ചെറുകഥ : കനി
രചന : മുനീറ പൂവി കെപിഎം
അപ്പേ... അപ്പേ.. എന്നെ ഇട്ടിട്ട് പോകല്ലേ...!!!!
അപ്പേ.... ആ കുഞ്ഞിൻ്റെ തേങ്ങിക്കരച്ചിൽ കേട്ട് മാധവൻ
ഉറക്കത്തിൽ നിന്നും ചാടിയെണീറ്റു.
കണ്ണേ.... അപ്പായുട കണ്ണനെ വിട്ടിട്ട് അപ്പ
എങ്ങോട്ടും പോകില്ലട. തൻ്റെ അടുത്ത് മൂടിപ്പുതച്ച് കിടക്കുന്ന
പൊന്നോമനയെ മാധവൻ മൃദുവായി ഒന്ന് തലോടി. അപ്പൻ്റെ കണ്ണന് നല്ല
ചൂടുണ്ടല്ലോ, പനിക്കുന്നുണ്ടല്ലോ..!
ദേവ്യേ ....
എൻ്റെ കുട്ടിക്ക്, ആ പിതൃ ഹൃദയം ഒന്നു തേങ്ങി.
മാധവൻ വേഗം അടുക്കളയിലേക്ക് പോയി.
കുറച്ച് കുറിയരി എടുത്ത് നല്ല പോലെ കഴുകി പാകത്തിന് വെള്ളവും
ഒഴിച്ചു സ്റ്റൗ ഓണാക്കി കുക്കറിൽ വെച്ചു. വീണ്ടും കുഞ്ഞിൻ്റെ
കരച്ചിൽ കേട്ടതും അയാളുടെ ഉളളത്തെ വല്ലാതെ പൊള്ളിച്ചു.
കണ്ണേ... കരയെല്ലേടാ അപ്പ ഇതാ വരുന്നു പൊന്നെ, അത്
പറയുന്നതിനോടൊപ്പം വേവിച്ച കഞ്ഞി ഒരു ബൗളിലേക്ക് പകർത്തി. കഞ്ഞിയിൽ നിന്നും പറക്കുന്ന ആവിയെക്കാൾ അല്ലെങ്കിൽ അതിൻ്റെ
പതിമടങ്ങ് അയാളുടെ ഉള്ള് ആവിയിൽ വേവിച്ചെടുത്ത പോലെ വെന്തു പോയിരുന്നു.
നാല് വർഷത്തെ പ്രണയത്തിന് ശേഷം വീട്ടുകാരുടെ സമ്മതപ്രകാരം
അഗ്‌നിസാക്ഷിയായി താലികെട്ടിയവൾ!
പത്തു മാസം ഗർഭം ചുമന്നു തൻ്റെ മോളെ നൊന്തു പ്രസവിച്ചവൾ!
ഒരു രാവ് പുലർന്നപ്പോൾ ഒരു കത്ത് എഴുതി മേശപ്പുറത്ത് വെച്ചു
കൊണ്ട് വീടു വിട്ടു ഇറങ്ങിപ്പോയവൾ!
ഞാൻ പോകുന്നു ഇനി എന്നെ തിരയേണ്ടതില്ല!
ജീവനോളം.. അല്ല ജീവനേക്കാൾ ഞാൻ സ്നേഹിച്ചവൾ, ഒരു
ദിവസം പെട്ടന്ന് പടിയിറങ്ങുമ്പോൾ മനസാക്ഷി ഉള്ള ഏതൊരു മനുഷ്യനും
ഹൃദയം നുറുങ്ങുന്ന വേദന സമ്മസാനിക്കും. തുന്നി ചേർക്കാൻ
പറ്റാത്ത വിധം അത്രേം അയാളുടെ ഉള്ളം പിന്നിപ്പോയിരുന്നു.
അന്ന് കോടതി വരാന്തയിൽ വെച്ച് മോൾക്ക് വേണ്ടി
വാദിച്ചതോർത്ത് മാധവൻ്റെ ചുണ്ടിൻ്റെ കോണിൽ ഒരു പുശ്ച ഭാവം കലർന്നിരുന്നു.
കണ്ണേ... അപ്പേടെ മോളെ ആർക്കും കൊടുക്കില്ല ട്ടോ, ഈ
കഞ്ഞി കുടിച്ചിട്ട് മരുന്നും കഴിച്ച് ഒന്ന് ഉറങ്ങിയാൽ
പനിയൊക്കെ പോകും കേട്ടോ. പനി മാറിയാലല്ലേ, അപ്പേടെ
കണ്ണന് സ്കൂളിൽ പോവാൻ പറ്റൂ. എന്നിട്ട് പഠിച്ചു വല്യ ഡോക്ടർ ആയിട്ട് വേണം അപ്പേടെ കണ്ണൻ
അപ്പൻ്റെ ഈ നെഞ്ചിലും, പുറത്തും ഒക്കെ
പരിശോധിക്കുന്നത് അപ്പാക്ക് കണ്ണ് നിറയെ കാണണം കണ്ണേ..
അപ്പേ... കഞ്ഞി മതി അപ്പേ..
കണ്ണേ.. ഇത് മുഴുവൻ കുടിക്കണം, അല്ലെങ്കിൽ
ഗുളിക കഴിക്കാൻ പറ്റില്ല പൊന്നെ.
എനിക്ക് വേണ്ട അപ്പേ..
അവള് ചിണുങ്ങിക്കൊണ്ട് മാധവൻ്റെ തോളിലേക്ക് വീണു.
അപ്പേ.. എനിക്ക് എങ്ങും പോകണ്ട, ഇവിടെ
അപ്പേടെ കൂടെ നിന്നാൽ മതി.
അമ്മേടെ കൂടെയുള്ള അങ്കിൾ ചീത്തയാണപ്പെ...
കണ്ണേ മോള് എന്താ അങ്ങനെ പറഞ്ഞത്, മാധവൻ
എന്ന അച്ഛൻ്റെ ഉള്ളമൊന്നു പിടഞ്ഞു.
ചീത്ത ആയതോണ്ടല്ലേ അപ്പേ ഞമ്മളെ അമ്മേനെ ആ അങ്കിൾ കൊണ്ടോയത്, ചുണ്ട്
പിളർത്തിക്കൊണ്ട് പറയുന്ന മോളെ നോക്കി അയാളൊന്ന് നിശ്വസിച്ചു.
ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾക്ക്
വഴി മാറികൊടുത്തു.
മോൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച
സ്നേഹനിധിയായ ഒരു അച്ഛൻ. വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ബന്ധുക്കൾ
നിർബന്ധിച്ചെങ്കിലും വിശ്വാസം എന്നത് ചിന്നിച്ചിതറിയ ചില്ലുകൊട്ടാരം
പോലെ വീണുടഞ്ഞിരുന്നു.
ഭാര്യ പോയതിനു ശേഷം അയാള് പിന്നെ വേറെ
ജോലിക്കൊന്നും പോയിട്ടില്ല,
തൊടിയിൽ നിന്നും കിട്ടുന്ന വരുമാനം
മാത്രം മതിയായിരുന്നു,
ആ രണ്ടു വയറിനും വിശപ്പടക്കാൻ. ഇടയ്ക്കിടയ്ക്ക്
വരുന്ന ശ്വാസം മുട്ടൽ മാധവൻ്റെ ആരോഗ്യ നില വശളായിക്കൊണ്ടിരുന്നു.
കണ്ണേ.. ഇനിയും ഒരുങ്ങിയില്ലേ..? ഇന്ന് എക്സാം അല്ലേ.. സമയം എത്രയായി എന്ന് നോക്ക് കണ്ണേ ..
അപ്പേ... എക്സാമൊക്കെ പിന്നെയും എഴുതാലോ, അപ്പാക്ക്
വയ്യാതെ ഇവിടെ ഇട്ടിട്ട് പോയാൽ എക്സാമൊന്നും എഴുതാൻ കഴിയില്ല.
അപ്പാക്ക് എന്തങ്കിലും ആവിശ്യം വന്നാലോ...
കണ്ണേ... ഈ എക്സാമിന് പോയില്ലെങ്കിൽ ശരിയാവില്ലടാ, അപ്പാടെ
സ്വപ്നമാണ് എൻ്റെ കുട്ടി പഠിച്ചു മിടുക്കിയായി എക്സാം എഴുതി നല്ല മാർക്ക് വാങ്ങിക്കുന്നത്. കണ്ണ് നിറച്ചു കൊണ്ട് മാധവൻ അത് പറയുമ്പോൾ നിറകണ്ണുകളോടെ അവള് അപ്പായെ നോക്കി.
അപ്പേ... ഞാൻ പെട്ടന്ന് എക്സാം എഴുതി തിരിച്ചു വരും, അതുവരേക്ക് ഇവിടുന്ന് അനങ്ങാൻ പാടില്ല, ദേ അപ്പാക്ക് വേണ്ട
എല്ലാ സാധനങ്ങളും
ഈ മേശപ്പുറത്തുണ്ട്.
അയ്യേ.. എന്തിനാ ഈ കണ്ണ് നിറയുന്നത്?
അപ്പാടെ മോള് പഠിച്ചു നല്ല മിടുക്കിയായിട്ടാണ് എക്സാമിന്
പോകുന്നത്.
മാധവൻ്റെ കണ്ണ് വീണ്ടും, വീണ്ടും നിറഞ്ഞു
കൊണ്ടേയിരുന്നു,
അതൊരു പൊട്ടിക്കരച്ചിലായി മാറി.
കണ്ണേ.. എന്ന് വിറയ്ക്കുന്ന ശബ്ദത്തോടെ വിളിച്ച് കൊണ്ട്
അവളുടെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി.
അപ്പേ ഞാൻ പെട്ടന്ന് വരാട്ടോ.
വീണ്ടും ആ കവിളിൽ ഉമ്മകൊടുത്തു കൊണ്ട് അവള് കോളേജിലേക്ക്
പോയി..
നിറഞ്ഞു തൂവുന്ന കണ്ണുനീർ തുള്ളികൾ
തുടച്ച് നീക്കി ക്കൊണ്ട് എക്സാം ഭംഗിയായി എഴുതി, അവസാന നിമിഷം ആൻസർ പേപ്പറിലൂടെ
കണ്ണോടിക്കുമ്പോഴാണ് എക്സാം ഹാളിലേക്ക് ഓടിക്കിതച്ചു വരുന്ന
കാശിയെ അവള് കണ്ടത്,
കാശിയിൽ അവളുടെ കണ്ണുകൾ തറഞ്ഞു നിന്നു.
ടീച്ചറുടെ നോട്ടവും അവൾക്ക് നേരെ നീണ്ടിരുന്നു.
കനി ...
ടീച്ചർ പറഞ്ഞു മുഴുവിക്കും മുമ്പെ, കാശി
അവളെയും കൊണ്ട് കോളേജ് വരാന്തയിലൂടെ ഓടി പോയിരുന്നു.
കാശിയേട്ട .. എന്താ കാര്യം, പറയ് കാശിയേട്ട..
കന്യേ... എന്നോടിപ്പൊ ഒന്നും ചോദിക്കല്ലെ, നല്ല
കുട്ടിയായി എൻ്റെ കൂടെ വാ.
കാശിയേട്ട.. അപ്പായ്ക്ക് വയ്യേ..?
ഇല്ലാ.. എൻ്റെ അപ്പായ്ക്ക് ഒന്നും ഉണ്ടാവില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് കാശിയുടെ മടിയിലേക്ക് അവള് തളർന്നു വീണു.
കാശിയുടെ കണ്ണും നിറഞ്ഞു തൂവി.
കന്യേ... ഇങ്ങനെ കരയല്ലേ മോളെ. അപ്പായ്ക്ക്
ഒന്നുമില്ലെന്ന് പറയാൻ അവൻ്റെ ഉള്ളം വെമ്പിയെങ്കിലും അതുകൊണ്ടൊരു കാര്യവുമില്ല, ചെമ്മൺ പാതയിലൂടെ നീങ്ങിഞ്ഞുറിഞ്ഞുവെച്ച തെങ്ങിൻ തോപ്പും കഴിഞ്ഞു, അവന്റെ കാറ് കനിയുടെ വീട്ടുമുറ്റതെത്തി.
കന്യെ.. എഴുന്നേൽക്ക് മോള വീടെത്തി. ഉറക്കത്തിലെന്ന പോലെ
അവള് ചാടിയെഴുന്നേറ്റു ചുറ്റും നോക്കി.
കാശിയേട്ട .. എന്താ ഇവിടെ ഇങ്ങനെ ആളുകളൊക്കെ?
എനിക്ക് എന്തോ പേടി തോന്നുന്നു കാശിയേട്ട.
കനിയുടെ ചോദ്യത്തിന് കാശിക്കു വാക്കുകൾ
പുറത്തേക്ക് വരാതെ തൊണ്ടക്കുഴിയിൽ തന്നെ കുരുങ്ങിക്കിടന്നു.
കാശി അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് വീടിൻ്റെ ഉമ്മറത്തേക്ക്
നടന്നു. ഇതുവരെ കാണാത്ത പലമുഖങ്ങളും അവിടെ എത്തിയിട്ടുണ്ട്. കനിയെ
കണ്ടതും അവിടെ കൂടിയവരുടെ കണ്ണുകളും ഈറനണിഞ്ഞു, ആ മോള് എങ്ങനെ സഹിക്കും ഇത്. ആകെ ഉണ്ടായിരുന്ന അച്ഛനും കൂടി പോയി. ഓരോ മക്കളുടെ വിധ്യോ പലരും അടക്കം പറഞ്ഞുകൊണ്ട് നെടുവീർപ്പിട്ടു.
കന്യേ കണ്ണ് തുറന്നെ..
പേടിയോടെ കാശിയേ അള്ളിപ്പിടിച്ചുകൊണ്ട്
കണ്ണുകൾ ഇറുകെ അടച്ചു നിൽക്കുകയാണ് കനി, അവളിൽ നിന്നും ഇടയ്ക്ക് ഓരോ
തേങ്ങലുകൾ പുറത്തേക്ക് വരുന്നത് കാശി അറിഞ്ഞു.
മോളെ കണ്ണ് തുറക്ക്.. അപ്പായെ കാണണ്ടെ നിനക്ക്??
അപ്പച്ചിയാണത് ചോദിച്ചത്.. (കാശിയുടെ അമ്മ)
കണ്ണേ...
അപ്പ വന്നു വിളിക്കുന്ന പോലെ തോന്നിയവൾക്ക്.... പെട്ടന്നവൾ
കണ്ണുകൾ വലിച്ചു തുറന്നു,
അപ്പേ.. അപ്പ ഉറങ്ങിയോ.. മരുന്നൊന്നും കഴിച്ചില്ലല്ലോ ..
കാശിയുടെ കൈ കുടഞ്ഞെറിഞ്ഞവൾ റൂമിലേക്ക് ഓടി, എന്തക്കയോ
പിറുപിറുത്തു കൊണ്ട് ഗുളികകൾ ഓരോന്നായി കയ്യിൽ എടുക്കാൻ തുടങ്ങി.
കന്യേ.. പുറകിൽ നിന്നും കാശി വിളിച്ചത് കേട്ടങ്കിലും അവള്
തിരിഞ്ഞു
നോക്കിയില്ല.
അപ്പ മരുന്ന് കഴിച്ചില്ല കാശിയേട്ട.
അതാണ് കാശിയേട്ടൻ വന്നപ്പോ അപ്പ മിണ്ടാതെ കിടക്കുന്നത്, അലാതെ
ഉറങ്ങിയിട്ടൊന്നുമില്ല. ഞാൻ കാണിച്ചു കൊടുക്കാം, തിരിഞ്ഞു നോക്കാതെ തന്നെ കനി
പറഞ്ഞു കൊണ്ടിരുന്നു.
കനിയുടെ ഈ അവസ്ഥ അവനെ വല്ലാതെ വേദനിപ്പിച്ചു, കവിളിലൂടെ
ഒലിച്ചിറങ്ങിയ കണ്ണുനീർ അവള് കാണാതിരിക്കാൻ അവൻ വേഗത്തിൽ തുടച്ചു മാറ്റി.
കന്യേ.. ഇതൊക്കെ ഇവിടെ വെച്ചേ. ഇനി ഇതൊന്നും
അപ്പായ്ക്ക് വേണ്ട മോളെ,
അപ്പ പോയില്ലെ.. നമ്മളെ
എല്ലാവരെയും വിട്ട് അപ്പ പോയി. അത് പറയുന്നതിനോടൊപ്പം കാശി
കരഞ്ഞു പോയിരുന്നു.
കാശിയേട്ട.. എന്താ പറഞ്ഞത്..?
അപ്പ പോയന്നോ.
പറ കാശിയേട്ട... എങ്ങോട്ട് പോയന്ന്..?
കനി അവൻ്റെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് അവൻ്റെ
മറുപടിക്കായി കാതോർത്തു നിന്നു.
അതെ മോളെ അപ്പ ഇനിയില്ല.
പിന്നെ അവനൊന്നും പറയാതെ അവളെയും
കൊണ്ട് ഉമ്മറത്തേക്ക് പോയി.
ചന്ദനത്തിരിയുടെ മണം മൂക്കിലേക്ക് തുളച്ച് കയറിയപ്പൊ കനി
കണ്ണുകൾ മെല്ലെ തുറന്നു,
അപ്പേ.. എന്നെ ഇട്ടിട്ട് പോയി അല്ലേ.
കനി മാധവൻ്റെ ശരീരത്തിലേക്ക് കമയ്ന്നു വീഴാൻ പോയപ്പോഴേക്കും അപ്പച്ചി അവളെ താങ്ങിയിരുന്നു.
ഞാൻ.. എൻ്റെ അപ്പായ്ക്ക് ഒരു ഉമ്മ കൊടുത്തോട്ടെ അപ്പച്ചി, അവസാനമായിട്ട്
എൻ്റെ അപ്പായെ ഒന്ന് തൊട്ടോട്ടെ.
അപ്പേ.. കണ്ണ് തുറക്ക്.. ദേ നോക്കിയേ.. എന്നെ കണ്ണേ
എന്ന് ഒന്നൂടെ വിളിച്ചെ..
അപ്പേ.... ഞാൻ നന്നായി എക്സാം എഴുതിയോ അറിയണ്ടേ എൻ്റെ
അപ്പായ്ക്ക്..??
പിന്നെയും അവള് എന്തക്കയോ പതം പറഞ്ഞ് കരഞ്ഞു കൊണ്ടിരുന്നു.
മാധവൻ്റെ മരണ വിവരം അറിഞ്ഞ് അവൻ്റെ ഭാര്യ
വന്നിരുന്നുന്നത്രെ, കാശി അവരെ ഉള്ളിലേക്ക് കയറാൻ
സമ്മതിച്ചില്ല. ആ ശവം കൂടി തിന്നാനാണോ നിങ്ങള് വന്നതന്ന്
ചോദിച്ചു കൊണ്ട് കാശി അവളെ ഗേറ്റിനു പുറത്താക്കി. അവിടെയങ്ങനെ ഓരോ സംസാരങ്ങളും ഉയർന്നു കൊണ്ടിരുന്നു.
കാശി ഓടി നടന്നു എല്ലാ കാര്യങ്ങളും ചെയ്തു.
ചിത കത്തിയെരിയും മുമ്പേ ഓരോരുത്തരായി പോകാൻ
തുടങ്ങി, എല്ലാവരും പോയി കഴിഞ്ഞിരുന്നു, അവസാനം
ആ വീട്ടിൽ കാശിയും,
അവൻ്റെ അമ്മയും കനിയും മാത്രമായി.
കാശി എന്താ നിൻ്റെ തീരുമാനം..??
കനിയെ ഇവിടെ ഇട്ടിട്ട് പോകാൻ പറ്റില്ല, നമ്മൾക്ക്
ഇവിടെ വന്ന് നിൽക്കാനും പറ്റില്ല.
അമ്മാ... എന്തിനാ കനിയെ ഇവിടെ വിട്ട് പോകുന്നത്??
നമ്മളെ കൂടെ കൊണ്ട് പോകണം അവളെ.
ഞാനില്ല കാശിയേട്ട.. നിങ്ങള് പൊയിക്കോ.. അച്ഛനുറങ്ങുന്ന ഈ മണ്ണ് വിട്ട് കനി എങ്ങോട്ടുമില്ല. എനിക്ക് എൻ്റെ
അച്ഛൻ കൂട്ടുള്ളപ്പോൾ വേറെ ആരും വേണ്ട, വേറെ ആരും.
കനി
മുഖം പൊത്തി പൊട്ടിക്കരഞ്ഞു. ആ ഹൃത്തിലെ വേദന അവന് നന്നായി
അറിയാമായിരുന്നു. അപ്പായുടെ മരണം അത്രയ്ക്ക് മുറിഞ്ഞിട്ടുണ്ട് ആ ഉള്ളം. മരുന്ന് കൊണ്ട് മാറാത്ത അത്രേം ആഴത്തിൽ മുറിഞ്ഞു ചോര ചീറ്റുന്നുണ്ട്.
കന്യേ.. കാശി അവളുടെ മുടിഴിയകൾ തലോടിക്കൊണ്ട് അത്രേം
ആർദ്രമായി വിളിച്ചു.
വാ.. ഡ്രസൊക്കെ മാറ്, നമ്മുക്ക് വീട്ടിൽ പോകാം.
അപ്പ ഇവിടെ തന്നെയല്ലേ കാശിയേട്ട..?ചോദിക്കുന്നതിനോടപ്പം അവളുടെ ഹൃദയം അലമുറയിട്ടു
കരയാൻ തുടങ്ങി.
അപ്പായുടെ സ്വപ്നമല്ലേ കന്യേ.. നീ പഠിച്ചു ഡോക്ടർ ആവുക
എന്നത്. എന്നിട്ട്.. ദേ ഏട്ടൻ്റെ മുഖത്തേക്ക് നോക്കിയേ അപ്പ
ഉറങ്ങുന്ന ഈ മണ്ണിൽ
വേണം അത് സാക്ഷാത്കരിക്കാൻ. കാശിയുടെ ആ വാക്ക് കേട്ടതും
കനിയുടെ ഉള്ളിൽ എവിടെയോ ഒരു തിരിവെട്ടം തെളിഞ്ഞു.
അപ്പായുടെ അടുത്ത് ചെന്നവൾ യാത്ര പറഞ്ഞു. കനിയുടെ കരഞ്ഞു
വീർത്ത കൺതടം കാണെ കാശിയുടെ ഉള്ളം നീറി.
മോളെ.. മതി കരഞ്ഞത്, എഴുന്നേൽക്ക് നമ്മുക്ക്
ഇടക്കൊക്കെ അപ്പായെ കാണാൻ ഇവിടെ വരാലോ.. അപ്പച്ചി അത്
പറയുമ്പോൾ
പൊട്ടിക്കരഞ്ഞുകൊണ്ട് കനി അവരെ കെട്ടിപ്പിടിച്ചു.
ഒരു അമ്മയുടെ വാത്സല്യം എന്നോണം അപ്പച്ചിയും അവളെ നെഞ്ചോടു
ചേർത്തു പിടിച്ചു.
കനി അന്നാ വീടിൻ്റെ പടിയിറങ്ങി, അപ്പച്ചിയുടെയും
കാശിയുടെയും, ചേർത്തു പിടിക്കൽ കൊണ്ട് സങ്കടങ്ങളെയല്ലാം വകഞ്ഞു
മാറ്റിക്കൊണ്ട് അവള് പഠിത്തത്തിൽ മാത്രം ശ്രദ്ധ ചൊലുത്തി.
വർഷങ്ങൾക്കിപ്പുറം മാധവൻ അന്തിയുറങ്ങുന്ന മണ്ണിൽ
തലയെടുപ്പോടെ
ഉയർന്നു വന്നു...
"മാധവൻ ക്ലിനിക്"
മാധവൻ്റെ സ്വപ്നമായിരുന്നതു, കനി കാശിനാഥൻ.
അതെ മാധവൻ അവസാന ശ്വാസം നിലയ്ച്ചത്
കാശിയുടെ മടിയിൽ കിടന്നായിരുന്നു. മാധവൻ അന്ന് കാശിയോട് ഒന്നേ
ആവിശ്യപ്പെട്ടുള്ളൂ.. കാശ്യേ... എൻ്റെ കനിയെ മരണം വരെ
പൊന്നു പോലെ നോക്കിക്കോളണേയന്ന്...
കണ്ണേന്ന് വിളിക്കാൻ ഇനി എൻ്റെ കനിക്ക് അപ്പ ഉണ്ടാവില്ല.
നിന്നെ... നിന്നെ... ഏൽപ്പിച്ച്, അപ്പോഴേക്കും, ആ
ശബ്ദം പതിയെ, പതിയെ നിലച്ചു പോയിരുന്നു.
മാധവൻ ക്ലിനിക്കിൻ്റെ ഉത്ഘാടനം ആയതുകൊണ്ട് അന്നത്ത പരിശോധനയും മരുന്നും എല്ലാവർക്കും സൗജന്യമായിരുന്നു. ഒത്തിരി തിരക്കുള്ള ദിവസം ആയതുകൊണ്ട് തന്നെ കനി
നന്നേ തളർന്നു പോയിരുന്നു.
ശരീരത്തേക്കാൾ മനസ്സാണ് തളർന്നത് അപ്പായുടെ
ഓർമ്മകൾ അവളെ നോവിനാൽ വലയം തീർത്തത് കൊണ്ടാവാം. ഭക്ഷണത്തിന് എഴുന്നേൽക്കാൻ
നേരമാണ് ഒരു പേഷ്യൻ്റും കൂടി വരുന്നുണ്ട് ഡോക്ടർ എന്ന് പറഞ്ഞ്
കൊണ്ട് മറീന സിസ്റ്റർ റൂമിലേക്ക് വന്നത്. ഒട്ടും നടക്കാൻ വയ്യാത്തത് കൊണ്ട് തന്നെ സിസ്റ്റർമാർ പിടിച്ചു കൊണ്ടാണ് അവരെ റൂമിലേക്ക് കൊണ്ട് വന്നത്, നന്നേ ക്ഷീണിച്ച മുഖവും മെലിഞ്ഞുണങ്ങിയ പോലെ കൈകാലുകളും അവരെ കണ്ടപ്പോൾ അവൾക്ക് വല്ലാത്ത കനിവ് തോന്നി. പരിശോധനക്കിടയിൽ പേര് ചോദിക്കാനും ഡോക്ടർ കനി മറന്നില്ല.
ഭ... ഭാനുമതി..
വിക്കികൊണ്ടാണ് അവര് പേര് പറഞ്ഞത്. കണ്ണിമചിമ്മാതെ അവര് കനിയെ തന്നെ നോക്കിയിരുന്നു.
മോ... മോളെ കനി .. അവര് മെല്ലെ വിളിച്ചു, കനി
ഒരു പതർച്ചയോടെ എഴുന്നേറ്റു.
അതെ അമ്മ... ഭാനുമതി.
അമ്മ എന്നാ വാക്കിനോനോട് തന്നെ അവൾക്ക് അറപ്പു തോന്നി.
കണ്ണേ... നമ്മുക്ക് മുമ്പിൽ കൈനീട്ടി വരുന്നവർ
ശത്രുവാണങ്കിൽ പോലും വെറും കയ്യോടെ തിരികെ വിടരുത്.
അപ്പായുടെ വാക്കുകൾ കനിയിൽ ഉറവ പൊടിഞ്ഞു. ഉറഞ്ഞു വന്ന
കണ്ണുനീർ തുള്ളികൾ അവര് കാണാതിരിക്കാൻ അവള് പാടുപ്പെട്ടു, അപ്പായെ ഓർത്തു മാത്രമാണ് ആ
കണ്ണുകൾ നിറഞ്ഞത്.
അധികം വാക്കുകൾ ചവച്ചുതുപ്പാനൊന്നും നിൽക്കാതെ
ഒരു ഡോക്ടറുടെ കർത്തവ്യം അവള് ഭംഗിയായി നിർവഹിച്ചു. നിറ
കണ്ണുകളോടെ ആശുപത്രി വരാന്തയിലൂടെ നടന്നു നീങ്ങുന്ന ഭാനുമതിയെ
കനി ഒന്നേ നോക്കിയുള്ളു. അപ്പോഴേക്കും അപ്പായുടെ കണ്ണേ എന്നുള്ള വിളി അവളുടെ ഉള്ളത്തെ കൊളുത്തി വലിച്ചു. ഇറയത്തിന്നും ഉറ്റിയുറ്റി വീഴുന്ന
മഴത്തുള്ളികളെ കൈ കുമ്പിളിൽ എടുത്ത്
മുഖത്തേക്ക് തെറിപ്പിച്ചപ്പോഴും അതിനോടൊപ്പം ഉതിർന്നു വീഴുന്ന
കണ്ണുനീരും
കവിളിനെ ചുംബിച്ചു കൊണ്ട് നിലംപതിച്ചു..!
കഴുത്തിൽ ഒരു ചുടുനിശ്വാസം അറിഞ്ഞതും അവളൊന്നു പിടഞ്ഞു, തിരിഞ്ഞു നോക്കാതെ തന്നെ അവൾക്ക് അറിയാമായിരുന്നു.
കാരണം ആ വാത്സല്യ ശ്വാസത്തിനിന്ന് ഒരേ ഒരു അവകാശിയുള്ളു, കാശി നാഥൻ.
കണ്ണേ... കാശി അവളുടെ കാതോരം മൊഴിഞ്ഞു.
എന്തോ.. കാശി വിളിച്ച അതെ ഈണത്തോടെ തന്നെ കനിയും മറുപടി കൊടുത്തു.
കന്യേ .. ഓരോ മഴപെയ്ത്തിനും നീയും ഇങ്ങനെ പെയ്യാൻ
തുടങ്ങിയാലോ, അത് അപ്പായ്ക്കും വിഷമമാവില്ലേ..???
അപ്പായ്ക്ക് കാശി കൊടുത്ത വാക്കാണ്, നിന്നെ
മരണം വരെ പൊന്നു പോലെ നോക്കിക്കോളാമെന്ന്, എന്നിട്ട് നീ....
അവനൊരു കെറുവോടെ പറഞ്ഞു കൊണ്ട് മുഖം തിരിഞ്ഞുനിന്നു. അന്നേരം കനിയുടെ മിഴികൾ നിറഞ്ഞു തൂവി.
സോറി ഏട്ടാ.. ഇനി.. ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല, സോറി..
അവള് കരഞ്ഞു കൊണ്ട് അവനെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു.
കന്യേ... സ്നേഹാർദ്രമായ അവന്റെ വിളിയിൽ അവളൊന്നു മൂളി.
എന്റെ മുഖത്തേക്ക് നോക്ക് കന്യേ, അവള്
അവന്റെ മുഖത്തേക്കു നോക്കിയതും പ്രണയത്തോടെ അവന്റെ മിഴികളും അവളോട് ഒരുപാട് കഥകൾ
മെനഞ്ഞു.
നിന്റെ അപ്പ എനിക്ക് തന്ന കനിയാണ് പെണ്ണേ നീ, അതിനെ
ഞാൻ എന്നോളം കാത്തു സൂക്ഷിക്കില്ലേ.
അത് പറയുന്നതിനോടൊപ്പം കനിയുടെ
നെറ്റിയിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞിരുന്നു, ആ സ്നേഹച്ചൂടിൽ
അവന്റെ നെഞ്ചോരം മുഖം പൂഴ്ത്തി കിടക്കവേ ആ ഹൃദയ താളം അവളിൽ ആനന്ദമുണർത്തി.
ഒരു പ്രത്യേക കുളിർമ്മയോടെ പ്രകൃതിയും അവരെ പൊതിഞ്ഞു പിടിച്ചപ്പോൾ രണ്ട് മെയ്യും, മനവും ഒന്നായ്ക്കൊണ്ട് രാത്രിയുടെ യാമങ്ങളിലേക്ക് ഇരുവരും ഊളിയിട്ടു.