അപ്പോഴാ ശരിക്കും അല്പം ശുദ്ധവായു ശ്വസിക്കാൻ കഴിഞ്ഞത്. പക്ഷെ വരാനിരിക്കുന്നത് ബസ്സിൽ തങ്ങില്ലാലോ. തൊട്ടടുത്ത സ്റ്റോപ്പിൽ ബസ്സ് നിർത്തിയതും ചുണ്ടേതാണ് ലിപ്സ്റ്റിക് ഏതാണ് എന്ന് തിരിച്ചറിയാത്ത മട്ടിൽ ഒരു പെൺകുട്ടി അകത്തൊട്ട് കേറി. ഇതൊക്കെ കേക്കുമ്പം ങ്ങളെന്തിനാ പെൺകുട്യോളെ ചുണ്ടൊക്കെ നോക്കാൻ നിക്കുന്നെന്ന് തോന്നീറ്റ്ണ്ടാവും

 

Shirt - Malayalam Story

കഥ : ഷർട്ട് 

രചന :  ഷാഭാസൻ


ബസ്സില് നല്ല തിരക്കുണ്ടാർന്ന്. ചാടിക്കേറാൻ വേണ്ടി സ്റ്റെപ്പിലോട്ട് കാലെടുത്ത് വെച്ചതും കിളി ബെല്ലടിച്ചു.


ഞാൻ ഒരഭ്യാസിയെ പോലെ മുകളിലേക്ക് ഉയർന്നു നടു വളച്ചു വവ്വാല് ഇലക്ട്രിക് ലൈനിൽ കുടുങ്ങിയ പോലെ പിറകിലെ സീറ്റിനടുത്തുള്ള കമ്പിയിൽ കുടുങ്ങി നിന്ന്.


ഏറെ നേരമൊന്നും നിക്കാൻ പറ്റീല. കണ്ടക്ടർ വന്ന് ടിക്കറ്റ് ചോദിച്ചു. നമുക്ക് വേണ്ടെന്ന് തോന്നിയാലും ഇങ്ങോട്ടേക്ക് സ്നേഹത്തോടെ നിർബന്ധിച്ചു പിടിപ്പിക്കുന്ന ഒന്ന് ബസ്സ് ടിക്കറ്റ് ആയിരിക്കും..


എല്ലാരും എടുത്താലും ആർക്കേലും വേണോന്ന് ചോദിച്ചോണ്ട് പിന്നേം അങ്ങോട്ടും ഇങ്ങോട്ടും നടക്കും. കാശ് വാങ്ങിക്കുന്നത് വരെ മിണ്ടാതിരുന്ന കണ്ടക്ടർ കാശ് വാങ്ങി ബാക്കി തിരികെ തന്നപാടെ പറയാണ് ആ കമ്പി പിടിച്ചു വളക്കാതെ മുന്നോട്ടെക്ക് കേറി നിക്കെന്ന്. കണ്ടക്ടറുടെ വർത്താനം കേട്ടതും എല്ലാരുടേം നോട്ടം എന്റെ നേർക്കായി. അവരൊക്കെ നോക്കുന്നത് കണ്ടാൽ തോന്നും തലസ്ഥാനത്തൂന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് ടിക്കറ്റെടുത്ത് ബസ്സിലോട്ട് കേറിയതാണെന്ന്.


എന്താന്നേലും അധിക നേരം നിക്കേണ്ടി വന്നില്ല. ഞാൻ കാശിന്റെ ബാക്കി പോക്കറ്റിലേക്ക് തിരുകാൻ നോക്കീതും ബസ്സ് പിന്നേം ചവുട്ടി നിർത്തി. എന്ത് മാജിക്ക് ആണെന്നറിയില്ല. സെക്കന്റുകൾ കൊണ്ട് ഞാൻ മുന്നിലേക്കെത്തി. വീഴാതിരിക്കാൻ ചെന്ന് പിടിച്ചത് ഏതോ അമ്മൂമ്മയുടെ തോളിലാരുന്നു. ഞാനേതാണ്ട് വൃത്തികേട് കാണിച്ച പോലെ അവരെന്നെ ദഹിപ്പിക്കുന്നൊരു നോട്ടം. ഞാൻ തിരിച്ചു നോക്കിയില്ല. എന്തിനാപ്പം വെറുതെ അവരുടെ വായിലുള്ളതൂടി കേക്കുന്നത്. അമ്മൂമ്മയെ കേറിപ്പിടിച്ചവൻ ഇനി ഞങ്ങളേം കേറിപ്പിടിക്കാൻ മടിക്കൊ എന്നോർത്താവും ബാക്കി സ്ത്രീകളൊക്കെ എന്റടുത്തൂന്ന് മാറി നിക്കേം ചെയ്ത്.

 

അപ്പോഴാ ശരിക്കും അല്പം ശുദ്ധവായു ശ്വസിക്കാൻ കഴിഞ്ഞത്. പക്ഷെ വരാനിരിക്കുന്നത് ബസ്സിൽ തങ്ങില്ലാലോ. തൊട്ടടുത്ത സ്റ്റോപ്പിൽ ബസ്സ് നിർത്തിയതും ചുണ്ടേതാണ് ലിപ്സ്റ്റിക് ഏതാണ് എന്ന് തിരിച്ചറിയാത്ത മട്ടിൽ ഒരു പെൺകുട്ടി അകത്തൊട്ട് കേറി. ഇതൊക്കെ കേക്കുമ്പം ങ്ങളെന്തിനാ പെൺകുട്യോളെ ചുണ്ടൊക്കെ നോക്കാൻ നിക്കുന്നെന്ന് തോന്നീറ്റ്ണ്ടാവും.


സ്വാഭാവികം.


പക്ഷെ ആ ചുണ്ട് ണ്ടാക്കിയ പുകില് കേട്ടാ ങ്ങളാരും എന്നെ കുറ്റം പറയൂല.


അതെന്താന്നല്ലേ പറയാ. 

 

പെൺകുട്ടി അകത്തോട്ട് കേറി കേറില്ല എന്നായപോഴേക്കും ബസ്സ് വിട്ട്. കമ്പിയിൽ പിടുത്തം കിട്ടാതെ ആ പാവം നേരെ വന്നെന്റെ നെഞ്ചത്തോട്ട് വീണ്. അറിയാതെ സംഭവിച്ചതല്ലേ. ന്നോട് സോറി പറഞ്ഞപ്പം ഞാൻ സാരോല്ലന്നും പറഞ്ഞോണ്ട് ചിരിക്കേം ചെയ്ത്. സ്വതവേ ആണുങ്ങൾ അങ്ങനാണ്. പെട്ടെന്ന് അലിഞ്ഞു പോവുന്ന മനസാ. നേരെ മറിച്ചാണേൽ എന്തായേനെ എന്നോർത്ത് നോക്കിയേ. തനിക്കൊന്നും അമ്മേം പെങ്ങളും ഇല്ലെടോ. രാവിലെ തന്നെ ഇറങ്ങിക്കോളും നാണം കെട്ടവന്മാർ എന്നൊക്കെ പറഞ്ഞോണ്ട് കീറി മുറിക്കും. കാര്യം എന്താന്നറിയാത്തവന്മാർ അതിന്റൊപ്പം കൂടേം ചെയ്യും.

 

ആരോട് പറയാൻ .... അതവിടെ തീർന്ന്.

 

വൈകീട്ട് ജോലി കഴിഞ്ഞു വീട്ടിലേക്ക് ചെന്നപാടെ ഞാൻ ഷർട്ടും പാന്റും ഊരിക്കൊണ്ട് മാതൃകാ വീട്ടമ്മയെ അഥവാ കെട്യോളെ ഏൽപ്പിച്ചു. ഞാൻ ചായ എടുക്കട്ടെന്നും പറഞ്ഞോണ്ട് ഓളത് വാങ്ങിക്കൊണ്ട് പോവേം ചെയ്ത്. അത്‌ വരെ എല്ലാം ഓക്കേ ആയിരുന്നു. പക്ഷെ ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന അരുവി പോലെ അകത്തോട്ട് പോയവളുണ്ട് ഡാം തുറന്നപ്പോഴുണ്ടായ മലവെള്ളപ്പാച്ചില് കണക്കെ തിരികെ വരുന്ന്.

 

ഇതെന്താപ്പം ണ്ടായേന്നോർക്കുമ്പോഴേക്കും ഓള് ഷർട്ടെന്റെ നേർക്ക് നീട്ടിക്കൊണ്ട് ചോയ്ക്കാ. സത്യം പറ ഇതാര് ഉമ്മവെച്ചതാണെന്ന്. അപ്പോഴാ ഞാനാ ചുണ്ടുകളുടെ ഫോട്ടോ കോപ്പി കാണുന്നത് തന്നെ. ഉണ്ടായതൊക്കെ അവളോട് പറഞ്ഞപ്പോ  ഓളെന്നോട് പറഞ്ഞത് എന്താണെന്നു അറിയുമോ..???

 

അല്ലേലും ങ്ങള് എഴുതുന്നൊർക്ക് കഥയുണ്ടാക്കാൻ നല്ല മിടുക്കാണെന്നാ. എന്റെ ഭാഗത്തും തെറ്റുണ്ട്. ഞാനാ ഷർട്ടൂരി ഒരിക്കലും അവളുടെ കയ്യിൽ കൊടുക്കരുതായിരുന്നു.

 

Shirt - Malayalam Story

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍
* Please Don't Spam Here. All the Comments are Reviewed by Admin.