കഥ : രാമൻ്റെ നീലിപ്പെണ്ണ്
രചന : അക്ബർ അലി പത്തനാപുരം
വേനലിൽ കത്തുന്ന സൂര്യൻ താഴ്ന്നു തുടങ്ങി. പോക്കുവെയിലിൻ്റെ മഞ്ഞപ്പിൽ നീലിപെണ്ണ് പാടവരമ്പിലൂടെ നടന്നു. നേരെ പടിഞ്ഞാറോട്ട് പോകുന്ന വലിയ വരമ്പിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ചെറു തോടിനു ഒറ്റത്തടി പാലംകടന്നു തൻ്റെ പുരയിടത്തിലെ തൈതെങ്ങിൻ്റെ താണു കിടക്കുന്ന ഓലയെ വകഞ്ഞുമാറ്റി മുറ്റത്തെത്തി.
ഉമ്മറത്തെ വാതിൽ തുറന്നു കിടക്കുന്നുണ്ട്. രാമേട്ടനെ അവിടെയെങ്ങും കണ്ടില്ല. പിന്നെ വീടിൻ്റെ കിഴക്കുവശത്തെ ആൾമറയില്ലാത്ത ആഴംകുറഞ്ഞ കിണറിൻ്റെ അരികിലൂടെ കയ്യിലുള്ള പ്ലാസ്റ്റിക്ക് സഞ്ചി തൻ്റെ എളിയിൽ തന്നെ അടുക്കിപിടിച്ചവർ മുന്നോട്ട് നടന്നു.
അടുക്കള ഭാഗത്തും ആളെ കാണാത്തതിനാൽ വീടിൻ്റെ പിറകിലേക്ക് നടന്നു ചെന്നു. അയാളപ്പോൾ ആട്ടുംകൂടിൻ്റെ പുൽതൊട്ടി വൃത്തിയാക്കുകയായിരുന്നു. കയ്യിലെ സഞ്ചിയിൽ നിന്നും ഒരു കുപ്പി തെങ്ങിൻ കള്ളെടുത്ത് രാമേട്ടന് നേരെ നീട്ടി. അപ്രതീക്ഷിതമായി ആ സമ്മാനം കണ്ടപ്പോൾ അയാൾ ഒന്നു പകച്ചുനിന്ന ശേഷം ചോദിച്ചു.
എന്തിനാ നീല്യേ... യ്യ്ത് വേടിച്ച് കൊട്ന്നത് ...?
ഉടനെ നീലിപ്പെണ്ണ് മറുപടിയൊന്നും പറഞ്ഞില്ല. കുറച്ചു കഴിഞ്ഞു പതുക്കെ പറഞ്ഞു .
ഇങ്ങ്ക്ക് ഉള്ള്ല് നല്ല ബെസമണ്ട്ന്ന്..
രണ്ടാഴ്ച ആയിട്ട് ഒരു തുള്ളി പോലും കുടിക്കാണ്ടല്ലെ നിക്കണ്ത്, അയിന്റെ ചടപ്പ് ങ്ങക്കുണ്ട് ശരിയല്ലെ? രണ്ടീസായിട്ടു ഞാനിത് വിചാരിക്ക്ണ്, ഇന്നാണ് തരം ഒത്ത് ബന്നത്.
ബേണ്ടാർന്നു നീലിപെണ്ണെ ... "യ്യ് ത്ര കഷ്ടപ്പെട്ട്....."
അത് സാരല്യാ.., ഇപ്പം മുറിവൊക്കെ ഒണക്കായല്ലൊ, പിന്നെന്താപ്പം..? നീലി പറഞ്ഞു .
രണ്ടായിഴ്ച മുൻപ് രാമേട്ടൻ, വീടിൻ്റെ മുകളിലേക്ക് ചാഞ്ഞു കിടക്ക്ണ ഒരു മുരിങ്ങ മരത്തിൻ്റെ കൊമ്പു വെട്ടാനായി ഏണിവെച്ചു കയറിയതായിരുന്നു. അബദ്ധത്തിൽ വലതു കാലിന് ശക്തിയായി ഒരു വെട്ടുകൊണ്ടു മുറിഞ്ഞു. മുറിവിൽ ആറേഴ് തുന്നിടേണ്ടതായി വന്നു. അത് കൊണ്ട് സമ്പൂർണ്ണ വിശ്രമത്തിലാണ്. അതിനാൽ കുറച്ചു ദിവസമായിട്ട് ഹാജിയുടെ പറമ്പിലെ പണിക്ക് പോക്ക് മുടങ്ങിപോയി . കയ്യില് കാശില്ലാത്തതിനാൽ മൂപ്പര് ഒട്ടും കുടിക്കൂല. മാത്രമല്ല പുറത്തേക്ക് പോലും പോവൂല. ഒറ്റ ബീഡിപോലും ആരുടെയും കയ്യീന്ന് കടം വാങ്ങി വലിക്കൂല്ല്യ അതാണ് ശീലം.
കുറച്ചു ദിവസമായിട്ട് മൂപ്പർക്ക് അതിൻ്റെ ഒരു ഉൻമേഷക്കുറവുണ്ട് . ഇച്ചിരി കുടിച്ചാൽ രാത്രീല് നല്ല നാടൻപാട്ടും തമാശയും ചിരിയും കളിയും ഒക്കെയായിരിക്കും. അതാണ് നീലിപ്പെണ്ണ് ഇത്ര സാഹസപെട്ട് ''സാധനം'' സംഘടിപ്പിച്ചത്. മൂപ്പരെ ഒന്ന് ഉഷാറാക്കണം അതാണ് ഉദ്ദേശ്യം.
68 വയസ്സുള്ള രാമേട്ടൻ പതിവായി ജോലിക്ക് പോകാറുണ്ട് വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും. എന്നും വൈകുന്നേരം മിതമായി ഒന്ന് ''മിനുങ്ങും'' കള്ള് മാത്രമേ കുടിക്കൂ. കുടിച്ചു കഴിഞ്ഞാൽ നേരെ വീട്ടിൽ വന്നു അടുക്കള പുറത്തുള്ള തിണ്ണയിൽ ഇരിക്കും.
അടുക്കള ജോലി ചെയ്യുന്ന നീലിയുമൊത്ത് സംസാരിച്ചിരിക്കും. പഴയ കഥകൾ പലതും പറഞ്ഞുകൊണ്ടിരിക്കും. ആയിരംതവണ കേട്ടതായാലും നീലി നടാടെ കേൾക്കുന്ന പരിവേഷത്തിൽ മൂളികേട്ടിരിക്കും. അതാണ് അവര് തമ്മിലെ മനപ്പൊരുത്തം.
അതിനൊരു പ്രത്യേക കാരണമുണ്ട്, ഒരു സങ്കടം. അത് വഴിയെ പറയാം ...
രണ്ടു പെൺ മക്കളാണവർക്കുള്ളത്. രണ്ടു പേരെയും തരക്കേടില്ലാത്ത നിലയിൽ കെട്ടിച്ചയച്ചു. ഇടക്ക് അവർ കുട്ടികളേയും കെട്ട്യോൻമാരെയും കൂട്ടി വീട്ടിൽ വരും. പിന്നെ അവിടെ ഒരു ബഹളമാണ്. പാട്ടും പറച്ചിലുമായി ഒരു ആഘോഷമാണ്.
പെൺമക്കൾ ഇടക്ക് ഇവരെ കളിയാക്കും, അച്ഛനും അമ്മയും ഇന്നലെ കല്യാണം കഴിഞ്ഞ പോലെയാണ് പെരുമാറ്റമെന്ന്.
അത് കേൾക്കുമ്പോൾ നീലിക്ക് നാണം വരും...
മുറുക്കാൻ കറയുള്ള പല്ല് കാട്ടി അവർ രാമേട്ടനെ നോക്കി ചിരിക്കും.
അപ്പോൾ അയാൾ പറയും ഇങ്ങള് പോയാൽ പിന്നെ, നീക്ക് ഓളല്ലെ ഉണ്ടാകു കുട്ട്യോളെ.
മക്കള് വിരുന്നു നിന്ന് പോയിക്കഴിഞ്ഞാൽ രണ്ടാക്കും സങ്കടാകും, അന്നേരം രണ്ടാളും ഏറെ നേരം ഉറങ്ങാതെ സംസാരിച്ചിരിക്കും.
അന്ന് ജോലികഴിഞ്ഞു വന്ന നീലിപ്പെണ്ണ് അടുക്കളയിൽ കേറി രണ്ടു ഗ്ലാസ് കട്ടൻ ചായ കൂട്ടി, ഒരു ഗ്ലാസ് രാമോട്ടന് കൊടുത്ത ശേഷം, വൈകുന്നേരം മീൻക്കാരനോട് രാമേട്ടൻ വാങ്ങി മുറിച്ചു കഴുകി വൃത്തിയാക്കി വെച്ച ചാള മീൻ കൊടംമ്പുളി ഇട്ട് കറി വെച്ചു. ചൂടൊടെ മൂപ്പർക്ക് ഒരു പ്ലേറ്റിൽ വിളമ്പി കൊടുത്തു.
നിലാവുള്ള ആ രാത്രിയിൽ വിശാലമായ പാടത്ത് നിന്നും വരുന്ന ഇളം കാറ്റേറ്റ് രണ്ടാളും ചാണകവും കരിയും കൂട്ടി മെഴുകിയ തിണ്ണയിലിരുന്നു . രാമേട്ടൻ ഒരു ഗ്ലാസ്സിലേക്ക് പകർന്ന കള്ളും എരിയുള്ള മീൻ മൊളകിട്ടതും മാറിമാറി രുചിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ, അയാൾ വിങ്ങി കരയാൻ തുടങ്ങി...
എന്താ നീല്യേ .. ഞാൻ ഓനെ ചെയ്തത്, സ്വന്തം മോനെ പോലെ കരുതി വളർത്തിയതാണോ ... ഞാൻ ചെയ്ത തെറ്റ്....?
എന്താ മൻസാ ഇങ്ങളീ പറയിണേ.... ആരെ പറ്റിയാ....?
സുകു തന്നെ, നമ്മുടെ മോൻ അല്ലാതാരാ....?
നീലിയുടെ മുഖം വാടി .... പിന്നെ ഒന്നും അവർ ചോദിച്ചില്ല...
അതായിരുന്നു അവരുടെ സങ്കടം.
പണ്ട് ഭർത്താവ് മരിച്ച നീലിയെ രാമേട്ടൻ സ്വന്തമാക്കുമ്പോൾ, ആദ്യ ബന്ധത്തിലെ, രണ്ടു വയസ്സുകാരനായ ഒരു മകനുണ്ടായിരുന്നു ....
അതാണ് സുകു.
അവനെ മറ്റു രണ്ടു മക്കളെപ്പോലെ തന്നെയാണ് ഈ പാവം മനുഷ്യൻ പോറ്റി വളർത്തിയത്. ഒരു പക്ഷഭേദമില്ലാതെ, പക്ഷേ അവൻ പറക്കാൻ ആയപ്പോൾ അവൻ്റെ ഏറ്റവും വലിയ ശത്രു ഈ പാവം മനഷ്യനായി മാറി.
അതിൻ്റെ കാരണം ആർക്കും ഇന്നുവരെ അറിയില്ല. അവനിപ്പോൾ കഞ്ചാവിനും മയക്ക് മരുന്നിനും അടിമയായിരിക്കുന്നു.
കുറച്ചുവർഷങ്ങൾക്ക് മുമ്പ് വീടുവിട്ടിറങ്ങി പോയതാണ്. ഇപ്പോൾ അങ്ങാടിയിലാണ് കിടപ്പ്, കുറെ ചീത്ത കൂട്ടുകാരുമൊത്ത്. ഇടയ്ക്ക് ജയിലിൽ ആയിരുന്നെന്നും ആരോ പറഞ്ഞു കേട്ടിരുന്നു.
നീല്യേ.... നിന്നോട് പറയാത്ത ഒരു കാര്യം ഉണ്ടെൻ്റെ മനസ്സിൽ. ഞാൻ പരിക്കുപറ്റി കിടപ്പിലായ ആദ്യ ആഴ്ചയിൽ നീ ഇല്ലാത്ത നേരത്ത് അവൻ ഇവിടെ മുറ്റത്ത് വന്നു എന്നെ കുറെ ചീത്ത വിളിച്ചു. നിന്നെ ഞാനാണത്രെ അവനിൽ നിന്നും അകറ്റിയത്. കുറെനേരം കൊലവിളി നടത്തിയാണ് അവൻ പോയത്. നിന്നെ അറീയിക്കേണ്ട എന്ന് ഞാനാണ് അയൽ വീട്ടുക്കാരോട് പറഞ്ഞത്.
ഇങ്ങള്... ഇക്ക് വേണ്ടി കുറെ അവമാനം കേട്ടല്ലെ..?
അതാണെൻ്റെ തീരാ സങ്കടം...
പോട്ടെടീ ...
ഓൻ ഇൻ്റേയും കൂടിമോനല്ല. ഇൻ്റെ മനസ്സിൻ്റെ ബെസമത്തിൽ ഞാൻ അറിയാതെ നിന്നോട് പറഞ്ഞു പോയതാ.... നീ പൊറുക്ക്.
അവൻ്റെ പോക്കു കാണുമ്പോൾ .... എനിക്ക് പേട്യാ.... അതാ.... യ്യ്.. ബെസമിക്കണ്ടാ. നിലിപ്പെണ്ണേ എല്ലാം ഒരീസം ശരിയാകും... അവൻ തിരുച്ചു വരും നല്ല കൂട്ടിയായി....
പിന്നെ കുറച്ചു ആഴ്ചകൾക്ക് ശേഷം...
ഒരു ജീപ്പ് നീലിയുടെ വീടിനു അപ്പുറത്തെ നിരത്തിൽ വന്നുനിന്നു. രാമേട്ടനും കുറച്ചു കൂട്ടുക്കാരും ഒരാളെ ചുമന്നു കൊണ്ടു വരുന്നു.. നീലി സൂക്ഷിച്ചു നോക്കി സുകു ...! ഇരു കാലിലും ഒരു കയ്യിലും പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. എല്ലാവരും കൂടി അവനെ അകത്തെ കട്ടിലിൽ കിടത്തി ആളുകൾ പുറത്തിറങ്ങി. ആ മാതാവ് പതിയെ അകത്തു ചെന്ന് നോക്കി.
അമ്മേ....
ഒരാഴ്ചയായി അച്ഛൻ (രാമേട്ടൻ) എന്നെ ഹോസ്പിറ്റലിൽ പരിചരിക്കയായിരുന്നു. ഹാജിയുടെ പറമ്പിൽ പണിക്കെന്നും പറഞ്ഞു വരുന്നത് എൻ്റെ കൂടെ ആശുപത്രിയിൽ നിൽക്കാനായിരുന്നു. അവിടുത്തെ ചെലവെല്ലാം അച്ഛനാണ് തീർത്തത്, അമ്മയെ അറീയിക്കേണ്ട എന്ന് അച്ഛന് നിർബന്ധമായിരുന്നു. ഞാൻ ഒരു പാട് അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ട്.
മാപ്പ്.. മാപ്പ്.... മാപ്പ്... !
ഇതൊക്കെ കേട്ട് നീലി ഒന്നു മിണ്ടാതെ രാമേട്ടൻ്റെ കാൽക്കൽ വന്നു വീണു. ആ കാലുകളിൽ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞു .....!
"സ്നേഹിക്കപെടാനും മാനിക്കപ്പെടാനും കുറെ സ്ഥാനമാനങ്ങളൊ, വില കൂടിയ വെള്ള വസ്ത്രങ്ങളോ, ഉയർന്ന വിദ്യാസമ്പന്നതയോ, വേണമെന്നില്ല. വ്യക്തമായ നയമുള്ള, നിലപ്പാടുള്ള ഒരു വ്യക്തിത്വം മാത്രം മതി.."
അത് വേണ്ടുവോളം നമ്മുടെ രാമേട്ടനുണ്ടായിരുന്നു ...!