സാറേ ഊണ് കഴിക്കാം, കറികളൊക്കെ കുറവാണ്, സാറന്മാർക്ക് ഞങ്ങളുടെ ഭക്ഷണമൊക്കെ ഇഷ്ടപ്പെടുമോ എന്നറിയില്ല.

Malayalam Story

 

തുടർകഥ  : അജ്ഞാത കൊലയാളി


രചന : എം.നിയാസ്

(ഭാഗം - 14)

 

എന്തിനാണ് ബെഞ്ചമിൻ ഇങ്ങനെ ഓവർ സ്പീഡിൽ കാറ് ഓടിക്കുന്നത്? അൻസാരി വീട്ടിൽ തന്നെ ഉണ്ടാകുമല്ലോ, കുറച്ച് പതുക്കെ പോയാൽ പോരേ?

ബെഞ്ചമിന്റെ അമിത വേഗതയിൽ ഭയം തോന്നിയ ഷറഫുദ്ദീൻ പറഞ്ഞു, എന്തായാലും അതോടെ ബെഞ്ചമിൻ കാറിന്റെ സ്പീഡ് കുറച്ചു, മഴയും, ബ്ലോക്കും കാരണം ഉച്ചക്ക് ഒന്നരയായപ്പോൾ ആണ് അവർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജംഗ്ഷനിൽ എത്തിയത്, അടുത്ത് കണ്ട ഒരു ഹോട്ടലിൽ നിന്നും ഊണ് കഴിച്ച ശേഷം അവർ തങ്ങൾക്ക് കിട്ടിയ അഡ്രസ്സിൽ ഉണ്ടായിരുന്ന ഫോൺ നമ്പറിൽ അൻസാരിയെ വിളിച്ചു, അൻസാരി അവർക്ക് വീട്ടിലേക്ക് വരുവാനുള്ള വഴി പറഞ്ഞ് കൊടുത്തു, ഏകദേശം 30 വർഷത്തോളം പഴക്കം തോന്നിക്കുന്ന പഴയ മോഡലിൽ ഉള്ള ഒരു ഒറ്റ നില വീടായിരുന്നു അൻസാരിയുടെത്, വീടിന്റെ മുറ്റമൊക്കെ അലങ്കോലപ്പെട്ട നിലയിലായിരുന്നു, അൻസാരി ഗേറ്റിന്റെ വാതിൽക്കൽ തന്നെ അവരെയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു, എന്തിനാണാവോ ഇവര് തന്നെ അന്വേഷിച്ച് വരുന്നതെന്ന ആകാംക്ഷ അൻസാരിയുടെ മുഖത്ത് കാണാമായിരുന്നു, താടിയും, മുടിയും നരച്ച് ആരോഗ്യം ഭാഗികമായി നഷ്ടപ്പെട്ട അൻസാരി ഒരു പ്രവാസ ജീവിതത്തിന്റെ ബാക്കി പത്രമായി അവർക്ക് തോന്നി.

വാ സാറേ അകത്തിരിക്കാം ...

അൻസാരി അവരെ അകത്തേക്ക് ക്ഷണിച്ചു, പ്ലാസ്റ്റിക് കസേരകളും, ചെറിയ ഒരു സോഫയും ആണ് ഹാളിൽ ഉണ്ടായിരുന്നത്.

സാറേ ഊണ് കഴിക്കാം, കറികളൊക്കെ കുറവാണ്, സാറന്മാർക്ക് ഞങ്ങളുടെ ഭക്ഷണമൊക്കെ ഇഷ്ടപ്പെടുമോ എന്നറിയില്ല.

വേണ്ട അൻസാരി ഞങ്ങൾ ഊണ് കഴിച്ചു, ഷറഫുദ്ദീൻ അപ്പോൾ തന്നെ പറഞ്ഞു.

ഇക്ക ഒരുപാട് കാലം വിദേശത്ത് ആയിരുന്നു അല്ലേ?

എന്റെ കോലം കണ്ടപ്പോൾ സാറിന് പെട്ടെന്നത് മനസ്സിലായി അല്ലേ? ചിരിച്ച് കൊണ്ട് അൻസാരി പറഞ്ഞു.

കഴിഞ്ഞ വർഷമാണ് സാറേ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയത്, 28 വർഷത്തോളം സൗദിയിൽ ആയിരുന്നു, ഹൗസ് ഡ്രൈവർ ആയിട്ടാണ് ആദ്യം പോയത്, പിന്നെ പല, പല പണികളും ചെയ്തു, ആദ്യം പോയതിന്റെ കുറച്ച് ബാധ്യതയുണ്ടായിരുന്നു അതൊക്കെ വീട്ടി വന്നപ്പോൾ പെങ്ങന്മാരുടെ കല്യാണം, അതൊക്കെ കഴിഞ്ഞിട്ടാ ഈ വീട്  തട്ടിക്കൂട്ടി ഉണ്ടാക്കിയത്, അതിനിടയിൽ എന്റെ കല്യാണവും കഴിഞ്ഞു, ഇപ്പോൾ ആകെ മിച്ചം ഉള്ളത് ഈ വീട് മാത്രമാണ്, ഇവിടെ അടുത്തൊരു സൂപ്പർമാർക്കറ്റിൽ സെക്യൂരിറ്റി ആയി ജോലിയുണ്ട്, ഇന്ന് ലീവ് ആണ്, അത് കൊണ്ട് കഴിഞ്ഞ് പോകുന്നു.

ഇത്രയും നാൾ സൗദിയിൽ ജീവിച്ചിട്ടും എന്ത് കൊണ്ടാണ് അൻസാരി നിങ്ങൾക്ക് ഒരു സേവിങ്സ് ഇല്ലാതെ പോയത്?

എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം കൊണ്ട് വീട്ട് ചിലവ് നടത്തണം, വീട് പണി പൂർത്തിയാക്കണം, മക്കളുടെ വിദ്യാഭ്യാസം, കല്യാണം ഒക്കെ കഴിഞ്ഞപ്പോൾ ഞാൻ സൈഡ് ആയി പോയി സാറേ, പിന്നെ എവിടന്ന് സേവിങ്സ് ഉണ്ടാകാനാ???

അപ്പോൾ മക്കൾ ഒന്നും വീട്ടിൽ ചിലവിന് തരാറില്ലേ?

രണ്ട് കുട്ടികളായിരുന്നു ഞങ്ങൾക്ക്, ഒരാണും, പെണ്ണും, പെണ്ണിനെ അഞ്ച് വർഷം മുമ്പ് കെട്ടിച്ചു, ചെക്കന് ബാങ്കിൽ ജോലി കിട്ടി, അവന്റെ കല്യാണം കഴിഞ്ഞതോടെ കെട്ടി കൊണ്ട് വന്ന പെണ്ണിന് ഈ വീട് പറ്റാതെയായി, അവൻ വാടകയ്ക്ക് വീടെടുത്ത് ജോലി ചെയ്യുന്ന ബാങ്കിന് അടുത്ത് തന്നെ താമസിക്കുന്നു, ചിലപ്പോൾ ഞങ്ങൾക്ക് തരാൻ അവന്റെ കൈയിൽ മിച്ചമൊന്നും കാണില്ല സാറേ, പിന്നെ ഞാനൊന്നും ചോദിക്കാനും പോകില്ല, ആരുടെ അടുത്തും കൈ നീട്ടി ശീലമില്ല അത് കൊണ്ടാ, പിന്നെ ഇവൾ വീട്ടിലിരുന്ന് ലേഡീസിന്റെ ഡ്രസ്സ്  തയിക്കും, ഞങ്ങളുടെ രണ്ടു പേരുടെയും വരുമാനം കൊണ്ട് അത്ര ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞ് പോകാം ആരുടെയും കാല് പിടിക്കാതെ.

അടുത്ത് നിന്ന് ഭാര്യയെ നോക്കി കൊണ്ട് അൻസാരി പറഞ്ഞു, ശരിക്കും പറഞ്ഞാൽ പ്രവാസജീവിതം ഒരു മെഴുകുതിരി പോലെയാണ്, അവസാനം കത്തി തീരും, മിക്ക പ്രവാസികളുടെയും അവസാന കാലത്തെ അവസ്ഥ ഇത് തന്നെയാണ്.

പിന്നെ എന്തിനാണ് സാറന്മാര് ഇങ്ങോട്ട് വന്നത്, കണ്ടിട്ട് പോലീസുകാരാണെന്ന് മാത്രം മനസ്സിലായി.

 

Malayalam Story


ബെഞ്ചമിൻ താൻ കൊണ്ടു വന്ന ഫോട്ടോയിൽ നിന്നും ഒരെണ്ണം എടുത്ത് അൻസാരിക്ക് കൊടുത്തു, അൻസാരി ആകാംക്ഷയുടെ ആ ഫോട്ടോയിൽ തന്നെ നോക്കി ഇരിക്കെ ബെഞ്ചമിൻ ചോദിച്ചു..

ഇക്കയുടെ കൂടെ നിൽക്കുന്ന ആ ഫോട്ടോയിൽ നിൽക്കുന്ന ആളിനെ അറിയുമോ?

കൊള്ളാം അറിയാമോയെന്ന്, ഇത് ഹമീദ് അല്ലേ, വയനാട്ടുകാരൻ, ഇവനെ അത്ര പെട്ടെന്ന് എനിക്ക് മറക്കാൻ പറ്റില്ല സാറേ ... ഒരു അമ്പരപ്പ് അൻസാരിയുടെ ശബ്ദത്തിൽ ഉണ്ടായിരുന്നു.

ഹമീദ് കൊല്ലപ്പെട്ടു അൻസാരി, കൊലയാളിയെ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞില്ല, അതിന്റെ അന്വേഷണത്തിലാണ് ബെഞ്ചമിൻ, അയാളുടെ ബെഡ്റൂമിൽ നിന്ന് കിട്ടിയതാണ് ഈ ഫോട്ടോകൾ, ഹമീദ് അഞ്ച് വർഷം സൗദിയിൽ ജോലീ ചെയ്തു എന്നല്ലാതെ ഹമീദിന്റെ പണത്തിന്റെ സോഴ്സ് ബന്ധുക്കൾക്കോ,നാട്ടുകാർക്കോ ആർക്കും തന്നെ അറിയില്ല, അൻസാരിക്ക് അത് അറിയും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ വളരെ കഷ്ടപ്പെട്ട് നിങ്ങളുടെ അഡ്രസ് തപ്പിയെടുത്ത് ഇങ്ങോട്ടേക്ക് വന്നത്.

ഹമീദ് മരിച്ച് പോയി അല്ലേ?
അൻസാരി യാന്ത്രികമായി ചോദിച്ചു, സന്തോഷമാണോ, ദുഃഖമാണോ അൻസാരിയുടെ മുഖത്ത് പ്രതിഫലിച്ചത് എന്നത് അവർക്ക്  തിരിച്ചറിയുവാൻ ആയില്ല.

ഇക്കാ ഹമീദുമായി പരിചയപ്പെട്ടത് മുതലുള്ള വിവരങ്ങൾ വിശദമായി പറയണം, അതിൽ നിന്ന് വേണം ഞങ്ങൾക്ക് കൊലയാളിലേക്ക്  എത്തുവാൻ, ആലോചിച്ച്‌ സമയമെടുത്ത് പറഞ്ഞാൽ മതി, ഞങ്ങൾക്ക് ധൃതി ഒന്നുമില്ല.

95 ലാണ് സാറേ ഞാൻ സൗദിയിലേക്ക് പോകുന്നത്, റിയാദിൽ ഇറങ്ങിയിട്ട് ഹായിൽ എന്ന സ്ഥലത്തേക്ക് ആയിരുന്നു എനിക്ക് പോകേണ്ടിയിരുന്നത്, ചെറിയൊരു ടൗൺ ആയിരുന്നു അത്, പക്ഷേ അത്ര ചൂട് അത്രയില്ല, തണുത്ത കാലാവസ്ഥയാണ്, തണുപ്പ് കാലം വന്നാൽ പുറത്തിറങ്ങാൻ പറ്റാത്ത വിധമുള്ള തണുപ്പാണ് അവിടെ, ടൗണിൽ നിന്നും ഒരു മൂന്ന് കിലോമീറ്റർ മാറിയുള്ള ഒരു സൗദിയുടെ വീട്ടിൽ ആയിരുന്നു എനിക്ക് ഡ്രൈവറായി ജോലി കിട്ടിയത്, ഞാൻ വന്ന് ഒരു മാസം കഴിഞ്ഞിട്ടാണ് അടുത്ത വീട്ടിലെ ഡ്രൈവറായി ഹമീദ് എത്തിയത്, അധികം വൈകാതെ ഞങ്ങൾ കൂട്ടുകാരായി.

ഹമീദിന്റെ സ്വഭാവം എങ്ങനെയായിരുന്നു? വലിയ പിശുക്കൻ ആണെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.

അവിടെയും അങ്ങനെ തന്നെയായിരുന്നു അവന്റെ സ്വഭാവം, പൈസ ചിലവഴിക്കാൻ വലിയ മടിയായിരുന്നു, അറബികളുടെ വീട്ടിലെ എരിവും, പുളിയും ഇല്ലാത്ത ഭക്ഷണം കഴിച്ച് മടുക്കുമ്പോൾ ഞങ്ങൾ ടൗണിൽ പോയി മസാല ദോശയോ, പൊറോട്ടയോ, ബീഫ് കറിയോ അങ്ങനെ എന്തെങ്കിലുമൊക്കെ കഴിക്കും, മിക്കപ്പോഴും ബില്ല് കൊടുക്കുന്നത് ഞാൻ തന്നെയായിരിക്കും, ബില്ല് കൊടുക്കാതിരിക്കാൻ അവൻ വളരെ പതിയെ ഫുഡ്  കഴിക്കും, ഞാൻ കഴിച്ച് കൈ കഴുകി ബില്ല് കൊടുത്ത ശേഷമാണ് അവൻ വരിക, നീ എന്തിനാണ് കൊടുത്തത്  ഞാൻ കൊടുക്കുമായിരുന്നല്ലോ എന്നൊക്കെ വെറുതെ ഡയലോഗ്  അടിക്കും, എങ്കിലും എനിക്കവനോട് മുഷിപ്പൊന്നും ഉണ്ടായിരുന്നില്ല, അത്യാവശ്യം ചില്ലറയൊക്കെ എന്റെ കഫീലിന്റെ ഭാര്യ സാധനങ്ങൾ വാങ്ങി കൊടുക്കുമ്പോൾ എനിക്ക് തരുമായിരുന്നു, അത് കൊണ്ട് അവിടത്തെ ചില്ലറ ചിലവൊക്കെ നടന്ന് പോകുമായിരുന്നു.

ഹമീദ് നാട്ടിലേക്ക് വരുമ്പോൾ കയ്യിൽ നല്ല ക്യാഷ് ഉണ്ടായിരുന്നു, ഒരു ഹൗസ് ഡ്രൈവറിന് കിട്ടുന്ന ശമ്പളത്തിന് പരിധിയുണ്ടല്ലോ, പിന്നെ എങ്ങനെയാണ് ഹമീദിന് അത്രയധികം ക്യാഷ് കിട്ടിയത്?

അതൊരു വലിയ കഥയാണ് സാറേ, ഹമീദ് ഇവിടെ വന്ന ശേഷം ഞാൻ ഒരു തവണ നാട്ടിൽ പോയി വന്നു, ഹമീദ് ഇവിടെ വന്ന് നാല് വർഷം ആയപ്പോൾ അവന്റെ സൗദിയുടെ വീട്ടിലെ ഇന്തോനെഷ്യക്കാരി ജോലിക്കാരി എക്സിറ്റ് അടിച്ച്‌ പോയി, പകരം വന്നത് ഒരു മലയാളി പെൺകുട്ടി ആയിരുന്നു, ആ കുട്ടി തമിഴ് നാട്ടുകാരി ആയിരുന്നു, പക്ഷേ ജനിച്ചതും,വളർന്നതുമെല്ലാം കേരളത്തിലായിരുന്നു, ആ പെൺകുട്ടിയുടെ ഉപ്പയ്ക്ക് കേരളത്തിൽ എന്തോ ചെറിയ ഷോപ്പ് ആയിരുന്നു, അത് കൊണ്ട് മലയാളം നല്ല പോലെ സംസാരിക്കും,കാണാനും തെറ്റില്ല, ഹമീദിന് ഫുഡ് ഒക്കെ കൊടുക്കുന്നത് ഈ കുട്ടി ആയിരുന്നു, അങ്ങനെ അവർ തമ്മിൽ ഒരു അടുപ്പം ഉണ്ടായി,അത്കല്യാണം  വരെയെത്തി, ഹമീദിന്റെ കഫീലിനും അത് വളരെ ഇഷ്ടമായി, കല്യാണം കഴിച്ച് കഴിഞ്ഞാൽ നാട്ടിൽ പോകാതെ അവർ രണ്ട് പേരും ഇവിടെ തന്നെ കാണുമല്ലോ, അയാൾ തന്നെ മുൻ കൈയെടുത്ത് കല്യാണം നടത്തി കൊടുത്തു, അതിന്റെ രേഖകൾ ഇന്ത്യൻ  എംബസിയിൽ കാണും,എംബസിയെ അറിയിച്ച് വേണമല്ലോ കല്യാണം നടത്താൻ.

ഹമീദിന് ക്യാഷ് കിട്ടിയതിന്റെ കാരണം അൻസാരി ഇത് വരെ പറഞ്ഞില്ല കേട്ടോ. ആ മാറ്ററിലേക്ക് അൻസാരി എത്താത്തതിൽ അക്ഷമനായ ഷറഫുദ്ദീൻ പറഞ്ഞു.

അതിലേക്കാണ് സാറെ ഞാൻ വരുന്നത്, എങ്ങനെയെങ്കിലും കൂടുതൽ പണം സമ്പാദിക്കണം എന്ന ചിന്ത ഹമീദിന് വന്ന നാൾ തൊട്ടേ ഉണ്ടായിരുന്നു, അവിടെ തായ്‌ലൻഡ് ലോട്ടറി എന്നൊരു സംഭവമുണ്ട്,

സൗദിയിൽ അങ്ങനെയുള്ള പരിപാടികൾ ഒക്കെയുണ്ടോ അൻസാരി? ഇല്ലെന്നാണല്ലോ എന്റെ അറിവ്.

ലോട്ടറിയൊക്കെ സൗദിയിൽ മംനു ആണ്, പോലീസുകാർ അറിഞ്ഞാൽ അകത്ത് പോകും, ഇല്ലീഗൽ ആയിട്ട് നടത്തുന്നതാണ് സാറേ, ഒരു വിധപ്പെട്ട എല്ലാ പ്രവാസികളും ഇത് എഴുതാറുണ്ട്, ഫിലിപ്പൈനികൾ ആണ് ഇതിന്റെ മെയിൻ ഏജന്റുമാർ, തായ്‌ലൻഡിൽ എടുക്കുന്ന ആറക്ക ലോട്ടറിയുടെ അവസാന  മൂന്ന് നമ്പർ ആണ് ഇവിടെ പ്രൈസ് ആയി കൊടുക്കുന്നത്, അതായത് ഏതെങ്കിലും മൂന്ന് നമ്പറുകൾ, ആ നമ്പർ നമ്മൾ ഒരു റിയാലിന് എഴുതിയാൽ 400 റിയാൽ നമുക്ക് കീട്ടും,5 4 3 എന്ന് ഒരു നമ്പർ നമ്മൾ 50 റിയാലിന് സ്ട്രൈറ്റ് ആയി എഴുതിയാൽ 20,000 റിയാൽ കിട്ടും.

എങ്ങനെയാണ് ഈ നമ്പർ കണ്ട് പിടിക്കുന്നത്?
ഒരു ഊഹം വെച്ച്  ഏഴുതി വിടുന്നതാണോ?

അങ്ങനെയല്ല സാറേ മാസത്തിൽ രണ്ട് തവണയാണ് ഈ നറുക്കെടുപ്പ് നടക്കുന്നത്, ആദ്യം രണ്ട് ചാർട്ട് വരും അതിൽ നിറയെ ചിത്രങ്ങളും, നമ്പരുകളുമൊക്കെ കാണും, കുറച്ച് ദിവസം കഴിഞ്ഞ് മൂന്ന് ചാർട്ടുകൾ കൂടി വരും, അതിലും ചിത്രങ്ങളും, നമ്പറുകളും ഉണ്ടാകും, അതിൽ നോക്കി നമ്മൾ വരുന്ന നമ്പർ കണ്ട് പിടിക്കണം, പ്രത്യേകത എന്താണെന്ന് വെച്ചാൽ ഓരോ നമ്പരിനും ഈക്വൽ നമ്പറുകൾ കാണും, ഇപ്പോൾ ഒന്ന് കാണിച്ചിട്ടുണ്ടെങ്കിൽ ഒന്നിന് പകരമായി സീറോയും വരാം, രണ്ടിന് അഞ്ച്, മൂന്നിന് എട്ട്, നാലിന് 7, ആറിന് 9, എന്നിങ്ങനെ തിരിഞ്ഞും മറിഞ്ഞും വരും, ഈ ലോട്ടറിയിൽ ഹമീദിന് ഭ്രാന്തായിരുന്നു, കുറെ തവണ എഴുതി ക്യാഷ് പോയി, പിന്നെ അവൻ ഒഴിവ് സമയത്ത് കുത്തിയിരുന്ന് ചാർട്ടുകൾ എല്ലാം കളക്ട് ചെയ്ത് പഠിക്കുവാൻ തുടങ്ങി, അന്നൊരു പതിനാലാം തീയതി വൈകിട്ട്, പതിനഞ്ചാം തീയതി ആണല്ലോ നറുക്കെടുപ്പ്,14 ആം തീയതി വൈകിട്ട്  ഫിലിപ്പൈനി വന്ന് നമ്പർ എഴുതിയ ഷീറ്റും, ക്യാഷും കളക്ട് ചെയ്തു കൊണ്ട് പോയി, അവൻ ചാർട്ട് നോക്കി ഏതോ ഒരു നമ്പർ വരുമെന്ന് ഉറപ്പ് പറഞ്ഞു, എന്നോടും ആ നമ്പർ എഴുതാൻ പറഞ്ഞു, എഴുതി കുറെ റിയാൽ പോയത് കൊണ്ട് ഞാനത് കാര്യമാക്കിയില്ല, അവൻ വരുമെന്ന് ഉറപ്പിച്ച് പറഞ്ഞ നമ്പർ ഇവൻ 500 റിയാലിന് എഴുതി, ഭാര്യയുടെ കയ്യിൽ നിന്നും റിയാൽ മേടിച്ചിട്ടാണ് ആ നമ്പർ അവൻ എഴുതിയത്, അത്ഭുതമെന്ന് പറയട്ടെ ആ നമ്പർ തന്നെ വന്നു, 2 ലക്ഷം റിയാൽ ആണ് അവന് ഒറ്റയടിക്ക് കിട്ടിയത്, ക്യാഷ് കിട്ടിയതിൽ പിന്നെ അവന്റെ സ്വഭാവത്തിന് നല്ല മാറ്റം വന്നു, എന്നോടുള്ള അവന്റെ കമ്പനിയൊക്കെ കുറഞ്ഞു, ഞാൻ ക്യാഷ് കടം ചോദിക്കുമോ എന്നൊക്കെ പേടിച്ചിട്ടായിരിക്കും, ബാങ്ക് അക്കൗണ്ട് മുഖേനയും, ഹുണ്ടി വഴിയും അവൻ ആ ക്യാഷ് നാട്ടിലെത്തിച്ചു, അന്നൊക്കെ ബാങ്ക് വഴി എത്ര ക്യാഷ് വേണമെങ്കിലും നാട്ടിലേക്ക് അയക്കാമായിരുന്നു. പിന്നീട് അതിനൊക്കെ നിയന്ത്രണം വന്നു, ആ മാസം ലാസ്റ്റ് 28 ആം തീയതിയോ മറ്റോ ആണെന്ന് തോന്നുന്നു, നാട്ടിൽ നിന്ന് അവന്റെ ഉമ്മ മരിച്ചു എന്ന് പറഞ്ഞ് ഫോൺ വന്നു, നിന്ന നിൽപ്പിന് ലീവ് അടിച്ച് അവൻ നാട്ടിലേക്ക് പോയി, പിന്നീടവൻ മടങ്ങി വന്നില്ല, അവന്റെ ഭാര്യ അപ്പോൾ അഞ്ച് മാസം ഗർഭിണിയാണ്, അവന്റെ കോൺടാക്ട് നമ്പർ ഭാര്യക്കും, എനിക്കും തന്നത് തെറ്റായിരുന്നു, അവൻ  താമസിക്കുന്ന സ്ഥലം എന്നോട് നേരത്തെ പറഞ്ഞിരുന്നു, അത് എന്റെ ഓർമ്മയിൽ ഉണ്ടായിരുന്നു.

അപ്പോൾ അതാണല്ലേ ഹമീദിന്റെ പണത്തിന്റെ സോഴ്സ്, ഞങ്ങൾ കരുതിയത് അയാൾ സൗദിയിൽ നിന്ന് ആരെയോ പറ്റിച്ച് പണവും ആയിട്ട് കടന്ന് കളഞ്ഞതാണെന്നാണ്, എന്തായിരുന്നു ഹമീദിന്റെ ഭാര്യയുടെ പേര്?

നർഗീസ് എന്നായിരുന്നു.

പിന്നീട് എന്താണ് സംഭവിച്ചത്?

ഹമീദിന്റെ ഭാര്യയുടെ പ്രസവം അവിടെ തന്നെയായിരുന്നു, ഹമീദ് മുങ്ങിയതോടെ നർഗീസിന് നാട്ടിലേക്ക് പോകാൻ മടിയായി, ഭർത്താവില്ലാതെ ഗർഭിണിയായി നാട്ടിൽ ചെന്നാലുള്ള അവസ്ഥ ഓർത്ത് ആ പാവം പോകാതെ ഇവിടെ തന്നെ തങ്ങി, നർഗീസിന്റെ കഫീൽ ഒരു മനുഷ്യപ്പറ്റ് ഉള്ളവൻ ആയത് കൊണ്ട് ആ കാര്യങ്ങളൊക്കെ  അയാൾ തന്നെ ചെയ്ത് കൊടുത്തു.

നർഗീസിന് ജനിച്ച കുട്ടി ആണോ,പെണ്ണോ?

ആൺകുട്ടി ആയിരുന്നു സാറേ, ജംഷീർ എന്നായിരുന്നു അവനിട്ട പേര്, ഹമീദിന്റെ കഫീലും, ഞാനും ശ്രമിച്ചെങ്കിലും ഹമീദുമായി കോൺടാക്ട് ചെയ്യാനോ, കറക്റ്റ് അഡ്രസ്സ് കണ്ടെത്തുവാനോ കഴിഞ്ഞില്ല, ആറ് മാസം കഴിഞ്ഞപ്പോൾ ഞാൻ എന്റെയൊരു കൂട്ടുകാരനെ ഹമീദ് നേരത്തെ പറഞ്ഞ വിവരങ്ങൾ വെച്ച് വയനാട്ടിലേക്ക് അയച്ചു, അവൻ എങ്ങനെയൊക്കെയോ ഹമീദിനെ തിരക്കി കണ്ട് പിടിച്ചു, പക്ഷെ അന്നവന്റെ രണ്ടാം വിവാഹമായിരുന്നു, നാട്ടിലെ ഏതോ കാശുകാരന്റെ മകളെയവൻ കെട്ടി, ആ വിവരം നർഗീസിനോട്  പറഞ്ഞു, കേട്ടിട്ട് കരഞ്ഞതല്ലാതെ അവൾ ഒന്നും പറഞ്ഞില്ല, കുട്ടിക്ക് ഒരു വയസ്സായപ്പോൾ നർഗീസ് നാട്ടിലേക്ക് പോയി, പിന്നീടവളും അങ്ങോട്ടേക്ക് തിരിച്ച് വന്നില്ല, പോയി രണ്ടാഴ്ച കഴിഞ്ഞ് നർഗീസ് എന്നെ ഫോൺ ചെയ്തിരുന്നു, അവൾ വയനാട്ടിൽ ഹമീദിന്റെ വീട്ടിൽ പോയി പോലും, ആ സമയത്ത് അയാളുടെ ഭാര്യ അവിടെ ഇല്ലായിരുന്നു, പ്രസവത്തിനോ മറ്റോ പോയതാണെന്ന് തോന്നുന്നു, ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ ഹമീദ് നർഗീസിനെ വീട്ടിൽ നിന്നും ഇറക്കി വിട്ടു, മേലാൽ ഇങ്ങോട്ടേക്ക് വന്ന് പോകരുതെന്നും പറഞ്ഞു.

നർഗീസിന്റെ കയ്യിൽ ഹമീദ് അവരെ  വിവാഹം ചെയ്തതിന്റെ  രേഖകളൊക്കെ ഉണ്ടായിരുന്നല്ലോ, കുട്ടിയുടെ ബർത്ത് സർട്ടിഫിക്കറ്റും, അങ്ങനെയെല്ലാം, അത് വെച്ച് അവർക്കു കോടതിയെയോ, പോലീസിനെയോ സമീപിക്കാമായിരുന്നല്ലോ???

ഞാനും അതൊക്കെ അവളോട് പറഞ്ഞതാണ് സാറേ, അയാൾക്ക്  എന്നെയും, മോനെയും വേണ്ടെങ്കിൽ എന്തിനാണ് നമ്മൾ ആ വഴിക്ക് ശ്രമിക്കുന്നത് എന്നായിരുന്നു നർഗീസ് പറഞ്ഞത്, സ്നേഹം പിടിച്ച് പറിച്ച് വാങ്ങുവാൻ പറ്റില്ലല്ലോ, കുഞ്ഞിനെ അവൾ എങ്ങനെയെങ്കിലും വളർത്തി കൊള്ളാം അയാളുടെ ഒരു പൈസ പോലും അവൾക്ക് വേണ്ട  എന്നായിരുന്നു അവളുടെ നിലപാട്, ഞാൻ നാട്ടിൽ ലീവിന്   വരുമ്പോഴൊക്കെ അവൾ കുട്ടിയുമായി എന്നെ കാണാൻ വന്നിരുന്നു, ഞാൻ ഈ വിവരങ്ങളൊക്കെ ഭാര്യയോട് പറഞ്ഞിരുന്നു, രണ്ട് വർഷം കൂടുമ്പോൾ ഞാൻ നാട്ടിൽ വരുമ്പോൾ അവളെ വിളിക്കും, ഇവിടെ വീട്ടിൽ വന്ന് രണ്ട് ദിവസം നിൽക്കും, ഞാൻ അവളുടെ കുട്ടിക്ക് ഉടുപ്പും,മുട്ടായിയുമൊക്കെ കൊടുക്കും, കുട്ടിക്ക് പത്ത് വയസ്സ് ആകുന്ന വരെ ഇടയ്ക്കിടയ്ക്ക് നർഗീസ് ഇവിടെ വന്നിരുന്നു, പിന്നെ അവളുടെ ഒരു വിവരവും ഇല്ലായിരുന്നു, അവൾ തന്ന നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടിയില്ല, പല വഴിക്ക് ഞാൻ അന്വേഷിച്ചെങ്കിലും പിന്നിടവളെ പറ്റി ഒരു വിവരവും കിട്ടിയില്ല, ജീവിത തിരക്കുകൾക്കിടയിൽ പിന്നീട് ഞാനതൊക്കെ മറന്നു, എങ്കിലും ഇടയ്ക്കിടെ അവളുടെ കാര്യം ഓർമ്മ വരുമായിരുന്നു സാർ.

അൻസാരി നാട്ടിൽ വന്നിട്ട് ഹമീദിനെ കാണാൻ ശ്രമിച്ചില്ലേ?

ഞാൻ പോയി നർഗീസിന്റെ കാര്യങ്ങൾ അവനോട് സംസാരിച്ചിട്ട് കാര്യമൊന്നുമില്ല, ആ ക്യാഷ് കിട്ടിയതോടെ അവൻ തീർത്തും ഒരു മൃഗമായി മാറിയിരുന്നു, അങ്ങനെയുള്ളവനോട് പോയി സംസാരിച്ചാൽ ഞാൻ നാണം കെടുമെന്നല്ലാതെ പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ല സാറേ.

നർഗീസിന്റെയും, കുട്ടിയുടെയും ഫോട്ടോ അൻസാരിയുടെ കയ്യിലുണ്ടോ?

നർഗീസ് ലാസ്റ്റ് എന്നെ കാണാൻ വന്ന സമയത്ത് ഞാനൊരു ക്യാമറ സൗദിയിൽ നിന്നും കൊണ്ടു വന്നിരുന്നു, അതിൽ ഞാനവളുടെയും, കുട്ടിയുടെയും ഫോട്ടോ എടുത്തിരുന്നു, അതിപ്പോ എവിടെയാണോ എന്തോ? ഞാനൊന്ന് തപ്പി നോക്കട്ടെ..

അൻസാരി തിടുക്കത്തിൽ റൂമിനകത്തേക്ക് പോയി, അപ്പോഴേക്കും അൻസാരിയുടെ ഭാര്യ ചായയും, ഒരു പ്ലേറ്റിൽ  മിക്ചറും കൊണ്ട് വെച്ചു, ചായ കുടിച്ച് കഴിഞ്ഞിട്ടും അൻസാരി എത്തിയില്ല,10 മിനിറ്റ് കൂടി കഴിഞ്ഞിട്ടാണ് അൻസാരി വന്നത് അയാളുടെ കയ്യിൽ ഒരു ഫോട്ടോ ഉണ്ടായിരുന്നു.

നർഗീസിന്റെയും, മോന്റെയും ഫോട്ടോ കിട്ടിയില്ല സാറേ, ഇത് അവരുടെ കല്യാണ സമയത്ത് എടുത്ത ഫോട്ടോയാണ്, ഞാനൊന്ന് കൂടി തപ്പി നോക്കാം, ഇവിടെ എവിടെയെങ്കിലും ആ ഫോട്ടോ കാണാതിരിക്കില്ല, സാറിന്റെ അഡ്രസ്സ് തന്നാൽ ഞാൻ അയച്ച് തരാം,അല്ലെങ്കിൽ വാട്സാപ്പിൽ ഇട്ട് തരാം.

ഒരു കാര്യം ചെയ്യ് ഫോട്ടോ കിട്ടിയാൽ ഉടനെ വാട്സാപ്പിൽ ഇട്, എന്നിട്ട് ഞാൻ തരുന്ന അഡ്രസ്സിൽ അയച്ചാൽ മതി, നേരിട്ട് ഫോട്ടോയിൽ കാണുന്ന ക്ലാരിറ്റി വാട്സാപ്പിൽ അയച്ചാൽ കിട്ടില്ല, ഓ.കെ ഞങ്ങൾ ഇറങ്ങുന്നു ഇക്കാ, ഇത്രയും വിവരങ്ങൾ അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.

അവർ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി, നടക്കുന്നതിനിടയിൽ അൻസാരി തന്ന ഫോട്ടോ ഒന്ന് നോക്കിയ ശേഷം ബെഞ്ചമിൻ ഷറഫുദ്ദീന് കൊടുത്തു, അപ്പോഴേക്കും സമയം മൂന്നര ആയിരുന്നു, ഇനിയങ്ങോട്ട് തിരക്കുള്ള സമയമായതിനാൽ എട്ട് മണിയെങ്കിലും ആവാതെ ബത്തേരിയിൽ എത്തില്ല.

ഹമീദിന്റെ മകൻ ജംഷീർ ആണ് അയാളെ കൊന്നതെന്ന് താൻ വിശ്വസിക്കുന്നുണ്ടോ ബെഞ്ചമിൻ?

അതെങ്ങനെ തീർത്ത് പറയാൻ പറ്റും സാർ, നർഗീസിനെയും, ജംഷീറിനെയും ജീവനോടെ കണ്ടെത്തിയാൽ മാത്രമല്ലേ നമുക്ക് അതിനുള്ള ഉത്തരം കിട്ടു, ഹമീദിന്റെ പൂർവ്വകാല ചരിത്രം നമുക്ക് എന്തായാലും അറിയാൻ കഴിഞ്ഞു, ഹമീദിന്റെ മകൻ ജംഷീർ തന്നെയാണോ കൊലയാളി എന്ന് നമുക്ക് ഒരിക്കലും ഉറപ്പിക്കാൻ ആവില്ല, ഇനി ഇത് വരെ നമ്മൾക്ക് അറിയാത്ത വേറെ ഏതെങ്കിലും ശത്രുക്കൾ ഹമീദിന് ഉണ്ടെങ്കിലോ?

അപ്പോഴേക്കും ഗഫൂറിന്റെ ഫോൺ വന്നു, കേസിനെ സംബന്ധിച്ചിടത്തോളം വളരെ പോസിറ്റീവ് ആയ ഒരു വാർത്തയായിരുന്നു ഗഫൂർ ബെഞ്ചമിനോട് പറഞ്ഞത്...


(തുടരും) 


Malayalam Story


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.