കഥ : വേളി
രചന : ഇന്ദുസ്
പണ്ട് " നന്ദിനി ഓപ്പോൾ " എന്ന ഒരു
സിനിമ കണ്ടത് ഓർമ്മയുണ്ടോ കുട്ട്യേ നിനക്ക് ???
ഉവ്വല്ലോ ഏടത്തി.
ആ.. അതിലെ
കുട്ടിയെ പോലെ ഉള്ള ഒരു ആത്തോലമ്മയെ തെക്കേലെ ഉണ്ണിതമ്പ്രാൻ കൂട്ടികൊണ്ട്
വന്നിരിക്കണൂത്രേ.
ശിവ ....!
ശിവ....! അതിലിപ്പോ എന്താത്ര അതിശയിക്കാൻ ഏടത്തി?
എന്താന്നോ അച്ഛൻ
പറയണകേട്ടിരിക്കണൂ. കോലോത്തെ ഇളയ സന്തതി ഉണ്ണി തമ്പ്രാൻ, അച്ഛൻ നമ്പൂരിക്ക്
അവിടുത്തെ അടിച്ചുതളിക്കാരി ജാനുവിൽ ഉണ്ടായതാണത്രേ, തന്നെയുമല്ല ഇതിപ്പോ
ഉണ്ണിതമ്പ്രാന്റെ രണ്ടാം വേളിയാണേ ...! തങ്കകുടം പോലുള്ള ആ
കൊച്ചമ്പ്രാട്ടിയെ ഇതിപ്പോ എവിടുന്ന് അടിച്ചോണ്ട് പോന്നതാണോ? ഏത് ഇല്ലത്തെ ആവും ആ കുട്ടി
....?
എന്തായാലും ആയമ്മ
ഒരു പാവം ആയതു കൊണ്ട് ഉണ്ണി തമ്പ്രാന് തരായി.. അച്ഛൻ തിരുമേനി
മരിക്കുമ്പോൾ നിക്കോർമ്മയുണ്ട്, അന്ന് തമ്പ്രാൻ കോളേജ് പഠനം ഒക്കെ കഴിഞ്ഞു
നിൽക്കയാണ്.. അന്നും കാണാൻ നല്ല ചേലായിരുന്നു തമ്പ്രാനെ.. നല്ല വെളുത്തു
കൊലുന്നനെ ഉള്ള ശരീര പ്രകൃതം ആയിരുന്നു. താടിയും മീശയും ഒക്കെ വച്ചു
സുന്ദരൻ, ആര് കണ്ടാലും നോക്കും. പക്ഷെ കയ്യിലിരിപ്പ് ശ്ശി കഷ്ടാണെ..
തെമ്മാടിത്തരം ഭേദപ്പെട്ടുണ്ട്താനും.
ആദ്യവേളിയെ
ചവിട്ടി കൊന്നൂന്നൊക്ക കേക്കണൂ .... മോളെ .. ദേവൂ ...
എന്താമ്മേ?
നീ ഇങ്ങട് വര്യ
കുട്ടി .... അവിടെ പഴമ്പുരാണം പറഞ്ഞു നിക്കാണ്ടെ, ന്റെ കാലിൽ ഈ കുഴമ്പ്
ഒന്ന് ഇട്ടു താരണുണ്ടോ നിയ് ..?
ദാ.. വരണൂമ്മേ.
അല്ല കുട്ട്യേ
... നീ ഇപ്പൊ ഇത് ആരുടെ കാര്യമാ പറഞ്ഞോണ്ട് ഇരുന്നത്?
അതമ്മേ നമ്മുടെ
കോലോത്തെ കാര്യം പറയെരുന്നേ, അവിടുത്തെ ഇളമുറ തമ്പ്രാൻ വീണ്ടും ഒരു വേളിയെ
കൊണ്ടുവന്നിരിക്കണൂ.
എന്റെ ഭഗവാനെ
..!!! ഇതാപ്പോ നന്നായെ .. ഒന്നിനെ കൊലക്ക് കൊടുത്തിട്ട് അധിക നാളായില്ല, എന്നിട്ട് പിന്നെയും ഒരു
വേളിയോ???
അതന്നെ ഞാനും
പറഞ്ഞത് .. അമ്മ ആ കാലിങ്ങട് നീട്ടൂ, ഞാൻ കുഴമ്പിടാം.
ഉം ... നന്നായി
തിരുമ്മ് കുട്ട്യേ .. ആഹ് .. അതിന്റെ ഒരു യോഗം ഇങ്ങനെ
ആകും. അല്ലെങ്കിൽ തന്നെ ഇപ്പളത്തെ പെൺകുട്ട്യോൾ ഒക്കെ ഇങ്ങനെ ആണ്. ഈ പ്രായം വരെ
വളർത്തി കൊണ്ട് വന്ന അച്ഛനേം, അമ്മയേം വേണ്ടെന്നു വച്ചു തോന്നിയ ഒരാളുടെ കൂടെ അങ്ങ്
ഇറങ്ങി പോകും. ഇതൊക്ക ആരോട് പറയാൻ...! ആര് കേൾക്കാൻ...! എന്തായാലും
സ്വജാതി ആയതു തന്നെ ഭാഗ്യം...!!! അല്ലെങ്കിൽ ആയമ്മ കഷ്ടപെട്ടേനെ.
കുളിച്ചു തോഴീലും, വച്ചാരാധനയുമൊക്കെ ഉള്ള
ഇല്ലമാണെ. എത്ര പ്രതാപത്തിൽ കഴിഞ്ഞ ഇല്ലമാണ് ഇപ്പൊ കണ്ടോ ...!
നശിച്ചു
തുടങ്ങിയിട്ട് കാലങ്ങൾ ആയി, എല്ലാം ഉണ്ണി തമ്പ്രാന്റെ പിടിപ്പ്കേട്. ഇനീപ്പോ എന്തൊക്ക
കാണണം ഈശ്വരാ ..... !!!!
അമ്മ അവിടെ
മിണ്ടാതെ കിടക്കൂ .. ഞാൻ അത്താഴത്തിനു ഉള്ളത് നോക്കട്ടെ ...
കുട്ട്യേ ....
തുളസി ...
ഈ കുട്ടി ഇതിപ്പോ
തൃസന്ധ്യ നേരത്തു എവിടെ പോയി ..?
തുളസി....
ഞാൻ ഇവിടുണ്ട്
ഏടത്തി .. വേലിക്കൽ സുമതി ചേച്ചി വിളിച്ചപ്പോൾ പോയതാണ്. അവിടെയും അറിഞ്ഞിരിക്കണൂ
ഇല്ലത്തെ വിശേഷം.
ഓ.. ഇനീപ്പോ
നാട്ടുകാർക്ക് പുതിയൊരു കാര്യം കൂടി കിട്ടിയിരിക്കണൂ പറഞ്ഞു ചിരിക്കാൻ. നീ ഇങ്ങോട്ട്
വാ കുട്ട്യേ ഉമ്മറത്ത് വിളക്ക് വെക്കാറായില്ലേ നിനക്ക് ? അച്ഛൻ വരാറായിരിക്കണൂ, വഴക്കു കേൾക്കാനോ
കുട്ടിക്ക് ?
അയ്യോ... ദേ വരണൂ
ഏടത്തി. ഞാൻ ഒന്ന് മേൽകഴുകട്ടെ.
ദീപം... ദീപം..
രാമ രാമ രാമ രാമ..................
മോളെ ദേവൂ.....
ഈശ്വരാ അച്ഛൻ
വന്നു, ആ.. അച്ഛൻ വന്നുവോ..? ഇന്നെന്താ നേരത്തെ ..? ദീപാരാധന കഴിഞ്ഞോ..?
ഉം .. ചായ
അനത്തീത് ഉണ്ടെങ്കിൽ ഇത്തിരി താ മോളേ..
ദാ ഇപ്പൊ
എടുക്കാം അച്ഛാ .. എന്താണാവോ അച്ഛന് പറ്റിയത്?
അച്ഛൻ അറിഞ്ഞുവോ
എന്തോ? അച്ഛന് സങ്കടം
ഇല്ലാണ്ടിരിക്കില്ല .. എന്ത് തന്നെ ആയാലും ആ ഇല്ലവുമായി അടുത്തൊരു ബന്ധം
അച്ഛനുമില്ലേ... ഉമ്മറത്ത് ചെന്ന് അച്ഛനോടായി അവൾ ചോദിച്ചു.. അച്ഛൻ അറിഞ്ഞുവോ
ഇല്ലത്തെ വിശേഷം?
ആ അങ്ങാടിയിൽ
എല്ലാരും പറയണ കേട്ടു, എന്താ പ്പോ പറയാ കർമഫലം എന്നല്ലാണ്ട്. അമ്മക്കെങ്ങനെ ഉണ്ട്
കുട്ട്യേ?
ആ കാലിന്റെ വേദന
ശ്ശി കൂടിയിട്ടുണ്ട് അച്ഛാ, നാളെ അച്ഛൻ ആ വൈദ്യനെ കണ്ട് ഒന്ന് വിവരം പറയണം.
മ്മ്.. നാളെ
ആകട്ടെ മോളെ. നീ ഇത്തിരി വെള്ളം ചൂടാക്കൂ കുട്ട്യേ ഒന്ന് കുളിക്കട്ടെ, ഇനിപ്പോ കുളത്തിൽ പോകാൻ
വയ്യാ.
ശരി അച്ഛാ ..
രാമ രാമാ എല്ലാം
ഒന്ന് നേരെയാക്കണെ ....!!!!!!