന്നെ അയാളുടെ നല്ലവൻ എന്ന ഇമേജ് എനിക്ക് ഇല്ലാതെയും ആക്കണമായിരുന്നു, ഇവിടുത്തെ സ്വത്തുക്കൾ ഒക്കെ വിറ്റ ശേഷം നാട്ടിലേക്ക് മടങ്ങി  പോകണമെന്നായിരുന്നു എന്റെ പ്ലാൻ, പക്ഷേ അതെല്ലാം ഒരു നിമിഷം കൊണ്ട് സാർ തകർത്ത് കളഞ്ഞല്ലോ, എനിക്ക് ഇപ്പോഴും മനസ്സിലാകാത്തത് ഒന്നര വർഷത്തോളം സമയമെടുത്ത് വളരെ വിദഗ്ധമായി ഞാൻ നടത്തിയ ഈ കൊലപാതകം എങ്ങനെയാണ് സാർ കണ്ട് പിടിച്ചത്???
ഞാനാണ് കുറ്റവാളി എന്ന് എങ്ങനെയാണ് സാർ കണ്ട് പിടിച്ചതെന്ന് എത്ര ആലോചിച്ചിട്ടും എനിക്കത്  മനസ്സിലാകുന്നില്ല.

നീ കുറച്ചു ദിവസം ഞങ്ങളെ വട്ടം കറക്കിയതല്ലേ, അത് കൊണ്ട് തൽക്കാലം നീയത് അറിയേണ്ട, ഞായറാഴ്ച ആയത് കൊണ്ട് ജംഷീറിനെ  പോലീസ് ക്ലബ്ബിൽ തന്നെ താമസിപ്പിക്കുവാൻ ബെഞ്ചമിൻ ഗഫൂറിന്‌ നിർദ്ദേശം നൽകി, ഗഫൂർ ജംഷീറിനെയും കൊണ്ട് പുറത്തേക്ക് പോയി.

അല്ല ബെഞ്ചമിൻ ജംഷീർ ചോദിച്ചത് പോലെ എങ്ങനെയാണ് നിങ്ങൾ അയാളാണ് കുറ്റവാളി എന്ന് കണ്ടെത്തിയത്???  ആകാംക്ഷ അടക്കാനാവാതെ എസ്.പി റുഖിയ ചോദിച്ചു..
 
"അത് ഞാൻ വിശദമായി പറയാം മാഡം"

(തുടരും) 

 

malayalam stories

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.