സന്ദീപിന്റെ ആ ഭാവവും സ്വരത്തിലെ ദൃഡതയും അച്ഛൻ തീരെ പ്രതീക്ഷിക്കാത്തത് ആയിരുന്നു. അതുകൊണ്ട് തന്നെ അച്ഛന് അത് ഉൾകൊള്ളാൻ സാധിച്ചില്ല. സന്ദീപ് തിരിഞ്ഞ് നിന്നിട്ട് അമ്മയുടെ കയ്യിലിരിക്കുന്ന മോളെ എടുക്കാൻ ശ്രമിച്ചതും അച്ഛൻ പോയി തടഞ്ഞു. ചെറിയ രീതിയിൽ ഉന്തും തള്ളും. വിനീത് അച്ഛനെയും ഞാൻ സന്ദീപിനെയും പിടിച്ച് മാറ്റി. അന്ന് വീട്ടിൽ നിന്നും ഇറങ്ങിയ സന്ദീപ് പിന്നെ എന്നെ വിളിച്ചില്ല. അച്ഛനെ ഭയന്ന് ഞാനും വിളിച്ചില്ല. അമ്മയും വിനീതും അച്ഛനോട് കെഞ്ചിപ്പറഞ്ഞു, സന്ദീപിനെ വിളിച്ചു ഒന്ന് സംസാരിക്കാൻ. അതിന് അച്ഛന്റെ മറുപടി കേട്ട് എന്റെ മനസ്സ് തകർന്നു

 
mallu stories

കഥ - അവസ്ഥാന്തരങ്ങൾ

 

രചന : റാണി വർഗീസ് 

 

കോഫി മഗിൽ ഒഴിച്ചു വെച്ച കാപ്പിയുമായി അനുപമ ബാൽക്കണിയിൽ വന്നു നിന്നു. സാവധാനം കുടിച്ചു കൊണ്ട് റോഡിലേക്ക് നോക്കി. നഗരത്തിലെ തിരക്ക് കൂടി കൂടി വരുന്നു, നാട്ടിൽ പോകുന്നത് കൊണ്ട് ഇന്ന് ലീവ് എടുത്തു, വൈകുന്നേരമാണ് ഫ്ലൈറ്റ്. അതിനുള്ളിൽ എല്ലാം ഒന്ന് അടുക്കി പെറുക്കി വെയ്ക്കണം. സന്ദീപിന് രാവിലെ മീറ്റിംഗ് ഉണ്ട്. ഉച്ചക്ക് വരാം എന്നും പറഞ്ഞാണ് പോയിരിക്കുന്നത്. അമ്മ മരിച്ചതിനു ശേഷം നാട്ടിലേക്കു പോയിട്ടില്ല. കഴിഞ്ഞ ആഴ്ച സ്മിത ചേച്ചി വിളിച്ചിരുന്നു. നാട്ടിലോട്ട് വരാൻ നിർബന്ധിച്ചു. അവരും നാളെ എത്തും. മഹേഷേട്ടന്  നാട്ടിലേക്ക് ട്രാൻസ്ഫർ ആയിട്ടുണ്ട്. നാട്ടിലോട്ട് പോകാൻ മനസ്സ്  വെമ്പുന്നുണ്ടെങ്കിലും അച്ഛനെ അഭിമുഖീകരിക്കുന്നത് ഓർക്കുമ്പോൾ  ഒരു പരവേശം, മനസ്സ് പെട്ടെന്ന് അശാന്തമാകുന്നു.

 

അമ്മേ ..... മോളുണർന്നു വന്ന് പുറകിലൂടെ കെട്ടിപ്പിടിച്ചു.അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു.

 

"പെട്ടെന്ന് ബ്രഷ് ചെയ്തിട്ട് വാ കുട്ടാ. ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് ഹോംവർക് വല്ലതും ഉണ്ടോന്ന് നോക്ക്. തിരിച്ചു വന്നു കഴിയുമ്പോൾ ഒന്നിനും നേരം കിട്ടത്തില്ല. അമ്മക്ക് കുറച്ചു പണി ഉണ്ട്. അച്ഛൻ വന്നാൽ ഉടനെ നമുക്ക് ഇറങ്ങണം."

 

എല്ലാം ഒന്ന് അടുക്കി പെറുക്കി ഒതുക്കി വെച്ചിട്ട്, മോളെ കൂട്ടി താഴത്തെ  സൂപ്പർ മാർക്കറ്റിൽ പോയി കുറച്ചു സാധനങ്ങൾ  ഒക്കെ വാങ്ങിച്ചു  കൊണ്ട് വെച്ചു. നാട്ടിൽ കൊണ്ട് പോകാനുള്ള ബാഗ് ഒക്കെ ഇന്നലെ തന്നെ റെഡി ആക്കി വെച്ചിരുന്നതു കൊണ്ട് പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി വഴിയിലോട്ട് നോക്കി ഇരിപ്പായി. സന്ദീപ് വന്ന് ലഞ്ച് കഴിച്ചപ്പോഴേക്കും ടാക്സി എത്തി. പെട്ടെന്നു തന്നെ മെയിൻ ഡോർ അടച്ച് താക്കോൽ, തൊട്ടടുത്തു താമസിക്കുന്ന തൃശൂർക്കാരി ചേച്ചിയെ ഏൽപ്പിച്ചിട്ട് ഇറങ്ങി. സെക്യൂരിറ്റി ചേട്ടനോട് പറഞ്ഞിട്ട് ബാഗും മറ്റും എടുത്ത് ടാക്സിയിൽ കയറി. ഡ്രൈവറും സന്ദീപും കൂടി ബാംഗ്ലൂറിലെ ട്രാഫിക്ജാമിനെ കുറിച്ച്  ആവേശത്തോടെ ചർച്ച ചെയ്യുന്നു. തിരക്കേറിയ വഴിയിലോട്ട് കണ്ണുംനട്ട് ഇരുന്നപ്പോൾ അമ്മയെ കുറിച്ചുള്ള ഓർമകളിൽ കണ്ണ് നിറഞ്ഞു.

 

NIT യിൽ നിന്നും പാസ്സ് ഔട്ട്‌ ആയിട്ടു ക്യാമ്പസ്‌ സെലെക്ഷൻ  വഴി  ഇവിടെ ഒരു കമ്പനിയിൽ ജോലി കിട്ടി വന്നത് പെട്ടെന്ന് ഓർത്തു പോയി. അന്ന് സകുടുംബം ആണ് ജോയിൻ ചെയ്യാൻ എത്തിയത്. ഞങ്ങൾ 5 പെൺകുട്ടികൾ ആണ് ഒരുമിച്ച് ജോയിൻ ചെയ്തത്. ഒരു പെൺകുട്ടി മലയാളി ആയിരുന്നു, വടക്കാഞ്ചേരിക്കാരി. മറ്റ് മൂന്നു പേരും വടക്കേ ഇന്ത്യ ക്കാർ.

 

കമ്പനി വക ഒരു ഫ്ലാറ്റ് ഒത്തുകിട്ടി. 2ബാത്ത് അറ്റാച്ഡ് മുറിയും കിച്ചണും. സുഖം, സന്തോഷം. ആവശ്യത്തിന് പണം. ചെലവ് കഴിഞ്ഞുള്ള പണം ചോദിക്കാതെ തന്നെ അച്ഛന്റെ കയ്യിൽ എല്ലാ മാസവും കൊണ്ട് കൊടുക്കും. അച്ഛൻ അഭിമാനപൂർവം അത് വാങ്ങി വെക്കും. അപ്പച്ചിയുടെ മകൾ സ്മിത ചേച്ചിയ്ക്ക് അന്ന് ജോലി ആയിട്ടില്ലായിരുന്നു.

 

ആദ്യ ശമ്പളം കിട്ടി വീട്ടിൽ ചെന്ന അന്ന് അച്ഛൻ വിനീതിനെ വിട്ട് ഒരു വലിയ കേക്ക് വാങ്ങിച്ചു കൊണ്ട് വന്നു. തറവാട്ടിൽ ചെന്ന് അച്ഛച്ഛനെയും അച്ഛമ്മയെയും അപ്പച്ചിയേയും സ്മിതച്ചേച്ചിയെയും വിളിച്ചു കൊണ്ട് വന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.

 

"എന്റെ മോളെ കണ്ടോ, ഇത്ര ചെറുപ്പത്തിലേ അവൾ ഒരു കരിയർ ഡെവലപ്പ് ചെയ്തിരിക്കുന്നു. ഞാൻ ഇന്ന് എത്ര സന്തുഷ്ടനാണെന്നു എനിക്ക് പോലും അറിയില്ല. ഇനി പറ്റിയ ഒരു പയ്യനെ കൂടി കണ്ടെത്തണം. അത് അത്ര ബുദ്ധിമുട്ടുള്ള കാര്യം ഒന്നും അല്ല. ഇത്രയും മിടുക്കി ആയ, ഇത്രയും  ഉയർന്ന ശമ്പളം വാങ്ങിക്കുന്ന കുട്ടിയെ ആളുകൾ കൊത്തി ക്കൊണ്ട്  പോകും.."

 

അച്ഛൻ ആവേശം കൊണ്ട് സംസാരിച്ചു കൊണ്ടേ ഇരുന്നെങ്കിലും, വേറെ ആരും ഒന്നും മിണ്ടിയില്ല. സ്മിതച്ചേച്ചി എന്റെ അടുത്തു വന്ന് എന്നെ ചേർത്ത് പിടിച്ച് കണ്ണുകളിലേക്ക് നോക്കി, "മിടുക്കിക്കുട്ടി " എന്ന് പറഞ്ഞു. കേക്ക് കഴിച്ചിട്ട് എല്ലാവരും പിരിഞ്ഞു. അമ്മ അടുത്തു വന്നു പറഞ്ഞു,

 

"അനൂ, നിന്റെ ആദ്യ ശമ്പളം അച്ഛച്ഛന്റെ കയ്യിൽ കൊടുത്ത് അനുഗ്രഹം  വാങ്ങണമായിരുന്നു. ഗുരുത്വം ഒക്കെ വേണം മോളെ ... "

 

ഞാൻ അച്ഛനെ നോക്കി, അച്ഛൻ എങ്ങോട്ടോ നോക്കി നിൽക്കുന്നു. അമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി...

 

സന്ദീപ് കാറിന്റെ ഡോറിൽ മുട്ടി വിളിച്ചു. "ഇറങ്ങി വാ ഉമാ, എയർപോർട്ട് എത്തിയെടോ.," ഞെട്ടി ഉണർന്നു.. മോളുടെ കയ്യിൽ പിടിച്ച് വേഗം ഇറങ്ങി.. ടാക്സി പറഞ്ഞു വിട്ടിട്ട്  വേഗം കൌണ്ടറിലേക്ക് നടന്നു. ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞിട്ട് യാത്രക്കാരുടെ ലോഞ്ചിലേക്ക് പോയി. ഫ്ലൈറ്റ് എത്തിയിട്ടില്ല. സന്ദീപും മോളും കൂടി അതിലെ ഇതിലെ കറങ്ങി  നടക്കുന്നു. സീറ്റിലേക്ക് ചാരി കണ്ണടച്ച് കിടന്നു.സന്ദീപും മോളും തമ്മിൽ നല്ല അറ്റാച്ച്മെന്റ് ആണ്. പലപ്പോഴും ഞാൻ എടുക്കുന്നതിലും കൂടുതൽ  കരുതൽ എല്ലാ കാര്യത്തിലും സന്ദീപ് എടുക്കാറുമുണ്ട്. പക്ഷേ മോളെ സംബന്ധിച്ച ഏതൊരു കുഞ്ഞു കാര്യത്തിന് പോലും എന്റെ അഭിപ്രായം തേടിയിരിക്കും. എന്നാൽ എന്റെ വീട്ടിൽ എല്ലാ കാര്യങ്ങളും അച്ഛൻ തന്നെയാണ് തീരുമാനിച്ചിരുന്നത്. ഞാനുൾപ്പടെ ആരോടും ഒന്നും ആലോചിച്ചിരുന്നില്ല. "അച്ഛൻ മോൾ" എന്ന് എല്ലാവരും പറയുമ്പോൾ  അച്ഛൻ അതിൽ അതിയായി ആഹ്ലാദിച്ചിരുന്നു ....

 Malayalam Stories

അച്ഛൻ പറയുന്നത് അക്ഷരം പ്രതി അനുസരിക്കാനും അത് വഴി   അച്ഛന്റെ ഗുഡ്‌ ബുക്സിൽ തന്നേ നിലനിൽക്കാനും ഞാനും വളരെ  അധികം ശ്രദ്ധിച്ചിരുന്നു എന്നതാണ് സത്യം. എന്റെ റോൾ മോഡൽ  എന്നും അച്ഛനായിരുന്നു. വിനീത്ആ ണെങ്കിൽ നേരെ തിരിച്ചും. ഒരു 12 വയസ്സിനു ശേഷം അവൻ അച്ഛനോട് അധികം ഒന്നും സംസാരിക്കാറേ ഇല്ലായിരുന്നു. അമ്മയുടെയും അപ്പച്ചിയുടെയും ഒക്കെ പുറകെയാണ് എപ്പോഴും. എനിക്ക് അറിവായകാലം തൊട്ട് അച്ഛമ്മയോട് അച്ഛമ്മയുടെ നിറത്തെ ചൊല്ലി അച്ഛൻ വഴക്കുണ്ടാക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അച്ഛമ്മയുടെ ഇരുണ്ട നിറമാണ് എന്റെ മോൾക്ക് കിട്ടിയതെന്നു പറഞ്ഞു എന്നും ദേഷ്യപ്പെടുന്നത് കേട്ട് കേട്ട് ചെറിയ ഒരു അപകർഷതാ  ബോധം എന്നിൽ ഉടലെടുത്തിരുന്നുവെന്നതാണ് സത്യം.

 

ഒരിക്കൽ സ്കൂളിൽ നിന്നും വന്ന ഞാൻ കുളിയൊക്കെ കഴിഞ്ഞ് തറവാടിന്റെ പൂമുഖത്തിരിക്കുന്ന അച്ഛമ്മയെ കണ്ട് പൊട്ടിത്തെറിച്ചു. "യൂ ഗെയ്വ്വ് മി ദിസ് ഡേർട്ടി കളർ " എനിക്ക് ഈ നിറം വേണ്ടാ. എനിക്ക് സ്മിത ചേച്ചിയുടെ നിറം വേണം. വിനീതിനും നല്ല നിറം ഉണ്ട്. ഐ ഹേയ്റ്റ് യൂ  അച്ഛമ്മാ ... "

 

പിന്നെയും എന്തൊക്കയോ പറഞ്ഞ എന്നെ അമ്മ ഓടിവന്ന് അകത്തോട്ടു കൊണ്ടുപോയി. ഇനിയും നീ അച്ഛമ്മയോട് ഇങ്ങനെ വല്ലതും പറഞ്ഞാൽ   വിവരമറിയും, എന്ന് പറഞ്ഞിട്ട് ഓടി തറവാട്ടിലോട്ട് പോയി. അച്ഛമ്മയുടെ അടുത്ത് പോയിരുന്ന് അമ്മ കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടു. ചെറിയ ഒരു കുറ്റബോധം, തറവാടിന്റെ അടുക്കളപ്പുറത്തൂടെ ചെന്ന് ഒളിഞ്ഞു നോക്കി. അമ്മയുടെ പ്രതികരണത്തിൽ ഞാനും ഭയന്ന് പോയിരുന്നു. അപ്പച്ചി അമ്മയോട് പറയുന്നു.

 

"പദ്മിനി വിഷമിക്കേണ്ട, അമ്മയ്ക്ക് ഇത് പുത്തരിയല്ല, ചേട്ടൻ പണ്ട് മുതലേ  അമ്മയെ നിറത്തിന്റെ പേരിൽ കുത്തിനോവിക്കാറുണ്ട്. അനുവിന് അമ്മയുടെ നിറമാണ് കിട്ടിയതെന്ന് പലവട്ടം പിള്ളേരുടെ മുമ്പിൽ വെച്ച് പറഞ്ഞിട്ടുമുണ്ട്. ചേട്ടൻ വെളുത്ത നിറമുള്ള പെണ്ണിനെ മാത്രമേ  കെട്ടുകയുള്ളൂ എന്ന് അച്ഛനോട്എ ന്നും പറയുമായിരുന്നു. അച്ഛൻ എന്തിനാ നിറമില്ലാത്ത ആളെ കല്യാണം കഴിച്ചെ എന്ന് ചോദിച്ച ചേട്ടനെ   അവൾ എൻറ കൂടെ അല്ലേ കഴിയുന്നത്എ ന്ന് ചോദിച്ചു വാ അടപ്പിച്ചതാ അച്ഛൻ. അനുവിന്റെ മനസ്സിൽ നിന്ന് നെഗറ്റീവ് ചിന്തകൾ വല്ലതും ഉണ്ടെങ്കിൽ അത് മാറ്റണം. അതാണ് നമ്മൾ ചെയ്യേണ്ടത്."

 

തോളിൽ ആരോ തട്ടിയെന്ന് തോന്നി, കണ്ണ് തുറന്ന് നോക്കി. സന്ദീപും മോളും.

 

"എന്താടോ വലിയ ആലോചനയിൽ ആണല്ലോ.?വെറുതെ കണ്ണ് ചിമ്മി കാണിച്ചു.

 

എഴുന്നേൽക്ക്, ഫ്ലൈറ്റ് ന്റെ അനൗൺസ്മെന്റ് വന്നു. വാ പോകാം.

 

എഴുന്നേറ്റ് ബാഗും എടുത്ത് നടന്നു.മോൾ അച്ഛന്റെ കൈയും പിടിച്ച് ചാടി ചാടി ആണ് പോകുന്നത്. ഏതായാലും മൂന്നു പേർക്കും അടുത്തടുത്ത സീറ്റ് ആണ്. സീറ്റിൽ ചാരി കണ്ണടച്ച് ഇരുന്നു. മോൾ വലിയ ഉത്സാഹത്തിൽ ആണ്. അച്ഛനോട് എന്തൊക്കെയോ പറഞ്ഞു തകർക്കുന്നു. ഒന്നര വർഷം മുമ്പ് മോളും സന്ദീപും ഇല്ലാതെ അച്ഛനൊപ്പം നടത്തിയ ഒരു യാത്ര  ഓർമ്മയിൽ തെളിഞ്ഞു. സന്ദീപ് പിണങ്ങി പോയി, ഒരാഴ്ച കഴിഞ്ഞ് അച്ഛൻ എന്നെ കൊണ്ട് ചെന്ന് ബാംഗ്ലൂരിൽ ആക്കി. മോളെ നാട്ടിൽ  അമ്മയെ ഏൽപ്പിച്ചു.

 

ഞങ്ങൾ താമസം രണ്ടിടത്താക്കി. ഓഫീസിനടുത്തുള്ള ഒരു ഫ്ലാറ്റിലേക്ക് ഞാൻ മാറി. ഞാനും സന്ദീപും പരസ്പരം കാണാതിരിക്കാൻ ശ്രമിച്ചു എന്ന് തന്നെ പറയാം. സന്ദീപിന്റെ ഫ്ലാറ്റിൽ നിന്നും എന്റെ സാധനങ്ങൾ  എടുക്കാൻ പോലും അച്ഛനാണ് പോയത്. ദീപാവലികു രണ്ടാഴ്ച   അവധിയേടത്തു വീട്ടിൽ തന്നെ വന്നു നിന്നു. മോൾ എല്ലാവരോടും നന്നായി ഇണങ്ങിയിരുന്നു. രണ്ടു വീട്ടിലെയും എല്ലാവരുടെയും ദിനചര്യകൾ പോലും മോൾ മാറ്റിയെന്ന് പറയാം.

 

എല്ലാവരും മോളുടെ പുറകെ ആയിരുന്നു. ആരും എന്നോട് സന്ദീപി നെക്കുറിച്ച് ഒന്നും ചോദിച്ചില്ല എന്നുള്ളത് വലിയ ആശ്വാസം ആയിരുന്നു. ആ രണ്ടാഴ്ചയാണ്‌ ഞാൻ സ്മിതചേച്ചിയും മഹേഷേട്ടനും തമ്മിലുള്ള ആ  പ്രണയം കണ്ടത്. ഇങ്ങനെ ഉള്ള ഒന്ന് എനിക്ക് എന്നും അന്യമായിരുന്നു. ഞാൻ കണ്ടിട്ടോ അനുഭവിച്ചിട്ടുള്ളതോ അല്ലാത്ത ഒരു മാസ്മരികത. ശരിക്കും ഞാൻ അതിൽ വീണുപോയി. അവർ തമ്മിലുള്ള ഒരു നോട്ടത്തിൽ പോലും പ്രണയം വിടർന്നു പൂക്കുന്നത് ഞാൻ കണ്ടു. ഞങ്ങളുടെ ഇടയിൽ ആയിരിക്കുമ്പോൾ പോലും പലപ്പോഴും അവർ അവരുടേതായ ഒരു ലോകം മെനഞ്ഞെടുത്ത് അതിനുള്ളിലായിരുന്നു. പ്രണയം കൊണ്ട് ഒരു വസന്തം തീർക്കുന്നവർ. എല്ലാം എനിക്ക് ഒരു പുതുമ  ആയിരുന്നു.

 

ഒരു നിമിഷം എന്റെയും സന്ദീപിന്റെയും ജീവിതം ഓർമ്മ വന്നു. എനിക്ക് സന്ദീപിനോട് ഉള്ള ബന്ധം എന്തായിരുന്നു???

 

പ്രണയം ഉണ്ടായിരുന്നോന്നു ചോദിച്ചാൽ എനിക്ക് ഒരു ഉത്തരമില്ല എന്നതാണ് സത്യം. എനിക്ക് ജോലി കിട്ടി ഒരു വർഷം  കഴിഞ്ഞപ്പോൾ തന്നെ ബാംഗ്ലൂരിൽ തന്നെ ജോലി ചെയ്യുന്ന സന്ദീപിന്റെ ആലോചനയുമായി അച്ഛൻ വന്നു. ഇപ്പോഴേ വേണ്ടാ, കുറച്ചു കഴിയട്ടേ എന്ന് ഞാനും അച്ഛച്ഛനും അമ്മയും അപ്പച്ചിയും ഒക്കെ പറഞ്ഞുവെങ്കിലും അച്ഛൻ സമ്മതിച്ചില്ല. പെട്ടെന്ന് തന്നെ കല്യാണവും നടത്തി. സന്ദീപിന്റെ ഫ്ലാറ്റ് എന്റെ ഓഫീസിന്റെ അടുത്ത് ആണ്. അതിനാൽ കാര്യങ്ങൾ എളുപ്പമായി.

 

എല്ലാ ദിവസവും ഉച്ചഭക്ഷണ സമയത്ത് അച്ഛൻ വിളിക്കും. ഓരോരോ കാര്യങ്ങൾ ചോദിക്കും.

 

എന്റെയും സന്ദീപിന്റെയും ശമ്പളം  എങ്ങനെയാണു മാനേജ് ചെയ്യുന്നത്???

 

സന്ദീപിന്റെ വീട്ടിൽ നിന്ന് ആരൊക്ക വിളിച്ചു??

 

വീട്ടിൽ സന്ദീപ് പണം കൊടുക്കുന്നുണ്ടോ???

 

എനിക്കറിയാവുന്നതെല്ലാം ഞാൻ വള്ളി പുള്ളി വിടാതെ പറയും. പണ്ടേ ഞാൻ അങ്ങനെ ആയിരുന്നു. എന്റെ വീട്ടിലെ അത്രയും സാമ്പത്തിക ഭദ്രത സന്ദീപിന്റെ വീട്ടിൽ ഇല്ലായിരുന്നു. അത്അ ച്ഛന് അറിയുകയും  ചെയ്യാമായിരുന്നു. എല്ലാ ദിവസവും എന്നെ ഓഫീസിലേക്ക് വിളിച്ച് സന്ദീപിന്റെ പണം  നീ  അറിയാതെ എങ്ങോട്ടും പോകരുത് എന്നും നീ  വേണം അവനെ നിയന്ത്രിച്ചു കാര്യങ്ങൾ നടത്താൻ എന്നും പറഞ്ഞു കൊണ്ടേ ഇരുന്നു. അനുസരിക്കുന്നില്ല എന്ന് പറഞ്ഞ് എന്നോട് ദേഷ്യപ്പെടുമെങ്കിലും അത് ശരിയല്ല എന്ന് എനിക്ക് തോന്നിയതിനാൽ  ഞാൻ ഒന്നും സന്ദീപിനോട് പറഞ്ഞില്ല.

 

പക്ഷേ അടുത്ത അവധിക്ക്ട്ടി നാട്ടിൽ വന്നപ്പോൾ അച്ഛൻ ഈ കാര്യം സന്ദീപിനോട് പറഞ്ഞു. സന്ദീപ് വളരെ കൂൾ ആയിട്ട് പറഞ്ഞു.

 

"എന്റെ വീട്ടിൽ എനിക്ക് പണം കൊടുത്തേ പറ്റൂ. ഉമയുടെ ഒരു പൈസ പോലും ഞാൻ വാങ്ങുന്നില്ല. എന്റെ പണം എങ്ങനെ വിനിയോഗിക്കണമെന്ന് ഞാൻ തീരുമാനിക്കും."

 

അച്ഛന് അത് ഇഷ്ടമായില്ല. "എന്റെ മകൾ വളരെ ബ്രില്ലിയന്റ് ആണെന്നും, NIT യിൽ നിന്നും പഠിച്ചിറങ്ങിയതാണെന്നും നിന്റെ അത്ര ശമ്പളം  അവൾക്കുണ്ടെന്നും, നിന്റെ പണം എങ്ങോട്ടാണ് പോകുന്നതെന്ന് അവൾ  അറിയാണമെന്നും ഒക്കെ പറഞ്ഞു.

 

"ഒന്നും രണ്ടും ഒക്കെ പറഞ്ഞു വഴക്കായി. സന്ദീപ് പിണങ്ങി ഇറങ്ങി  വീട്ടിൽ പോയി. "നീ വരുന്നെങ്കിൽ ഇപ്പോൾ എന്റെ കൂടെ വരണം " എന്ന് പറഞ്ഞു  എന്നെ നോക്കി.

 

"എന്റെ മോളെ നിന്റെ വീട്ടിലോട്ട് ഞാൻ വിടുന്നില്ല. ഇവിടെ എല്ലാ സൗകര്യങ്ങളോടും കൂടി ജീവിച്ച അവൾ അവിടെ വന്നു താമസിക്കില്ല. ഞാൻ അവളെ ബാംഗ്ലൂരിൽ കൊണ്ട് വിടും..."

 

സന്ദീപ് അച്ഛനെയും എന്നെയും മാറി മാറി നോക്കി. പിന്നെ ഒന്നും മിണ്ടാതെ ഇറങ്ങി നടന്നു. പിറ്റേ ദിവസം ഫ്ലാറ്റിലെത്തിയ ഞങ്ങൾ രണ്ടു പേരും ഒന്നും സംഭവിക്കാത്തത് പോലെ ആണ് പെരുമാറിയത്. എങ്കിലും എന്തോ ഒരുകരട് ലൈഫിൽ ഉണ്ടായതു പോലെ! പക്ഷേ അതിനെ കുറിച്ച് ഒന്ന് ചിന്തിക്കാൻ പോലും സമയമില്ലാത്തവർ ആയതുകൊണ്ട് അത് അങ്ങനെ പോയി.

 Malayalam Stories

പിന്നീട് പ്രെഗ്നന്റ് ആയി, പ്രസവത്തിന് നാട്ടിൽ വന്നപ്പോൾ വീണ്ടും   ചെറിയ ചെറിയ വഴക്കുകൾ. കുഞ്ഞിന്റെ നൂല് കെട്ടിന് സന്ദീപിന്റെ വീട്ടിൽ നിന്നും വളരെ കുറച്ച് ആളുകളെ പങ്കെടുത്തുള്ളൂ. നാട്ടിൽ വരുമ്പോൾ എന്നെ സന്ദീപിന്റെ വീട്ടിലേക്ക് അച്ഛൻ വിടാറില്ലല്ലോ എന്നാണ് അവർ അതിന് കാരണം ആയിട്ട് പറഞ്ഞത്. അതിൽ പിടിച്ച് വീണ്ടും വഴക്കായി. അച്ഛച്ഛൻ  ഇടപെട്ട് അതു ഒരു വിധം പരിഹരിച്ചു.

 

അധികം ലീവ്ഇ ല്ലാത്തത് കൊണ്ട് നാട്ടിൽ നിന്നും കുഞ്ഞിനെ നോക്കാൻ ഒരു ചേച്ചിയുമായി വീണ്ടും ബാംഗ്ലൂർക്ക്. എന്നും അച്ഛൻ എന്നെ വിളിച്ച് പണം ഞാൻ മാനേജ് ചെയ്യണം എന്നും, പണത്തിന്റെ കാര്യത്തിൽ കണ്ട്രോൾ കിട്ടിയാൽ പിന്നെ എല്ലാം എന്റെ കൈപ്പിടിയിൽ ആയിരിക്കും എന്നും പറഞ്ഞ്കൊ ണ്ടേ ഇരുന്നു.

 

വീണ്ടും നാട്ടിലെത്തിയപ്പോൾ അച്ഛൻ സന്ദീപിനോട് ഓരോ കാര്യങ്ങൾ പറഞ്ഞു തുടങ്ങി. "ഇപ്പോൾ ഒരു മോൾ ആയി. ഇപ്പോഴേ എന്തെങ്കിലും ഒക്കെ കരുതണം, കുഞ്ഞിന്റെ ഭാവിയിലേക്കായി. സ്ത്രീകൾ ആകുമ്പോൾ സൂക്ഷിച്ചു ചിലവാക്കിക്കോളും. അത്കൊണ്ട് ഉമാ പണം കൈകാര്യം ചെയ്യട്ടേ. സന്ദീപിന് ഒരു ടെൻഷനും വേണ്ടല്ലോ." പെട്ടെന്ന് സന്ദീപ് എഴുന്നേറ്റ് അച്ഛന്റെ അടുത്ത് ചെന്ന് നിന്നു.

 

"ഇവിടെ അമ്മ ആയിരിക്കുമല്ലോ പണം കൈകാര്യം ചെയ്യുന്നത്?? അല്ലേ പറയൂ ..???

 

ഞാൻ ഒന്ന് അറിയട്ടെ... നിങ്ങൾ നിങ്ങളുടെ മകളെ നിങ്ങൾ കീ  കൊടുക്കുമ്പോൾ ചലിക്കുന്ന ഒരു വെറും പാവ ആക്കി മാറ്റി. എന്നെ അതിന് നോക്കണ്ട. എന്നെ വിട്ടേക്കൂ"...

 

സന്ദീപിന്റെ ആ ഭാവവും സ്വരത്തിലെ ദൃഡതയും അച്ഛൻ തീരെ പ്രതീക്ഷിക്കാത്തത് ആയിരുന്നു. അതുകൊണ്ട് തന്നെ അച്ഛന് അത് ഉൾകൊള്ളാൻ സാധിച്ചില്ല. സന്ദീപ് തിരിഞ്ഞ് നിന്നിട്ട് അമ്മയുടെ കയ്യിലിരിക്കുന്ന മോളെ എടുക്കാൻ ശ്രമിച്ചതും അച്ഛൻ പോയി തടഞ്ഞു. ചെറിയ രീതിയിൽ ഉന്തും തള്ളും. വിനീത് അച്ഛനെയും ഞാൻ സന്ദീപിനെയും പിടിച്ച് മാറ്റി. അന്ന് വീട്ടിൽ നിന്നും ഇറങ്ങിയ സന്ദീപ് പിന്നെ എന്നെ വിളിച്ചില്ല. അച്ഛനെ ഭയന്ന് ഞാനും വിളിച്ചില്ല. അമ്മയും വിനീതും അച്ഛനോട് കെഞ്ചിപ്പറഞ്ഞു, സന്ദീപിനെ വിളിച്ചു ഒന്ന് സംസാരിക്കാൻ. അതിന് അച്ഛന്റെ മറുപടി കേട്ട് എന്റെ മനസ്സ് തകർന്നു. 

 

"അവനെ എന്റെ മോൾക്ക് വേണ്ട. എന്റെ മോൾടെ അത്രയും മിടുക്ക് ഒന്നും അവന് ഇല്ല. അവൻ പോട്ടെ.....

 

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ തറഞ്ഞു നിന്നു പോയി.വല്ലാത്ത ഒരു ശൂന്യത എന്നിൽ വന്നു നിറഞ്ഞു. ദീപാവലി അവധി കഴിഞ്ഞ് ഞാൻ തനിയെ ബാംഗ്ലൂരിലേക്ക് പോയി. വല്ലാത്ത ഒരു മടുപ്പ് എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. പുലരികൾ വിടരുന്നതും ഇരവുകൾ പൂക്കുന്നതും ഒന്നും ഞാൻ അറിഞ്ഞതേ ഇല്ല. മോളും അടുത്തില്ലല്ലോ. ഏകാന്തത കഠി നമായപ്പോൾ ഞാൻ കുഞ്ഞിനെ കൂട്ടി കൊണ്ട് വരാനായിട്ട് നാട്ടിൽ പോകാൻ തീരുമാനിച്ചെങ്കിലും അച്ഛൻ അമ്മയെയും കുഞ്ഞിനേയും  കൂട്ടിക്കൊണ്ട് ബാംഗ്ലൂർക്ക് വന്ന് ഒരാഴ്ച താമസിച്ചിട്ട്  നാട്ടിലോട്ട്  പോന്നു. പെട്ടെന്ന് ഒരു കുട്ടി ചിണുങ്ങുന്നത് കേട്ട് തല ചെരിച്ചു നോക്കി.

 

സന്ദീപ് പറഞ്ഞു .... "എടോ, മോൾ ഉറങ്ങി. താനും വേണമെങ്കിൽ ഒന്ന് ഉറങ്ങിക്കോ. അനൗൺസ്മെന്റ് കേൾക്കുമ്പോൾ ഞാൻ വിളിക്കാം. വീട്ടിൽ എത്തുമ്പോൾ ഒരു നേരം ആവും."

 

സന്ദീപിനെ നോക്കി വെറുതെ തല ആട്ടി. എന്റെ കൈ തന്റെ കൈക്കുള്ളിലാക്കി മൃദുവായി അമർത്തിക്കൊണ്ട് സന്ദീപ് പറഞ്ഞു.

 

"എല്ലാം ശരിയാകുമെടോ, അല്ലാതെ എവിടെ പോകാനാ. താൻ  സന്തോഷമായിരിക്ക്."

 

കണ്ണടച്ച് ഉറങ്ങാൻ ശ്രമിച്ചെങ്കിലും ഉറങ്ങാൻ ഒക്കുന്നില്ല. ഓർമ്മകൾ  അലയടിച്ചു കൊണ്ടിരിക്കുമ്പോൾ വല്ലാത്ത ഒരു വീർപ്പുമുട്ടൽ. അമ്മയുടെ  മുഖം തെളിഞ്ഞു വരുന്നു. നിസംഗതയുടെ മുഖം മൂടി അണിഞ്ഞു കൊണ്ടാണ് അമ്മ എന്നും നടന്നിരുന്നത്. അച്ഛൻ അത് ഒരു സൗകര്യമായിട്ട് കണക്കാക്കിയിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. അമ്മ മരിക്കുന്നതിന് ഒരാഴ്ച മുമ്പ് എന്നെ വൈകുന്നേരം ൪ മണിക്ക് വിളിച്  ഒത്തിരി സംസാരിച്ചു. അച്ഛൻ ലൈബ്രറിയിൽ പോകുന്ന നേരത്ത് വിളിച്ചതാണ്. പല കാര്യങ്ങൾ പറഞ്ഞ കൂട്ടത്തിൽ അമ്മ പറഞ്ഞു

 

"മോളെ, ഞാൻ നിന്റെ അമ്മയാണ്. ഒരമ്മക്ക് മക്കളെ കുറിച്ചുള്ള ആധിയും ചിന്തയും വേറെ ഒരാൾക്കും ഉണ്ടാകില്ല. ഇപ്പോൾ നിനക്കതറിയാം, കാരണം ഇന്ന് നീ ഒരമ്മയാണ്. മോൾ സന്ദീപിന്റെ അടുത്ത് തിരിച്ചു പോണം. ഞാൻ സന്ദീപിനെയും വീട്ടുകാരെയും വിളിച്ചു സംസാരിച്ചിരുന്നു. അവർക്ക് നിന്നോട് യാതൊരു പിണക്കവുമില്ല. തെറ്റ് ആരുടെ  ഭാഗത്താണെന്നു ഞാൻ പറയേണ്ടതുണ്ടോ?

 

ചില അമ്മമാർ പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞ് അവർ വീട്ടിൽ  നിന്നിറങ്ങിയാൽ വളരെ അവരുടെ ലൈഫിൽ അനാവശ്യമായി ഇടപെടുന്ന ഒരു ട്രെൻഡ് ഉണ്ട്. ഇവിടെ നിന്റെ അച്ഛൻ ചെയ്യുന്നത് അത്  തന്നെ അല്ലെ. വിവാഹം കഴിയുന്നത് വരെ നിന്റെ അച്ഛൻ നിന്നെ പ്രൊട്ടക്ട്, അല്ല ഓവർ പ്രൊട്ടക്ട്  ചെയ്തു. ഇനി ഭർത്താവിന് വിട്ടു കൊടുക്കണ്ടേ. അവനവന്റെ സ്പേസിൽ അനാവശ്യമായി കയറിയാൽ  ആരും പ്രതികരിച്ച് പോകും .."

 

"നിന്റെ അച്ഛന് നീ എങ്ങനെയാണോ അങ്ങനെ തന്നെ അല്ലെ സന്ദീപിന് അവന്റെ മോൾ. സ്വന്തം മോളെ എടുക്കാൻ വന്ന സന്ദീപിനെ നിന്റെ അച്ഛൻ നിന്റെ മുമ്പിൽ വെച്ചല്ലേ അധിക്ഷേപിച്ചത്."

 

"മോളെ, നീ എന്താ ഒന്നും പറയാത്തത്? പ്ലീസ്, ഓപ്പൺ അപ്പ് മോളെ, നീ തുറന്നു  സംസാരിക്ക്. യെസ്, നോ, തുടങ്ങിയ ഒറ്റപ്പദങ്ങൾ അല്ലെങ്കിൽ monosyllables നീ  നിർത്തൂ. ഇത് നിൻന്റെ ജീവിതമാണ്, നിന്റെ പ്രയോറിറ്റികൾ അല്ലെങ്കിൽ മുൻഗണനകൾ നീ ആണ് നിശ്ചയിക്കേണ്ടത്. നിനക്ക് വേണ്ടി നിന്റെ അച്ഛൻ അല്ല ചിന്തിക്കേണ്ടതും  സംസാരിക്കേണ്ടതും. നീ ആയിട്ട് നിന്റെ മോളുടെ അച്ഛനെ അവൾക്ക് നഷ്ടപ്പെടുത്തരുത്. നിനക്ക് വേറെ ഭർത്താവിനെ കിട്ടുമായിരിക്കും, പക്ഷെ മോൾക്ക് വേറെ അച്ഛനെ കിട്ടില്ല. അവൾ വളർന്നു കഴിയുമ്പോൾ  അവളുടെ മുമ്പിൽ തല കുമ്പിടേണ്ടി വരരുത്."

 

"ഒന്നൂടെ ........ നീ .. ഒരു പെർഫെക്ഷനിസ്റ്റ് ആവാൻ ശ്രമിക്കരുത്. ഒരു പെർഫെക്ഷനിസ്റ്റിന്റെ കൂടെ ജീവിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. അച്ഛനെ ഫേസ് ചെയ്യാൻ പ്രയാസമാണെങ്കിൽ നീ സന്ദീപിന്റെ അടുത്ത് പോയ കാര്യം തല്ക്കാലം പറയണ്ട. എന്നെങ്കിലും അറിയുമ്പോളല്ലേ, അപ്പോൾ നോക്കാം."

 

അമ്മ പറഞ്ഞതെല്ലാം കേട്ടെങ്കിലും വ്യക്തമായ ഒരു മറുപടി എന്നിൽ നിന്നുണ്ടായില്ല. അമ്മ അത്‌ പ്രതീക്ഷിക്കുന്നുമില്ല എന്ന് തോന്നുന്നു. പക്ഷേ വളരെ വൈകാരികമായാണ് അമ്മ സംസാരിച്ചത്. ഇതിനു മുമ്പ്  തകർന്ന അവസ്ഥയിൽ അമ്മയെ കണ്ടത് അച്ഛഛൻ മരിച്ച അവസരത്തിലാണ്. മോൾക്ക് 3 മാസമേ ആയുള്ളായിരുന്നു. അച്ഛമ്മയെക്കാളും അപ്പച്ചിയെക്കാളും സങ്കടം അമ്മക്കായിരുന്നു. സ്വന്തം അച്ഛൻ പോയപ്പോൾ പോലും ഇത്രയും വിഷമിച്ചില്ല എന്ന് അപ്പച്ചിയോടു പറയുന്നത് കേട്ടു.

 

പിന്നീട് സ്മിത ചേച്ചിയാണ് പറഞ്ഞത്. അമ്മ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അമ്മയുടെ അച്ഛൻ പെട്ടെന്ന് മരിച്ചത്. അമ്മമ്മ രണ്ടു പെൺകുട്ടികളെയും കൊണ്ട് എന്ത് ചെയ്യുമെന്ന് ഓർത്ത് വിഷമിച്ചു നിന്നു. രണ്ടു മക്കളും പഠിച്ചു കൊണ്ടിരിക്കുന്നു. അമ്മയുടെ ഇളയ ആൾ പത്താം ക്ലാസ്സിൽ ആണ്. ആകെ 20 സെന്റ് സ്ഥലവും ഒരു വീടും മാത്രമേ  സ്വന്തമായുള്ളൂ. വല്ലാത്ത ഒരു മരവിപ്പ് ആയിരുന്നു ആ നാളുകളിൽ. അപ്പൂപ്പന്റെ പെൻഷനും മറ്റാനുകൂല്യങ്ങളും കിട്ടാൻ പിന്നെയും സമയമെടുത്തു. അപ്പൂപ്പന്റെ സഹപ്രവർത്തകരും അമ്മമ്മയുടെ ബന്ധുക്കളും സഹായിച്ചതു കൊണ്ട് വീട്ടു ചെലവ് നടന്നു പോന്നു . അപ്പൂപ്പന്റെ ജോലി ആർക്കെങ്കിലും ഒരാൾക്ക് കിട്ടും. അതുകൊണ്ട് മൂത്ത കുട്ടി എന്ന നിലയിൽ അമ്മയോട് ഇനിയും കോളേജിൽ പോകണ്ട എന്ന് അമ്മമ്മ പറഞ്ഞു. "നീ അച്ഛന്റെ ജോലി വാങ്ങിച്ചിട്ട് സൗദാമിനിയെ പഠിപ്പിക്കണം, അവളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം  "എന്നും പറഞ്ഞു. അപ്പൂപ്പന്റെ സഹപ്രവർത്തകർ പോയി പെട്ടെന്ന് തന്നെ അപ്പോയ്ന്റ്മെന്റ്ഓ ർഡർ വാങ്ങിച്ച് കൊണ്ട് വന്നു. വീടിന്റെ തൊട്ടടുത്തുള്ള ഓഫീസിൽ തന്നെ ജോയിൻ ചെയ്തു. വീടിന്റെ ഉത്തരവാദിത്തം അമ്മ ഏറ്റെടുത്തു. കുഞ്ഞമ്മ ഡിഗ്രി ക്കു പഠിച്ചുകൊണ്ടിരിക്കുമ്പോളാണ് അച്ഛന്റെ ആലോചന അമ്മക്ക് വന്നത്.  അച്ഛനും അമ്മയും ഒരേ ഡിപ്പാർട്മെന്റിൽ ആണെങ്കിലും പരസ്പരം കണ്ടിട്ട് ഇല്ലായിരുന്നു. അച്ഛച്ഛനോട് അമ്മമ്മ കാര്യങ്ങൾ ഒക്കെ പറഞ്ഞു. "ഇളയ പെൺകുട്ടിയുടെ കാര്യത്തിൽ എനിക്ക് ഒരു ഉറപ്പ് വേണം. എങ്കിൽ കല്യാണം നടത്താം". അച്ഛച്ഛൻ സമ്മതിച്ചു.

 

അമ്മ എന്നെ പ്രെഗ്നന്റ് ആയിരുന്ന സമയത്ത് കുഞ്ഞമ്മയ്ക്ക് ഒരു ഗൾഫുകാരന്റെ ആലോചന വന്നു. ഡിഗ്രി കഴിഞ്ഞ് ഇനി പഠിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചു നിൽക്കുന്ന കുഞ്ഞമ്മയെ അങ്ങനെ ഗൾഫ്കാരന് കൊടുക്കാൻ തീരുമാനിച്ചു. വീടും 20 സെന്റ് സ്ഥലവും കുഞ്ഞമ്മക്ക് കൊടുക്കാം എന്നും തീരുമാനം ആയി. അതറിഞ്ഞ അച്ഛൻ വഴക്ക് തുടങ്ങി. പകുതി സ്വത്തിന് പദ്മിനിക്ക് അവകാശം ഉണ്ടെന്ന് പറഞ്ഞ്. അമ്മ ധർമസങ്കടത്തിലായി. അപ്പോൾ അച്ഛച്ഛൻ ആണ് അമ്മയെ രക്ഷിക്കാൻ എത്തിയത്. 

 

"ഹരി നീ ഒന്നടങ്ങ്, ഞാൻ പദ്മിനിയുടെ അമ്മക്ക് വാക്ക് കൊടുത്തതാണ്. ഇനിയും നിനക്ക് അവിടുത്തെ ഷെയർ വേണമെങ്കിൽ ഇവിടെ ഞാൻ അതും കൂടി ചേർത്ത് തരാം....".

 

പിന്നെ അച്ഛൻ ഒന്നും മിണ്ടിയില്ല. അമ്മ പറഞ്ഞ കാര്യങ്ങൾ  ആലോചിച്ചു കൊണ്ട്ന ടന്നു ഫ്ലാറ്റിലെത്തി. മോളെ എൽപ്പിച്ചിട്ട് പോകാൻ നിൽക്കുകയാണ് മോളെ നോക്കുന്ന ചേച്ചി. മുറിക്കുള്ളിൽ കയറിയപ്പോൾ തന്നെ മൊബൈൽ അടിച്ചു. നോക്കിയപ്പോൾ സ്മിത ചേച്ചി.!

 

"ആ ചേച്ചി...  എന്താ വിളിച്ചത്?"

 

അപ്പുറത്ത് നിന്ന് പരിഭവത്തോടെ ചേച്ചി പറഞ്ഞു." നീ വിളിക്കില്ലല്ലോ. ഏതായാലും ഞാനും മഹേഷും കൂടി നാളെ രാവിലെ ബാംഗ്ലൂർ എത്തും. നീ നാളെ ലീവ് പറയണം. ഞങ്ങളെ ബാംഗ്ലൂർ ഒക്കെ ഒന്ന് കാണിക്കണം. ബൈ, കുട്ടികുറുമ്പീ. സീ യൂ ടുമോറോ." മനസ്സൊന്നു പിടഞ്ഞു. എത്ര നാളായി ഈ വിളി കേട്ടിട്ട്. കണ്ണ് നിറഞ്ഞു തൂവി. ഒരു വിതുമ്പൽ എവിടെയോ തടഞ്ഞു. ആർദ്രമായ ഓർമ്മകൾ വല്ലാതെ പിടിമുറുക്കി. ഒന്നിനും തോന്നിയില്ല. കുഞ്ഞിനെ മുറുകെ പിടിച്ച് ബെഡിൽ കിടന്നു. നേരത്തെ കിടന്നതു കൊണ്ട് 4 മണിക്കേ ഉണർന്നു. വെറുതെ അര മണിക്കൂർ ഉണർന്ന് കിടന്നു.

 

അയ്യോ, എന്നത്തേയും പോലെ അല്ല. മോൾ ഉണരുന്നതിനു മുമ്പേ എന്തെങ്കിലും ഒക്കെ ചെയ്തു തീർത്താൽ കൊള്ളാം. സ്മിത ചേച്ചിയും മഹേഷേട്ടനും ഇപ്പോൾ എത്തും. പെട്ടെന്ന് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കി. മോൾക്ക് പാൽ ആറിച്ച് എടുത്ത് വെച്ചു. ഓഫീസിലേക്ക് ഒരു ലീവ് ആപ്ലിക്കേഷൻ അയച്ചു. അപ്പോഴേക്കും മോൾ ഉണർന്നു. മോൾക്ക് പാൽ കൊടുത്തോണ്ടിരുന്നപ്പോൾ ആ എത്തിപ്പോയി. കിലുക്കാംപെട്ടികൾ...

 

Mallu Stories

ആദ്യമായി എന്റെ ഫ്ലാറ്റിൽ ഒച്ചയും ബഹളവും തിമിർപ്പും. മോൾ ആണെങ്കിൽ നിലത്തൊന്നും അല്ല. രണ്ടു പേരെയും ഫ്രഷ് ആകാൻ വിട്ടിട്ടു ഞാൻ ബ്രേക്ഫാസ്റ്റ്  എടുത്ത് ടേബിളിൽ വെച്ചു. കഴിച്ചു കൊണ്ടിരുന്നപ്പോൾ നാട്ടിലെ വിശേഷങ്ങൾ ഒക്കെ രണ്ടു പേരും മത്സരിച്ചു പറഞ്ഞു കേൾപ്പിച്ചു. സ്മിത ചേച്ചി പറഞ്ഞു, "ഇപ്പോൾ അച്ഛമ്മയും അമ്മായിയും അമ്മയും ഒക്കെ ആഘോഷിക്കയാണ്  അനൂ. റിട്ടയർ ചെയ്തതിനു ശേഷം എന്റെ പൊന്നേ ഒന്ന് കാണണം. അമ്മയും അമ്മായിയും അച്ഛമ്മയെയും വിളിച്ചുകൊണ്ടു അവർക്ക് വേണ്ടയിടങ്ങളിലെല്ലാം പോകും. എന്നും സന്ധ്യക്ക്‌ നമ്മുടെ അമ്പലത്തിൽ ദീപാരാധനക്ക് 3 പേരും ഹാജരുണ്ട്. അനുമോദ് ആണ് വണ്ടിയിൽ പോകേണ്ടിടത്തു ഒക്കെ ഡ്രൈവർ."

 

എന്താ നീ അതിശയത്തോടെ നോക്കുന്നത്? "സ്മിത ചേച്ചി കുസൃതിച്ചിരിയോടെ  ചോദിച്ചു. 

 

അമ്മാവൻ എങ്ങനെ പ്രതികരിക്കുന്നു എന്ന് അല്ലേ.?

 

അമ്മാവനോട് രാവിലെ തന്നെ ഞങ്ങൾ ഇന്നയിടത്ത് പോകുന്നു എന്ന് അമ്മായി പറയും. അമ്മാവൻ ഒന്നും മിണ്ടില്ല. ഒരു ബഹളവും ഉണ്ടാക്കില്ല. ആള് അപ്പൂപ്പന്റെ മരണത്തോടെ കുറച്ച് ഒക്കെ മാറിയിട്ടുണ്ടെന്നാ എനിക്ക് തോന്നുന്നേ".

 

എഴുന്നേൽക്ക് രണ്ടു പേരും, പുറത്ത് പോകണ്ടേ. ഞാൻ മോളെ ഉടുപ്പ് ഒന്ന് മാറ്റിക്കട്ടെ.

 

സ്മിത ചേച്ചി എന്റെ കയ്യിൽ പിടിച്ചു. "എടീ, നമുക്ക് ഒരു 4 മണിക്ക്   ഇറങ്ങിയാൽ മതി. മഹേഷിന് അവരുടെ ഹെഡ് ഓഫീസിൽ ഒരു മീറ്റിംഗ് ഉണ്ട്. നമുക്ക് 4 മണിക്ക് അങ്ങോട്ട്‌ പോകാം. എന്നിട്ട് കറങ്ങി നടന്നിട്ട് ഡിന്നർ പുറത്തു നിന്നും കഴിച്ചിട്ട് ഞങ്ങൾക്ക് രാത്രിയിൽ തിരിച്ചും പോകാം. എന്ത് പറയുന്നു ചക്കരെ, വാ ... നമുക്ക് രണ്ടു പേർക്കും കൂടി എന്തെങ്കിലും ഉണ്ടാക്കാം ഉച്ചയൂണിന്.   മഹേഷിനു വേണ്ടല്ലോ ..."

 

സ്മിതച്ചേച്ചിക്ക് എന്നോട് എന്തോ പറയാൻ ഉണ്ടെന്ന് മനസ്സിലായി. എന്റെ രണ്ടു കയ്യും സ്വന്തം കയ്യിൽ ചേർത്ത് വെച്ചിട്ട് എന്റെ മുഖത്തേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു

 

"എന്താ മോളുടെ പ്രശ്നം? ഞാൻ ചോദ്യഭാവത്തിൽ നോക്കിയപ്പോൾ പറഞ്ഞു, "അതല്ല, അമ്മായി നിന്നെ വിളിച്ചപ്പോൾ നീ ഒരു മറുപടിയും പറഞ്ഞില്ലല്ലോ". ഒരു നിമിഷം എന്റെ കണ്ണുകളിലേക്ക്‌ നോക്കി നിന്നു. പിന്നെ മൃദുവായി പറഞ്ഞു.

 

നിനക്ക് ഒരിക്കലും സ്വന്തം അഭിപ്രായങ്ങൾ ഇല്ലായിരുന്നു. ചെറുപ്പം മുതലേ പഠനം എന്ന് പറഞ്ഞ് പറഞ്ഞ് നിന്നെ ഒരിടത്ത് പോലും വിടില്ലായിരുന്നല്ലോ. ഒരിക്കലെങ്കിലും സ്കൂളിലെ ആർട്സ്‌ഡേക്കോ സ്പോർട്സ്‌ഡേക്കോ, എന്തിന് എൻന്റെ ഡാൻസ് ഉള്ളപ്പോഴെങ്കിലും   അച്ഛനെ പേടിച്ച് നീ  വന്നിട്ടുണ്ടോ?"

 

ഏതെങ്കിലും ബന്ധു വീടുകളിൽ നീ വന്നിട്ടുണ്ടോ?എല്ലാത്തിൽ നിന്നും, എല്ലാവരിൽ നിന്നും ഒരു ഒളിച്ചോട്ടം, അല്ലേ. ഇവിടെല്ലാം ഞാനും വിനീതും കൂടിയാണ് പോയിരുന്നത്. നിന്റെ അമ്മയുടെ വീട്ടിൽ പോലും ഞാൻ കൂടെ കൂടെ പോകുമായിരുന്നു. ബന്ധങ്ങളുടെ  ഊഷ്മളത, നിറവ് ഒക്കെ നമ്മുടെ സംസ്കാരത്തെ മിനുക്കിയെടുക്കും. നമ്മുടെ കാഴ്ചപ്പാടുകളെ തന്നെ മറ്റും. നിന്റെ നന്മക്കല്ലേ, അച്ഛൻ എങ്ങും വിടാത്തതെന്നല്ലേ നിനക്ക് എന്നും തോന്നിയിരുന്നത്. ആദ്യം ... ആദ്യമൊക്കെ വിനീതിനോടും ഇതേപോലെയൊക്കെ പറഞ്ഞെങ്കിലും അവൻ "നോ" പറയും എന്ന് മനസിലാക്കിയത് മുതൽ അവനെ അവോയ്ഡ് ചെയ്യുന്നതായി ഭാവിച്ചു.

 

പിന്നെ നിന്നെ മാത്രമേ കെയർ ചെയ്യുന്നുള്ളു എന്ന് നിനക്ക് തോന്നുന്ന വിധമായിരുന്നു അമ്മാവന്റെ ചെയ്തികൾ. ശരിക്കും അദൃശ്യമായ ഒരു വേലി ഉണ്ടാക്കി നിന്നെ അതിൽ ബന്ധിച്ചു. നിന്റെ ജീവിതത്തിന്റെ വർണ്ണങ്ങൾ മുഴുവൻ മായിച്ചു കളഞ്ഞു. പക്ഷേ എന്നും നീ ചിന്തിക്കുന്നത് എല്ലാം നിന്റെ നന്മക്കാണല്ലോ എന്നാണ്. ഒരു തരം സ്റ്റോക്ക് ഹോം സിൻഡ്രം പോലെ. നോ പറയേണ്ടിടത്തു നോ പറയുന്നതാണ്  ഏതൊരാളുടെയും ശക്തി.

 

മോളെ ..., ആരുടെ പേരിലും നിന്റെ മോളുടെ അച്ഛനെ നീ അവൾക്ക് നഷ്ടപ്പെടുത്തരുത്. ഇതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ സമയം  കഴിഞ്ഞിരിക്കുന്നു. അച്ഛൻ കൂടെ ഇല്ലാത്ത അവസ്ഥ നന്നായിട്ട് അറിഞ്ഞ ഒരുവളാണ് ഞാൻ. അങ്ങനെ ഒരു ഗതികേട് നിന്റെ മോൾക്ക് ഉണ്ടാവരുത്.

 

എന്റെ കലങ്ങിയ കണ്ണുകൾ കണ്ട് സ്മിത ചേച്ചി എന്റെ കണ്ണും മുഖവും തുടച്ചു. നെറുകയിൽ ഒരു ഉമ്മയും തന്നു. മോൾ ഇടക്ക് വന്ന് മടിയിൽ  കയറി ഇരുന്ന് കുറുമ്പ് കാട്ടാൻ തുടങ്ങി. സ്മിത ചേച്ചി കുഞ്ഞിനെ എടുത്തു കൊണ്ട് ബാൽക്കണിയിലേക്ക് പോയി. 4 മണി ആയപ്പോൾ ഞങ്ങൾ ലാൽബാഗ് കാണാൻ പോയി. അവിടെ മഹേഷേട്ടൻ ഞങ്ങളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. മഹേഷേട്ടനെ കണ്ട് മോള് ചാടി ചെന്നു. തൊട്ടടുത്ത് നിൽക്കുന്ന ആളെ കണ്ട് ഞാൻ കണ്ണുകൾ ഇറുകി അടച്ച് ബദ്ധപ്പെട്ട് തുറന്നു. എന്റെ നെഞ്ചിന്റെ പിടപ്പ് ഞാൻ അറിഞ്ഞു. സന്ദീപ്‌ .... വിടർന്ന ചിരിയോടെ ഞങ്ങളെ നോക്കി.

 

ഹൃദയത്തിൽ ഒരു മിന്നൽപ്പിണർ. ഈ അടിവയറ്റിൽ മഞ്ഞ് വീണ പ്രതീതി എന്ന് കേട്ടിട്ടേ ഉള്ളൂ. ശരിക്കും ഇപ്പോൾ അനുഭവിച്ചു. സ്മിത ചേച്ചി എന്നെ നുള്ളി.

 

ഒന്ന് ചിരിക്ക് മോളെ ..

 

സന്ദീപ് മോളെ കയ്യിൽ എടുത്തിട്ട് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാനും പുഞ്ചിരിച്ചു.

 

വാ നടക്കാം .. മഹേഷേട്ടൻ നടന്നു കഴിഞ്ഞു. ഞങ്ങൾ ഒരു ബെഞ്ചിൽ പോയിരുന്നു. കുറച്ച് നേരം കഴിഞ്ഞപ്പോൾ മഹേഷേട്ടനും സ്മിതച്ചേച്ചിയും എഴുന്നേറ്റ് മോളുടെ കൈയും പിടിച്ചിട്ട് പറഞ്ഞു.

 

നിങ്ങൾ ഇരിക്ക്, ഞങ്ങൾ ഒന്ന് നടന്നിട്ട് വരാം.

എനിക്കെന്തോ ഒരു പരിഭ്രമം, പെണ്ണ് കാണാൻ വന്നപ്പോൾ പോലും ഉണ്ടായിട്ടില്ലാത്ത, എന്തൊക്കെയോ ഒരു ഫീലിംഗ്.

 

സന്ദീപ്‌ മൃദുവായി വിളിച്ചു, ഉമേ... മുഖമൊന്നുയർത്തെടോ.  

 

ഞാൻ മുഖമുയർത്തി നോക്കി. ആ കണ്ണുകളിൽ നക്ഷത്ര തിളക്കം. നോട്ടം നേരിടാനാവാതെ ഞാൻ കണ്ണുകൾ താഴ്ത്തി. പ്രണയത്താൽ ഞാൻ പൂത്തുലഞ്ഞു. എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ സാധിക്കുന്നില്ല.

 

സന്ദീപ്‌ എന്റെ കൈകൾ കവർന്നെടുത്തു കൊണ്ട് ചോദിച്ചു, എന്നോട് ഒന്നും പറയാനില്ലേ????

 

ഞാൻ വീണ്ടും ഒന്ന് പുഞ്ചിരിച്ചു.

ഉടനെ എന്റെ മൂക്കിന്റെ അറ്റത്തു മൃദുവായി നുള്ളിക്കൊണ്ട് ചോദിച്ചു

 

എന്നാടോ നമ്മുടെ ഫ്ലാറ്റിലേക്ക് വരുന്നത് ???

ഉടനെ ദേ വന്നു കിലുക്കാം പെട്ടികൾ. മതി ... മതി .... ഇപ്പോൾ ഇത്രേം മതി. ബാക്കി പിന്നെ, കേട്ടോ... പ്രണയിക്കാൻ ഇനി സമയം കിടക്കുവല്ലേ മുമ്പിൽ ... മഹേഷേട്ടന്റെ വക.

 

നോക്ക്‌, പെണ്ണ് ... അങ്ങ് ചുമന്നു തുടുത്തല്ലോ!

സ്മിത ചേച്ചിയുടെ കമന്റ്‌ കേട്ട സന്ദീപിന്റെ കണ്ണിൽ കുസൃതി ചിരി.

 

സന്ദീപേ ..., ഞങ്ങൾക്ക് ബസ് മിസ് ആവല്ലേ. വാ, ഡിന്നറിന്നു പോകാം.

 

എല്ലാവരും എണീറ്റു. തൊട്ടടുത്ത് ഒരു റസ്റ്റോറന്റിൽ കാൻഡിൽ ലൈറ്റ് ഡിന്നർ സന്ദീപ്‌ അറേഞ്ച് ചെയ്തിട്ടുണ്ടായിരുന്നു. മോൾക്ക് സന്ദീപും ഞാനും വാരിക്കൊടുത്തു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഓർത്തു ഈ അടുത്ത കാലത്ത് ഇത്രയും രുചികരമായി കഴിച്ചിട്ടുണ്ടാവില്ല.

 

എത്ര നാളായി ഇത്ര നല്ല ഭക്ഷണം കഴിച്ചിട്ട്, സന്ദീപ്‌ അറിയാതെ പറഞ്ഞു.

ഞങ്ങൾ രണ്ടു പേരും ഒരേ പോലെ ചിന്തിക്കുന്നല്ലോ, ഞാൻ സന്ദീപിനെ നോക്കി പുഞ്ചിരിച്ചു. ഡിന്നർ കഴിഞ്ഞ് സന്ദീപ് ഒരു ടാക്സി അറേഞ്ച് ചെയ്തു തന്നു. പോകാൻ നേരം സന്ദീപ്‌ പറഞ്ഞു ...

 

താങ്ക്സ് ഫോർ ദി വണ്ടർഫുൾ  ഈവെനിംഗ്. ശനിയാഴ്ച നമുക്ക് ഉമയുടെ ഫ്ലാറ്റ് ഒഴിയാം. എന്ത് പറയുന്നു?

 

ഞാൻ സമ്മതം മൂളി.

 

സ്മിത ചേച്ചി പറഞ്ഞു, ഏർലിയർ ദി ബെസ്റ്റ്, മോളെ. ഞാൻ തല കുലുക്കി. എന്റെ ഫ്ലാറ്റിൽ വന്ന് ബാഗും എടുത്ത് അവർ ഇറങ്ങി.

 

ബൈ മോളെ, നിങ്ങൾ താഴോട്ട് വരണ്ടാ. ഞങ്ങൾ പൊക്കോളാം..

 

ശരി. ഞങ്ങൾ രണ്ടു പേരും ഡ്രസ്സ്‌ മാറ്റി വേഗം കട്ടിലിലേക്ക് വീണു. കിടന്നപാടേ കുഞ്ഞ് ഉറങ്ങി. ഞാൻ മോളെ അടുക്കി പിടിച്ച് കൊണ്ട് കിടന്നു. ആയിരം മുല്ലപ്പൂക്കളുടെ സുഗന്ധം എന്റെ ആത്മാവിനെ  തരളിതമാക്കിക്കൊണ്ടേ ഇരുന്നു. ആ അനുഭൂതിയിൽ ഞാനും ഉറങ്ങി.

 

നിർത്താതെ ഉള്ള ഫോൺ ബെൽ അടി കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. സന്ദീപ്‌ വിളിക്കുന്നു. ഫോൺ എടുത്തപ്പോഴേ സന്ദീപ്‌ പറഞ്ഞു, ഉമാ ... മോളെ എടുത്തോണ്ട് വേഗം ഇറങ്ങണം. ഞാൻ 10 മിനിറ്റിൽ അവിടെ എത്തും. തന്റെ അമ്മക്ക് നല്ല സുഖമില്ല എന്ന് മഹേഷേട്ടൻ വിളിച്ചു പറഞ്ഞു. തിരിച്ചു ഒന്നും ചോദിക്കാൻ പറ്റിയില്ല. അമ്മയ്ക്ക് എന്താണോ പറ്റിയത്? പെട്ടെന്ന് മുഖം കഴുകി അത്യാവശ്യ സാധനങ്ങൾ ബാഗിൽ കുത്തി നിറച്ച് കുഞ്ഞിനെ എടുത്ത് ഫ്ലാറ്റ് പൂട്ടിയപ്പോഴേക്കും സന്ദീപ്‌ വന്നു. മോളെ കയ്യിൽ എടുത്ത് നടന്ന സന്ദീപിന്റെ ഒപ്പം ഇറങ്ങി.

 

ടാക്സിയിൽ കയറിയിട്ട് സന്ദീപിന്റെ മുഖത്തേക്ക് നോക്കി. എന്തോ അരുതാത്തത് സംഭവിക്കുന്നോ എന്ന് തോന്നിപ്പോയി. കുഞ്ഞിനെ എന്റെ മടിയിൽ കിടത്തിയിട്ട് പറഞ്ഞു, താൻ ഒന്ന് മയങ്ങിക്കോ. ലോങ്ങ്‌ ജേർണി അല്ലേ. നേരം വെളുത്താൽ പിന്നെ ഉറങ്ങാൻ പറ്റില്ല.

 

എന്താ അമ്മയ്ക്ക് ..? ഞാൻ ചോദിച്ചു.

 

മഹേഷേട്ടൻ  അങ്ങനെ ഒന്നും പറഞ്ഞില്ല. അവർ നാട്ടിലെത്തിയിട്ടില്ല.  വിനീത് അവരെ വിളിച്ചു പറഞ്ഞതാണ്. രാത്രിയിൽ എന്തോ വയ്യായ്ക വന്നപ്പോൾ വിനീതും അച്ഛനും അപ്പച്ചിയും കൂടി ആശുപത്രിയിൽ കൊണ്ട് പോയി. അവിടെ അഡ്മിറ്റ്‌ ചെയ്തു.

 

നീ മോൾ ഉണരുന്നത് വരെ മയങ്ങിക്കോ. ഞാൻ വിളിക്കാം, സന്ദീപ് പറഞ്ഞു. അർദ്ധമയക്കത്തിൽ ആരൊക്കെയോ സന്ദീപിനെ വിളിക്കുന്നത് കേട്ടു. കണ്ണുകൾ തുറക്കാൻ മടി ആയതുകൊണ്ട് ആ കിടപ്പ് കിടന്നു. പെട്ടെന്ന് എത്തിയാൽ മതിയായിരുന്നു, എന്ന് വെറുതെ ആശിച്ചു. കേരളത്തിൽ എത്തിയപ്പോൾ സന്ദീപ്‌ പറഞ്ഞു "വാ എന്തെങ്കിലും കഴിക്കാം. മോൾക്കും വിശക്കില്ലേ."

 

മോൾക്ക് ഞാൻ ബിസ്ക്കറ്റ് എടുത്തിട്ടുണ്ട്.

 

അല്ല, ഇറങ്ങ്. നമ്മൾ എത്തുമ്പോൾ ഒരു സമയം ആകും. ഞങ്ങൾ പെട്ടെന്ന് എന്തോ കഴിച്ചിട്ട് വീണ്ടും യാത്ര തുടർന്നു  . എറണാകുളം എത്താറായപ്പോൾ സന്ദീപ്‌ എന്നെ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു, മോളെ, അമ്മ നമ്മളെ വിട്ടു പോയി. അവിടെ എല്ലാവരും നമ്മളെ കാത്തിരിക്കയാണ്.

 

ആദ്യം എനിക്ക് അത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കണ്ണുകൾ ഇറുകി അടച്ച് ഞാൻ ഇരുന്നു. അടുത്ത നിമിഷം കണ്ണുകൾ പെയ്തു തുടങ്ങി. മിനിഞ്ഞാന്ന് എന്നെ വിളിച്ചു പറഞ്ഞതെല്ലാം എന്റെ മുന്നിൽ തെളിഞ്ഞു വന്നു. ഞാൻ സന്ദീപിന്റെ തോളിലേക്ക് ചാഞ്ഞ് ഇരുന്നു. വീട് അടുക്കാറായപ്പോൾ സന്ദീപ് പറഞ്ഞു, ഞാൻ ഇപ്പോൾ അങ്ങോട്ട്‌ കയറുന്നില്ല. വിനീത് റോഡിൽ നിൽപ്പുണ്ട്. ഞാൻ ഈ ടാക്സിയിൽ തന്നെ  വീട്ടിൽ പോയിട്ട് അമ്മയും അച്ഛനും സനൂപും ആയിട്ട് വരാം. നമ്മൾ ഒരുമിച്ചാണ് വന്നതെന്ന് തന്റെ അച്ഛൻ അറിയണ്ട. വിനീത് വഴിയിൽ നിൽപ്പുണ്ടായിരുന്നു. അവൻ  മോളെ എടുത്ത് നടന്നു. സ്മിത ചേച്ചി ഓടിവന്ന് എന്നെ കെട്ടിപിടിച്ചു. ഞാൻ ഒന്ന് തേങ്ങി. അമ്മയുടെ അടുത്ത് പോയി ഇരുന്നു. അച്ഛനെ ഞാൻ നോക്കി. എന്താണ് ആ മുഖത്തെ  ഭാവം എന്ന് എനിക്ക് മനസ്സിലായില്ല. എന്നെ കണ്ടപ്പോൾ അടുത്ത് വന്ന് ചേർത്ത് പിടിച്ചു.

 

ചടങ്ങുകൾ എല്ലാം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ സ്മിതചേച്ചിയോട് സങ്കടം പറഞ്ഞു.

 

എന്റെ മോളുടെ അച്ഛനെ അവൾക്ക് ഞാൻ നഷ്ടപ്പെടുത്തിയില്ല എന്ന് അമ്മയെ ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ലല്ലോ ... സ്മിതചേച്ചി  എന്റെ തലയിൽ  മൃദുവായി തലോടിക്കൊണ്ടിരുന്നു. അച്ഛമ്മയും അപ്പച്ചിയും എന്റെ അടുത്ത് വന്നിരുന്ന് എന്നെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു. സന്ദീപ്‌ പിറ്റേന്ന് മടങ്ങി പോകുവാണെന്നു വിനീതിനോട് പറഞ്ഞയച്ചു. എന്റെ ഫ്ലാറ്റ് ഒഴിഞ്ഞു സാധനങ്ങൾ ഒക്കെ ഈ ദിവസങ്ങളിൽ മാറ്റും എന്നും പറഞ്ഞയച്ചു. അമ്മയുടെ ചടങ്ങുകൾ  എല്ലാം കഴിഞ്ഞ് വിനീത് എന്നെയും മോളെയും ബാംഗ്ലൂർക്ക് കൊണ്ടാക്കി.  പോകാൻ നേരം സ്മിത ചേച്ചി പറഞ്ഞു. അമ്മായിയെ നമുക്ക് കാണാൻ കഴിയുന്നില്ലന്നേ ഉള്ളു. അമ്മായിയുടെ സാന്നിധ്യം എല്ലായിടവുമുണ്ട്. നിന്റെ കാര്യത്തിൽ ഇനി നിന്റെ അമ്മയ്ക്ക്  സന്തോഷിക്കാമല്ലോ. അല്ലേ?

 

ശരിയാണ്. ജീവിച്ചിരുന്നപ്പോളത്തെക്കാൾ അമ്മയെ എനിക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നു. എനിക്ക് ശരിക്കും ഹൃദയത്തിൽ ഫീൽ  ചെയ്യാൻ സാധിക്കുന്നു.ഫ്ലാറ്റിൽ ചെന്നപ്പോൾ എന്നെ ഏറെ അത്ഭുതപ്പെടുത്തിയതു സന്ദീപ് മോൾക്ക്‌ വേണ്ടി സെറ്റ് ചെയ്തു വെച്ച റൂം  ആണ്‌. ധാരാളം ടെഡി ബീർകളും കുഞ്ഞി കുഞ്ഞി പാവകളും ഒക്കെ     ചേർത്ത് വെച്ച് മനോഹരമാക്കിയ മുറി. മോളുടെ കുഞ്ഞിലത്തെ മുതൽ     ഏറ്റവും ലേറ്റസ്റ്റ് ആയ ഫോട്ടോകൾ വരെ ഫോട്ടോ സ്റ്റാൻഡിൽ ഉണ്ട്‌. കൗതുകത്തോടെ നോക്കിയ എന്റെ കാതിൽ മൊഴിഞ്ഞത് "നിൻന്റെ അമ്മ നമ്മുടെ പുണ്യം..." ആണെന്നായിരുന്നു. കുഞ്ഞിന്റെ    ഫോട്ടോകൾ ഒക്കെ വിനീതിനെ കൊണ്ട് സന്ദീപിന് അമ്മ അയച്ചു കൊടുത്തതാണ്. അമ്മയുടെ കരുതലിനു മുമ്പിൽ ഞാൻ നിശബ്ദയായി.

 

അമ്മയുടെ നഷ്ടത്തിന്റെ വലുപ്പം വരും ദിവസങ്ങളിൽ   അധികമായിരുന്നെങ്കിലും സന്ദീപിന്റെ കരുതലും സ്നേഹവും മോളുടെ    കൊഞ്ചലുകളും കുസൃതികളും എന്നെ വേറെ ഒരു ലോകത്തിലേക്ക് നയിച്ചു എന്ന് പറയാം. ഇനിയും ഒരിക്കലും നഷ്ടപ്പെടരുത് എന്നാഗ്രഹിച്ചു    ചേർത്ത് നിർത്തുന്ന ഒരാൾ മുജ്ജന്മ സുകൃതം കൊണ്ട് കിട്ടുന്നതാണ്. 

 

പ്ലെയിൻ ലാൻഡ് ചെയ്യാനുള്ള അനൗൺസ്‌മെന്റ് വന്നു. സീറ്റ്‌ ബെൽറ്റ്‌     ടൈറ്റ് ചെയ്യാൻ സമയമായി. ഞാൻ സന്ദീപിനെ മുറുകെ പിടിച്ചു. ഞങ്ങൾ    ഫോർമാലിറ്റീസ് കഴിഞ്ഞ് പുറത്ത് വന്ന് ഒരു ടാക്സി പിടിച്ച് സന്ദീപിന്റെ വീട്ടിലെത്തി.

 

വീട്ടിലെത്തിയതോടെ മോൾക്ക് ഉത്സാഹമായി. ഇനി ഉറങ്ങാൻ സമയമില്ല  എന്ന് പറഞ്ഞ് സനൂപും അച്ഛനും മോളും കൂടി കളി തുടങ്ങി. നിങ്ങൾ ഒന്ന് നടു നിവർത്തിക്കോ എന്ന് അമ്മ പറഞ്ഞതനുസരിച്ച് ഞങ്ങൾ റൂമിലേക്ക് വലിഞ്ഞു.

 

രാവിലെ പ്രഭാത സവാരിയ്ക്ക് പോയി വന്ന്, മുണ്ടും ഷർട്ടും മാറ്റിയിട്ട്    ചാരുകസേരയിൽ പോയി കിടന്നു. പുറത്തു നിന്നും നല്ല സുന്ദരമായ   കാറ്റ് വീശുന്നുണ്ട്. നടത്തത്തിന്റെ ആയാസവും കുളിർ കാറ്റും. സുഖകരമായ ഒരു ആലസ്യത്തിൽ കണ്ണുകൾ പതിയെ അടഞ്ഞുപോകുന്നു. എത്ര നേരം കിടന്നുവെന്നറിയില്ല. എന്തോ സ്വപ്നം കണ്ടെന്നു തോന്നുന്നു. ഞെട്ടി ഉണർന്നു. ഓർക്കാൻ ശ്രമിച്ചിട്ട് കിട്ടുന്നില്ല. ഇപ്പോൾ പകൽ ഒന്നു ചെറുതായ് മയങ്ങിയാലും സ്വപ്‌നങ്ങൾ കണ്ടുകൊണ്ടേ ഇരിക്കും. ഇത് അച്ഛന്റെ കസേരയാണ്. തറവാട്ടിലെ തിണ്ണയിൽ ഈ കസേരയിൽ ആയിരുന്നു അച്ഛൻ മിക്കപ്പോഴും കിടന്നിരുന്നത്. ഇതിൽ കിടക്കുമ്പോൾ അച്ഛന്റെ ഗന്ധവും സാമീപ്യവും അനുഭവിക്കാൻ പറ്റുന്നു. അച്ഛൻ മരിച്ചപ്പോൾ പെങ്ങളോട് ചോദിച്ചിട്ട് എടുത്തു കൊണ്ട് പോന്നതാണ്. തറവാട് പെങ്ങൾക്കാണ്. "തറവാട് നീ എടുത്തോടാ "എന്ന് അച്ഛൻ പറഞ്ഞപ്പോൾ " വേണ്ട അവൾക്ക് കൊടുത്തേക്ക്, ഞാൻ വേറെ പണിഞ്ഞോളാം" എന്ന് പറഞ്ഞ് തറവാട്ടിന്റെ അടുത്ത് തന്നെ വീട് വെച്ചു. ഒരു ആട്ടുകട്ടിലും മറ്റെല്ലാ സൗകര്യങ്ങളും ഉണ്ടാക്കി. ഇപ്പോൾ ഈ വലിയ വീട്ടിൽ ഞാൻ തനിച്ചായി.

വയസ്സ് 58 കഴിഞ്ഞിരിക്കുന്നു. റിട്ടയർ ചെയ്ത് 1 വർഷം തികയുന്നതിന്    മുമ്പ് പദ്മിനി പോയി. പെങ്ങൾ അടുത്ത് തന്നെ തറവാട്ടിൽ     അമ്മയ്ക്കൊപ്പം താമസിക്കുന്നുണ്ടായിരുന്നെങ്കിലും, മരുമോന്    കോഴിക്കോട്ടേക്ക് സ്ഥലം മാറ്റം വന്നപ്പോൾ അവരുടെ കൂടെ പോയി. അമ്മയെയും കൊണ്ടുപോയി. അമ്മയെ ഇങ്ങോട്ട് ക്ഷണിക്കാൻ ധൈര്യമില്ലായിരുന്നു.

 

ഒരു 10-16 വയസ്സിന് ശേഷം അമ്മയോട് സ്നേഹപൂർവ്വം സംസാരിച്ചിട്ടേ ഇല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുമായിരുന്നു. അനുമോൾക്ക് അമ്മയുടെ ഇരുണ്ട നിറമാണ് കിട്ടിയതെന്ന് പറഞ്ഞ് ദേഷ്യപ്പെടുമ്പോൾ പോലും ഒരു മങ്ങിയ മന്ദഹാസത്തോടെ അത്‌ കേട്ടു   നിൽക്കുമായിരുന്ന അമ്മ, ഒരിക്കൽ പോലും മകനെ തള്ളിപ്പറഞ്ഞില്ല. ഞാൻ അനുവിന്റെ നിറത്തെ ചൊല്ലി അമ്മയോട് വഴക്കിടുന്നത് അവൾക്ക്‌ അറിയില്ല എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. അവളും അമ്മയോട് ഒരിക്കൽ പരാതിയും പരിഭവവും പറഞ്ഞെന്ന് അച്ഛൻ പറഞ്ഞതിന് ശേഷം ഞാൻ അമ്മയോട് വഴക്കിടുന്നത് നിർത്തി.

 

പദ്മിനിയുടെ മരണത്തിന് ശേഷം ഭക്ഷണം തറവാട്ടിൽ നിന്നായിരുന്നു. അമ്മ ഇവിടെ സ്കൂളിൽ ജോലി കിട്ടി വന്ന കാലം മുതൽ വീട്ടിൽ   സഹായത്തിനു വന്നിരുന്ന സുമിത്രയേടത്തി തന്നെ ആയിരുന്നു പദ്മിനിയെയും അടുക്കളയിൽ അത്യാവശ്യത്തിനു സഹായിച്ചിരുന്നത്. പെങ്ങൾ കോഴിക്കോടിനു വിളിച്ചു. അനുവും അവളുടെ കൂടെ താമസിക്കാൻ ചെല്ലാൻ പലവുരു വിളിച്ചു. തല്ക്കാലം ഈ വീട് വിട്ടു നിൽക്കാൻ സാധിക്കില്ല എന്ന് എല്ലാവരോടും പറഞ്ഞു. വിനീതിന്     സ്കോട്ട്‌ലൻഡിൽ മാനേജ്മെന്റ് പഠനത്തിന് ഏതോ സ്കോളർഷിപ്പ്  കിട്ടി. പദ്മിനി ഉള്ളപ്പോൾ തന്നെ അഡ്മിഷൻ ഒക്കെ ശരിയായതായിരുന്നു. 

 

അമ്മയും പ്രഭയും പോയി കഴിഞ്ഞിട്ടും കുറച്ചു കാലം സുമിത്രേടത്തി   വന്നു അത്യാവശ്യം ചോറും കറികളും ഉണ്ടാക്കി തന്നു സഹായിച്ചു. അങ്ങനെയിരിക്കയാണ് കൈപ്പത്തിയിൽ ഒരു ചെറിയ വെള്ളപൊട്ട് കണ്ടത്. പതുക്കെ അത്‌ വലുതായി തുടങ്ങി. ഡോക്ടറിനെ കാണിച്ചപ്പോൾ പറഞ്ഞു, "പേടിക്കാൻ ഒന്നുമില്ല, വെള്ളപ്പാണ്ട് എന്ന് പറഞ്ഞ ഒരു അസുഖമാണ്. ഇത് പകരില്ല. "

 

ഒരു ദിവസം സുമിത്രേടത്തി വന്നു പറഞ്ഞു. അവരുടെ മക്കൾ ഇവിടെ വരുന്നതിൽ നിന്നും അവരെ വിലക്കിയിരിക്കയാണ് എന്ന്. " ഇത് പകരില്ലെന്നെനിക്കറിയം. പക്ഷേ മക്കൾ സമ്മതിക്കുന്നില്ല."

 

സാരമില്ലെന്നു പറഞ്ഞ് അവരെ മടക്കി. ഇപ്പോൾ തനിയെ ചായ   ഉണ്ടാക്കും. ഉച്ച ഭക്ഷണം തൊട്ടടുത്ത വീട്ടിൽ നിന്നും കിട്ടും. കുറച്ചു പേർക്ക് മാത്രമായിട്ട് വീട്ടിൽ ഉണ്ടാക്കി കൊടുക്കുന്നിടമാണ്. രാത്രിയിൽ ഊണ് വേണ്ട. തനിയെ താമസിക്കുന്ന പുരുഷന്മാരുടെ ദേശീയ ഭക്ഷണം ആയ ഓട്സ് ഉണ്ടാക്കി കഴിക്കും. നടന്നു ക്ഷീണിച്ചതല്ലേ....    ഒരു ചായ   ഉണ്ടാക്കാം. പാൽ എടുത്ത് അടുപ്പത്ത് വെച്ച് ചായ ഉണ്ടാക്കി കൊണ്ടു   വന്ന് കസേരയിൽ ഇരുന്നു കഴിച്ചുകൊണ്ടിരുന്നപ്പോൾ ചരലിട്ട മുറ്റത്ത് ഒരു  കാൽപെരുമാറ്റം.  തിരിഞ്ഞു നോക്കിയപ്പോൾ സ്മിതയും മഹേഷും.  ആശ്ചര്യത്തോടെ എണീറ്റു.

 

"ആ.. നിങ്ങളോ ... എന്തേ പെട്ടെന്ന്? എന്തെങ്കിലും വിശേഷം ഉണ്ടോ? മനസ്സിൽ പെട്ടെന്ന് ഒരു ഭയം ഉരുണ്ടുകൂടി. "ബാക്കിയുള്ളവരൊക്കെ എവിടെ? "ഒഴുക്കൻ മട്ടിൽ ചോദിച്ചു കൊണ്ട് പുറത്തേക്ക്   നോക്കി. അമ്മമ്മയെ ആണ് നോക്കുന്നതെന്ന് സ്മിതക്ക് മനസ്സിലായി.

 

മഹേഷിന് ഇങ്ങോട്ട് ട്രാൻസ്ഫർ ആയി. ജോയിൻ ചെയ്യാൻ വന്നതാ. അമ്മമ്മയും അമ്മയും പുറകെ എത്തും.

 

എന്ത് പറയണം,   എന്ത് ചെയ്യണം എന്നറിയാതെ ഹരീന്ദ്രൻ, പറയാതെ    തന്നെ സ്മിതയും മഹേഷും സോഫയിൽ ഇരുന്നു.

 

അവിടെ പൊടി കാണുമായിരിക്കും. ഞാൻ വല്ലപ്പോഴും ഒക്കെയേ ഒന്നു  വൃത്തിയാക്കൂ.

 

അത്‌ സാരമില്ലാമ്മാവാ.... സുമിത്രേടത്തി വരുന്നില്ല എന്നറിഞ്ഞിരുന്നു. ഇന്നൊന്നിറങ്ങാൻ ഞാൻ    വിളിച്ചു പറഞ്ഞിട്ടുണ്ട്. എന്നെ ഒന്ന് സഹായിക്കാൻ, വരുമോ ആവോ.    അടഞ്ഞു കിടന്ന വീടല്ലേ. ആദ്യം മുതൽ തുടങ്ങണമല്ലോ."

 

നിങ്ങളിരിക്ക്, ഞാൻ രണ്ടു ചായ ഇട്ടോണ്ട് വരാം.

 

വേണ്ടമ്മാവാ, ഞങ്ങൾ ഇന്നലെ മഹേഷിന്റെ വീട്ടിൽ എത്തിയതാ, രാവിലെ കഴിച്ചിട്ടാ വന്നത്. എന്നാൽ തറവാട്ടിലോട്ട് ചെല്ലട്ടെ അമ്മാവാ. ഉച്ചക്ക് പുറത്ത് നിന്ന് വാങ്ങിക്കേണ്ട. ഞാൻ കൊണ്ട് വരാം, എന്ന് പറഞ്ഞിട്ട് അവൾ അടുക്കളയിലേക്ക് പോയി. ഞാനും മഹേഷുമായിട്ട് ലോക കാര്യങ്ങൾ ഒക്കെ സംസാരിച്ചു കൊണ്ടിരുന്നു. നല്ല ഹൃദ്യമായ പെരുമാറ്റം ഉള്ള ചെറുപ്പക്കാരൻ.

 

വീട്ടിനുള്ളിൽ ഒന്ന് ചുറ്റി കറങ്ങിയിട്ട് സ്മിത വന്നു, അമ്മാവൻ എല്ലാം അടുക്കി പെറുക്കി ആണ് വെച്ചിരിക്കുന്നത്. അടുക്കളയിൽ ചെന്നപ്പോൾ അമ്മായിയെ ഓർമ്മ വന്നു, എത്ര കുലീനമായിട്ടായിരുന്നു അമ്മായി ഈ വീട് കൊണ്ടു പോയിരുന്നത്, ഹരീന്ദ്രൻ ഒന്നും മിണ്ടിയില്ല.

 

അവർ തറവാട്ടിലേക്ക് പോയപ്പോൾ ഹരീന്ദ്രൻ ഓർത്തു. മഹേഷ്‌ നല്ല പയ്യൻ ആണല്ലോ. അനുവിന്റെ കല്യാണം കഴിഞ്ഞപ്പോൾ ഞാൻ    പ്രഭയോടും അച്ഛനോടും സ്മിതയ്ക്ക് പയ്യനെ അന്വേഷിക്കണം എന്ന് പറഞ്ഞു. അവൾ ഡിഗ്രി കഴിഞ്ഞ് CA ക്ക്‌ പഠിക്കാൻ തുടങ്ങിയിരുന്നു. കേട്ടപ്പോൾ തന്നെ സ്മിത പറഞ്ഞു, ഒരു കരിയർ ഡെവലപ്പ് ചെയ്യാതെ വിവാഹത്തിന് സമ്മതിക്കില്ല എന്ന്. CA പാസ്സ് ആകാൻ വർഷങ്ങൾ പിടിക്കും. നീ കണക്കിൽ അത്ര മിടുക്കിയും അല്ലല്ലോ. അത്രയും   വർഷങ്ങൾ വിവാഹം കഴിക്കാതെ നിൽക്കാൻ ഒക്കുമോ. പ്രഭേ, നീ ഒരു   സിംഗിൾ പേരെന്റ് ആണ്. അവളുടെ അച്ഛന്റെയോ അച്ഛന്റെ ബന്ധുക്കളുടെയോ എന്തെങ്കിലും സഹായം കിട്ടുമോ?

 

സ്മിത അവളുടെ അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. എനിക്ക് എന്റെ അമ്മ മാത്രം മതി. അമ്മയ്ക്ക് ഒരു ജോലി ഉള്ളത് കൊണ്ട് ആരുടെയും സഹായമില്ലാതെ ഞങ്ങൾ കഴിയും. ഒന്നു കൂടി ....  ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ്. മഹേഷ്‌. ബാങ്കിൽ വർക്ക്‌ ചെയ്യുന്നു.    മഹേഷിനെ മാത്രമേ ഞാൻ കല്യാണം കഴിക്കൂ ...

 

ഞാൻ പെട്ടെന്ന് മുറ്റത്തേക്കിറങ്ങി. പ്രഭ അവളെ ശാസിക്കുന്നത് കേട്ടു. അവൾ പറഞ്ഞ മറുപടി എന്നെ തളർത്തിക്കളഞ്ഞു.

 

അമ്മയുടെ ജീവിതമോ അമ്മാവൻ നശിപ്പിച്ചു. എന്റെ ജീവിതം അങ്ങനെ വേറൊരാൾക്ക് തകർക്കാൻ എനിക്ക് വിട്ടു കൊടുക്കാൻ ഒക്കില്ലമ്മേ. അമ്മയെ ഇമോഷണലി തകർത്തത് പോലെ എന്നെ തകർക്കാൻ ഞാൻ നിന്ന് കൊടുക്കില്ല.

 

പെങ്ങളുടെ മൌനത്തിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി, അവളുടെ ജീവിതം തകർത്തത് ഞാൻ ആണ് എന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു, അമ്മയുടെ ഒരകന്ന ബന്ധു ഗോപൻ പ്രഭയുടെ സ്കൂളിൽ യു പി വിഭാഗത്തിൽ പഠിപ്പിക്കുണ്ടായിരുന്നു. ഗോപൻ പ്രഭക്ക് വിവാഹ  ആലോചനയുമായിട്ട് വന്നിരുന്നു, അച്ഛൻ ആലോചിക്കാം എന്ന് പറഞ്ഞതുമാണ്. അപ്പോഴാണ് എന്റെ ഒരു സ്നേഹിതൻ ചോദിച്ചത്

 

"പെങ്ങളും ഗോപൻസാറും തമ്മിൽ പ്രണയത്തിലാണല്ലേ, സ്കൂളിൽ ഒക്കെ പാട്ടാണല്ലോ "എന്ന് പ്രണയം മനുഷ്യരെ വഴി തെറ്റിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഞാൻ കൂടുതൽ ഒന്നും ചിന്തിക്കാതെ ഗോപന്റെ ആലോചന നമുക്ക് വേണ്ട എന്ന് വീട്ടിൽ പറഞ്ഞു.

 

പ്രഭ ഹൈസ്കൂളിൽ അല്ലേ പഠിപ്പിക്കുന്നത്? യു പി അധ്യാപകൻ ശരിയാവില്ല, നമുക്ക് വേറെ ആലോചിക്കാം, എന്ന് പറഞ്ഞ് ഒരു ഗൾഫുകാരനുമായിട്ട് പ്രഭയുടെ വിവാഹം ഉറപ്പിച്ചു.

ആ ബന്ധം പക്ഷേ ശാശ്വതമായില്ല. സ്മിതയ്ക്ക് 4 വയസുള്ളപ്പോൾ ഗൾഫിലേക്കെന്ന് പറഞ്ഞ് പോയ ആൾ പിന്നെ വന്നിട്ടില്ല. അവനെക്കുറിച്ച് ഒന്നും അവന്റെ വീട്ടുകാർക്കും അറിയില്ലെന്ന് അവർ    പറയുന്നു. പിന്നീട് മോളെയും കൊണ്ട് അച്ഛന്റെ വീട്ടിൽ ചെന്ന    പ്രഭയോട് അവർ മോശമായി പെരുമാറി. അന്ന് അവൾ അച്ഛനോട് ചോദിച്ചു,

 

"എന്റെ കൂടുതൽ നന്മക്ക് വേണ്ടി കണ്ടു പിടിച്ച ബന്ധമല്ലേ ഇത്. എന്റെ വിധി എന്ന് പറഞ്ഞ് എല്ലാവർക്കും കൈ കഴുകാം. എന്റെ മോൾക്ക് അച്ഛൻ വേണ്ടേ. എനിക്ക് ജോലി ഇല്ലായിരുന്നെങ്കിൽ ഞാൻ ഈ കുഞ്ഞിനെ എങ്ങനെ വളർത്തിയേനെ?"

 

ഓർമ്മകളുടെ വേലിയേറ്റത്തിൽ മനസ്സ് ഒന്നു പതറി. ചാരു കസേരയിൽ പോയി കിടന്നു. തറവാട്ടിലോട്ട് ചെല്ലണമെന്നുണ്ട്. പക്ഷേ എന്തോ ഒന്ന് പുറകോട്ട് വലിക്കുന്നു .....

 

ഉച്ചയ്ക്ക് ഭക്ഷണവുമായി സ്മിത വന്നു വിളിച്ചപ്പോഴാണ് ഉണർന്നത്. രണ്ടു പാത്രത്തിലായി ചോറും കറികളും എടുത്ത് വെച്ചിട്ട് അവൾ വിളിച്ചു. അവളോടൊപ്പം ഇരുന്ന് കഴിച്ചു. നിശ്ശബ്ദനായി ഇരുന്ന് ഭക്ഷണം കഴിക്കുന്ന അമ്മാവനെ ശ്രദ്ധിച്ചിട്ട് അമ്മാവൻ വല്ലാതെ മാറിപ്പോയല്ലോ എന്ന് സ്മിത  മനസ്സിൽ ഓർത്തു. പണ്ടും ഡിസ്സിപ്ലിന്റെ കാര്യത്തിൽ കടുത്ത നിർബന്ധക്കാരനായിരുന്നു. ഭക്ഷണ മേശയിൽ സംസാരമോ മറ്റു    ശബ്ദങ്ങളോ പാടില്ലെന്ന് ശഠിച്ചിരുന്നു. പക്ഷേ എപ്പോഴും വളരെ ഊർജ്വസ്വലനായേ കണ്ടിട്ടുള്ളു. നല്ല ഭംഗിയായി മാത്രം വസ്ത്രം ധരിച്ച്, ചിരിച്ച മുഖത്തോടെ നടക്കുന്ന ഒരാൾ. ശക്തമായ വ്യക്തിത്വം എന്ന് ആർക്കും ഒറ്റനോട്ടത്തിൽ തന്നെ തോന്നുന്ന വിധം പെരുമാറ്റം. ഒരു മാതിരി ഉള്ള പ്രശ്നങ്ങൾ ഒന്നും ഒരിക്കലും അമ്മാവനെ ബാധിച്ചു കണ്ടിട്ടില്ല. ആ കോൺഫിഡൻസ് ഒക്കെ കുറഞ്ഞ പോലെ തോന്നുന്നു. ഒറ്റപ്പെടൽ വല്ലാതെ തളർത്തിയിരിക്കുന്നു. അപ്പൂപ്പനുമായിട്ട് അമ്മാവന് വളരെ അധികം അടുപ്പം ഉണ്ടായിരുന്നു. സാധാരണ എല്ലാവരും ഒരു അത്യാവശ്യഘട്ടത്തിൽ ''അമ്മേ '' എന്ന് വിളിക്കുമ്പോൾ അമ്മാവൻ ''അച്ഛാ'' എന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കുന്നത് കേട്ടിട്ടുണ്ട്. ഇപ്പോൾ അമ്മായിയും ഇല്ല. പദ്മിനി തനിക്ക് ആരായിരുന്നുവെന്ന് ഇപ്പോൾ അമ്മാവന് മനസ്സിലാകുന്നുണ്ട്.

 

കൈ കഴുകി തിരിഞ്ഞപ്പോൾ സ്മിത വിളിച്ചു പറഞ്ഞു.. 

 

''അമ്മാവാ, നോക്ക്‌ ആരൊക്കെയാ വന്നിരിക്കുന്നതെന്ന്???  വരാന്തയിലേക്ക് ഇറങ്ങി ചെന്നപ്പോൾ അനുവും, സന്ദീപും, മോളും. "അച്ഛാ" അനു ഓടി വന്ന് അച്ഛന്റെ കൈകൾ കയ്യിലെടുത്തു. ഹരീന്ദ്രൻ പെട്ടെന്ന് കൈ വിടുവിച്ചു.

 

അച്ഛന് എന്നോട് പിണക്കമാണോ????

 

ഇത്രേം നാൾ ഞാൻ വരാഞ്ഞത് അച്ഛനോട് പറയാതെ ഞാൻ സന്ദീപിന്റെ കൂടെ പോയത് അച്ഛന് ഇഷ്ടപ്പെടുമോ എന്നോർത്ത് പേടിച്ചിട്ടാണ്.

 

മോളെ, ഞാൻ കൈ വിടുവിച്ചത്, എന്റെ സ്കിൻ കംപ്ലയിന്റ് vitiligo (വെള്ളപ്പാണ്ട്) നിനക്ക് പകരാതിരിക്കാനാണ്. ഇത് പകരില്ല എന്ന് ഡോക്ടർ പറഞ്ഞെങ്കിലും ഈ നാട്ടുകാർക്ക് അത്ര വിശ്വാസമല്ല. അതാണ് ഒരു സഹായത്തിനുപോലും ആരെയും വെക്കാത്തത്.

 

അച്ഛാ .... ഇത് പകരില്ല, പേടിക്കണ്ട കാര്യമില്ല.

 

മോളെ അമ്മൂട്ടീ, അപ്പൂപ്പനോട് വിശേഷം ഒക്കെ പറയെടാ.

 

സന്ദീപേ, വാ ഇരിക്ക്, ഹരീന്ദ്രൻ മരുമോനെ അകത്തോട്ടു വിളിച്ചു. ഊണ് കഴിഞ്ഞാണോ നിങ്ങൾ ഇറങ്ങിയത്?

 

ഈ സ്മിത ചേച്ചി പറഞ്ഞു, ഇവിടെ ഒന്നും വെച്ചില്ല, നിങ്ങൾ ഊണ് കഴിച്ചിട്ട് വന്നാൽ മതിയെന്ന്.

 

എടി കുറുമ്പി, നിനക്ക് അമ്മായി അമ്മ ചോറ് തിന്നാൻ വേണ്ടി അവിടെ നിന്നിട്ട് എന്നെ കുറ്റം പറയുന്നോ.

 

ആ .... ദേ, അമ്മമ്മയും അമ്മയും എത്തിപ്പോയെ...

 

അമ്മേ, ദേ ഇവിടെ, ഇങ്ങോട്ട് നോക്ക്‌. തറവാട്ടിൽ കയറാതെ രണ്ടു പേരും നേരെ ഹരിയുടെ വീട്ടിലേക്ക് പോന്നു.

 

ആഹ്എ ... എല്ലാവരും ഇവിടുണ്ടല്ലോ ...!!!!!!!!! ഹരീന്ദ്രൻ ഓടിപ്പോയി അമ്മയുടെ കൈ പിടിച്ച് അകത്തോട്ട് കയറ്റി. മനസ്സിൽ ഒരായിരം വട്ടം അമ്മയോട് മാപ്പിരന്നു. അമ്മ മോനെ ചേർത്ത് പിടിച്ച് ആലിംഗനം ചെയ്തു. പിറന്ന സമയത്ത് കൊടുത്ത പോലെ നിറച്ച് ഉമ്മ കൊടുത്തു. ഹരി പെട്ടെന്ന് പിന്മാറി.

 

വേണ്ടമ്മേ, എനിക്ക് ഒരു സ്കിൻ പ്രോബ്ലം ഉണ്ട്‌.അമ്മയ്ക്ക്‌ പകർന്നാലോ? നിറഞ്ഞ ചിരിയോടെ അവർ ആ കൈകൾ കവർന്നെടുത്തു, ഞാനങ്ങു സഹിച്ചെടാ ...!!!!

 

ഹരി സന്തോഷം മറച്ചു വെക്കാതെ പറഞ്ഞു. പ്രഭേ ...., ഇന്ന് ഇവിടെ കൂടാം. എത്ര നാളായി എല്ലാവരേം ഒന്നും കണ്ടിട്ട്.

 

അതിനെന്നാ ചേട്ടാ, അങ്ങനാവട്ടെ. കേൾക്കാനും പറയാനും ഒത്തിരി വിശേഷങ്ങൾ ഉണ്ടല്ലോ.

 

അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട്, അമ്മയുടെ മടിയിൽ തല വെച്ചു കൊണ്ട്, ആത്മ നിർവൃതിയിൽ അയാൾ കിടന്നു. 45 വർഷത്തിന് ശേഷം, അമ്മയുടെ കൈ വിരലുകൾ മകന്റെ മുടിയിൽ മൃദുവായി തഴുകി കൊണ്ടിരുന്നു. ഒരു കൊച്ചു കുട്ടിയുടെ സുരക്ഷിതത്തോടെ അയാൾ ഒന്ന് മയങ്ങി.

 

അനുവിനെ അടുക്കയിലേക്ക് കണ്ണ് കാണിച്ച് വിളിച്ച സ്മിത കവിളിൽ നുള്ളി കൊണ്ട് ചോദിച്ചു.

 

പെണ്ണ് ഒന്ന്‌ മിനുങ്ങിയിട്ടുണ്ടല്ലോ. പ്രണയത്തിൽ പുതിയ അദ്ധ്യായങ്ങൾ വല്ലതും രചിക്കപ്പെട്ടോ?

 

പെർഫെക്ഷനിസ്റ്റുകൾക്ക് പ്രണയം പറഞ്ഞിട്ടുണ്ടോ ഗുരുവേ ... പ്രണയം പൂത്തു തളിർത്തു നിൽക്കണത് ഞാൻ കണ്ടേ. ഉണ്ണി വയർ.. ഉഹ്മ്.. എത്രാമത്തെ മാസം ആണ്‌ ഓടുന്നത് ..???

 

കപട നാണം അഭിനയിച്ചു കൊണ്ട് സ്മിത കൈ മടക്കി കാണിച്ചു, നാല്.

 

പ്രഭ കടന്നു വന്നിട്ട് ചോദിച്ചു, "ഇവിടുത്തെ നിലവിളക്ക് എന്ത്യേ. മക്കളെ.?പണിക്കാര് പോകുന്നതിനു മുമ്പ് പുളിയും മറ്റും ഇട്ട് ഒന്നും മിനുക്കി എടുക്കണം.

 

മോളെ അനു, ഇന്ന് ഏതായാലും അഞ്ച് തിരിയിട്ട് കത്തിച്ചു വെക്കണം. ഐശ്വര്യ ദേവത കടന്നു വരട്ടെ. ചന്ദനത്തിരിയുടെയും കർപ്പൂരത്തിന്റെയും ഗന്ധം എല്ലാവരുടെയും ആത്മാവിനെയും മനസ്സിനെയും സുഗന്ധ പൂരിതമാക്കട്ടെ .....!!!!!!!!

 Mallu Stories

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.