തുടർകഥ : അജ്ഞാത കൊലയാളി
രചന : എം.നിയാസ്
(ഭാഗം - 1)
"എടോ ബെഞ്ചമിൻ .. താനാ ടീവി ഒന്ന് സ്റ്റിൽ അടിച്ചെ" ടിവിയിൽ ഏതോ ഇംഗ്ലീഷ് പടം കണ്ട് കൊണ്ടിരുന്ന ബെഞ്ചമിനോട് ഷറഫുദ്ദീൻ പറഞ്ഞു.
മഴക്കാലമായത് കൊണ്ട് ഊട്ടി ട്രിപ്പ് അവർ ക്യാൻസൽ ചെയ്തിരുന്നു, അതുമല്ല ഈ സമയത്ത് വന്നാൽ സെമിത്തേരിയിൽ രാത്രി കഴിച്ച് കൂട്ടുവാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് അൻപ് സെൽവം സൂചിപ്പിച്ചതും ഊട്ടിക്ക് പോകാതിരുന്നതിന് ഒരു കാരണമായിരുന്നു.
"എന്തിനാ സാറേ പിക്ചർ പോസ് ചെയ്യാൻ പറഞ്ഞത്?"
"ഇത് എന്ത് വീടാണെടോ, റൗണ്ട് ടൈപ്പിലുള്ള മുൻ ഡോർ ഉള്ള ഒരു വീട്, ഞാൻ ആദ്യമായിട്ടാണ് കാണുന്നത്, ഇനി താൻ ഫിലിം വെച്ചോളൂ"
ബെഞ്ചമിനൊപ്പം ഷറഫുദ്ദീനും സ്ക്രീനിലേക്ക് കണ്ണും നട്ട് ഇരുന്നു. കുറച്ച് ഭാഗങ്ങൾ കൂടി കണ്ട് കഴിഞ്ഞപ്പോൾ ഷറഫുദ്ദീൻ പറഞ്ഞു "എന്തൊരു ഭംഗിയുള്ള സ്ഥലമാണ് ബെഞ്ചമിൻ ആ സിനിമയിലേത്, കുന്നിൻ മുകളിൽ ഒരു പ്രത്യേക തരം ഭംഗിയുള്ള വീട്, മനോഹരമായ പൂന്തോട്ടം, കുറച്ച് താഴെയായി ചെറിയ ഒരു അരുവി, ഇത്രയ്ക്കും ഭംഗിയുള്ള സ്ഥലങ്ങളൊക്കെ ഉണ്ട് അല്ലേ??
ഇത് ഏതാണ് ബെഞ്ചമിൻ സ്ഥലം?"
"ഇത് ന്യൂസിലാൻഡ് ആണ് സാറേ, നമ്മൾ ഇപ്പോൾ കണ്ട് കൊണ്ടിരിക്കുന്നത്, ഹോബിറ്റ് എന്ന സിനിമയുടെ ആദ്യ ഭാഗം ആണ്, Hobit the unexpected journey, The desolation of smaug, The battle of five armies എന്നിങ്ങനെ മൂന്ന് പാർട്ടുകളാണ് ആ സിനിമയ്ക്ക് ഉള്ളത്, എല്ലാ പാർട്ടും ഒന്നിനൊന്ന് മെച്ചമാണ്, കമ്പ്യൂട്ടർ ഗ്രാഫിക്സ് ഒക്കെ വളരെ മികച്ച രീതിയിലാണ് ചെയ്ത് വെച്ചിരിക്കുന്നത്, ഇതൊക്കെ അവർ സെറ്റ് ഇട്ടതാണ്"...
"എന്തായാലും ആ വീടും അതിനകത്തുള്ള മുറികളും, ഫർണിച്ചറുകളുമൊക്കെ വളരെ ഭംഗിയുണ്ട്, തനിക്ക് വയനാട്ടിൽ ഇങ്ങനെയൊരു വീട് വെച്ച് കൂടെ, തനിക്ക് കാശിനൊന്നും ഒരു ബുദ്ധിമുട്ട് ഇല്ലാത്ത ആളല്ലേ"...
"എന്റെ മനസ്സിലും ആദ്യം ഈ ഫിലിം കാണുമ്പോൾ അങ്ങനെയൊരു പ്ലാൻ തോന്നിയിരുന്നു സാറേ, ഒന്നോ, രണ്ടോ ഏക്കർ വരുന്ന ഒരു ഉയർന്ന പ്രദേശം മേടിച്ചിട്ട് ഇങ്ങനെത്തെ ടൈപ്പിലൊരു വീട് വെക്കണമെന്ന്, ഒന്ന്, രണ്ട് വർഷം കൊണ്ട് നമ്മൾ ഉദ്ദേശിക്കുന്ന തരത്തിൽ ഗാർഡനൊക്കെ ചെയ്ത് സെറ്റ് ആക്കിയെടുക്കാൻ പറ്റും, റിട്ടയർമെന്റിന് ശേഷം നല്ല കുറെ പുസ്തകങ്ങളും, ടിവി കാണലുമൊക്കെ യായി വാർദ്ധക്യ കാലം അവിടെ അങ്ങനെ സ്വസ്ഥ മായി കഴിച്ചു കൂട്ടണം, ഒച്ചപ്പാടുകളിലും, ബഹളങ്ങ ളിലും, തിരക്കുകളിലും നിന്നും വിട്ടൊരു സമാധാന പരമായ ജീവിതം."
"ഓ അപ്പോൾ തനിക്കിത് ഇപ്പോഴൊന്നും വെക്കാനുള്ള പരിപാടിയൊന്നുമില്ല അല്ലേ, തനിക്ക് റിട്ടയർമെന്റ് ഒക്കെയാകുമ്പോൾ ഞാനൊക്കെ ഉണ്ടാവുമോ എന്തോ !!!!!
ഷറഫുദ്ദീന്റെ ശബ്ദത്തിൽ നിരാശ ഉണ്ടായിരുന്നു.
"സാറ് വിഷമിക്കേണ്ട, വയനാട്ടിൽ എവിടെയെങ്കിലും ഇത്തരത്തിലുള്ള കുന്നോ ഉയർന്ന പ്രദേശമോ ഉണ്ടെങ്കിൽ നമുക്ക് വാങ്ങാം, എന്നിട്ട് ഇതേ പോലൊരു വീട് പണി കഴിപ്പിക്കുകയും ചെയ്യാം, സാറൊരു കാര്യം ചെയ്യ് ഏതെങ്കിലും ബ്രോക്കർമാരെ സ്ഥലം നോക്കാനായി ഏൽപ്പിക്ക്, ഇങ്ങനെ ഒരു പ്രോപ്പർട്ടി ആക്കിയ ശേഷം ശനി, ഞായർ ദിവസങ്ങളിൽ നമുക്ക് അവിടെ ചിലവഴിക്കാം, വൈത്തിരിയോ, മേപ്പാടിയോ ആവും കുറച്ച് കൂടി നല്ലത്, അതിൽ തന്നെ വൈത്തിരിയാണ് എന്റെ ഫസ്റ്റ് ചോയ്സ്, അവിടെ മഴ പെയ്ത് കഴിയുമ്പോൾ കോട താഴേക്ക് ഇറങ്ങിവരുന്ന ഒരു കാഴ്ചയുണ്ട്, എന്തൊരു ഭംഗിയുള്ള കാഴ്ചയാണെന്നോ അത്, കുന്നിൻ മുകളിലുള്ള വീടും, പല നിറങ്ങളിലുള്ള പൂക്കൾ നിറഞ്ഞ പൂന്തോട്ടവും, റംബൂട്ടാനും, ലിച്ചിയും, മാവും, പ്ലാവും, ചാമ്പയും അങ്ങനെ നിരവധി ഫലവൃക്ഷങ്ങളും ഉൾപ്പെട്ട ഒരു തോട്ടവും, പച്ച പുതപ്പണിഞ്ഞ പുൽമേടുകളും ഒക്കെ കൂടി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആംബിയൻസ് ആയിരിക്കും അവിടെ, നവംബർ, ഡിസംബർ മാസങ്ങളിൽ രാത്രി പെയ്തിറങ്ങുന്ന മഞ്ഞ് ലോണിലെ പുല്ലുകളിൽ നനവ് സൃഷ്ടിച്ചത് വെയിൽ അടിക്കുമ്പോൾ തിളങ്ങുന്നത് നോക്കി നിൽക്കാൻ തന്നെ എന്തൊരു രസമാണ്.
ഒരു പ്രശ്നം എന്താണെന്ന് വെച്ചാൽ വൈത്തിരിയിൽ സ്ഥലത്തിന് വിലക്കൂടുതലാണ്, പിന്നെ പഞ്ചായത്തിന്റെ കെട്ടിട നിർമ്മാണങ്ങളിൽ റെസ്ട്രിക്ഷൻസ് കൂടുതൽ ഉള്ള ഒരു ഏരിയ കൂടിയാണ്. വൈത്തിരി, നോക്കിയും കണ്ടും സ്ഥലം എടുത്തില്ലെങ്കിൽ പണി കിട്ടും, ചിലപ്പോൾ കെട്ടിടം നിർമ്മിക്കാനുള്ള അനുമതി പോലും ലഭിക്കാത്ത സ്ഥലം ആയിരിക്കും കിട്ടുക, റെഡ് സോണും, കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിക്കാത്ത ചെരിവും ഒക്കെ അടങ്ങിയ ഒരു ഭൂപ്രകൃതിയാണ് അവിടെ ...
"അതൊക്കെ വില്ലേജിൽ പോയി തിരക്കിയാൽ തീരുന്ന കാര്യമല്ലേയുള്ളൂ ബെഞ്ചമിൻ, ഞാനെന്തായാലും നാളെ തന്നെ സ്ഥലം നോക്കാനുള്ള ഏർപ്പാടുകൾ ചെയ്യാൻ പോവുകയാണ്" ...
"സാർ നോക്കിക്കോ നല്ല സ്ഥലമാണെങ്കിൽ നമുക്ക് പെട്ടെന്ന് തന്നെ വാങ്ങാം"
"ആ സിനിമയിലെ പൊക്കം കുറഞ്ഞ മനുഷ്യന്റെ വീടാണത് അല്ലേ?" സിനിമയിലെ ഉയരം കുറഞ്ഞ നായകനെ ചൂണ്ടിക്കാട്ടി കൊണ്ട് ഷറഫുദ്ദീൻ ചോദിച്ചു
"ഇതൊരു വളരെ പഴയ കാലത്തെ കഥ പറയുന്ന ചിത്രമാണ്, തീ തുപ്പുന്ന ഡ്രാഗണുകളൊക്കെ ഭൂമിയിൽ ഉണ്ടായിരുന്ന കാലത്തെ കഥയാണ് സിനിമ, സിനിമയുടെ പേര് സൂചിപ്പിക്കുന്നത് ഹോബിറ്റ് എന്ന വിഭാഗത്തെയാണ്, കഴിഞ്ഞ നിരവധി ലക്ഷം വർഷങ്ങളിലായി പല ശാഖകളിലായി പിരിഞ്ഞ ഒന്നാണ് ഹോമിനിൻ കുടുംബ വൃക്ഷമെന്ന് നരവംശ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്, (Hominin family tree) പല കാലഘട്ടങ്ങളിലായി മനുഷ്യരെ പോലെയോ മനുഷ്യ സദൃശ്യമോ ആയി ഈ ഭൂമുഖത്ത് നിറഞ്ഞാടിയ ആൾക്കൂട്ടങ്ങളിൽ നിന്ന് എന്ത് കൊണ്ട് നമ്മുടെ കൂട്ടർക്ക് മാത്രം, എന്ന് വെച്ചാൽ ഇപ്പോഴുള്ള മനുഷ്യവിഭാഗം, ഇന്ന് കാണപ്പെടുന്ന അനന്യത കൈ വരിക്കാനായി, നമുക്കിന്ന് ആകെ കിട്ടിയിട്ടുള്ളത് അവയുടെ ഫോസിൽ തെളിവുകളും, അവർ എല്ലായിടത്തും അവശേഷിപ്പിച്ച കല്ലുപകരണങ്ങളും മാത്രമാണ്, അവരുടെ പെരുമാറ്റ രീതികളും, മനസ്സും എങ്ങനെയായിരുന്നു എന്നത് നമുക്ക് അറിയില്ല, അടുത്തിടെ വംശനാശം സംഭവിച്ച നമ്മുടെ കസിനുകൾ ആയ നീയാണ്ടർത്താൽ മനുഷ്യനെ സംബന്ധിച്ചുള്ള നിഗൂഢതകൾ അനാവരണം ചെയ്യാനാണ് നമുക്ക് അവസരം കൂടുതലും കിട്ടിയിട്ടുള്ളത്, ഏതാണ്ട് മുപ്പതിനായിരം വർഷങ്ങൾക്ക് മുൻപ് നിയണ്ടർത്താൽ മനുഷ്യരും എന്നെന്നേക്കുമായി ഈ ഭൂമുഖത്ത് വിട്ട് അപ്രത്യക്ഷമായി, ഈ സിനിമയിലെ നായക കഥാപാത്രമായ ഹോബിറ്റുകളെ കുറിച്ച് പറഞ്ഞാൽ അങ്ങകലെ ആൾപ്പാർപ്പില്ലാത്ത ഇല്ലാത്ത ജാവാ ദ്വീപുകളിൽ ആണ് അവർ താമസിച്ചിരുന്നത്, കൃത്യമായി പറഞ്ഞാൽ കേവലം മൂന്നടി വലുപ്പം മാത്രമാണ് അവർക്ക് ഉണ്ടായിരുന്നത്, അവരും മൺമറഞ്ഞിട്ട് ഏറെക്കാലമൊന്നും ആയിട്ടില്ല, അത്യാവശ്യം ആസൂത്രണ വൈഭവവും, സമുദ്ര സഞ്ചാരവും നടത്താനുള്ള ദീർഘദൃഷ്ടിയും, ശേഷിയും അവർ കൈ വരിച്ചിരുന്നു ഇതൊക്കെയായിട്ടും അവരുടെ തലച്ചോറിന് മനുഷ്യ മസ്തിഷ്കത്തിന്റെ മൂന്നിലൊന്ന് വലിപ്പമേ ഉണ്ടായിരുന്നുള്ളൂ അതായത് ഒരു ചിമ്പാൻസിയുടെ മസ്തിഷ്കത്തിലും കുറഞ്ഞ വലിപ്പം, ഞാൻ നേരത്തെ സാറിനോട് ഇത് സംബന്ധിച്ചിട്ടുള്ള വിവരങ്ങൾ പറഞ്ഞിരുന്നു എന്ന് തോന്നുന്നു, മനുഷ്യ മസ്തിഷ്കം ദ്രുത ഗതിയിൽ പരിണമിച്ച് കൊണ്ടിരിക്കുകയാ ണെന്ന്."
"എടോ ഈ വയസ്സാം കാലത്ത് എനിക്ക് ഇതൊക്കെ അറിഞ്ഞിട്ട് എന്താണ് കാര്യം, താൻ മനുഷ്യന് മനസ്സിലാകുന്ന വേറെയെന്തെങ്കിലും കാര്യം പറ, ഒരു മിനിറ്റ് ഞാനിപ്പോൾ വരാം"
ഷറഫുദ്ദീൻ പെട്ടെന്ന് അകത്തേക്ക് പോയി, അടുക്കളയിലെ അലമാരയിൽ വച്ചിരുന്ന മദ്യ ക്കുപ്പിയും ആയിട്ട് വന്നു, രണ്ട് പേരും ഓരോ പെഗ്ഗ് കഴിച്ചു,
"ചിലതൊക്കെ നമ്മൾ അറിഞ്ഞിരിക്കേണ്ടത് അല്ലേ സാർ, മസ്തിഷ്കമെന്ന് പറയുന്നത് നമ്മളുടെ മനസ്സ് തന്നെയാണ്, മസ്തിഷ്കം പറയുന്നതാണ് നമ്മൾ ചെയ്യുന്നത്, ഒരു ഉദാഹരണം പറയാം മായിക കരചരണങ്ങൾ (Phantom limbs) എന്ന മനോ പ്രതിഭാസത്തെ കുറിച്ച് ഡോക്ടർ രാമചന്ദ്രൻ നടത്തിയ ഗവേഷണം വളരെ ശ്രദ്ധ പിടിച്ച് പറ്റിയ ഒന്നാണ്, എന്റെ ഒരു കൈ മുറിച്ച് മാറ്റിയാലും എന്റെ മസ്തിഷ്കം അത് അറിയില്ല, എന്റെ കൈ സേഫ് ആയ നിലയിലാണ് എന്നാണ് മസ്തിഷ്കം കരുതുക, ആ ധാരണയിൽ കയ്യിലേക്ക് മസ്തിഷ്കം നിരന്തരമായി സിഗ്നലുകൾ അയക്കുന്നു, അയച്ച സിഗ്നലുകൾക്ക് മറുപടി കിട്ടാതെ വരുമ്പോൾ കൈ നേരെ പ്രവർത്തിക്കുന്നില്ല എന്ന ധാരണയാണ് മസ്തിഷ്കത്തിന് ഉണ്ടാവുക, അങ്ങനെ കൈ ഏറെനേരം പ്രതികരിക്കാതിരുന്നാൽ മസ്തിഷ്കം വേദന നിർമ്മിച്ച് അതിനെ ചലിപ്പിക്കാൻ നോക്കും,അങ്ങനെ കൈ മുറിച്ച് മാറ്റിയ ഭാഗത്ത് വേദന അനുഭവപ്പെടും, ഇങ്ങനെ വേദന അനുഭവപ്പെടാതിരിക്കാനുള്ള ഒരു പോംവഴിയാണ് ഡോക്ടർ കണ്ടെത്തിയത്, ദർപ്പണ പ്പെട്ടി (Mirror box) എന്ന സിദ്ധാന്തമാണ് ഡോക്ടർ മുന്നോട്ട് വെച്ചത്"..
"എടൊ ഈ വൈകുന്നേരം രണ്ടെണ്ണം അടിക്കുന്നത് ഒരു സമാധാനം കിട്ടാനാണ്, താനീ മസ്തിഷ്കത്തിന്റെ കഥയും പറഞ്ഞ് ഉള്ള മൂഡ് കൂടി കളയല്ലേ, ഇതൊക്കെ കേൾക്കാൻ താല്പര്യം ഉള്ള വേറെ ആരോടെങ്കിലും പറയുന്നതല്ലേ നല്ലത്" ..
അതോടെ ബെഞ്ചമിൻ ആ സംസാരം അവിടെ നിർത്തി, കേൾക്കാൻ താല്പര്യമില്ലാത്ത ആളോട് പറഞ്ഞിട്ടെന്ത് കാര്യം???
"ആ ബെഞ്ചമിൻ ഞാനൊരു കാര്യം ചോദിക്കട്ടെ, അന്നത് ചോദിക്കണമെന്ന് എന്റെ മനസ്സിലുണ്ടായിരുന്നു, പിന്നെയെപ്പൊഴോ ഞാനത് മറന്ന് പോയി, നസിയക്ക് ഷാഹുൽ ചിലപ്പോൾ തന്നെ കൊലപ്പെടുത്തിയേക്കും എന്ന ബോധ്യം ഉണ്ടായിട്ടും എന്തിനാണ് നസിയ ഒറ്റയ്ക്ക് ആളൊഴിഞ്ഞ ആ വീട്ടിലേക്ക് പോയത്, ബുദ്ധിമതിയായ അവൾ മണ്ടത്തരം അല്ലേ കാണിച്ചത്?"
"ഷാഹുൽ നേരിട്ട് തന്നെ ആക്രമിക്കില്ല എന്നൊരു തോന്നൽ നസിയക്ക് ഉണ്ടായിരിക്കും, അവളുടെ ലെറ്ററിൽ തന്നെ പറയുന്നുണ്ടല്ലോ ??? ഒരു വാടക കൊലയാളി വഴിയോ, ആക്സിഡന്റ് മൂലമോ താൻ മരണപ്പെട്ടേക്കാമെന്ന്, ഇത്രയും സമ്പന്നനായ ഷാഹുൽ അങ്ങനെയൊരു കൃത്യം ഒരിക്കലും ചെയ്യില്ല എന്ന് നസിയ കണക്ക് കൂട്ടി കാണും, പോരാത്തതിന് കൂടെ ഡ്രൈവറും ഉണ്ടല്ലോ, ഒരുപക്ഷെ നസിയയെ കൊല്ലണമെന്ന ഉദ്ദേശം ഷാഹുലിനും ഉണ്ടായിരുന്നിരിക്കില്ല, ഒരു ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് ആണ് ആ കാര്യത്തിൽ നമുക്കുള്ളത്, കത്തി കാണിച്ച് ഭയപ്പെടുത്തുക എന്ന ഒരു ഉദ്ദേശം മാത്രമായിരിക്കും ഷാഹുലിന് ആരംഭത്തിൽ ഉണ്ടായിരുന്നിരിക്കുക, പിന്നീട് വഴക്കിനിടയിൽ കാര്യങ്ങൾ കൈവിട്ട് പോയതാവും.."
"എനിക്കങ്ങനെ തോന്നുന്നില്ല ബെഞ്ചമിൻ, നസിയ ജീവിച്ചിരിക്കുന്നത് ഷാഹുലിന് ഒരു ഭീഷണി തന്നെയാണ്, എപ്പോഴാണ് അവൾ ആ വിവരങ്ങൾ പുറം ലോകത്തെ അറിയിക്കുക എന്നത് അറിയില്ലല്ലോ, അത് കൊണ്ട് അവളെ കൊല്ലണമെന്ന ഉദ്ദേശത്തോട് കൂടി തന്നെയായിരിക്കും ഷാഹുൽ അവിടെ പോയിട്ടുണ്ടാവുക, പോരാത്തതിന് ഡ്രൈവർ മനാഫിനെ തെറ്റിദ്ധരിപ്പിക്കുവാൻ ഒരു കള്ളക്കഥയും അയാൾ പറഞ്ഞിരുന്നല്ലോ, തന്റെ യജമാനന് വേണ്ടി കുറ്റമേൽക്കാൻ മനാഫ് തയ്യാറായിരുന്നല്ലോ, ഒടുവിൽ സൈറയെ ഷാഹുൽ മനപൂർവ്വം കൊന്നതാണെന്ന വിവരം അറിഞ്ഞപ്പോൾ മാത്രമാണല്ലോ അയാൾ വിവരങ്ങൾ തുറന്ന് പറയാൻ തയ്യാറായത്"
"അതല്ലേ ഞാൻ സാറിനോട് പറഞ്ഞത്, മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ പല വിധത്തിലാണെന്ന്, വളരെ മോശമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെയും, സ്ഥിരം കുറ്റവാളികളുടെയും ജനിതക വസ്തുക്കളുടെ ഉറവിടമായ ക്രോമസോമുകളിൽ, ചില പ്രത്യേകതകൾ കാണപ്പെടാറുണ്ട്, അതായത് കുറ്റവാസന ജന്മ വാസനയാണത്രേ" അങ്ങനെയുള്ള വാദപ്രതിവാദങ്ങളും, നുറുങ്ങ് തമാശകളുമൊക്കെയായി ആ രാത്രി കടന്ന് പോയി. പിറ്റേ ദിവസം ഞായറാഴ്ച ആയത് കൊണ്ട് അവർ കുറച്ച് വൈകിയാണ് എഴുന്നേറ്റത്, രാവിലെ വീടിന് പറ്റിയ സ്ഥലം നോക്കുവാനായി മൊത്തത്തിൽ ഒന്ന് ചുറ്റിക്കറങ്ങി, കളയാമെന്നവർ പ്ലാൻ ചെയ്തിരുന്നു, ഉദ്ദേശിച്ച സ്ഥലമെങ്ങാനും കറക്കത്തിനിടയിൽ കണ്ട് കിട്ടിയാലോ, പ്രഭാത ഭക്ഷണം കഴിച്ചവർ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് സാജന്റെ ഫോൺ കോൾ വരുന്നത്, ഈ ഞായറാഴ്ച എന്തിനായിരിക്കുമോ സാജൻ വിളിക്കുന്നത്??? അത്ര അത്യാവശ്യമുള്ള കാര്യമല്ലെങ്കിൽ സാജൻ അങ്ങനെ ഫോൺ ചെയ്ത് ബുദ്ധിമുട്ടിക്കാറില്ല, സാജനുമായി സംസാരിച്ച ശേഷം വിവരങ്ങൾ ബെഞ്ചമിൻ ഷറഫുദ്ദീനോട് പറഞ്ഞു ..,
"സാറേ നമ്മുടെ സ്റ്റേഷൻ പരിധിയിൽ ഒരു മരണം നടന്നിട്ടുണ്ട്, കുറച്ച് പ്രായമായ ആളാണെന്നാണ് സാജൻ പറഞ്ഞത്, മരിച്ച നിലയിൽ ബെഡ് റൂമിൽ രാവിലെ കണ്ടെത്തുകയായിരുന്നു, ബന്ധുക്കൾക്ക് ആ കിടപ്പിൽ എന്തോ സംശയം തോന്നിയിട്ട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു, കണ്ടിട്ട് ആ വൃദ്ധനെയാരോ ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് സാജന്റെ സംശയം, നമ്മളോട് പെട്ടന്ന് അങ്ങോട്ടൊന്ന് ചെല്ലുവാൻ പറഞ്ഞു, സ്ഥലം നോക്കലും,വീട് വെക്കലുമൊക്കെ അങ്ങനെ സ്വാഹ ആയി, ഇന്നത്തെ ദിവസം തന്നെയാണല്ലോ ഇയാൾക്കൊക്കെ മരിക്കാൻ തോന്നിയത്, അങ്ങനെയുള്ള ചിന്തകൾ ഷറഫുദ്ദീന്റെ മനസ്സിലൂടെ കടന്ന് പോയി.
"സാർ എന്താണ് ആലോചിക്കുന്നത്, നമുക്ക് സ്ഥലം നാളെ പോയി നോക്കാം, ഇപ്പോൾ അങ്ങോട്ട് പോകാം അല്ലേ???
അതിന് മറുപടിയൊന്നും പറയാതെ ഷറഫുദ്ദീൻ പുറത്തേക്ക് നടന്നു, സിനിമയിൽ കണ്ട വീടും, പരിസരവുമൊക്കെ അയാളെ അത്രയേറെ ആകർഷിച്ചിരുന്നു, പ്രസന്നമായ അന്തരീക്ഷമായിരുന്നു രാവിലെ, കാറിൽ അവർ രണ്ട് പേരും സംഭവ സ്ഥലത്തേക്ക് തിരിച്ചു.
"തലവേദന പിടിച്ച എന്തെങ്കിലും സംഭവം ആകുമോ ബെഞ്ചമിൻ ഇത്,?"
"ചിലപ്പോൾ സാജന് അങ്ങനെയൊക്കെ തോന്നിയതാവും സാറേ, ഉറക്കത്തിൽ അറ്റാക്ക് വന്നായിരിക്കും, ഒരുപക്ഷെ അയാൾ മരിച്ചിട്ടുണ്ടാവുക, എന്റെ മനസ്സിൽ അങ്ങനെയാണ് തോന്നുന്നത്"
അങ്ങനെ മനസ്സിൽ വിചാരിച്ച് കൊണ്ട് ബെഞ്ചമിൻ മുന്നോട്ടേയ്ക്ക് കാർ എടുത്തു.
നമ്മൾ മനസ്സിൽ വിചാരിക്കുന്നത് പോലെ തന്നെയെല്ലാം നടക്കണമെന്നില്ലല്ലോ,അങ്ങനെയൊരു സങ്കീർണമായ ഒരു കേസ് ആയിരുന്നു അവിടെ അവരെയും കാത്തിരുന്നത്...
(തുടരും)