അതിന് അയാളെ ചികിത്സിച്ച തിരുവനന്തപുരത്തുള്ള ഹോസ്പിറ്റൽ ഏതാണെന്ന് അറിയേണ്ടേ സാർ, ഹോസ്പിറ്റലിന്റെ പേര് അയാളോട് തന്നെ ചോദിച്ച് മനസ്സിലാക്കേണ്ടി വരും

Malayalam Story
 

തുടർകഥ  : അജ്ഞാത കൊലയാളി

രചന : എം.നിയാസ്

(ഭാഗം - 12)

 

ഗഫൂർ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എല്ലാവരുടെയും ബാക്ക്ഗ്രൗണ്ട് ഹിസ്റ്ററി അന്വേഷിച്ചറിയണം, കൂടാതെ വിഷ്ണു ദാസിനെ ചികിത്സിച്ച ഹോസ്പിറ്റലിൽ പോയി ആക്സിഡന്റിൽ അയാളുടെ നട്ടെല്ലിന് പരിക്കേറ്റതും, നടക്കാൻ കഴിയില്ല എന്ന് പറഞ്ഞതുമായ കാര്യങ്ങൾ കറക്റ്റ് ആണോ എന്ന്  അന്വേഷിച്ച് കൺഫേം ചെയ്യണം.

അതിന് അയാളെ ചികിത്സിച്ച തിരുവനന്തപുരത്തുള്ള ഹോസ്പിറ്റൽ ഏതാണെന്ന് അറിയേണ്ടേ സാർ, ഹോസ്പിറ്റലിന്റെ പേര് അയാളോട് തന്നെ ചോദിച്ച് മനസ്സിലാക്കേണ്ടി വരും.

അത് വേണ്ട ഗഫൂർ അയാൾ ഞാൻ വരക്കാനായി ഏൽപ്പിച്ച ചിത്രം വരച്ച് കഴിയുമ്പോൾ ഞാൻ ഹാരിസിനെയും കൂട്ടി അത് മേടിക്കാൻ പോകും, അപ്പോൾ ഹാരിസിന്റെ ഫ്രണ്ട് വിദേശത്ത് ജോലി ചെയ്യുന്ന ന്യൂറോസർജൻ ഉണ്ടെന്നും വിഷ്ണു ദാസിന്റെ മെഡിക്കൽ റിപ്പോർട്ട് അയാളെ കാണിച്ചാൽ പുതിയ എന്തെങ്കിലും ചികിത്സാ രീതി വഴി   പിടിച്ചെങ്കിലും നടക്കാൻ പറ്റുന്ന വിധത്തിലെങ്കിലും ആക്കാൻ പറ്റുമോ എന്ന് ഞാൻ അയാളോട് പറഞ്ഞ് കൺവിൻസിങ് ആക്കിയ ശേഷം മെഡിക്കൽ റിപ്പോർട്ട് വാങ്ങാം, അപ്പോൾ പിന്നെ അയാൾക്ക് സംശയമില്ലാത്ത വിധത്തിൽ നമുക്ക് അന്വേഷിക്കാമല്ലോ, അയാൾ നിരപരാധി ആണെങ്കിൽ, അയാൾ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിൽ വെറുതെ അയാളുടെ മനസ്സിന് ബുദ്ധിമുട്ട് ഉണ്ടാക്കേണ്ട കാര്യമില്ലല്ലോ, ഗഫൂർ  തിരുവനന്തപുരത്ത് പോയി അന്വേഷിക്കേണ്ട കാര്യമില്ല, എസ്.പി മാഡം വിചാരിച്ചാൽ തിരുവനന്തപുരത്ത് നമ്മൾ പോകാതെ തന്നെ അവിടുത്തെ ലോക്കൽ പോലീസിനെ കൊണ്ട് എൻക്വയറി നടത്താൻ പറ്റും, അവർക്ക് അതത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ലല്ലോ, ബാക്കിയുള്ള എല്ലാ താമസക്കാരുടെയും വിവരങ്ങൾ ഗഫൂറിന്റെ മേൽനോട്ടത്തിൽ തിരക്കി അറിയണം.

എത്രയും പെട്ടെന്ന് അതിനുള്ള ഏർപ്പാടുകൾ ചെയ്യാം സാർ.

ഗഫൂർ പറഞ്ഞ് തീർന്നതും ബെഞ്ചമിന്റെ ഫോണിലേക്ക് എസ്.പി.യുടെ കോൾ. കോൾ വന്നു

ഗുഡ്മോണിങ് മാഡം

ഗുഡ്മോണിങ് ബെഞ്ചമിൻ, തന്റെ  ഹമീദ് കൊലക്കേസ് അന്വേഷണമൊക്കെ എവിടം വരെയായി?

ക്വാർട്ടേഴ്സിൽ  താമസിക്കുന്ന ഒരു ഫാമിലിയെ കൂടി ചോദ്യം ചെയ്ത് കഴിഞ്ഞാൽ ആദ്യ റൗണ്ട് അന്വേഷണം ഏതാണ്ട് പൂർത്തിയാകും, നാളെ രാവിലെ ഞാൻ മാഡത്തിന്റെ ഓഫീസിലേക്ക് വരാം, കേസിനെ സംബന്ധിച്ച വിവരങ്ങൾ വിശദമായി ഡിസ്കസ് ചെയ്യാം.

ഓ.കെ.ബെഞ്ചമിൻ രാവിലെ പത്ത് മണിക്ക് തന്നെ വന്നോളു, അത് കഴിഞ്ഞിട്ട് എനിക്ക് ഒരു മീറ്റിംഗ് ഉണ്ട്.

ഞാനും ഷറഫുദ്ദീൻ സാറും രാവിലെ തന്നെ എത്തിക്കോളാം മാഡം.

പിന്നെ ഗഫൂർ ബാക്കിയുള്ള ആ ഫാമിലിയെ കൂടി ഇന്ന് തന്നെ ക്വസ്റ്റ്യൻ ചെയ്യണം, എന്നിട്ട് വേണം നാളെ മാഡത്തിന്റെ അടുത്ത് ഇത് വരെയുള്ള വിവരങ്ങൾ അവതരിപ്പിക്കുവാൻ.

സാറ് ഒരു അഞ്ച് മണിയാവുമ്പോൾ ഇങ്ങോട്ട് എത്തിക്കോളു, അതിന് മുമ്പേ ഞാൻ ഇവിടെ വന്ന് എല്ലാം റെഡി ആക്കിക്കൊള്ളാം.


എന്നാപ്പിന്നെ നമുക്ക് സ്റ്റേഷനിലേക്ക് പോകാം ...

സ്റ്റേഷനിൽ നിന്നും12 മണിയോടെ ബെഞ്ചമിനും, ഷറഫുദ്ദീനും വീട്ടിലേക്ക് പോയി, പതിവ് പരിപാടികൾക്ക് ശേഷം അഞ്ച് മണിയോടെ അവർ ക്വാർട്ടേഴ്സിലേക്ക് എത്തി, അപ്പോഴേക്കും ഗഫൂർ എല്ലാം റെഡിയാക്കിയിരുന്നു, തനി റിലീജിയീസ് ആയ മനുഷ്യനാണ് അബൂബക്കർ എന്നത് അയാളുടെ ശരീര ഭാഷയിൽ നിന്നും വ്യക്തമായിരുന്നു, താടി നീട്ടി വളർത്തിയ അബൂബക്കർ മീശ പറ്റെ വെട്ടിയിരുന്നു, തലയിൽ നിസ്കാര തൊപ്പി പോലുള്ള ഒന്ന് വെച്ചിരുന്നു

അബൂബക്കർ അധ്യാപകനാണ് അല്ലേ?

അതെ സാർ ഞാൻ ഗവൺമെന്റ് സ്കൂളിൽ വർക്ക് ചെയ്യുന്നു, ഹൈസ്കൂളിലാണ് ക്ലാസ് എടുക്കുന്നത്, വൈഫ് ബാങ്കിലാണ് വർക്ക് ചെയ്യുന്നത്, കുട്ടികൾ രണ്ട് പേര്, ഒരാൾ നാലാം ക്ലാസിലും, ഒന്നാം ക്ലാസിലുമായി പഠിക്കുന്നു, രണ്ടും ആൺകുട്ടികളാണ് സാർ.


ബെഞ്ചമിൻ കൂടുതൽ ചോദിക്കുന്നതിന് മുമ്പ് തന്നെ തന്റെ ഫാമിലി ഡീറ്റെയിൽസ്  അബൂബക്കർ വ്യക്തമാക്കി.

അബൂബക്കറിന്റെ സ്വന്തം നാട് ?

എന്റെ നാട് തിരൂര് ആണ്, വൈഫും  അവിടത്ത്കാരിയാണ്, സ്ഥലം മാറ്റം കിട്ടി ഇങ്ങോട്ടേക്ക് വന്നതാണ്.

ഹമീദുമായിട്ട് അബൂബക്കറിന് നല്ല ബന്ധമാണോ ഉണ്ടായിരുന്നത്?

സത്യം പറഞ്ഞാൽ അല്ല, മരിച്ച് പോയ  ഒരാളെപ്പറ്റി കുറ്റം പറയാൻ പാടില്ല എന്നാ നാട്ടു നടപ്പ്, എങ്കിലും പറയാതിരിക്കാൻ പറ്റില്ല സാറേ, ഒരു വൃത്തികെട്ട മനുഷ്യൻ ആയിരുന്നു അയാൾ, പലിശയ്ക്ക് കൊടുപ്പും, പിശുക്കും, മറ്റുള്ളവരോട് കണ്ണിൽ ചോരയില്ലാതെ പെരുമാറുന്നതും ഒക്കെയായി വല്ലാത്തൊരു സ്വഭാവം ആയിരുന്നു അയാളുടേത്, ഞാനിവിടെ താമസം തുടങ്ങിയിട്ട് രണ്ട് മാസം ആയിട്ടേയുള്ളൂ, ഞാൻ വേറെ റൂം അന്വേഷിക്കുന്നുണ്ട് സാർ, ഇവിടന്ന് എങ്ങനെയെങ്കിലും മാറണം.

അതെന്താ ഇവിടെ താമസിക്കുന്നവരും ആയിട്ട് നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?

അവരൊന്നും പ്രശ്നക്കാരല്ല സാറേ, ആ പിള്ളേര് ഒഴിച്ച്, എന്തോ ഇവിടെ താമസിക്കാൻ തോന്നുന്നില്ല, ടോട്ടലി ഒരു നെഗറ്റീവ് എനർജിയാണ് ഇവിടെ.

ഹമീദ് കൊല്ലപ്പെട്ട ദിവസം ഞായറാഴ്ച അബൂബക്കർ ക്വാർട്ടേഴ്സിൽ തന്നെ ഉണ്ടായിരുന്നോ?

ഞായറാഴ്ച ദിവസം ഞങ്ങൾ എങ്ങോട്ടും പോകാറില്ല, വീട് വൃത്തിയാക്കലും, തുണിയലക്കലും ഒക്കെയായി ആ ദിവസം അങ്ങനെ പോകും, ഞാനും, വൈഫും, കുട്ടികളും ക്വാർട്ടേഴ്സിൽ തന്നെ ഉണ്ടായിരുന്നു.

ഹമീദിന്റെ വീട്ടിൽ വൈകുന്നേരത്തോടെ ഒരു വഴക്ക് ഉണ്ടായല്ലോ, അത് അബൂബക്കർ കേട്ടിരുന്നോ?

കേട്ടിരുന്നു സാർ, അതെന്താണെന്നൊന്നും ഞാൻ  ശ്രദ്ധിക്കാൻ പോയില്ല, ഇടയ്ക്കിടെ ഇങ്ങനെയുള്ള വഴക്കുകൾ അവിടെ നിന്ന് കേൾക്കാറുണ്ട്, അത് കൊണ്ടൊക്കെ തന്നെയാണ് ഇവിടന്ന് മാറണമെന്ന് ഞങ്ങൾ തീരുമാനിച്ചത്.

അബൂബക്കർ അന്ന് രാത്രി എത്ര മണിക്കാണ് കിടന്നത്?

11 മണി ആയിക്കാണും സാർ ..

സൺഡേ ആയിട്ടും കിടക്കാൻ വൈകി അല്ലേ?

കുട്ടികളുടെ പരീക്ഷ പേപ്പർ നോക്കാൻ ഉണ്ടായിരുന്നു, തിങ്കളാഴ്ച കൊടുക്കേണ്ടതായിരുന്നു അത്, അതാണ് അത്ര വൈകിയത്, അല്ലെങ്കിൽ പത്ത് മണിയോടെ കിടക്കും.

11 മണിക്കാണ് അബൂബക്കർ കിടന്നത് എന്ന് വിവരം ബെഞ്ചമിനിൽ പ്രതീക്ഷ ഉണർത്തി, പത്തരയ്ക്കും, പതിനൊന്നിനും ഇടയിൽ ആണല്ലോ ഹമീദ് കൊല്ലപ്പെട്ടത്, ഒരുപക്ഷേ അബൂബക്കർ ആരെയെങ്കിലും കണ്ടിട്ടുണ്ടാവാൻ സാധ്യതയുണ്ട്.

അന്ന് രാത്രി ഹമീദിന്റെ വീട്ടിൽ ആരെങ്കിലും വന്നതായി അബൂബക്കർ കണ്ടിരുന്നോ?

ഇല്ല സാർ, ഹാളിന് പുറകിലുള്ള ജനാലയിലൂടെ നോക്കിയാൽ മാത്രമേ അയാളുടെ വീട് കാണാൻ പറ്റുകയുള്ളൂ, ഞാൻ ബെഡ്റൂമിൽ ഇരുന്നാണ് ക്വസ്റ്റ്യൻ പേപ്പറുകൾ നോക്കിയത്, വൈഫിനും എന്തോ വർക്ക്  ചെയ്യാൻ ഉണ്ടായിരുന്നു, അവൾ പത്തരയോടെ കിടന്നു.

അബൂബക്കർ ക്വസ്റ്റ്യൻ പേപ്പർ നോക്കിക്കൊണ്ടിരുന്ന സമയത്ത് എന്തെങ്കിലും വിധത്തിലുള്ള ശബ്ദമോ മറ്റോ ഹമീദിന്റെ വീട്ടിൽ നിന്ന് കേട്ടിരുന്നോ?

ഇല്ല അങ്ങനെയൊന്നും കേട്ടതായി ഞാൻ ഓർക്കുന്നില്ല, പ്രത്യേകിച്ച് അവിടെ നിന്ന് അങ്ങനെ എന്തെങ്കിലും ശബ്ദം ഉണ്ടായാലും ഞാനത് മൈൻഡ് ആക്കാറില്ല സാർ, പലിശയ്ക്ക് വാങ്ങിയവർ വന്ന് എന്തെങ്കിലും വഴക്ക് കൂടുന്നതായിരിക്കും എന്നേ ഞാൻ കരുതാറുള്ളൂ.

ഹമീദിന്റെ കയ്യിൽ നിന്ന് പലിശയ്ക്ക് അബൂബക്കർ പണം വാങ്ങിയോ എന്ന ചോദ്യം ബെഞ്ചമിൻ ഒഴിവാക്കിയിരുന്നു, കാരണം അബൂബക്കറിന്റെ പേര് ഡയറിയിൽ എവിടെയും പരാമർശിച്ചിരുന്നില്ല, പലിശയ്ക്ക് കൊടുക്കുന്നതിനോട് മതപരമായി തന്നെ വളരെ എതിർപ്പ് ഹമീദിനോട്  പുലർത്തിയിരുന്ന അബൂബക്കർ ഒരിക്കലും അങ്ങനെയൊരു തുക വാങ്ങില്ലെന്ന് ബെഞ്ചമിന് ഉറപ്പായിരുന്നു.

ഓക്കേ അബൂബക്കർ, ഞങ്ങൾ ഇറങ്ങുന്നു.

എന്തായി സാർ ...? എന്തെങ്കിലും ഇൻഫർമേഷൻസ് കിട്ടിയോ?

പുറത്ത് നിന്ന ഗഫൂർ ആകാംക്ഷയോടെ ബെഞ്ചമിനോട് ചോദിച്ചു "പ്രത്യേകിച്ച് ഒരു ഗുണവുമില്ല ഗഫൂർ, അയാളുടെ സംസാരത്തിൽ നിന്ന് സംശയിക്കത്തതായി ഒന്നും തന്നെ കിട്ടിയില്ല, ഹമീദിനോട് നല്ല വെറുപ്പും, ദേഷ്യവും അയാൾക്ക് ഉണ്ടായിരുന്നു, അത് ഹമീദിനെ വക വരുത്തുവാനുള്ള ഒരു കാരണം അല്ലല്ലോ, തീർത്തും റിലീജിയസ് ആയി ജീവിക്കുന്ന ഒരാൾക്ക് തന്റെ തന്നെ മതത്തിൽ പെട്ട ഒരാൾ ഇങ്ങനെ മോശമായി ജീവിക്കുന്നതിൽ  ഉള്ള അമർഷം ആണ് അയാൾക്ക് ഉണ്ടായിരുന്നത്, തികച്ചും സ്വഭാവികം, ഇനി നമുക്ക് ഒഴിഞ്ഞ് കിടക്കുന്ന ഫ്ലാറ്റിൽ താമസിച്ച ചിട്ടി കമ്പനി നടത്തിയ ആളുകളെയാണ് ചോദ്യം ചെയ്യേണ്ടത്, അവര് മുങ്ങി നടക്കുകയാണെന്നാണല്ലോ കേട്ടത്, അവരെ എങ്ങനെയെങ്കിലും കണ്ടെത്തണം ഗഫൂർ.

സാർ ഒരു ദിവസത്തെ സമയം തരണം, ഞാൻ അവരെ   എങ്ങനെയെങ്കിലും കണ്ടെത്താം.

അപ്പോഴേക്കും ഫോറൻസിക് ഡിപ്പാർട്ട്മെന്റിൽ നിന്നും റിപ്പോർട്ടുകൾ റെഡി ആയി എന്ന വിളി എത്തി, അവിടെ നിന്നും നേരെ ബെഞ്ചമിനും, ഷറഫുദ്ദീനും ഫോറൻസിക്ക് ഡിപ്പാർട്ട്മെന്റിന്റെ ഓഫീസിലേക്ക് പോയി, റിപ്പോർട്ടും വാങ്ങി മടങ്ങി വീട്ടിലെത്തുമ്പോൾ സമയം 7 മണിയോട് അടുത്തിരുന്നു, ബെഞ്ചമിൻ തിടുക്കത്തിൽ യൂണിഫോം മാറ്റാൻ പോലും നിൽക്കാതെ റിപ്പോർട്ടുകൾ വായിക്കാൻ തുടങ്ങുമ്പോഴേക്ക് ഷറഫുദ്ദീൻ കുളിക്കാൻ പോയി, ഷറഫുദ്ദീൻ കുളി കഴിഞ്ഞ് എത്തുമ്പോൾ ബെഞ്ചമിൻ റിപ്പോർട്ട് വായിച്ച് ഫിനിഷ് ചെയ്ത ശേഷം ഫ്രഷ് ആകാനായി പോയി..

റിപ്പോർട്ടിൽ എന്താണ് ഉള്ളത് ബെഞ്ചമിൻ?

ഗ്ലാസിലേക്ക് മദ്യം പകരുന്നതിനിടയിൽ ബെഞ്ചമിന്റെ തെളിച്ചമില്ലാത്ത മുഖം ശ്രദ്ധിച്ച ഷറഫുദ്ദീൻ ചോദിച്ചു.

ബാൽക്കണിയുടെ ഡോറിലും, ബെഡ്റൂമിന്റെ ഡോറിലും, അലമാരിയിലുമൊക്കെയായി ആദിലിന്റെയും, അഖിലിന്റെയും , ബിജോയിയുടെയും, മനുവിന്റെയും വിരലടയാളങ്ങൾ പതിഞ്ഞിട്ടുണ്ട്, പക്ഷേ ഹമീദിനെ കൊല്ലുവാൻ ഉപയോഗിച്ച തലയണിയിൽ നിന്ന് ആരുടെയും ഫിംഗർ പ്രിന്റുകൾ കിട്ടിയിട്ടില്ല, കൊലയാളി ഗ്ലൗസ് ഉപയോഗിച്ച് കാണും, അതിൽ നിന്ന് ഒരു കാര്യം 100% ഉറപ്പിക്കാം, ഹമീദിനെ കൊല്ലുക എന്നത് തന്നെയായിരുന്നു കൊലയാളിയുടെ  ലക്ഷ്യം, അലമാരയിൽ നിന്ന് പണമോ, ചെക്കോ, നോട്ടോ മോഷ്ടിക്കൽ ആയിരുന്നില്ല അയാളുടെ ലക്ഷ്യം, മറ്റ് നാല് പേരുടെയും ലക്ഷ്യം വേറെയായിരുന്നല്ലോ, ആദിലിന് തന്റെ വീടിന്റെ ആധാരം എടുക്കണം, അഖിലിനും, ബിജോയിയ്ക്കും ക്യാഷ് ആയിരുന്നു ആവശ്യം, അവസാനം എത്തിയ മനു ക്യാഷ് നോട്ടമിട്ടാണ് വന്നതെങ്കിലും ഒടുവിൽ ചെക്കും,നോട്ടും എടുത്ത് മടങ്ങി പോയി, ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് ഹമീദിന്റെ കൊലയാളി മടങ്ങി പോയത്, മറ്റ് നാല് പേർക്കും ഹമീദിനെ കൊലപ്പെടുത്തുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നില്ല, അങ്ങനെയാണെങ്കിൽ അവരും വെൽ പ്ലാൻഡ് ആയേനെ, ഹമീദ് ഒരിക്കലും പോലീസിൽ കംപ്ലൈന്റ് കൊടുക്കില്ല എന്ന് അവർ നാല് പേർക്കും ഉറപ്പുണ്ടായിരുന്നു, അല്ലെങ്കിൽ അവരും  അവരുടെ കൈവിരൽ അടയാളങ്ങൾ എങ്ങും പതിയാതിരിക്കാൻ ശ്രദ്ധിച്ചേനെ, ഒന്നുമല്ലെങ്കിൽ തൂവാലയോ മറ്റോ ഉപയോഗിച്ച് വിരലടയാളങ്ങൾ  മായിക്കുവാൻ എങ്കിലും ശ്രമിച്ചേനെ, ആയതിനാൽ അവരെ നാല് പേരെയും തൽക്കാലം ഹമീദിന്റെ കൊലപാതക കുറ്റത്തിൽ നിന്നും ഒഴിവാക്കാം, പക്ഷേ രാവുണ്ണിയെ എനിക്ക് ഇപ്പോഴും സംശയമുണ്ട്, ക്വാർട്ടേഴ്സിലും, പുറത്തും ഹമീദിന്റെ കുറ്റങ്ങൾ പറഞ്ഞ് നടക്കുന്ന അയാൾക്ക് ഹമീദിനോട് വൈരാഗ്യം ഉണ്ടായിരുന്നു എന്നത്  തീർച്ചയാണ്, ഹമീദിന്റെ മുറിയിൽ വളരെ എളുപ്പം പ്രവേശിക്കാൻ കഴിയുന്നതും അയാൾക്ക് തന്നെയാണല്ലോ, പക്ഷേ ഗ്ലൗസ് ഒക്കെ ധരിച്ച് അത്ര പ്രിപ്പയേർഡായി ഹമീദിനെ കൊല്ലാൻ മാത്രം ബുദ്ധിശക്തി ഉള്ളയാളാണോ രാവുണ്ണി??? അവിടെ വരുമ്പോഴാണ് ഞാൻ കൺഫ്യൂസ്ഡ് ആയി പോകുന്നത് സാറേ ...

എടോ ബെഞ്ചമിൻ താനാ രാവുണ്ണിയെ അത്ര വില കുറച്ച് കാണുകയൊന്നും വേണ്ട, ചിലരുടെ ക്യാരക്ടർ അങ്ങനെയാണ്, തമിഴിൽ ഒരു ചൊല്ലുണ്ട്, "ബുദ്ധിമാനായി ഇരി, മുട്ടാളാ നടി എന്ന്, അതായത് മണ്ടനെ പോലെ പുറമേ അഭിനയിക്കുക, ഉള്ളിൽ ബുദ്ധിമാനായി ഇരിക്കുക എന്ന്, ഗ്ലൗസ് ധരിച്ചാൽ വിരലടയാളങ്ങൾ പതിയില്ല എന്നൊക്കെ അറിയാതിരിക്കാൻ മാത്രം ഒരു വിഡ്ഢിയൊന്നുമല്ല രാവുണ്ണി, ഒന്നുകിൽ അയാൾ പൊട്ടൻ കളിപ്പിക്കുകയാണ് നമ്മളെയെല്ലാം, രാവുണ്ണിയെ താനാ ഗഫൂറിന്റെ കയ്യിൽ ഒന്ന് ഏൽപ്പിക്ക്, നെല്ലും,പതിരുമൊക്കെ അയാൾ വേർതിരിച്ച് തരും, പ്രതികളെ തല്ലി സത്യം പറയിപ്പിക്കുന്നതിനോട് തനിക്ക് വിയോജിപ്പ് ആണല്ലോ ഉള്ളത്, അത് കൊണ്ടാണ് ഞാൻ ഗഫൂറിന്റെ പേര് പറഞ്ഞത്.

രാവുണ്ണിയെ അല്ലെങ്കിലും ഒന്നു കൂടി ചോദ്യം ചെയ്യണം, പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പത്തരയ്ക്കും,പതിനൊന്നിനും ഇടയിൽ ആണല്ലോ ഹമീദ് മരണപ്പെട്ടത്, അന്ന് രാവുണ്ണി എത്ര മണിക്കാണ് വീട്ടിലേക്ക് വന്നതെന്നും, ഉറങ്ങിയതെന്നും ഒന്ന് കൂടി ക്ലാരിഫൈ ചെയ്യണം, അത് പോലെ തന്നെ എത്രയും പെട്ടന്ന് ഹമീദിന്റെ കൂടെ സൗദിയിൽ ഉണ്ടായിരുന്ന  അൻസാരിയെ കണ്ടെത്തണം, അലമാരയിൽ നിന്നും കിട്ടിയ പാസ്പോർട്ടിൽ ഹമീദ് സൗദിയിൽ ഇറങ്ങിയ സ്ഥലത്തിന്റെ എയർപോർട്ടിന്റെ എമിഗ്രേഷൻ സീൽ ഉണ്ടാകുമല്ലോ, ഇനി റിയാദിലോ മറ്റോ ഇറങ്ങി ബസ്സിനാണ് പോയതെങ്കിലും വിസ അടിച്ചതിൽ കഫീലിന്റെ പേരും ഉണ്ടാകുമല്ലോ, ഇന്ത്യൻ എംബസി വഴി നമുക്കത് കണ്ടെത്താം, ഹമീദ് ഹൗസ് ഡ്രൈവറായി ജോലി നോക്കിയതിന്റെ അടുത്ത് തന്നെയാവും അൻസാരിയും താമസിച്ചിട്ടുണ്ടാവുക, ചിലപ്പോൾ അയാളും ഹൗസ് ഡ്രൈവർ തന്നെയായിരിക്കും, അൻസാരി മരിച്ച് പോയിട്ടില്ലായെങ്കിൽ നമുക്ക് അയാളെ കണ്ടെത്താൻ കഴിയും എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത് സാറെ.

താൻ പറഞ്ഞത് പോലെ അൻസാരി മരിച്ചില്ലായെങ്കിൽ ഇപ്പറഞ്ഞ വഴിയിലൂടെ അയാളെ കണ്ടെത്താൻ അത്ര ബുദ്ധിമുട്ടൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല, അയാളെ കണ്ട് കിട്ടിയാൽ ഹമീദിന്റെ പൂർവകാല ചരിത്രം നമുക്ക് കിട്ടും, അത് വഴി നമുക്ക് കൊലയാളിയിലേക്കും എത്താൻ പറ്റുമായിരിക്കും ബെഞ്ചമിൻ.

ഷറഫുദ്ദീനും അക്കാര്യത്തിൽ ഉറച്ച ശുഭാപ്തി വിശ്വാസം  പുലർത്തിയിരുന്നു, എങ്കിലും നിരാശ നിറഞ്ഞതായിരുന്നു ആ രാത്രി, ഇത്രയധികം പേരെ ചോദ്യം ചെയ്തിട്ടും കൊലയാളിയുടെ ഒരു സൂചന പോലും ലഭിക്കാത്തത് അവരിൽ കടുത്ത നിരാശ ഉളവാക്കിയിരുന്നു, പിറ്റേന്ന് രാവിലെ ഒൻപത് മണിയോടെ ഗഫൂറിന്റെ ഫോൺ കോൾ വന്നു, ഗഫൂർ പറഞ്ഞ വിവരങ്ങൾ തലേന്നത്തെ നിരാശയെ ഒന്ന് കൂടി വിപുലപെടുത്തുന്ന ഒന്നായിരുന്നു.


(തുടരും)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.