കഥ : അരികൊമ്പനും ഞാനും
രചന : പ്രദീപ് കുമാർ
ഇടുക്കിയിലെ ചിന്നക്കനാൽ വനമേഖലയെ മുഴുവൻ വിറപ്പിച്ചിരുന്ന അരികള്ളൻ, അരിക്കൊമ്പനെ കുറച്ചു മാസങ്ങൾ മുന്നേ വനപാലകർ വലയിലാക്കി നാടുകടത്തിയല്ലോ .....!
വനപാലകരും കുങ്കിയാനകളും ദൗത്യസേനയും ചേർന്നു അരിക്കൊമ്പനെ പൂട്ടുന്ന ദൃശ്യങ്ങൾ മലയാളം ടെലിവിഷൻ ഇടതടവില്ലാതെ ലൈവായി പ്രക്ഷേപണം ചെയ്യുന്നത് കണ്ടപ്പോഴാണ് അതിനും കേവലം ഒരാഴ്ച മുന്നേയൊരു രാത്രിയിൽ രണ്ടുകൊമ്പന്മാർ തമ്മിൽ മുഖാമുഖം കൊമ്പുകോർത്തൊരു രംഗം, ഒരു വിറയലായി എന്റെ ശരീരം മുഴുവൻ ഒരിക്കൽ കൂടി പടർന്നു കയറിയത്.
അതേതാണ് രണ്ടുകൊമ്പന്മാരെന്നു ഇത്രയും വായിച്ചപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും അല്ലെ.....???
നിങ്ങൾ വിശ്വസിക്കില്ലെന്നറിയാമെങ്കിലും എനിക്കു പറയാതിരിക്കാൻ പറ്റില്ലല്ലോ....
അതേ നിങ്ങൾ മനസ്സിൽ കരുതിയതുപോലെ, കടം കയറി നാടിനും വീടിനും ഭാരമായി മാറിയിരിക്കുന്ന ഈ ഞാൻ തന്നെയാണ് അരിക്കൊമ്പനോട് ഏറ്റുമുട്ടി തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുന്ന രണ്ടാമത്തെ കൊമ്പൻ .....
ഇടുക്കിയിലെ ഹൈറേഞ്ച് മുഴുവൻ മതിവരുവോളം ചുറ്റിക്കറങ്ങണമെന്നും, കോടമഞ്ഞു നിറഞ്ഞ അവിടത്തെ രാത്രികളിലൊന്നിനെ ഒരു ദിവസമെങ്കിലും ഓർമ്മയിൽ സ്വന്തമാക്കണമെന്നും, അക്ഷരങ്ങളിലൂടെ ഇടുക്കിയേ അടുത്തറിയുവാൻ തുടങ്ങിയതു മുതലുള്ള എന്റെ ഒരു അതിമോഹമായിരുന്നു.
അതിനുശേഷം ഭാര്യയും മക്കളുമൊപ്പം നടത്തുന്ന മനസിനുള്ളിലെ ടൂർ പ്രോഗ്രാം ചർച്ചകളിൽ മുഴുവൻ നിറഞ്ഞു നിന്നിരുന്നത് ഇടുക്കിയും അവിടത്തെ ഹൈറേഞ്ചുകളും, തണുപ്പും കോടമഞ്ഞും തേയിലതോട്ടങ്ങളും, കാടുകളിൽ വിഹരിക്കുന്ന കാട്ടുമൃഗങ്ങളും അവയുടെ അലർച്ചയും ആട്ടിൻ പറ്റത്തെപോലെ പട്ടാപ്പകൽപോലും നടുറോഡുകളിൽ അലഞ്ഞുതിരിയുന്ന കാട്ടാനകൂട്ടങ്ങളുമൊക്കെയായിരുന്നു.
കഴിഞ്ഞ കുറെ മാസങ്ങളായി അരികൊമ്പന്റെ വീരസാഹസീക കൃത്യങ്ങളുടെ കഥകൾ ദിവസവും വായിക്കുകയും കാണുകയും ചെയ്തു തുടങ്ങിയതോടെ ഞാനുമൊരു അരികൊമ്പൻ ഫാൻസായി മാറുകയും, ഇടുക്കിക്കൊപ്പം തടിമിടുക്കിന്റെയും തിണ്ണ ബലത്തിന്റെയും ധൈര്യത്തിൽ ഗുണ്ടായിസം കാണിച്ചുകൊണ്ട് ഒരു നാടിനെ മുഴുവൻ ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ചട്ടമ്പിയായ അരിക്കൊമ്പനെയും, ഒരുവട്ടമെങ്കിലും നേരിട്ടുകാണണമെന്ന പൂതി സൂപ്പർഗ്ലൂ കൊണ്ടു ഒട്ടിച്ചതുപോലെ മനസ്സിൽ ഉറച്ചുപോകുകയും ചെയ്തിരുന്നു.
അരി ഇഷ്ടപെട്ട ഭക്ഷണമായതുകൊണ്ടുമാത്രം അരികൊമ്പനെന്ന പേര് കിട്ടിയ കാടിന്റെ പുത്രൻ ...!
അരി മോഷ്ടിച്ചു തിന്നുവാൻ മാത്രം എത്രയോ തവണ പ്രദേശത്തെ റേഷൻ കട തകർത്തെറിഞ്ഞിരിക്കുന്ന കാട്ടിലെ ഗുണ്ട .......!
ചക്കപ്പഴം ഇഷ്ടഭക്ഷണമായിപ്പോയതിന്റെ പേരിൽ മാത്രം ചക്കക്കൊമ്പനെന്ന പേര് പതിഞ്ഞു കിട്ടിയ മറ്റൊരു അധികായകനെ, കാവൽ നിർത്തി ഹൈറേഞ്ചിലേക്ക് പലചരക്കുസാധനങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ആക്രമിക്കുകയും അരിയും പഞ്ചസാരയുമടക്കമുള്ള ഭക്ഷ്യസാധനങ്ങൾ തട്ടിയെടുക്കുകയും ചക്ക കൊമ്പനടക്കമുള്ള മറ്റുള്ള കാട്ടാനകൾക്ക് വീതം വച്ചു നൽകികൊണ്ടു കാട്ടിൽ ഭക്ഷ്യവിതരണത്തിൽ സോഷ്യലിസം നടപ്പാക്കാൻ ശ്രമിക്കുന്ന കായംകുളം കൊച്ചുണ്ണിയെ വെല്ലുന്ന കാട്ടിലെ കൊള്ളക്കാരൻ ....!
വാലിൽ രോമങ്ങൾ കുറഞ്ഞതുകൊണ്ടുമാത്രം മൊട്ടവാലനെന്ന പേര് അനുവദിച്ചുകിട്ടിയ ഭീകരൻ കാട്ടാനയെ ഒരൊറ്റ തുമ്പിക്കൈ ഉയർത്തലിൽ നിലയ്ക്ക് നിർത്തുന്ന ചിന്നക്കനാലിലെ ഗജനേതാവ് ...!
വീടിന്റെയും ലയങ്ങളുടെയും അടുക്കളകൾ തകർത്തു അരിയും ചോറും പഞ്ചസാരയും അകത്താക്കുന്ന കാട്ടിലെ ദയാരഹിതൻ .....!
മുന്നിലെത്തുന്ന മനുഷ്യരെയും വളർത്തു മൃഗങ്ങളെയും പപ്പടം പോലെ ചവിട്ടികൂട്ടി ദൂരെയെറിയുന്ന കണ്ണിൽചോരയില്ലാത്ത കാട്ടിലെ ക്രൂരൻ ....!
എന്തൊക്കെയായാലും പെറ്റതള്ളയെ മറക്കാത്ത കാടിന്റെ പൊന്നോമന.....!
തനിക്കു രണ്ടുവയസുള്ളപ്പോൾ മരിച്ചുപോയ അമ്മയ്ക്ക് പിതൃദർപ്പണം നടത്തുവാൻ എല്ലാവർഷവും മുടങ്ങാതെ അതേദിവസം അതേസമയം അമ്മയുടെ ജീവൻ നഷ്ടമായ സ്ഥലത്തെത്തി മണിക്കൂറുകളോളം കണ്ണീർ പൊഴിക്കുന്ന കാട്ടിലെ നൊമ്പരപൂവ് ....!
നാലോളം ഭാര്യമാരും കുടുംബവുമായി ജീവിതം ആർത്തുല്ലസിച്ചു തീർക്കുന്ന കാട്ടിലെ ഗജരാജാവ് ......!
തന്നെ പിടിക്കുവാൻ കുങ്കിയാനകളും മയക്കുവെടിയും സഞ്ജീകരണങ്ങളും മുന്നിലെത്തിയെന്നറിഞ്ഞിട്ടും മാനസീകമായി ഒട്ടും തളരാതെ കാമുകിയുമായി പരസ്യമായി രതിക്രീഡകളാടുന്ന കാട്ടിലെ പ്രേമലോലുപൻ!
ഒരിക്കൽ കൂടി അച്ഛനായതിന്റെ സന്തോഷം കുടുംബ സമേതം ആടിത്തിമിർക്കുന്ന കാട്ടിലെ കുടുംബനാഥൻ ....!
ചിന്നകനാൽ 301 കോളനിയിലെ ഗജപോക്കിരി ....!
ഒരു നാടിനുതന്നെ ഭീഷണിയായി അഴിഞ്ഞാടുന്ന ഒരു കാട്ടുകൊമ്പനെക്കുറിച്ചു നമ്മുടെ മാധ്യമങ്ങളും ബ്ലോഗർമാരും പരിസ്ഥിതി സ്നേഹികളുമൊക്കെ എഴുതിതള്ളിയിരിക്കുന്ന കാര്യങ്ങളാണ് മുകളിൽ എഴുതിയിരിക്കുന്നത്.
ഇതൊക്കെ വായിച്ചുകഴിയുമ്പോൾ പിന്നെങ്ങനെ അവന്റെ ഫാൻസായി മാറാതിരിക്കും .....!
അങ്ങനെ കോടമഞ്ഞു പുതഞ്ഞുകിടക്കുന്ന ഇടുക്കിയിലെ തണുപ്പുള്ള രാത്രിയും അരിക്കൊമ്പനും അവന്റെ ഗുണ്ടായിസവുമൊക്കെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കാലത്തൊരു ദിവസം രാത്രിയിൽ ഒട്ടും പ്രതീക്ഷിക്കാതെ ചിലവില്ലാത്തൊരു ഇടുക്കിയാത്ര ഒത്തുവരുന്നതും ആഗ്രഹിച്ചതുപോലെ ഹൈറേഞ്ച് മുഴുവൻ FB കൂട്ടുകാരന്റെ ജീപ്പിൽ കറങ്ങി നടക്കുവാൻ സാധിച്ചതും അരികൊമ്പനുമായി മുഖാമുഖം കണ്ടുമുട്ടുന്നതും.
" സഖാവെ വീട്ടിലുണ്ടോ ....."
രാത്രിയിൽ അപ്രതീക്ഷിതമായാണ് ഇടയ്ക്കിടെ ഫോണിലൂടെ ബന്ധപ്പെടാറുള്ള FB കൂട്ടുകാരന്റെ വിളിയെത്തുന്നത്.
ഞാൻ വേറെവിടെ പോകാനാണ് സഖാവെ .... വീട്ടിൽ തന്നെയുണ്ട്.
സ്വാഭാവികമായ രീതിയിൽ മറുപടി കൊടുത്ത യുടനെയുള്ള അവന്റെ അടുത്ത ചോദ്യം കേട്ടപ്പോൾ ഞാൻ ശരിക്കും ചിരിച്ചു പോയി.
സഖാവ് കുറെ നാളായല്ലോ ഇടുക്കിയിൽ വരണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു.
ഞാനിപ്പോൾ നിങ്ങളുടെ നാടിന്റെ തൊട്ടടുത്തുണ്ട് ഒരു അത്യാവശ്യകാര്യത്തിനായി മംഗലാപുരം പോയി മടങ്ങുന്ന വഴിയാണ്. സത്യം പറയാമല്ലോ സഖാവെ മംഗലാപുരം എത്തിപ്പെട്ടതു മുതൽ മനസ് നിറയെ സഖാവിന്റെ മായമ്മയാണ്.
സഖാവ് എഴുതിയതുവച്ചു മായമ്മ ജോലിചെയ്തിരുന്ന കട അന്വേഷിച്ചു നോക്കിയെങ്കിലും പിടികിട്ടിയില്ല കേട്ടോ.
സത്യം പറ സഖാവെ .... ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വഴിയേങ്ങാനുമാണോ മായമ്മയുടെ വീട്.
അങ്ങനെയാണേൽ അവിടെപ്പോയി മായമ്മയെയും അവളുടെ അനിലേട്ടനെയും കുഞ്ഞിനെയുമൊക്കെ കാണാമല്ലോ. സൗകര്യം കിട്ടുമെങ്കിൽ മായമ്മയെ തട്ടിക്കൊണ്ടുപോകാനും പ്ലാനുണ്ട്.
കാരണം മായമ്മയെ പോലൊരു പെണ്ണിനേയും നോക്കി നാലുവർഷമായി അലയുന്നു. അതുകൊണ്ടാണ് പെണ്ണും പിടക്കോഴിയുമില്ലാതെ ഇങ്ങനെ അലഞ്ഞു തിരിയേണ്ടിവന്നത്. ഇതിനൊക്കെ സഖാവുതന്നെ സമാധാനം പറയേണ്ടിവരും പറഞ്ഞേക്കാം.
നട്ടപ്പാതിരായുള്ള അവന്റെ സംസാരവും തമാശയും എനിക്കു നന്നായി സുഖിച്ചെന്നു പറഞ്ഞാൽ മതിയല്ലോ.
അങ്ങനെ എഴുതിയതുപോലുള്ളൊരു പെണ്ണുണ്ടെങ്കിൽ ഞാൻ ആർക്കെങ്കിലും വിട്ടുകൊടുക്കുമോ ..???
അവൻ സംസാരിച്ചിരുന്ന അതേ ശൈലിയിൽ ചിരിച്ചുകൊണ്ടായിരുന്നു എന്റെയും മറുപടി.
"അതെയതെ മായമ്മ സഖാവിന്റെ രഹസ്യഭാര്യയാണോ യെന്ന് എനിക്കും സംശയമില്ലാത്തില്ല കേട്ടോ.."
ഉടനെ ഉരുളയ്ക്കുപ്പേരിപോലുള്ള അവന്റെ മറുപടിയെത്തിയപ്പോൾ ഞാൻ ഉറക്കെചിരിച്ചു പോയതുകൊണ്ടാകണം കൂർക്കം വലിച്ചുറങ്ങുകയായിരുന്ന വാമഭാഗം കണ്ണുകൾ തുറക്കുന്നതും ..
" ഏതവളോടാണ് ... ഈ പാതിരാത്രിയിൽ സൃഗരിക്കുന്നതെന്ന ഭാവത്തിൽ മൊട്ടകണ്ണുകൾ മിഴിച്ചു എന്നെ നോക്കുന്നതും, കണ്ടപ്പോൾ മാനഭയവും പ്രാണഭയവും കാരണം ഞാൻ വേഗം വിളിക്കുന്നവരുടെ പേര് കാണുവാൻ പറ്റുന്ന രീതിയിൽ ഫോണിന്റെ ഡിസ്പ്ലേ അവളുടെ നേരെ നീട്ടുകയും തോടിനുള്ളിൽ നിന്നും തല പുറത്തേക്കു നീട്ടുന്ന ആമയെ പോലെ മുഖത്തെ പുതപ്പു മാറ്റി തലയുയർത്തി ഫോണിന്റെ ഡിസ്പ്ലേയി ലേക്ക് നോക്കിയശേഷം തല പുതപ്പിനുള്ളി ലേക്ക് ഉൾവലിക്കുന്നതും എന്നെ അത്രയും വിശ്വാസമായതു കൊണ്ടാകണം.
റേഡിയോ സിഗ്നൽ പിടിച്ചെടുക്കതുപോലെ മറുതലയ്ക്കൽ നിന്നുള്ള സംസാരശകലങ്ങൾ പിടിച്ചെടുക്കുവാൻ എന്റെ കൈത്തണ്ടയിലേക്ക് തലവച്ചു കിടന്നു ഉറങ്ങുന്ന ഭാവത്തിൽ കാതോർക്കുന്നതും കണ്ടപ്പോൾ എനിക്കു വീണ്ടും ചിരിവന്നു.
"അതൊക്കെ പോട്ടെ സഖാവെ ..
കുറേകാലമായല്ലോ ഇടുക്കി കാണാൻ ആഗ്രഹമുണ്ടെന്നും അങ്ങോട്ടേക്ക് വരുന്നുണ്ടെന്നുമൊക്കെ പറയുന്നുണ്ടല്ലോ. ഇപ്പോൾ ഞങ്ങളുടെ കൂടെ പോരുന്നോ ..???
വണ്ടിയിൽ ഇഷ്ട്ടം പോലെ സ്ഥലമുണ്ട്. ഇപ്പോൾ ഞങ്ങളുടെ കൂടെ പോന്നാൽ വൈകുന്നേരമാകുമ്പോഴേക്കും ഉടുമ്പഞ്ചോല പിടിക്കാം.
രണ്ടുദിവസം അവിടെയൊക്കെ കറങ്ങിയ ശേഷം തിരിച്ചു വണ്ടി കയറ്റിവിടാം. താല്പര്യമുണ്ടെങ്കിൽ വേഗം ഒരുങ്ങിക്കോളൂ. അവന്റെ വാക്കുകൾ കേട്ടപ്പോൾ ....
ഇപ്പോഴോ ......????
ഇതെന്താ നട്ടപ്പാതിരാ നട്ടപ്രാന്തോ ....????
എന്നൊക്കെ ചോദിക്കാനായി പുറത്തേക്കു തള്ളിയ വാക്കുകൾ പാതി വഴിയിൽ തന്നെ ഞാൻ വിഴുങ്ങി കളഞ്ഞു. പിന്നെയൊക്കെ വളരെ വേഗത്തിലായിരുന്നു. പാതിയുറക്കത്തോടെ എന്റെ രഹസ്യങ്ങൾക്ക് കാതോർക്കുകയായിരുന്ന അവളെ തട്ടി വിളിച്ചെഴുന്നേൽപ്പിച്ചു കാര്യം പറഞ്ഞപ്പോൾ
" ഇതിനെന്താ പാതിരാത്രിയിൽ നട്ടപ്രാന്ത് തുടങ്ങിയോയെന്ന് ചോദിക്കുന്നതുപോലെ പഴയ നൂറ്റിപത്തു വാട്സിന്റെ ബൾബ് കത്തുന്നത് പോലെ കണ്ണുകൾ മിഴിച്ചെന്നെ നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല".
പക്ഷേ ധ്രുതിയിൽ കുളിമുറിയിൽ കയറി കുളിച്ചെന്നും പല്ലുകൾ തേച്ചെന്നുമൊക്കെ വരുത്തി പുറത്തിറങ്ങുമ്പോഴേക്കും സംഗതി സീരിയസാണെന്ന് തോന്നിയതുകൊണ്ടാകണം തലയിൽ തലങ്ങും വിലങ്ങും ചറപറ മാന്തിക്കൊണ്ട് ദയനീയമായി എന്റെ മുഖത്തേക്ക് നോക്കുന്നതുകണ്ടപ്പോൾ
" കാനന ഛായയിൽ ആട് മേയ്ക്കാൻ ഞാനും വരട്ടെയോ നിന്റെ കൂടെ....
ഇന്നാവനത്തിലെ കാഴ്ച കാണാൻ എന്നെയും കൂടൊന്നു കൊണ്ടുപോകൂ ... എന്ന ചങ്ങമ്പുഴയുടെ രമണനിലെ വരികളാണ് എന്റെ ഓർമ്മയിൽ തെളിഞ്ഞത്".
ഇന്നു വേണ്ട ഇന്നു വേണ്ട ഓമലാളെ .....
നിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോകാം .....!!!!!!
അലമാരയിൽ നിന്നും മുണ്ടെടുത്തു അരയിൽ കൊളുത്തുന്നതിനിടയിൽ മുഖത്തുനോക്കി ഞാൻ ഇളിച്ചു കാണിച്ചത് മനസ്സിൽ മൂളിക്കൊണ്ടാണെന്ന് അവൾക്ക് മനസിലായില്ലെന്നു തോന്നുന്നു. അടുത്ത ടൗണിലെത്തി യെന്നും വീട്ടിലേക്കുള്ള ലോക്കേഷൻ അയച്ചു കൊടുക്കുവാനും ആവശ്യപ്പെട്ടുകൊണ്ടുള്ള കൂട്ടുകാരന്റെ വിളിയെത്തിയതോടെ മൂടിപ്പുതച്ചു കൂർക്കം വലിച്ചുറങ്ങുന്ന പിള്ളേഴ്‌സിനെ കുത്തിവലിച്ചുണർത്തി യാത്ര പറഞ്ഞു താഴെയിറങ്ങുമ്പോഴേക്കും കടന്നൽ കുത്തേറ്റ മുഖഭാവത്തോടെ കട്ടൻ ചായയുമായി അവൾ മുന്നിലുണ്ടായിരുന്നു.
ഇഞ്ചിയും ഏലക്കയും ചേർത്തുണ്ടാക്കിയ ചായയ്ക്ക് അവളുടെ സ്നേഹം പോലെ ഇളം ചൂടും മധുരവും രുചിയുമൊക്കെ സമാസമം ചേർത്തിരുന്നെങ്കിലും അവളുടെ മുഖത്തുനിറയെ മധുരമില്ലാത്ത കടുപ്പമുള്ള കട്ടൻ ചായ കുടിച്ചിരിക്കുന്ന കയ്പ്പാണെന്ന് മനസിലായപ്പോൾ എനിക്കു വീണ്ടും ചിരിപ്പൊട്ടിയെങ്കിലും സ്വന്തം ആരോഗ്യത്തെ ഓർത്തു അടക്കി നിർത്തി.
" എന്തോ തട്ടിപ്പിനാണ് എന്നെയും പിള്ളേരെയും ഒഴിവാക്കിക്കൊണ്ടുള്ള ഈ ടൂർ ..
എനിക്കൊന്നും തിരീല്ലെന്നും ഞാൻ വെറും പൊട്ടത്തിയാണെന്നും വിചാരിക്കേണ്ട .....
ഒരു വയിക്കെറങ്ങുമ്പം ഞാനൊന്നും പറേന്നില്ല പോയിറ്റ് വാ ....
ബാക്കി അന്നേരം പറയാം ......"
രണ്ടുമൂന്നു ദിവസങ്ങളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ കുത്തിനിറച്ചിരിക്കുന്ന ബാഗ് എന്നെ ഏല്പിക്കുന്നതിനിടയിൽ പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുകയും തൊണ്ടയിടറുകയും ചെയ്തിരുന്നെന്നു മനസിലായപ്പോൾ എന്തുകൊണ്ടോ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു. അല്ലെങ്കിലും അതങ്ങനെയാണ് സ്നേഹം കൂടുമ്പോഴും ചിലപ്പോഴൊക്കെ കണ്ണുകൾ നിറയുകയും തൊണ്ടയിടറുകയും മനസ് നീറുകയും ചെയ്യും.
" നമ്മുടെ പ്രശ്നങ്ങളെല്ലാം തീരട്ടെ .. നമ്മൾക്കും ഒന്നൊരണ്ടോ ദിവസം അവിടെയൊക്കെ ചുറ്റിയടിച്ചു മടങ്ങി വരാം ട്ടോ .."
ഇപ്പോൾ ഞാൻ പോകുന്നത് അവനെ കാണുവാൻ മാത്രമാണ്. ടീവി യിലും പത്രത്തിലും മൊബൈൽ ഫോണിലുമൊക്കെ കാണുന്ന അരികൊമ്പനെ കാണുവാൻ. അവനെ നാടുകടത്തിയാൽ പിന്നെ കാണുവാൻ പറ്റില്ലല്ലോ.
കുട്ടികളും അമ്മയുമൊന്നും അടുത്തില്ലാത്ത ധൈര്യത്തിൽ അവളെ ചേർത്തുപിടിച്ചു മുടിയിഴകൾ മാടിയൊതുക്കി നെറ്റിയിൽ ചുണ്ടമർത്തി ആശ്വസിപ്പിച്ചുകൊണ്ടാണ് വീടിന്റെ പടിയിറങ്ങിയത്.
പാവം ഇരുപത്തിയൊന്നാമത്തെ വയസിൽ രണ്ടുകുട്ടികളുടെ അമ്മയായി കൂടെ കൂടിയതാണ് .. ഇപ്പോൾ ഇരുപതു വർഷമായിരിക്കുന്നു കുറെ പ്രാരാബ്ദങ്ങളല്ലാതെ ഇതുവരെ മറ്റൊന്നും തിരിച്ചു കൊടുക്കാൻ പറ്റിയിട്ടില്ല ...!
വീടിനടുത്തുള്ള റോഡിൽ നിർത്തിയിട്ട കൂട്ടുകാരന്റെ വണ്ടിക്കടുത്തേക്കു നടക്കുമ്പോൾ അവളെയോർത്ത് മനസ് നീറിപ്പുകയുകയായിരുന്നു. ഗ്രാമങ്ങളും ചെറുപട്ടണങ്ങളും മെട്രോ സിറ്റികളും കാടും മലകളും കുന്നുകളും പിന്നിട്ടും ജില്ലകൾ ഓരോന്നായി പിന്തള്ളിയും കോടമഞ്ഞു പുതച്ചുറങ്ങുന്ന ഇടുക്കിയെന്ന സുന്ദരിയെ തൊടുമ്പോൾ സമയം സന്ധ്യയായി കഴിഞ്ഞിരുന്നു.
ഉടുമ്പഞ്ചോല, പൂപ്പാറ, സൂര്യനെല്ലി, ശാന്തൻപാറ ചിന്നക്കനാൽ അങ്ങനെ കേട്ടറിയുകയും വായിച്ചറിയുകയും ടെലിവിഷൻ മൊബൈൽ സിനിമാ സ്ക്രീനുകളിൽ കണ്ടറിയുകയും ചെയ്തിരിക്കുന്ന ഹൈറേഞ്ചു മുഴുവൻ ചുറ്റിക്കറങ്ങി ഘോരവനങ്ങളും തേയില തോട്ടങ്ങളും ഏലതോട്ടങ്ങളും ചെങ്കുത്തായ മലകളും അരുവികളും പുഴകളും അണക്കെട്ടുകളും കാട്ടുമൃഗങ്ങളെയും വന്യജീവികളെയും തമിഴ്കലർന്ന മലയാളം സംസാരിക്കുന്ന പച്ചമനുഷ്യരെയും അവർ കൂട്ടത്തോടെ താമസിക്കുന്ന ഷീറ്റുമേഞ്ഞ ലയങ്ങളെന്നു വിളിക്കുന്ന വീടുകളും ആദിവാസി കോളനികളും അവരുടെ ജീവിതവുമൊക്കെ ഒരുരാത്രിയും പകലും ചുറ്റിയടിച്ചു കൺകുളിർക്കേ കാണുമ്പോഴും എന്റെ മനസ് നിറയെ അരിക്കൊമ്പൻ എന്ന കാട്ടിലെ ഗുണ്ട മാത്രമായിരുന്നു.
അല്ലെങ്കിലും എന്റെ ഈ യാത്രയുടെ ഉദ്ദേശവും അവനെയൊന്നു കാണുകയെന്നത് മാത്രമായിരുന്നല്ലോ. അങ്ങനെ അവനെ വിശദമായി കാണുവാനും അവന്റെ ഗുണ്ടായിസം അനുഭവിക്കാനും യോഗമുണ്ടായത് രണ്ടാമത്തെ ദിവസം രാത്രിയിൽ അരികൊമ്പന്റെ തട്ടകമായ ചിന്നക്കനാൽ 301 കോളനിയിൽ തന്നെയുള്ള കൂട്ടുകാരന്റെ ബന്ധുവിന്റെ ഒഴിഞ്ഞ വീട്ടിൽ അന്തിയുറങ്ങുവാൻ അവസരമൊരുക്കിയപ്പോഴായിരുന്നു.
സന്ധ്യയായപ്പോൾ തന്നെ കോളനിയിലെ വീടുകൾ മുഴുവൻ അരിക്കൊമ്പൻ ഭീതി കാരണം അടച്ചുപൂട്ടി നിശബ്ദമായി കഴിഞ്ഞിരുന്നു.
കുട്ടികളുടെയും മുതിർന്നവരുടെയും കണ്ണുകളിൽ നിറയെ ഒരുതരം മരണഭയം ഓളം വെട്ടുന്നത് ശരിക്കും കാണാം ......!
അതൊക്കെ കണ്ടപ്പോൾ എന്റെയും ശരീരത്തിലൂടെ ഒരു വിറയൽ പടരുന്നത് ഞാൻ ശരിക്കും അനുഭവിക്കുന്നുണ്ടായിരുന്നു ....!
കോളനി വാസികളിൽ നിന്നും കേട്ടറിഞ്ഞ അരിക്കൊമ്പൻ തൊഴിച്ചെറിഞ്ഞും വലിച്ചെറിഞ്ഞും ചവിട്ടിയരച്ചും കൊന്നു തള്ളിയവരുടെ തലച്ചോറുകൾ ചിതറിയ, വാരിയെല്ലുകൾ പുറത്തേക്കു തള്ളിയ, ഭീകര ചിത്രങ്ങൾ ആനച്ചൂരും കനത്ത കാലടിശബ്ദവും പ്രതീക്ഷിച്ചുകൊണ്ട് രാത്രിയിൽ ഒറ്റയ്ക്ക് കിടക്കുമ്പോൾ മനസിലേക്ക് പിന്നെയും പിന്നെയും തികട്ടിയെത്തുവാൻ തുടങ്ങിയതോടെ ഉറക്കം നഷ്ടമായി ശരീരം പൂക്കുലപോലെ വിറയ്ക്കുവാൻ തുടങ്ങി.
കണ്ണൂർ ജില്ലയിൽ നിന്നും എത്രയോ കിലോമീറ്റർ ദൂരെയുള്ള ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ എന്ന ഈ ഹൈറേഞ്ചിൽ ആനയുടെ ചവിട്ടേറ്റ് എല്ലുകൾ പുറത്തേക്കു തള്ളിയും തലച്ചോർ ചിതറിയും മരിക്കാനാണോ എന്റെയും വിധി ..???
ഓർത്തപ്പോൾ കിടക്കയിൽ മുള്ളിപ്പോകുന്നതായി എനിക്കു തോന്നി.
തോന്നലല്ല ..
കിടക്കയിൽ നനവുണ്ട് ..
ശരിക്കും മുള്ളിപ്പോയെന്നു തോന്നുന്നു ....!
അതിനിടയിൽ നനഞ്ഞ കിടക്കയിൽ കിടന്നുകൊണ്ട് എപ്പോഴാണ് ഉറങ്ങിപോയതെന്നറിയില്ല. മുറ്റത്തുനിന്നും ചരലുകൾ ഞെരിയുന്നതു പോലെയും അടുക്കഭാഗത്തെ തകരവാതിൽ പറിച്ചെടുക്കുന്നതുപോലെയും തോന്നിയപ്പോഴാണ് ഞെട്ടിയുണർന്നു കണ്ണുകൾ വലിച്ചു തുറന്നത്. മൂക്കു വിടർത്തി മണത്തുനോക്കിയപ്പോൾ ആനചൂര് മൂക്കിനുള്ളിലേക്ക് ഇരച്ചുകയറുകയും കാതോർത്തപ്പോൾ അടുക്കളയിൽ നിന്നും പാത്രങ്ങൾ തട്ടിമറിയുന്ന ശബ്ദങ്ങളും കേട്ടതോടെ സംഭവം ഉറപ്പായി.
അതേ അവൻ തൊട്ടടുത്തെത്തിയിരിക്കുന്നു.
അരികൊമ്പൻ....!
ഒപ്പം എന്റെ മരണവും.....!
ഒരുനിമിഷത്തിനുള്ളിൽ തലച്ചോർ ചിതറി എല്ലുകൾ നുറുങ്ങിയ എന്റെ ശരീരം പരിഹാരം മെഡിക്കൽ കോളേജ് മോർച്ചറിയിലെ പോസ്റ്റുമോർട്ടം ടേബിളിൽ കിടക്കുന്നതും, അരിമണികൾ പോലെ ചിതറിയ എന്റെ തലച്ചോർ വാരിയെടുത്ത് പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടർ തൊണ്ടക്കുഴിമുതൽ ജനനേന്ദ്രിയം വരെ നീളത്തിൽ കീറിയ വിടവിലൂടെ വയറിനുള്ളിൽ നിറയ്ക്കുന്നതും എന്റെ ഓർമയിൽ തെളിഞ്ഞു കഴിഞ്ഞിരുന്നു.
അടുക്കളയിൽ ശ്രദ്ധിക്കാതെ ശ്വാസമടക്കി പിടിച്ചുകൊണ്ടു മൂടിപ്പുതച്ചു കിടക്കുന്നതിനിടയിൽ ഞാൻ കിടക്കുന്ന മുറിയുടെ വാതിൽ തകരുന്നതും എന്റെ പുതപ്പ് തണുത്ത കൈകൾ കൊണ്ടു വലിച്ചു നീക്കുന്നതുപോലെ, നീങ്ങിപ്പോകുന്നതും അറിഞ്ഞതോടെ എന്റെ മരണം അടുത്തെന്നു ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
തൊണ്ടപൊട്ടുമാറുച്ചത്തിൽ ഉറക്കെ നിലവിളിച്ചെങ്കിലും ഭയം കാരണം ശബ്ദം പുറത്തേക്കു വന്നില്ല. മുറിയിലേക്ക് കടക്കാനാകാതെ വീണ്ടും ആനയുടെ തുമ്പികൈ എന്നെ തേടിവന്നെങ്കിലും ഇത്തവണ ഉടുത്തിരുന്ന കൈലി മാത്രമാണ് അവനു കിട്ടിയത്.
വീണ്ടും പകയോടെ അവന്റെ തുമ്പികൈ എന്നെ തേടിവന്നെങ്കിലും ഞാൻ അവനു പിടികൊടുക്കാതെ വീണ്ടും വീണ്ടും ഭിത്തിയിലേക്ക് ഒട്ടിച്ചേർന്നു കിടന്നുകൊണ്ട് എന്റെ ജീവൻ രക്ഷിക്കാനുള്ള പരാക്രമത്തിലായിരുന്നു.
" ടപ്പേ ......"
അതിനിടയിലെപ്പോഴോ എന്തോ വീഴുന്ന ശബ്ദം കേട്ടപ്പോൾ അവൻ മുറിയുടെ ഭിത്തിപൊളിച്ചു അകത്തുകയറിയെന്നാണ് ഞാൻ ആദ്യം കരുതിയത്.
" ടപ്പേ....."
വീണ്ടും ശബ്ദത്തോടൊപ്പം ചന്തിയിൽ നല്ല വേദനയും തോന്നിയപ്പോൾ കണ്ണുകൾ വലിച്ചുതുറന്നു നോക്കിയപ്പോൾ മുറിയിൽ നല്ലവെളിച്ചം.
സംശയനിവൃത്തിക്കായി ഒന്നുകൂടെ കണ്ണുകൾ അടച്ചു തിരുമ്മിതുറന്നു നോക്കിയപ്പോൾ ഗാഡനിദ്രയ്ക്കിടയിൽ കട്ടിലിൽ നിന്നും ചവിട്ടി താഴെയിട്ടതിന്റെ പകയിൽ ഭദ്രകാളിയുടെ ഭാവാദികളോടെ പല്ലുകൾ കടിച്ചു മുന്നിൽ നിൽക്കുന്ന അവളെ കണ്ടതോടെ അരികൊമ്പന്റെ മുന്നിൽപെട്ടതിനേക്കാൾ പേടിയോടെ ഞാൻ ഒന്നുകൂടെ പുതപ്പെടുത്തുമൂടി കൊണ്ട് തിരിഞ്ഞു കിടന്നതും ഒരുമിച്ചായിരുന്നു.