കഥ : സുഋഷി
രചന : രൂപക് വാസ്
"മമ്മാ.. ഋഷിയങ്കളെ ഒന്ന് വിളിക്കാവോ.?" കിച്ചു സുജയോട് അങ്ങനെ ചോദിച്ചപ്പോൾ അവൾക്കു അത്ഭുതമായീ.
"എന്തിനാടാ...അങ്കിളിനെ വിളിക്കണെ..?"
"ഞാൻ വരച്ച ബ്രൂസിലീടെ ചിത്രം കാണിച്ചു കൊടുക്കാനാ.." അച്ചു കടലാസിൽ വരച്ച ചിത്രം സുജയ്ക് കാണിച്ചു കൊടുത്തു.
"അങ്കിളിപ്പോ ഡ്യൂട്ടിയിലാവും പിന്നെ വിളിക്കാം ട്ടോ കിച്ചു" അവനത് സമ്മതിച്ചു.
"മമ്മാ. എന്നാ ഇത് അങ്കിളിന് അയച്ച് കൊടുക്കാവോ?" അവൻ ബ്രൂസിലീടെ ചിത്രം വരച്ച പേപ്പർ സുജയ്ക് കൊടുത്തു കൊണ്ട് അവിടെ നിന്നും പോയി.
ഋഷിയെ സുജ ആദ്യമായീ കാണുന്നത് അവൾ ജോലി ചെയ്യുന്ന ചെയ്യുന്ന ബാങ്കിൽ വെച്ചാണ്.
കൂട്ടുകാരന് ജാമ്യം നിൽക്കാനുളള ഒപ്പിടാൻ. പിന്നെ ഒരു ദിവസം മറ്റൊരു കൂട്ടുകാരൻ അടയ്ക്കാനുള്ള തുക അടയ്ക്കാതെ ആയപ്പോ ഋഷി വന്ന് പൈസ അടച്ചു പോയി. അന്നും അവർ തമ്മിൽ .
പക്ഷേ ബാങ്കിലെ സ്ററാഫുകൾ ഋഷിയെ പറ്റി പറയുന്നത് കേട്ടു.
"കാലം മാറി ജനിച്ചതാണെന്ന് തോന്നുന്നു!"
വീണ്ടും മറ്റൊരു കൂട്ടുകാരന് വേണ്ടി ജാമ്യം നിൽക്കാൻ വന്നപ്പോൾ സുജയ്ക്കും അത് തോന്നി.
സന്തോഷത്തോടെ ഋഷി ഒപ്പിടുന്നത് സുജ നോക്കി നിന്നു.
കൂട്ടുകാരനോട് ഋഷി പറയുന്നത് സുജയും കേട്ടു.
"എടാ.. മര്യാദയ്ക്ക് അടയ്ക്കണം ട്ടാ. കഴിഞ്ഞ മാസത്തെ ശെൽവന്റെ അടവ് തെറ്റി. ഞാനാണ് തീർത്തത്"
കൂട്ടുകാരൻ ഋഷിയെ ചേർത്ത് പിടിച്ചു.
"എടോ ചങ്കേ..ആരെ പറ്റിച്ചാലും തന്നെ പോലുള്ളവരെ പറ്റിക്കരുത്. താൻ റെയർ പീസല്ലേ"
"ശരി, മാസം എത്തുമ്പോൾ ഇതൊക്കെ ഓർത്താൽ മതി"
ഋഷി ചിരിച്ചു കൊണ്ട് അവിടം വിട്ട് പോയി.
സുജ ഋഷിയെ നേരിട്ട് പരിചയപ്പെടുന്നത് അത് കഴിഞ്ഞാണ്. ഒരുദിവസം കോഫി ഹൗസിൽ വെച്ചാണ്. കൂട്ടുകാരികളും ആയീ വരുമ്പോൾ ഋഷി കോഫി കുടിക്കുകയാണ്. കൂട്ടുകാരി സുജയ്ക് കാണിച്ചു കൊടുത്തു.
"ദേണ്ടേടീ റെയർ പീസിരുന്ന് കാപ്പി കുടിക്കുന്നു."
ഒരുമിച്ച് വേറെ സ്ഥലം ഇല്ലാത്തത് കൊണ്ട് അവർ ഋഷിയുടെ മുന്നിലാണ് ചെന്നിരുന്നത്.
ഋഷി അവരെ നോക്കി ചിരിച്ചു.
"വിജയ് ബാങ്കിൽ വർക് ചെയ്യുന്നവരല്ലേ?!"
സുജയും കൂട്ടുകാരിയും ചിരിച്ചു.
"ഞാൻ നിങ്ങടെ ബാങ്കിൽ വരാറുണ്ട്.!"
"അറിയാം, ജാമ്യത്തിൽ ഒപ്പിടാനല്ലേ. ഞങ്ങൾ കാണാറുണ്ട്. " പിന്നെ സുജയെ ചൂണ്ടിക്കാട്ടി കൂട്ടുകാരി പറഞ്ഞു.
"ദേ.. ഇവളാണ് അടവ് മുടങ്ങുമ്പോൾ സാറിനെ വിളിച്ചു ചൂടാവുന്നത്. !"
കൂട്ടുകാരി പറഞ്ഞപ്പോൾ സുജ അവൾക്കു ഒരു പിച്ച് വെച്ച് കൊടുത്തു.
ഋഷി സുജയെ നോക്കി ചിരിച്ചു.
സുജയ്ക് ഒരു ചമ്മല് പോലെ തോന്നി.
"അതേ.. ചിലപ്പോൾ ഞാൻ കുറച്ചു തിരക്കിലാവും അതാ ഫോൺ വിളിച്ചാൽ എടുക്കാതെ വരുന്നത്!"
"അത് എനിക്കറിയാം സാർ. നോർമൽ ഞങ്ങളുടെ ബാങ്കിലെ പല നമ്പറുകളും കസ്ററമേഴ്സ് സേവ് ചെയ്തിടും. അപ്പോ പിന്നെ വിളിച്ചാൽ എടുക്കേണ്ടി വരില്ലല്ലോ. പക്ഷേ സാറ് അങ്ങനെയല്ല. കോൾ എടുക്കാൻ പറ്റിയില്ല എങ്കിൽ ഞങ്ങളെ ഇങ്ങോട്ട് തിരികെ വിളിക്കും!"
ഋഷിയുടെ മുഖത്തു ചിരി തെളിഞ്ഞു.
അയാൾ സുജയെ നോക്കി ചിരിച്ചു.
"അതേ... ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്".
തന്റെ നമ്പർ എനിക്ക് തരുമോ? മൂന്ന് ജാമ്യം എനിക്ക് ആ ബാങ്കിലുണ്ട്. ആരെങ്കിലും അടവ് തെറ്റിയാൽ കുറച്ചു നേരത്തെ അതൊന്ന് വിളിച്ചു പറഞ്ഞാല് ഉപകാരം ആയിരുന്നു. ഇതിപ്പോ തലേ ദിവസം വിളിച്ചു പറഞ്ഞു നാളെ അടയ്ക്കണം എന്ന് പറഞ്ഞാല് കുറച്ചു ചുറ്റി പോവുന്നുണ്ട്!"
സുജ ഋഷിയ്ക് നമ്പർ കൊടുത്തു.
"അല്ല.. സാറെ ..സാറെന്തിനാ ഇങ്ങനെ വയ്യാവേലി ഏൽക്കുന്നത്?" കൂട്ടുകാരി ചോദിച്ചു.
ഋഷി അതിന്റെ മറുപടി ചിരിയിൽ ഒതുക്കി അവിടെ നിന്നും പോയീ.
ഋഷി പോയപ്പോൾ സുജ കൂട്ടുകാരിയെ നോക്കി
"നീയെന്തിനാടീ ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് അയാളെ കുഴപ്പിക്കുന്നത്? ഇത്തരം ആളുകളാണ് ഒരു ബാങ്കിന്റെ നിലനില്പ് ! അവരെ നമ്മൾ പ്രോത്സാഹനം കൊടുത്തു കൊണ്ടേരിക്കണം!"
സുജ ചിരിച്ചു. എന്നാൽ പിന്നീട് സുജയുമായീ ഋഷി കമ്പനിയായീ.
അന്നവർ കോഫീ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു.
"അതേ.. മാഷേ..ഈ പണി ഇവിടം കൊണ്ട് നിർത്തിക്കോണം. ഈ മാസം രൂപ ആറായിരമാ മാഷ് കൊണ്ട് അടച്ചത്. കഴിഞ്ഞ തവണ നാലായിരം. അല്ല.. അത് തിരിച്ച് കിട്ടീയോ?"
"കിട്ടും" ഋഷി പറഞ്ഞു
സുജയോട് എതിർക്കാൻ മാഷിന് കഴിഞ്ഞില്ല.
സുജ separate ആയിട്ട് നാല് വർഷമായി.
ഒരു പെൺകുട്ടിയും ആൺകുട്ടിയും അവൾക്കുണ്ട്.
വിദേശത്തുളള അകന്ന ബന്ധുവായ ജോയ്സണുമായീ സുജയുടെ വിവാഹം ഉറപ്പിച്ചു വെച്ചിരിക്കുന്ന സമയത്താണ് ഋഷിയുടെ സൗഹൃദം അവൾക്കു കിട്ടിയത്.
സുജ വിവാഹത്തിൽ മുൻഗണന നൽകിയത് തന്റെ കുഞ്ഞു ങ്ങളേയും പരിഗണന നൽകുന്ന ഒരാളെയാണ്.
ജോയ്സൺ ആള് നല്ല മനുഷ്യൻ തന്നെയായിരുന്നു. പെണ്ണ് കാണുമ്പോഴും എല്ലാം. പക്ഷേ പിന്നീട് ജോയ്സണിന്റെ ആദ്യത്തെ ശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി. ഫോൺ വിളിച്ചു എടുക്കാൻ വൈകിയാൽ അതിന് കുറ്റം. മക്കള് എന്തെങ്കിലും പറഞ്ഞാല് അവരെ സപ്പോർട്ട് ചെയ്യില്ല. ജോയ്സണിന്റെ ഈ സ്വഭാവമാറ്റം വലിയ സുജയ്ക് തിരിച്ചറിയാൻ തുടങ്ങിയത് ഋഷി വന്നപ്പോഴാണ്. ഋഷി നന്നായി വരയ്ക്കും. ജോയ്സൺ പോലും കിച്ചുവിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കാത്ത സമയത്താണ് ഋഷി അതൊക്കെ ചോദിച്ചും, അറിഞ്ഞതും കിച്ചുവിന് വരയ്ക്കാൻ ഡ്രോയിംഗ് ഐറ്റമെല്ലാം വാങ്ങി കൊടുത്തത്.
സുജ കിച്ചു വരച്ച ബ്രൂസിലിയുടെ ചിത്രം ഋഷിയ്ക് സെന്റ് ചെയ്തു കൊടുത്തു.
അപ്പോ ജോയ്സണിന്റെ വിളി എത്തി. ബാങ്കിൽ നിന്നും എപ്പോൾ വന്നു, കുട്ടികൾ എവിടെ എന്നൊക്കെ തുടങ്ങിയ പതിവ് ചോദ്യങ്ങൾ... മകൾ അലീന പാസ്സായ കാര്യം ജോയ്സണോട് പറഞ്ഞു.
"ഓ.. അതൊന്നും അത്ര കാര്യമില്ല, + 2 ആണ് നോക്കേണ്ടത്. ആ സമയത്ത് നല്ല റിസൾട്ട് വേണം" ജോയ്സൺ പറഞ്ഞു.
പക്ഷേ ഋഷിയോട് മകളുടെ കാര്യം പറഞ്ഞപ്പോൾ ഋഷി മകളെ വിളിച്ചു സംസാരിച്ചു അഭിനന്ദിച്ചു. കൂടാതെ ഒരു ഗിഫ്റ്റ് അവൾക്കു കൊടുക്കാനായീ ഋഷി ബാങ്കിൽ വന്ന് ഏൽപ്പിച്ചു പോയി. ഒരു സ്മാർട്ട് വാച്ച്... അലീന അത് തന്നോടു വേണമെന്ന് പറഞ്ഞപ്പോഴാണ് ഋഷി കൊണ്ട് വന്നു അത് കൊടുത്തത്... മകളുടെ മനസ് വായിച്ചത് പോലെ സുജയ്ക് തോന്നി.. തന്റെ മക്കളുമായി ഋഷി ഇടപെടുന്ന രീതിയും സുജയെ വല്ലാതെ ഇഷ്ടപ്പെടുത്തി. അലീന ആരോടും അധികം മിണ്ടാറില്ല.. ജോയ്സൺ ഒക്കെ വിളിച്ചാൽ പോലും ആ വശത്ത് വരില്ല. പക്ഷേ ഋഷി അങ്കിളിനോട് മാത്രം അലീന മിണ്ടും. അവരുടെ സംസാരവും കൂട്ടുകാരെ പോലെയാണ്.. ഋഷിയുടെ ജീവിതം വലിയൊരു ട്രാജഡിയാണ്... സ്നേഹിച്ച പെണ്ണ് തേച്ചു പോയി..
പെണ്ണ് പറഞ്ഞത് കേട്ട് കുറച്ചു കാശ് ഉണ്ടാക്കാൻ ഋഷി ഗൾഫിൽ പോയതാണ്.. തിരിച്ചു വന്നപ്പോഴേക്കും ഒരു ഓട്ടോക്കാരന്റെ ഒപ്പം വാടക വീട്ടിൽ കാമുകി താമസവും തുടങ്ങി... അന്നത്തെ സാഹചര്യത്തിൽ സംഭവിച്ചു പോയതാവും. ഋഷിയും അവളെ കുറ്റം പറയാൻ പോയില്ല. ചിലപ്പോൾ കാമുകിയും വിളിച്ചു ഋഷിയോട് വായ്പാ ചോദിക്കാറുണ്ട്.
സുജ പോലുംചിന്തിക്കാറുണ്ട്. ഋഷിയ്ക് ആരെങ്കിലും ആയീ വൈരാഗ്യം ഉണ്ടോയെന്ന്. ജോയ്സൺ പുതിയ ആവശ്യമായി രംഗത്ത് വന്നു. ലീവിന് വരുമ്പോൾ സുജയെ കൊണ്ട് പോവും. മക്കൾ തത്കാലം ജോയ്സൺന്റെ വീട്ടിൽ നിന്നും പഠിക്കട്ടെ. ജോയ്സണിന്റെ വീട്ടിൽ അയാളുടെ അപ്പനും അമ്മയും മാത്രമെയുളളു. അവർക്കും ഒരു കൂട്ടാവും. സുജയുടെ വീട്ടുകാർക്കും അത് സമ്മതമായീ.
പക്ഷേ ഋഷിയ്ക് അത് കേട്ടപ്പോൾ അത്ര സ്വീകാര്യമായില്ല. മക്കളുടെ ഈ പ്രായത്തിൽ സുജയുടെ സാന്നിധ്യം ആവശ്യമാണ്. മക്കൾ കൂടെ ഇല്ലാതെ വിദേശത്ത് പോയി എങ്ങനെ മനസമാധാനത്തോടെ കഴിയാൻ പറ്റും? ജോയ്സണിന്റെ ലീവ് അടുത്തതോടെ സുജയ്ക് ആധിയായി.. ബിപി കൂടി ഹോസ്പിറ്റൽ അഡ്മിറ്റായി. അതിനും ജോയ്സണിന്റെ കുറ്റം വന്നു. ആഹാരത്തിന് കൺട്രോളില്ല, മര്യാദയ്ക്ക് ഉറങ്ങുന്നില്ല.
സുജയുടെ ആദ്യ വിവാഹം ലൗ മാര്യേജാണ്. വീട്ടുകാരെ നാണം കെടുത്തി ഒളിച്ചു ഓടി പോയതാണ്. പക്ഷേ വിവാഹം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞതോടെ പ്രേമിച്ചവൻ തികഞ്ഞ മദ്യപാനിയായി. മുൻപോട്ടു പോവാൻ കഴിയാത്ത അവസ്ഥ. കുഞ്ഞുങ്ങളേയും കൊണ്ട് ആത്മഹത്യ ചെയ്യുക അല്ലാതെ വേറെ വഴിയില്ല. ഒരു ദിവസം സുജ നോക്കുമ്പോൾ അപ്പൻ ഒരു വണ്ടിയും വിളിച്ചു വീട്ടിന്റെ മുറ്റത്തു നിൽക്കുന്നു. പിളേളരേം വിളിച്ചു എന്താ ഈ വണ്ടിയിൽ നിന്റെ സാധനങ്ങൾ എന്ന് വെച്ചാൽ കയറ്റിക്കോളു.
ദൈവത്തെ കണ്ടത് പോലെയായി സുജയ്ക്... ഈ അപ്പനെ വിഷമിപ്പിച്ചു ആണല്ലോ ഞാൻ ഓടി പോയത്... അപ്പൻ മരിക്കുന്നത് വരെ സുജയ്ക് കുഴപ്പമില്ലായിരുന്നു. രണ്ടാമത്തേത് അനിയത്തിയാണ്. വിവാഹം കഴിഞ്ഞാൽ തറവാട് അപ്പൻ അനിയത്തിയ്ക് എഴുതി വെച്ചതാണ്. ആ സമയത്താണ് ജോയ്സണിന്റെ വിവാഹ ബന്ധം സുജയ്ക് വരുന്നത്. ജോയ്സണിന്റേയും രണ്ടാമത്തെ വിവാഹമാണ്. പക്ഷേ ബാധ്യതകൾ ഇല്ല. അമ്മയും ബന്ധുക്കളും വേഗം തന്നെ അത് ഉറപ്പിച്ചു. കൂടുതൽ താൽപര്യം എടുത്തത് സുജയുടെ അനിയത്തിയാണ്...
ആ സമയത്താണ് ഋഷിയുടെ അമ്മ ഹോസ്പിറ്റലിൽ ആവുന്നത്. ഋഷിയ്ക് ഒരു സഹോദരിയുളളത് ഹൈദരാബാദാണ്. ഹോസ്പിറ്റലിൽ അമ്മയുടെ പരിചരണത്തിൽ ഋഷി കൂടീ. സുജ കുട്ടികളുമായീ ഹോസ്പിറ്റലിൽ എത്തി. ഋഷിയെ പോലെ തന്നെ പാവം പിടിച്ച ഒരാള്. ആദ്യമായിട്ടാണ് ഋഷിയുടെ അമ്മയെ കാണുന്നത്.
സുജ എന്ന് പേര് പറഞ്ഞപ്പോഴെ അമ്മ സംസാരിച്ചു തുടങ്ങി. ബാങ്കിലല്ലേ ജോലി, കിച്ചുവിന്റേയും, അലീനയുടേയും പേര് വിളിച്ചു തന്നെ അമ്മ മക്കളെ പരിചയപ്പെട്ടു. സുജയ്ക്കത് അതിശമായീ. ഋഷി സാധനങ്ങൾ വാങ്ങാൻ കുട്ടികളേയും കൊണ്ട് പുറത്ത് പോയപ്പോൾ അമ്മ സുജയോട് പറഞ്ഞു.
"മോളെ പോലെ ഒരു പെണ്ണിനെ കിട്ടിയാൽ കെട്ടാമെന്നാണ് അവൻ പറയുന്നത്. അവന്റെ വായിൽ നിന്നും അത് കേട്ടതേ സമാധാനമായീ ഇത്രനാളും വിവാഹം എന്ന് പറഞ്ഞാല് ചാടി കടിച്ചു വരുന്നവനാ."
സുജയ്ക് അതൊരു പുതിയ അറിവായിരുന്നു. ഋഷിയുടെ ഹൃദയത്തിൽ തനിക്ക് ഒരു സ്ഥാനം കിട്ടിയതിൽ അവൾക്കു ആഹ്ളാദമായീ. തിരിച്ചു പോരുമ്പോൾ കിച്ചു സുജയോട് ചോദിച്ചു.
"മമ്മാ ഗൾഫിൽ പോവുമ്പോൾ ഞാൻ ഋഷി അങ്കിളുടെ വീട്ടിൽ പോയി നിൽക്കട്ടെ.?" അപ്പോ അലീന സുജയെ നോക്കി.
"അതേ മമ്മാ.... ഇവൻ അങ്കിളിനോട് ചോദിച്ചു"സുജ ഒന്ന് ഞെട്ടിപ്പോയി. "എന്നിട്ട് അങ്കിൾ എന്ത് പറഞ്ഞു?"
"മമ്മയ്ക്ക് സമ്മതം ആണെങ്കിൽ വന്ന് നിന്നോയെന്ന്!"
"മമ്മയ്ക്ക് സമ്മതമല്ല.!" സുജ മക്കളോട് തുറന്നു പറഞ്ഞു.
"നിങ്ങൾ രണ്ടു പേരും നിൽക്കേണ്ടത് ജോയ്സണിന്റെ വീട്ടിലാണ്. മമ്മാ വന്നു നിങ്ങളെ കൂട്ടി കൊണ്ട് പോവാം"
"പാവം മമ്മാ, അങ്കിൾ അവിടെ ഒറ്റയ്ക്കല്ലേ. എന്നേം വല്യ ഇഷ്ടമാ. ഞാൻ അവിടെ നിന്നോളാം"
"കിച്ചു നീ അടി വാങ്ങിക്കും" സുജ ദേഷ്യപ്പെട്ടു. വീട്ടിൽ എത്തിയപ്പോഴും കിച്ചുവിന്റെ പിണക്കം തീർന്നില്ല.
സുജയുടെ ഫോണിലേക്ക് ഋഷിയുടെ വിളി എത്തി. സുജ ഫോൺ എടുക്കാൻ പോയില്ല. പിന്നേം വിളി വന്നപ്പോൾ അലീന ഫോൺ കൊണ്ട് വന്നു.
"ഋഷിയങ്കിളാ.."
"ആ എനിക്കറിയാം. ഞാൻ പിന്നെ വിളിച്ചോളാം"
"മമ്മാ.. ഞാൻ ഫോണെടുത്തു. അങ്കിൾ ലൈനിലുണ്ട്"
സുജയ്ക് ആകെ വല്ലാതെ ആയീ. അവൾ ഫോൺ ചെവിയിൽ വെച്ചു.
"ഹെലോ?"
"താനെന്താടോ യാത്ര പോലും പറയാതെ പോയത്. അമ്മ എന്തെങ്കിലും പറഞ്ഞോ.?"
"ഋഷി എനിക്ക് ഭയങ്കര തലവേദന, ഞാൻ പിന്നെ വിളിക്കാം!" സുജ ഫോൺ കട്ട് ചെയ്തു.
മക്കൾ രണ്ടുപേരും പരസ്പരം നോക്കി.
"പാവം അങ്കിളല്ലേ.. മമ്മയ്ക്ക് ഒന്ന് സംസാരിച്ചാൽ എന്താ കുഴപ്പം?" കിച്ചു സുജയോട് ചോദിച്ചു.
"ഞാൻ അങ്കിളിന്റെ വീട്ടിൽ പോണം ന്ന് പറഞ്ഞത് കൊണ്ടാ. പറാ....മമ്മാ..
ഞാൻ അങ്കിളിന്റെ വീട്ടിൽ കൊണ്ട് പോണില്ല. പോരെ.." കിച്ചു സുജയുടെ മടിയിൽ വന്ന് കിടന്നു.
സുജയുടെ കവിളിലൂടെ കണ്ണീർ ഒലിച്ചു ഇറങ്ങിയത് കിച്ചു കണ്ടു.
"കരയല്ലേ മമ്മാ.. മമ്മയ്ക്ക് ഞങ്ങളെ വിട്ട് ഗൾഫിൽ പോണത് കൊണ്ടാ സങ്കടം??" കിച്ചുവിനും വിഷമമായി..
"അതേടാ..പൊട്ടാ.. അത് നിനക്കറിയില്ലേ?" അലീന പറഞ്ഞു.
"നീയെന്നാ.. ഋഷിയങ്കളെ വിളിച്ചു, എന്നേം മമ്മയേയും കൂടെ കൊണ്ട് പോവാമോ എന്ന് ചോദിക്ക്" അലീന അത് പറഞ്ഞപ്പോൾ തന്നെ കിച്ചു മൊബൈൽ എടുത്തു ഋഷിയെ വിളിച്ചതും ഒരുമിച്ച് ആയിരുന്നു.
"എടാ...എടാ...വിളിക്കില്ലേ.. ആ മൊബൈൽ ഇങ്ങ് താ"" പക്ഷേ കിച്ചു അപ്പോഴേക്കും ഋഷി അങ്കിളെ വിളിച്ചു കഴിഞ്ഞു.
"ഹെലോ..അങ്കിളെ.. എന്റെ ഒപ്പം അങ്കിളിന്റെ വീട്ടിലേക്കു മമ്മായും ചേച്ചിയും കൂടെ വന്നോട്ടെ?"
സുജയും അത് കാതോർത്തു പോയി.
ഋഷി പറഞ്ഞത് അവരെല്ലാം ഒരുമിച്ച് കേട്ടു.
"അതിനെന്താ കുഴപ്പം, മമ്മായ്ക് സമ്മതമാണെങ്കിൽ നിങ്ങളെല്ലാം വായോ.
കണ്ടോ.. ഇവിടെ എന്റെ അമ്മ പറയുന്നത് കേട്ടാ.. വന്നാൽ നിങ്ങളെ ആരേയും പിന്നെ തിരിച്ചു വിടില്ലന്ന്..!" കിച്ചു ഫോൺ കട്ട് ചെയ്തു
സുജയയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു.
"മമ്മാ.. കാര്യം സെറ്റ്" കിച്ചു പറഞ്ഞതിന്റെ ഗൗരവം എന്താണെന്നോ ഒന്നും അവനറിഞ്ഞില്ല.പക്ഷേ അവൻ ഹാപ്പിയായിരുന്നു. അപ്പോ സുജയുടെ മൊബൈലിലേക്ക് ഋഷിയുടെ മെസേജ് എത്തി.
"അതേ നമ്മുടെ വിവാഹം എവിടെ വെച്ച് വേണം.? ക്ഷേത്രത്തിൽ മതിയെങ്കിൽ നല്ലൊരു സമയം നോക്കി എടുക്കാം.."
സുജ.. ഋഷി എഴുതിയ ആ വരികളിലേക്ക് നോക്കിയിരുന്ന് പോയി..