ആ സമയത്താണ് ബെഞ്ചമിന്റെ വാട്സാപ്പിലേക്ക് ഒരു മെസ്സേജ് വന്നത്, കല്യാണ സമയത്ത് എടുത്ത യാക്കൂബിന്റെ ഉപ്പയുടെയും, ഉമ്മയുടെയും ഫോട്ടോ ആയിരുന്നു അത്

malayalam stories
 

തുടർകഥ  : അജ്ഞാത കൊലയാളി

രചന : എം.നിയാസ്

(ഭാഗം - 17)

 

ആ സമയത്താണ് ബെഞ്ചമിന്റെ വാട്സാപ്പിലേക്ക് ഒരു മെസ്സേജ് വന്നത്, കല്യാണ സമയത്ത് എടുത്ത യാക്കൂബിന്റെ ഉപ്പയുടെയും, ഉമ്മയുടെയും ഫോട്ടോ ആയിരുന്നു അത്, ഫോട്ടോ ബെഞ്ചമിൻ ഷറഫുദ്ദീനെ കാണിച്ചു.


ഒരു മണിക്കൂറിനകം അയക്കാമെന്ന് പറഞ്ഞിട്ട് ഒരു ദിവസം കഴിഞ്ഞാണല്ലോ അയാൾ ഫോട്ടോ അയച്ചത്, ഇത് അയാളുടെ ശരിക്കുമുള്ള ഉപ്പയുടെയും, ഉമ്മയുടെയും ഫോട്ടോ തന്നെയാണോ? വേറെ ഏതെങ്കിലും ഫോട്ടോ സംഘടിപ്പിക്കുവാൻ താമസിച്ചത് കൊണ്ടാണോ അയാളിത് അയക്കുവാൻ വൈകിയത്? അങ്ങനെ ചില സംശയങ്ങൾ ഷറഫുദ്ദീന് തോന്നി, ഷറഫുദ്ദീൻ അത് പറഞ്ഞ് തീർന്നതും പിന്നാലെ യാക്കൂബിന്റെ ഫോൺ വിളിയെത്തി, ഇന്നലെ ഉമ്മയെ വിളിച്ചിട്ട് കിട്ടിയില്ലെന്നും, നാട്ടിൽ കറന്റ് പോയിട്ട് ഇന്നലെ വരാത്തത് കൊണ്ട് ചാർജ് നഷ്ടപ്പെട്ട ഉമ്മയുടെ ഫോൺ ചാർജ് ചെയ്തത് ഇന്ന് രാവിലെയാണെന്നും, അതാണ് ഫോട്ടോ അയക്കാൻ വൈകിയത് എന്നുമായിരുന്നു യാക്കൂബിന്റെ ന്യായീകരണം, വിഷ്ണു ദാസ് ഫോട്ടോ വരച്ച് പൂർത്തിയാക്കിയതിനാൽ യാക്കൂബ് അയച്ച ആ ഫോട്ടോയ്ക്ക് വലിയ പ്രാധാന്യമൊന്നും ഷറഫുദ്ദീനും, ബെഞ്ചമിനും നൽകിയില്ല, ബ്രേക്ക് ഫാസ്റ്റ് കഴിച്ചവർ പെട്ടെന്ന് തന്നെ വിഷ്ണുദാസിന്റെ ക്വാർട്ടേഴ്സിലേക്ക് തിരിച്ചു, വിഷ്ണുദാസ് മേശപ്പുറത്ത് തന്നെ ആ ഫോട്ടോ വെച്ചിട്ടുണ്ടായിരുന്നു, ആകാംക്ഷയോടെ ആ ഫോട്ടോയിലേക്ക് ബെഞ്ചമിനും, ഷറഫുദ്ദീനും നോക്കി, ഒരു കുറ്റവാളിയുടേത് എന്ന് തോന്നിപ്പിക്കും വിധമുള്ള മുഖമായിരുന്നില്ല ആ ചിത്രത്തിൽ അവർ കണ്ടത്.

ഇയാളെ ആണല്ലേ വിഷ്ണു അന്ന് രാത്രി ഹമീദിന്റെ വീട്ടിൽ കണ്ടത് അല്ലേ?

99% വും ഇത് പോലെ തന്നെയാണ് സാർ, വരയ്ക്കു മ്പോഴെല്ലാം അയാളുടെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞ് നിന്നിരുന്നു.

യു ഡൺ എ ഗ്രേറ്റ് ജോബ് വിഷ്ണു.സന്തോഷം കൊണ്ട് വിഷ്ണുവിന് ഷേക്ക് ഹാൻഡ് കൊടുത്ത് കൊണ്ട് ബെഞ്ചമിൻ പറഞ്ഞു.

ഈ ചിത്രം വരച്ച് നൽകിയതിനുള്ള പ്രതിഫലം കുറ്റവാളിയെ പിടി കൂടിയ ശേഷം ഞാൻ വിഷ്ണുവിന് തരുന്നതായിരിക്കും.

എനിക്കിതിന് പ്രതിഫലമൊന്നും വേണ്ട സാർ, ഒരു കുറ്റവാളിയെ കണ്ടെത്തുവാൻ ഉള്ള എന്റെയൊരു എളിയ സംഭാവന ആയി ഈ ചിത്രത്തെ കണ്ടാൽ മതി.

വിഷ്ണുവിന് ഒരിക്കൽ കൂടി നന്ദി പറഞ്ഞ ശേഷം സമയം പാഴാക്കാതെ ഷറഫുദ്ദീനും, ബെഞ്ചമിനും എസ്.പി. ഓഫീസിലേക്ക് അപ്പോൾ തന്നെ തിരിച്ചു, അതിന് മുമ്പ് വിഷ്ണു വരച്ച ചിത്രത്തിന്റെ ഒരു ഫോട്ടോ എടുത്ത് ബെഞ്ചമിൻ എസ്.പി.യുടെ വാട്സാപ്പിലേക്ക് അയക്കുകയും ചെയ്തു, ഓഫീസിലെത്തി ചിത്രം ബെഞ്ചമിൻ എസ്.പി.ക്ക് ഹാൻഡ് ഓവർ ചെയ്തു, അപ്പോൾ തന്നെ എസ്.പി.അതെല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അയക്കുവാൻ ഉള്ള നടപടികൾ സ്വീകരിച്ചു.

കണ്ടിട്ട് ഒരു ക്രിമിനൽ ലുക്കൊന്നും ഇല്ലല്ലോ ബെഞ്ചമിൻ???

ചില ക്രിമിനൽസ് അങ്ങനെയാണ്, കാഴ്ചയിലൊന്നും തിരിച്ചറിയാൻ പറ്റില്ല, മിക്കവാറും നമ്മുടെ ക്രിമിനൽ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ആളായിരിക്കും ഇവൻ, അങ്ങനെയാണെങ്കിൽ നമുക്കധികം കാത്തിരിക്കേണ്ടി വരില്ല ബെഞ്ചമിൻ, പെട്ടെന്ന് തന്നെ അവനെ പറ്റിയുള്ള വിവരങ്ങൾ നമുക്കറിയുവാൻ കഴിഞ്ഞേക്കും, പിന്നെ ചിത്രം വരച്ച് തന്നയാൾക്ക് എന്തെങ്കിലും ക്യാഷ് കൊടുത്തിരുന്നോ ബെഞ്ചമിൻ ??

കുറ്റവാളിയെ കണ്ടെത്തിയ ശേഷം മാന്യമായ ഒരു റിവാർഡ്  നൽകാമെന്ന് ഞാൻ വിഷ്ണുവിനോട് പറഞ്ഞിട്ടുണ്ട്, പക്ഷേ അയാളത് നിരസിച്ചു മാഡം.

ഹേയ് അത് പറ്റില്ല, നമുക്ക് ഈ കുറ്റവാളിയെ കണ്ടെത്തി അയാൾ തന്നെയാണ് കുറ്റവാളി എന്ന് സ്ഥിരീകരിച്ചാൽ തെറ്റില്ലാത്ത ഒരു തുക തന്നെ അയാൾക്ക് കൊടുക്കണം, ഞാൻ കൂടി ഷെയർ ചെയ്യാം.

അങ്ങനെയാകട്ടെ മാഡം, എങ്കിൽ ഞങ്ങൾ ഇറങ്ങുന്നു, എന്തെങ്കിലും വിവരം കിട്ടിയാൽ മാഡം എന്നെ ഒന്ന് ഇൻഫോം ചെയ്യുമല്ലോ അല്ലേ???

തീർച്ചയായും റിസൾട്ട് കിട്ടുന്ന മാത്രയിൽ തന്നെ ഞാൻ വിളിക്കും.

malayalam stories


എസ്.പി.റുഖിയ വളരെ സന്തോഷവതിയായിരുന്നു, അവർ ബത്തേരിയിൽ എത്തി സ്റ്റേഷനിൽ നിന്നും വീട്ടിലെത്തി ഊണ് കഴിക്കാൻ തുടങ്ങുമ്പോൾ എസ്.പി.യുടെ ഫോൺ കോൾ വന്നു

ആളെ തിരിച്ചറിഞ്ഞിട്ടുണ്ട് ബെഞ്ചമിൻ, താഹിർ എന്നാണവന്റെ പേര്, ചെങ്കോട്ട സൈഡിലാണ് അവന്റെ വീട്, ഏകദേശം തമിഴ്നാടിന്റെ ബോർഡർ ആയി വരും, അവന്റെ പേരിൽ നിരവധി കേസുകൾ ഉണ്ട്, ഭവന ഭേദനവും, മോഷണവും ആണ് കൂടുതലും, പക്ഷെ ഇത് വരെ മർഡർ കേസിലൊന്നും ഉൾപ്പെട്ടിട്ടില്ല, ഒരു ഏരിയയിൽ മാത്രം മോഷണം നടത്തുന്നതല്ല പുള്ളിക്കാരന്റെയൊരു രീതി, കേരളം ഒട്ടാകെ സഞ്ചരിച്ചാണ് പുള്ളി മോഷ്ടിക്കുക, പണമോ സ്വർണമോ മോഷ്ടിച്ച് കഴിഞ്ഞാൽ ആ ക്യാഷ് കൊണ്ട് ബാംഗ്ലൂരിൽ സുഖവാസം നടത്തുക എന്നതാണ് പുള്ളിയുടെ ഒരു രീതി, കാഴ്ചയിൽ വളരെ സാധുവിനെ പോലെ തോന്നിക്കും എന്നാണ് കിട്ടിയിട്ടുള്ള വിവരം.

താഹിറിന്റെ അച്ഛന്റെയും, അമ്മയുടെയും എന്തെങ്കിലും ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ടോ മാഡം??

പോലീസ് രേഖകളിൽ അവന്റെ അച്ഛന്റെ പേരൊന്നും കാണാനില്ല, അമ്മയുടെ പേര് സൗദാബി എന്നോ മറ്റോ ആണ്, അതൊന്നുമത്ര കറക്റ്റ് ആയി കൊള്ളണമെന്നില്ല ബെഞ്ചമിൻ.

താഹിർ ഇപ്പോൾ നാട്ടിലുണ്ടോ മാഡം???

ഹമീദ് കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പാണ് അവൻ വേറൊരു കേസിലെ ശിക്ഷ കഴിഞ്ഞ് ജയിലിൽ നിന്നിറങ്ങിയത്, നിലവിൽ അവൻ എവിടെയാണ് ഉള്ളതെന്നുള്ള ഒരു ഇൻഫർമേഷനും ഇല്ല, ഒരുപക്ഷേ എവിടെ നിന്നെങ്കിലും എന്തെങ്കിലും മോഷ്ടിച്ച് ബാംഗ്ലൂരിലേക്ക് കടന്ന് കാണും, ഹമീദിന്റെ വീട്ടിൽ നിന്ന് 5 ലക്ഷം രൂപ ആ നേഴ്സിങ് വിദ്യാർഥികൾ എടുത്തതല്ലാതെ സ്വർണ്ണമെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ???

അന്ന് ഞങ്ങൾ അലമാര പരിശോധിച്ചപ്പോൾ സ്വർണ്ണമൊന്നും അതിൽ കണ്ടില്ല, ഇനിയൊരു പക്ഷേ സ്വർണം അലമാരയിൽ ഉണ്ടായിരുന്നുവോ എന്നതും വ്യക്തമല്ല, സ്വർണ്ണവും, പണവുമൊക്കെ ഹമീദ് ലോക്കറിൽ ആവും സൂക്ഷിക്കുക, സ്വർണ്ണം പണയമായി വാങ്ങിയിട്ട് ഹമീദ് പണം കൊടുക്കാറുണ്ടോ എന്നത് രാവുണ്ണിയോട് ചോദിക്കേണ്ടി വരും, ഞാനത് അന്വേഷിച്ച ശേഷം മാഡത്തെ  വിളിച്ചറിയിക്കാം, എത്രയും പെട്ടെന്ന് താഹിറിനെ കണ്ടെത്താൻ സാധിക്കുമോ മാഡം?

ഞാൻ തിരുവനന്തപുരം ബ്രാഞ്ചിൽ ബന്ധപ്പെട്ട് അവിടെ നിന്ന് ഒരു സ്ക്വാഡിനെ അയക്കുവാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട് ബെഞ്ചമിൻ, അവർക്ക് പെട്ടെന്ന് താഹിറിനെ കണ്ടെത്താൻ കഴിഞ്ഞേക്കും, ഒന്ന്, രണ്ട് തവണ അവർ താഹിറിനെ ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഞാൻ കൂടി അവരുടെയൊപ്പം പോകണോ മാഡം?

വേണ്ട ബെഞ്ചമിൻ, അവൻ ബാംഗ്ലൂരിൽ ഉണ്ടെങ്കിൽ അവർ എങ്ങനെയെങ്കിലും കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഇവിടെ എത്തിക്കും.

ഇനിയവനെ കിട്ടിയാൽ അല്ലേ മാഡം നമുക്ക് മുന്നോട്ടേയ്ക്ക് പോകുവാൻ സാധിക്കുകയുള്ളു, എന്തായാലും വെയ്റ്റ് ചെയ്തല്ലേ പറ്റൂ.

താഹിറിനെ കണ്ടെത്തുന്നത് വരെ ഒന്നും ചെയ്യാനില്ല എന്നത് ബെഞ്ചമിന്റെ നിരാശയുടെ ആഴം കൂട്ടി, രാവുണ്ണിയെ വിളിച്ച് സ്വർണ്ണത്തിന്റെ കാര്യം തിരക്കിയപ്പോൾ ഹമീദ് സ്വർണ്ണം പണയമായി വാങ്ങാറില്ല എന്നാണ് അറിയാൻ കഴിഞ്ഞത്, മുൻപാരോ മുക്കുപണ്ടം വെച്ച് ഹമീദിനെ പറ്റിച്ചതിൽ പിന്നെ ഹമീദ് സ്വർണം പണയമായി ആരുടെയും കൈയിൽനിന്ന് വാങ്ങാറില്ലായിരുന്നു പോലും

താഹിർ ഹമീദിന്റെ ബെഡ്റൂമിൽ കടന്ന് ഹമീദിനെ കൊലപ്പെടുത്തിയ ശേഷം അയാൾ അലമാരയിൽ ഉണ്ടായിരുന്ന ക്യാഷ് എന്ത് കൊണ്ടായിരിക്കും സാർ എടുക്കാതിരുന്നത്???

ഒരുപക്ഷേ ആ സമയത്ത് മൂത്രമൊഴിക്കാനോ മറ്റോ രാവുണ്ണി എഴുന്നേറ്റ ശബ്ദം കേട്ട് താഹിർ കടന്ന് കളഞ്ഞതായിരിക്കുമോ??? സാറിന് എന്താണ് തോന്നുന്നത്???

താഹിറിന്റെ പ്രൊഫഷൻ മോഷണം ആണെങ്കിലും, തന്റെ പിതാവാണ് ഹമീദ് എന്ന് തിരിച്ചറിഞ്ഞ് അയാളെ കൊലപ്പെടുത്തുവാൻ വേണ്ടി മാത്രം മുറിയിൽ കയറിയതാവുമോ???

എങ്കിലും മോഷണം തൊഴിലാക്കിയ ഒരാൾ അവിടെ നിന്ന് മോഷ്ടിക്കാതെ പോകുമെന്ന് കരുതാനും വയ്യ, ഒരുപക്ഷേ ഹമീദിനെ കൊന്ന ശേഷം താഹിർ ഇമോഷണൽ ആയി കാണും, ഒന്നുമില്ലെങ്കിലും സ്വന്തം തന്തയല്ലേ, ആ ഒരു അവസ്ഥയിൽ പണം എടുക്കുവാനൊന്നും നിൽക്കാതെ പെട്ടെന്ന് കടന്ന് കളഞ്ഞതാവാനും സാധ്യതയുണ്ട്, നമ്മൾ ഇങ്ങനെയിരുന്ന്  ഓരോന്ന് ചിന്തിച്ച് കൂട്ടാമെന്നല്ലാതെ താഹിറിനെ കിട്ടിയാൽ മാത്രമേ നമുക്ക് ഇതിനൊക്കെയുള്ള ഉത്തരം കിട്ടുകയുള്ളൂ ബെഞ്ചമിൻ, അത് വരെ നമുക്കൊന്നും ചെയ്യാനില്ല എന്നതാണ് വാസ്തവം.

ഷറഫുദ്ദീന്റെ വാക്കുകൾ ബെഞ്ചമിന്റെ നിരാശയുടെ ആഴമൊന്ന് കൂടി കൂട്ടി, വൈകുന്നേരം അവർ സ്റ്റേഷനിൽ എത്തുമ്പോൾ കോഴിക്കോട് നിന്ന് അൻസാരി അയച്ച ഒരു കവർ വന്ന് കിടക്കുന്നുണ്ടായിരുന്നു, നർസിന്റെയും, കുട്ടിയുടെയും ഫോട്ടോ ആവും, എന്തോ അത് തുറന്ന് നോക്കാൻ ബെഞ്ചമിൻ താൽപര്യം പ്രകടിപ്പിച്ചില്ല, കൊലയാളിയെ  കണ്ടെത്തിയല്ലോ, ഇനി കിട്ടിയാൽ മാത്രം മതിയല്ലോ എന്നതായിരുന്നു അയാളുടെ ചിന്ത, അപ്പോഴേക്കും ഗഫൂർ റൂമിൽ എത്തി

ഹമീദ് മരിക്കുന്ന ദിവസം പലിശ പ്രശ്നത്തിൽ വീട്ടിൽ വന്ന് വഴക്കുണ്ടാക്കിയ ആളെ ഞാൻ ചോദ്യം ചെയ്തു സാറേ, അയാൾ ഒരു അയ്യോ പാവമാണ്, സത്യത്തിൽ പോലീസ് അയാളെ പിടിക്കുമെന്ന്   പേടിച്ചാണ് അയാൾ ഇരുന്നത്, അറിയാതെ വഴക്ക് ഉണ്ടായതും, ആ ദിവസം തന്നെ ഹമീദ് കൊല്ലപ്പെടുകയും ചെയ്തത് എല്ലാം ഒരു കോ ഇൻസിഡന്റ് ആയി നടന്നതാണല്ലോ, രണ്ട് ദിവസത്തെ പലിശ കൂടുതൽ വാങ്ങിയപ്പോൾ ദേഷ്യം കൊണ്ട് അങ്ങനെ പറഞ്ഞ് പോയതാണെന്നും, അല്ലാതെ ഹമീദിന്റെ കൊലപാതകത്തിൽ അയാൾക്കൊരു പങ്കുമില്ല എന്നാണയാൾ ആണയിട്ട് പറഞ്ഞത് സാറെ.

അല്ലെങ്കിലും അതിനൊന്നും ഇപ്പോൾ ഇവിടെ യാതൊരു പ്രസക്തിയും ഇല്ലല്ലോ ഗഫൂർ.

ഗഫൂർ പുറത്തേക്ക് പോയി, ആദ്യം ചോദ്യം ചെയ്ത രാവുണ്ണി, ആദിൽ, ബിജോയ്, അഖിൽ, ജിമ്മിൻസ്‌ട്രക്ടർ മനു, യാക്കൂബ്, അബൂബക്കർ, ചിട്ടി നടത്തി മുങ്ങിയവർ, വിഷ്ണുദാസ് അവരെല്ലാം പറഞ്ഞ കാര്യങ്ങൾ ഒന്നൊന്നായി ബെഞ്ചമിന്റെ മനസ്സിലൂടെ കടന്ന് പോയി, വിഷ്ണു വരച്ച് തന്ന ചിത്രത്തിലെ താഹിർ തന്നെയാണോ യഥാർത്ഥ കൊലയാളി???
അങ്ങനെയാണെങ്കിൽ അയാൾ ഏത് വഴിയാണ് അകത്തേക്ക് കടന്നത്, ഒരുപക്ഷേ അന്ന് താഹിർ ഹമീദിന്റെ വീട്ടിൽ വന്നത് ശരിയായിരിക്കും, മോഷ്ടിക്കാൻ ഉദ്ദേശിച്ച് തന്നെയായിരിക്കും അയാൾ വന്നത്, അല്ലാതെ ഹമീദുമായി ചിലപ്പോൾ അയാൾക്ക് യാതൊരു ബന്ധവും കാണില്ല, അകത്തേക്ക് കയറാൻ പറ്റാതെ വന്നത് കൊണ്ട് തിരികെ പോകുന്ന  സമയത്തായിരിക്കും വിഷ്ണു അയാളെ കണ്ടിട്ടുണ്ടാവുക, അങ്ങനെ അയാൾ ആയിരിക്കും കൊലയാളി എന്ന് വിഷ്ണു തെറ്റിദ്ധരിച്ച് കാണും, പിന്നിലെ ബാൽക്കണിയുടെ വാതിൽ തുറന്ന് കിടക്കുന്നത് അയാൾക്ക് അറിയില്ലല്ലോ, ബെഞ്ചമിൻ തന്റെ മനസ്സിൽ തോന്നിയ ഈ സംശയങ്ങൾ ഷറഫുദ്ദീനോടും പങ്ക് വെച്ചു.

ബെഞ്ചമിൻ മോഷണത്തിനായി വരുന്നവൻ എങ്ങനെയെങ്കിലും വീട്ടിനകത്ത് കയറി മോഷ്ടിക്കും, അകത്തേക്ക് പ്രവേശിക്കുക എന്നതാണല്ലോ അവരുടെ ഫസ്റ്റ് ടാർഗറ്റ് തന്നെ, അങ്ങനെ ചെയ്യുവാനുള്ള സ്കിൽ അവർക്ക് കാണും, താഹിർ ഹമീദിന്റെ മകനാണ് എന്നതിന് നമ്മൾക്കിത് വരെ ഉറപ്പൊന്നുമില്ലല്ലോ, ഒരുപക്ഷേ താഹിർ ബെഡ്റൂമിൽ കയറിയപ്പോൾ ഹമീദ് ഉണർന്ന് കാണും, അപ്പോൾ അയാൾ തലയണ ഉപയോഗിച്ച് അയാളെ വക വരുത്തി കാണും, താഹിർ ഇത് വരെ കൊലപാതക കേസിൽ ഒന്നും ഉൾപ്പെട്ടിട്ടില്ല എന്നാണല്ലോ അവൾ പറഞ്ഞത്, അപ്രതീക്ഷിതമായി കൊലപാതകം ചെയ്യേണ്ടി വന്നതിൽ പരിഭ്രാന്തനായ താഹിറിന് അവിടന്ന് എങ്ങനെയെങ്കിലും പെട്ടന്ന് രക്ഷപ്പെടണം എന്ന ഒരു ചിന്ത മാത്രമേ മൈൻഡിൽ ഉണ്ടാവു, അതാവും  മോഷ്ടിക്കാനൊന്നും നിൽക്കാതെ പുറത്തേക്ക് പോയത്.

അഴിക്കും തോറും, ഈ കേസിലെ കുരുക്കുകൾ മുറുകുകയാണല്ലോ സാറേ, എനിക്കിന്ന് എന്തോ ഒരു മൂഡ് ഔട്ട്, നമുക്കിന്ന് കുറച്ച് നേരത്തെ വീട്ടിലേക്ക് പോയാലോ സാർ.

6 മണിക്ക് തന്നെ അവർ വീട്ടിൽ തിരിച്ചെത്തി, ഡ്രസ്സ് മാറിയ ശേഷം അൻസാരി അയച്ച കവർ തുറന്നതിൽ ഉണ്ടായിരുന്ന ഫോട്ടോ ബെഞ്ചമിൻ  പുറത്തെടുത്തു, അതിനോടൊപ്പം വിഷ്ണു വരച്ച ചിത്രവും, യാക്കൂബ് അയച്ച ഉപ്പയുടെയും, ഉമ്മയുടെയും ഫോട്ടോയും ഒന്നിച്ച് വെച്ചു, ഹമീദിന്റെ മുഖ സാദൃശ്യം മകന് ഉണ്ടോ എന്നറിയുവാൻ ബെഞ്ചമിന് ഒരു കൗതുകം തോന്നി, മേശയ്ക്കുള്ളിൽ നിന്ന് ലെൻസ് എടുത്ത് അയാൾ മകന്റെ ഫോട്ടോയിലേക്കും, മൊബൈലിൽ ഉണ്ടായിരുന്ന ഹമീദിന്റെ ഫോട്ടോയിലേക്ക് നോക്കി, ഹമീദിന്റെ ഛായയിൽ അല്ലായിരുന്നു മകൻ ജംഷീർ, നർഗീസിന്റെ തനി പകർപ്പായിരുന്നു മകൻ ജംഷീർ, ശേഷം യാക്കൂബ് അയച്ച് തന്ന ഫോട്ടോ വലുതാക്കി അതും ലെൻസ് ഉപയോഗിച്ച് നോക്കി, ശേഷം വിഷ്ണു വരച്ച ഫോട്ടോ, ആ മൂന്ന് ഫോട്ടോകളിൽ ഒന്നിൽ ബെഞ്ചമിനെന്തൊ സംശയം തോന്നി തുടങ്ങി, അയാൾ ഫോട്ടോകൾ മാറി മാറി നോക്കി, പെട്ടെന്ന് മേശയ്ക്കകത്തു തന്നെ സൂക്ഷിച്ചിരുന്ന ഒന്ന് ബെഞ്ചമിൻ എടുത്ത് പരിശോധിച്ചു, അപ്പോൾ തന്നെ രാവുണ്ണിയെ വിളിച്ച് ബെഞ്ചമിൻ, അപ്പോൾ തനിക്ക് തോന്നിയ സംശയങ്ങൾ  ചോദിച്ചറിഞ്ഞു, അപ്പോഴേക്കും അയാളുടെ മനസ്സിൽ ചില കാര്യങ്ങൾ കണക്ട് ആയി തുടങ്ങിയിരുന്നു, കുളി കഴിഞ്ഞു വന്ന ഷറഫുദ്ദീൻ കണ്ടത് ഫോട്ടോകളിലേക്ക് തുറിച്ച് നോക്കി ക്കൊണ്ടിരിക്കുന്ന ബെഞ്ചമിനെയായിരുന്നു, രാവിലെ യാക്കൂബ് അയച്ച ഫോട്ടോ ബെഞ്ചമിൻ കാര്യമായി ശ്രദ്ധിച്ചില്ലായിരുന്നു.

എന്താണ് ബെഞ്ചമിൻ എന്തെങ്കിലും പ്രശ്നമുണ്ടോ?

പ്രശ്നങ്ങൾ മാത്രമല്ലേയുള്ളൂ സാർ, സാർ കുറച്ച് നീണ്ട ഒരു യാത്രയ്ക്ക് തയ്യാറാണോ??
ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം എടുത്തേക്കും, എന്റെ മനസ്സിൽ ചില സംശയങ്ങളുണ്ട്, അത് ക്ലിയർ ചെയ്യാനായി ഈ യാത്ര പോയേ പറ്റൂ.

എപ്പോഴാണ് ബെഞ്ചമിൻ പോകേണ്ടത്?

നാളെ പുലർച്ച തന്നെ നമുക്ക് തിരിക്കണം സാർ, നാളെ വെള്ളിയാഴ്ച ഞായറാഴ്ചക്ക് മുൻപ് നമുക്ക് ഇവിടെ തിരിച്ചെത്തണം.

ബെഞ്ചമിൻ അപ്പോൾ തന്നെ എസ്.പി.യെ വിളിച്ച് തനിക്ക് ചില സംശയങ്ങൾ ഉണ്ടെന്നും, അത് അന്വേഷിച്ചറിയാൻ താനും, ഷറഫുദ്ദീനും നാളെ രാവിലെ പോകുകയാണെന്ന് പറഞ്ഞു, ബെഞ്ചമിന്റെ ആ നീക്കത്തിൽ എസ്.പി അമ്പരപ്പ് പ്രകടിപ്പിച്ചു, എല്ലാം വന്നിട്ട് പറയാമെന്നും, ഒരുപക്ഷേ താൻ മനസ്സിൽ കരുതിയ കാര്യം തെറ്റാണെങ്കിലോ എന്ന് കരുതിയാണ് കാര്യങ്ങൾ ഇപ്പോൾ ഡീറ്റെയിൽ ആയി പറയാത്തതതെന്നും, അന്വേഷണം കഴിഞ്ഞ് തിരികെ വന്നിട്ട് എല്ലാം വിശദമാക്കാമെന്ന് ബെഞ്ചമിൻ എസ്.പി.യോട്  വെളിപ്പെടുത്തി, ബെഞ്ചമിനിൽ ഉള്ള വിശ്വാസമൊന്ന് കൊണ്ടാവും എസ്.പി.പിന്നൊന്നും ചോദിക്കാൻ നിൽക്കാതെ പോയി അന്വേഷിച്ച് വരുവാനുള്ള അനുവാദം കൊടുത്തു, വൈകുന്നേരത്തെ കലാപരിപാടി കൾക്കിടയിൽ തന്റെ മനസ്സിൽ ഉദിച്ച സംശയങ്ങൾ ബെഞ്ചമിൻ ഷറഫുദ്ദീന്റെ മുന്നിൽ അവതരിപ്പിച്ചു.

തനിക്കങ്ങനെ ഒരു ഡൗട്ട് ഉണ്ടെങ്കിൽ അത് ക്ലിയർ ചെയ്യുന്നത് നല്ലതാണ്, അതായിരുന്നു ഷറഫുദ്ദീന്റെയും അഭിപ്രായം, പിറ്റേന്ന് രാവിലെ തന്നെ അവർ യാത്ര തിരിച്ചു, ശനിയാഴ്ച വൈകുന്നേരത്തോടെ അന്വേഷണം പൂർത്തിയാക്കി അവർ ബത്തേരിയിൽ തിരിച്ചെത്തി, ബെഞ്ചമിൻ ശനിയാഴ്ച രാവിലെ തന്നെ ഗഫൂറിനെ ഫോൺ ചെയ്ത് ഞായറാഴ്ച രാവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എല്ലാവരും അവിടെ തന്നെ ഉണ്ടാകണമെന്നും, അവസാനമായി ചില കാര്യങ്ങൾ കൂടി ചോദിച്ച് അറിയുവാൻ ഉണ്ടെന്നും, ആദിലിനൊടും രാവിലെ  ക്വാർട്ടേഴ്സിൽ എത്തണമെന്നും പറയാൻ പറഞ്ഞു, ഞായറാഴ്ച പത്ത് മണിയോടെ ബെഞ്ചമിനും, ഷറഫുദ്ദീനും, ഗഫൂറും, രണ്ട് പി.സി.യും ചിട്ടി നടത്തിയ ആൾക്കാർ താമസിച്ച ഒഴിഞ്ഞ് കിടക്കുന്ന ക്വാർട്ടേഴ്സിൽ എത്തി, അതിന്‌ മുൻപേ തന്നെ എല്ലാവരും ഒന്നിച്ച് കൂടിയിരുന്നു, എന്തിനാണ് തങ്ങളെയെല്ലാവരെയും വിളിപ്പിച്ചത് എന്നത് അറിയാനുള്ള ആകാംക്ഷ എല്ലാവരുടെയും മുഖത്ത് ഉണ്ടായിരുന്നു.

ഹമീദിന്റെ കൊലയാളിയെ ഒടുവിൽ ഞങ്ങൾ കണ്ടെത്തി, അതിന് ഞങ്ങളെ സഹായിച്ചത് വിഷ്ണു വരച്ച് തന്ന കൊലയാളിയുടെ ചിത്രം ആയിരുന്നു, അയാൾ തന്നെയാണോ കൊലയാളി എന്നത് സ്ഥിരീകരിക്കാൻ ഞങ്ങൾക്ക് കുറച്ച് യാത്ര ചെയ്യേണ്ടി വന്നു.

ആരാണ് സാർ അത്???

മൂലയിൽ ഒരു കസേരയിൽ ഇരുന്ന രാവുണ്ണി അറിയാതെ അങ്ങനെ ചോദിച്ച് പോയി, മറ്റുള്ളവരുടെ മുഖത്തും അതാരാണ് എന്ന് അറിയാനുള്ള ആകാംക്ഷ ബെഞ്ചമിൻ കണ്ടു. എങ്കിലും ആരായിരിക്കും ആ യഥാർത്ഥ കൊലയാളി???


(തുടരും) 

 

malayalam stories


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.