എന്റെ ഉമ്മാടെ ഉപ്പയ്ക്ക് തൂത്തുകുടിയിൽ പച്ചക്കറിയുടെ ഹോൾസെയിൽ ബിസിനസ്‌ ആയിരുന്നു കൂട്ടത്തിൽ റീട്ടെയിൽ കച്ചവടവും ഉണ്ട്

Malayalam Story
 

തുടർകഥ  : അജ്ഞാത കൊലയാളി

 

രചന : എം.നിയാസ്

 

(ഭാഗം - 15)

 

സാർ ഞാനാ യാക്കൂബിന്റെ ഡീറ്റെയിൽസ് തിരക്കിയിരുന്നു, പലഹാരങ്ങൾ ഉണ്ടാക്കുന്ന ബോർമ്മയിൽ ജോലി ചെയ്തിരുന്ന ഒരു  ജോലിക്കാരനെ ജോലി കഴിഞ്ഞ് പോകുന്ന വഴിക്ക് ഞാൻ കണ്ട് സംസാരിച്ചു, യാക്കൂബിനെ പറ്റി വളരെ നല്ല അഭിപ്രായമാണ് അയാൾ പറഞ്ഞത്, ശമ്പളമൊക്കെ കറക്റ്റ് ആയി കൊടുക്കും, പിന്നെ സ്വഭാവവും നല്ലതാണ്, ഞാൻ നിങ്ങളുടെ മുതലാളി നല്ലത് പോലെ മലയാളം സംസാരിക്കുന്നുണ്ടല്ലോ ഞങ്ങൾ കരുതിയത് അയാൾ മലയാളി തന്നെയായിരുന്നു എന്നാണ് അങ്ങനെ ഞാൻ പറഞ്ഞപ്പോഴാണ് അയാൾ പറഞ്ഞത് യാക്കൂബിന്റെ ഉപ്പ ഒരു മലയാളി ആണെന്നും, ഒരുപക്ഷേ അത് കൊണ്ടായിരിക്കും മുതലാളി ഇത്ര നന്നായി മലയാളം പറയുന്നതെന്നുമാണ്. 

 

സാർ യാക്കൂബിനെ ചോദ്യം ചെയ്യുന്ന സമയത്തൊന്നും അയാളുടെ ഉപ്പ മലയാളിയാണെന്ന കാര്യം അയാൾ സാറിനോട് പറഞ്ഞിട്ടില്ലല്ലോ.

 

ഇല്ല ഗഫൂർ അങ്ങനെയൊരു കാര്യം അയാൾ എന്നോട് പറഞ്ഞിട്ടേയില്ല, നമ്മൾ പല തവണ അയാൾ മലയാളം പറയുന്നത് വളരെ പെർഫെക്റ്റ് ആണെന്ന് പറഞ്ഞിട്ടും അയാൾ  ഉപ്പയുടെ കാര്യം മിണ്ടിയിട്ടേയില്ല, അതിൽ നിന്ന് തന്നെ അയാൾ എന്തോ ഒളിപ്പിക്കുന്നു എന്നത് വ്യക്തമല്ലേ, പിന്നെ ഞങ്ങൾ അൻസാരിയെ പോയി കണ്ട് സംസാരിച്ചു, ഹമീദിന്റെ പഴയ കാല ചരിത്രമൊക്കെ അറിയാൻ കഴിഞ്ഞു, അതൊക്കെ വന്നിട്ട് ഞാൻ നേരിട്ട് പറയാം ഗഫൂർ, ഞങ്ങൾ ബത്തേരിയിൽ എത്തുമ്പോൾ  മിക്കവാറും വൈകിയേക്കും, ചുരത്തിലെങ്ങാനും ബ്ലോക്ക് ഉണ്ടായാൽ കുടുങ്ങിയത് തന്നെ, അങ്ങനെയാണെങ്കിൽ യാക്കൂബിനെ നാളെ രാവിലെ ഒന്ന് കൂടി  ചോദ്യം ചെയ്യാം ഗഫൂർ, അതിനുള്ള ഏർപ്പാടുകൾ ചെയ്തോളൂ.

അത് ഞാൻ രാവിലെ തന്നെ റെഡിയാക്കാം സാർ.

ഗഫൂറിന്റെ ഫോൺ വന്നപ്പോൾ ഒതുക്കി നിർത്തിയിരുന്ന കാർ ബെഞ്ചമിൻ എടുത്ത് യാത്ര തുടർന്നു.

ഇനിയിപ്പോൾ യാക്കൂബിന്റെ ഉപ്പ ആയിരിക്കുമോ ഹമീദ്?

അങ്ങനെ എന്തെങ്കിലും റിലേഷൻഷിപ്പ് അവർ തമ്മിൽ ഉണ്ടാകുമോ?

ഒരുപക്ഷേ നർഗീസിന്റെ മകൻ ആവും യാക്കൂബ്, ജംഷീർ എന്ന പേര് അവൻ മാറ്റി പറഞ്ഞതാവും.

ഗഫൂറും, ബെഞ്ചമിനും തമ്മിലുള്ള സംഭാഷണം കേട്ട് കൊണ്ടിരുന്ന ഷറഫുദ്ദീൻ അങ്ങനെയൊരു സംശയം പറഞ്ഞു.

എന്റെ മനസ്സിലും അങ്ങനെയൊരു ഡൗട്ട് ഇല്ലാതില്ല സാർ, ഗഫൂർ പറഞ്ഞത് കേട്ടപ്പോൾ എനിക്കും അങ്ങനെ തന്നെയാണ് ഫീൽ  ചെയ്തത്, അല്ലെങ്കിൽ പിന്നെ അയാൾക്ക് തന്റെ ഉപ്പ മലയാളിയാണെന്നത് നമ്മൾ ചോദ്യം ചെയ്തപ്പോൾ ഫോർമലായി പറയാമായിരുന്നല്ലോ, എന്തായാലും ചില കണ്ണികൾ അടുത്തടുത്ത് വരുന്നുണ്ട്, നാളെ യാക്കൂബിനെ ചോദ്യം ചെയ്യുമ്പോൾ ഒരുപക്ഷേ എല്ലാം കലങ്ങി തെളിയുമായിരിക്കും.

അങ്ങനെ ബെഞ്ചമിനും, ഷറഫുദ്ദീനും പ്രത്യാശിച്ചു, അവർ ബത്തേരിയിൽ എത്തുമ്പോൾ 10 മണി കഴിഞ്ഞിരുന്നു, യാത്രാ ക്ഷീണം കൊണ്ട് പതിവ് കലാ പരിപാടികൾക്ക് ശേഷം അവർ പെട്ടെന്ന് തന്നെ കിടന്നു, രാവിലെ എട്ട് മണിക്ക് തന്നെ ഗഫൂറിന്റെ ഫോൺ വന്നു.

സാറേ ഇന്നലെ ഞാൻ യാക്കൂബിനെ വിളിച്ചില്ലായിരുന്നു, അയാൾക്കിനി എന്തെങ്കിലും സംശയം തോന്നിയിട്ട് മാറി കളഞ്ഞെങ്കിലോ എന്നോർത്തായിരുന്നു, വിളിക്കാതിരുന്നത്, രാവിലെ ഞാൻ ഫോൺ വിളിച്ചിട്ട് അയാൾ എടുക്കുന്നില്ല, ഞാൻ ക്വാർട്ടേഴ്സിൽ പോയി തിരക്കിയപ്പോൾ അയാൾ ഇന്ന് പതിവിലും നേരത്തെ  ബോർമ്മയിലേക്ക് പോയെന്നും, തിരക്കിനിടയിൽ ഫോൺ എടുക്കാതെയാണ് പോയതെന്നുമാണ് അയാളുടെ ഭാര്യ പറഞ്ഞത്, ബോർമ്മ  എവിടെയാണെന്ന് അവർ പറഞ്ഞ് തന്നിട്ടുണ്ട്, സാർ അങ്ങോട്ടേക്ക് വന്നാൽ മതി.

യാക്കൂബിന്റെ ബോർമ്മയിലേക്ക് പോകാനുള്ള വഴി ഗഫൂർ ബെഞ്ചമിന്  അപ്പോൾ തന്നെ ഫോണിലൂടെ പറഞ്ഞ് കൊടുത്തു, ഷറഫുദ്ദീന്റെ തട്ടിക്കൂട്ട് ഭക്ഷണമായ ബ്രഡും, ഓംലെറ്റും കഴിച്ച ശേഷം അവർ ബോർമ്മയിലേക്ക് തിരിച്ചു, കുറച്ചകത്തേക്ക് കയറി ഒരു പഴയ വീട് ആയിരുന്നു ബോർമ്മയായി യാക്കൂബ് ഉപയോഗിച്ചിരുന്നത്, പഴയ വീട് ആണെങ്കിലും അകത്ത് നല്ല വൃത്തി ഉണ്ടായിരുന്നു, യൂണിഫോമും, തലയിൽ തൊപ്പിയുമൊക്കെ വെച്ച് ആരോഗ്യത്തിന് ഹാനികരമാകാത്ത വിധം ശുചിത്വം ഉള്ള വിധത്തിലായിരുന്നു അവിടെ പലഹാരങ്ങൾ  നിർമ്മിച്ചിരുന്നത്, പലവിധ ഐറ്റങ്ങൾ അവിടെ വിപണിയിൽ എത്തിക്കാൻ പാകത്തിന് റെഡിയാക്കി വെച്ചിട്ടുണ്ടായിരുന്നു, രാവിലെ തന്നെ പെട്ടെന്ന് ബെഞ്ചമിനെയും, ഷറഫുദ്ദീനെയും ഗഫൂറിനെയും കണ്ടപ്പോൾ യാക്കൂബിന് ഒരു പതർച്ച ഉണ്ടായി.

വരൂ സാറേ ഓഫീസ് റൂമിൽ ഇരിക്കാം.. യാക്കൂബ് അകത്തൊരു റൂമിലേക്ക് അവരെ കൂട്ടി കൊണ്ട് പോയി.

അന്ന് ക്വാർട്ടേഴ്സിൽ വന്ന് ഞങ്ങൾ യാക്കൂബിനെ ചോദ്യം ചെയ്തപ്പോൾ നിങ്ങൾ എല്ലാ വിവരങ്ങളും ഞങ്ങളോട് പറഞ്ഞില്ല അല്ലേ?

സാറ് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി പറഞ്ഞിരുന്നല്ലോ, എന്താണ് സാർ ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഒരു അന്താളിപ്പ് യാക്കൂബിന്റെ മുഖത്ത് ഉണ്ടായിരുന്നു.

നിങ്ങളുടെ ഉപ്പ ഒരു മലയാളിയാണ് അല്ലേ? ആ കാര്യം എന്ത് കൊണ്ടാണ് നിങ്ങൾ ഞങ്ങളിൽ നിന്നും മറച്ച് വച്ചത്?

അങ്ങനെയൊരു കാര്യം സാർ എന്നോട്  ചോദിച്ചില്ല അത് കൊണ്ടാണ് ഞാൻ പറയാതിരുന്നത്, പിടിച്ച് നിൽക്കുവാൻ വേണ്ടി യാക്കുബ് അങ്ങനെ  പറഞൊപ്പിച്ചു.

തന്റെ  മലയാളം ഉച്ചാരണം കേട്ടിട്ട് ഞങ്ങൾ പല തവണ ചോദിച്ചതല്ലേ നിങ്ങൾ മലയാളി തന്നെയാണോ എന്ന്, അപ്പോൾ നിങ്ങൾക്ക് ആ വിവരം പറയാമായിരുന്നല്ലോ, അപ്പോൾ നിങ്ങൾ മനപൂർവ്വം അത് ഒളിച്ച് വെച്ചതാണ്, നിങ്ങളുടെ പിതാവ് അല്ലേ  കൊല്ലപ്പെട്ട ഹമീദ്???? നിങ്ങളുടെ ഉമ്മ നർഗീസിനെയും, നിങ്ങളെയും ചെറുപ്പത്തിൽ തന്നെ ഹമീദ് ഉപേക്ഷിച്ചതിന് പകരം വീട്ടാനായി ജംഷീർ എന്ന പേര് മാറ്റി യാക്കൂബ് എന്ന പേരിൽ ഹമീദിന്റെ ക്വാർട്ടേഴ്സിൽ നിങ്ങൾ താമസിച്ചു, അയാളെ എങ്ങനെയും വക വരുത്തുകയായിരുന്നു നിങ്ങളുടെ ലക്ഷ്യം, ഒരു അവസരം കിട്ടിയപ്പോൾ നിങ്ങളത് ചെയ്തു അല്ലേ????

ബെഞ്ചമിന്റെ ആ ചോദ്യം കേട്ട് ഞെട്ടിപ്പോയ യാക്കൂബിന്റെ കയ്യിലിരുന്ന മൊബൈൽ ഫോൺ പെട്ടെന്ന് താഴെ വീണു, വീണ ഫോൺ എടുക്കാൻ പോലും തുനിയാതെ യാക്കൂബ് അവരെ തന്നെ തുറിച്ച് നോക്കി കൊണ്ട് ഇരുന്നു, അപ്രതീക്ഷിതമായ തന്റെ ചോദ്യം യാക്കുബിനെ ആകെ ഉലച്ചുവെന്ന് ബെഞ്ചമിന് മനസ്സിലായി ..
യാക്കൂബ് സമയം മെനക്കെടുത്താതെ വേഗം പറയൂ, നമ്മുടെ രണ്ട് പേരുടെയും സമയത്തിനും വിലയുണ്ട്..

പതിവ് പോലെ തക്ക സമയത്ത് തന്നെ ഗഫൂർ ഇടപെട്ടു, അപ്പോഴേക്കും യാക്കൂബ് ഏതാണ്ട് മാനസിക നില വീണ്ടെടുത്തിരുന്നു, തറയിലേക്ക് വീണ ഫോൺ എടുത്ത് യാക്കുബ് മേശപ്പുറത്തേക്ക് വെച്ചു

എന്റെ ഉപ്പ മലയാളി ആണെന്നത് ഞാൻ സാർ ചോദ്യം ചെയ്തപ്പോൾ പറഞ്ഞില്ല എന്നത് ശരിയാണ്, അത് മനപ്പൂർവ്വം പറയാതിരുന്നതുമാണ്, അതിന്റെ കാരണം ഞാൻ പറയാം സാറേ ..

ഒരു മിനിട്ട് സംസാരം നിർത്തിയ ശേഷം യാക്കുബ് തുടർന്നു

 

Malayalam Stories

എന്റെ ഉമ്മാടെ ഉപ്പയ്ക്ക് തൂത്തുകുടിയിൽ പച്ചക്കറിയുടെ ഹോൾസെയിൽ ബിസിനസ്‌ ആയിരുന്നു കൂട്ടത്തിൽ റീട്ടെയിൽ കച്ചവടവും ഉണ്ട്, എന്റെ ഉമ്മ ഏക മകൾ ആയിരുന്നു, ചിലപ്പോൾ ഉപ്പയെ സഹായിക്കുവാനായി ഉമ്മയും പച്ചക്കറിക്കടയിൽ പോകും, കണക്ക് എഴുതാനും മറ്റും, അതിനടുത്ത് തന്നെയായി ഒരു മലയാളിയുടെ ഹോട്ടൽ ഉണ്ടായിരുന്നു, പണ്ടേയുള്ള ഹോട്ടലാണ്, അത്യാവശ്യം നല്ല കച്ചവടവും ഉള്ള ഹോട്ടലാണെന്നാണ് ഉമ്മ പറഞ്ഞ് കേട്ടത്, ഹോട്ടൽ മുതലാളിക്ക് അറ്റാക്ക് വന്നപ്പോൾ അയാളുടെ മകൻ നാട്ടിൽ നിന്നും വന്ന് ഹോട്ടലിന്റെ ചാർജ് ഏറ്റെടുത്തു, പച്ചക്കറി വാങ്ങാൻ അങ്ങേരായിരുന്നു വന്ന് കൊണ്ടിരുന്നത്, അങ്ങനെ ഉമ്മയുമായി അടുപ്പത്തിലായി, ഉമ്മയുടെ നിർബന്ധം കൊണ്ട് ഉപ്പ ആ കല്യാണത്തിന് സമ്മതിച്ചു, ഹോട്ടൽ ഉടമയും, മകനും അത്യാവശ്യം സാമ്പത്തിക ചുറ്റുപാടുമുള്ളവർ തന്നെയായിരുന്നു, അങ്ങനെ കല്യാണം കഴിഞ്ഞു, കുറച്ച് വർഷങ്ങൾ  സന്തോഷത്തോടെ പോയി, ഞാനായിരുന്നു മൂത്തത്, അതിന് താഴെയായി ഒരു പെൺകുട്ടിയും ഉണ്ടായി, എപ്പോഴോ എന്റെ ഉപ്പയ്ക്ക് വഴി തെറ്റി മോശം കൂട്ടുകെട്ടിൽ ചെന്ന് പെട്ടു, ചീട്ടുകളിയും, മദ്യപാനവും തുടങ്ങി, ഹോട്ടലിൽ പോകാതെയായി, അങ്ങനെ കച്ചവടം മോശമായി, ഉമ്മയ്ക്ക് പച്ചക്കറി കടയും, ഹോട്ടലുമെല്ലാം നോക്കി നടത്താൻ പറ്റില്ലല്ലോ, മരുമോന്റെ മോശം സ്വഭാവം കണ്ട് അറ്റാക്ക് വന്നു ഉപ്പയും മരിച്ചു, അതോടെ ഉമ്മയ്ക്കാകെ ദേഷ്യമായി, എനിക്ക് 12 വയസ്സ് ഉള്ളപ്പോഴായിരുന്നു ഉമ്മയുമായി വഴക്കുണ്ടാക്കിയ ഉപ്പ വീട്ടിൽ നിന്നും ഇറങ്ങി പോയത്, പിന്നീട് ഒരിക്കലും ഉപ്പ തിരികെ വന്നില്ല, അന്വേഷിച്ച് ഉമ്മയും പോയില്ല, പച്ചക്കറിക്കട ഉമ്മ നോക്കി ഞങ്ങളെ നന്നായി വളർത്തി.

നിങ്ങളുടെ ഉപ്പയുടെ പേര് എന്തായിരുന്നു?

അബ്ദുൽ റഷീദ് എന്നായിരുന്നു.

നിങ്ങടെ കയ്യിൽ ഉപ്പയുടെ ഫോട്ടോ എന്തെങ്കിലും ഉണ്ടോ?

ഇപ്പോൾ എന്റെ കയ്യിലില്ല ഞാൻ, നാട്ടിലേക്ക് വിളിച്ചാൽ ഉമ്മ ഫോട്ടോ അയച്ച് തരും, ഞാൻ ആ ഫോട്ടോ സാറിന് വാട്സാപ്പ് ചെയ്ത് തരാം.

പിന്നെ എന്തിനാണ് നിങ്ങൾ ഇങ്ങോട്ടേക്ക് വന്നത്?
പച്ചക്കറി കച്ചവടം ഒക്കെ നാട്ടിൽ നല്ല രീതിയിൽ ആയിരുന്നു എന്നല്ലേ നിങ്ങൾ പറഞ്ഞത്?

പിന്നീട് അടുത്തടുത്തായി കുറെ കടകൾ വന്നു സാറേ, അതോടെ കോമ്പറ്റീഷൻ ആയി, അപ്പോഴാണ് ഞാൻ അറിഞ്ഞത് കേരളത്തിൽ മുറുക്ക്, ചിപ്സ്, മിക്ച്ചർ എന്നിവക്ക് നല്ല ഡിമാൻഡ് ഉണ്ടെന്ന്, പ്രത്യേകിച്ച് ബത്തേരിയിൽ കർണാടകയിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും ടൂറിസ്റ്റുകൾ വരുന്നത് കൊണ്ട് ഇങ്ങനെയുള്ള സാധനങ്ങൾക്ക് കൂടുതൽ ചെലവ് ഉണ്ടാകുമെന്ന് കരുതിയാണ് ഇങ്ങോട്ടേക്ക് വന്നത്, ഇവിടെ ആരോടും എന്റെ ഉപ്പ മലയാളിയാണെന്ന കാര്യം ഞാൻ പറഞ്ഞിട്ടില്ല, തൂത്തുക്കുടിയിൽ നിന്ന് കൊണ്ട് വന്ന ഒന്നോ, രണ്ടോ പണിക്കാർക്ക് മാത്രമേ അതറിയൂ, ഉപ്പ വീട് വിട്ട്  പോയതിൽ പിന്നെ അന്വേഷിച്ച് പോയിട്ടില്ലെങ്കിലും ഉമ്മയ്ക്ക് ഉള്ളിൽ നല്ല വിഷമമുണ്ടായിരുന്നു, ഉമ്മ സങ്കടപ്പെടുന്നത് കണ്ടിട്ടാണ് എനിക്കും, അനിയത്തിക്കും ഉപ്പയോട് കടുത്ത ദേഷ്യം ഉണ്ടായത്, അത് കൊണ്ടാണ് ഞാനാരോടും എന്റെ ഉപ്പ മലയാളിയാണെന്ന കാര്യം പറയാതിരുന്നത്.

എന്തായാലും യാക്കൂബ് നിങ്ങൾ ഉമ്മയെ വിളിച്ചിട്ട് നിങ്ങളുടെ ഉപ്പയുടെ ഫോട്ടോ അയച്ച് തരാൻ പറയണം.

ഒരു മണിക്കൂറിനുള്ളിൽ സാറിന് ഞാൻ ഫോട്ടോ അയച്ച് തരാം, ചിലപ്പോൾ വിളിച്ചാലുടനെ ഉമ്മ ഫോൺ എടുക്കില്ല, തിരിച്ച് വിളിക്കാറാണ് പതിവ്.

ഇതെങ്ങും എത്തുന്നില്ലല്ലോ ബെഞ്ചമിൻ?

ഗഫൂർ ഫോൺ വിളിച്ച് പറഞ്ഞത് കേട്ടപ്പോൾ ഞാൻ ഉറപ്പിച്ചിരുന്നു ഹമീദ് തന്നെയായിരിക്കും യാക്കൂബിന്റെ ഉപ്പയെന്ന്, നമ്മുടെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റുകയാണല്ലോ ബെഞ്ചമിൻ, ഇനിയിപ്പോൾ ആ മാഷ് ഉണ്ടല്ലോ, അയാളോ മറ്റോ ആയിരിക്കുമോ? അയാൾക്കാണെങ്കിൽ ഒരു പട്ടാണിയുടെ ലുക്കും ഉണ്ട്, അയാളുടെ ബാക്ക്ഗ്രൗണ്ട് കൂടി തിരക്കിയറിയുന്നത് നന്നായിരിക്കും.

യാക്കൂബിന്റെ ബോർമ്മയിൽ നിന്നും  പുറത്തേക്ക് നടക്കുന്നതിനിടയിൽ ഷറഫുദ്ധീൻ പറഞ്ഞു .... ഗഫൂറിനെ അതിന് ചുമതലപ്പെടുത്താം സാർ, എല്ലാവരുടെയും ബാക്ക്ഗ്രൗണ്ട് തിരക്കിയറിയുവാൻ ഞാൻ നേരത്തെ തന്നെ ഗഫൂറിനോട് പറഞ്ഞിരുന്നു.

ബെഞ്ചമിന്റെ സ്വരത്തിൽ നല്ല നിരാശ ഉണ്ടെന്ന് ഷറഹുദ്ദീൻ തിരിച്ചറിഞ്ഞു, അവർ കാറിൽ കയറാൻ തുടങ്ങുമ്പോഴേക്കു വിഷ്ണു ദാസിന്റെ ഫോൺ വന്നു, ചിത്രം വരച്ച് പൂർത്തിയായിട്ടുണ്ട് എന്ന വിവരം പറയുവാൻ വേണ്ടിയായിരുന്നു അയാൾ വിളിച്ചത്, അപ്പോഴാണ് അയാളുടെ മെഡിക്കൽ റിപ്പോർട്ട് എടുക്കുവാൻ ഹാരിസിനെയും കൂട്ടി പോകണമെന്ന കാര്യം ബെഞ്ചമിന് ഓർമ്മവന്നത്, അപ്പോൾ തന്നെ ബെഞ്ചമിൻ ഹാരിസിനെ വിളിച്ചു, കുറച്ച് തിരക്കിലാണെങ്കിലും വരാമെന്ന് ഹാരിസ് ഏറ്റു, ബെഞ്ചമിൻ ഹോസ്പിറ്റലിലേക്ക് പോയി ഹാരിസിനെയും കൂട്ടി വിഷ്ണു ദാസിന്റെ റൂമിൽ എത്തി, വരച്ച് പൂർത്തിയാക്കിയ പപ്പയുടെയും, മമ്മിയുടെയും ഫോട്ടോ വിഷ്ണു ദാസ് ബെഞ്ചമിന് കൈ മാറി, ഫോട്ടോയിൽ കാണുന്നത് പോലെ തന്നെ അതിമനോഹരമായിട്ടായിരുന്നു ആ ചിത്രം വിഷ്ണു ദാസ് വരച്ച് പൂർത്തിയാക്കിയിരുന്നത്.

ഇത്ര പെട്ടെന്ന് താനിത് വരച്ച് തീർക്കുമെന്ന് ഞാൻ വിചാരിച്ചില്ല  വിഷ്ണു, വളരെ നന്നായിട്ടുണ്ട്, ഞാൻ വിചാരിച്ചതിലും ഭംഗിയുണ്ട്.

ഇങ്ങനെയുള്ള ഫോട്ടോകൾ ഞാൻ പെട്ടെന്ന് തന്നെ വരച്ച് കൊടുക്കാറുണ്ട് സാർ.

ഞാൻ പരിചയപ്പെടുത്താൻ മറന്നു വിഷ്ണു ഇത് എന്റെ ഫ്രണ്ട് ഹാരിസ്, ഫോറൻസിക് സർജനാണ്, ഹാരീസിന്റെ കൂട്ടുകാരൻ ന്യൂറോ സർജനാണ്, അയർലൻഡിലാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്, ഞാൻ തന്റെ കാര്യം ഹാരിസിനോട് പറഞ്ഞപ്പോൾ ഹാരിസാണ് പറഞ്ഞത് തന്റെ മെഡിക്കൽ റിപ്പോർട്ട് അയർലണ്ടിലേക്ക് അയച്ച് കൊടുത്താൽ പുതിയ എന്തെങ്കിലും ട്രീറ്റ്മെന്റ് ഉണ്ടോയെന്ന് അവനോട് അന്വേഷിക്കാമെന്ന്.

സാർ ആ അലമാരയിൽ മെഡിക്കൽ റിപ്പോർട്ട് ഉണ്ട്, എങ്ങനെയെങ്കിലും എഴുന്നേറ്റ് നടക്കാൻ പറ്റിയാൽ മതിയായിരുന്നു. വിഷ്ണുവിന്റെ മുഖത്ത് സന്തോഷം പടർന്നു, വിഷ്ണു ചൂണ്ടി കാണിച്ച അലമാരയിൽ നിന്നും ബെഞ്ചമിൻ മെഡിക്കൽ റിപ്പോർട്ട് എടുത്ത് ഹാരിസിന്റെ കയ്യിൽ കൊടുത്തു.

ഞാൻ അവന് ഈ റിപ്പോർട്ടിന്ന് തന്നെ മെയിൽ ചെയ്യും, അതിന് ശേഷം ഈ റിപ്പോർട്ട് കൊണ്ട് തരാം വിഷ്ണു.

അത് സൗകര്യം പോലെ തന്നാൽ മതി സാർ, എനിക്കിത് കിട്ടിയിട്ട് വലിയ വിശേഷം ഒന്നുമില്ലല്ലോ, ഇറങ്ങാൻ നേരത്ത് ബെഞ്ചമിൻ 5000 രൂപ വിഷ്ണു ദാസിന്റെ പോക്കറ്റിൽ വെച്ച് കൊടുത്തു.

അയ്യോ സാറേ ഇതിന് കാശൊന്നും വേണ്ട, വിഷ്ണു പോക്കറ്റിൽ നിന്നും ബെഞ്ചമിൻ വെച്ചത് എത്ര രൂപയാണെന്ന് നോക്കുക പോലും ചെയ്യാതെ ആ ക്യാഷ് എടുത്ത് ബെഞ്ചമിന് നേരെ നീട്ടി.

ഹേയ് അത് ഇരിക്കട്ടെ വിഷ്ണു, മരുന്നൊക്കെ വാങ്ങാൻ ഉള്ളതല്ലേ ..
മേശപ്പുറത്ത് കിടക്കുന്ന ടാബ്ലറ്റുകളിലേക്ക് നോക്കി കൊണ്ട് ബെഞ്ചമിൻ പറഞ്ഞു.

അത് മുഴുവൻ എന്റെയല്ല സാർ, അമ്മയുടെയും കൂടിയാണ്, അമ്മയ്ക്ക് ഷുഗറും, പ്രഷറും ഒക്കെയുണ്ട്. അപ്പോഴേക്കും കൽപ്പറ്റയിൽ നിന്നും എസ്.പി റുഖിയ വിളിച്ച് അൻസാരിയെ കാണാൻ പോയിട്ട് എന്തായി എന്നുള്ള വിവരങ്ങൾ തിരക്കി.

ഇന്നലെ വന്നപ്പോൾ ലേറ്റായി മാഡം. അത് കൊണ്ടാണ് വിളിക്കാതിരുന്നത്, പിന്നെ ഇന്ന് രാവിലെ ഒരാളെ അത്യാവശ്യമായി ക്വസ്റ്റ്യൻ ചെയ്യേണ്ടതുണ്ടായിരുന്നു, ഇത് വരെയും ഹമീദിന്റെ കൊലയാളിയുടെ കാര്യത്തിൽ ഒരു നീക്ക് പോക്കും ഉണ്ടായിട്ടില്ല മാഡം, ഞാൻ ഇവിടെ നിന്ന് ഇറങ്ങിയിട്ട് അങ്ങോട്ട് വന്ന് വിവരങ്ങൾ ഡീറ്റൈൽ ആയി പറയാം.

ഒ.കെ,ബെഞ്ചമിൻ.

ഇക്കയെ കൊന്ന ആളെ ഇത് വരെ കിട്ടിയില്ലേ സാറേ?

ടെലഫോൺ സംഭാഷണം കേട്ട വിഷ്ണു ദാസ് ചോദിച്ചു.

അന്വേഷിക്കുന്നുണ്ട് വിഷ്ണു, യഥാർത്ഥ കൊലയാളിയെ ഇത് വരെ കണ്ടെത്താനായില്ല.

എനിക്കൊരു കാര്യം സാറിനോട് പറയാൻ ഉണ്ടായിരുന്നു, അന്ന് ഞായറാഴ്ച രാത്രി 10.50 ആയപ്പോൾ ഒരാൾ ആ വീട്ടിൽ നിന്നും ഇറങ്ങി വരുന്നത് ഞാൻ കണ്ടിരുന്നു, മിന്നലിന്റെ വെളിച്ചത്തിൽ ഒരു സെക്കൻഡ് ആ മുഖം ഞാൻ കണ്ടു.

വിഷ്ണു മുമ്പ് പറഞ്ഞത് അന്ന് പത്ത് മണിയോടെ കിടന്നിരുന്നു എന്നാണല്ലോ? എന്തിനാണ് അന്നങ്ങനെ പറഞ്ഞത്?


അതിന്റെ കാരണം ഞാൻ പറയാം സാറേ ..


(തുടരും)

 

malayalam stories

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.