ബാലൻസ് തെറ്റി സൈക്കിളും ശ്രീധരേട്ടനും ഒരുമിച്ചു വീണു പോയി. റോഡിലേയ്ക്ക് അലച്ചു വീണ ശ്രീധരേട്ടന്റെ തലയിലൂടെ ആണ് ഡയാനയുടെ ഫ്രന്റ്‌ ടയർ കയറി ഇറങ്ങിയത്.... ഇടിയുടെ ആഘാതത്തിൽ ശരീരം പുല്ലിലേയ്ക്ക് നിരങ്ങി നീങ്ങി

ammutti - malayalam story
 

കഥ : അമ്മൂട്ടി

 

രചന : മീനു 

 

ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ.... മാറിൽ കളഭകൂട്ടണിഞ്ഞു കൊണ്ടുറക്കമായോ..... 

റേഡിയോയിലൂടെ യേശുദാസിന്റെ സ്വര മാധുരി ഒഴുകി കൊണ്ടിരുന്നു....

യേശുദാസിനൊപ്പം നേർത്ത ഒരു മൂളലോടെ പാടി കൊണ്ട് ചായ അടിക്കുകയാണ് ശ്രീധരൻ എന്ന നാട്ടുകാർക്കു പ്രിയപ്പെട്ട ശ്രീധരേട്ടൻ.

കോവിഡ് സമയത്ത് ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിനു ശേഷം ശ്രീധരേട്ടൻ തുടങ്ങിയതാണ് റോഡ് വക്കിലെ ചെറിയ ചായക്കട...

ശ്രീധരേട്ടന്റെ ചായയും വിവിധ തരം എണ്ണക്കടികളും സോഷ്യൽ മീഡിയയിൽ വരേ വൈറൽ ആയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ആൺ പെൺ വ്യത്യാസം ഇല്ലാതെ അവിടെ ചായയ്ക്ക് നല്ല തിരക്ക് ആണ്.

തിരക്കേറിയ റോഡ് സൈഡിൽ എടുത്തു പറയാൻ പ്രത്യേക വൈബ് തരുന്ന കാഴ്ചകൾ ഒന്നും തന്നെ ഇല്ല.... എങ്കിലും പഴയ യേശുദാസ് ഹിറ്റ്സ് കേട്ട് ഒരു കിടു ചായ ആസ്വദിക്കാം...

ഒരിക്കൽ അവിടുന്ന് ചായ കുടിച്ചാൽ ആരും പെട്ടെന്ന് മറക്കില്ല ആ രുചി...

എല്ലാവരും എടുത്തു പറയുന്നത് ശ്രീധരേട്ടന്റെ ആ നിഷ്കളങ്കമായ ചിരിയും സൗമ്യ സ്വഭാവവും ആണ്....

6 മണി വരെ അയാൾ കട തുറന്നു വയ്ക്കുക ഉള്ളു. കാരണം വീട്ടിൽ ആകെ ഉള്ളത് ഭാര്യ മാത്രം ആണ്.

കൊച്ചമ്മിണി... ഒരു രോഗിയാണ്... ശ്രീധരേട്ടൻ ചെന്നിട്ടാണ് കിടപ്പ് രോഗിയായ ഭാര്യയുടെ കാര്യങ്ങൾ നോക്കുന്നത്.

മകൾ ഒരെണ്ണം ഉള്ളതിനെ നേരത്തെ കെട്ടിച്ചു.

ശ്രീധരേട്ടന്റെ ഭാഷയിൽ പറഞ്ഞാൽ ......

പഠിക്കാൻ വിട്ട നേരത്ത് പ്രേമിക്കാൻ ആണ് ഓള് താല്പര്യം കാണിച്ചത്... അതോണ്ട് തന്നെ ഒള്ള നേരത്തോടെ ആ കടമ തീർത്തു വിട്ടു..

കാശിനു ആവശ്യം വരുമ്പോൾ മാത്രം ആണ് മകൾക്ക് തന്തേനേം തള്ളേനേം ഓർമ്മ വരൂ എന്നാണ് കൊച്ചമ്മിണിയുടെ പരാതി.

അതിനും ശ്രീധരേട്ടൻ സൗമ്യമായി പുഞ്ചിരിക്കും...

നിനക്ക് ഞാൻ ഇല്ലേ കൊച്ചു..... പിന്നെ എന്തൂട്ടിനാണ് നീ പേടിക്കുന്നത്...  എന്ന് ചോദിച്ചു കൊണ്ടു അയാൾ കൊച്ചമ്മിണിയുടെ ഇരു ചെന്നിയിലൂടെയും ഒലിച്ച് ഇറങ്ങുന്ന കണ്ണുനീർ തോളിലെ തോർത്തിന്റെ തുമ്പു കൊണ്ടു തുടച്ച് കളയും..

മംഗളം നേരുന്നു ഞാൻ മനസ്വിനീ..... മംഗളം നേരുന്നു ഞാൻ....

പാട്ടുകൾ മാറി മാറി വന്നു കൊണ്ടിരുന്നു...

തിരക്ക് ഇനിയും ഒതുങ്ങിയിട്ടില്ല. ശ്രീധരേട്ടൻ വാച്ചിലേയ്ക്ക് നോക്കി.5.45.കൊച്ചമ്മിണി കാത്തു കിടക്കുക ആയിരിക്കും.ചിന്ത ഒരു നിമിഷം വീട്ടിലേക്ക് പോയി..

അങ്കിൾ........ ശ്രീധരൻ അങ്കിൾ.....

ചായ അടിക്കുന്ന തിരക്കിൽ താൻ വിളിച്ചിട്ടും ശ്രദ്ധിക്കാതെ നിൽക്കുന്ന ശ്രീധരേട്ടനെ അമ്മുട്ടി പേരെടുത്തു വിളിച്ചു...

ആഹ്... ആരിത്.. അമ്മുട്ടിയോ... ശ്രീധരേട്ടൻ കണ്ടില്ലായിരുന്നു കേട്ടോ. അമ്മ എവിടെ?

ദാ അവിടെ... ചായ താ....

അവൾ കുറച്ചു മാറി നിൽക്കുന്ന യുവതിയെ ചൂണ്ടി കാണിച്ചു.

ഇന്ന് എന്തൊക്കെ വാങ്ങി അമ്മേം അമ്മുട്ടീം കൂടെ?

വെജിറ്റബിൾസ്... ചായ കുടിച്ചിട്ട് ഫിഷ് വാങ്ങാൻ പോണം.. അതൂടെ വാങ്ങാൻ നിന്നാൽ അങ്കിൾ കട അടയ്ക്കില്ലേ? കഴിഞ്ഞ ദിവസം അങ്കിൾന്റെ ചായ മിസ് ആയി. ഞങ്ങൾ നേരം വൈകീട്ട്..

ശ്രീധരേട്ടൻ ചിരിയോടെ രണ്ടു ഗ്ലാസിൽ ചായയും ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞു ചൂടുള്ള പരിപ്പ് വടയും അമ്മുട്ടിക്ക് നേരെ നീട്ടി.

അവൾ ചിരിയോടെ അതും വാങ്ങി ഒരു ഗ്ലാസ്‌ ചായയും എടുത്ത് കുറച്ചു നീങ്ങി നിൽക്കുന്ന അമ്മയ്ക്ക് കൊണ്ടു കൊടുത്തു. തിരികെ വന്നു അവളുടെ ചായയും എടുത്ത് ശ്രീധരേട്ടനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. അയാൾ തിരിച്ചും....

ടൗണിൽ തന്നെ കുറച്ചു മാറിയാണ് അമ്മുട്ടിയുടെ വീട്.

ബാങ്കിലെ മാനേജർ ആയ ചന്ദ്രമോഹന്റെയും ആശയുടെയും ഏക മകൾ. എട്ടാം ക്ലാസുകാരി അമേയ എന്ന അമ്മുട്ടി...

ഒറ്റ മകൾ ആയത് കൊണ്ടു തന്നെ വല്ലാത്ത ബോറടി ആണ് അമ്മുട്ടിയ്ക്ക് വീട്ടിൽ എത്തിയാൽ.

അതിനു ആശ കണ്ടു പിടിച്ച വഴിയാണ് ഈവനിംഗ് അമ്മുട്ടിയെ കൂട്ടി നടന്നുകൊണ്ട് ടൗണിൽ ഒരു ഷോപ്പിംഗ്.

അത്യാവശ്യം സാധനങ്ങൾ വാങ്ങി ശ്രീധരേട്ടന്റെ ഓരോ ചായയും സ്‌നാക്കും കഴിച്ചു അമ്മയും മകളും വീട്ടിലേക്ക് നടക്കും.

ഓക്കേ അങ്കിൾ. സീ യൂ ടുമാറോ....

ഇനി മീൻ വാങ്ങാൻ ആവുംല്ലെ?

യെസ്. ഫിഷ് മാർക്കറ്റ്ലു പോണം. ഇന്ന് എനിക്ക് ഇഷ്ടപ്പെട്ട കൊഞ്ചു വാങ്ങാന്നു പറഞ്ഞു അമ്മ...

ആഹാ... എന്നാ അമ്മുട്ടി ചെല്ല്. അവിടൊക്കെ നേരം വൈകിയാൽ തിരക്ക് കൂടും. അപ്പൊ ടുമാറോ സീ....

തമ്പ്സ് അപ്പ് കാണിച്ചു കൊണ്ട് ശ്രീധരേട്ടൻ പറയുന്നതു കേട്ട് അമ്മുട്ടി വായ് പൊത്തി ചിരിച്ച് അമ്മയുടെ അരികിലേയ്ക്ക് നടന്നു...


******************************


ഒരിടത്തു ജനനം... ഒരിടത്ത് മരണം.. ചുമലിൽ ജീവിത ഭാരം.....

6 മണി ആയി. ശ്രീധരേട്ടൻ പാട്ട് ഓഫ്‌ ചെയ്തു കട അടച്ചു...

കൊച്ചമ്മിണി തന്റെ സൈക്കിളിന്റെ ബെല്ല് കാതോർത്ത് കിടക്കുന്നുണ്ടാകും.

അയാൾ തിരക്കേറിയ റോഡിലൂടെ സൈക്കിൾ പതിയെ ചവിട്ടി. 

 

ammutti - malayalam story

 

പുറകിൽ ദൂരെ നിന്നേ കാതടപ്പിക്കുന്ന ഹോൺ മുഴങ്ങി.

അത് ഡയാന ബസ് ആണ്..... ഹോൺ കേട്ടാൽ അറിയാം.

ആർക്കോ വായു ഗുളിക വാങ്ങാൻ പോകുന്ന പോക്ക് ആണ്.

ശ്രീധരേട്ടൻ സൈക്കിൾ ഓരത്തേയ്ക്ക് ചേർത്ത് ചവിട്ടി.

ഒരു നിമിഷം.. സൈക്കിൾ ഓരത്തെ പുല്ലിൽ മറഞ്ഞു കിടന്ന കല്ലിൽ തട്ടി.

ബാലൻസ് തെറ്റി സൈക്കിളും ശ്രീധരേട്ടനും ഒരുമിച്ചു വീണു പോയി.

റോഡിലേയ്ക്ക് അലച്ചു വീണ ശ്രീധരേട്ടന്റെ തലയിലൂടെ ആണ് ഡയാനയുടെ ഫ്രന്റ്‌ ടയർ കയറി ഇറങ്ങിയത്....

ഇടിയുടെ ആഘാതത്തിൽ ശരീരം പുല്ലിലേയ്ക്ക് നിരങ്ങി നീങ്ങി...

തെറ്റും ശരിയും വേർതിരിക്കാൻ സമയമില്ല. ഡ്രൈവറും കണ്ടക്ടറും ഇറങ്ങി ഓടി...

ഒരൊറ്റ യാത്രക്കാർ പോലും അടുത്തേക്ക് പോകാൻ തയ്യാറായില്ല.

കാരണം ജീവനോടെ കാണില്ലെന്ന് സംഭവം കണ്ട എല്ലാവർക്കും ഉറപ്പുണ്ടായിരുന്നു...

അവിടെയും ഇവിടെയും ആളുകൾ കൂട്ടം കൂടി നിന്നു... എന്തു ചെയ്യണം എന്ന് ആർക്കും അറിയാത്ത പോലെ തോന്നി...

റോഡിലൂടെ കടന്നു പോകുന്ന മറ്റു വാഹനങ്ങൾ ആൾക്കൂട്ടം കണ്ട് സ്ലോ ചെയ്തു. എന്താണ് കാര്യം എന്ന് അന്നെഷിച്ചു... ആക്‌സിഡന്റ് ആണ്.. തീർന്നു... ഒരൊറ്റ മറുപടിയിൽ അവർ നിസംഗരായി അവരുടെ യാത്ര തുടർന്നു...

ചിതറി തെറിച്ച തലച്ചോറുമായി ശ്രീധരേട്ടന്റെ നിശ്ചല ശരീരം അനാഥ ശവമായി റോഡരികിൽ കിടന്നു...

****************************


റോഡ് അരികിലൂടെ അമ്മയോട് കല പില സംസാരിച്ചു കൊണ്ട് വരികയാണ് അമ്മുട്ടി..

റോഡിൽ ആൾക്കൂട്ടം കണ്ട് ഒന്ന് നിശബ്ദയായി.....

പെട്ടെന്നാണ് റോഡരികിൽ കിടക്കുന്ന സൈക്കിൾ അമ്മുട്ടിയുടെ കണ്ണിൽ പതിഞ്ഞത്. അവൾ ഒന്ന് സൂക്ഷിച്ചു നോക്കി...

അമ്മാ...

അമ്മുട്ടി ഒരു നിലവിളിയോടെ ആശയുടെ കയ്യിൽ കയറി പിടിച്ചു. അവളുടെ കയ്യിൽ തൂക്കി പിടിച്ചിരുന്ന പച്ചക്കറി കിറ്റ് താഴെ വീണു..

ശ്രീധരൻ അങ്കിൾ ന്റെ സൈക്കിൾ അല്ലേ അത്?

ആശയും അപ്പോഴാണ് ശ്രദ്ധിച്ചത്... റോഡിൽ വീണു കിടക്കുന്ന സൈക്കിൾ... അവിടെയും ഇവടെയും ആയി കൂട്ടം കൂടി നിൽക്കുന്ന ആളുകൾ... അവർക്കൊരു അപകടം മണത്തു.

അയാളുടെ സൈക്കിൾ ആണോ?

ആശയ്ക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല.

അവർ ഇതുവരെ ശ്രദ്ധിച്ചിട്ടില്ലായിരുന്നു.... കാണാറുണ്ട്. തങ്ങൾ സാധനങ്ങൾ വാങ്ങി മടങ്ങുമ്പോൾ അയാൾ സൈക്കിൾ ചവിട്ടി കടന്നു പോകുന്നത്.

അമ്മുട്ടി എന്നും കൈ വീശി കൊണ്ട് "അങ്കിൾ റ്റാറ്റാ..."എന്ന് വിളിച്ചു കൂവാറുണ്ട്...

തിരക്ക് ഉള്ളത് കൊണ്ട് തന്നെ ആശ ചായക്കടയിൽ നിന്നും കുറച്ചു ദൂരെ ആണ് നിൽക്കാറുള്ളത്.

അതുകൊണ്ട് തന്നെ ശ്രീധരനുമായി നേരിട്ടു ഒരു അടുപ്പം ഇല്ല..

അമ്മുട്ടി ആണ് അയാളുമായി നല്ല കൂട്ട്... അവിടുന്ന് തന്നെ ചായ കുടിക്കണം എന്ന് അമ്മുട്ടിയുടെ നിർബന്ധം ആണ്.

ആദ്യം ഒക്കെ സാധനങ്ങൾ വാങ്ങി വരുമ്പോൾ ഒരു ചായ കുടിക്കാം എന്നായിരുന്നു അവളുടെ ഡിമാൻഡ്.. ഇപ്പോൾ അങ്കിളിന്റെ കടേന്നു ചായ കുടിക്കാൻ പോകാം. വരുമ്പോൾ സാധനങ്ങൾ വാങ്ങാം എന്നായി മാറിയിട്ടുണ്ട്..

അവളെ തെറ്റ് പറയാൻ കഴിയില്ല. അത്രയ്ക്ക് ടേസ്റ്റ് ആണ്..

അമ്മാ..... അമ്മുട്ടിയുടെ നിലവിളി ഉച്ചത്തിൽ ആയി.

ആശ ഒരു പകപ്പോടെ പെട്ടെന്ന് തന്നെ അമ്മുട്ടിയുടെ കയ്യിൽ മുറുക്കി പിടിച്ചു.

കുറച്ചു കൂടെ നടന്നപ്പോൾ റോഡിൽ ഒഴുകി പടർന്ന രക്തം കാണായി....റോഡിലേയ്ക്ക് കാണുന്ന രണ്ടു കാലുകളും.....

ആശ ആരോ പിടിച്ചു കെട്ടിയത് പോലെ അവിടെ തന്നെ സ്റ്റക്ക് ആയി നിന്നു പോയി.

അമ്മാ... നോക്ക്...അമ്മുട്ടിയുടെ കരച്ചിൽ ആശയിൽ ഒരു ഉൾക്കിടിലം സൃഷ്ടിച്ചു.

അവിടെയ്ക്ക് ഓടാൻ തുടങ്ങിയ മകളെ അവർ ബലമായി ചുറ്റി പിടിച്ചു..

അമ്മ... ആംബുലൻസ് വിളിക്ക്.. വിളിക്ക് അമ്മാ....അത്.. അത് ശ്രീധരൻ അങ്കിൾ ആണ്...നമുക്ക് ഹോസ്പിറ്റലിൽ എത്തിക്കാം...

അമ്മുട്ടി ഏങ്ങുന്നതിനിടയിൽ കുതറികൊണ്ട് വിളിച്ചു പറയുന്നുണ്ട്...

ഫോൺ.. ആശ അപ്പോഴാണ് പേഴ്‌സിൽ നോക്കിയത്. ഫോൺ എടുത്തിട്ടില്ല.,..

അമ്മു... ടാ.. അമ്മ ഫോൺ എടുത്തില്ല...

ഒരു കൈ കൊണ്ട് മകളെ ചുറ്റി പിടിച്ചു ആശ പേഴ്‌സ് അടച്ചു...

അമ്മുട്ടി അത് കേട്ടോ ആവോ..

വരുന്ന വണ്ടികൾക്ക് മുഴുവൻ അവൾ കുതറികൊണ്ട് ഉറക്കെ കരഞ്ഞു കൈ കാണിക്കുന്നുണ്ട്.. ആരും നിർത്തുന്നു പോലും ഇല്ല..

ചുറ്റും കൂടി നിൽക്കുന്നവരുടെ നോട്ടം തങ്ങളിലേയ്ക്ക് വന്നു വീണപ്പോൾ ആശ ചൂളി പോയി..

അത്രയും ഒച്ച വയ്ക്കുന്നുണ്ട് അമ്മുട്ടി... അത് എന്തിനാണെന്ന് ആശയ്ക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.

ഇനി അയാൾ തന്നെ ആണെങ്കിൽ എന്ത്? അയാളുടെ വിധി....തങ്ങളുടെ ആരും അല്ലാത്ത ഒരാൾക്ക് വേണ്ടി.....

ഈ കുട്ടി.. ആശ മനസ്സിൽ ഉരുണ്ടു കൂടിയ നീരസത്തോടെ അമ്മുട്ടിയെ മുറുക്കെ തന്നോട് ചേർത്ത് പിടിച്ചു.

അമ്മു...ഒരു ശാസനയോടെ അവർ ശബ്ദം അമർത്തി വിളിച്ചു.

ഒരു ബൈക്ക് കാരൻ സ്ലോ ചെയ്തത് കണ്ട് അമ്മുട്ടി ആശയുടെ കൈ തട്ടി എറിഞ്ഞു അങ്ങോട്ട് ഓടി..

വിനയൻ ഹെൽമെറ്റ് ഊരി മാറ്റുമ്പോഴേക്കും ആ പെൺകുട്ടി വന്നു അയാളെ ചുറ്റി പിടിച്ചിരുന്നു...

അങ്കിൾ... പ്ലീസ് ഹെല്പ്... ഒന്നു ആംബുലൻസ് വിളിക്യോ... അത്... ശ്രീധരൻ അങ്കിൾ ആണ്. അങ്കിൾ നു ആക്‌സിഡന്റ്..ഹോസ്പിറ്റലിൽ എത്തിക്കണം..

നിങ്ങൾക്ക് അറിയുന്ന ആളാണോ?

അമ്മുട്ടിയുടെ അടുത്തേയ്ക്ക് ഓടി അടുത്ത ആശയുടെ വിളറിയ മുഖത്തേക്ക് നോക്കി വിനയൻ ഒരു സംശയത്തോടെ ചോദിച്ചു..

എനിക്ക്... എനിക്ക് ഉറപ്പില്ല. അവിടെ ചായ വിൽക്കുന്ന ആൾടെ സൈക്കിൾ ആണ് അതെന്ന് മോൾ പറയുന്നു.

ആശ വിക്കി. അമ്മുട്ടിയുടെ കൈകളിൽ മുറുകെ പിടിച്ചു.

അങ്കിൾ.. ആം ഷുവർ... അത് ശ്രീധരൻ അങ്കിൾ ആണ്.. അങ്കിൾ ന്റെ സൈക്കിൾ തന്നെ ആണത്,...പ്ലീസ് അങ്കിൾ... ഏതെങ്കിലും ഹോസ്പിറ്റലിൽ വിളിച്ചു ആംബുലൻസ് അറേഞ്ച് ചെയ്യോ...പാവം ആണ്..രക്ഷിക്കണം അങ്കിൾ....

അമ്മുട്ടി വിതുമ്പി.

സ്പോട്ടിൽ തന്നെ തീർന്നു...ബസ് തലേൽ കൂടെ ആണ് കേറിത്...

അരികിലൂടെ പാസ്സ് ചെയ്ത രണ്ടു പേർ പറഞ്ഞിട്ട് പോയത് കേട്ട് ഫോൺ എടുത്ത വിനയന്റെ കൈ ഒന്ന് വിറച്ചു...

അങ്കിൾ.. പ്ലീസ് ഹെല്പ്....

വീണ്ടും അമ്മുട്ടിയുടെ ശബ്ദം...

അയാൾ 100 ഡയൽ ചെയ്തു... പോലീസ് ന്റെ ആണെന്ന് അറിയാം. ഇതു വരേ വിളിക്കേണ്ടി വന്നിട്ടില്ല. കാൾ കണക്ട് ആയി.

വിനയൻ ചുരുങ്ങിയ വാക്കുകളിൽ കാര്യം പറഞ്ഞു...

ഓക്കേ താങ്കളുടെ പേരും അഡ്രസും പറയു.... ഏത് ജില്ല ആണ്?

വിനയൻ ഒന്ന് ഞെട്ടി.. പിന്നെ വേഗം പേര് പറഞ്ഞു..

ഹലോ മിസ്റ്റർ വിനയൻ...... ഏത് ജില്ല.. ഏത് സ്റ്റേഷൻ പരിധി ആണെന്ന് പറയു...

തിടുക്കത്തിൽ ഉള്ള ചോദ്യം കേട്ട് വിനയൻ പരിഭ്രമത്തോടെ ഓരോന്നും ഓർത്ത് പറഞ്ഞു കൊടുത്തു..

ഓക്കേ.. താങ്കൾ ലൈനിൽ വെയിറ്റ് ചെയ്യണം.. ഇവിടുന്ന് ഇപ്പോൾ തന്നെ താങ്കൾ പറഞ്ഞ സ്റ്റേഷൻ പരിധിയിലേക്ക് ഇൻഫർമേഷൻ പാസ്സ് ചെയ്യുന്നതാണ്..

വിനയൻ വിയർത്തു പോയി...

ഇനി ഇതിന്റെ പേരിൽ തനിക്ക് വല്ല പൊല്ലാപ്പ് വരുമോ എന്നാണ് അയാൾ ചിന്തിച്ചത്.

വിളിക്കുക.. കാര്യം പറയുക. അതോടെ തന്റെ ജോലി തീർന്നു എന്നാണ് കരുതിയത് ഇതിപ്പോൾ....

ഹലോ...

ആഹ്.. ഹലോ...

ആ.. മിസ്റ്റർ വിനയൻ...പത്തു മിനിറ്റിനുള്ളിൽ പോലീസ് അവിടെ എത്തും. അതു വരേ താങ്കൾ അവിടെ വെയിറ്റ് ചെയ്യണം.. പിന്നെ... എൻക്വയറി ഉണ്ടാകും... സഹകരിക്കണം...

സർ.. ഞാൻ ഇതു വഴി പാസ്സ് ചെയ്തപ്പോൾ ഈ പെൺകുട്ടിയുടെ കരച്ചിൽ കണ്ട് വണ്ടി നിർത്തിയതാണ്.. എനിക്കൊന്നും അറിയില്ല....എനിക്ക് ഇത് ആരാണെന്ന് പോലും അറിയില്ല...അപകടത്തിൽ പെട്ട ഏതോ ഒരു മനുഷ്യൻ... ആ ഒരു മാനുഷിക പരിഗണന വച്ചുകൊണ്ടാണ്.....

വിനയൻ പരിഭ്രാന്തിയിൽ പറഞ്ഞു നിർത്തി..

ഏയ്... റീലാക്സ്... അത് ഒരു പ്രോസീജർ ആടോ... തനിക്കു പ്രശ്നം ഒന്നും ഉണ്ടാവില്ല.. ഓക്കേ.. കൂൾ ഡൌൺ മാൻ.. അവിടെ വെയിറ്റ് ചെയ്യ്..

കാൾ കട്ട്‌ ആയി.. വിനയൻ ഒരു തരിപ്പിൽ തന്നെ ആണ്..

എന്ത് പറഞ്ഞു അങ്കിൾ? ആംബുലൻസ് വിടോ? ഹോസ്പിറ്റലിൽ ന്ന്...

പോലീസ് ഇപ്പൊ എത്തും മോളേ...

പോലീസോ? പോലീസ്കാർ വന്നിട്ട് ആണോ ഹോസ്പിറ്റലിൽ കൊണ്ട് പോകാ...

കരച്ചിലോടെ ഉള്ള അമ്മുട്ടിയുടെ ചോദ്യത്തിന് വിനയൻ മറുപടി പറഞ്ഞില്ല...

*****************************


പറഞ്ഞത് പോലെ അധികം സമയം എടുത്തില്ല. പോലീസ് ജീപ്പും പുറകെ ആംബുലൻസും എത്തി. ബോഡി എടുത്തു മാറ്റി..

ആരാ വിനയൻ?

ഞാൻ ആണ് സർ...

താങ്കൾ ഈ സംഭവത്തിനു ദൃക്സാക്ഷി ആണോ?

അല്ല സർ...

വിനയൻ ഒരു വിറയലോടെ കാര്യങ്ങൾ പറഞ്ഞു.

ആ കുട്ടിയും അമ്മയും?

ആ.. ക്ടാവ് ഭയങ്കര കരച്ചിൽ ആർന്നു സാറേ... അയ്നെ ഇതൊന്നും കാണിക്കാൻ നിക്കണ്ടാ ന്ന് എല്ലാരും കൂടെ പറഞ്ഞപ്പോ ഒരു ഓട്ടോയിൽ വീട്ടിലേയ്ക്ക് പോയിട്ടുണ്ട്. അതാ സിറ്റി ബാങ്കിലെ ചന്ദ്രമോഹൻ സാറിന്റെ വൈഫും കൊച്ചും ആണ്...

ആൾക്കൂട്ടത്തിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞു..

ഓക്കേ.. വിനയൻ ഇപ്പോൾ പൊയ്ക്കോളൂ.... മേലെ ന്നു വിളിക്കും. അറിയാവുന്ന ഡീറ്റെയിൽസ് പറഞ്ഞു കൊടുക്കണം.. വിളിക്കുമ്പോൾ ഫോൺ എടുക്കണം.. പേടിക്കേണ്ട. ഒരു നോർമൽ പ്രൊസീജർ...

കൂടി നിന്നിരുന്ന ആളുകളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.... ബസിൽ ഉണ്ടായിരുന്ന ചിലർ പോലീസിനോടുള്ള ആദരവ് പ്രകടിപ്പിച്ചു കൊണ്ട് അങ്ങേ അറ്റം ആത്മാർത്ഥമായി സംഭവം വിവരിക്കുന്നു...ഇപ്പോൾ എല്ലാവർക്കും നാവ് തിരിച്ചു കിട്ടിയ മട്ടാണ്.

പോലീസ് ജീപ്പ് അകന്നു പോയിട്ടും വിനയൻ കുറച്ചു നേരം അതേ നിൽപ്പ് തുടർന്നു...

കുറച്ചു സമയം കൊണ്ട് എന്തൊക്കെ ആണ് സംഭവിച്ചത്...

ആളുകൾ അവരുടേതായ ഓരോ അഭിപ്രായങ്ങൾ പങ്കു വച്ചു കൊണ്ട് പതുക്കെ പിരിഞ്ഞു തുടങ്ങി.

എന്നാലും ഇത്രയും തിരക്കേറിയ റോഡിൽ ഇതുപോലൊരു ദാരുണ സംഭവം നടന്നിട്ടും കാഴ്ച്ചക്കാർ ആയി നോക്കിനിന്ന ആളുകളോട് അയാൾക്ക് പുച്ഛം തോന്നി....

എന്നും ചായ കുടിക്കുന്ന ഒരു പരിചയം മാത്രം വച്ചുകൊണ്ട് ആ ചെറിയ പെൺകുട്ടി കാണിച്ച വെപ്രാളവും സങ്കടവും ഓർത്തു അയാൾക് അതിശയം തോന്നി..

ആ കുട്ടിയുടെ മനസ് പോലും മുതിർന്ന ആളുകൾക്കു തോന്നിയില്ലല്ലോ...

പെട്ടെന്ന് തന്നെ തിരുത്തി.... അവൾ ചെറിയ കുട്ടി ആണ്..... നിഷ്കളങ്ക ആണ്....ഈ ലോകത്തിന്റെ കാപട്യം അറിഞ്ഞു തുടങ്ങിയിട്ടില്ല... അതുകൊണ്ടായിരിക്കും.

താനും മറ്റുള്ളവരെ പോലെ തന്നെ ഒരു കാഴ്ചക്കാരൻ ആയേനെ.കുറച്ചു സമയം നിന്നിട്ട് കടന്നു പോകും. വീട്ടിലുള്ളവരോടും സുഹൃത്തുക്കളോടും ഇതേ പറ്റി ദയനീയമായി വിവരണം നടത്തും.ഇത്ര ഉള്ളു മനുഷ്യന്റെ കാര്യം എന്ന് നെടുവീർപ്പിടും.. ഇതിൽ കൂടുതൽ എന്ത് ചെയ്യുമായിരുന്നു?

ഒന്നും ചെയ്യില്ല.... കാരണം വെറുതെ എന്തിനാണ് ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് പുലിവാല് പിടിക്കുന്നത് എന്നൊരു ചിന്ത ആണ് മനുഷ്യന്...

ഇങ്ങനെ ഉള്ള അവസരങ്ങളിൽ ഒരുത്തനും മനസ് കാണില്ല സഹായിക്കാൻ....

സോഷ്യൽ മീഡിയയിൽ കേറി ഇരുന്ന് ഘോരം ഘോരം പ്രസംഗം നടത്താനും മുഴു നീളൻ കമന്റ്‌കൾ കൊണ്ട് മനുഷ്യത്വo വിളമ്പാനും മാത്രം ആളുകൾക്കു ഒരു പഞ്ഞമില്ല....

വിനയൻ ഒരു നെടുവീർപ്പോടെ വണ്ടിയ്ക്കടുത്തേയ്ക്ക് നീങ്ങി.

ഫോൺ ബെല്ലടിച്ചു. വീട്ടിൽ നിന്ന് ലത ആണ്.

ഇതെവിടാ വിനയേട്ടാ... ഞാൻ പേടിച്ചു പോയി. എത്ര തവണ വിളിച്ചു..വിളിക്കുമ്പോ ഒക്കെ എൻഗേജ്ഡ്..ന്നാ ഒന്ന് തിരിച്ചു വിളിച്ചൂടെ... ഇവിടെ തീ തിന്നാരുന്നു മനുഷ്യൻ... എന്താ പറ്റിയെ ന്നു ഓർത്തിട്ട്...

ദേ.. വരുവാ.. നീ വയ്ക്ക്.. വന്നിട്ട് പറയാ...

കാൾ കട്ട്‌ ആക്കി ഫോൺ പോക്കെറ്റിൽ ഇടുമ്പോൾ വിനയൻ ഓർത്തത് മരിച്ചു പോയ ആ വ്യക്തിയെ കുറിച്ചാണ്..

ഇതു പോലെ അയാളുടെ ഫോണും അടിയുന്നുണ്ടാകും.... വീട്ടിൽ കാത്തിരിക്കുന്ന അയാളുടെ പ്രിയപ്പെട്ടവരും ഉരുകുന്നുണ്ടാകു മായിരിക്കും...എന്നും വീട്ടിൽ എത്തുന്ന നേരം കഴിഞ്ഞിട്ടും എത്താതെ ആകുമ്പോൾ...

ശരിയായിരുന്നു.......

അയാളുടെ സൈക്കിൾ ബെല്ല് കാതോർത്ത് ഒരുവൾ നിസ്സഹായ ആയി കിടപ്പുണ്ടായിരുന്നു...... ഇനി ഒരിക്കലും ആ ബെല്ല് തനിക്ക് വേണ്ടി ശബ്‌ദിക്കയില്ല എന്ന് അറിയാതെ......

നോവോടെ അവർ ആ ബെല്ലിന് കാതോർത്തു കിടന്നു..

 

ammutti - malayalam story

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.