കാർണിവൽ

Carvinal - Malayalam - Story

കഥ   :        കാർണിവൽ

രചന :       നബീല ഫർസാന

റേസിംഗ് ബൈക്കിന്റെ കാതടപ്പിക്കുന്ന ശബ്ദം കൂടാരത്തിൽ നിന്നും ഉയർന്നു കേട്ടു, രണ്ടു മൂന്ന് ബൈക്കുകൾ അത്ഭുതകരമായി അവർ ഒരുമിച്ച് മരണകിണറിൽ ഓടിച്ചു കൊണ്ടിരുന്നു. മരണ കിണറിനു മുകളിൽ നിൽക്കുന്ന ജനങ്ങളുടെ എല്ലാം കണ്ണുകൾ താഴെ അടുത്ത ബൈകുമായി രംഗത്തിറങ്ങാൻ നിൽക്കുന്നവളിലേക്കാണ്.

ജീൻസും ഇൻചെയ്ത ഷർട്ടും ധരിച്ചു സ്വർണ നിറത്തിലുള്ള മുടി പോണിടൈൽ കെട്ടിവെച്ചു കൊണ്ട് മണലിന്റെ നിറമുള്ള മുഖത് ആത്മവിശ്വാസത്തിന്റെ പുഞ്ചിരി തൂകി നിൽക്കുന്നവളിലേക്ക്. തന്റെ ബൈക്കിലേക്ക് കയറി ബൈക്ക് ഇരപ്പിച്ചു കൊണ്ടിരിക്കുന്നവൾ ഏത് നിമിഷം വേണമെങ്കിലും തന്റെ കൂട്ടാളികൾക്ക് ഒപ്പം മുകളിലേക്ക് ഉയർന്നു വന്നേക്കാം. അവളുടെ ബൈക്കിന്റെ ശബ്ദം കൂടുന്തോറും കാണികൾക്കും ആവേശമേറി. കാത്തിരിപ്പിനൊടുവിൽ ശക്തമായി ഒന്ന് ഇരപ്പിച്ചു കൊണ്ട് അനായാസം അവൾ മരപ്പലകകൾക്ക് മുകളിലൂടെ തന്റെ ബൈക്ക് കയറ്റി ഓടിച്ചു തുടങ്ങി. മരണ കിണറിന്റെ ഏറ്റവും മുകളിലേക്കും അടുത്ത നിമിഷം അതെ പോലെ താഴ്ചയിലേക്കും അവൾ സഞ്ചരിച്ചു കൊണ്ടിരുന്നു.

കൈകൾ ഹാൻഡിലിൽ നിന്ന് വേർപ്പെടുത്തിയും, എണീറ്റു നിന്ന് കൈകൾ പിണച്ചു കെട്ടിയും, കൂടെയുള്ളവരുടെ ബൈക്കിൽ തൂങ്ങിയും അവൾ അവിടെ താണ്ടവം തീർത്തു. കാറ്റു പോലെ മുകളിലേക്ക് ഉയർന്നു പോകുന്നവളേ ലക്ഷ്യം വെച്ച് കാണികളിൽ ചിലരുടെയൊക്കെ കൈകൾ അവൾക്ക് നേരെ പത്തിന്റെയും ഇരുപത്തിന്റെയും നോട്ടുകൾ നീട്ടി പിടിച്ചു, അവൾ പക്ഷെ ശ്രദ്ധിക്കുക കൂടി ചെയ്യുന്നില്ല. അവൾ ചെയ്യുന്ന പ്രവർത്തിയിൽ മാത്രം ശ്രദ്ധാലുവാണ്. ഒരു പുഞ്ചിരിയോടെ അവൾ തന്റെ ബൈക്ക് കിണറിലൂടെ ഓടിച്ചു കൊണ്ടിരുന്നു. അങ്ങനെ നീട്ടി പിടിക്കുന്ന കൈകളോട് അവൾക് പുച്ഛം മാത്രമാണ്. ഏത് നിമിഷവും കൈ വിട്ടു പോയേക്കാവുന്ന ജീവനും വെച്ച് ജനങ്ങളെ രസിപ്പിക്കുന്നതിനിടയിൽ അവരുടെ കളികൾക്ക് നിന്ന് കൊടുക്കാൻ അവൾക്ക് സമയം ഇല്ല. നീട്ടി പിടിച്ച കൈകൾ അടുത്തെത്തു മ്പോയെക്കും അവർ കൈകൾ പിൻവലിച്ചിട്ടുണ്ടാവും. കാണികൾക്ക് ഒരു രസം. തങ്ങൾ പറ്റിക്കപെട്ടല്ലോ എന്നോർത്തു അവർ പൊട്ടി ചിരിക്കും. ഒരു പത്തു രൂപക്ക് ഒരു നിമിഷം ശ്രദ്ധ പാളിയാൽ തനിക്ക് നഷ്ട്ടപെടുന്നത് ജീവിതമാണെന്ന് അവൾക്ക് അറിയാം..


അവളുടെ കൂട്ടുകാർ പലരും പൈസ മേടിക്കാൻ വേണ്ടി കൈകൾ നീട്ടി പരാജയപെടുന്നത് കണ്ടിട്ടുണ്ട്, പത്തു മിനിറ്റോളം നീണ്ട മരണ കിണറിലെ ബൈക്ക് റൈഡ് അവസാന നിമിഷങ്ങളിലേക്ക് കടക്കുകയാണ്.

 

Carvinal - Malayalam - Story

താഴെ നിർത്തി ഇട്ടിരിക്കുന്ന കാറുകൾ കൂടി ഇരമ്പലോടെ മുകളിലേക്ക് ഉയർന്നു വന്നു. അവയുടെ ഇരമ്പലിനൊപ്പം തന്നെ കാണികളുടെ ശരീരവും വിറ കൊള്ളാൻ തുടങ്ങി. കിണറിൽ നടക്കുന്ന മത്സരയോട്ടത്തിന്റെ ശബ്ദം അവരിൽ ആവേശം തീർത്തു. എത്രത്തോളം വേഗത്തിൽ ഓടിക്കാമോ അത്രയും വേഗത്തിൽ ഓരോ വാഹനവും ഓടി തുടങ്ങി. എല്ലാവരുടെയും ശ്രദ്ധ കേന്ദ്രവും അവൾ മാത്രം ആണ്.


ഒരു പെണ്ണായിട്ടും എന്ത് ധൈര്യമാണ് ..

ഓരോ ആളുകളുടെയും മനസ്സിൽ ഒരു ചിന്ത മാത്രമേയുള്ളൂ, പതിനഞ്ചു മിനിറ്റ് നേരത്തെ ഷോ അവസാനിച്ചു കഴിഞ്ഞപ്പോൾ എല്ലാവർക്കും പറയാൻ പെണ്ണിനെ കുറിച്ച് മാത്രം ആയിരുന്നു. മരണ കിണറിനുള്ളിൽ നിന്ന് അവൾ തന്നെയാണ് വാതിൽ തുറന്ന് ആദ്യം പുറത്തേക്ക് ഇറങ്ങിയത്. പുറത്തെ ഭയങ്കരമായ മഴയിലേക്ക് ഒരു നിമിഷം നോക്കി നിന്നു. ഉയർന്നു കേൾക്കുന്ന ഹിന്ദി പാട്ടുകൾ മഴയുടെ ശക്തിയിൽ ഇടയ്ക്കിടെ മുങ്ങി പോവുന്നുണ്ടോ എന്നവൾക്ക് തോന്നാതെ ഇരുന്നില്ല. മേൽക്കൂരകൾ ഇല്ലാത്ത മൈതാനത് ജനങ്ങൾ മഴകൊള്ളാതെ ഇരിക്കാൻ പരമാവധി കഷ്ട്ടപെടുന്നുണ്ട്. മഴ കാരണം എല്ലാ പരിപാടികളും നിർത്തി വെച്ചിരിക്കുന്നു.
 
"
अरे पायल वह कहाँ जा रहा है"

ഒട്ടൊരു നിമിഷത്തിന് ശേഷം മഴയിലേക്ക് ഇറങ്ങി ഓടുന്നവളെ നോക്കി പുറകിൽ നിന്നാരോ വിളിച്ചു ചോദിച്ചു.

"
अगला शो शुरू होने पर ही कॉल करें। मैं आऊंगा"

ഓടുന്നതിനിടയിൽ വിളിച്ചു പറയുന്നവളെ നോക്കി നിൽക്കാനേ അവർക്ക് ആയുള്ളൂ. അവൾക്ക് മഴയും ചൂടും ഒന്നും പ്രധാനമല്ലെന്ന് അവർക്ക് അറിയാം. ചെറിയ വെളിച്ചം നിറഞ്ഞ ടെന്റിലേക്കവൾ ഓടി കയറുമ്പോൾ നിലത്താകെ വെള്ളം നിറഞ്ഞു ചളി നിറഞ്ഞിട്ടുണ്ട്. ടെന്റ് കെട്ടിയ പ്ലാസ്റ്റിക്  ഷീറ്റിനുള്ളിലൂടെ ഇടയ്ക്കിടെ മഴതുള്ളികളും താഴേക്ക് പതിക്കുന്നുണ്ട്.

ഒട്ടും പ്രതീക്ഷിച്ചിട്ടില്ല ഇങ്ങനെ ഒരു മഴ. മഴക്കാലവും അല്ല. അല്ലെങ്കിലും അങ്ങനെ തന്നെ അല്ലെ? ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ പോലും പ്രതീക്ഷിക്കാതെ വരുന്നതാണ്.


പിന്നെ അല്ലെ ഒരു മഴ..


ചെറിയ വെളിച്ചത്തിൽ കാണുന്ന തൊട്ടിലിലേക്ക് അവളുടെ കണ്ണുകൾ പാഞ്ഞു. അപ്പോൾ മാത്രം നിർവികാരമായിരുന്ന അവളുടെ കണ്ണുകളിൽ നീരുറവ പൊടിഞ്ഞു. വാത്സല്യം നിറഞ്ഞു.

"
बेबी......मेरे बच्चे...."

വത്സല്യത്തോടെ അവൾ വിളിച്ചപ്പോൾ തൊട്ടിലിൽ കിടന്ന ഒന്നര വയസ്സുകാരി അമ്മയുടെ ശബ്ദം കേട്ട പോലെ കാലിലെ കൊലുസ്സിട്ടടിക്കാൻ തുടങ്ങി. ചുണ്ടിൽ ഊറിയ ചിരിയോടെ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ അവൾ എടുത്തുയർത്തി. തടിച്ചുരുണ്ട കുഞ്ഞി കവിളുകളിൽ അവൾ ഉമ്മ വെക്കുമ്പോൾ കുഞ്ഞിപെണ്ണും അവളുടെ അമ്മയെ കണ്ട സന്തോഷത്തിൽ ആയിരുന്നു. ഉണങ്ങി തുടങ്ങിയ കുഞ്ഞി ചുണ്ടുകളിലേക്ക് ഷർട്ടിന്റെ ബട്ടൻസ് നീക്കിയവൾ തന്റെ മാറ് ചേർത്ത് വെച്ചു. മഴക്ക് സമാധാനം ഉണ്ടന്ന് അവൾക്ക് തോന്നി. പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ടും കാർഡ്ബോർഡ് പെട്ടികൾ കൊണ്ടും താത്കാലികമായി കെട്ടിയ കട്ടിലിലേക്ക് ഇരിക്കുമ്പോൾ അവൾ ഓർത്തു. ഉടനെ അടുത്ത ഷോ തുടങ്ങുമായിരിക്കും. കുറച്ചു സമയം കൂടി മഴ പെയ്തിരുന്നെങ്കിൽ എന്നവൾ അറിയാതെ ആഗ്രഹിച്ചു പോയി. മാറിൽ കിടന്നു ആർത്തിയോടെ നുണയുന്ന കുഞ്ഞിനെ നോക്കുമ്പോൾ അങ്ങനെ ആഗ്രഹിക്കാനേ പറ്റൂ. പക്ഷെ സാധിക്കില്ല ...

ടെന്റിനു മുന്നിൽ ആരോ പതുങ്ങുന്ന പോലെ തോന്നിയപ്പോൾ ആണ് കുഞ്ഞിന്റെ മുഖത്ത് നിന്ന് തല ഉയർത്തി നോക്കിയത്. ഒന്ന് രണ്ടു പേരുണ്ട്. മഴ നനയാതിരിക്കാൻ കയറി നിന്നതാവുമെന്നവൾ ഓർത്തെങ്കിലും അടുത്ത നിമിഷം ടെന്റിനുള്ളിലേക്ക് കയറി വന്നിരുന്നു അവർ. വഷളൻ ചിരിയോടെ നോക്കുന്നവരെ കണ്ടതും അവളിൽ ഒട്ടുമേ ഭയം തോന്നിയില്ല. തന്റെ കൂടെയുള്ളവർ ഒരു വിളിപ്പാടകലെ ഉണ്ടെങ്കിൽ പോലും മഴ കാരണം താൻ എത്ര നീട്ടി വിളിച്ചാലും അവർ കേൾക്കാൻ പോകുന്നില്ലന്ന് തോന്നിയവൾക്ക്.

"
अरे, हटो....बाहर जाओ.."

പുറത്തേക്ക് കൈ നീട്ടി പറയുന്നവളിൽ ഒട്ടും പേടിയോ, ദയനീയതായോ വന്നവർക്ക് കണ്ടെത്താൻ ആയില്ല. ബൈക്ക് ഓടിക്കുമ്പോൾ പോലും മുഖത് ചിരിയുണ്ടായിരുന്നു. എന്നാൽ അതിൽ നിന്നിറങ്ങിയ ശേഷം അവളുടെ മുഖത് കാണുന്നത് തികച്ചും ഗൗരവം മാത്രം ആണ്. കണ്ടാലേ അറിയാം ചെറിയ പെണ്ണാണ്. പക്ഷെ മുഖത്ത് ഗൗരവവും ദേഷ്യവും മാത്രം ആണ്. അവളുടെ കൂർത്ത നോട്ടം വിലവെക്കാതെ കുഞ്ഞിന് വേണ്ടി തുറന്നിട്ട മാറിടത്തിലേക്ക് നോട്ടമിട്ടു കൊണ്ട് അടുത്തേക്ക് വരുന്നവരെ കണ്ടതും കുഞ്ഞിനെ കട്ടിലിലേക്ക് കിടത്തി പാന്റിന്റെ പോക്കെറ്റിൽ കരുതി ഇരുന്ന കത്തി എടുത്തവൾ വീശിയതും ഒരുമിച്ചായിരുന്നു.

അവളുടെ കണ്ണുകളിലെ തീക്ഷണമായ നോട്ടം കണ്ടാൽ തന്നെ അറിയാം അവൾ ഒന്നും ചെയ്യാൻ മടിക്കില്ല.

"
अरे, बाहर निकलो..."

കത്തി നീട്ടി പിടിച്ചുള്ള അവളുടെ നിൽപ്പിലും ഭാവത്തിലും ഭാഷയിലും ഭീഷണിയുടെ സ്വരമായിരുന്നു, അവർ പുറത്തേക്കിറങ്ങി കണ്ണിൽ നിന്നും മറയുവോളം അവൾ കത്തി നീട്ടി പിടിച്ചു കൊണ്ടേയിരുന്നു. കുഞ്ഞിന്റെ കരച്ചിൽ ആണവളുടെ ശ്രദ്ധ മാറ്റിയത്. ഓടി ചെന്ന് കുഞ്ഞിനെ എടുത്തു നെഞ്ചോടടക്കി പിടിച്ചപ്പോയെക്കും ഇത്രയും നേരം ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നവൾ കരഞ്ഞു പോയിരുന്നു.

ഇരുട്ടിന്റെ മറവിൽ സുഖം തേടി എത്തുന്ന നീചൻമാരിൽ നിന്ന് ഒരു പെണ്ണിനും ഏത് കാലത്തും രക്ഷ ഉണ്ടാവില്ലെന്നവൾ ഓർത്തു. തന്റെ രാജ് ഉണ്ടായിരുന്നെങ്കിൽ?

അവനെ ഓർത്തപ്പോയെക്കും അവളുടെ ചൊടികളിൽ വീണ്ടും പുഞ്ചിരി വിരിഞ്ഞു. നോവുള്ള ഒരു പുഞ്ചിരി...

വർഷത്തിൽ പകുതി മാസങ്ങളോളം വീടും നാടും ഉപേക്ഷിച്ചു ഓരോ നാടുകളിലും കർണിവൽ നടത്താൻ വേണ്ടി അലഞ്ഞു തിരിഞ്ഞു നടക്കുന്നവരാണ് അവർ. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവെക്കുന്നതെല്ലാം കാർണിവൽ കൂടാരങ്ങളിൽ ആണ്. അലച്ചിൽ ആണെങ്കിലും കൂടെയുണ്ടല്ലോ എന്ന സന്തോഷമാണ്.

അന്നും ഏതോ ഒരു നാട്ടിലെ ഒരു കാർണിവൽ രാത്രിയായിരുന്നു. നമ്പർ വൺ ബൈക്ക് റൈസർ ആണ് രാജ്. അത് കൊണ്ട് തന്നെ രാജിന് ഒരുപാട് ആരാധകരും ഉണ്ടായിരുന്നു. അവർ ഒരുമിച്ചു മരണ എത്രയോ കിണറുകളിൽ താണ്ടവം തീർത്തിട്ടുണ്ട്. രാജ് തന്നെ ആയിരുന്നു അവളുടെയും ഗുരു.

കുഞ്ഞിനെ ഗർഭം ചുമന്നിട്ടും രാജ് കർണിവലിനു പങ്കെടുക്കാൻ പോവുകയാണെന്ന് അറിഞ്ഞപ്പോൾ പിരിഞ്ഞു നിൽക്കാൻ കഴിയാത്തത് കൊണ്ട് മാത്രമാണ് അവളും കൂടെ വന്നത്. പക്ഷെ ബൈക്കുകളുടെ ശബ്ദം കുഞ്ഞിന് ദോഷം ചെയ്യും എന്ന് പറഞ്ഞു കൊണ്ട് അവളെ മരണ കിണറിനുള്ളിലേക്ക് പോലും രാജ് അടുപ്പിക്കാറില്ല. ഓരോ ഷോ കഴിയുമ്പോഴും ടെന്റിനുള്ളിൽ കാത്തിരിക്കുന്നവളിലേക്ക് അവൻ ഓടി വരും. അവന്റെ ബൈക്കിന്റെ ശബ്ദം മരണ കിണറിനുള്ളിൽ നിന്നും കേട്ട് തുടങ്ങുമ്പോയെ അവൾ നെഞ്ചിൽ കൈ വെച്ച് പ്രാർത്ഥിച്ചു തുടങ്ങും. അപകടം ഒന്നും വരുത്തരുതേ എന്ന്.

പക്ഷെ..!
കാർണിവൽ രാത്രിയിൽ ദൈവം പ്രാർത്ഥന കേട്ടില്ല. ബാലൻസ് തെറ്റി രാജ് മുകളിൽ നിന്നും താഴേക്ക് പതിച്ചു. രാജ് വീണു എന്ന് മാത്രമേ കേട്ടുള്ളൂ. പിന്നീടുള്ള ദിവസങ്ങളിൽ തനിക്ക് ചുറ്റും എന്താ സംഭവിക്കുന്നത് എന്ന് പോലും അവൾക്ക് ഓർമ്മയുണ്ടായിരുന്നില്ല. ബോധം തെളിയുമ്പോൾ രാജിന് ചലന ശേഷി ഉണ്ടായിരുന്നില്ല. തികച്ചും ജീവച്ഛവം പോലെ ആയി.

കാണികൾ ആരുടെയോ തമാശ!

രാജിന് ഒരിക്കലും തന്റെ ബാലൻസ് കൈ വിട്ടു പോവാറില്ലെങ്കിലും മാസങ്ങൾ കഴിഞ്ഞു വരുന്ന തന്റെ കുഞ്ഞിന് വേണ്ടി അവൻ കാഴ്ചക്കാരുടെ കോമാളി ആയതാണ്. അവർക്കക്കെന്തറിയാം അഞ്ചു മിനിറ്റ് അവരെ സന്തോഷിപ്പിക്കുന്നവർക്കും കുടുംബം  ഉണ്ടെന്ന് പോലും ചിലപ്പോൾ അവർ ഓർക്കാറുണ്ടാവില്ല.

അപകടത്തിനു ശേഷം ജീവിതം ശരിക്കും മരണകിണറിൽ അകപ്പെട്ടത് പോലെ തന്നെ ആയിരുന്നു. ലക്ഷങ്ങൾ വിലയുള്ള രാജിന്റെ ചികിത്സ, സഹായിക്കാൻ ആളില്ലാത്ത അവസ്ഥ, എല്ലാ വേദനകൾക്കും നടുവിലേക്ക് തങ്ങളുടെ കുഞ്ഞിന്റെ ജനനം. വേറെ ഒരു ജോലിയോ ജീവിതമോ അറിയാത്തത് കൊണ്ട് മാത്രം ആണ് വീണ്ടും ബൈക്കുമെടുത്ത് മരണക്കളി ആണെന്ന് അറിഞ്ഞിട്ടും കാർണിവലിന് ഇറങ്ങിയത്. കുഞ്ഞിനെ നോക്കാൻ ആരെയെങ്കിലും ഏൽപ്പിച്ചിട്ട് ഒരു ഓട്ടം ആണ്. പുഞ്ചിരിച്ചുകൊണ്ട് ഓരോ കാണികളെയും ആവേശം കൊള്ളിക്കുമ്പോൾ മനസ്സ് നീറുകയാണ്. പാൽ കുടിക്കാൻ കരയുന്ന കുഞ്ഞിനെയോർത്ത്, ആശുപത്രി കിടക്കയിൽ കിടക്കുന്ന രാജിനെയോർത്ത്.

നെഞ്ചിൽ തീയും കൊണ്ടാണ് തങ്ങൾ ഓരോ കാർണിവലുകളിലും വർണ്ണം നിറക്കുന്നത് എന്ന് കാണികൾ ആരും അറിയാറില്ല. അല്ലെങ്കിലും അതറിയേണ്ട ആവിശ്യം അവർക്കില്ല. അവർ വരുന്നത് സന്തോഷിക്കാൻ ആണ്. സന്തോഷങ്ങളുടെ ഒരു കർണിവൽ രാത്രി ആഘോഷിക്കാൻ ആണ്. അവരെ സന്തോഷിപ്പിക്കേണ്ടത് ഞങ്ങളുടെ കടമയും ....

"
अरे पायल, जल्दी करो. शो शुरू हुआ....."

ഉച്ചത്തിൽ ഉള്ള ശബ്ദം ആണ് പായലിനെ ചിന്തകളിൽ നിന്നും ഉണർത്തിയത്. കയ്യിൽ കിടന്ന് കുഞ്ഞിപെണ്ണ് വീണ്ടും ഉറങ്ങിയിട്ടുണ്ട്. മഴ തോർന്ന് വീണ്ടും കാണികൾ നിറഞ്ഞു തുടങ്ങി. പാട്ട് ഉച്ചത്തിൽ ആയി. എല്ലാ യന്ത്രങ്ങളും പ്രവർത്തിച്ചു തുടങ്ങി. തനിക്കുമുന്നിൽ വരുന്നവരെ ആവേശം കൊള്ളിക്കാൻ തനിക്കും സമയം ആയി. കുഞ്ഞിനെ തൊട്ടിലിലേക്ക് കിടത്തിയവൾ വീണ്ടും മരണകിണറിലേക്ക് നടന്നു, തന്റെ ജീവിതത്തെ മരണ കുഴിയിൽ നിന്ന് രക്ഷിക്കാൻ.

പുറത്തേക്ക് ഇറങ്ങിയപ്പോൾ കണ്ടു കുഞ്ഞിനെ നോക്കാൻ ഏൽപ്പിച്ചവളെ, അവൾ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവരെ കൈ കൊണ്ട് തടഞ്ഞു കൊണ്ട് പായൽ കൂർപ്പിച്ചു നോക്കി. ശേഷം കുഞ്ഞിനെ ഒന്നുകൂടി നോക്കിയവൾ ദൃതിയിൽ നടന്നുപോയി. നോട്ടത്തിൽ ഉണ്ടായിരുന്നു എല്ലാം.

വീണ്ടും ആരവങ്ങൾ കൊച്ചു ടെന്റിലേക്ക് ഉയർന്നു കേട്ടു. കുഞ്ഞിപെണ്ണ് അപ്പോൾ കണ്ണ് തുറന്ന് കാതുകൂർപ്പിച്ചു കിടക്കുകയാണ്. മരണ കിണറിൽ അപകടങ്ങൾ ഒന്നും ഇല്ലാതെ ആരവങ്ങൾ ഒടുങ്ങുന്നതും കാത്ത്.
 

Carvinal - Malayalam - Story

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.