70 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാളുടെ ചിത്രമായിരുന്നു അയാൾ വരച്ച് കൊണ്ടിരുന്നത്, ലക്ഷണം കണ്ടിട്ട് മരണപ്പെട്ട ആളുടെ ഫോട്ടോ ആണെന്ന് തോന്നുന്നു, തങ്ങളുടെ സാന്നിധ്യം അയാൾ മറന്ന് പോയതായി ബെഞ്ചമിന് തോന്നി.

Malayalam Stories

 

തുടർകഥ  : അജ്ഞാത കൊലയാളി

രചന : എം.നിയാസ്

(ഭാഗം - 11)

 

എന്താ ബെഞ്ചമിൻ താനൊന്നും മിണ്ടാതെ ആലോചിച്ച് കൊണ്ടിരിക്കുന്നത്? ക്വാർട്ടേഴ്സിലെ മറ്റ് താമസക്കാരെ കൂടി ചോദ്യം ചെയ്യേണ്ടേ?
 

ബെഞ്ചമിന്റെ മൗനം കണ്ടിട്ട് ഷറഫുദ്ദീൻ ചോദിച്ചു.


ആദ്യത്തെ മുറിയിൽ താമസിക്കുന്ന ആളെ നമുക്കിനി ചോദ്യം ചെയ്യാം, ഒരു ചിത്രകാരൻ ആണെന്നല്ലേ ഗഫൂർ പറഞ്ഞത്.


അതെ സാർ അയാൾ റൂമിൽ ഉണ്ട്. കോളിംഗ് ബെൽ ബെൽ അടിച്ചപ്പോൾ വാതിൽ തുറന്ന് കിടക്കുകയാണ് അകത്തേക്ക് കയറി വരാം എന്ന മറുപടിയാണ് അകത്ത് നിന്നും ഉയർന്നത്, ഡോർ തുറന്ന് ബെഞ്ചമിനും, ഷറഫുദ്ദീനും,ഗഫൂറും അകത്തേക്ക് കയറി, അവർക്ക് പുറം തിരിഞ്ഞിരിക്കുന്ന വിധത്തിൽ വീൽ ചെയറിൽ ഇരുന്ന് ചിത്ര രചനയിൽ മുഴുകിയിരിക്കു കയായിരുന്നു അയാൾ, സാമാന്യം വലിപ്പമുള്ള ഹാളിൽ ഡൈനിങ് ടേബിൾ ഒരു മൂലയിൽ ഒതുക്കി ഇട്ടിരുന്നു, ബാക്കി ഭാഗങ്ങളിലെല്ലാം വരച്ച് പൂർത്തിയായ ചിത്രങ്ങൾ ഭംഗിയായി അടുക്കി വെച്ചിരുന്നു, അയാൾ വരച്ച ചിത്രങ്ങളുടെ ഭംഗിയും, ഒറിജിനാലിറ്റിയും അവരെ അമ്പരപ്പിച്ച് കളഞ്ഞു, ഫോട്ടോയിൽ പതിയും പോലെ മനോഹരമായി ട്ടായിരുന്നു അയാൾ  ചിത്രങ്ങൾ വരച്ചിരുന്നത്, അയാൾ അപ്പോൾ വരച്ച് കൊണ്ടിരിക്കുന്ന ചിത്രത്തിലേക്ക് അവർ നോക്കി, 70 വയസ്സോളം പ്രായം തോന്നിക്കുന്ന ഒരാളുടെ ചിത്രമായിരുന്നു അയാൾ വരച്ച് കൊണ്ടിരുന്നത്, ലക്ഷണം കണ്ടിട്ട് മരണപ്പെട്ട ആളുടെ ഫോട്ടോ ആണെന്ന് തോന്നുന്നു, തങ്ങളുടെ സാന്നിധ്യം അയാൾ മറന്ന് പോയതായി ബെഞ്ചമിന് തോന്നി.


ഹലോ ...


അയാളെ ഓർമ്മിപ്പിക്കുവാനെന്ന പോലെ ബെഞ്ചമിൻ ചോദിച്ചു, പെട്ടെന്ന് അയാൾ വീൽചെയർ തിരിച്ച് അവരുടെ മുന്നിലേക്ക് വന്നു.


സോറി സാർ,നിങ്ങളോട് അകത്തേക്ക് വരാൻ പറഞ്ഞ കാര്യം തന്നെ ഞാൻ മറന്ന് പോയി, ചിത്ര രചനയിൽ മുഴുകിയാൽ പിന്നെ എനിക്കൊന്നും ഓർമ്മയുണ്ടാകില്ല, മനപ്പൂർവ്വം അല്ല ക്ഷമിക്കണം സാർ അവിടെ ഇരിക്കൂ, ഓപ്പോസിറ്റ് ഉള്ള ഒരു സോഫ ചൂണ്ടി കാട്ടി കൊണ്ട് അയാൾ പറഞ്ഞു, സോഫയിൽ ഇരുന്ന ശേഷം ബെഞ്ചമിൻ അയാളെ നോക്കി, ടിപ്പിക്കൽ കലാകാരന്മാർ ധരിക്കാറുള്ള ജുബ്ബയും, അയഞ്ഞ പാന്റും തന്നെയായിരുന്നു അയാളുടെയും വേഷം, താടി വല്ലാതെ നീട്ടി വളർത്തിയിരുന്നു, ഒപ്പം മുടിയും അതേ പോലെ പിറകിലേക്ക് വളർത്തിയിരുന്നു, അത്ര പ്രായം മുഖത്ത് തോന്നിക്കില്ലെങ്കിലും താടിയും, മുടിയുമൊക്കെ പകുതിയിലധികം നരച്ചിരുന്നു, ഈ കലാകാരന്മാരൊക്കെ ഈ ജാതി വേഷങ്ങൾ ധരിക്കുന്നത് എന്തിനായിരിക്കും, താൻ മറ്റുള്ളവരിൽ നിന്നും വേറിട്ടവനാണ് എന്ന് മറ്റുള്ളവർക്ക് തോന്നിപ്പിക്കാൻ വേണ്ടിയായിരിക്കും, അങ്ങനെയാണ് ബെഞ്ചമിന് തോന്നിയത്.


എന്താണ് നിങ്ങളുടെ പേര്?


വിഷ്ണുദാസ് എന്നാണ് സാർ.


വിഷ്ണുദാസിന്റെ അച്ഛനും, അമ്മയുമൊക്കെ കടുത്ത വിഷ്ണു ഭക്തർ ആണെന്ന് തോന്നുന്നല്ലോ?

എന്റെ അച്ഛൻ വലിയ  വിഷ്ണു ഭക്തനാണ് സാർ, അച്ഛനാണ് എനിക്ക് ഈ പേരിട്ടത്, അമ്മ വലിയ ശിവ ഭക്തയും, എനിക്കങ്ങനെ പ്രത്യേകിച്ച് ആരോടും പ്രതിപത്തിയൊന്നുമില്ല, എല്ലാ ദൈവങ്ങളെയും ഇഷ്ടമാണ്.


വിഷ്ണുവിന്റെ അമ്മ എവിടെ പോയി?


ടൗണിൽ ഒരു ചെറിയ ഒരു കട വാടകയ്ക്ക് എടുത്തിട്ടുണ്ട് സാർ, അമ്മ രാവിലെ പോയാൽ വൈകുന്നേരം ആറ് മണിക്കേ തിരിച്ച് വരുകയുള്ളൂ, കടയിലേക്ക് പോകുന്നതിന് മുമ്പ് ഭക്ഷണമൊക്കെ തയ്യാറാക്കി വെച്ചിട്ട് പോകും.


വിഷ്ണുവിന് ജന്മനാ ഉള്ളതായിരുന്നോ ഈ വൈകല്യം?


അല്ല സാർ എനിക്ക് ജന്മനാ കുഴപ്പമൊന്നു മില്ലായിരുന്നു, ഞാൻ നാടകങ്ങളിൽ ചെറിയ റോളുകൾ അഭിനയിക്കുകയും കലാസംവിധാനം ചെയ്യുകയും ചെയ്യുമായിരുന്നു, മൂന്ന് വർഷം മുമ്പ് അമ്പലത്തിൽ വെച്ച് ഒരു നാടകം കളിക്കാൻ ഉണ്ടായിരുന്നു, അവിടെ പോകുവാൻ വേണ്ടി ഞാനും, എന്റെ കൂട്ടുകാരനും ബൈക്കിൽ പോകവെ ഓവർ സ്പീഡിൽ വന്ന ഒരു മീൻ വണ്ടി ഇടിച്ചതാണ് സാറേ, അവന് വലിയ പരിക്കൊന്നും ഇല്ലാതെ രക്ഷപ്പെട്ടു, എന്റെ നട്ടെല്ലിനാണ് പരുക്ക് പറ്റിയത്, കുറെ നാൾ ഹോസ്പിറ്റലിൽ ആയിരുന്നു, മിറക്കിൾ എന്തെങ്കിലും സംഭവിച്ചാൽ അല്ലാതെ എണീറ്റ് നടക്കാൻ പറ്റില്ലായെന്നാണ് പരിശോധിച്ച എല്ലാ ഡോക്ടർമാരും വിധി എഴുതിയത്, വരയ്ക്കാനുള്ള കഴിവ് ഉള്ളത് കൊണ്ട് തെറ്റില്ലാതെ ജീവിച്ച് പോകാൻ പറ്റുന്നു. നെടുവീർപ്പിട്ട് കൊണ്ട് വിഷ്ണുദാസ് പറഞ്ഞു.

 

malayalam stories

ടൗണിലെ കടയിൽ ചിത്രങ്ങൾക്ക് ചിലവുണ്ടോ?


ടൂറിസ്റ്റുകൾ വരുന്ന സമയത്ത് അത്യാവശ്യം ചിത്രങ്ങൾ പോകും, പിന്നെ ഈ ഞാൻ ഇപ്പോൾ വരയ്ക്കുന്നത് പോലെ മരിച്ച് പോയ ആളുകളുടെ ചിത്രങ്ങൾ വരയ്ക്കുവാൻ ഉള്ള ഓർഡർ കട വഴി കിട്ടും, പിന്നെ ഞാൻ ചിത്രങ്ങൾ olx ൽ  ഇടാറുണ്ട്, അങ്ങനെ കിട്ടുന്ന ഓർഡറുകൾ ആ അഡ്രസ്സിലേക്ക് അയച്ച് കൊടുക്കും, അങ്ങനെയുള്ള ചിത്രങ്ങൾക്ക് അത്യാവശ്യം നല്ലൊരു തുക കിട്ടാറുമുണ്ട്.


ആക്സിഡൻറ് ഉണ്ടായിട്ട് ഇൻഷുറൻസ് കമ്പനിയുടെ നഷ്ടപരിഹാരത്തുകയൊന്നും കിട്ടിയില്ലേ?


എന്റെ കഷ്ട കാലം എന്ന് പറഞ്ഞാൽ മതിയല്ലോ സാറേ, കൂട്ടുകാരന്റെ ബൈക്കിന്റെ ഇൻഷുറൻസ് ഡേറ്റ് തെറ്റി കിടക്കുകയായിരുന്നു, അത് കൊണ്ട് അതും കിട്ടിയില്ല.


കൊല്ലപ്പെട്ട ഹമീദിനെ പറ്റി വിഷ്ണുവിന് എന്താണ് അഭിപ്രായം?


ക്യാഷിന്റെ കാര്യത്തിൽ പുള്ളിക്കാരൻ ഭയങ്കര സ്ട്രിക്ട് ആയിരുന്നു, ഇവിടെ വന്ന് ഞാൻ വരയ്ക്കുന്ന ചിത്രങ്ങളൊക്കെ കണ്ടപ്പോൾ പുള്ളിക്കാരന് മരിച്ച് പോയ ഭാര്യയുടെയും, മകളുടെയും ചിത്രം വരയ്ക്കണമെന്ന് എന്നോട് പറഞ്ഞു, ഞാനത് വരച്ച് കൊടുക്കുകയും ചെയ്തു, എത്ര രൂപയാണ് ചിത്രം വരച്ചതിന് എന്ന് ഇക്ക എന്നോട് ചോദിച്ചപ്പോൾ ഇതിനൊക്കെ എങ്ങനെയാണ് കണക്ക് പറയുന്നത്, ഇക്കയ്ക്ക് ഇഷ്ടമുള്ളത് തന്നാൽ മതിയെന്ന് ഞാൻ പറഞ്ഞു, അങ്ങനെ പറഞ്ഞത് കൊണ്ടാണോ എന്നറിയില്ല രണ്ടിനും കൂടി 5000 രൂപ തന്നു, ഇത്രയും വേണ്ട എന്ന് ഞാൻ പറഞ്ഞിട്ടും ഇക്ക സമ്മതിച്ചില്ല, അത് വെച്ചോയെന്ന് പറഞ്ഞു, എല്ലാവർക്കും വാടക ആറായിരത്തഞ്ഞൂറ് രൂപയാണ്, എന്നോട് 500 കുറച്ച് 6000 തന്നാൽ മതി എന്ന് പറഞ്ഞു, ആ വിവരം മറ്റുള്ളവർ അറിയരുത് എന്ന് പ്രത്യേകം പറഞ്ഞു.


തനിക്ക് ഇഷ്ടമുള്ളവരോട് അല്പം മയത്തിൽ പെരുമാറുന്ന സ്വഭാവം  ഹമീദിന് ഉണ്ടെന്ന് രാവുണ്ണി പറഞ്ഞത് ബെഞ്ചമിന് അപ്പോൾ ഓർമ്മ വന്നു.


ഹമീദ് കൊല്ലപ്പെട്ട രാത്രി അതായത് ഞായറാഴ്ച, അവിടെ ആരെങ്കിലും വന്നതായിട്ട് വിഷ്ണു ദാസ് കണ്ടിരുന്നോ?


അവിടെ പോയി ഇരുന്നാൽ ജനാല വഴി ഇക്കയുടെ വീട് കാണാം, ക്വാർട്ടേഴ്സ് ഉയരത്തിൽ അല്ലേ ഇരിക്കുന്നത്, പകൽ സമയത്ത് ഞാൻ അങ്ങനെയാ ജനാലയുടെ ചുവട്ടിൽ പോയിരിക്കാറില്ല, എന്തെങ്കിലുമൊക്കെ ചിത്രങ്ങൾ വരയ്ക്കാൻ ഉണ്ടാവും, ചിലപ്പോൾ രാത്രി ഉറക്കം വരാത്തപ്പോൾ വെറുതെ അവിടെ പോയി ഇരുട്ടിലേക്ക് നോക്കിയിരിക്കും, അന്ന് ഞാൻ വൈകിട്ട് കുറച്ച് നേരം അവിടെ പോയി ഇരുന്നിരുന്നു, പ്രത്യേകിച്ച് ആരും അങ്ങോട്ട് വരുന്നതോ, പോകുന്നതോ കണ്ടില്ല സാർ.


എത്ര മണിക്കാണ് വിഷ്ണു ജനാലയുടെ അരികിൽ പോയിരുന്നത്?


ഒമ്പതര മണി തൊട്ട് പത്ത് മണി വരെ അവിടെ ഇരുന്നു, പിന്നെ അമ്മ വന്ന് വിളിച്ചപ്പോൾ ഭക്ഷണം കഴിച്ച് കിടന്നു.


malayalam stories


വിഷ്ണു ഒന്ന് കൂടിയൊന്ന് ഓർത്ത് നോക്കിക്കേ, രാത്രി പത്ത് മണിക്ക് ആരെങ്കിലും അവിടെ വന്നതായിട്ട് കണ്ടോയെന്ന്?


പത്തരയ്ക്കും,പതിനൊന്നിനും ഇടയിൽ ആണല്ലോ ഹമീദിന്റെ മരണം നടന്നിട്ടുള്ളത്, ആ സ്ഥിതിക്ക് വീട്ടിലേക്ക് ആരെങ്കിലും വന്നിട്ടുണ്ടെങ്കിൽ വിഷ്ണുദാസ് കാണേണ്ടതാണല്ലോ, അത് കൊണ്ടാണ് വീണ്ടും അങ്ങനെ ഒരു ചോദ്യം ബെഞ്ചമിൻ ആവർത്തിച്ചത്.


ഇല്ല സാർ ഞാൻ ആരെയും കണ്ടില്ല, വൈകുന്നേരം അവിടെ ഉണ്ടായ വഴക്ക് ഞാൻ കേട്ടിരുന്നു, അത് ഇടയ്ക്കിടയ്ക്ക് പതിവായത് കൊണ്ട് ഞാനതത്ര കാര്യമാക്കിയില്ല,


പിന്നെ വിഷ്ണുദാസ് എന്റെ പപ്പയുടെയും, മമ്മിയുടെയും ഒന്നിച്ചുള്ള ഒരു ഫോട്ടോ വരച്ച് തരണം, അവർ രണ്ടു പേരും മരണപ്പെട്ട്  പോയതാണ്, വിഷ്ണുവിന്റെ വാട്ട്സാപ് നമ്പർ പറഞ്ഞാൽ ഞാൻ ഫോട്ടോ അതിലേക്ക് അയക്കാം, പിന്നെ ക്യാഷ് എത്രയായാലും കുഴപ്പമില്ല, ഞാൻ അയക്കുന്ന ഫോട്ടോ പോലെ തന്നെ വരച്ച് കിട്ടണം, ക്ലാരിറ്റിയിൽ ഒരു കുറവും വരാൻ പാടില്ല. വിഷ്ണുവിന്റെ മൊബൈൽ നമ്പർ വാങ്ങിയ ശേഷം ബെഞ്ചമിൻ പപ്പയുടെയും, മമ്മിയുടെയും ഫോട്ടോ അയച്ച് കൊടുത്തു.


ഞാൻ ചിത്രം വരച്ച ശേഷം സാറിന് ഇഷ്ടപ്പെട്ടെങ്കിൽ മാത്രം എന്തെങ്കിലും തന്നാൽ മതി, ഇങ്ങനെയുള്ള ചിത്രങ്ങൾ വരയ്ക്കുമ്പോൾ ഒരിക്കലും ഞാനതിന് കണക്ക് പറയാറില്ല, വരച്ച് കൊടുക്കുമ്പോൾ പാർട്ടി പറയുന്ന നല്ല വാക്കുകൾ ഉണ്ടല്ലോ, അത് മനസ്സിന് തരുന്ന സുഖം ഒരിക്കലും പണം കൊണ്ട് കിട്ടുകയില്ല, സീനറികൾ അടങ്ങിയ ചിത്രങ്ങൾ നല്ല വിലയ്ക്ക് ടൂറിസ്റ്റുകൾ വാങ്ങാറുണ്ട്, നന്നായി ജീവിച്ച് പോകാൻ എനിക്കും അമ്മയ്ക്കും അത് തന്നെ ധാരാളം.


പണത്തിനോട് അത്ര വലിയ ആർത്തിയൊന്നും വിഷ്ണു ദാസിന് ഇല്ലെന്ന് ആ സംസാരത്തിൽ നിന്ന് ബെഞ്ചമിന് ബോധ്യമായി.


എങ്കിൽ ഞങ്ങൾ ഇറങ്ങുന്നു വിഷ്ണുദാസ്, എന്തെങ്കിലും കാര്യം ഓർമ്മ വരികയാണെങ്കിൽ എന്നെ വിളിക്കാൻ മറക്കരുത് കേട്ടോ.


തീർച്ചയായിട്ടും വിളിക്കാം സാർ, ചിത്രം വരച്ച ശേഷം ഞാൻ സാറിനെ വിളിക്കാം.


ഇനി ആരാണ് ഗഫൂർ ഇപ്പോൾ ക്വാർട്ടേഴ്സിൽ ഉള്ളത്?


സാർ ആ തമിഴനും ഭാര്യയും റൂമിൽ ഉണ്ട്, ഞാൻ രാവിലെ അയാളെ ഫോൺ ചെയ്ത് രാവിലെ ഇവിടെ കാണണമെന്ന് പറഞ്ഞിരുന്നു.


വാലിന് തീ പിടിച്ച പോലെ അക്ഷമനായിരുന്നു യാക്കുബ്, ഭാര്യയും അടുത്ത് തന്നെ ഉണ്ടായിരുന്നു.


എന്താണ് യാക്കൂബ് മുഖത്ത് എന്തോ ആധിയുള്ളത് പോലെ തോന്നുന്നല്ലോ?


ഒന്നുമില്ല സാർ, പലഹാരങ്ങൾ ഉണ്ടാക്കുന്നിടത്ത് ഞാനില്ലെങ്കിൽ അവിടുത്തെ പണിയൊക്കെ കണക്കാ, സാധാരണ ഞാൻ രാവിലെ പോയാൽ വൈകുന്നേരമേ തിരിച്ചു വരികയുള്ളൂ, ഗഫൂർ സാർ വിളിച്ച് പറഞ്ഞത് കൊണ്ടാണ് ഞാനിവിടെ വെയിറ്റ് ചെയ്തത്.


ഓ.കെ യാക്കൂബ് നിങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാകുന്നുണ്ട്, എത്രയും പെട്ടെന്ന് നിങ്ങളെ വിടാം, ഹമീദ് കൊല്ലപ്പെട്ട ദിവസം ഞായറാഴ്ച നിങ്ങൾ വീട്ടിൽ തന്നെ ഉണ്ടായിരുന്നോ?


ഞായറാഴ്ച ദിവസം ബേക്കറി അവധിയാണ്, അന്ന് പകൽ മുഴുവൻ ഞങ്ങൾ ഇവിടെയുണ്ടായിരുന്നു സാർ, വൈകുന്നേരം ഞങ്ങൾ ഒരു ഫിലിമിന് പോയി, എല്ലാ ഞായറാഴ്ചയും അങ്ങനെയൊരു പതിവ് ഉള്ളതാണ്, ഇവൾക്ക് ഞായറാഴ്ച ഒരു സിനിമയും,മ സാലദോശയുമൊക്കെ നിർബന്ധമാ, അല്ലെങ്കിൽ എനിക്ക് രാത്രി കിടന്ന് ഉറങ്ങാൻ പറ്റില്ല..ചിരിച്ചു കൊണ്ട് യാക്കൂബ് പറഞ്ഞു.


തമിഴ് സിനിമയും, മസാല ദോശയും, മുല്ലപ്പൂവും, ഹൽവയും ഒക്കെ ഒരു ശരാ ശരി തമിഴന്റെ വീക്ക്നെസ്സാണ്, അത് വിട്ടുള്ള ഒരു കളിയും അവർക്കില്ല.


അന്ന് രാത്രി എത്ര മണിക്കാണ് യാക്കൂബ് കിടന്നത്?


അഞ്ചരക്കുള്ള ഷോയ്ക്കാണ് ഞങ്ങൾ പോയത്, എട്ട് മണിയായപ്പോൾ സിനിമ കഴിഞ്ഞു, ഇവിടെ വന്ന് ഭക്ഷണവും കഴിച്ച് ഒമ്പതര മണിയായപ്പോൾ കിടന്നു, രാവിലെ 7 മണിക്കൊക്കെ പോകാനുള്ളത് കൊണ്ട് ഞാൻ എല്ലാ ദിവസവും ഒമ്പതരയ്ക്ക് തന്നെ കിടക്കും.


അന്ന് രാത്രി ഹമീദിന്റെ വീട്ടിൽ നിന്ന് എന്തെങ്കിലും ഒച്ചയോ, ബഹളമോ യാക്കുബ് കേട്ടിരുന്നോ?


ഇല്ല സർ ഞാനൊന്നും കേട്ടില്ല, കിടന്നാൽ പെട്ടെന്ന് തന്നെ ഉറങ്ങുന്ന ഒരു സ്വഭാവക്കാരനാണ് ഞാൻ, ഒന്ന്, രണ്ട് തവണ ഞായറാഴ്ചകളിൽ അവിടെ പണവുമായി ബന്ധപ്പെട്ട എന്തോ ചില  ഒച്ചപ്പാടുകൾ കേട്ടിട്ടുണ്ട്.


ഹമീദിന്റെ അടുത്തു നിന്നു യാക്കൂബ് പലിശയ്ക്ക് പണം വാങ്ങിയിട്ടുണ്ടോ?


2 ലക്ഷം രൂപ വാങ്ങിയിട്ടുണ്ട് സാർ, കേക്ക് ഉണ്ടാക്കുന്ന ഒരു മെഷീൻ വാങ്ങാൻ വേണ്ടിയായിരുന്നു ക്യാഷ് വാങ്ങിച്ചത്. യാക്കുബ് പറഞ്ഞ തുക കറക്റ്റ് ആയിരുന്നു, യാക്കൂബിന് കൊടുത്ത കാശിന്റെ വിവരം ഹമീദിന്റെ ഡയറിയിൽ ഉണ്ടായിരുന്നു.


എങ്ങനെയാണ് യാക്കൂബ് ഇത്ര ക്ലിയർ ആയി മലയാളം പറയുന്നത്?യാക്കൂബ് സംസാരിക്കുന്നത് കേട്ടാൽ ഒരു തമിഴൻ പറയുന്നത് ആണെന്ന് തോന്നുകയേയില്ല.


ഞാനിവിടെ വന്നിട്ട് ഒരുപാട് വർഷമായില്ലേ സാർ, മക്കളൊക്കെ ഇവിടുത്തെ സ്കൂളിൽ പഠിക്കുന്നത് കൊണ്ട് നല്ല പോലെ മലയാളം പറയും, പിന്നെ എന്റെ മലയാളം ഇത്ര ക്ലിയർ ആകുവാൻ വേറൊരു കാരണം കൂടിയുണ്ട് സാർ, ഞാൻ വയനാട്ടിൽ വന്നിട്ട് ഒരുപാട് നാളായല്ലോ, വന്ന നാൾ തൊട്ട് ഞാൻ മലയാള പടങ്ങൾ എല്ലാം കാണാറുണ്ട്, അങ്ങനെയാണ് ഇത്ര നല്ല പോലെ മലയാളം പറയാൻ പഠിച്ചത്.


ഓ.കെ യാക്കൂബ് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ പറയാൻ മടിക്കരുത്.


ശരി സാർ ..


ഇവിടെയിനി ആരെയെങ്കിലും ചോദ്യം ചെയ്യാൻ ഉണ്ടോ ഗഫൂർ?


ഇനിയുള്ള രണ്ട് റൂമിലും ഇപ്പോൾ ആളുകൾ ഇല്ല സാർ, വൈകുന്നേരം അവർ ഉണ്ടാകും, ഈവനിംഗ് വന്നാൽ നമുക്ക് അവരെ കൂടി ചോദ്യം ചെയ്യാം.


എന്നാൽ പിന്നെ വൈകിട്ട് വരാം. അവർ പുറത്തേക്ക് നടന്നു.


ബെഞ്ചമിൻ അയാളുടെ സംസാരം കേട്ടിട്ട് അയാൾ തമിഴനല്ല എന്നാണ് എനിക്ക് തോന്നുന്നത്, ഒരുപക്ഷേ അയാൾ മലയാളി തന്നെ ആവുമോ?അയാൾ മനപ്പൂർവ്വം കള്ളം പറയുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്.


എനിക്കും അങ്ങനെ തോന്നാതിരുന്നില്ല സാർ, ഇവിടെ എത്ര വർഷം നിന്നതാണെങ്കിലും ഒരു തമിഴന് മലയാളത്തിലെ ചില വാക്കുകൾ പറയുമ്പോൾ സ്ലാങ്ങ് മാറാറുണ്ട്, പക്ഷേ ഇയാളുടെ സംസാരത്തിൽ അങ്ങനെയൊന്നുമില്ല, എനിക്കും ചില സംശയങ്ങൾ ഇല്ലാതില്ല. ബെഞ്ചമിന്റെ മനസ്സിൽ വേറെ ചില സംശയങ്ങൾ കൂടി വളർന്ന് തുടങ്ങിയിരുന്നു...


(തുടരും) 


malayalam stories


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.