ഒരുപാട് പേര് ചോദ്യം ചെയ്തെങ്കിലും അവരിൽ നിന്നൊന്നും കേസിനെ മുന്നോട്ടേയ്ക്ക് നയിക്കുന്ന ഒരു വിവരങ്ങളും കിട്ടിയില്ല മാഡം

Malayalam Story
 

തുടർകഥ  : അജ്ഞാത കൊലയാളി

രചന : എം.നിയാസ്

(ഭാഗം - 13)

 

സൈബർ സെല്ലിൽ നിന്നും കിട്ടിയ വിവരങ്ങൾ ആയിരുന്നു ഗഫൂർ രാവിലെ ഫോണിലൂടെ ബെഞ്ചമിനോട് പറഞ്ഞത്, ആദിലും, ബിജോയിയും, അഖിലും, മനുവുമെല്ലാം ഹമീദിന്റെ വീട്ടിൽ കയറിയ സമയം ശരിയാണെന്നും ആ സമയത്ത് അവരെല്ലാം ഹമീദിന്റെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും സൈബർ സെൽ  വൃത്തങ്ങൾ കണ്ടെത്തി, ഇവരുടെയല്ലാതെ മറ്റൊരാളുടെയും മൊബൈൽ ഫോണിന്റെ സാന്നിധ്യം ആ വീട്ടിൽ രാത്രിയിൽ കണ്ടെത്തിയില്ല, ഗഫൂർ പറഞ്ഞ വിവരങ്ങൾ ബെഞ്ചമിൻ ഷറഫുദ്ദീനോടും പറഞ്ഞു.

കൊലയാളി തികഞ്ഞ ഒരു പ്രൊഫഷണൽ ആണെന്ന് തോന്നുന്നല്ലോ ബെഞ്ചമിൻ, മൊബൈൽ ഫോൺ ഒഴിവാക്കിയിട്ടാണ് അയാൾ ഹമീദിന്റെ വീട്ടിലേക്ക് വന്നത്, ഇനിയൊരു പക്ഷേ അയാൾ ഒരു വാടക കൊലയാളി ആയിരിക്കുമൊ? നേരിട്ട് കൃത്യം ചെയ്യുവാൻ ബുദ്ധിമുട്ട് ഉള്ളവർ നല്ലൊരു തുക കൊടുത്ത് ഏതെങ്കിലുമൊരു വാടക കൊലയാളിയെ ഏർപ്പാടാക്കിയതാവുമൊ?

അതിനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല സാർ, പക്ഷേ എനിക്ക് മനസ്സിലാകാത്തത് ഹമീദ് സൗദിയിൽ ജോലി ചെയ്തത് അഞ്ച് വർഷം മാത്രമാണ്, ആ സമയത്ത് ആരെയെങ്കിലും കബളിപ്പിച്ച് ക്യാഷുമായി ഇവിടെ വന്നതാണെങ്കിൽ ഒന്നോ, രണ്ടോ വർഷങ്ങൾക്കുള്ളിൽ ക്യാഷ് നഷ്ടപ്പെട്ടയാൾ നാട്ടിലെത്തി ഹമീദുമായിട്ട് അതിനെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാക്കല്ലേ? ഇതിപ്പോൾ ഹമീദ് നാട്ടിലെത്തിയിട്ട് പത്തിരുപത്തഞ്ച് വർഷങ്ങളായി, എന്ത് കൊണ്ട് പകരം വീട്ടുവാനായി ഇത്ര കാല താമസം വന്നു? മറ്റാരുടെയെങ്കിലും പണം മോഷ്ടിച്ചാണ് ഹമീദ് നാട്ടിലെത്തിയതെന്ന് കരുതുക, പക്ഷെ ആ ക്യാഷ് പണം നഷ്ടപ്പെട്ടയാൾ തന്റെ കഫീലിന് കൊടുക്കേണ്ടത് ആയിരിക്കും, തനിക്ക് കിട്ടേണ്ട പണം കിട്ടാതെ വന്നപ്പോൾ കഫീൽ കേസ് കൊടുത്ത് അയാളെ ജയിലിലാക്കി കാണും, ഏകദേശം ഇരുപത്തഞ്ച് വർഷത്തോളം അയാൾ  ജയിലിൽ ആയിരുന്നിരിക്കും, ഒരുപക്ഷേ അത് കൊണ്ടാകും ഇത്രയും വർഷങ്ങളുടെ ദൈർഘ്യം ഹമീദിന്റെ മരണത്തിന് ഉണ്ടാകാൻ കാരണം, എന്തായാലും അൻസാരിയെ എത്രയും പെട്ടെന്ന് കണ്ടെത്തണം, ഈ കുരുക്കുകളോക്കെ അഴിക്കാൻ അൻസാരിയെ കൊണ്ട് മാത്രമേ  സാധിക്കു, ഇപ്പോൾ നമ്മൾ എസ്.പി ഓഫീസിലേക്ക് പോവുകയാണല്ലോ, സാറ് കൂടിയൊന്ന് അനന്തരവളോട് അൻസാരിയുടെ വിവരങ്ങൾ ഇന്ത്യൻ എംബസി വഴി എത്രയും പെട്ടെന്ന് അന്വേഷിക്കുവാൻ പറയണം, എനിക്ക് മാഡത്തിനോട് പറയുന്നതിനൊക്കെ ഒരു ലിമിറ്റ് ഉണ്ടല്ലോ, സാറിന് ആവുമ്പോൾ എന്തും മാഡത്തിനോട് പറയാമല്ലോ ...

താനങ്ങനെ കരുതുകയൊന്നും വേണ്ട, തന്നോട് അവൾക്ക് നല്ല  മതിപ്പാണ്, താൻ പറഞ്ഞാലും അവളത് ആ സ്പിരിറ്റിൽ തന്നെ എടുക്കും, തനിക്ക് നിർബന്ധമാണെങ്കിൽ ഞാൻ കൂടിയൊന്ന് പറയാം.

പത്ത് മണിക്ക് മുൻപേ തന്നെ അവർ എസ്.പി.യുടെ  ഓഫീസിൽ എത്തി, എസ്.പി അവരുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു, പതിവ് കുശലാന്വേഷണങ്ങൾക്ക് ശേഷം അവർ കേസ് സംബന്ധിച്ച വിവരങ്ങളിലേക്ക് കടന്നു, അന്ന് വരെയുള്ള കേസിന്റെ അന്വേഷണ വിവരങ്ങൾ ബെഞ്ചമിൻ വളരെ വിശദമായി എസ്.പി റുഖിയയോട് വ്യക്തമാക്കി.

മറ്റ് കേസുകളിൽ നിന്ന് വിഭിന്നമായി ഈ കേസിൽ സംശയ ലിസ്റ്റിലുള്ള ആളുകൾ ഒരുപാട് പേര് ഉണ്ടല്ലോ ബെഞ്ചമിൻ??


ഒരുപാട് പേര് ചോദ്യം ചെയ്തെങ്കിലും അവരിൽ നിന്നൊന്നും കേസിനെ മുന്നോട്ടേയ്ക്ക് നയിക്കുന്ന ഒരു വിവരങ്ങളും കിട്ടിയില്ല മാഡം.
അതിനോടൊപ്പം വിഷ്ണു ദാസിന്റെ നട്ടെല്ലിന് സംഭവിച്ച അപകടത്തിൽ ചികിത്സിച്ച ഹോസ്പിറ്റലിൽ എൻക്വയറി നടത്തേണ്ട വിവരവും, ഹമീദിന്റെ കൂടെ ഫോട്ടോയിൽ കാണുന്ന അൻസാരി എന്നയാളെ ഇന്ത്യൻ എംബസി വഴി എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും എസ്.പി.യെ ബെഞ്ചമിൻ ബോധ്യപ്പെടുത്തി, ഷറഫുദ്ദീൻ കൂടി ബെഞ്ചമിൻ ആവശ്യപ്പെട്ട കാര്യങ്ങൾക്ക് പിന്തുണ നൽകിയപ്പോൾ എത്രയും പെട്ടെന്ന് അന്വേഷിക്കാമെന്ന് എസ്.പി ഉറപ്പ് നൽകി.

കുറച്ച് വൈകിയാലും കൊലയാളിയെ നമുക്ക് കണ്ടെത്താൻ കഴിയും അല്ലേ ബെഞ്ചമിൻ? അവർ തിരികെ പോകുവാനായി കസേരയിൽ നിന്ന് എഴുന്നേറ്റ സമയത്ത് എസ്.പി റുഖിയ ചോദിച്ചു.

എല്ലാ കേസിലെയും എന്ന പോലെ ഈ കേസിലും ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും, ഉറപ്പൊന്നും പറയാൻ പറ്റില്ല മാഡം.
തിരികെ ബത്തേരിയിലേക്ക് പോകുമ്പോൾ ബെഞ്ചമിന്റെ മുഖം ടെൻഷൻ കൊണ്ട് വലിഞ്ഞ് മുറുകിയിരുന്നു, ഷറഫുദ്ദീനും പല ചിന്തകളിൽ ആയിരുന്നു, അന്നത്തെ ദിവസം കടന്ന് പോയി, പിറ്റേന്ന് സ്റ്റേഷനിൽ എത്തുമ്പോൾ ഗഫൂർ ചിട്ടി കമ്പനി നടത്തിയിരുന്ന ഹമീദിന്റെ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഭർത്താവിനെയും, ഭാര്യയേയും ബെഞ്ചമിന്റെ മുന്നിൽ ഹാജരാക്കി, പേടി കൊണ്ട് രണ്ട് പേരും വിറയ്ക്കുന്നുണ്ടായിരുന്നു, അവരെ ക്വസ്റ്റ്യൻ ചെയ്തതിൽ നിന്നും അവർക്ക് ഹമീദിന്റെ മരണവുമായി യാതൊരു ബന്ധവുമില്ല എന്ന് ബെഞ്ചമിന് ബോധ്യമായി, എടുത്ത് ചാട്ടവും, പിടിപ്പ് കേടും കൊണ്ട് അറിയാൻ പാടില്ലാത്ത ബിസിനസ് ചെയ്ത് ലക്ഷങ്ങളുടെ കടം വരുത്തി വെച്ചു, അതായിരുന്നു അവർക്ക് പറ്റിയത്, രണ്ട് ലക്ഷത്തോളം രൂപ അവരും ഹമീദിൽ നിന്നും പലിശയ്ക്ക് വാങ്ങിയിരുന്നു, ചോദ്യം ചെയ്ത ശേഷം ബെഞ്ചമിൻ അവരെ പറഞ്ഞയച്ചു, ചിട്ടി കമ്പനി തട്ടിപ്പിന്റെ പേരിൽ ആരും അവർക്കെതിരെ ഇത് വരെ കംപ്ലൈന്റ്  ചെയ്യാത്തത് കൊണ്ട്  അവർക്കെതിരെ നടപടി എടുക്കുവാൻ ബെഞ്ചമിന് സാധിച്ചില്ല,
അപ്പോഴേക്കും ഗഫൂർ ഫോൺ ചെയ്ത് പറഞ്ഞത് പ്രകാരം രാവുണ്ണി സ്റ്റേഷനിൽ എത്തി, തന്നെ സ്റ്റേഷനിൽ വരുത്തിയതിൽ രാവുണ്ണിക്ക് തികഞ്ഞ ടെൻഷൻ ഉണ്ടായിരുന്നു.

എന്തിനാണ് സാർ എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞത്, മുഴുവൻ വിവരങ്ങളും അന്ന് ഞാൻ പറഞ്ഞതാണല്ലോ, അതിൽ കൂടുതലായി ഒന്നും തന്നെ എനിക്ക് അറിയില്ല സാർ. വളരെ താഴ്മയോടെ രാവുണ്ണി പറഞ്ഞു.

ഈ ഗഫൂറിന് ഒരു സംശയം, താൻ തന്റെ മുതലാളി ഹമീദിനെ പറ്റി ക്വാർട്ടേഴ്സിൽ ഉള്ളവരോട് വളരെ മോശമായിട്ട് ആണല്ലോ പറഞ്ഞ് നടക്കുന്നത്, തന്റെ ഉള്ളിൽ കടുത്ത ദേഷ്യം ഹമീദിനോട് ഉണ്ടായിരുന്നു എന്നാണ് ഗഫൂർ പറയുന്നത്, ഹമീദിനെ കൊല്ലാൻ ഏറ്റവും എളുപ്പം സാധിക്കുന്നതും തനിക്ക് ആണല്ലോ, ആ ഒരു പോയിന്റ് ആണ് ഗഫൂർ മുന്നോട്ട് വെക്കുന്നത്.

ഗഫൂറിന് നേരെ കൈ ചൂണ്ടി ക്കൊണ്ട് ബെഞ്ചമിൻ പറഞ്ഞു, ബെഞ്ചമിന്റെ ആ ഡയലോഗ് കേട്ടപ്പോൾ കസേരയിൽ ഇരുന്ന ഗഫൂറിന് ചിരി വന്നു.

എനിക്ക് സംശയം ഒന്നുമില്ല സാറേ, ഇവൻ തന്നെയായിരിക്കും ഹമീദിനെ ശ്വാസം മുട്ടിച്ച് കൊന്നത് ...!!!!

ദൈവദോഷം പറയരുത് സാറേ, രണ്ടെണ്ണം അടിക്കുമ്പോൾ ദേഷ്യം വരുമ്പോൾ അങ്ങനെയൊക്കെ പറയുമെന്നല്ലാതെ അങ്ങനെയൊക്കെ ചെയ്യാൻ എന്നെ കൊണ്ട് പറ്റുമോ സാറേ ,,,


Malayalam Story

 

മദ്യ സേവ കഴിഞ്ഞ് എന്നും രാത്രി എത്ര മണിക്കാണ് താൻ തിരികെ ഹമീദിന്റെ വീട്ടിലെത്തുന്നത്?


മിക്ക ദിവസവും ഒൻപതരയോട് കൂടി എത്തും സാർ, ഇക്ക മരിച്ച ദിവസം രാത്രി പത്ത് മണി അടുത്ത് ആയി വീട്ടിലെത്തിയപ്പോൾ, ആദിൽ തന്ന ക്യാഷ് കയ്യിലുള്ളത് കൊണ്ട് അന്ന് രണ്ടെണ്ണം കൂടുതൽ അടിച്ചു, അതാണ് വൈകിയത് സാറേ.

അപ്പോൾ മുൻ വശത്തെ ഡോറിന്റെ താക്കോൽ തന്റെ കയ്യിൽ ഉണ്ടാകും അല്ലേ? ഹമീദ് സാധാരണ എത്ര മണിക്കാണ് കിടക്കുന്നത്?
മുൻപ് ചോദിച്ച ചോദ്യമാണെങ്കിലും രാവുണ്ണി മാറ്റി പറയുമോ എന്ന് ചെക്ക് ചെയ്യാൻ ബെഞ്ചമിൻ ആ ചോദ്യം ഒന്ന് കൂടി ആവർത്തിച്ചു.

മുന്നിലെ ഡോറിന്റെ താക്കോൽ എന്റെ കയ്യിലില്ല സാർ, അടുക്കളയുടെ പുറകിലെ ഡോർ ഓടാമ്പൽ ഇട്ട് താഴിട്ട് പൂട്ടിയാണ് ഞാൻ പോകുന്നത്, തിരിച്ച് വരുമ്പോൾ അത് വഴി തന്നെയാണ് വീട്ടിലേക്ക് കയറുന്നത്, ഇക്ക ചിലപ്പോൾ ഒമ്പത് മണി ആകുമ്പോൾ കിടക്കും.

ആ താക്കോൽ രാവുണ്ണിയുടെ കയ്യിൽ ഇപ്പോൾ ഉണ്ടോ? അത് ഉപയോഗിച്ച് താൻ വീണ്ടും ഹമീദിന്റെ വീട്ടിൽ കയറിയിരുന്നോ ??

ഇക്ക മരിച്ചതിൽ പിന്നെ എനിക്ക് ആ വീട്ടിൽ കയറുവാൻ തന്നെ പേടിയാണ് സാറേ, പിന്നീട് ഞാൻ അങ്ങോട്ട് കയറിയിട്ടേയില്ല, ഞാൻ എന്റെ വീട്ടിലാണ് അതിൽ പിന്നെ കിടക്കുന്നത്, ഇതാ സാറേ താക്കോൽ,
രാവുണ്ണി ഒരു കീ ചെയിനിൽ തൂക്കിയ രണ്ട് താക്കോലുകൾ ബെഞ്ചമിന്റെ മേശപ്പുറത്ത് വെച്ചു.

ഇതെന്താടോ ഒരെണ്ണം ചളുങ്ങിയിരിക്കുന്നത്?താൻ വെള്ളമടിച്ച് എവിടെയെങ്കിലും വീണിരുന്നോ?
താക്കോൽ കയ്യിലെടുത്ത് നോക്കിയ ബെഞ്ചമിൻ ചോദിച്ചു.

കൂടുതൽ അടിക്കുന്ന ദിവസം ചിലപ്പോൾ ബാലൻസ് തെറ്റി വീഴാറുണ്ട് സാറേ, അങ്ങനെ പറ്റിയതാവും, അത്ര കട്ടിയൊന്നുമുള്ള കീയൊന്നുമല്ല,
ചളുങ്ങിയ താക്കോൽ ഉപയോഗിച്ച് പിന്നെ താഴ് തുറക്കാനും പറ്റിയിട്ടില്ല, ഒരെണ്ണം കൂടി ഉള്ളത് കൊണ്ട് പ്രശ്നമില്ലായിരുന്നു.

എന്നാൽ താൻ ഇപ്പോൾ പൊയ്ക്കോ,ഞാൻ വിളിക്കുന്ന സമയത്ത് വന്നാൽ മതി.

ജീവൻ തിരിച്ച് കിട്ടിയ സന്തോഷത്തോടെ രാവുണ്ണി സ്ഥലം കാലിയാക്കി, പ്രത്യേകിച്ച് ഒരു മൂവ്മെന്റസും ഇല്ലാതെ അന്നത്തെ പകലും, രാത്രിയും കടന്ന് പോയി, പക്ഷേ പിറ്റേന്നത്തെ പ്രഭാതം പുലർന്നത് പ്രതീക്ഷ ഉണർത്തി കൊണ്ടായിരുന്നു, കൽപ്പറ്റയിൽ നിന്നും എസ്.പി.യുടെ  കോൾ രാവിലെ എട്ട് മണിക്ക് തന്നെ എത്തി, ഹമീദിന്റെ കൂടെ സൗദിയിൽ ഉണ്ടായിരുന്ന അൻസാരിയെ കണ്ടെത്തി എന്ന് സർപ്രൈസ് ന്യൂസ് ആയിരുന്നു എസ്.പി. റുഖിയ അവരോട് പങ്ക് വെച്ചത്, കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് അടുത്താണ് അൻസാരി താമസിക്കുന്നതെന്നും, അങ്ങോട്ടേക്ക് പോകുന്ന വഴി ഓഫീസിൽ കയറി ഡീറ്റെയിൽസ് കളക്ട് ചെയ്യുവാനും എസ്.പി നിർദ്ദേശിച്ചു, കെട്ടണഞ്ഞ് കൊണ്ടിരുന്ന കനൽ തരികൾ  കാറ്റടിച്ചപ്പോൾ പെട്ടെന്ന് ആളി കത്തിയത് പോലെ ബെഞ്ചമിന്റെ മനസ്സും, ശരീരവും ഉണർന്നു, ഷറഫുദ്ദീനും ആ വാർത്ത സന്തോഷം നൽകി, ബ്രേക്ക് ഫാസ്റ്റ് കഴിച്ച് പെട്ടെന്നവർ പോലീസ് ജീപ്പിന് വെയിറ്റ് ചെയ്യാതെ ബെഞ്ചമിന്റെ സ്വന്തം കാറിൽ കൽപ്പറ്റ എസ്. പി ഓഫീസ് ലക്ഷ്യമാക്കി തിരിച്ചു.

മാഡം ഈ ഇൻഫർമേഷൻ ഇത്ര പെട്ടെന്ന് കിട്ടുമെന്ന് ഞാൻ കരുതിയില്ല, ഇന്ത്യൻ എംബസിയൊക്കെ ആകുമ്പോൾ കുറച്ചധികം താമസമുണ്ടാകുമെന്നാ ഞാൻ കരുതിയത്.

ബെഞ്ചമിൻ പറഞ്ഞത് ശരിയാണ്, ഇങ്ങനെയുള്ള വിവരങ്ങൾ നമ്മൾ പ്രോപ്പർ ചാനലിലൂടെ അന്വേഷിക്കുമ്പോൾ അതിന് കുറച്ച് ഫോർമാലിറ്റിയൊക്കെ ഉണ്ടാകുമല്ലോ, അതിന്റേതായ സമയം എടുക്കും, നമുക്ക് കൂടുതൽ പ്രഷർ ചെലുത്താൻ പറ്റുന്ന ഒന്നല്ലല്ലോ ഇന്ത്യൻ എംബസി, അല്ലെങ്കിൽ പിന്നെ ആഭ്യന്തര മന്ത്രിയെ പോലെയുള്ളവർ ഇടപെടേണ്ടി വരും, ഹമീദ് കേസ് വലിയ കോളിളക്കം സൃഷ്ടിച്ച കേസൊന്നുമല്ലല്ലോ, ആ സ്ഥിതിക്ക് അവർക്കതിൽ വലിയ താൽപര്യമൊന്നും ഉണ്ടാകില്ല, ഹമീദിന്റെ പൊതുവായ നേച്ചർ വെച്ച് കൊലയാളിയെ കണ്ടെത്താനുള്ള പ്രഷർ ബന്ധുക്കളുടെ ഭാഗത്ത് നിന്നോ, പൊതു ജനങ്ങളുടെ ഭാഗത്തു നിന്നോ ഉണ്ടാകുവാനും സാധ്യത ഇല്ലല്ലോ, എന്റെ കൂടെ കോളേജിൽ പഠിച്ച ഒരാൾ ഇന്ത്യൻ എംബസിയിൽ ഉയർന്ന സ്ഥാനത്ത് ഉണ്ട്, ഞാനവനെ വിളിച്ച് വിവരങ്ങൾ പറഞ്ഞു, അവന്റെ  ഇടപെടൽ ഒന്ന് കൊണ്ട് മാത്രമാണ് ബെഞ്ചമിൻ നമുക്കീ വിവരങ്ങൾ ഇത്ര പെട്ടന്ന് കിട്ടിയത്.

ഒരുപാട് താങ്ക്സ് മാഡം .......

താൻ എന്തിനാണ് ബെഞ്ചമിൻ എന്നോട് താങ്ക്സ് പറയുന്നത്?
തന്നെ പോലെ തന്നെ ഈ കേസ് തെളിയിക്കേണ്ടത് എന്റെ കൂടി ആവശ്യമില്ല, അതിന് വേണ്ട ഹെൽപ്പ് ചെയ്യുക എന്നത് എന്റെയും കൂടി ഡ്യൂട്ടി അല്ലേ?

സോറി മാഡം അൻസാരിയെ കണ്ടെത്തിയെന്ന വിവരം കേട്ടപ്പോൾ തന്നെ ഞാൻ വല്ലാത്ത എക്സൈറ്റ്മെന്റിൽ ആയി പോയി, അത് കൊണ്ടാണ് അങ്ങനെയൊക്കെ പറഞ്ഞ് പോയത്.

അൻസാരിയുടെ അഡ്രസ്സ് അടങ്ങിയ വിവരങ്ങൾ എസ്.പി ബെഞ്ചമിന് കൈ മാറി, അപ്പോൾ തന്നെ ബെഞ്ചമിനും ഷറഫുദ്ദീനും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലക്ഷ്യമാക്കി തിരിച്ചു, പതിവില്ലാത്ത വിധം വേഗത്തിൽ ആയിരുന്നു ബെഞ്ചമിൻ കാർ ഡ്രൈവ് ചെയ്തിരുന്നത്, എത്രയും പെട്ടെന്ന് അൻസാരിയുമായി സംസാരിക്കാനുള്ള വ്യഗ്രതയിലാണ് ബെഞ്ചമിൻ എന്ന് ഷറഫുദ്ദീന് മനസ്സിലായി.

എന്നാലും സാർ അൻസാരിക്ക് എന്താകും നമ്മളോട് പറയാനുള്ളത്????

ഒരു കെ.എസ്.ആർ.ടിസി ബസിനെ വളരെ വേഗതയിൽ ഓവർടേക്ക് ചെയ്ത് കൊണ്ട് ബെഞ്ചമിൻ ഷറഫുദ്ദീനോട് ചോദിച്ചു.


(തുടരും)

 

Malayalam Story

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.