തുടർകഥ : അജ്ഞാത കൊലയാളി
രചന : എം.നിയാസ്
(ഭാഗം - 10)
ഓ തനിക്ക് കുന്നും, മലയും ഒക്കെ കേറി നല്ല പരിചയമാണ് അല്ലേ, ആ സ്ഥിതിക്ക് വലിയ മരത്തിലൊക്കെ വലിഞ്ഞ് കയറാൻ ഒരു ബുദ്ധിമുട്ടുമില്ലല്ലോ അല്ലേ? ബെഞ്ചമിന്റെ ആ ചോദ്യം കൂടി കേട്ടപ്പോൾ ഇനിയൊന്നും ഒളിച്ച് വെച്ചിട്ട് കാര്യമില്ലെന്ന് മനുവിന് ബോധ്യമായി.
സാറേ ആ ചെക്കൻ പറഞ്ഞത് ശരിയാണ്, വാടക കൊടുക്കാൻ വേണ്ടി ഞാൻ അന്ന് വൈകിട്ട് ഹമീദിക്കയുടെ വീട്ടിൽ പോയിരുന്നു, ക്യാഷ് കൊടുത്ത് അപ്പോൾ തന്നെ തിരികെ പോരുകയും ചെയ്തു.
അതിന് താൻ അവിടെ നിന്ന് ഉടനെ തിരികെ പോന്നോ എന്നൊന്നും ഞാൻ ചോദിച്ചില്ലല്ലോ, പിന്നെന്തിനാണ് ചാടിക്കയറി ഉടനെ താൻ തിരികെ പോയി എന്നൊക്കെ എന്നോട് പറഞ്ഞത് എന്തിനാണ്?
താൻ ആദ്യം പറഞ്ഞ സംഭവം തന്നെ ചീറ്റി പോയതിൽ മനു ഒന്ന് പതറിഞാൻ അധികനേരം അവിടെ നിന്നില്ല എന്ന് പറയുവാൻ വേണ്ടിയാണ് സാറേ അങ്ങനെ പറഞ്ഞത്.
വാടകയായിട്ട് എത്ര രൂപയാണ് താൻ അന്ന് ഹമീദിന് കൊടുത്തത് ??
6500 രൂപയാ കൊടുത്തത് സാറേ ..
ക്യാഷ് ആയിട്ടായിരുന്നോ, അതോ അത് ഗൂഗിൾ പേയോ?
ഗൂഗിൾ പേ ഒന്നും ഹമീദിക്കയ്ക്ക് ഇല്ല സാറേ, ക്യാഷ് ആയിട്ടാണ് ഞാൻ കൊടുത്തത്.
എന്നിട്ട് പിറ്റേന്ന് നടത്തിയ അന്വേഷണത്തിൽ ആ ക്യാഷ് അവിടെ നിന്ന് കിട്ടിയില്ലല്ലോ?
ഹമീദിന്റെ പോക്കറ്റിൽ 250 രൂപയാണ് ആകെ ഉണ്ടായിരുന്നത്.
ചിലപ്പോൾ അപ്പോൾ തന്നെ ലോക്കറിൽ വെച്ച് കാണും സാറേ ...
ലോക്കറിന്റെ വിവരം അറിയാത്തവരായി ആരും തന്നെ ആ ക്വാർട്ടേഴ്സിൽ ഇല്ലെന്ന് ബെഞ്ചമിനും, ഷറഫുദ്ദീനും മനസ്സിലായി, എല്ലാം രാവുണ്ണിയുടെ ലീലാവിലാസങ്ങൾ.
ഹമീദിന് രാത്രി കണ്ണിന് കാഴ്ച കുറവായതിനാൽ വൈകുന്നേരങ്ങളിൽ ലഭിക്കുന്ന പണം രാവിലെയെ ലോക്കറിൽ വെക്കാറുള്ളൂ എന്നാണല്ലോ രാവുണ്ണി പറഞ്ഞത്, ആ സ്ഥിതിക്ക് നിങ്ങൾ കൊടുത്ത പണം ഹമീദിന്റെ മേശയിലോ, പോക്കറ്റിലോ കാണേണ്ടതല്ലേ, താൻ ക്യാഷ് കൊടുക്കാൻ വേണ്ടിയല്ല ആ വീട്ടിലേക്ക് പോയത്, അതാണ് വാസ്തവം.
അയ്യോ ഞാൻ ക്യാഷ് കൊടുക്കാൻ വേണ്ടി തന്നെ പോയതാണ് സാറേ, ഹമീദിക്കാ ഓർമ്മയില്ലാതെ എവിടെയെങ്കിലും വെച്ച് കാണും, ചിലപ്പോൾ ഒന്ന് കൂടി ആ റൂമിൽ തപ്പിയാൽ കിട്ടിയേക്കും.
അതവിടെ നിൽക്കട്ടെ, നമുക്ക് അതിലേക്ക് പിന്നീട് വരാം, താൻ പലിശയ്ക്ക് ക്യാഷ് ഹമീദിന്റെ കയ്യിൽ നിന്ന് വാങ്ങിയിരുന്നോ?
അയ്യോ ഇല്ല സർ, ഹമീദിക്കയുടെ അടുത്ത് പലിശ കൂടുതലാണ്, അതുമല്ല ഞാൻ പലിശയ്ക്ക് ആരുടെ കയ്യിൽ നിന്നും ക്യാഷ് വാങ്ങാറില്ല.
വാങ്ങിയിട്ടില്ല എന്ന് നിങ്ങൾക്ക് ഉറപ്പാണോ?
അതെ ഞാൻ, ഞാൻ പലിശയ്ക്ക് ക്യാഷ് ഹമീദിക്കയുടെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ല.
ബെഞ്ചമിൻ തന്റെ കയ്യിലിരുന്ന ഹമീദിന്റെ ക്യാഷ് സംബന്ധിച്ച വിഷയങ്ങൾ എഴുതി വച്ചിരുന്ന ഡയറി എടുത്തു, അതിലെ താളുകൾ മറിച്ച ശേഷം മനുവിനെ തന്റെ അടുത്തേക്ക് വിളിച്ചിട്ട് മനുവിന്റെ പേരും, ഡീറ്റൈൽസും എഴുതി വെച്ചിരിക്കുന്നത് കാണിച്ച് കൊടുത്ത ശേഷം ചോദിച്ചു ...
തന്റെ പേര് മനു മാത്യൂസ് എന്ന് തന്നെയല്ലേ? മാറ്റമൊന്നും ഇല്ലല്ലോ? താൻ ആറര ലക്ഷം രൂപയോളം ഹമീദിന്റെ കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ട്, ആദ്യം ഒരു മൂന്ന് ലക്ഷം രൂപ, പിന്നീട് 2 ലക്ഷം, അതിന് ശേഷം ഒരു ലക്ഷം, ലാസ്റ്റ് ഒരു 50,000 രൂപ കൂടി വാങ്ങിയിട്ടുണ്ട്, താൻ ക്യാഷ് മേടിച്ച വിവരങ്ങൾ വളരെ കൃത്യമായി ഡേറ്റ് ഇട്ട് ഹമീദ് എഴുതി വെച്ചിട്ടുണ്ട്.
മനു ഡയറിയിലേക്ക് തന്നെ തുറിച്ച് നോക്കി കൊണ്ട് നിന്നു, അങ്ങനെയൊരു കെണി മനു ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.
അതൊക്കെ പോട്ടെ താൻ അലമാരയിൽ നിന്ന് എടുത്ത ആ നാല് ചെക്കുകളും, മുദ്ര പേപ്പറുകളും എവിടെ??? താൻ അലമാരയിൽ നിന്ന് ചെക്കും, മുദ്ര പത്രവും എടുക്കുമ്പോൾ ആണല്ലേ ഹമീദ് ഉണർന്നത് അല്ലേ? പിന്നെ അയാളെ കൊല്ലുകയല്ലാതെ തനിക്ക് വേറെ വഴിയില്ലല്ലോ, ഒള്ളത് പറയാമല്ലോ തന്റെ സ്ഥാനത്ത് ഞാനാണേലും അതെ ചെയ്യുകയുള്ളൂ.
വളരെ കൂൾ ആയിട്ട് ബെഞ്ചമിൻ മനുവിനോട് പറഞ്ഞു, അതോടെ മനു കാറ്റ് പോയ ബലൂണിനെ കണക്കായി, തന്റെ കസേരയിലേക്ക് അയാൾ തളർന്നിരുന്നു.
നീയാദ്യം അവിടെ നിന്നെടുത്ത നോട്ടും, മുദ്രപത്രവും എടുത്ത് സാറിന്റെ കയ്യിൽ കൊടുക്ക്, ഇല്ലെങ്കിൽ നിന്റെ മസിലൊക്കെ ഞാൻ ഉടച്ച് ചമ്മന്തി പരുവമാാക്കും കേട്ടോടാ ...
ഗഫൂറിന്റെ വാക്കുകൾ കേട്ടപ്പോൾ മനു വിറച്ച് പോയി, തണ്ടും, തടിയും മസിലും ഉണ്ടെന്നല്ലാതെ അയാൾ ഒരു പേടിത്തൊണ്ടൻ ആണെന്ന് ബെഞ്ചമിന് മനസ്സിലായി, ഒന്നും മിണ്ടാതെ എഴുനേറ്റ് അലമാര തുറന്ന് അയാൾ ചെക്കും,മുദ്ര പത്രവും എടുത്ത് ബെഞ്ചമിന്റെ മുന്നിൽ വെച്ചു, അഞ്ച് ചെക്ക് ലീഫുകളും, ഒരു മുദ്ര പേപ്പറും ആണ് ഉണ്ടായിരുന്നത്, ആദ്യം മൂന്ന് ലക്ഷം രൂപ വാങ്ങിയപ്പോൾ മനു എഴുതി കൊടുത്ത മുദ്ര പേപ്പറിന്റെ പുറകിൽ ഡേറ്റ് ഇട്ട് അതിന് ശേഷം വാങ്ങിയ തുകകൾ സ്വന്തം കൈപ്പടയിൽ മനു എഴുതി ഒപ്പിട്ട് കൊടുത്തിരുന്നു.
അതായത് ഞായറാഴ്ച രാത്രി എട്ടര മണിക്ക് എന്തോ ചില ആവശ്യത്തിനായി ഹമീദിന്റെ വീട്ടിൽ പോയ താൻ കുറച്ച് നേരം ഹമീദിനോട് സംസാരിച്ച ശേഷം ഹമീദിനുള്ള രാത്രിയിലെ അന്ധത മുതലെടുത്ത് പോകുകയാണ് എന്ന വ്യാജേനെ താഴത്തെ നിലയിലോ, മുകളിലത്തെ നിലയിലോ ഒളിച്ചിരുന്നു, ഹമീദ് ഉറങ്ങാൻ കിടന്നു എന്ന് ഉറപ്പ് വരുത്തിയ ശേഷം രാത്രി പത്തരയോടെ താൻ വീണ്ടും ഹമീദിന്റെ ബെഡ്റൂമിലേക്ക് വന്നു, താക്കോൽ എടുക്കുമ്പോഴോ, താക്കോൽ എടുത്ത് അലമാര തുറക്കുമ്പോഴോ അങ്ങനെ ഏതെങ്കിലും സമയത്ത് ആവാം ഹമീദ് ഉണർന്നതും തന്നെ കണ്ടതും, പിന്നെ തനിക്ക് ഒന്നും നോക്കാനില്ലായിരുന്നു, ദുർബലനായ ഹമീദിനെ ഒരു പൂച്ച കുഞ്ഞിനെ കണക്കെ താൻ തലയണ കൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നു, അതിന് ശേഷം മുൻ വാതിൽ തുറന്ന് താൻ ഇട്ടോണ്ട് വന്ന ചെരുപ്പോ, ഷൂവോ എടുത്ത ശേഷം ഫ്രണ്ട് ഡോർ അടച്ച ശേഷം മുകളിലത്തെ നിലയിലേക്ക് പോയി മുൻ ഭാഗത്തെ ബാൽക്കണിയുടെ ഡോർ തുറന്ന് ചാഞ്ഞ് കിടന്ന മരച്ചില്ലകൾ വഴി കോർട്ടേഴ്സിലേക്ക് രക്ഷപ്പെട്ടു, അതാണ് അന്ന് രാത്രി സംഭവിച്ചത് ശരിയല്ലേ? താൻ എട്ടരയ്ക്ക് ഹമീദിന്റെ വീട്ടിലേക്ക് വന്നത് ഓപ്പോസിറ്റ് ഉള്ള മെഡിക്കൽ ഷോപ്പിന്റെ സി.സി.ടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്, ഹമീദിന്റെ വീട്ടിലേക്ക് വന്നതല്ലാതെ താൻ തിരിച്ച് പോകുന്നത് സി.സി.ടിവി ക്യാമറയിൽ കണ്ടിട്ടുമില്ല, അതിനർത്ഥം കൊലപാതകം നടത്തിയ ശേഷം നിങ്ങൾ മുകളിലത്തെ നിലയിലെ ബാൽക്കണി വഴി രക്ഷപ്പെട്ടു എന്നതല്ലേ?
ബെഞ്ചമിന്റെ ആ വിവരണം കേട്ട് അമ്പരന്ന് പോയ മനു കസേരയിൽ നിന്നും എഴുന്നേറ്റ് ഒരു മിനിറ്റ് നിന്ന ശേഷം വീണ്ടും കസേരയിലേക്ക് ഇരുന്നു.
ഞാൻ ഹമീദിക്കയുടെ വീട്ടിലേക്ക് വന്നതും, അലമാര തുറന്ന് ചെക്കും, മുദ്രപത്രങ്ങളും എടുത്തതുമൊക്കെ ശരിയാണ്, പക്ഷേ അതൊന്നും സാറ് പറഞ്ഞ സമയത്തായിരുന്നില്ല, പിന്നെ ഞാൻ ഹമീദിക്കയെ ഒന്നും തന്നെ ചെയ്തിട്ടില്ല.
അത് നമുക്ക് പിന്നീട് തീരുമാനിക്കാം, അന്ന് രാത്രി നടന്ന സംഭവങ്ങൾ വള്ളി പുള്ളി തെറ്റാതെ സാറിനോട് പറഞ്ഞ് കൊടുക്ക്, ഇല്ലെങ്കിൽ ലോക്കപ്പിൽ ഇട്ടാകും പിന്നെയുള്ള ചോദ്യം ചെയ്യൽ ... ഉചിതമായ സമയത്ത് എങ്ങനെ പെരുമാറണമെന്ന് ഗഫൂറിന് നല്ല നിശ്ചയമായിരുന്നു.
എന്താണ് അന്ന് രാത്രി സംഭവിച്ചതെന്ന് ഞാൻ പറയാം. സാറേ, ഹമീദിക്കയോട് പലിശയ്ക്ക് ഞാൻ പണം കടം വാങ്ങാനുള്ള സാഹചര്യങ്ങളും കൂടി കേട്ടാലേ ഞാൻ പറയുന്നത് സത്യമാണെന്ന് സാറിന് മനസ്സിലാകു.
വലിച്ചു നീട്ടാതെ പരമാവധി ചുരുക്കി പറഞ്ഞാൽ നന്നായിരുന്നു.
സാറേ എന്റെ കല്യാണം കഴിഞ്ഞിട്ട് ഒരു വർഷം ആയി, ആറ് മാസങ്ങൾക്കു മുമ്പ് ജിമ്മിൽ വന്ന ഒരു പെൺകുട്ടിയുമായി ഞാൻ അടുപ്പത്തിലായി.
അതിന് ലേഡീസിന് ലേഡി ഇൻസ്ട്രക്ടർ അല്ലേ ഉണ്ടാവുക?
അതെ ലേഡീസിന് ലേഡി ഇൻസ്ട്രക്ടർ തന്നെയാണ് ഉള്ളത്, അവർക്ക് നാട്ടിൽ ഒരു കല്യാണത്തിന് പോകേണ്ടി വന്നത് കൊണ്ട് തൽക്കാലം ഞാൻ രണ്ട് ദിവസം ലേഡീസിന്റെ കാര്യങ്ങൾ കൂടി നോക്കിയിരുന്നു, പരിചയപ്പെട്ട് രണ്ടാമത്തെ ദിവസം തന്നെ അവൾ എന്റെ കയ്യിൽ നിന്ന് ഫിറ്റ്നസ് സംബന്ധിച്ച സംശയങ്ങൾ ചോദിക്കാനാണെന്ന് പറഞ്ഞ് എന്റെ ഫോൺ നമ്പർ വാങ്ങി,
എന്തായിരുന്നു ആ സ്ത്രീയുടെ പേര്?
അനു മാത്യൂസ് എന്നായിരുന്നു സാറേ ..
ഓ മനു മാത്യൂസ്, അനു മാത്യൂസ്, നല്ല ചേർച്ചയാണല്ലോ നിങ്ങളുടെ പേരുകൾ തമ്മിൽ.
ഗഫൂറിന്റെ വകയായിരുന്നു ആ ചോദ്യം, മനു ഗഫൂറിന്റെ ആ ചോദ്യത്തിന് ഉത്തരമൊന്നും പറഞ്ഞില്ല.
ആദ്യമൊക്കെ ഫിറ്റ്നസ് സംബന്ധിച്ച കാര്യങ്ങൾ ആയിരുന്നു ഞങ്ങൾ തമ്മിൽ സംസാരിച്ചിരുന്നത്, പിന്നീടത് വീട്ടിലെ വിശേഷങ്ങളിലേക്കായി, പിന്നെ പിന്നെ കാര്യങ്ങൾ കൈ വിട്ട് പോയി സാറേ, അവളെന്നെ അവളുടെ ഹസ്ബൻഡ് ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് ക്ഷണിച്ചു, ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നെ ഞാനവളുടെ വീട്ടിലേക്ക് പോയി, സംഭവിക്കാൻ പാടില്ലാത്തതെല്ലാം അന്ന് സംഭവിച്ചു, രണ്ടാമത്തെ തവണ അവളുടെ വീട്ടിലേക്ക് പോയപ്പോഴാണ് അവളും, ഭർത്താവും ചേർന്ന് എന്നെ ട്രാപ്പിലാക്കിയത്, ഞങ്ങൾ ബെഡ്റൂമിൽ സമയം ചിലവഴിക്കുന്ന നേരത്ത് ഡോർ തള്ളി തുറന്ന് അവളുടെ ഭർത്താവ് അകത്തേക്ക് വന്നു, അവന്റെ കയ്യിൽ ഒരു കത്തിയും ഉണ്ടായിരുന്നു, വസ്ത്രങ്ങൾ ഒന്നുമില്ലാതെ നിന്ന എന്റെ ഫോട്ടോ അവൻ മൊബൈലിൽ പകർത്തി, ആദ്യം മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടു, അല്ലെങ്കിൽ നഗ്നചിത്രം യൂട്യൂബിൽ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പിന്നീട് പല തവണകളിലായി മൂന്നര ലക്ഷം രൂപ കൂടി വാങ്ങി, അങ്ങനെ നിൽക്കക്കള്ളി ഇല്ലാതെ വന്നപ്പോഴാണ് ഞാൻ ഹമീദിക്കയുടെ കയ്യിൽ നിന്ന് പല തവണകളായി ക്യാഷ് പലിശയ്ക്ക് വാങ്ങിയത്, സ്വന്തമായി ജിം തുടങ്ങാൻ ആണെന്നാണ് ഇക്കയോട് പറഞ്ഞത് വൈഫിന്റെ സ്വർണം പണയം വെച്ചോ, വിറ്റോ ക്യാഷ് തിരികെ കൊടുക്കുവാനായിരുന്നു എന്റെ പ്ലാൻ, പക്ഷേ എനിക്ക് വന്ന വാട്സ്ആപ്പ് ചാറ്റുകൾ ഭാര്യ എപ്പോഴോ കണ്ടു, അതോടെ വഴക്കും പ്രശ്നങ്ങളുമായി, അവൾ പിണങ്ങി അവളുടെ വീട്ടിലേക്ക് പോയി, പലിശ എങ്ങനെയെങ്കിലുമൊക്കെ ഞാൻ ഒപ്പിച്ച് കൊടുക്കുമായിരുന്നു, ആറര ലക്ഷത്തോളം രൂപ വലിയ തുക ആയത് കൊണ്ട് ക്യാഷ് പെട്ടന്ന് തിരികെ വേണമെന്ന് ഇക്ക ആവശ്യപ്പെട്ടു, ഭാര്യയുടെ വീതം കിട്ടാനുണ്ട് എന്നൊക്കെ പറഞ്ഞായിരുന്നു ഞാൻ ഇക്കയുടെ കൈയിൽ നിന്ന് പണം വാങ്ങിയിരുന്നത്, ഭാര്യ പിണങ്ങി പോയത് അറിഞ്ഞതോടെ ഇക്ക ക്യാഷ് ഉടനെ വേണമെന്ന് നിർബന്ധം പിടിച്ചു, പല അവധികളും പറഞ്ഞു, അതൊക്കെ തെറ്റി, ഞായറാഴ്ച വൈകുന്നേരം ഞാൻ സിനിമക്കൊന്നും പോയില്ല സാറേ, വൈകുന്നേരം അവിടെ ഉണ്ടായ വഴക്ക് ഞാൻ കേട്ടു, അന്ന് കിട്ടിയ അഞ്ച് ലക്ഷം രൂപ എങ്ങനെയെങ്കിലും എടുക്കണമെന്ന് ഞാൻ തീരുമാനിച്ചു, അതിനുള്ള ഒരു പദ്ധതി പ്രകാരമാണ് ഞാൻ എട്ടര മണിക്ക് ഹമീദിക്കയുടെ വീട്ടിലേക്ക് പോയത്, അവിടെയെത്തി ഞാൻ ഇക്കയോട് ഒരു മാസത്തെ അവധി കൂടി ചോദിച്ചു, ആദ്യമൊന്നും ഇക്ക സമ്മതിച്ചില്ല, ഒടുവിൽ ഒരു മാസത്തെ കൂടി അവധി ഇനി തെറ്റാൻ പാടില്ല എന്ന നിബന്ധനയിൽ തന്നു.
നിങ്ങൾ ചെല്ലുമ്പോൾ ഹമീദ് എന്ത് ചെയ്യുകയായിരുന്നു?
ടിവിയിൽ സീരിയൽ കാണുകയായിരുന്നു സാറേ, ഞാൻ ഉച്ചയ്ക്ക് പുറത്ത് നിന്ന് കഴിച്ച ബിരിയാണി വയറിന് പ്രശ്നമായി എന്ന് പറഞ്ഞു ഇക്കയോട് ബാത്റൂം എവിടെയാണെന്ന് ചോദിച്ചു, അടുക്കളയോട് ചേർന്ന് ഒരു കോമൺ ബാത്‌റൂം ഉണ്ടായിരുന്നു, ഞാൻ പതിയെ അവിടേക്ക് പോയി, ഒന്ന് രണ്ട് മിനിറ്റ് അവിടെ നിന്നശേഷം തിരികെ ഹാളിൽ എത്തി, എനിക്ക് പുറം തിരിഞ്ഞായിരുന്നു ഇക്ക ടിവി കണ്ട് കൊണ്ടിരുന്നത്.
അയാൾക്ക് രാത്രി കണ്ണിന് കാഴ്ച ശക്തി കുറവല്ലേ, ആ സ്ഥിതിക്ക് ടിവിയൊക്കെ കാണാൻ പറ്റുമോ?
കാഴ്ച ശക്തി കുറവാണെന്ന് രാവുണ്ണി എന്നോട് പറഞ്ഞിട്ടുണ്ട്, ടിവി അത്ര വ്യക്തമായി കാണില്ലായിരിക്കും, പിന്നെ സംഭാഷണങ്ങൾ കേൾക്കാമല്ലോ,
എന്നിട്ട് നിങ്ങൾ എന്ത് ചെയ്തു?
ഹമീദിക്ക എന്നെ ശ്രദ്ധിക്കാതെ ടിവി.യിൽ മുഴുകിയിരിക്കുകയായിരുന്നുവെന്ന് മനസ്സിലായപ്പോൾ ഞാൻ സ്റ്റെയർകെയ്സ് വഴി നേരെ മുകളിലേക്ക് കയറി, എന്നിട്ട് മുൻവശത്തെ ബാൽക്കണിയിലെ ഡോറിന്റെ ടവർ ബോൾട്ട് താഴെയും, മേലെയും ഉള്ളത് തുറന്ന് വെച്ചു, എന്നിട്ട് ഹമീദിക്കയുടെ അടുത്തെത്തി വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ക്വാർട്ടേഴ്സിലേക്ക് മടങ്ങി പോയി.
എന്നിട്ട് നിങ്ങൾ അധികം താമസിയാതെ, അതായത് പത്ത് മണിയോടെ തന്നെ വീണ്ടും ബാൽക്കണി വഴി ഹമീദിന്റെ വീട്ടിൽ എത്തി അല്ലേ?
ഇല്ല സാർ എനിക്ക് ആ സമയത്ത് ഇങ്ങോട്ടേക്ക് വരുവാൻ പേടിയായിരുന്നു, ചിലപ്പോൾ പതിനൊന്നര, പന്ത്രണ്ട് മണി വരെയൊക്കെ ആകും ക്വാർട്ടേഴ്സിലെ ആളുകളൊക്കെ കിടക്കാൻ, അതിനാൽ ഞാൻ പുലർച്ചെ ഉള്ള സമയമാണ് വീട്ടിലേക്ക് കയറുവാനായി തിരഞ്ഞെടുത്തത്, രാവിലെ മൂന്ന് മണിക്ക് മൊബൈലിൽ അലാറം വെച്ച് പ്ലാവിന്റെ ചില്ലകൾ വഴി ഞാൻ ബാൽക്കണിയിലെത്തി തുറന്ന് കിടന്ന വാതിലിലൂടെ താഴെ ഹമീദിക്കയുടെ ബെഡ് റൂമിൽ എത്തി.
ഹമീദിന്റെ റൂമിൽ വെളിച്ചം ഉണ്ടായിരുന്നോ?
വെളിച്ചം എന്നൊന്നും പറയാൻ പറ്റില്ല സാറേ, ഒരു മഞ്ഞ നിറത്തിലുള്ള സീറോ വോൾട്ട് ബൾബ് കത്തി കിടക്കുന്നുണ്ടായിരുന്നു, ബെഡിൽ ഹമീദിക്ക മൂടിപ്പുതച്ച് കിടന്നുറങ്ങുന്നുണ്ടായിരുന്നു, അതോടെ എനിക്ക് പകുതി സമാധാനമായി, താക്കോൽ തലയണയുടെ സൈഡിൽ തന്നെ ഉണ്ടായിരുന്നു, താക്കോൽ എടുത്ത് അലമാര തുറന്ന് അത് മുഴുവൻ പരിശോധിച്ചിട്ടും അഞ്ച് ലക്ഷം രൂപ എനിക്ക് കണ്ടെത്താനായില്ല, അപ്പോഴാണ് എനിക്കാ കാര്യം ഓർമ്മ വന്നത്, ഞാൻ കൊടുത്ത ചെക്കും, നോട്ടും ഇവിടെയുണ്ടല്ലോ, അത് എടുത്ത് കൊണ്ട് പോയാൽ പിന്നെ എവിടെ നിന്നെങ്കിലും കാശ് മറിച്ച് ഇക്കയുടെ അടുത്ത് വരുമ്പോൾ അയാൾക്ക് ചെക്കും, നോട്ടും തിരികെ തരാൻ പറ്റില്ലല്ലോ, ആ സ്ഥിതിക്ക് ഞാൻ ക്യാഷ് മടക്കി കൊടുക്കേണ്ട കാര്യവുമില്ലല്ലോ,ഇക്ക എവിടെയെങ്കിലും ഓർമ്മയില്ലാതെ വെച്ച് നഷ്ടപ്പെട്ട് പോയതാണെന്ന് എനിക്ക് ധൈര്യപൂർവ്വം വാദിക്കാം, പൊതുവേ കണ്ണിന് കാഴ്ചയും കുറവാണല്ലോ, അപ്പോൾ എന്റെ കാര്യം സേഫ് ആയി, അതിൽ നിന്ന് ചെക്കും,നോട്ടും തപ്പിയെടുത്ത് ഞാൻ തിരികെ ബാൽക്കണിയിൽ കൂടി മരച്ചില്ല വഴി ക്വാർട്ടേഴ്സിലേക്ക് പോയി, ഇതാണ് നടന്നത്, അല്ലാതെ ഞാൻ ഇക്കയുടെ ദേഹത്ത് പോലും തൊട്ടിട്ടില്ല, എന്റെ ആവശ്യം ആദ്യം 5 ലക്ഷം രൂപയായിരുന്നു, അത് കിട്ടാതെ വന്നപ്പോൾ ഞാൻ ചെക്കും, നോട്ടും എടുത്തു, ഒരുപക്ഷേ 5 ലക്ഷം രൂപ എടുക്കുന്നതിനേക്കാൾ കൂടുതൽ നല്ലതായി പിന്നീട് എനിക്ക് തോന്നിയത് ചെക്കും, നോട്ടും എടുത്തതാണ്, ഒരാളെ കൊന്ന് ജയിലിൽ പോകാൻ മാത്രം അത്ര ബുദ്ധിശൂന്യൻ അല്ല സാറേ ഞാൻ, പണമോ, ചെക്കോ, നോട്ടോ മോഷ്ടിച്ചാൽ ഇത്രയ്ക്കിത്ര ശിക്ഷയല്ലേ ഉണ്ടാകു, ഒരാളെ കൊന്നാൽ അതല്ലല്ലോ സ്ഥിതി, വേളാങ്കണ്ണി മാതാവാണെ ഞാൻ പറഞ്ഞത് മുഴുവൻ സത്യമാണ്, ദയവ് ചെയ്ത് ചെക്കും, നോട്ടും എടുത്തതിന് എന്റെ പേരിൽ കേസ് എടുക്കരുത് സാറേ, അല്ലെങ്കിൽ തന്നെ ഞാനാ പെണ്ണ് കേസിൽ പെട്ട് കിടക്കുകയാണ്, ഇതും കൂടി അറിഞ്ഞാൽ ഭാര്യ അപ്പോൾ തന്നെ ഡൈവോഴ്സ് ചെയ്യും, എന്നെ ആ കേസിൽ നിന്ന് എങ്ങനെയെങ്കിലുമൊന്ന് രക്ഷപ്പെടുത്തി തരണം സാറെ, ഞാൻ സ്റ്റേഷനിൽ കംപ്ലൈന്റ് തരാൻ തയ്യാറാണ്.
എടോ ഏതെങ്കിലും ഒരു പെണ്ണ് വിളിച്ചാൽ ഓടി അവളുടെ വീട്ടിലേക്ക് പോകാൻ പാടുണ്ടോ, ഓരോന്ന് ഒപ്പിച്ച് വെച്ചിട്ട് പിന്നെ കിടന്ന് കരഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ, താനീ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ തന്നെ ചെക്ക് മോഷണ കേസിൽ നിന്നും, ആ പെണ്ണ് കേസിൽ നിന്നും ഞാൻ ഊരി തരാം.
ബെഞ്ചമിൻ മനുവിന് ഉറപ്പ് നൽകി,
അയ്യോ സാറേ ഞാൻ പറഞ്ഞത് സത്യമാണ്.
ഈ ക്വാർട്ടേഴ്സിലെ ആരെയെങ്കിലും തനിക്ക് സംശയമുണ്ടോ?
ഈ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എല്ലാവർക്കും ഹമീദിക്കയുമായി അടുപ്പവും, പരിചയവും ഉള്ളവരാണ് സാറേ, പെട്ടെന്നൊരു അത്യാവശ്യം കാശിനു വന്നാൽ അങ്ങേരുടെ അടുത്തേക്കാണ് എല്ലാവരും ഓടി ചെല്ലുന്നത്, എനിക്ക് ആരെയും സംശയമില്ല സാർ, വെറുതെ ഞാൻ ആരുടെയെങ്കിലും പേര് പറഞ്ഞിട്ട് അവരെ കൂടി എന്തിനാണ് കുഴപ്പത്തിൽ കൊണ്ട് ചെന്ന് ചാടിക്കുന്നത്, ഇവിടെ താമസിക്കുന്ന ആരും ഹമീദിക്കയെ കൊല്ലാനുള്ള സാധ്യത ഇല്ലെന്ന് തന്നെയാണ് എന്റെ അഭിപ്രായം.
കുഴപ്പങ്ങളിൽ നിന്ന് കുഴപ്പങ്ങളിലേക്ക് സഞ്ചരിക്കുന്ന ഒരു വേറിട്ട കേസാണ് ഇതെന്ന് ബെഞ്ചമിന് ബോധ്യമായി, ഹമീദിനെ കൊന്ന കൊലയാളി വീട്ടിൽ നിന്നും പോയ ശേഷം വ്യത്യസ്ത സമയങ്ങളിലായി നാലോളം പേരാണ് ഹമീദിന്റെ ബെഡ് റൂമിൽ കടന്നത്, ആ ദിവസം തന്നെ ആ നാല് പേരും വന്നത് വളരെ യാദൃശ്ചികമായിട്ടായിരുന്നു, റൂമിൽ കയറിയ ഒരാളു പോലും പരസ്പരം തമ്മിൽ കണ്ടിട്ടുമില്ല, അവർ വീട്ടിനുള്ളിൽ കയറിയത് വ്യത്യസ്ത സമയങ്ങളിൽ ആയിരുന്നു, അപ്പോൾ ആരായിരിക്കും യഥാർത്ഥ കൊലയാളി????
എന്തിനാണ് പണമോ,ചെക്കോ മോഷ്ടിക്കാതെ അയാൾ ഹമീദിനെ കൊന്നത്? ഡെമോക്ലസിന്റെ വാൾ പോലെ ആ ചോദ്യം ബെഞ്ചമിന്റെ ശിരസ്സിന്റെ മുകളിലായി തൂങ്ങി നിന്നു...
(തുടരും)