തുടർകഥ : അജ്ഞാത കൊലയാളി
രചന : എം.നിയാസ്
(ഭാഗം - 6)
ഹമീദിന്റെ വീടിന് നേരെ ഓപ്പോസിറ്റ് ആയി കണ്ട ഒരു പുതിയ രണ്ട് നില ബിൽഡിങ് ആയിരുന്നു ബെഞ്ചമിന്റെ ശ്രദ്ധയിൽ പെട്ടന്ന് പതിഞ്ഞത്, ആ ബിൽഡിങ്ങിന്റെ താഴെയുള്ള നില മെഡിക്കലിന്റെ ഹോൾസെയിൽ ഷോപ്പ് ആയിരുന്നു, ആ ബിൽഡിങ്ങിൽ ആ ഒരു ഷോപ്പ് മാത്രമേ ഓപ്പൺ ആയിട്ടുണ്ടായിരുന്നു, ബാക്കിയൊക്കെ കാലിയായി കിടക്കുകയാണ്, കണ്ടിട്ട് പുതിയതായി ആരംഭിച്ചതാണെന്ന് തോന്നുന്നു, ഷോപ്പിന്റെ മുന്നിൽ പിടിപ്പിച്ചിട്ടുള്ള ഒരു സി.സി.ടിവി ക്യാമറ ഹമീദിന്റെ വീട്ടിലേക്കും കൂടി കാഴ്ച പതിയും വിധമായിരുന്നു പൊസിഷൻ സെറ്റ് ചെയ്തിരുന്നത്, അപ്പോൾ തീർച്ചയായും ഇന്നലെ പകലും, രാത്രിയുമായി ഈ വീട്ടിനുള്ളിൽ ആരൊക്കെയാണ് വന്നതെന്ന് ആ സി.സി. ടിവി ക്യാമറയിൽ ഉറപ്പായും പതിഞ്ഞ് കാണുമല്ലോ, ഞായറാഴ്ച ആയതിനാൽ ഷോപ്പ് അടച്ചിട്ടിരിക്കുകയായിരുന്നു, ബെഞ്ചമിൻ അപ്പോൾ തന്നെ സാജനെ വിളിച്ച് മെഡിക്കൽ ഷോപ്പിന്റെ ഉടമ ആരാണെന്ന് കണ്ടെത്തുവാനും, സി.സി.ടിവി ദൃശ്യങ്ങൾ ഇന്ന് തന്നെ എടുക്കാനുമുള്ള നിർദ്ദേശങ്ങൾ നൽകി, ഞായറാഴ്ച രാവിലെ സ്ഥലം നോക്കാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നത് കൊണ്ട് ഉച്ച ഭക്ഷണമൊന്നും വീട്ടിൽ തയ്യാറാക്കിയിരുന്നില്ല, അതിനാൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം അവർ വീട്ടിലേക്ക് തിരിച്ച് പോയി, പതിവ് പോലെ ഭക്ഷണവും കഴിഞ്ഞവർ ഉറങ്ങാൻ പോയി, അഞ്ച് മണിയോടെ ടൗണിൽ എത്തിയ ബെഞ്ചമിനും, ഷറഫുദ്ദീനും വീട്ടാവശ്യങ്ങൾക്കുള്ള സാധനങ്ങളും വാങ്ങി 7 മണിയോടെ തിരികെ വീട്ടിലെത്തി, അപ്പോഴേക്കും ഹാരിസും എത്തി, പതിവ് കലാ പരിപാടികൾക്കിടയിൽ അന്ന് നടന്ന മരണത്തെ കുറിച്ച് ഹാരിസിനോട് ബെഞ്ചമിൻ വിശദീകരിച്ചു ..
" അല്ല ബെഞ്ചമിൻ .. താനാ ആദിൽ പറഞ്ഞ കഥയെല്ലാം വിശ്വസിച്ചു എന്ന് തോന്നുന്നല്ലോ, അങ്ങനെയാണല്ലോ തന്റെ സംസാരത്തിൽ നിന്നും എനിക്ക് വ്യക്തമായത്, ആദിൽ സെക്കൻഡ് ഷോയ്ക്ക് പോയി 12 മണിയോടെയാണ്, ഹമീദിന്റെ വീട്ടിൽ എത്തിച്ചേർന്നത് എന്നൊക്കെയാണല്ലോ അയാൾ പറഞ്ഞത്, ഒരുപക്ഷേ അയാൾ സിനിമയ്ക്ക് പോകാതെ ഒരു പത്ത് മണിയോടെ തന്നെ റൂമിൽ എത്തി ഹമീദിനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം പോയതായിരിക്കുമോ??? എന്നിട്ട് നമ്മളോട് 12 മണി കഴിഞ്ഞാണ് അവിടെ വന്നതെന്ന് ഒരു കള്ളക്കഥ ഉണ്ടാക്കിയ താവം, പോസ്റ്റുമാർട്ടം പരിശോധനയിൽ സമയം അറിയാൻ പറ്റുമല്ലോ, അപ്പോൾ തനിക്ക് മുമ്പേ വന്ന ആരോ ആണ് ഹമീദിനെ കൊലപ്പെടുത്തിയതെന്ന് സ്ഥാപിക്കാൻ വേണ്ടിയാവും അയാൾ അങ്ങനെയൊക്കെ പറഞ്ഞത്, താനേതായാലും നാളെ അയാളെ ഫോണിൽ വിളിച്ചു ഏത് സിനിമയാണ് കണ്ടത്? ടിക്കറ്റ് തന്റെ കയ്യിൽ ഉണ്ടോയെന്ന് വെറുതെ ചോദിച്ച് നോക്ക്, അങ്ങനെയൊരു ഡൗട്ട് ഉണ്ടെങ്കിൽ അത് ക്ലിയർ ചെയ്യാൻ പറ്റുമല്ലോ ...
അതിൽ വലിയ കാര്യമൊന്നുമില്ല സാറേ ..., ടിക്കറ്റ് എടുത്ത് സിനിമ തുടങ്ങി അരമണിക്കൂർ കഴിഞ്ഞ് ഇറങ്ങി വരാമല്ലോ, ആരുമങ്ങനെ അതൊന്നും ശ്രദ്ധിക്കാൻ പോകുന്നില്ല, ഫോൺ വിളിക്കാനോ, ബാത്റൂമിൽ പോയതായോ എന്നേ മറ്റുള്ളവർ കരുതു, സിനിമയിൽ മുഴുകി ഇരിക്കുന്നതിനാൽ അയാളുടെ അസാന്നിധ്യം തന്നെ ആരും ശ്രദ്ധിക്കാനും പോകുന്നില്ല, അപ്പോൾ വളരെ ഈസിയായി അയാൾക്ക് കണ്ടതാണെന്ന് പറഞ്ഞ് ഷോയുടെ ടിക്കറ്റ് കാണിക്കാൻ പറ്റും, അല്ലെങ്കിൽ പിന്നെ തീയറ്ററിനുള്ളിലെ ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കേണ്ടി വരും, പിന്നെ അയാൾ പറഞ്ഞ കാര്യങ്ങൾ ഒന്നും ഞാൻ പൂർണമായി വിശ്വസിച്ചിട്ടില്ല, ഒന്നാമത് നമുക്ക് പോസ്റ്റുമാർട്ടം റിപ്പോർട്ടും, ഫോറൻസിക്ക് റിപ്പോർട്ടും ഒന്നും തന്നെ കിട്ടിയിട്ടില്ല, അവയൊക്കെ കിട്ടിയാൽ മാത്രമേ ഈ കേസിനെ പറ്റിയുള്ള ഒരു ഏകദേശ രൂപം നമുക്ക് മനസ്സിൽ ഉരുത്തിരിഞ്ഞ് വരികയുള്ളൂ, ആദിൽ തന്നെ പറയുന്നുണ്ടല്ലോ രാവിലെ മാമന്റെ ബോഡി കണ്ടിട്ട് സംശയം തോന്നിയിട്ട് അയാളാണ് പോലീസിൽ വിവരം അറിയിച്ചതെന്ന്, അയാളാണ് കൊലപ്പെടുത്തിയതെങ്കിൽ അങ്ങനെ ഒരു വാർത്ത പോലീസിൽ അറിയിക്കാൻ നിൽക്കുമോ എന്നാണ് അയാളുടെ വാദം, ഒരുപക്ഷേ ബോഡി കണ്ടിട്ട് മറ്റാർക്കെങ്കിലും ഇതൊരു കൊലപാതകം ആണെന്ന് തോന്നിയാലോ? അതിന് മുമ്പ് താൻ തന്നെ ആ പോലീസിൽ വിവരം അറിയിക്കുന്നതാണ് ബുദ്ധി എന്ന് കരുതിയാവും അയാൾ ഉടനെ തന്നെ പോലീസിൽ ഫോൺ ചെയ്ത് വിവരമറിയിച്ചത്, തന്റെ മേലുള്ള സംശയം മാറി കിട്ടാൻ അത് കൊണ്ട് സാധിക്കുമല്ലോ, ആദിൽ തലയിണക്കടിയിൽ നിന്ന് താക്കോൽ എടുത്തപ്പോൾ ഹമീദ് ഒരുപക്ഷേ അറിഞ്ഞ് കാണില്ല, പിന്നീട് അലമാരയിൽ ആധാരം പരിശോധിച്ച് കൊണ്ടിരിക്കുമ്പോഴാവും ഹമീദ് ഉണർന്നിട്ടുണ്ടാവുക,
തന്റെ സംസാരത്തിനിടയിൽ ആദിൽ പറയുന്നുണ്ടല്ലോ മാമനെങ്ങാനും ഉണർന്നാൽ പിന്നെ ആത്മഹത്യ ചെയ്യുന്നതാവും നല്ലതെന്ന്, ഹമീദ് ഉണർന്ന് ആദിലിനെ കണ്ട സ്ഥിതിക്ക് അയാളെ ഇല്ലാതെയാക്കുകയല്ലാതെ വേറെയൊരു വഴിയുമില്ലെന്ന് ആദിലിന് തോന്നി കാണും, ചെറിയൊരു മൽപ്പിടുത്തം നടന്നിരിക്കാം, ചെറുപ്പക്കാരനായ ആദിലിനോട് പിടിച്ച് നിൽക്കാൻ ഹമീദിനെ കൊണ്ടായി കാണില്ല, ആ മൽപ്പിടുത്തത്തിനിടയിൽ ആവും മേശപ്പുറത്ത് ഇരുന്ന പെർഫ്യൂമിന്റെ ബോട്ടിൽ പൊട്ടി താഴെ വീണിട്ടുണ്ടാവുക, അങ്ങനെയൊരു തിയറിയും എന്റെ മനസ്സിലുണ്ട് ..
കുറച്ചധികം നീണ്ട തന്റെ നിഗമനങ്ങൾ ബെഞ്ചമിൻ ഷറഫുദ്ദീന്റെയും, ഹാരിസിന്റെയും മുന്നിൽ അവതരിപ്പിച്ചു.
താനാ പെർഫ്യൂമിന്റെ കാര്യം പറഞ്ഞപ്പോഴാണ് എനിക്കത് ഓർമ്മ വന്നത്, താൻ രാവിലെ ആദിലിനോട് പറഞ്ഞല്ലോ പെർഫ്യൂമിന്റെ സ്മെൽ അവന്റെ ഷൂസിൽ നിന്ന് കിട്ടുന്നുണ്ടെന്ന്, സത്യം പറഞ്ഞാൽ എനിക്ക് പെർഫ്യൂമിന്റെ സ്മെല്ലൊന്നും കിട്ടിയില്ല, ഇനി എനിക്ക് ജലദോഷം ആയത് കൊണ്ടാണോ എന്നറിയില്ല ...!!!
പെർഫ്യൂം തറയിൽ പൊട്ടിച്ചിതറി കിടന്നത് കൊണ്ട് ഞാൻ വെറുതെ ഒന്ന് പറഞ്ഞ് നോക്കിയതാ സാറേ, അതായത് വെറുതെ ഒരു ഉണ്ടയില്ലാ വെടി വെച്ചതാണെന്ന്, ചിലപ്പോഴൊക്കെ അത് ലക്ഷ്യത്തിൽ കൊള്ളാറുണ്ട്, അതാണ് അതിന്റെ പിന്നിലെ സത്യാവസ്ഥ ....
ബെഞ്ചമിൻ ഇതും ഒരു പ്രശ്നം പിടിച്ച കേസ് ആണോ????
ഷറഫുദ്ദീന്റെയും, ബെഞ്ചമിന്റെയും വാദ പ്രതിവാദങ്ങൾ കേട്ട് കൊണ്ടിരുന്ന ഹാരിസിന് അങ്ങനെയൊരു സംശയം തോന്നി
ഇത് വരെയുള്ള വിവരങ്ങൾ വെച്ച് നോക്കുമ്പോൾ അത്ര കോംപ്ലിക്കേഷനൊന്നും ഉള്ളതായിട്ട് എനിക്ക് തോന്നുന്നില്ല ഹാരിസ്, ഒന്നുകിൽ ആദിലോ, ഇന്നലെ വൈകുന്നേരം 5 ലക്ഷം രൂപ തിരികെ കൊടുത്ത ആളോ, മേലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ആരോ ഒരാളോ ആവും ഇതിന്റെയൊക്കെ പിന്നിൽ, രണ്ട് ദിവസത്തെ പലിശയെ ചൊല്ലി ഇന്നലെ വൈകുന്നേരം വഴക്ക് ഉണ്ടായത് സ്വാഭാവികമായും മേലെ താമസിക്കുന്ന എല്ലാവരും കേട്ട് കാണും, കണ്ടിടത്തോളം ഹമീദിന്റെ ജോലിക്കാരൻ രാവുണ്ണി ഒരു വായ പോയ കോടാലിയാണ്, അയാൾ തന്നെ പറയുന്നുണ്ടല്ലൊ ആ ക്വാർട്ടേഴ്സിലെ എല്ലാ റൂമുകളിലും അയാൾ പോകാറുണ്ടെന്ന്, അവർക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി കൊടുക്കാറുമുണ്ടെന്ന്, അപ്പോൾ സ്വാഭാവികമായും തന്റെ മുതലാളി ഹമീദിനെ പറ്റിയുള്ള പേഴ്സണൽ വിവരങ്ങളും രാവുണ്ണി അവിടുത്തെ താമസക്കാരോടെല്ലാം പറയാനുള്ള സാധ്യതയുണ്ട്, രാത്രി ഹമീദിന് കണ്ണിന് കാഴ്ചശക്തി കുറവാണെന്നത് ആ ക്വാർട്ടേഴ്സിലെ എല്ലാവർക്കും രാവുണ്ണി പറഞ്ഞിട്ട് അറിയുമായിരിക്കാം, റൂമിലെ രഹസ്യ ലോക്കറിനെ പറ്റിയും ഒരുപക്ഷേ വിടുവായനായ രാവുണ്ണി അവരോട് പറഞ്ഞിരിക്കാം, അപ്പോൾ വൈകുന്നേരം കിട്ടിയ ക്യാഷ് നാളെ രാവിലെയെ ലോക്കറിൽ വെക്കുകയുള്ളൂവെന്ന് മനസ്സിലാക്കിയ ആരോ ഒരാളാണ് ആ ക്യാഷ് അവിടെ നിന്ന് ഇന്നലെ മോഷ്ടിച്ചത്, മോഷണ ശ്രമത്തിനിടയിൽ ഹമീദ് ഉണർന്നത് കൊണ്ട് അയാളെ ശ്വാസം മുട്ടിച്ച് കൊന്ന് കാണും, നമ്മുടെ പ്രൈം സസ്പെക്ട് ആയ ആദിൽ തന്നെയാവും അത് ചെയ്തിട്ടുണ്ടാവുക, ഷറഫുദ്ദീൻ സാർ നേരത്തെ പറഞ്ഞത് പോലെ നേരത്തെ വന്ന് കൊലപാതകം നടത്തിയ ശേഷം സമയം മാറ്റി പറഞ്ഞതാവാം, തലേന്ന് മദ്യപിച്ച് ലെക്ക് കെട്ട രാവുണ്ണിക്ക് ആദിൽ നേരത്തെ വന്നതും, പോയതുമൊന്നും മനസ്സിലായി കാണില്ല, രാവുണ്ണിയുടെ മദ്യപിച്ച് കഴിഞ്ഞാലുള്ള കണ്ടീഷൻ ആദിലിന് വ്യക്തമായി അറിയാമായിരിക്കും, ഇടയ്ക്കിടെ അയാൾ ഇവിടെ വരാറുണ്ടെന്ന് പറഞ്ഞല്ലോ, ഇങ്ങനെയൊരു ഉദ്ദേശം മനസ്സിലുള്ള ഒരാൾ എന്തായാലും അവിടുത്തെ ജോലിക്കാരനെ ആദ്യം കയ്യിലെടുക്കാനാവും ശ്രമിക്കുക, ഇതൊക്കെയാണ് നിലവിൽ ഈ കേസിനെ പറ്റിയുള്ള എന്റെ മനസ്സിൽ തോന്നിയ നിഗമനങ്ങൾ, ബാക്കിയൊക്കെ ഹാരിസ് തരുന്ന റിപ്പോർട്ടും, ഫോറൻസിക് റിപ്പോർട്ടും ആശ്രയിച്ചിരിക്കും, ലക്ഷണം കണ്ടിട്ട് അധികമൊന്നും ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല, കോഫി ഷോപ്പിലെ നസിയ കൊലപാതക കേസ് പോലെ ഒരു കുഴപ്പം പിടിച്ച കേസാണെന്ന് പേഴ്സണലി എനിക്ക് തോന്നുന്നില് ..
എന്തായി ബെഞ്ചമിൻ നസിയ കേസ്????
കേസ് ഫയൽ കോടതിയിൽ എത്തിച്ചാൽ പിന്നെ നമ്മുടെ ജോലി കഴിഞ്ഞു ഹാരിസ്, പ്രതിക്കെതിരെയുള്ള കിട്ടാവുന്ന പരമാവധി തെളിവുകൾ, സാക്ഷി മൊഴികൾ എന്നിവ ശേഖരിച്ച് കോടതിക്ക് കൈ മാറി കഴിഞ്ഞാൽ, പ്രതി തെറ്റുകാരനാണോ, നിരപരാധിയാണോ എന്നതൊക്കെ തീരുമാനിക്കേണ്ടത് കോടതിയാണ്, അതിൽ നമുക്ക് ഒന്നും ചെയ്യാനില്ല, അത് കൊണ്ട് ആ വിഷയത്തിൽ ഞാൻ അത്ര ബോതേർഡ് ആകാറില്ല.
അപ്പോഴേക്കും സാജന്റെ കോൾ വന്നു, സാജനുമായി സംസാരിച്ച ശേഷം ബെഞ്ചമിൻ ഒരു നിമിഷം നിശബ്ദനായി, മേശയിലിരുന്ന തന്റെ ഗ്ലാസ്സ് കാലിയാക്കിയ ശേഷം ബെഞ്ചമിൻ പറഞ്ഞു ...
സാറേ ആ ഷോപ്പിലെ സി.സി.ടിവി ക്യാമറ ഇന്നലെ സ്ഥാപിച്ചിട്ടേയുള്ളുവെന്നും, അതിന്റെ കണക്ഷനുകൾ ഒന്നും കൊടുത്തിട്ടില്ലായെന്നുമാണ് ഷോപ്പ് ഉടമയോട് സാജൻ അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം.
അതൊരു വല്ലാത്ത തിരിച്ചടിയാണല്ലോ ബെഞ്ചമിൻ !!
ഇന്നലെ ആ വീട്ടിൽ വന്നവരെയെല്ലാം ആ സി.സി.ടിവി ക്യാമറ വർക്കിങ്ങിൽ ആയിരുന്നെങ്കിൽ നമുക്ക് തിരിച്ചറിയാൻ പറ്റുമായിരുന്നു, വീട്ടിൽ വന്നവരെ മാത്രം ചോദ്യം ചെയ്താൽ ഒരുപക്ഷേ കൊലയാളിയിലേക്ക് വളരെ ഈസിയായി എത്തിച്ചേരാൻ പറ്റുമായിരുന്നു, ഇനിയിപ്പോൾ സംശയമുള്ളവരെയും, ആ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുഴുവൻ ആളുകളെയും ചോദ്യം ചെയ്യേണ്ടി വരില്ലേ?? അങ്ങനെയൊരു കാലതാമസം കേസ് തെളിയിക്കുന്നതിന് ഉണ്ടാകുമല്ലോ ...!!!
ഒരേക്കറോളം വരുന്ന സ്ഥലത്ത് വീടിരിക്കുന്ന ഭാഗം മാത്രമാണ് കോമ്പൗണ്ട് കെട്ടി തിരിച്ചിട്ടുള്ളത്, വീടിന്റെ ഇടത്തെ സൈഡിലുള്ള ഒരു ചെറിയ ഗേറ്റ് വഴിയാണ് ബാക്കിയുള്ള സ്ഥലത്തേക്ക് പ്രവേശിക്കാൻ കഴിയുന്നത്, ബാക്കിയുള്ള ഭാഗത്ത് മുള്ളുവേലിയാണ് ഉള്ളത്, അതും പല ഭാഗത്തും തകർന്ന നിലയിലാണ് ഉള്ളത്, ഒരുപക്ഷേ ആ ഗേറ്റ് വഴിയോ, പുറകിലെ മതിൽ ചാടി കടന്നോ ആണ് കൊലയാളി വന്നതെങ്കിൽ ഒരിക്കലും അയാൾ സി.സി.ടിവി ക്യാമറയിൽ പതിയില്ലല്ലോ, കൊലയാളി അത്ര പ്ലാൻഡ് ആണെങ്കിൽ ഒരിക്കലും മുൻ വർഷത്തെ ഗേറ്റ് വഴി വീട്ടിലേക്ക് പ്രവേശിക്കില്ല.
ഇതിപ്പോ പറഞ്ഞ് വന്നപ്പോൾ ബെഞ്ചമിൻ വിചാരിച്ച പോലെ അത്ര ഈസി കേസ് ആണെന്ന് എനിക്ക് തോന്നുന്നില്ല കേട്ടോ !!!! വിവരങ്ങൾ വിശദമായി കേട്ടപ്പോൾ ഹാരിസിന് അങ്ങനെയൊരു അഭിപ്രായമാണ് ഉണ്ടായത്.
സി.സി.ടിവി വർക്കിംഗ് അല്ല എന്ന് ഇപ്പോൾ അറിയാവുന്നത് നമുക്ക് മൂന്ന് പേർക്കും, സാജനും, ഷോപ്പ് ഉടമയ്ക്കും മാത്രമാണ്, സി.സി.ടിവി ക്യാമറ വെച്ച് നമുക്ക് വേറൊരു കളി കളിച്ച് നോക്കിയാലോ സാറേ ???
എന്താണ് താൻ ഉദ്ദേശിക്കുന്നത്??? എനിക്ക് മനസ്സിലായില്ല ... ഷറഫുദ്ദീന് ബെഞ്ചമിൻ മനസ്സിൽ വിചാരിച്ചതെന്താണെന്ന് പെട്ടെന്ന് കത്തിയില്ല....
(തുടരും)