ഒരു മിന്നായം പോലെ മാത്രമേ ഞാൻ അയാളെ കണ്ടുള്ളൂ സാറേ, മുമ്പെങ്ങും അയാളെ ഇവിടെങ്ങും കണ്ടതായി ഞാൻ ഓർക്കുന്നില്ല.

malayalam long story

 തുടർകഥ  : അജ്ഞാത കൊലയാളി

 

രചന : എം.നിയാസ്

 

(ഭാഗം - 16)

 

ഒരു മിന്നായം പോലെ മാത്രമേ ഞാൻ അയാളെ കണ്ടുള്ളൂ സാറേ, മുമ്പെങ്ങും അയാളെ ഇവിടെങ്ങും കണ്ടതായി ഞാൻ ഓർക്കുന്നില്ല. മുഖത്തേക്ക് വീണ തന്റെ നീണ്ട മുടിയിഴകൾ വകഞ്ഞ് മാറ്റി കൊണ്ട് വിഷ്ണു പറഞ്ഞു.

വിഷ്‌ണു അയാൾ കാഴ്ചയിൽ എങ്ങിനെ ഉണ്ടായിരുന്നു? നല്ല പൊക്കവും, വണ്ണവും ഉള്ള ആൾ ആയിരുന്നോ? അല്ല ഇതൊക്കെ ഞാൻ തന്നോട് കുത്തി കുത്തി ചോദിക്കേണ്ട കാര്യമില്ലല്ലോ, താനൊരു ചിത്രകാരൻ അല്ലേ, ആ സ്ഥിതിക്ക് തനിക്ക് അന്ന് കണ്ടയാളുടെ ചിത്രം തീർച്ചയായും വരയ്ക്കുവാൻ കഴിയുമല്ലൊ, അങ്ങനെയൊരു സാധ്യത മുന്നിലുണ്ടെന്ന് ബെഞ്ചമിന് അപ്പോഴാണ് ഓർമ്മ വന്നത്.

ഞാൻ അന്നയാളെ കണ്ടിരുന്നുവെന്ന് പറഞ്ഞിരുന്നെങ്കിൽ ഉറപ്പായിട്ടും സാർ എന്നോട് അയാളുടെ ചിത്രം വരച്ച് തരുവാൻ ആവശ്യപ്പെടുമായിരുന്നു, അത് പേടിച്ചിട്ടാണ് സാറേ ഞാൻ അന്നത് പറയാതിരുന്നത്.

പിന്നെ വിഷ്ണു ഇപ്പോൾ അന്ന് രാത്രി ഒരാളെ കണ്ടു എന്ന് പറഞ്ഞതിന്റെ കാരണം? കൊലയാളിയെ നിങ്ങൾ കണ്ട സ്ഥിതിക്ക് അത് വരച്ച് തന്നാൽ ഹമീദിന്റെ കേസിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കുവാൻ ഞങ്ങൾക്ക് കഴിയും, ഞങ്ങളെ സംബന്ധിച്ചിടത്തോളം തീർച്ചയായും അത് വലിയൊരു ഹെൽപ്പ് തന്നെയായിരിക്കും.

സാറേ മിന്നലിന്റെ പ്രകാശത്തിൽ ജസ്റ്റ് ഞാൻ ഒന്നയാളെ കണ്ടതല്ലേയുള്ളു, വരയ്ക്കുന്ന സമയത്തെങ്ങാനും കുറച്ചങ്ങോട്ടോ, ഇങ്ങോട്ടോ മാറി പോയാൽ ഏതെങ്കിലും നിരപരാധിയായിരിക്കും അയാൾക്ക് പകരം കേസിൽ പ്രതിയാകുക, ഞാൻ കാരണം ഒരു നിരപരാധിക്കും അങ്ങനെയൊരു അവസ്ഥ വരരുതെന്ന് കരുതിയാണ് സാറേ ഞാൻ മിണ്ടാതിരുന്നത്, പക്ഷേ ഇപ്പോൾ ഈ കേസ് എവിടെയും എത്തിയില്ലെന്ന് സാർ ഫോണിലൂടെ ആരോടോ പറയുന്നത് കേട്ടപ്പോൾ എനിക്ക് ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ തോന്നി, നീ അയാളെ കണ്ടിട്ടും പോലീസിനോട് പറയാതിരിക്കുന്നത് വലിയ തെറ്റാണെന്ന് ഇന്നലെ അമ്മ കൂടി പറഞ്ഞപ്പോൾ അത് സാറിനോട് തുറന്ന് പറയണമെന്ന് എനിക്ക് തോന്നി.

നോക്കൂ വിഷ്ണു നിങ്ങൾ അന്ന് കണ്ടയാളെ വരച്ച് ഞങ്ങൾക്ക് തന്നാലും വിഷ്ണു വരച്ച ഫോട്ടോയ്ക്ക് എന്തെങ്കിലും മാറ്റം ഉണ്ടായാലും അയാളെ ആ ഫോട്ടോ വെച്ച് ഞങ്ങൾ ഉടനെ അറസ്റ്റ് ചെയ്യുകയൊന്നുമില്ല, പ്രോപ്പറായ അന്വേഷണം നടത്തി അയാൾ തന്നെയാണ് കൊലയാളി എന്ന് തെളിഞ്ഞാൽ മാത്രമേ അയാളെ കേസിൽ പ്രതി ചേർക്കുകയുള്ളൂ, വിഷ്ണു ധൈര്യമായി അയാളുടെ ചിത്രം വരയ്ക്കു, അയാളെ കണ്ടെത്തി ചോദ്യം ചെയ്ത് അയാൾ കുറ്റവാളിയാണ് എന്ന് ഉറപ്പ് വരുത്തിയിട്ട് മാത്രമേ ഞങ്ങൾ തുടർ നടപടികൾ സ്വീകരിക്കുകയുള്ളൂ.

ബെഞ്ചമിൻ വിഷ്ണുവിന് അങ്ങനെയൊരു ഉറപ്പ് നൽകി.

എന്റെ മനസ്സിൽ പതിഞ്ഞ അയാളുടെ ചിത്രം ഞാൻ വരച്ച് തരാം, എങ്ങാനും തെറ്റി പോയാൽ എന്നോട് ദേഷ്യം തോന്നരുത് സാർ.

വിഷ്ണുവിന് ബെഞ്ചമിനെ കുറിച്ച് അറിയാഞ്ഞിട്ടാണ്, നേരും, നെറിയും ഉള്ള ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അയാൾ, തനിക്ക് ധൈര്യമായിട്ട് അയാളെ വിശ്വസിക്കാം, നീതിക്ക് നിരക്കാത്ത ഒന്നും അയാളുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല, അതെനിക്ക് 100% ഉറപ്പാണ്.

ഷറഫുദ്ദീന്റെ വാക്കുകൾ വിഷ്ണു ദാസിന്റെ മുഖത്തെ ടെൻഷന് അല്പമൊന്ന് അയവ് വരുത്തി, ഇന്ന് തന്നെ വരച്ച് തീർക്കാൻ പറ്റുമോ വിഷ്ണു?

ഈ കേസ് എവിടെയും എത്താതെ കിടക്കുന്നത് കൊണ്ട്  ചോദിച്ചതാണ്, പിന്നെ ഇതൊരു ഓർഡർ അല്ല, എന്റെയൊരു റിക്വസ്റ്റ് ആയി കണ്ടാൽ മതി.

അയ്യോ സാർ എന്നോട്  അങ്ങനെയൊന്നും പറയേണ്ട ആവശ്യമില്ല, ഇന്ന് തന്നെ തീർക്കാൻ പറ്റുമോയെന്ന് ഞാൻ പരമാവധി ശ്രമിക്കാം, തീർന്നാലുടൻ തന്നെ ഞാൻ സാറിനെ ഫോൺ ചെയ്യാം.

വിഷ്ണുവിന്റെ റൂമിൽ നിന്നും ഇറങ്ങിയ ബെഞ്ചമിൻ ഹാരിസിനോട് വിഷ്ണു ദാസിന്റെ മെഡിക്കൽ റിപ്പോർട്ട് തന്റെ ഇമെയിൽ ഐഡിയിലേക്ക് അയക്കുവാൻ പറഞ്ഞു, ഹാരിസിനെ ഹോസ്പിറ്റലിൽ ഇറക്കിയ ശേഷം ബെഞ്ചമിനും, ഷറഫുദ്ദീനും നേരെ കൽപ്പറ്റ എസ്.പി ഓഫീസിലേക്ക് തിരിച്ചു.

ഓ താങ്ക് ഗോഡ് ഒടുവിൽ ഒരു പിടിവള്ളി കിട്ടി അല്ലേ ബെഞ്ചമിൻ, കൊലയാളിയുടെ ചിത്രം അയാൾ വരച്ച് തന്നാൽ അവനെ നമുക്ക് എവിടെ നിന്നാണെങ്കിലും ക്യാച്ച് ചെയ്യാം, വിഷ്ണു അത് തെറ്റാതെ കറക്റ്റ് ആയിട്ട് വരച്ച് തന്നാൽ മതിയായിരുന്നു, വരയ്ക്കുന്ന ചിത്രം കറക്റ്റ് ആണെങ്കിൽ കൊലയാളിയെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല, മുൻപ് ക്രിമിനൽ കേസിൽ അകപ്പെട്ടിട്ടുണ്ടെങ്കിൽ നമുക്കയാളെ എളുപ്പം കണ്ടെത്താൻ സാധിക്കും.

അൻസാരിയുടെ കാര്യം പറയുന്നതിന് മുമ്പ് വിഷ്ണു കൊലയാളിയെ കണ്ടെന്നും, അയാളുടെ ചിത്രം വരച്ച് തരാമെന്നും പറഞ്ഞ കാര്യം ബെഞ്ചമിൻ എസ്.പി.യോട് വെളിപ്പെടുത്തി. പിന്നീട് എസ്.പി.യോട് അൻസാരിയെ കണ്ടതും, അയാൾ പറഞ്ഞതുമായ വിവരങ്ങൾ വെളിപ്പെടുത്തി.

ഓ അങ്ങനെയൊരു ഫ്ലാഷ് ബൈക്ക് ഹമീദിന് ഉണ്ടായിരുന്നു അല്ലേ, ആ ലോട്ടറി അടിച്ചത് കൊണ്ടാണല്ലേ അയാൾ സാമ്പത്തികമായി സെറ്റ് ആയത് അല്ലേ, എന്നാലും ക്യാഷ് കൈയിൽ കിട്ടിയപ്പോൾ അയാൾ സ്വന്തം ഭാര്യയെയും, കുട്ടിയേയും ഉപേക്ഷിച്ചത് ഒരിക്കലും നീതീകരിക്കാനാവാത്ത ഒരു തെറ്റായി പോയി.

ചിലർ അങ്ങനെയാടി പണം കയ്യിൽ വരുമ്പോൾ സ്വഭാവം മൊത്തമായിട്ടങ്ങ് മാറും, അതിനവർക്ക് അവരുടെതായ ഒരു നീതീകരണവും ഉണ്ടാവും, ഷറഫുദ്ദീൻ പറഞ്ഞു,അവർ തമ്മിൽ സംസാരിച്ചിരിക്കുന്നതിനിടയിൽ ഹാരിസ് ബെഞ്ചമിന്റെ ഫോണിലേക്ക് വിഷ്ണു ദാസിന്റെ മെഡിക്കൽ റിപ്പോർട്ട് അയച്ചു, മെഡിക്കൽ റിപ്പോർട്ട് വന്ന കാര്യം ബെഞ്ചമിൻ എസ്.പി.യോട് പറഞ്ഞു, അപ്പോൾ തന്നെ ആ റിപ്പോർട്ട് തിരുവനന്തപുരത്തേക്ക് എസ്.പി.ഫോർവേഡ് ചെയ്തു, ഇന്ന് തന്നെ ഹോസ്പിറ്റലിൽ പോയി തിരക്കി വിവരം ഡീറ്റൈൽ ആയി തന്നെ വിവരം അറിയിക്കണം എന്നും നിർദ്ദേശിച്ചു.

99% വിഷ്ണുവിന്റെ കാര്യത്തിൽ അയാൾ പറഞ്ഞത് സത്യമായിരിക്കും, പക്ഷേ ബാക്കിയുള്ള ഒരു ശതമാനം കൂടി നമുക്ക് കൺഫേം ചെയ്യേണ്ടതുണ്ടല്ലോ, പിന്നെ മാഡം അവരോട് ഡീറ്റൈൽ ആയിട്ട് വിവരങ്ങൾ തിരക്കാൻ പ്രത്യേകം പറയണം.

ഞാൻ ഇടയ്ക്ക് ഒന്ന് കൂടി വിളിച്ച് ആ കാര്യം ഓർമ്മപ്പെടുത്തിക്കോളാം ബെഞ്ചമിൻ.

 
malayalam story

അധികം വൈകാതെ അവർ തിരിച്ച് ബത്തേരിക്ക് പോയി, പതിവ് പോലെ ഊണ് കഴിച്ച് വിശ്രമിച്ച ശേഷം അഞ്ച് മണിയോടെ അവർ സ്റ്റേഷനിലെത്തി, അല്പനേരം കഴിഞ്ഞപ്പോൾ ഗഫൂർ റൂമിലേക്ക് വന്നു ..
പിന്നെ സാർ ഞാൻ ആ മാഷിനെ പറ്റി തിരക്കിയിരുന്നു, ശരിക്കും അയാൾ മൈസൂരുകാരനാണ്, വർഷങ്ങൾക്കു മുമ്പ് അയാളുടെ ഉപ്പ തിരൂരിൽ എത്തിപ്പെട്ടതാണ്, ആള് കടുത്ത മതവാദിയാണ് നിസ്കരിക്കാത്ത, നോമ്പ് നോക്കാത്ത ആളുകളോട് അയാൾക്ക് കടുത്ത ദേഷ്യമാണ്.

അപ്പോൾ ഗഫൂർ പറഞ്ഞ് വരുന്നത് ഇസ്ലാമിക വഴിയിലൂടെ നടക്കാത്ത ഹമീദിനോട് ദേഷ്യം തോന്നിയ അബൂബക്കർ അയാളെ കൊന്നു കളഞ്ഞെന്നാണോ?

എന്റെ പൊന്ന് സാറേ ... ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്, അയാളുടെ ക്യാരക്ടർ അങ്ങനെയാണെന്ന് പറഞ്ഞെന്ന് മാത്രം, ഹമീദിന്റെ സ്വഭാവം മോശമാണെന്ന് വെച്ച് അയാളെ കൊന്ന് കളയാനൊക്കെ തലയ്ക്ക് വെളിവുള്ള ആരെങ്കിലും ശ്രമിക്കുമൊ?എന്തായാലും അബൂബക്കർ ആ വഴി ചിന്തിക്കില്ലെന്ന് എനിക്ക് ഉറപ്പാണ്, ഗഫൂറിന്‍റെ സംസാരത്തിന്റെ ടോൺ കേട്ടപ്പോൾ ബെഞ്ചമിനും, ഷറഫുദ്ദീനും അറിയാതെ ചിരിച്ച്‌ പോയി.

ഞാൻ വെറുതെയൊരു തമാശ പറഞ്ഞതല്ലേ ഗഫൂർ, നമുക്കും ഒരു നേരമ്പോക്കൊക്കെ ഇടയ്ക്ക് വേണ്ടേ, താനത് സീരിയസ് ആയി എടുക്കുകയൊന്നും വേണ്ട, എന്നാലും ആ അബൂബക്കറിന്റെ മേലെ ഒരു കണ്ണ് വേണം കേട്ടോ, കടുത്ത ഇസ്ലാമിക വാദികൾ അങ്ങനെയൊന്നും ചെയ്യില്ല എന്നൊന്നും ഉറപ്പിച്ച് പറയാനൊന്നും പറ്റില്ല, ചേകന്നൂർ മൗലവിക്ക് അനുഭവം ദുരനുനുഭവം തനിക്ക് അറിയാമല്ലോ ..!!!

ഹമീദ് ചേകന്നൂർ മൗലവിയെ പോലെ അല്ലല്ലോ സാർ, അയാൾ മതനിന്ദ നടത്തുകയൊന്നും ചെയ്തില്ലല്ലോ, അയാൾ ചെയ്ത ഏക തെറ്റ് പണം പലിശയ്ക്ക് കൊടുക്കുമെന്നതാണല്ലോ, അത് കൊണ്ട് അങ്ങനെയൊരു വൈരാഗ്യം അബൂബക്കറിന് ഹമീദിനോട് തോന്നേണ്ട കാര്യമില്ലല്ലോ ..

ഗഫൂർ പറഞ്ഞതൊക്കെ ശരിയാണ്, നമ്മൾ പോലീസുകാർക്ക് യഥാർത്ഥ കുറ്റവാളിയെ കിട്ടുന്നത് വരെ എല്ലാവരെയും സംശയിച്ചല്ലേ പറ്റൂ, പിന്നെ ഇതിനിടയ്ക്ക് നമ്മൾ ഒരാളെ ചോദ്യം ചെയ്യുവാൻ വിട്ട് പോയിട്ടുണ്ട്.

അതാരാണ് സാർ ???? ആകാംക്ഷയോടെ ഗഫൂർ ചോദിച്ചു.

അന്ന് പലിശ പ്രശ്നത്തിൽ ഹമീദുമായി വഴക്ക് ഉണ്ടാക്കിയ ആളെ നമ്മൾ ഇത് വരെ ചോദ്യം ചെയ്തിട്ടില്ല, രാവുണ്ണിക്ക് അയാളെ അറിയുമായിരിക്കും, ഗഫൂർ നാളെ രാവിലെ പോയി അയാളെ കൂടി ചോദ്യം ചെയ്യണം, ഹമീദുമായി വഴക്ക് ഉണ്ടാക്കിയ ശേഷം അന്ന് രാത്രി തന്നെ അയാളെ കൊലപ്പെടുത്താൻ ബുദ്ധിയുള്ള ആരും ശ്രമിക്കില്ല, അത് കൊണ്ടാണ് ഞാനന്ന് അയാളെ ഒഴിവാക്കിയത്, ഇത് വരെ നമുക്ക് കൊലയാളിയെ കണ്ടെത്താനാകാത്ത സ്ഥിതിക്ക് ആ ഭാഗം കൂടി നമുക്ക് ക്ലിയർ  ചെയ്യണം.

അത് സാർ പറഞ്ഞത് ശരിയാണ്, അയാളോരിക്കലും അങ്ങനെ ചെയ്യാൻ വഴിയില്ല, എന്നാലും നമുക്ക് സംശയം തീർത്ത് കളയാം, നാളെ രാവിലെ തന്നെ ഞാൻ അയാളെ ചോദ്യം ചെയ്ത് വിവരം സാറിനെ അറിയിക്കാം, എന്നാലും ആ വിഷ്ണുദാസ്  ഞായറാഴ്ച രാത്രി ഹമീദിന്റെ വീട്ടിൽ ഒരു അപരിചിതനെ കണ്ട വിവരം നമ്മളോട് നേരത്തെ പറഞ്ഞിരുന്നുവെങ്കിൽ നമുക്ക് ഇത്രയും ബുദ്ധിമുട്ടേണ്ടി വരില്ലായിരുന്നു.

അയാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഗഫൂർ, വരയ്ക്കുന്ന ചിത്രമെങ്ങാനും മാറി പോയാൽ ഒരുപക്ഷെ ഒരു നിരപരാധിയാവും ക്രൂശിക്കപ്പെടുക, അതോർത്തിട്ടായിരിക്കും അയാൾ അന്നത് പറയാതിരുന്നത്,1984 ൽ വിർജീനിയയിൽ  ജാനറ്റ് ബർക്ക് എന്ന യുവതി ഒരു ഇരുണ്ട നിറക്കാരനാൽ റേപ്പ് ചെയ്യപ്പെട്ടു, പോലീസിന്റെ ഫോട്ടോ ആൽബത്തിൽ നിന്നും 18 വയസ്സ് മാത്രമുള്ള തോമസ് ഹെയ്ൻസ് വർത്ത് എന്ന ഇരുണ്ട നിറക്കാരൻ ചെറുപ്പക്കാരനെ യുവതി തിരിച്ചറിഞ്ഞു, അതിനിടയിൽ നാലോ, അഞ്ചോ പെൺകുട്ടികൾ സീരിയൽ റേപ്പിങ്ങിന് ഇരയായിരുന്നു, ഇരകളെല്ലാം വെളുത്ത നിറക്കാരായിരുന്നു, ദൃക്ക് സാക്ഷി മൊഴി തെളിവായി സ്വീകരിച്ച കോടതി എല്ലാ കേസുകളിലുമായി തോമസിനെ 74 വർഷത്തേക്ക് ജയിൽ തടവിന് ശിക്ഷിച്ചു, ഏകദേശം ഒരു വർഷത്തോളം കഴിഞ്ഞ് ലിയോൺ ഡേവിസ് എന്ന ഇരുണ്ട നിറക്കാരനെ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു പെൺകുട്ടിയെ ഫോളോ ചെയ്യുന്ന സമയത്ത് ആരോ സംശയം തോന്നി ഇൻഫോം ചെയ്ത് പോലീസ് കസ്റ്റഡിയിലെടുത്തു, അയാൾ ആയിരുന്നു ശരിക്കും പ്രതി, കാഴ്ചയിൽ ഇവർ തമ്മിൽ ചെറിയ മുഖ സാമ്യം ഉണ്ടായിരുന്നു, കളർ ഷേഡ് രണ്ട് പേരുടെയും ഒരു പോലെയായായിരു ന്നെങ്കിലും മുടി, കണ്ണ്, മൂക്ക് എന്നിവയിലെല്ലാം വ്യത്യാസമുണ്ടായിരുന്നു, പ്രതിയെ തിരിച്ചറിയുന്നതിൽ ആ യുവതിക്ക് പറ്റിയ തെറ്റ് മൂലം നീണ്ട 27 വർഷങ്ങളാണ് തോമസിന് ജയിലിൽ കഴിച്ച് കൂട്ടേണ്ടി വന്നത്, ഒടുവിൽ നടന്ന ഡി.എൻ.എ ടെസ്റ്റിലാണ് രണ്ടാമത് പിടി കൂടിയ ലിയോൺ ഡേവിസാണ് സീരിയൽ റേപ്പിസ്റ്റ് എന്ന്  കണ്ടെത്തിയത്, വിഷ്ണു ദാസ് വരയ്ക്കുന്നതിൽ എന്തെങ്കിലും തെറ്റ് പറ്റിയാൽ ഒരു നിരപരാധി പ്രതിയാകുമോ എന്ന ഭയത്തിലാണ് അയാൾ അന്നത് പറയാതിരുന്നത്.

ഹോ എന്നാലും 27 വർഷങ്ങൾ ഒരു തെറ്റും ചെയ്യാതെ ജയിലിൽ കഴിച്ച് കൂട്ടിയ തോമസിന്റെ അവസ്ഥ, എനിക്കത് ഓര്ക്കാൻ പോലും പറ്റുന്നില്ല.
ആ വാർത്ത കേട്ടപ്പോൾ സത്യത്തിൽ ഗഫൂറിന് ഞെട്ടലും, സഹതാപവുമാണ് ഉണ്ടായത്.

1990 കാലയളവിൽ ഡി.എൻ.എ ടെസ്റ്റ് പ്രാബല്യത്തിൽ ഉണ്ടായിരുന്നില്ല, ഫോറൻസിക്ക് ഓഡന്റൊളജി എന്ന ഫോറൻസിക് ശാഖയിലൂടെ ആയിരുന്നു ബലാത്സംഗ കേസിലെ കുറ്റവാളികളെ കണ്ടെത്തിയിരുന്നത്, 1990 സെപ്റ്റംബർ 15ന് മൂന്നു വയസ്സുള്ള ഒരു കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ലെവോൺ ബ്രൂക്സ് എന്ന് ഇരുണ്ട നിറക്കാരൻ ഈ ടെസ്റ്റിലൂടെ ശിക്ഷിക്കപ്പെട്ടു,1992 ൽ കെന്നഡി ബ്രൂവർ എന്ന ഇരുണ്ട നിറക്കാരനും കൊച്ചു കുട്ടിയെ ബലാൽസംഗം ചെയ്തു എന്ന് ആരോപിച്ച് ഈ ടെസ്റ്റിലൂടെ ഇത് പോലെ ശിക്ഷിക്കപ്പെട്ടു, ഇരയുടെ ദേഹത്ത് ഉണ്ടാവുന്ന ബൈറ്റ് മാർക്കുകൾ പ്രതിയുടേത് ആണോ എന്ന് കണ്ടെത്തുന്നതാണ് ഈ ടെസ്റ്റ്, ഡോക്ടർ മൈക്കിൾ വെസ്റ്റ് ആയിരുന്നു ഈ ടെസ്റ്റുകളെല്ലാം നടത്തിയിരുന്നത് വേറൊരു ബലാൽസംഗം കേസിൽ. പിന്നീട് പോലീസ് പിടിയിലായ ജസ്റ്റിൻ ജോൺസൻ ആയിരുന്നു,  ഇതിന്റെയൊക്കെ പിന്നിൽ, ഒടുവിൽ ഡി.എൻ.എ ടെസ്റ്റിലൂടെ ജസ്റ്റിൻ ജോൺസൺ തന്നെയാണ് യഥാർത്ഥ കുറ്റവാളി എന്നത് സ്ഥിരീകരിച്ചു, അപ്പോഴേക്കും ലെവൊൺ ബ്രൂക്സ് 17 വർഷവും, കെന്നഡി ബ്രൂവർ 15 വർഷവും ജയിൽ ശിക്ഷ അനുഭവിച്ച് കഴിഞ്ഞിരുന്നു, അവരുടെ നല്ല പ്രായമെല്ലാം കടന്ന് പോയിരുന്നു, സമാനമായ വേറൊരു കേസിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊന്നതിന് കീത്ത് ഹാർവാർഡ് എന്ന നിരപരാധിയായ നാവികൻ ബൈറ്റ് മാർക് ടെസ്റ്റിലൂടെ നീണ്ട 33 വർഷമാണ് ജയിലിൽ കഴിച്ച് കൂട്ടേണ്ടി വന്നത്, ഒടുവിൽ ഡി.എൻ.എ ടെസ്റ്റിലൂടെയാണ് അയാളുടെയും നിരപരാധിത്വം തെളിഞ്ഞത്, വികസിത രാജ്യങ്ങളായ അവിടെയൊക്കെ തന്നെ ഒട്ടനവധി നിരപരാധികൾ ശിക്ഷിക്കപ്പെട്ടെങ്കിൽ നമ്മുടെ നാട്ടിലെ കാര്യം ഓർത്ത് നോക്കു എത്ര നിരപരാധികൾ ആവും ഇവിടെ ശിക്ഷിക്കപ്പെട്ടിട്ടുണ്ടാവുക???

അത് കൊണ്ടായിരിക്കും ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് നമ്മുടെ നിയമ സംഹിതയിൽ എഴുതി ചേർത്തത് അല്ലേ സാർ???

തീർച്ചയായും അതാണ് കാരണം ഗഫൂർ.

പറയുന്നത് എന്തും ചെയ്യാനുള്ള കാര്യ പ്രാപ്തി ഗഫൂറിന് ഉണ്ടായിരുന്നത് കൊണ്ട് ചില അന്വേഷണങ്ങൾ ആ വഴിക്ക് ബെഞ്ചമിൻ നടത്തിയിരുന്നു, ഏഴ്  മണിയോടെ അവർ തിരികെ വീട്ടിലേക്ക് പോയി,ഷറഫുദ്ദീൻ കിച്ചണിൽ രാത്രി ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു, ബെഞ്ചമിനും സഹായിച്ച് കൊടുത്തു, കുളി കഴിഞ്ഞയുടനെ എസ്.പി.യുടെ കോൾ വന്നു, തിരുവനന്തപുരത്ത് നിന്നും വിഷ്ണു ദാസിന്റെ മെഡിക്കൽ റിപ്പോർട്ട് സംബന്ധിച്ച ഡീറ്റെയിൽസ് കിട്ടിയെന്നും, ആക്സിഡന്റിൽ അയാളുടെ നട്ടെല്ലിന് പരിക്കേറ്റതും, അയാൾക്കിനി എഴുന്നേറ്റ് നടക്കാൻ കഴിയില്ലായെന്ന മെഡിക്കൽ റിപ്പോർട്ട് ശരിയാണെന്ന് അയാളെ ചികിത്സിച്ച ഹോസ്പിറ്റലിൽ നടത്തിയ എൻക്വയറിയിൽ നിന്നും അറിയാൻ കഴിഞ്ഞുവത്രെ.

വിഷ്ണുദാസ് പറഞ്ഞത് സത്യമാണെന്ന് എനിക്ക് അറിയാമായിരുന്നു മാഡം, പക്ഷേ കേസ് എങ്ങും എത്താത്ത സ്ഥിതിക്ക് അതിന്റെ സത്യസ്ഥിതി നമ്മൾ തിരക്കേറിയുന്നത് നല്ലതല്ലേ മാഡം, അത് കൊണ്ടാണ് അങ്ങനെ ഒരു അന്വേഷണം വേണമെന്ന് പറഞ്ഞത്.

ഊഹാപോഹങ്ങളും, മൊഴികളുമല്ല നമുക്ക് വേണ്ടത് ബെഞ്ചമിൻ, സോളിഡ് ആയിട്ടുള്ള തെളിവുകൾ ആണ്, ആ സ്ഥിതിക്ക് താൻ അതിന് ക്ലാരിറ്റി വരുത്തിയതിൽ ഒരു തെറ്റുമില്ല, പിന്നെ എന്തായി വിഷ്ണുദാസ് കൊലയാളിയുടെ ഫോട്ടോ വരച്ച് തരാമെന്ന് പറഞ്ഞത്, ഇന്ന് കൊണ്ട് അയാൾ ആ ചിത്രം വരച്ച് പൂർത്തിയാക്കുമോ???

വിഷ്ണുവിനെ ഞാൻ വൈകിട്ടൊന്ന് വിളിക്കണമെന്ന് കരുതിയതാ, പിന്നെ രാവിലെ വിളിക്കാമെന്ന് വെച്ചു, ചിലപ്പോൾ ഇന്ന് രാത്രിയോടു കൂടി തന്നെ അയാൾ ചിത്രം പൂർത്തിയാക്കിയേക്കും മാഡം.

അതൊന്ന് കിട്ടിയിരുന്നെങ്കിൽ ഹമീദിന്റെ കൊലയാളിയുടെ രൂപമെങ്കിലും നമുക്ക് മനസ്സിലാക്കാൻ പറ്റുമായിരുന്നു.

പിക്ചർ കിട്ടിയാലുടൻ തന്നെ ഞാൻ ഓഫീസിലേക്ക് വരാം മാഡം.

ഫോൺ വെച്ച ശേഷം അവർ തങ്ങളുടെ പതിവ് പരിപാടികളിലേക്ക് കടന്നു, അയാൾ വരച്ച് തരാമെന്ന് പറഞ്ഞല്ലോ ബെഞ്ചമിൻ, അത് തന്നെ നമുക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയാണല്ലോ, വിഷ്ണു നല്ല ഗ്രാസ്പ്പിങ് പവർ ഉള്ള ചിത്രകാരനാണ്, തന്റെ പപ്പയുടെയും, മമ്മയുടെയും ഫോട്ടോ വരച്ചത് കണ്ടപ്പോൾ എനിക്കത് ബോധ്യമായി, കൊലയാളിയുടെ സ്വരൂപം അയാളുടെ മെമ്മറയിൽ കാണും,എന്റെ മനസ്സ് പറയുന്നത് നാളെ നമുക്ക് കുറ്റവാളിയുടെ രൂപം കിട്ടുമെന്നാ, അധികം വൈകാതെ അയാളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാനും നമുക്ക് സാധിക്കുമെടോ.

മദ്യത്തിന്റെ ലഹരി ബാധിച്ചു തുടങ്ങിയ ഷറഫുദ്ദീൻ അസന്നിഗ്ധമായി  പ്രസ്താവിച്ചു, എന്തായാലും അന്നത്തെ രാത്രി സന്തോഷകരമായിരുന്നു, അടുക്കളയിൽ രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കുന്നതിനിടയിൽ ബെഞ്ചമിന്റെ ഫോണിലേക്ക് വിഷ്ണുവിന്റെ കോൾ വന്നു.

സാറേ... ചിത്രം വരച്ച് പൂർത്തിയാക്കിയിട്ടുണ്ട്, ഇങ്ങോട്ട് വന്നാൽ അത് തരാം.

കറി താളിക്കുവാനായി ഷറഫുദ്ദീൻ എണ്ണയിലേക്ക് ഇട്ട കടുകുകൾ ഒന്നൊന്നായി പൊട്ടുന്ന ശബ്ദം ആ വിവരം കെട്ട് ഒരു നിമിഷം നിശബ്ദരായി നിന്ന് പോയ അവരുടെ എല്ലാവരുടെയും  കർണ്ണ പടങ്ങളിൽ പതിച്ചു, ഒരു നേർത്ത പുഞ്ചിരിയോടെ ഷറഫുദ്ദീൻ ബെഞ്ചമിനെ നോക്കി, ഒരു നീണ്ട കേസന്വേഷണത്തിന്റെ പരിസമാപ്തിക്ക് ആ ചിത്രം അവസാനം കുറിയ്ക്കുമായിരിക്കും എന്നവർ സംശയലേശമന്യേ ഉറപ്പിച്ചു...


(തുടരും) 

 

malayalam story

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.