രചന : അജീഷ്. വി. എസ്
സമയം പുലർച്ചെ 04.30 കഴിഞ്ഞതേ ഉള്ളു, പുലരിയുടെ ആലസ്യത്തിൽ നിന്നും കല്ലേരി ചന്ത പൂർണ്ണമായും ഉണർന്നിരുന്നു. പച്ചക്കറികൾ നിറച്ച തമിഴന്റെ ലോറികൾ ചന്തക്ക് പുറത്തു ഒന്നിന് പുറകെ ഒന്നായി നിർത്തിയിട്ടിരിക്കുന്നു. നിറച്ച ചാക്കുകൾ തലയിലേന്തി കടകളുടെ ഗോഡൗണിലേക്കും അവിടെ നിന്നും പുറത്തേക്കും ചുമട്ടുതൊഴിലാളികൾ ഓടി നടക്കുന്നുണ്ട്. ചന്തയുടെ പടിഞ്ഞാറു വശത്തുള്ള മീൻ വിൽപ്പന കേന്ദ്രത്തിലേക്ക് നിറഞ്ഞ ചരുവുമായി മുക്കുവപെണ്ണുങ്ങൾ കൂടി തുടങ്ങി. കറുത്ത ജലം ഒഴുകുന്ന അരിക് പൊട്ടിയ ഓടകൾ ചാടിക്കടന്നു പൂച്ചകളും അവയുടെ നേരെ ചീറി കുരച്ചു തെരുവ് നായകളും അവരവരുടെ സ്ഥാനങ്ങളിലേക്ക് ഓടിയെത്തി. പരസ്പരം തെറി വിളിച്ചും പൊട്ടിച്ചിരിച്ചും ഉടുപ്പ് ധരിക്കാത്ത വിയർപ്പിൽ മുങ്ങിയ പുരുഷൻമാരും നിറം മങ്ങിയ വസ്ത്രങ്ങളാൽ നാണം മറച്ച സ്ത്രീകളും ഉപജീവനം എന്ന അവരുടെ സ്വകാര്യ ഭാരത്തിനെ ചുമലിലേറ്റി എന്നത്തേയും പോലെ ആ ദിവസവും ആരംഭിച്ചു.
അയ്യപ്പൻ ചേട്ടന്റെ ചായക്കടയിലെ കെറ്റിലിൽ വെള്ളം തിളച്ചു, ആ ചൂടിനൊപ്പം ആ കെറ്റിലിന് മുകളിലെ സ്റ്റീൽ പാത്രത്തിൽ നിറച്ച, പേരില്ലാത്ത ഏതോ കമ്പനിയുടെ, പശുവിൻ പാൽ എന്ന് നാണപ്പൻ ചേട്ടൻ വിളിക്കുന്ന വെളുത്ത ദ്രാവകവും കുമിളകൾ ഉണ്ടാക്കി അനങ്ങി പതിയെ പൊങ്ങി തുടങ്ങി. രണ്ടു ബർണ്ണറുകൾ തീ തുപ്പുന്ന കരിയേക്കാൾ കറുത്ത നിറമുള്ള, ഒട്ടിപിടിക്കുന്ന കറുത്ത എണ്ണ തുടർച്ചയായി വീണ്, അതിനൊപ്പം വേകാത്ത മാവ് തരികളും പലഹാരപൊടികളും നിറഞ്ഞു വികൃതമായ സടൗവിനു മുകളിലെ കരിപിടിച്ച ഇരുമ്പു ചട്ടിയിൽ നിറമുള്ള പഴംപൊരി മൊരിഞ്ഞു ഹൃദ്യമായ മണം പരത്തി.
"അയ്യപ്പണ്ണോ ദേണ്ടെ ആരാ വരണത് എന്ന് നോക്കിയേ" കറിക്കൂട്ടുകളുടെ തുള്ളികൾ പലവുരു വീണും തുടച്ചും മെഴുക്ക് പുരണ്ട ഡെസ്കിൽ ചെറുതായി അടിച്ചു നാണപ്പൻ അയ്യപ്പൻ ചേട്ടന്റെ ശ്രദ്ധ ക്ഷണിച്ചു.
"പഴവങ്ങാടി ഗണപതി ഭഗവാനെ, ഗോമതിയല്ലേ ആ വരുന്നത്, ആ വരവ് കണ്ടാൽ അറിയാം ഇന്നിനി വല്ലതും നടക്കും നാണപ്പോ" സടൗവിന്റെ തീയൊന്നു കുറച്ചു, തലയിൽ കെട്ടിയ തോർത്ത് അഴിച്ചു മുഖം തുടച്ചു പിന്നത് തോളിലേക്ക് ഇട്ടു വഴിയിലേക്ക് കണ്ണെറിഞ്ഞു അയ്യപ്പൻ ചേട്ടൻ.
തലമുടി പിന്നിലേക്ക് ചുറ്റികെട്ടി, വെറ്റിലക്കറ പുരണ്ട ചുണ്ട് ഇടത്തേക്ക് കോട്ടി നീട്ടിയൊന്നു തുപ്പി, നിറം മങ്ങിയ ബ്ലൗസും പിന്നതിന് മേൽ കരിമ്പൻ കയറിയ തോർത്തും കൊണ്ട് മാറ് മറച്ചു, പുള്ളി കൈലി ചുറ്റി, അതിന്റെ ഇടം തുമ്പു മുകളിലേക്ക് കയറ്റി അരയിൽ തിരുകി ഇടതു കാൽ മുട്ട് വരെ കാഴ്ചയാക്കി നടന്നു വരുന്ന പെണ്ണൊരുത്തിയെ കണ്ടു വഴിയൊഴിഞ്ഞു മാറി നിന്നു ചുമട്ടുകാരും ലോറിക്കാരും.
എവിടെടാ ഗോവിന്ദൻ ?
അസ്ത്രം പോലെ പാഞ്ഞു വന്ന ചോദ്യം കേട്ട് ലോറിക്കാർക്ക് ഇടയിലേക്ക് ഊളയിട്ടു ഒരുവൻ, പക്ഷെ പത്തടി മാറും മുന്നേ ഗോമതിയുടെ കയ്യിൽ നിന്നും പറന്നു വന്ന ഈറ്റക്കുട്ടയുടെ അടിയേറ്റു മുതുകും കവിളും മുറിഞ്ഞു അവൻ നിലത്തേക്ക് വീണു. നിലത്തു വീണവനെ അവിടെയിട്ട് ചവിട്ടി, കോളറിൽ പിടിച്ചു വലിച്ചുയർത്തി, മാറിലെ കരിമ്പൻ കയറിയ തോർത്താൽ അവന്റെ കഴുത്തിനെ ചുറ്റി പിടിച്ചു കവിളടക്കം ഒന്ന് പൊട്ടിച്ചു ഗോമതി. കുതറി പിടഞ്ഞു തിരിച്ചടിക്കാൻ ശ്രമിച്ചവൻ ഗോമതിയുടെ വലതു കയ്യിലെ ഇറച്ചി വെട്ടും പരന്ന കത്തി കണ്ടു നിശ്ചലനായി.
'കഴപ്പ് തീർക്കാൻ വിളിച്ചോണ്ട് പോയതല്ലെടാ നീ അവളെ, നിന്റെ കടി തീർന്നപ്പോ പറഞ്ഞോറപ്പിച്ച കാശും കൊടുത്തില്ല, തല്ലി ഓടിക്കുകയും ചെയ്തു അല്ലേടാ പന്ന....... (ബ്ലീപ്) മോനെ, പെണ്ണൊരുത്തിയെ കയ്യിൽ കിട്ടിയാൽ കാര്യം സാധിച്ചു പിന്നെ തല്ലി ഒതുക്കാം എന്ന നെഞ്ചോറപ്പ് ഇപ്പോഴുമുണ്ടെങ്കിൽ എന്നെയൊന്നു തല്ലടാ നീ, അമ്മക്ക് താലി കെട്ടിയവന് ഉണ്ടായത് ആണെന്ന് ഉറപ്പേണ്ടെങ്കിൽ തല്ലടാ ......... (ബ്ലീപ്) മോനെ'
പകൽ വെട്ടത്തിൽ ഭദ്രകാളിയെ പോലെ പോർവിളി നടത്തുന്ന പെണ്ണിന്റെ മുൻപിൽ ഇരുളിൽ ആണത്തം കാണിച്ചവൻ മെഴുകുതിരി പോലെ ഉരുകിയമർന്നു. കൂട്ടം കൂടിയ കാഴ്ചക്കാരുടെ അമർത്തിയ ബഹളങ്ങൾ പാടെ അവഗണിച്ചു, പകുതി കീറിയ അവന്റെ പോക്കറ്റിൽ നിന്നും തെറിച്ചു വീണ കറൻസി നോട്ടുകളിൽ നിന്ന് നൂറിന്റെ മൂന്നെണം കടന്നെടുത്തു അതിലെ ചെളിവെള്ളം പുള്ളികൈലിയിൽ അമർത്തി തുടച്ചു അരയിലെ തുമ്പിലേക്ക് കെട്ടി വെച്ച് ഓടയിലേക്ക് നീട്ടി ഒന്ന് തുപ്പി അവൾ.
"ചാവാൻ കിടക്കുന്ന കെട്ടിയോനും പ ട്ടിണിയായ രണ്ടു പിള്ളേരും ഉണ്ടടാ മൈ.... (ബ്ലീപ്) അവൾക്ക്, നിന്റെ ആണത്തത്തിന്റെ സുഖം അറിയാൻ വേണ്ടിയല്ല അവള് തുണിയഴിച്ചതു, കെട്ടിയോന് മരുന്നും പിള്ളേർക്ക് വിശപ്പിനും വല്ലതും വേണം, അതീന്ന് പോലും കയ്യിട്ട് വരുന്ന പരമ ചെറ്റേ, നിന്നെയൊക്കെ"
പറയാൻ വന്നത് പാതി നിർത്തി കിതപ്പ് അടക്കി അവനെ ആകെയൊന്നു ചുഴിഞ്ഞു നോക്കി, തലയുയർത്തി തിരിച്ചു നടന്നു അവൾ. ഗോമതി, രാത്രിയിൽ അവളുടെ ചൂട് തേടുന്ന പകൽ മാന്യമാർ പകൽ വെളിച്ചത്തിൽ തേവിടിശ്ശി എന്ന് വിളിക്കുന്ന പെണ്ണൊരുത്തി.
എന്നതായിരുന്നു വറീതേ പതിനഞ്ചു മിനിറ്റ് കാഴ്‌ച, എന്താ സംഭവം ? ചായക്കടയിലേക്ക് വന്നു കയറിയ വറീതിനോട് നാണപ്പൻ വക ചോദ്യം. ചായക്കറ പുരണ്ട കുപ്പി ഗ്ലാസ് ബേസിനിലെ വെള്ളത്തിലൊന്നു ഉലുമ്പി, കടുപ്പത്തിലൊരു ചായ നിറച്ചു വറീതിനു മുന്നിലേക്ക് ഇടിച്ചു വെച്ച് വർത്തയ്ക്കായി കാതോർത്തു അയ്യപ്പൻ.
"ഓ എന്ന പറയാനാ നാണപ്പേട്ടാ ലോറിക്കാരൻ പയ്യൻമാരിൽ ആരോ ഒരുത്തൻ ഇന്നലെ സുമതിയെ കൂട്ടിനു വിളിച്ചിട്ടു കാശ് കൊടുക്കാതെ അടി കൊടുത്തു പറഞ്ഞയച്ചു, അതാ സംഭവം" പറഞ്ഞു നിർത്തി ചായയൊന്നു മോത്തി, ചൂട് കുറയ്ക്കാൻ വേണ്ടി ഗ്ലാസിലേക്ക് പതിയെ ഊതി വറീത് തുടർന്നു, ഇതു ഇങ്ങനെ ആകുമെന്ന് അപ്പോഴേ തോന്നിയതാ, ഇവളുമാർക്കും ഇപ്പൊ സംഘടന ഒക്കെ ഉണ്ടെന്നേ"
"അല്ലേലും ഒരു ആണിന്റെ ഊരാ ഗോമതിക്ക്" ചെറിയൊരു നെടു വീർപ്പോടെ നാണപ്പൻ ചേട്ടൻ ആത്മഗതം നടത്തി.
അതങ്ങനെ നിങ്ങൾക്ക് അറിയാം നാണപ്പേട്ടാ? വറീതിന്റെ അസ്ഥാനത്തെ തമാശ നാണപ്പന് പിടിച്ചില്ലെങ്കിലും ചായക്കടയിൽ ചിരിയുണർത്താൻ അത് ധാരാളമായിരുന്നു. പതിയെ പതിയെ സദാചാരകമ്മിറ്റക്കാർ ചർച്ച തേവിടിശ്ശി പെണ്ണിന്റെ മേനിയഴ കിലേക്കു മാറ്റിപിടിച്ചു. കല്ലേരി ചന്ത അതിന്റെ തിരക്കിലേക്ക് ഊളയിട്ടു കൂടെ നഗരവും.
കുട്ടികളെ സ്‌കൂളിലേക്ക് എത്തിക്കാൻ ആടിക്കുലുങ്ങി വരുന്ന ചെറിയ ബസും നോക്കി രക്ഷിതാക്കളും കുട്ടികളും കല്ലേരി ചന്തയ്ക്ക് എതിരെ ടാർ റോഡിന്റെ അരികിൽ എന്നത്തേയും പോലെ കൂട്ടം കൂടി നിൽപ്പുണ്ട്. അടിയേറ്റു വീങ്ങിയ ഇടതു കവിൾ സാരിത്തലപ്പ് കൊണ്ട് മറച്ചു സുമതിയും തന്ടെ കുഞ്ഞിനോടൊപ്പം അവിടെയെത്തി, കൂട്ടം കൂടിയ നാരിമാണികളുടെ മുറുമുറുപ്പും ചുണ്ടു കൊട്ടിയ ചിരിയും കണ്ടില്ലെന്നു നടിച്ചു അൽപ്പം മാറി കുഞ്ഞിനെയും ചേർത്ത് പിടിച്ചു ദൂരേക്ക് നോക്കി അവൾ നിശബ്ദ യായി, അവളുടെ സാരിത്തലപ്പിൽ ചുറ്റിപിടിച്ചു ഒന്നുമറിയാത്ത കുഞ്ഞു തന്ടെ കൂട്ടുകാരെ നോക്കി പുഞ്ചിരിച്ചു.
"തേവിടിശ്ശി പെണ്ണിന്റെ കൊച്ചിന്റെ കൂടെ കൂട്ട് കൂടല്ലേ മക്കളെ" ഏതോ ഒരുത്തിയുടെ സാരോപദേശം കാറ്റിലൊഴുകി കാതിലെത്തി, തൊണ്ടക്കുഴിയിൽ ഉടക്കിയ കരച്ചിലിന്റെ ചീള് ഉമിനീരിനൊപ്പം അകത്തേക്ക് വിഴുങ്ങി കേൾക്കാത്ത പോലെ സുമതി കുഞ്ഞിനെ ചേർത്ത് പിടിച്ചു തലമുടിയിൽ പതിയെ തടവി.
"അമ്മെ ദേണ്ടെ ഗോമതിമാമി" ദൂരെ നിന്ന് നടന്നു വരുന്ന ഗോമതിയെ കണ്ട കുഞ്ഞു, സന്തോഷത്തോടെ സുമതിയുടെ സാരിത്തുമ്പു പിടിച്ചു വലിച്ചു, കൂട്ടം കൂടി നിൽക്കുന്ന നാരിമണികളുടെ കുഞ്ഞുങ്ങളും ഗോമതിയുടെ വരവ് കണ്ടു സന്തോഷത്തോടെ തുള്ളിച്ചാടുന്നുണ്ടായിരുന്നു. ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ഗോമതിയുടെ കയ്യിൽ എന്നും ഒരു സമ്മാനമുണ്ടാകും നിറമുള്ള കടലാസ് കൊണ്ട് പൊതിഞ്ഞ മിഡായികൾ നിറച്ച കവർ അതാണ് അവരുടെ സന്തോഷത്തിനു കാരണം.
ഓടിയെത്തിയ ബസിലെ ആയയുടെ കയ്യിലേക്ക് മിഡായി നിറച്ച കവർ നൽകി തിരിഞ്ഞ ഗോമതിയുടെ മുന്നിലേക്ക് ഒരു പോലീസ് ജീപ്പ് വന്നു നിന്നു, മുൻസീറ്റിലിരുന്ന എ എസ് ഐ ദാമോദരൻ പിള്ള ഒരു വഷള ചിരിയോടെ സുമതിയെ നോക്കിയൊന്ന് ചുണ്ടുകൊട്ടി, പിന്നെ തിരിഞ്ഞു ഗോമതിയോട് പുറകിൽ കയറാൻ ആജ്ഞാപിച്ചു. അറപ്പുളവാക്കുന്ന ജീവിയെ കണ്ടാൽ എന്ന പോലെ പോലിസ്കാരികൾ സീറ്റിനു വശത്തേക്ക് ഒതുങ്ങി, പിടികിട്ടാപുള്ളിയെ റാഞ്ചിയെടു ത്താൽ എന്നപോലെ ജീപ്പ് മുന്നോട്ട് കുതിച്ചു പാഞ്ഞു. പുതുതായി എത്തിയ എസ് ഐ ഏമാന്റെ മുന്നിൽ ഗോമതിയുടെ കഥകൾ പൊടിപ്പും തൊങ്ങലും വെച്ച് പറഞ്ഞു കേൾപ്പിക്കണം അവസാനം കണ്ണ് പൊട്ടുന്ന തെറി വിളിച്ചു അവളെ പറഞ്ഞു വിടണം അത്രമാത്രമാണ് ദാമോദരന്റെ ഉദ്ദേശം.
കാലം കടന്നു പോയിക്കൊണ്ടിരുന്നു, മുറുക്കി ചുവപ്പിച്ചു ചുണ്ട് കൊട്ടി നീട്ടി തുപ്പുന്ന, തെറുപ്പ് ബീഡി കത്തിച്ചു പുക വലിക്കുന്ന ഗോമതിയെന്ന പെണ്ണ് നാട്ടുകാർക്ക് തീണ്ടാപ്പാട് അകലെ നിർത്തേണ്ട തേവിടിശ്ശിയായി തുടർന്ന് പോയി, മുഴുപ്പട്ടിണിയിൽ നിന്ന് അരപ്പട്ടിണിയിലേക്ക് ചുവടു മാറ്റാൻ ഉടുമുണ്ടഴിക്കുന്ന സുമതിയെ പ്പോലെയുള്ളർ സമൂഹത്തിലെ വഴിപിഴച്ചവർ എന്ന ലേബലിൽ ഒതുക്കി നിർത്തപ്പെട്ടപ്പോൾ ഇരുട്ടത്തു അവരുടെ ഉടുമുണ്ടഴിച്ചവർ മാന്യതയുടെ മനോഹരമായ കിരീടവും പേറി പകൽ വെളിച്ചത്തിൽ സഭ്യതയെയും സദാചാരത്തെയും പറ്റി കവലപ്രസംഗം നടത്തി.
നടുക്കുന്ന വാർത്തയും പേറിയാണ് ആ ദിവസം കല്ലേരി ചന്തയും ചുറ്റുമുള്ള നഗരവും ഉറക്കമുണർന്നത്, ജനങ്ങളുടെ പ്രിയങ്കരനായ കൗൺസിലർ തോട്ടുവക്കിന് താഴെ മുളങ്കാടിനു അടുത്ത് വെട്ടു കൊണ്ട് ചത്ത് കിടക്കുന്നു, ശവത്തിനു അടുത്ത് ദേഹമാസകലം രക്തം പടർന്നു, ചോരയൊലിക്കുന്ന, ഇറച്ചി വെട്ടുന്ന പരന്ന കത്തി വലതു കയ്യിൽ മുറുക്കെ പിടിച്ചു ചെറിയ പ്ലാവിന്റെ താഴ്ത്താടി യിൽ തളർന്നു ചാരി ഇരിക്കുന്നു ഗോമതി. കേട്ടവർ കേട്ടവർ അങ്ങോട്ടേക്ക് ഓടിയെത്തി, ജനങ്ങളുടെ ആവശ്യങ്ങൾക്ക് കൂടെ നിൽക്കുന്ന പ്രിയങ്കരനായ കൗൺസിലർക്ക് സംഭവിച്ച ദുരന്തത്തിൽ ചിലർ സങ്കടപ്പെട്ടു, ചിലർ രോഷം കൊണ്ടു, മറ്റു ചിലർ എന്നത്തേയും പോലെ കാഴ്‌ചകൾ മൊബൈൽ ക്യാമറയിൽ പകർത്തി മുഖപുസ്തക ത്തിന്റെ താളുകളിലേക്ക് പകർത്തിവിട്ടു.
സ്ഥലത്തെത്തിയ പോലീസ് അധികാരികൾ അവരുടെ ജോലികൾ ആരംഭിച്ചു, കൈകളിൽ വിലങ്ങണിയിച്ചു ജീപ്പിനു പുറകിലേക്ക് തള്ളി വിട്ട ഗോമതിയുടെ കവിളുകളിലും മുതുകിലും വനിതാ പോലീസുകാരിൽ ചിലർ തങ്ങളുടെ കൈക്കരുത്ത് പ്രകടമാക്കി. നാട്ടുകാർ കാൺകെ പെണ്ണിനെ തല്ലാൻ സാധികാത്ത കാരണത്താൽ കണ്ണ് പൊട്ടുന്ന തെറി വിളിച്ചു ആത്മരോഷം കടിച്ചമർത്തി എ എസ് ഐ ദാമോദരൻ.
സ്റ്റേഷനിലെ മൂത്രപ്പുരയുടെ ചുമരിനോട് ചേർന്നുള്ള സെല്ലിൽ ചുമരിൽ ചാരി കാൽ മുട്ടുകളിൽ മുഖം അമർത്തി നിശബ്ദയായി ഇരിക്കുകയാണ് ഗോമതി, രക്തം വീണു ഉണങ്ങിയ അവളുടെ കവിളുകൾ അടിയേറ്റു കരുവാളിച്ചിട്ടുണ്ട്, പുള്ളിക്കൈലി കൊണ്ട് മറച്ച വെളുത്ത കാലുകൾ ചൂരില്ന്റെ അടിയേറ്റു ചുമന്നു തിണർത്തിട്ടുണ്ട്, കലങ്ങിയ കണ്ണുകളിൽ എവിടെയോ മിഴിനീർ ത്തുള്ളി ഒഴുകുവാൻ മടിച്ചു കാത്തു നിൽപ്പുണ്ട്.
സർക്കാരിന്റെ ഇരുമ്പു ലാടം പിടിപ്പിച്ച ബൂട്ടിന്റെ കനത്ത ശബ്ദം മുഴങ്ങി, അമർത്തി ചവിട്ടി കയറിവന്ന ഇൻസ്പെക്ടർക്ക് മുന്നിൽ പോലീസുകാർ അറ്റെൻഷൻ ആയി സല്യൂട്ട് നൽകി.
"FIR എഴുതുകയാണ് സാർ" രണ്ടു വശത്തും നാടകൾ നീണ്ടു കിടന്ന ചെറിയ ബോർഡ് കയ്യിലെടുത്തു അൽപനേരം നിശബ്ദനായി എ എസ് ഐ ദാമോദരൻ, മേൽ ഉദ്യോഗസ്ഥനിൽ നിന്നും പ്രതികരണം ഒന്നും ലഭിക്കാത്തതു കൊണ്ടാകണം തല ചൊറിഞ്ഞു അയ്യാൾ തുടർന്നു.
സംഗതി അവിഹിതം തന്നെയാണ് സാറേ, കാശിന്റെ കാര്യം പറഞ്ഞു വഴക്ക് ആയത് ആയിരിക്കണം, പക്ഷെ കൗൺസിലർ നമുക്ക് വേണ്ടപ്പെട്ട ആളായത് കൊണ്ട് FIR ഞാനൊന്ന് മാറ്റി, അവളുടെ അവിഹിതം കൗൺസിലർ കണ്ടു, അത് ആവർത്തി ക്കരുത് എന്ന് അവളെ ഉപദേശിച്ചതിൽ ദേഷ്യം തോന്നിയത് കൊണ്ട് അവൾ അയ്യാളെ കൊലപ്പെടുത്തി എന്നാണ് ഞാൻ.... അയ്യാൾ പകുതിയിൽ നിർത്തി.
“അവളെ ഇങ്ങു കൊണ്ട് വാ” ദാമോദരന്റെ കസേരയിലേക്ക് അമർന്നിരുന്നു ഇൻസ്പെക്ടർ ആജ്ഞാപിച്ചു.
ഇൻസ്പെക്ടറുടെ മുന്നിലെത്തിയ ഗോമതി അടിയേറ്റ കാൽപ്പാദം നിലത്തേക്കു ഉറപ്പിക്കാൻ ബുദ്ധിമുട്ടി ചുമരിലേക്ക് പതിയെ ചാരി.
സ്റ്റേഷനിൽ കൊണ്ട് വന്നപ്പോൾ അപ്പോഴത്തെ ദേഷ്യത്തിന് പോലീ സുകാർ ഒന്ന് രണ്ടെണ്ണം കൊടുത്തിട്ടുണ്ട്, ദാമോദരൻ വാക്കുകൾ ക്കായി പതറി.
"എന്ത് തേങ്ങയ്ക്ക് ആടി നീ അവന്റെ ഇറച്ചിയില് ഇരുമ്പു കയറ്റിയത്, വിളിച്ചോണ്ട് പോയി കാര്യം കഴിഞ്ഞപ്പോ എഴുന്നേറ്റ് കൈയ്യും വീശി വടക്കോട്ടു നടന്നോളാൻ പറഞ്ഞോ അവൻ, എന്നാത്തിനാടി കൊന്നത്, പേപ്പറേല് എഴുതി ചേർക്കുമ്പോ വെട്ടി കൊന്നതിനു കാരണം കൂടി നമ്മള് എഴുതണം, നീ അതങ്ങു പറഞ്ഞാൽ പിന്നെ നമുക്ക് വേറെ പാടില്ലല്ലോ" കസേരയിൽ പുറകിലേക്ക് ചാരി ഗോമതിയുടെ മുഖത്തു നോക്കി എസ് ഐ പറഞ്ഞു നിർത്തി
"ചാവേണ്ടവനായിരുന്നു സാറെ, അതാ കൊന്നത്" പല്ല് കടിച്ചമർത്തി അവൾ പറഞ്ഞു നിർത്തി
"സാറിന്റെ മുന്നിൽ അഹങ്കാരം കാണിക്കുന്നോടി പന്ന........." ദാമോദരൻ പിള്ളക്ക് ദേഹമാസകലം വിറഞ്ഞു കയറി.
"കുടിക്കാൻ കുറച്ചു വെള്ളം വേണം സാറെ" ഗോമതിയുടെ ശബ്ദ മൊന്ന് താഴ്ന്നു. ആരോ കൊടുത്ത കുപ്പിവെള്ളം മുക്കാൽ ഭാഗ ത്തോളും കുടിച്ചു അവൾ മുഖമുയർത്തി ഇൻസ്‌പെക്ടറെ നോക്കി.
നടന്നത് എന്താണ് എന്ന് പറയു ഗോമതി, കാശ് കിട്ടാത്തത് കൊണ്ട് നീ അങ്ങനെ ചെയ്യില്ല എന്ന് എനിക്ക് അറിയാം, ഒള്ളത് ഒള്ളത് പോലെ പറയ്, വെറുതെ എന്റെ സ്വഭാവം മാറ്റരുത്" താക്കീതിന്റെ സ്വര ത്തിൽ ഇൻസ്‌പെക്ടർ പറഞ്ഞു നിർത്തി.
ഞാൻ തേവിടിശ്ശിയാ സാറെ, ജീവിക്കാൻ വേണ്ടി തുണി അഴിക്കുന്നവൾ, പക്ഷെ അവൻ ചെറ്റയാ, എന്നേക്കാൾ വലിയ ചെറ്റ, എന്റെ സുമതിയുടെ കുഞ്ഞിനെ അവൻ.. പല്ല് കടിച്ചമർത്തി അവൾ പറഞ്ഞ ബാക്കി വാക്കുകൾ അവളുടെ രോഷത്തിൽ എരിഞ്ഞു പോയി.
"വേണ്ടാതീനം പറയുന്നോടി പൊലയാടി മോളെ" ദാമോദരന്റെ വലതു കൈ ഗോമതിയുടെ മുഖത്തിനു നേരെ ഉയർന്നു താഴ്ന്നു.
അടിയേറ്റു പുറകോട്ട് വെച്ച് പോയ അവൾ വീഴാതിരിക്കാൻ ചുമരിൽ തെരുപ്പിടിച്ചു കൊണ്ട് ദാമോദരന്റെ മുഖത്തു നോക്കി അലറി "വീട്ടിൽ ചെന്ന് നിന്റെ കൊച്ചിനോട് ചോദിച്ചു നോക്കടാ പട്ടി, ചോക്കലേറ്റ് കൊടുക്കാം എന്നും പറഞ്ഞു ആ ചത്ത് പോയ നാറി എന്തൊക്കെ അതിനോട് ചെയ്തിട്ടുണ്ടെന്ന്"
കലികയറി മുന്നോട്ട് കുതിച്ച ദാമോദരൻ പിള്ളയെ മറ്റു പോലീസു കാർ പിടിച്ചു നിർത്തി.
ചുണ്ടിലൂടെ ഒഴുകിയ ചോര വലതു കൈ കൊണ്ട് തുടച്ചു അവൾ ഇൻസ്പെക്റ്ററുടെ മുഖത്തേക്ക് നോക്കി തുടർന്നു. "ആ ബസിലെ ആയയും, പിന്നെ ചത്ത് പോയവനും ഒരുമിച്ചാ എല്ലാം ചെയ്‍തത്, മുളങ്കാടിന്റെ അടുത്ത് പോയാൽ കൗൺസിലർ മാമൻ ചോക്ളേറ്റ് തരും എന്ന് സുമതിയുടെ കുഞ്ഞു പറഞ്ഞപ്പോ എനിക്ക് അപകടം മണത്തതാ സാറെ, ദാമോദരൻ സാറിന്റെ കുഞ്ഞു ഉൾപ്പെടെ പല കുഞ്ഞുങ്ങൾക്കും അവൻ അവിടെ വെച്ച് ചോക്ളേറ്റ് കൊടുക്കാ റുണ്ട് എന്ന് കൂടി കേട്ടപ്പോ ഞാൻ തീരുമാനിച്ചതാ,
കേട്ടത് വിശ്വസിക്കാനാകാതെ പോലീസ് ഉദ്യോഗസ്ഥർ പരസ്പരം നോക്കി, അടുത്ത നിമിഷം ഒരു കൊടുങ്കാറ്റ് പോലെ ദാമോദരൻ പുറത്തേക്ക് പാഞ്ഞു.
സമയം കടന്നു പോയി, ഗോമതി പറഞ്ഞത് അക്ഷരം പ്രതി ശരി യാണ് എന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് ബോധ്യമായി. ബസിലെ ആയ അറസ്റ്റ് ചെയ്യപ്പെട്ടു.
*******************************
പിറ്റേന്ന് രാവിലെ പത്തു മണി
********************************
"കൗൺസിലർ കൊലക്കേസിലെ FIR തയ്യാറാണ് സാർ" കയ്യിലെ ഫയൽ മേശപ്പുറത്തേക്ക് വെച്ച് ഇൻസ്പെകർക്ക് മുന്നിൽ അറ്റെൻ ഷൻ ആയി സല്യൂട്ട് ചെയ്തു ദാമോദരൻ.
റിപ്പോർട്ട് കയ്യിലെടുത്ത ഇൻസ്‌പെക്ടർ അതിലെ വരികളിലൂടെ കണ്ണോടിച്ചു
"മദ്യലഹരിയിൽ ആയിരുന്ന കൗൺസിലർ, ഗോമതി എന്ന സ്ത്രീയെ കടന്ന് പിടിക്കുകയും ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയും, അവൾ വഴങ്ങികൊടുക്കാത്തതിനാൽ കൊലപ്പെടുത്താൻ ഉദ്യമിക്കുകയും ചെയ്തു, ഗോമതി സ്വന്തം ജീവൻ രക്ഷിക്കാൻ പ്രതിരോധിക്കുന്നതിന് ഇടയിൽ അബദ്ധത്തിൽ കയ്യിലെ കത്തി കുത്തി കയറി കൗൺസി ലർ മരണപെട്ടു"
റിപ്പോർട്ട് വായിച്ചു അവസാനിപ്പിച്ചതും ദാമോദരന്റെ ഉറപ്പുള്ള സ്വരം അദ്ദേഹത്തിന്റെ കാതുകളിലേക്ക് എത്തി "അവർ ഒരു പ്രോസ്റ്റിറ്റ്യുട്ട് ആണ് എന്നുള്ളത് ശരിയാണ് പക്ഷെ സമ്മതമില്ലാതെ അവരെ ലൈംഗികപരമായി ഉപയോഗിക്കാൻ ശ്രമിച്ചാൽ നിയമപരമായി അത് തെറ്റാണ്, പിന്നെയുള്ളത് മരണപ്പെട്ട ആളുടെ ശരീരത്തിൽ കാണപ്പെട്ട ഒന്നിലധികം മുറിവുകൾ, താങ്കളും ഡോക്ടറും വിചാരിച്ചാൽ പ്രതിരോധത്തിന് ഇടയിൽ സംഭവിച്ചത് ആണ് ആ മുറിവുകൾ എന്ന് വരുത്തി തീർക്കാവുന്നതേ ഉള്ളു. കോടതയിൽ ഹാജരാക്കുന്ന ഗോമതിയെ കൗൺസിലിങ്ങിനും മെഡിക്കൽ ട്രീറ്റമെന്റിനും കൊണ്ടുപോകേണ്ട ആവശ്യമുണ്ട് എന്നും ഞാൻ എഴുതിയിട്ടുണ്ട്, ഇനി ബാക്കി സാറിന്റെ കയ്യിലാണ്. ജയിലിൽ കിടക്കാൻ മാത്രം കുറ്റം അവർ ചെയ്തിട്ടുണ്ടെന്നു എനിക്ക് തോന്നുന്നില്ല സാർ. അൽപ്പമൊന്നു നിർത്തി ദീർഘശ്വാസമെടുത്തു അയ്യാൾ തുടർന്നു "ഞാൻ ചെയ്യേണ്ടതാണ് അവള് ചെയ്തത് സാറേ" അവസാനം പറഞ്ഞു നിർത്തിയപ്പോൾ അയ്യാളുടെ ശബ്ദം വല്ലാതെ ഇടറിപ്പോയി.
റിപ്പോർട്ടിലേക്ക് കണ്ണ് നട്ടു ഇൻസ്‌പെക്ടർ അൽപ്പനേരം എന്തോ ചിന്തിച്ചു, ഒരുപക്ഷെ നിയമവും നീതിയും തമ്മിലുള്ള യുദ്ധം ആയിരുന്നിരിക്കാം അയ്യാളുടെ ചിന്തയിൽ, വീട്ടിലേക്ക് താൻ ചെന്ന് കയറുമ്പോൾ തന്ടെ ദേഹത്തേക്ക് ചാടിക്കയറി മുഖം ഉമ്മകൾ കൊണ്ട് മൂടി കൊഞ്ചി കൊഞ്ചി വർത്തമാനം പറയുന്ന തന്ടെ കുഞ്ഞിന്റെ മുഖം അയ്യാളുടെ മനസിലേക്ക് ഓടിയെത്തി. ദൈവത്തിന്റെ തീരുമാനം എന്നത് പോലെ അറിയാതെ ആ റിപ്പോർട്ടിൽ അയ്യാളുടെ കയ്യൊപ്പ് പതിഞ്ഞു.