കഥ : ഒരു രാത്രി കൂടി
രചന : നബീലഫർസാന
അകത്തളത്തിലെ അവസാനത്തെ ലൈറ്റും അണച്ചു കൊണ്ട് നജ കയ്യിൽ വെള്ളവുമായി റൂമിലേക്ക് കയറി.
ലൈറ്റ് അണച്ചിട്ടുണ്ട് റൂമിൽ, എന്നാലും ഡിം ലൈറ്റിന്റെ നേരിയ വെളിച്ചമുണ്ട് മുറിയിൽ. വാതിൽ പടിയിൽ ഒരു നിമിഷം നിന്ന് കൊണ്ടവൾ ബെഡിൽ കിടന്നുറങ്ങുന്ന കുഞ്ഞുങ്ങളെയും അവരെ ചുറ്റി പിടിച്ചു കിടക്കുന്ന അഫ്സലിനെയും നോക്കി ഒന്ന് നിശ്വസിച്ചു.
മനസ്സ് നിറയുവോളം അവളാ കാഴ്‌ച നോക്കി നിന്നു. അറിയാതെ ഒരു തുള്ളി കണ്ണുനീർ അവളുടെ കവിളിനെ തട്ടി തലോടി നീങ്ങി നിലത്തു വീണുടഞ്ഞു. അടക്കി വെക്കാൻ ആവാത്ത ഒരു എങ്ങൽ അവളിൽ നിന്നും പുറത്തേക്ക് ഒഴുകി.
ഈ രാത്രി കൂടി കഴിഞ്ഞാൽ ..!!!
ഓർക്കുന്തോറും അവളുടെ ഹൃദയം നൂറ് കഷ്ണങ്ങൾ ആയി ചിന്നിതെറിച്ചു. മനസ്സിനാകെ ഒരു ഭാരം വന്നു നിറഞ്ഞത് പോലെ, സഹിക്കാൻ ആവുന്നില്ല.
കഠിനമായ വേദന ...!
എത്രനാൾ ഈ വേദന പെറ്റുകൂട്ടി ജീവിക്കണം എന്നറിയാതെ അവൾ ഉഴറി.
"ഹാ നീ വന്നോടോ...? കിടന്നോ എല്ലാവരും...? കുട്ടികളുടെ കൂടെ കിടന്ന് ഞാനും അങ്ങോട്ട് ഉറങ്ങി പോയി. മക്കളുടെ ദേഹത്ത് നിന്ന് അടർന്നുമാറി പോയ പുതപ്പെടുത്ത് നന്നായി ഒന്ന് കൂടി പുതച്ചു കൊടുക്കുകയും, അവരുടെ മുഖത്തേക്ക് വീണു കിടക്കുന്ന മുടി ഒതുക്കി വെച്ച് മൂർദ്ധാവിൽ ചുംബിക്കുകയും ചെയ്യുന്ന അഫ്സലിനെ ഒരുമാത്ര അവൾ കണ്ണെടുക്കാതെ നോക്കി.
അതവനിൽ പതിവുള്ളതാണ് കുട്ടികൾ ഉറങ്ങി കഴിഞ്ഞാലും അവരുടെ കിടത്തം ശരിയാണോ, അവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്നൊക്കെ നോക്കി നേരാക്കി കൊടുക്കുന്നത്.
"ഉറങ്ങുന്ന കുട്ടികളെ വെറുതെ വിടൂല്ല ... എത്ര ബുദ്ധിമുട്ടിയാണ് ഉറക്കിയതെന്ന് അറിയോ..? ഉണർന്നാൽ ഇങ്ങള് തന്നെ ഉറക്കേണ്ടി വരും. എന്നെ കിട്ടൂല." എന്നും ദേഷ്യം പിടിക്കുന്നതാണ്, പക്ഷെ ഇന്ന് അതിനൊന്നും വയ്യ. അവളുടെ ആ ദേഷ്യം കാണാഞ്ഞിട്ട് തന്നെയാവണം അവളെയൊന്ന് തല ഉയർത്തി നോക്കിയവൻ ബെഡിൽ നിന്നും താഴത്തേക്ക് ഇറങ്ങിയത്. അവളെ നോക്കിയൊന്ന് ചിരിക്കാൻ അഫസൽ ശ്രമിച്ചെങ്കിലും പാതിയോളം വിടർന്ന ആ പുഞ്ചിരി വാടി തളർന്നു പോയി.
അടച്ചിട്ട വാതിൽ ചാരി മിഴികൾ നിറച്ചു കൊണ്ട് തന്നെ നോക്കി നിൽക്കുന്നവളെ അഭിമുഖീകരിക്കാൻ ആവാതെയവൻ തല താഴ്ത്തി, രണ്ട് പേരും മൗനമായി തീർന്ന ആ മുറിയിൽ ശ്വാസനിശ്വാസങ്ങൾ മാത്രം കേട്ടു.
അറിയില്ല, ഇന്നീ രാത്രി എങ്ങനെ നേരിടുമെന്ന്. ഈ ഒരു രാത്രി പുലർന്നാൽ ഈ വീട് തനിക്ക് അന്യമാണെന്ന് ഓർക്കേ അഫ്സലിന്റെ ഹൃദയത്തിൽ ഒരു പിടച്ചിലുണ്ടായി. രണ്ട് മാസത്തെ ലീവിൽ നാട്ടിലേക്ക് തിരിക്കുമ്പോൾ എന്ത് സന്തോഷമായിരുന്നു. രണ്ട് മാസമുണ്ടല്ലോ...? ആ രണ്ട് മാസം ഇത്രമണിക്കൂർ, ഇത്ര മിനിറ്റ്, ഇത്ര സെക്കന്റ് ഒക്കെയും കണക്ക് കൂട്ടി. എത്രയോ രാത്രികൾ പകലുകൾ എണ്ണി തിട്ടപ്പെടുത്തി.
പക്ഷെ.... വീർപ്പിച്ചു വെച്ച ബലൂൺ കാറ്റൊഴിയുന്ന കണക്കെ ദിവസങ്ങൾ ഓടിയകന്നു.
പ്രിയപെട്ടവരെ കണ്ട് കൊതി തീർന്നിട്ടില്ല, മക്കളെ വരിപ്പുണർന്ന് പൂതിമാറിയില്ല, പ്രിയ പാതിയെ നെഞ്ചോടടക്കി പിടിച്ചു മതി വന്നിട്ടില്ല, ഉമ്മയുടെ ലാളനയേറ്റ്, ഉപ്പയുടെ സംരക്ഷണമറിഞ്ഞ് ദിവസങ്ങൾ വിട ചൊല്ലിയത് അറിഞ്ഞില്ല. ഇന്നെന്റെ അവസാന രാത്രിയാണിവിടെ. എല്ലാം ഒന്ന് കൂടി മതിവരുവോളം ആർത്തി പിടിച്ചു ആസ്വദിക്കാൻ ഉള്ള അവസാന രാത്രി. നാളെ മുതൽ ഈ ഓർമ്മകളും ആയി കണ്ണീർവാർത്ത് രാത്രിയെ പകലാക്കി മാറ്റേണ്ടി വരും ആ മരുഭൂമിയിൽ. ആ ഓർമ്മപ്പെടുത്തലിൽ അവനൊന്ന് ശ്വാസം മുട്ടി, നെഞ്ചു വിങ്ങി. എന്തോ ഓർത്തിട്ടെന്ന പോലെ ഇരുന്നിടത് നിന്ന് എണീറ്റ് കൊണ്ട് വാതിലിനരികിലേക്ക് നടന്നു. അപ്പോഴും ഒരുവൾ വാതിലിനരികിൽ ചിന്തകൾ കൊണ്ട് കൊട്ടാരം തീർക്കുകയാണ്. വ്യതിചലിക്കാതെ ഇരിക്കുന്ന കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന വെള്ള തുള്ളികൾ കണ്ടാൽ അറിയാം ആ ഹൃദയത്തിലെ ചിന്തകൾ.
"ഞാൻ വരാം..."
അത്ര മാത്രം പറഞ്ഞു കൊണ്ടവൻ താഴെക്കിറങ്ങി പോകുന്നത് നോക്കി നിന്നവൾ. താഴെ സ്റ്റായറിനരികിലെ റൂമിന്റെ വാതിൽ തുറക്കുന്നതും ശബ്ദം ഇല്ലാതെ അടയുന്നതും രാത്രിയുടെ നിശബ്ദതയിൽ അവളറിഞ്ഞു. എന്നും ഒൻപതു മണി കഴിഞ്ഞാൽ അടച്ചു ഭദ്രമാക്കുന്ന മുറി ഇന്ന് ബന്ധനങ്ങൾ ഏതുമില്ലാതെ തുറക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിനുള്ളിലും രണ്ടാത്മാക്കൾ ഈ രാത്രിയിൽ ഉറക്കം ഇല്ലാതെ മകനെ കാത്തിരിക്കുന്നുണ്ടാവുമെന്ന വൾക്കറിയാം.
അവർക്കുമറിയാം ഈ ഒരു രാത്രി തങ്ങളുടെ മകന്റെ സാമിപ്യം തങ്ങളെ തേടി വരുമെന്ന്.
അഫ്സൽ കയറി ചെല്ലുമ്പോൾ ഇരുവശവും ചെരിഞ്ഞു കിടക്കുന്ന ഉമ്മയെയും ഉപ്പയെയും കണ്ടു. വാതിൽ തുറന്നതേ ഉപ്പ കണ്ണുകൾ ഉയർത്തി നോക്കി വീണ്ടും അതെ കിടത്തം തുടർന്നു. തിരിഞ്ഞു പോലും നോക്കാതെ ഉമ്മയിൽ നിന്നും എങ്ങലടികളുടെ ശബ്ദം ഏറിവന്നു.
" ഉറങ്ങീലെ ഇയ്യ് ?
കേവലം ഒരു ചോദ്യം മാത്രം. ഉപ്പക്കും ഉമ്മക്കും നടുവിൽ കട്ടിലിന രികിൽ ഇരിക്കുമ്പോൾ സമാധാനിപ്പിക്കാൻ എന്ന വണ്ണം ഉമ്മയുടെ കാലിൽ ഒന്ന് തലോടി കൊണ്ടിരുന്നു മറുകൈ തന്റെ അരികിൽ എണീറ്റിരിക്കുന്ന ഉപ്പയുടെ കൈകളിൽ ഒന്ന് മുറുകി, ആർക്കു മാർക്കും ഒന്നും സംസാരിക്കാൻ ഇല്ല. ഈ ഒരു രാത്രി പഴകി ശീലമായ താണ്. ഈ ഇരുത്തവും പരസ്പരം നിശബ്ദമായ സമാധാനിപ്പിക്കലും.
"പോയി കിടന്നോ, ആ പെണ്ണവിടെ കാത്തിരിക്കുന്നുണ്ടാവും.... എന്റെ കുട്ടി ചെല്ല്.."
അലസമായി കിടക്കുന്ന മുടി ഇഴകളെ തലോടി വിട്ടു കൊണ്ട് ഉപ്പ പറയുമ്പോൾ അവനറിയാം അവരും ഇത്രയൊക്കെയേ ആഗ്രഹി ച്ചിട്ടുള്ളൂ. ഇനി എന്ന് കാണുമെന്നറിയാത്ത യാത്രക്ക് മുന്നേ ഒരു രാത്രി അൽപനേരം അവരുടെ കൂടെ ഇരിക്കാൻ മാത്രം. അപ്പോഴും മുഖം തരാതെ കിടക്കുന്ന ഉമ്മക്കരികിൽ ചെന്ന് കവിളിൽ ഒന്ന് ചുണ്ടമർത്തി സലാം പറഞ്ഞു. സലാം പറഞ്ഞു നീട്ടി പിടിച്ച ഉപ്പയുടെ മിനുസമാർന്ന കൈകളിലും ഒന്ന് മുത്തിമാറി.
ഒരു നിമിഷം കൂടി പാതി അടഞ്ഞ വാതിലിലൂടെ അകത്തേക്ക് നോക്കി. ഇത്രയും നേരം മുഖം തരാതെ ഇരുന്നിരുന്ന ഉമ്മ കൂടി തന്നെ നോക്കി നിൽക്കുന്നുണ്ടെന്ന് കണ്ടതും വേദനയോടെ ഒന്ന് ചിരിച്ചു കൊണ്ടവൻ പടികൾ കയറി.
കട്ടിലിനോട് ചേർന്ന് നീട്ടി വിരിച്ചിരിക്കുന്ന പാഴയിൽ കാലുനീട്ടി ഇരുന്നു കൊണ്ട് നജ ഇപ്പോഴും ആലോചനയിൽ ആണ്. അഫ്സൽ ചെന്ന് കൊണ്ട് അവളുടെ മടിയിലേക്ക് മുഖം പൂഴ്ത്തി കിടന്നു. ഒരു നിമിഷത്തെ അമ്പരപ്പിന് ശേഷം പതിയെ അവളുടെ വിരലുകൾ അവന്റെ മുടിയിൽ തലോടി നീങ്ങി.
"നജാ.... തനിക്കെന്നോട് ദേഷ്യമുണ്ടോടാ..? ഇങ്ങനെ അവിടേം ഇവിടേം നിന്ന് കാലം കഴിക്കേണ്ടി വന്നതിൽ..?
ചിന്തകൾ അർത്ഥമില്ലാതെ വട്ടമിട്ടു പറക്കുന്നതിനിടയിൽ അവന്റെ ചോദ്യം അവളെ ഞെട്ടിച്ചു കളഞ്ഞു.
"ദേഷ്യമല്ല വേദനയാണ് ... അടുത്തു നിൽക്കാൻ ആവുന്നില്ലലോ എന്ന വേദന"..
അവനിൽ നിന്ന് പിന്നീടൊരു ചോദ്യമോ ഉത്തരമോ ഉണ്ടായില്ല.. പക്ഷെ അവൾക്കറിയാമായിരുന്നു തന്റെ പൊരുത്തം അവൻ ആഗ്രഹിക്കുന്നുണ്ടെന്ന്.. ഇട്ടിരുന്ന വസ്ത്രവും കടന്ന് ശരീരത്തിൽ എത്തിചേർന്ന നനവ് അവളിൽ വേദനയുണ്ടാക്കി. അവന്റെ കണ്ണുനീരിന്റെ ചൂട് അവളുടെ ശരീരവും മനസ്സും വേദനയോടെ പടർന്നു കയറി. അവളിൽ നിന്നും ധാര ധാരയായി ഒഴുകി കൊണ്ടിരിക്കുന്ന കണ്ണുനീർ തുള്ളികൾ അവനിലേക്ക് എത്തി പെടാൻ അതിക താമസം ഉണ്ടായില്ല. പൊള്ളി പിടഞ്ഞ പോലെ അവൻ അവളുടെ മടിയിൽ നിന്നും എണീറ്റിരുന്നു.
"ഇങ്ങനെ കണ്ണു നിറക്കരുത് നജൂ, എനിക്ക് സഹിക്കാൻ ആവില്ല. തീർച്ചയായും നമുക്ക് മതിവരുവോളം ഒരുമിച്ചു ജീവിക്കാം. അവിടെയും ഇവിടെയും ഇരുന്നുകൊണ്ട് പ്രണയം പങ്കിടേണ്ടി വരില്ല. ഞാൻ ശ്രമിക്കുണ്ട്. അത് വരെ ഒന്ന് ക്ഷമിക്കണം. അകലെയാ ണെങ്കിലും നമ്മുടെ മനസ്സുകൾ അടുത്തില്ലേ..? പ്രാർത്ഥനയും... ഉടയവൻ കേൾക്കാതിരിക്കില്ല. ഈ ബാധ്യതകൾക്ക് ഒടുക്കം ഉണ്ടാവാതിരിക്കില്ല നജൂ.."
അവളെ ആശ്വസിപ്പിക്കാൻ പലതും പറയുന്നുണ്ടെങ്കിലും അവന്റെ കണ്ണുകൾ ഇടതടവില്ലാതെ ഒഴുകി കൊണ്ടേയിരുന്നു. തനിക്ക് മുന്നിൽ മാത്രം പൊഴിഞ്ഞു വീഴുന്ന അവന്റെ കണ്ണുനീർ താങ്ങാൻ ആവാതെ അവളും പൊട്ടിക്കരഞ്ഞു പോയി.
ഇന്നൊരു രാത്രി കൂടിയേ അടുത്തുള്ളൂ എന്ന് ഓർക്കുന്തോറും മുറിവേറ്റ് പല കഷ്ണങ്ങളായി പോയ ഹൃദയങ്ങൾ ഒന്ന് ചേരാൻ അതികം താമസിക്കേണ്ടി വന്നില്ല. ആ പായയിൽ ഇരുന്ന് കൊണ്ട് കെട്ടിപിടിച്ചു രണ്ടാളും പൊട്ടിക്കരഞ്ഞു പോയി.
ഇടതടവില്ലാതെ അവളുടെ മുഖം മുഴുവനും കണ്ണുനീരിൽ കുതിർന്ന അവന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങി.
വാക്കുകൾ കൊണ്ട് നൽകാൻ ആവാത്ത ആശ്വാസം ചിലപ്പോ യൊക്കെ ഒരു ചുംബനം കൊണ്ടോ ആത്മാവോളം ഇറങ്ങി ചെന്ന കെട്ടിപിക്കൽ കൊണ്ടോ സാധിക്കും. അവർക്കും ആ രാത്രിയിൽ അങ്ങനെ ആശ്വസിക്കാൻ ഒരു മാർഗം വേണമായിരുന്നു. ചുംബന ങ്ങളുടെ സ്ഥാനം മാറി, താളം മാറി ഇരുമെയ്യും ഒന്നായി തീരു മ്പോഴും, ഒരിക്കലും ഈ നിമിഷങ്ങൾ അവസാനിക്കരുതേ എന്നാ ഷിച്ചു. കേവലം ശരീരത്തിന്റെ വികാരം ശമിപ്പിക്കാൻ ആയി രുന്നില്ല അവർക്ക് ദൃതി, മറിച്ച് ഹൃദയഭാരം കുറക്കാൻ ഉള്ള ഒരു ഉപാതി. അത്രമേൽ പ്രണയത്തോടെയുള്ള കൂടിചേരൽ. ഇനീയൊരു രാത്രി തങ്ങളിലേക്ക് കടന്ന് വരുന്ന വരെ താലോലിക്കാൻ ഉള്ള ഓർമ്മകൾ!!!!
വിയർപ്പൊട്ടിയെ നെഞ്ചിൽ പതുങ്ങി കിടക്കുന്ന നജയെ ചേർത്ത് പിടിച്ചു കൊണ്ട് അഫ്സൽ കിടന്നു. ഈ രാത്രി അവസാനിക്കാൻ ഇനി കുറച്ചു നിമിഷങ്ങൾ കൂടിയെ ഉള്ളൂ എന്നറിയാമെങ്കിലും മിഴികൾ ചേർത്തടക്കാതെ അത്രമേൽ ആഗ്രഹത്തോടെ, കണ്ണടഞ്ഞു പോയാൽ ഈ രാത്രിയിലെ ഈ നിമിഷങ്ങൾ തീർന്ന് പോയാലോ എന്ന ഭയത്തോടെ, അങ്ങ് മരുഭൂമിയിലെ ഏകാന്ത വാസത്തി ലേക്കുള്ള വസന്തങ്ങൾ ഭ്രാന്തമായി ശേഖരിച്ചു വെക്കാൻ ഉള്ള ആർത്തിയോടെ.
ഈ ഒരു രാത്രി ഒരിക്കലും അവസാനിക്കാതിരു ന്നിരുന്നെകിൽ എന്ന വ്യാമോഹത്തോടെ......!!!!!!!!!