കഥ : പ്രിയപ്പെട്ടവൾ
രചന : ജിംസി ഇമ്മാനുവൽ
നഗരത്തിന്റെ മധ്യത്തിൽ നീണ്ടു പരന്നു കിടക്കുന്ന കുറെയധികം ബിൽഡിംഗ്..... അവയിൽ ഒരു ഐടി സൊല്യൂഷൻസ് കമ്പനിയിൽ വർക്ക് ചെയ്തു വരുകയാണ് സുധ..
കല്ല്യാണം കഴിഞ്ഞതിനു ശേഷം ഇതിപ്പോ മൂന്നാമത്തെ കമ്പനിയാണ് അവൾ മാറുന്നത്... അതിനൊരു കാരണവും കൂടിയുണ്ടായിരുന്നു..
താൻ ജോലിക്ക് പോയിടം എല്ലാം തനിക്ക് പ്രിയപ്പെട്ടതായിരുന്നു.... പക്ഷേ അധികം ഒന്നും എവിടെയും തുടരാൻ അവൾക്ക് സാധിക്കാതെ വന്നു...
കല്ല്യാണം കഴിഞ്ഞു മോള് ഉണ്ടായതിൽ പിന്നെ കുറച്ചു ബാധ്യതകൾ ഉള്ളത് കൊണ്ടാണ് ഭർത്താവ് അഭിയേട്ടനെ ഒന്ന് സഹായിക്കാൻ അവൾ വേഗം ജോലിക്ക് കയറിയത്...
മോൾക്ക് ഒരു വയസ്സ് പൂർത്തിയായപ്പോൾ തന്നെ അവൾ പഠിച്ചതിന് അനുസരിച്ച് നല്ലൊരു ഐടി കമ്പനിയിൽ കയറിപ്പെറ്റിയതാണ്....
ജോലിക്ക് പോകുമ്പോഴെല്ലാം ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിൽ നിന്ന് അവളെ അസ്വസ്ഥമാക്കികൊണ്ട് അഭിയുടെ അമ്മയുടെ കോളുകൾ അവൾക്കു വരുമായിരുന്നു...
"ആ സുധേ... മോള് വല്ലാതെ വാശി പിടിക്കുന്നു... ഞാൻ വിചാരിച്ചിട്ട് ഇവളുടെ കരച്ചിൽ നിൽക്കുന്നില്ല... നീ ഒന്നിങ്ങു വന്നേ... ഞാൻ പറഞ്ഞ് പറഞ്ഞ് മടുത്തു.... വേഗം ഒന്ന് വാ."
"ശരി അമ്മേ... ഞാൻ സാറിനോട് ഒന്ന് ചോദിക്കട്ടെ..”
അവൾക്ക് ഫോണിന്റെ അങ്ങേതലക്കൽ നിന്നും കേൾക്കാ മായിരുന്നു അവളുടെ മോള് ആമിയുടെ കരച്ചിൽ.... ഒരൽപ്പം മടിച്ചു മടിച്ചാണ് അവൾ ശ്രീരാജ് സാറിന്റെ കേബിനിലേക്ക് അനുവാദം ചോദിച്ചു കടന്നു ചെന്നത്...
"സർ എനിക്ക്...."
"ആ പറയ് സുധ... വാട്സ് ദ മാറ്റർ?"
ലാപ്ടോപ്പിൽ നിന്നും ഇടക്കൊന്നു അവളെ നോക്കി കൊണ്ടാ യിരുന്നു സാറിന്റെ ചോദ്യം.....
"സാർ അത്.... മോൾക്ക് ഒട്ടും വയ്യ എന്ന് പറഞ്ഞ് അമ്മ വിളിച്ചിരുന്നു... ഞാൻ ഇന്ന് ഹാഫ് ഡേ ലീവ് എടുത്തോട്ടെ..."
"മ്മ്... ഓക്കേ... തനിക്ക് അറിയാലോ മോളെ അമ്മ നോക്കും എന്നുള്ള ഉറപ്പു കിട്ടിയത് കൊണ്ടാണ് ഇവിടെ തനിക്ക് ജോലി തന്നത്... അറിയാലോ?"
അറിയാം സാർ... ഇത് എന്തോ വയ്യായ്ക വന്നപ്പോ അർജന്റ് ആയോണ്ടാ വീട്ടിൽ നിന്നും വിളിച്ചത്..."
"മ്മ്... ഓക്കേ പൊക്കൊളു...."
സാർ അനുവാദം തന്നതോടെ അവൾ ധൃതിപ്പെട്ടു ബാഗും എടുത്ത്, തൊട്ട് അടുത്ത സീറ്റിൽ ഇരിക്കുന്ന കിഷോറിനോട് പറഞ്ഞ് ഇറങ്ങി...
വീട്ടിൽ എത്തിയപ്പോൾ മോള് വളരെ കളിച്ചു സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഭയങ്കര ആശ്വാസം തോന്നി....
"കണ്ടോ... നിന്നെ കണ്ടപ്പോൾ അവളുടെ എല്ലാ സൂക്കേടും പോയി... വെറുതെ എന്നെ ഇട്ടു ബുദ്ധിമുട്ടിപ്പിക്കും..."
അവൾ കുറച്ചു വിഷമത്തോടെ എല്ലാം കേട്ട് മോളെ എടുത്ത് കൊഞ്ചിപ്പിച്ചു...
പിറ്റേ ആഴ്ചയിലും അമ്മയുടെ കോൾ വന്നു... അന്നും അവൾ ഓരോ കാരണം ബോധിപ്പിച്ച് വീട്ടിൽ പാഞ്ഞെത്തി....
പിറ്റേ മാസവും വീണ്ടും ഒരു കോൾ.... അമ്മ എന്ന് സ്‌ക്രീനിൽ തെളിഞ്ഞ ആ കോൾ അവൾ അൽപ്പം ആശങ്കയോടെ എടുത്തു ചെവിയോടടുപ്പിച്ചു....
“ദേ... സുധ... നിന്റെ മോള് എനിക്ക് ഒരു സ്വസ്ഥത തരില്ല... അവളെ രാവിലെ തൊട്ടേ എടുത്ത് നടന്നു മടുത്തു... വയ്യ.. എനിക്ക്... ഞാൻ ദേഷ്യം വന്ന് ഒരെണ്ണം കൊടുത്തു... എന്നിട്ടും നിർത്തില്ലാച്ചാൽ ന്താ ചെയ്യാ... ദേ... നീ ഇങ്ങു വന്നേ... നിങ്ങൾക്ക് നിങ്ങളുടെ മകൾ ആണ്... ദേഷ്യം വന്ന് ഞാൻ ന്തേലും ചെയ്ത് പോയാൽ പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല....
അത് പറഞ്ഞ് അമ്മ ഫോൺ വെച്ചപ്പോൾ ഇങ്ങേ തലക്കൽ അവളുടെ തലയിൽ എന്തോ തരിച്ചിറങ്ങി...
ഫോൺ കയ്യിൽ നിന്നും താനേ ഊർന്നു പോകും പോലെ.... ഹൃദയമിടിപ്പ് ക്രമാതീതമായി ഉയർന്നു കൊണ്ടിരുന്നു..... അവൾ ഫോൺ എടുത്ത് അഭിയെ കോൾ ചെയ്തു... അമ്മ വിളിച്ച കാര്യം സൂചിപ്പിച്ചു... തൊട്ട് അടുത്ത് തന്നെയുള്ള ഒരു കാർ ഷോറൂമിൽ സി ആർ എം ആയി വർക്ക് ചെയ്യുകയാണ് അഭി...
"ഇങ്ങനെ അമ്മ കോൾ ചെയ്യാണേൽ താൻ ഇനി ജോലി നിർത്തിക്കോ..... എനിക്ക് ഒരു ഹെല്പ് ആവട്ടെന്ന് വെച്ചല്ലെടോ താൻ മോളെ അമ്മയെ ഏൽപ്പിച്ചു ജോലിക്ക് ഇറങ്ങിയത്...
അമ്മ നോക്കാം എന്നുള്ള ഉറപ്പിലാണ് ജോലിക്ക് പോയത്... ഇങ്ങനെ ഇടക്ക് ലീവ് പറഞ്ഞ് വീട്ടിൽ പോകണ്ട അവസ്ഥ ആണേൽ തനിക്ക് അവിടെ കമ്പനിയിലും മോശം പ്രതികരണം വരും... എല്ലാം എനിക്ക് അറിയാടോ... താൻ ഇപ്പൊ സാറിനോട് കാര്യം പറഞ്ഞ് ഇറങ്ങിക്കോ....”
അവളുടെ മനസ്സ് വായിച്ചിട്ടെന്നപോലെ അഭിയേട്ടൻ അങ്ങനെ പറഞ്ഞത് അവൾക്ക് തെല്ലും ആശ്വാസം നൽകി....
വീട് എത്തിയപ്പോൾ താൻ ജോലി നിർത്താണെന്നു കേട്ടതും അമ്മയുടെ മുഖത്തെ മാറിമറയുന്ന ഭാവങ്ങൾ അവൾ വായിച്ചെടുക്കുകയായിരുന്നു...
“കൊച്ചിനെ ഒക്കെ ഞാൻ നോക്കിക്കോളാം... ജോലി ഒന്നും കളയണ്ട... ദേ... അഭി മോന് ലോൺ എമൗണ്ട് അടക്കാൻ ഒരു സഹായം ആവുന്നതല്ലേ ആ ജോലി... അത് കളയണ്ട..."
അമ്മയുടെ ഉറച്ച വാക്കുകൾ കേട്ടു ജോലിക്ക് പോകുന്നതും അമ്മ വിളിക്കുന്നതും തുടർന്നപ്പോൾ അവൾ ഒരിക്കൽ രണ്ടും കല്പ്പിച്ചു ജോലി റിസൈൻ ചെയ്ത് വന്നു...
"മോൾ കുറച്ചു കൂടി വലുതായിട്ട് ഞാൻ ഇനി പോണുള്ളൂ... എപ്പോഴും ഓരോ ലീവ് എടുക്കുമ്പോ അവിടെ ഇരിക്കുന്ന വരുടെ വായിൽ വരുന്നത് ഒക്കെ ഞാൻ കേൾക്കണം അമ്മേ...." കുറച്ചു കടുപ്പിച്ചുള്ള അവളുടെ വാക്കുകളിൽ അഭി അവൾക്ക് സപ്പോർട്ട് നിന്നു...
അമ്മയ്ക്കും ശരിയെന്ന തോന്നൽ വന്നത് കൊണ്ടാകണം അമ്മയും അത് തന്നെയാവട്ടെ എന്നും വെച്ചു...
ഇപ്പോഴിതാ ആമിക്കു മൂന്ന് വയസ്സ് തികഞ്ഞതോടെ അവൾ പുതിയ ഒരിടം തിരഞ്ഞു പിടിച്ച് കയറിയിരിക്കുകയാണ്....
ഇപ്പോൾ ഒരു മാസമായിട്ടുള്ളു അവൾ ജോലിക്ക് കയറിയിട്ട്...
ഹേയ്..... നാളെ ഹാഫ് ഡേ വർക്ക് ഉള്ളൂ... എന്താ ഫ്രണ്ട്‌സ് നാളത്തെ പ്രോഗ്രാംസ്.... ഓഫീസിൽ നിന്നും ഇറങ്ങുന്നതിനു ഇടയിലായിരുന്നു റിതുവിന്റെ ചോദ്യം...
"നാളെ നമുക്ക് ഒന്ന് ഷോപ്പിംഗിന് പോയാലെന്താ? ആരൊക്കെ ഉണ്ട്?" റിതുവിന്റെ ചോദ്യത്തിന് നിത ആവേശത്തോടെ ചോദിച്ചു...
"ഓക്കേ ഡൺ.. ഞാനും ഉണ്ട്... ഷോപ്പിംഗ്... ദെൻ ഒരു ഐസ്ക്രീം...അത്രേം പോരെ... അത്രയ്ക്ക് ബഡ്ജറ്റ് ഉള്ളൂ മോളെ.."
ലയയും ഒപ്പം കൂടിയപ്പോഴും സുധ അവരുടെ സംസാരങ്ങൾ ഓരോന്നും നീരീക്ഷിച്ചു നടന്നു...
റിതുവും നിതയും ലയയും നല്ല ഫ്രണ്ട്‌സ് ആണ്... ഒഴിവു ദിവസങ്ങളിൽ അവർ അവർക്കായി അൽപ്പ നേരം മാറ്റി വെക്കാൻ ഇഷ്ടപെടുന്നവരുമാണ്...
"എന്താ സുധ... ഒന്നും മിണ്ടാതെ നടക്കുന്നെ.... താനും വാടോ... നാളെ ജോലി കഴിഞ്ഞു ചെറിയ ഷോപ്പിംഗിന് പോകാം... പിന്നെ ഒരു ഐസ് ക്രീം... എന്താ താൻ വരുന്നോ?"
"ഏയ് ഇല്ല... നിങ്ങൾ പോയിക്കോ... വീട്ടിൽ എത്താൻ വൈകിയാൽ അത്... അത് ശരിയാവില്ല..."
ഫ്രണ്ട്സിന്റെ കൂടെ പുറത്തു പോകാനും തനിക്ക് ഇഷ്ടപ്പെട്ടത് ഒന്ന് വാങ്ങുവാനും തനിക്ക് ഇഷ്ടമുള്ളത് ഒക്കെ കഴിക്കു വാനും അവളുടെ മനസ്സ് വെമ്പൽ കൊള്ളുമായിരുന്നെങ്കിലും എന്തിനെയൊക്കെ ഭയന്ന് അവൾ അവളുടെ ഇഷ്ടത്തെ ഒളിപ്പിച്ചു കൊണ്ടിരുന്നു......
"എന്താ സുധ...നിനക്ക് ഇത്ര പേടി... നിന്റെ അഭിയേട്ടൻ എന്തേലും പറഞ്ഞാലൊന്നു വെച്ചിട്ടാണോ... അതൊരു പാവം അല്ലേ... കണ്ടിട്ട് അങ്ങനെയാ ഞങ്ങൾക്ക് ഒക്കെ തോന്നിയെ... അല്ലേടി? "
റിതു.. നിതയെയും ലയയെയും നോക്കിയാണ് പറഞ്ഞത്...
"അതേ... നീ നിന്റെ അഭിയുടെ കൂടെ ഇവിടെ വരുമ്പോ ഒക്കെ ഞങ്ങൾ കണ്ടിടത്തോളം മനസിലായത് ആളൊരു പാവം ആണെന്നാ..."
ലയ അത് പറയുമ്പോൾ സുധ ഒന്ന് പുഞ്ചിരിച്ചു...
"ശരിയാ.. അഭിയേട്ടൻ ഒരു പാവമാണ്... എന്റെ ഒരിഷ്ട്ടത്തിനും ആള് എതിരല്ല.. പക്ഷെ... ഞാൻ... ഇങ്ങനെ എന്റെ ഇഷ്ടത്തിന് നിങ്ങളുടെ ഒപ്പം കറങ്ങാൻ വരുന്നതും ഒറ്റക് ഒക്കെ പോയി ഒരു ഡ്രസ്സ് വാങ്ങുന്നതും ഒന്നും വീട്ടിൽ നടക്കില്ല... അമ്മക്ക് ഇഷ്ടമില്ല.."
ഒരിക്കൽ അവൾ അഭിക്ക് വേണ്ടി അവളുടെ സേവിങ്സിലെ ചെറിയ എമൗണ്ട് കൊണ്ട് ഒരു ടീഷർട് വാങ്ങിച്ച് കൊടുത്തി രുന്ന ദിവസം അവളുടെ ഓർമയിലേക്ക് തെളിഞ്ഞു വന്നു..
"നോക്കിയേ അമ്മേ... എങ്ങനെ ഉണ്ട് ഈ ടീഷർട്..."
അഭി ആ ഡ്രസ്സ് ഇട്ടു ഒരൽപ്പം ഞെളിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു....
"മ്മ്..... തരക്കേടില്ല... ന്താ ഇപ്പൊ ക്യാഷ് ഇല്ലാത്തോടത്തു ഇതൊക്കെ വാങ്ങിക്കേണ്ട കാര്യം..."
അവളെ നോക്കിയുള്ള ആ ഒരു പറച്ചില് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു...
മോൾക്ക് അമ്മ ഇഷ്ടമുള്ള വളകളും ചെരുപ്പും ഡ്രെസ്സും ഒക്കെ വാങ്ങി കൊണ്ട് വരുമ്പോൾ അവൾക്കു സന്തോഷം തോന്നിയിരുന്നു....
പക്ഷേ അവൾ സാമ്പാദിക്കുന്നു എങ്കിലും ഒരു ഉടുപ്പ് വാങ്ങി മോളെ അണിയിക്കുമ്പോഴും ആ ഒരു ചോദ്യം അവളെ അലട്ടി യിരുന്നു.. എന്തിനാ.... ഇപ്പൊ ക്യാഷ് ബുദ്ധിമുട്ട് ഉള്ളപ്പോ ഒരു ഡ്രസ്സ് ഒക്കെ വാങ്ങിക്കല്......
സ്വന്തം ഇഷ്ടമുള്ള സാധനങ്ങളും ഡ്രസ്സുകളും ഒക്കെ അമ്മ പലപ്പോഴായി വാങ്ങുമ്പോഴും അവളുടെ മനസ്സിൽ ഒരു ചോദ്യം മാത്രം ഉയർന്നു വന്നു.....
"നീ...... നിനക്ക് വേണ്ടി ജീവിക്കുന്നുണ്ടോ? നീ.... നിന്റെ ഇഷ്ടത്തിന് വേണ്ടി എന്തെങ്കിലും കുഞ്ഞു കാര്യം പോലും ചെയ്യുന്നുണ്ടോ? നിനക്ക് ഇഷ്ടമുള്ളത് കഴിക്കാൻ തോന്നുമ്പോൾ ധൈര്യത്തോടെ ഒരു ഹോട്ടലിൽ കയറി അത് കഴിച്ചിട്ടുണ്ടോ?
നിനക്ക് ഏറ്റവും പ്രിയപ്പെട്ട നിന്റെ മനസിനോട് നീ എപ്പോഴേലും ആത്മാർത്ഥ സ്നേഹം പുലർത്തിയിട്ടുണ്ടോ? ശരിയാണ്.... നീ നിനക്ക് വേണ്ടി ജീവിക്കാൻ മറന്നു പോയിരിക്കുന്നു...
നിന്റെ അവകാശം അല്ലേ നീ സമ്പാദിക്കുമ്പോൾ അൽപ്പസ്വൽപ്പം നിനക്കായി എന്തെങ്കിലും മാറ്റി വെക്കുന്നത്...
അഭിയേട്ടൻ ഒന്നിനും എതിരല്ല... തനിക്ക് ഇഷ്ടമുള്ളത് വാങ്ങിക്കാനും ലൈഫിലെ കുഞ്ഞു സന്തോഷങ്ങളിൽ ആനന്ദം കണ്ടെത്താനും..... പക്ഷേ... നീ ഭയക്കുന്ന ചോദ്യങ്ങൾ... അതിൽ നിന്നും നിനക്ക് മുക്തയായിക്കൂടെ?”
ചിന്തയുടെ സൂചി മുനകൾ അവളുടെ തലയിൽ തുളഞ്ഞു കയറിയപ്പോൾ ലയയുടെ അടുത്ത ചോദ്യം അവളിലേക്ക് വന്നു.....
"സുധ... എന്താ താൻ അമ്മക്ക് ഒന്നും ഇഷ്ടമില്ല എന്ന് പറഞ്ഞത്... നീ ജീവിക്കുന്നതും സമ്പാദിക്കുന്നതും നിനക്ക് കൂടി വേണ്ടിട്ടാവണം... ഞങ്ങളെ കണ്ടില്ലേ... ഉള്ളത് കൊണ്ട് വീട്ടിലെ കാര്യങ്ങൾ എല്ലാം നടത്തുമ്പോഴും ഒരു കുഞ്ഞു തുക എങ്കിലും ഞങ്ങളുടെ ഇഷ്ടത്തിനായി മാറ്റി വെക്കാറുണ്ട്... നിന്നെ പോലെ ഞങ്ങളും കുടുംബവും കുട്ടികളുമായിട്ടാ കഴിയുന്നത്... നമ്മൾ കയ്യിൽ കിട്ടിയതെല്ലാം വീട്ടിലേക്കു കൊടുക്കുമ്പോഴും പലപ്പോഴായി നിന്റെ ഉള്ളിൽ ഒരു ചോദ്യം നാളെ തികട്ടി വന്നേക്കാം... അത് എന്താണെന്നോ? നീ.. നിനക്ക് വേണ്ടി ജീവിക്കാൻ മറന്നു പോയല്ലോ എന്ന്... എന്താ ശരിയല്ലേ? "
ലയ ഓരോന്ന് ചോദിക്കുമ്പോൾ സുധ മറുപടിയെന്നോണം മൂളി കൊണ്ട് നടന്നു....
"എന്താ നീ ഒന്നും പറയാത്തെ...? നിനക്ക് ആഗ്രഹങ്ങൾ ഇല്ലേ? സ്വപ്നങ്ങൾ ഇല്ലേ? നിന്നെ കൊണ്ട് അവയെല്ലാം സാധിക്കുമായിരുന്നിട്ടും നീ എന്തിനാ അതൊക്കെ മാറ്റി വെക്കുന്നത്....?"
ബസ് സ്റ്റോപ്പിലേക്ക് എല്ലാവരും നടക്കുന്നതിന് ഇടയിലാണ് റിതു സുധയെ നോക്കി ചോദിച്ചത്....
ഉണ്ട്... ആഗ്രഹം, സ്വപ്നം ഒക്കെയുണ്ട്.... പക്ഷേ.... അതെല്ലാം നടത്താൻ കഴിയുമായിരുന്നിട്ടും എന്ത് കൊണ്ടോ അതെല്ലാം ഞാൻ എന്റെ മനസ്സിനകത്തു ഇട്ട് മൂടിയിരിക്കുകയാണ്.... തന്റെ നേർക്കു വരുന്ന ചോദ്യഷരങ്ങൾ ഭയന്നിട്ടോ.... എന്തോ അറിയില്ല....
സുധയുടെ മനസിലേക്ക് എന്തൊക്കെയോ കനലുകൾ ആളി കത്തി കൊണ്ടിരുന്നു....
"സുധ... നീ മാറണം... നിനക്ക് വേണ്ടി നീ അല്ലാതെ വേറെ ആരാണ് ജീവിക്കുക? ഒരു കാര്യം പറയ്... നിന്റെ ഇപ്പോഴത്തെ കൊച്ച് ആഗ്രഹം ഒന്ന് പറഞ്ഞെ...കേൾക്കട്ടെ?"
നിതയുടെ ചോദ്യം അവളെ ഒന്ന് ചിന്തിപ്പിച്ചു...
ഒരു നിമിഷം ആലോചനയിലേക്ക് പോയി അവൾ പെട്ടെന്ന് ഓർത്ത് എടുത്തു...
"എനിക്ക്... എനിക്ക് എന്റെ മോൾക്ക് ഒരു ഉടുപ്പ് വാങ്ങണം.... അവൾ ജനിച്ചതിൽ പിന്നെ എന്റെ കൈ കൊണ്ട് ന്റെ കുട്ടിക്ക് ഒന്നും വാങ്ങി കൊടുത്തിട്ടില്ല... അമ്മ വാങ്ങി കൊടുത്ത ഉടുപ്പുകളൊക്കെയാണ് അവൾ ഇടാറുള്ളത്... അമ്മക്ക് എല്ലാ മാസവും കിട്ടുന്ന അഭിയേട്ടനും അനിയൻ ആദിയും കൊടുക്കുന്ന പൈസയിൽ അമ്മക്കായി ഓരോന്നും വാങ്ങിക്കുമ്പോൾ അവൾക്കും വാങ്ങി കൊടുക്കും..."
സുധയുടെ പറച്ചിൽ കേട്ട് ബാക്കി മൂവർക്കും ആശ്ചര്യമായി....
"എടി... പൊട്ടിപെണ്ണേ... നീ ഇങ്ങു വന്നേ... നമുക്ക് ഇപ്പൊ തന്നെ കടയിൽ നിന്നും മോൾക്ക് ഉടുപ്പ് എടുക്കാം... നിന്റെ അക്കൗണ്ടിൽ എന്തേലും ഉണ്ടോ...?" റിതു റോഡിനോരത്തെ കടയിലേക്ക് നീങ്ങി കൊണ്ട് ചോദിച്ചു....
"മ്മ്. ഉണ്ട്.. കുറച്ചു ക്യാഷ് എപ്പോഴും അക്കൗണ്ടിൽ ഇടാറുണ്ട്... അഭിയേട്ടന് ന്തേലും ആവശ്യം വന്നാൽ കൊടുക്കാൻ വേണ്ടി.."
"ആഹ്...ഓക്കേ... എന്നാൽ വാ... വന്നു നോക്ക്..." റിതു അവളുടെ കൈയിൽ പിടിച്ച് വലിച്ചു...
"അയ്യോ... ഈ ഉടുപ്പ് കൊണ്ട് വീട്ടിൽ ചെല്ലുമ്പോ അമ്മ കണ്ടാൽ ന്താ പറയാ ഞാൻ... ഞാൻ വാങ്ങിച്ചു എന്ന് പറഞ്ഞാൽ.... നിങ്ങൾ വാങ്ങി തന്നതാ എന്ന് പറയട്ടെ ഞാൻ..."
സുധയുടെ ദയനീയമായ ചോദ്യം കേട്ടു അവർക്കു പാവം തോന്നി...
"വേണ്ട... നീ തന്നെ വാങ്ങി എന്ന് പറയണം.... ധൈര്യത്തോടെ..... നിന്റെ മോൾക്ക് നീ അല്ലാതെ വേറെ ആരാ വാങ്ങി കൊടുക്കാ എന്ന് ചോദിക്കണം... പിന്നെ..... ഇപ്പൊ ഈ ബുദ്ധിമുട്ട് ഉള്ളപ്പോ ക്യാഷ് കളഞ്ഞു എന്നൊക്കെ പറഞ്ഞാൽ.... നീ പറയണം... ബുദ്ധിമുട്ടും ആവശ്യങ്ങളും ഒഴിഞ്ഞ എന്തേലും നേരം അവിടെ കാണോ എന്ന്.... നീ പറയില്ലേ?"
ലയയുടെ ചോദ്യത്തിന് ഉറപ്പില്ലാത്ത മട്ടിൽ അവൾ ഒന്ന് മൂളി...
ശേഷം കടയിൽ പോയി അവൾക്ക് ഇഷ്ടമുള്ളത് എല്ലാം നോക്കി തിരഞ്ഞു.... കൂടുതൽ ഭംഗി തോന്നിപ്പിച്ച ഒരു ജോഡി ഡ്രസ്സ് അവൾ എടുത്ത് പിടിച്ചു.....
ഇത് എന്റെ മോൾക്ക് ചേരും.... ഈ അമ്മ ആദ്യം ആയി നിനക്ക് വാങ്ങുന്ന ഉടുപ്പ്...എന്തൊക്കെയോ ആലോചിച്ചപ്പോൾ ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങി ആ ഉടുപ്പിൽ പതിഞ്ഞു.... ശേഷം ബില്ല് പേ ചെയ്ത് ഒത്തിരി സന്തോഷം നിറഞ്ഞ മുഖത്തോടെ അവൾ ആ ഷോപ്പിൽ നിന്നിറങ്ങി....
ബസ് കയറി ഒഴിഞ്ഞ സീറ്റ് നോക്കി ഇരിക്കുമ്പോൾ തൊട്ട് അടുത്തു ഇരിക്കുന്ന അവരെല്ലാം അവളെ നോക്കി ആത്മവിശ്വാസം എന്ന പോലെ പുഞ്ചിരിച്ചു കാണിച്ചു....
വീട് എത്തിയപ്പോൾ ഗേറ്റ് തുറന്നു വരുന്ന അവളെ കണ്ടു ആമി ഓടിയെത്തി...
"ന്താ... അമ്മേ ഈ പൊതിയില്..."
"ന്റെ ആമിക്കുള്ള പുതിയ ഉടുപ്പാ...." അവൾ സന്തോഷത്തോടെ പറഞ്ഞ് അവൾക്ക് ആ കവർ കൊടുത്തു...
അവൾ ആ കവർ കൊണ്ട് അകത്തേക്ക് ഓടി. ചെരുപ്പഴി ച്ചിട്ടു അവൾ അകത്തേക്ക് കയറുമ്പോൾ വലിയ തോതിൽ അവളുടെ ഹൃദ്യമിടിപ്പ് അവൾക്ക് കേൾക്കാമായിരുന്നു...
"ഇത് എന്താ... കവറിൽ..."
മുറിയിൽ നിന്നും അമ്മ വന്ന് ആമിയുടെ കയ്യിലേക്ക് നോക്കി ചോദിച്ചു...
“അതോ... അത് ഞാൻ അവൾക്ക് വാങ്ങിയ ഉടുപ്പാ..."
അവൾ ഉറച്ച സ്വരത്തോടെ പറഞ്ഞു...
"അവൾക്ക് ഇപ്പൊ ഉടുപ്പ് ഒക്കെ ഉണ്ടല്ലോ... ഞാൻ തന്നെ വാങ്ങിച്ച് കൊടുത്തത് കുറേ ഉള്ളപ്പോഴാ ഇപ്പോ വെറുതെ പൈസ കളയുന്നത്.."
അവൾ പ്രതീക്ഷിച്ച പോലെ തന്നെയായിരുന്നു അവളുടെ നേർക്കു വന്ന മറുപടി...
"അത് അമ്മ വാങ്ങിയതല്ലേ... എനിക്ക് എന്തേലും വാങ്ങിച്ച് കൊടുക്കണ്ടേ അവൾക്ക്... എന്റെ കുട്ടിക്ക് പിന്നെ ഞാൻ അല്ലാതെ വേറെ ആര് വാങ്ങി കൊടുക്കാ"
ഒട്ടും പതറാതെ തന്നെ അവൾ അങ്ങനെ പറഞ്ഞത് അങ്ങനെ യൊരു മറുപടി അമ്മ പ്രതീക്ഷിച്ചില്ലായിരുന്നു...
"അല്ല... എവിടുന്നാ ഇപ്പൊ ക്യാഷ്... ഈ മാസത്തെ ശമ്പളം വന്നിട്ടില്ലലോ... അവൻ തന്നതാണോ?"
അമ്മ വിടാൻ ഭാവം ഇല്ലെന്നു അവൾക്ക് മനസിലായി
"ശമ്പളം വന്നിട്ടില്ല... അഭിയേട്ടൻ ഒന്നും തന്നിട്ടുമില്ല... ഇത് ഞാൻ മുന്പേ തന്നെ ജോലിക്ക് പോയിരുന്ന ടൈമിൽ സേവ് ചെയ്ത എമൗണ്ടാ.... ഇടക്കൊക്കെ എനിക്ക് ആവശ്യം ഉള്ളതും ഇഷ്ടം ഉള്ളതും ഞാൻ തന്നെ വാങ്ങണ്ടേ.... കൈയിൽ കിട്ടിയത് എല്ലാം അങ്ങ് അഭിയേട്ടന് അയച്ചു കൊടുത്താൽ എനിക്ക് ഒരു ആവശ്യം വരുമ്പോൾ ആരാണ് തരുക ന്റെ അമ്മേ?? ജോലിക്ക് പോയിട്ട് വരെ സീറോ ബാലൻസ് ആയിട്ട് ഞാൻ നടക്കണോ?"
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അവൾ അത്രയും പറഞ്ഞപ്പോൾ അമ്മക്ക് പറയാൻ വന്നതെല്ലാം വിഴുങ്ങി പോയിരുന്നു.....
അന്നത്തോടെ അവൾ മനസ്സിൽ ഒരു കാര്യം തീരുമാനിച്ചു ഉറ പ്പിക്കുകയായിരുന്നു... തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ അത് താൻ തന്നെയാണെന്ന്..... അത്രമേൽ തന്നെ സ്‌നേഹിക്കുമ്പോൾ ആയിരിക്കാം മറ്റുള്ളവരെയും നമുക്ക് സ്നേഹിക്കാൻ കഴി യുന്നത് എന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു.....
Nb : എനിക്ക് ചുറ്റും ഉള്ള ജീവിതത്തിലെ ചിലരുടെ ജീവിതം കേട്ടറിഞ്ഞാണ് ഇത് എഴുതിയത്.... നിങ്ങൾ ഒരു പത്തു രൂപ സമ്പാദിച്ചു വീട്ടിലെ ബാധ്യതക്കും ചിലവിനും കൊടുക്കു മ്പോൾ ഒരു രണ്ട് രൂപയെങ്കിലും നിങ്ങൾക്കായി മാത്രം നിങ്ങളുടെ ഇഷ്ടങ്ങൾക്കായി മാത്രം എപ്പോഴും മാറ്റി വെക്കുക.... കാരണം നിനക്ക് വേണ്ടി ജീവിക്കാൻ നീയല്ലേ ഉള്ളൂ....
ഈ ലോകത്തു ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്നത് സത്യം...
ജീവിച്ചിരിക്കുമ്പോൾ നമ്മുടെ കൊച്ച് ആഗ്രഹങ്ങൾ, ഇഷ്ടങ്ങൾ അത് സാധിക്കാൻ കഴിയും എങ്കിൽ നടത്തി എടുക്കുക.... നല്ല നാളുകൾ കഴിഞ്ഞു പോയിട്ട് ഒടുവിൽ പ്രായം ആകുമ്പോൾ എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല എന്നോർത്ത് പരിതപിക്കരുതല്ലോ.....